കെ. സച്ചിദാനന്ദൻ / ഫോട്ടോ: മുഹമ്മദ്. എ.

സച്ചിമാഷ്

കവിയായ സച്ചിദാനന്ദനെ നമുക്കറിയാം, എന്നാൽ അധ്യാപകനായ സച്ചിദാനന്ദനെ തീവ്രമായി രേഖപ്പെടുത്തുന്ന ഒരു കുറിപ്പ്

കക്കണ്ണ് തുറപ്പിച്ച ഒട്ടനവധി അധ്യാപകരെ ഓർക്കാനുണ്ട്. ഔപചാരികമായി ലഭിച്ച വിദ്യാഭ്യാസത്തിന്റെ ഭാഗമായവരും അല്ലാതെ വന്ന് ഗുരുസ്ഥാനം നേടിയവരും (ഞാൻ തന്നെ ഗുരുവായി സ്വീകരിച്ചവരും) അതിലുണ്ട്. മാതാപിതാക്കളും നിലത്തെഴുത്താശാനും തുടങ്ങി ഭാര്യയും മക്കളും ശിഷ്യന്മാരും വരെ ഉണ്ട്. പ്രാഥമിക വിദ്യാലയത്തിലെ മേനോൻ മാഷെ പറ്റി മുമ്പ് എഴുതിയതാണ്. ‘താൻ നടുന്ന മാവിലെ മാങ്ങ മുഴുവൻ തനിക്കു മാത്രം അവകാശപ്പെട്ടതല്ല' എന്നദ്ദേഹം പഠിപ്പിച്ചു. സിയാറ്റിൽ മൂപ്പന്റെ പ്രസംഗവും ബഷീറിന്റ ഭൂമിയുടെ അവകാശികളും മറ്റും വായിക്കുന്നതിനും എത്രയോ മുമ്പാണത്. പിന്നീട് ജലം വിൽക്കുന്നത് തെറ്റാണെന്ന് പ്ലാച്ചിമടയിലെ മയിലമ്മ പഠിപ്പിച്ചു. സൈലന്റ് വാലി കാട്ടിലിരുന്നാണ് ജോൺ സി. മാഷുടെ ക്ലാസ് ആദ്യമായി കേട്ടത്. കാട് എന്താണെന്നറിഞ്ഞത്.

എന്നാൽ ജീവിതത്തിന്റെ ഗതി ആകെ മാറ്റി മറിച്ച ഒരധ്യാപകനെക്കുറിച്ചാണ് ഇപ്പോൾ പറയുന്നത്. ആ സ്വാധീനം ഒരു പരിധി വരെ ഇന്നും തുടരുന്നുമുണ്ട്. അദ്ദേഹം ഇന്ന് മലയാളികൾക്ക് മാത്രമല്ല ലോകത്തിന്റെ പലഭാഗത്തുമുളള സാഹിത്യാസ്വാദകർക്കും പ്രിയങ്കരനായ അടുപ്പമുള്ളവർ സച്ചിമാഷ് എന്നു വിളിക്കുന്ന കവിയും ചിന്തകനുമെല്ലാമായ കെ. സച്ചിദാനന്ദനാണ്. ഒന്നാം വർഷ പ്രിഡിഗ്രി ക്ലാസിൽ ഇംഗ്ലീഷ് അധ്യാപകനായി അദ്ദേഹം എത്തിയത്. എന്റെ അറിവിന്റെ ചക്രവാളം വികസിപ്പിക്കുക മാത്രമല്ല ലോകത്തെക്കുറിച്ചുള്ള അവബോധത്തിൽ തന്നെ കാര്യമായ മാറ്റം വരുത്തി.

എന്നെപ്പോലെ മലയാളം മാധ്യമത്തിലൂടെ വന്നവർക്ക് വളരെ ശ്രദ്ധയോടെ ഇരുന്നാൽ മാത്രമേ മാഷ് പറയുന്നത് എന്തെങ്കിലും മനസ്സിലായിരുന്നുള്ളൂ. ഇടക്കിടെ പറയുന്ന തമാശകൾ ഒരു ട്യൂബ്‌ലൈറ്റ് പോലെ വൈകിയാണ് എനിക്കും മറ്റു പലർക്കും കത്തിയിരുന്നത്.

തീർത്തും നാട്ടുമ്പുറത്തെ ഒരു മലയാളം മാധ്യമത്തിൽ പത്താം ക്ലാസ് വരെ പഠിച്ച ഞാൻ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ പ്രീഡിഗ്രി വിദ്യാർത്ഥി ആയി എത്തുന്നത് 1970 കളുടെ ആദ്യ പകുതിയിലാണ്. കൃത്യമായി പറഞ്ഞാൽ 1972 ൽ. അങ്ങേയറ്റം പ്രക്ഷുബ്ദമായ ആ കാലത്തെക്കുറിച്ച് പറയുന്നതിനുമുമ്പ് അന്നത്തെ എന്നെക്കുറിച്ചും പറയണം. വളരെ വരുമാനം കുറഞ്ഞ ഒരു ശാന്തിക്കാരന്റെ കുടുംബത്തിൽ ജനിച്ച ഞാൻ അറിവും വായനയും പഠനവും ഏറെ വിലപ്പെട്ടതാണെന്ന ധാരണയോടെയാണ് വളർന്നത്. കിട്ടുന്നതെന്നും ആർത്തിയോടെ വായിക്കുന്ന കാലം. പരിമിതമായ പുസ്തകങ്ങൾ ഉള്ള സ്‌കൂൾ / പഞ്ചായത്ത് വായനശാലകളിൽ നിന്നുമാത്രം പുസ്തകങ്ങൾ ലഭിച്ചിരുന്ന എനിക്ക് മലയാള സാഹിത്യവുമായി മാത്രമേ പരിചയമുണ്ടായിരുന്നുള്ളൂ.

മലയാളത്തിലെ കവികളും കഥാകൃത്തുക്കളും വിമർശകരും എഴുത്തിലൂടെ മാത്രം പരിചിതർ. ഇവരിലൂടെ മാത്രം അങ്ങു ദൂരെ ഉള്ള ഇംഗ്ലീഷ് അടക്കമുള്ള സാഹിത്യവുമായുള്ള പരിചയം. അത്തരം പുസ്തകങ്ങളുടെ പേരുകൾ ഏറ്റവുമധികം പരിചയപ്പെടുത്തിയത് എം. കൃഷ്ണൻ നായരുടെ സാഹിത്യവാരഫലത്തിലൂടെ (അന്ന് മലയാളനാട് വാരികയിൽ) ആയിരുന്നു. അവയൊക്കെ ഒന്നു കാണാൻ കൊതി ഏറെ ആയിരുന്നു.

ക്രൈസ്റ്റ് കോളേജ് ലൈബ്രറി എനിക്ക് ഒരു മഹാസമുദ്രമായിരുന്നു. വളരെ കൃത്യമായി കാറ്റലോഗ് ചെയ്ത നമ്പർ പറഞ്ഞാൽ നമുക്ക് ഒരു താമസവുമില്ലാതെ പുസ്തകം എടുത്തു തരുന്ന സ്റ്റാഫും. പക്ഷെ അവിടെ എത്തിപ്പെട്ട എന്റെ പ്രശ്‌നം മറ്റൊന്നായിരുന്നു; എന്തു വായിച്ചു തുടങ്ങണം? എങ്ങനെ മുന്നോട്ടുപോകണം? ഒന്നും. അറിയില്ല. ഇംഗ്ലീഷ് പരിജ്ഞാനം തീരെ കുറവും.

കേവലം എന്നെപ്പോലൊരു 15 കാരൻ കുട്ടിക്കുവേണ്ടി മാഷ് എത്ര സമയം വിനിയോഗിച്ചിരിക്കും എന്ന ചിന്ത എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുക തന്നെ ചെയ്തു.

ഞങ്ങളുടെ ക്ലാസിലേക്ക് അന്ന് സച്ചിമാഷ് കടന്നുവന്നത് ഇപ്പോഴും ഓർക്കുന്നു. അന്നത്തെ ആധുനിക കവിതാസാഹിത്യത്തിലൂടെ വായിച്ചറിഞ്ഞ കവിയാണ് എന്നറിഞ്ഞപ്പോൾ തന്നെ ഏറെ സന്തോഷവും അഭിമാനവും തോന്നി. അന്തർമുഖനും (നാടൻ ഭാഷയിൽ) നാണം കുണുങ്ങിയുമായ മാഷ് മിക്കവാറും പുസ്തകത്തിൽ നോക്കി ഇംഗ്ലീഷിൽ മാത്രം സംസാരിച്ചു. എന്നെപ്പോലെ മലയാളം മാധ്യമത്തിലൂടെ വന്നവർക്ക് വളരെ ശ്രദ്ധയോടെ ഇരുന്നാൽ മാത്രമേ മാഷ് പറയുന്നത് എന്തെങ്കിലും മനസ്സിലായിരുന്നുള്ളൂ. ഇടക്കിടെ പറയുന്ന തമാശകൾ ഒരു ട്യൂബ്‌ലൈറ്റ് പോലെ വൈകിയാണ് എനിക്കും മറ്റു പലർക്കും കത്തിയിരുന്നത്.

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ് / Photo: Wikimedia Commons
ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ് / Photo: Wikimedia Commons

ഇത്തരമൊരു അവസ്ഥ മാഷും നന്നായി മനസ്സിലാക്കിയിരുന്നു. ആദ്യ ക്ലാസിൽ തന്നെ ഇതിനുള്ള പരിഹാരവും മാഷ് പറഞ്ഞു. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും താൽപര്യമുള്ളവർക്ക് ക്ലാസിനുശേഷം സ്റ്റാഫ്മുറിയിൽ വന്നാൽ മതി ആവശ്യമായ നിർദ്ദേശങ്ങൾ നൽകാം എന്ന് മാഷ് പറഞ്ഞതോടെ എനിക്കേറെ സമാധാനമായി, സന്തോഷവും. എന്റെ ആവശ്യം മാഷ് എങ്ങനെ മനസ്സിലാക്കി എന്ന് അത്ഭുതപ്പെടുകയും ചെയ്തു.

ക്ലാസ് തീർന്ന് മിനുറ്റുകൾക്കകം ഞാൻ സ്റ്റാഫ് റൂമിലെത്തി. മാഷുമായി സംസാരിച്ചു. നാലഞ്ചു മിനുറ്റ് കൊണ്ട് എന്റെ അറിവും താൽപര്യവും മനസ്സിലാക്കിയ അദ്ദേഹം ‘ഒരാഴ്ച കഴിഞ്ഞു വരൂ' എന്നു പറഞ്ഞു. തുടക്കമായി ഒരു പുസ്തകത്തിന്റെ പേര് പറഞ്ഞു: ദാന്തെയുടെ ഡിവൈൻ കോമഡി. ഒപ്പം അതിന്റെ കാറ്റലോഗ് നമ്പറും തന്നു. ഓടിച്ചെന്ന് അതെടുത്ത് വായന തുടങ്ങി. മനസ്സിലാക്കാൻ അത്ര എളുപ്പമായിരുന്നില്ല. എങ്കിലും വായിച്ചു തീർത്തു. ഒരാഴ്ച കഴിഞ്ഞ് വീണ്ടും മാഷെ കാണാനെത്തി. വളരെ നീണ്ട ഒരു പട്ടിക എനിക്കു തന്നു. സുന്ദരമായ ചെറിയ അക്ഷരത്തിൽ കോളേജ് ലൈബ്രറിയിലെ കാറ്റലോഗ് നമ്പർ സഹിതം. മുന്നൂറോളം പുസ്തകങ്ങൾ ... കവിത, കഥ, നോവൽ, കുറച്ചു നാടകങ്ങൾ, ചില ലേഖനങ്ങൾ. കേവലം എന്നെപ്പോലൊരു 15 കാരൻ കുട്ടിക്കുവേണ്ടി മാഷ് എത്ര സമയം വിനിയോഗിച്ചിരിക്കും എന്ന ചിന്ത എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുക തന്നെ ചെയ്തു. പക്ഷെ പിന്നീട് മാഷേ അടുത്തറിഞ്ഞപ്പോൾ ഇത്രയും കഠിനമായ ബൗദ്ധികാദ്ധ്വാനം ചെയ്യുന്ന ഒരാൾ എന്റെ പരിചയ വലയത്തിൽ ഇല്ല എന്നും മനസ്സിലായി.

സാഹിത്യം, സംസ്‌കാരം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ ഞാൻ ഏറ്റവുമധികം പുസ്തകങ്ങൾ വായിച്ചത് അക്കാലത്താണ്. പ്രീഡിഗ്രി തീരുമ്പോഴും ആ പുസ്തകങ്ങൾ വായിച്ചു തീർന്നിരുന്നില്ല. എങ്കിലും അതെന്നിൽ സൃഷ്ടിച്ചത് പുതിയ വലിയൊരു ലോകമായിരുന്നു. ആ കോളേജിൽ പഠിച്ച രണ്ടു വർഷവും മാഷുടെ സാംസ്‌ക്കാരിക സ്വാധീനവലയത്തിലായിരുന്നു എന്നതാണ് സത്യം. മാഷിന്റെ മുൻകയ്യിൽ ഒരു റൈറ്റേഴ്‌സ് ക്ലബ് രൂപീകരിച്ചു. അത് എന്നെപ്പോലുള്ളവർക്ക് മുന്നിൽ പുതിയൊരു ലോകം തുറന്നു. എല്ലാ ചൊവ്വാഴ്ചകളിലും ക്ലാസിനുശേഷമാണ് തീർത്തും അനൗപചാരികമായ ക്ലബ്ബിന്റെ കൂടിച്ചേൽ. നമ്മൾ എഴുതുന്ന ചവറുകൾ (അന്ന് മഹത്തായ സാഹിത്യമെന്നാണ് കരുതിയിരുന്നത്) എല്ലാം അവിടെ അവതരിപ്പിക്കാം. ഒന്നും അറിയാത്തതിനാൽ എന്തും ചെയ്യാൻ മടിയില്ലാത്ത പ്രായം. കവിതയും കഥയും പോലും എഴുതിയിരുന്നു. അതൊക്കെ അവതരിപ്പിക്കാനുള്ള വേദിയായി ആ ക്ലബ് മാറി. അത് ചർച്ചയാകാം.

കേരളത്തിൽ മാത്രമല്ല ലോകമാകെ വലിയ ചലനങ്ങൾ ഉണ്ടായ കാലം. കിഴക്കൻ ചക്രവാളത്തിൽ വസന്തത്തിന്റെ ഇടി മുഴക്കം പലരും കേട്ട കാലം. അത്യന്തം ആവേശകരമായ സംവാദങ്ങൾ .. അതിന്റെ അലയൊലികൾ ഞങ്ങളുടെ വേദികളിലും ഉണ്ടായി.

ഒ.വി. വിജയൻ പങ്കെടുത്ത ഒരു സർഗ സംവാദം ആ പ്രായത്തിൽ ഏറെ ചിന്താക്കുഴപ്പം ഉണ്ടാക്കി എന്നു പറയേണ്ടിവരും. കമ്യൂണിസ്റ്റ് അനുഭാവിയായിരുന്നു ഞാൻ. സമഗ്രാധിപത്യത്തിന്റെ കടുത്ത വിമർശകനായ അദ്ദേഹത്തിന്റെ പല കഥകളുടെയും അടിസ്ഥാനരൂപം അദ്ദേഹം പറഞ്ഞു.

അത്യന്താധുനികം എന്ന പരിഹാസമേറ്റു കഴിഞ്ഞ എഴുത്തിൽ നിന്ന് വിട്ട് പുതിയ യുഗത്തിന്റെ ഊർജ്ജം ഏറ്റവുമാദ്യം ഉൾക്കൊണ്ട കവി സച്ചിദാനന്ദനായിരുന്നു. ആസന്നമരണചിന്തകളും കോഴിപ്പങ്കുമെല്ലാം വിട്ട് പനിയും സത്യവാങ്മൂലവും പോലുള്ള കവിതയിലേക്കുള്ള മാഷുടെ മാറ്റം പൂർത്തിയായ സമയം. പ്രേരണയും പ്രസക്തിയും പോലുള്ള സമാന്തര പ്രസിദ്ധീകരണങ്ങളുടയും കാലം. ഒ.വി. വിജയന്റെ ഖസാക്ക് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചതിനു ശേഷമുള്ള കാലം.
റൈറ്റേഴ്‌സ് ക്ലബ് നടത്തിയ അരങ്ങുകളിലേക്കും ചർച്ചകളിലേക്കും കടന്നുവന്നവർ പിൽക്കാലത്ത് മലയാള സാഹിത്യത്തിന്റെ ദിശ നിർണയിച്ചവരായിരുന്നു. കെ.ജി.

ശങ്കരപ്പിള്ള, ബി. രാജീവൻ, ആറ്റൂർ രവിവർമ്മ, കടമ്മനിട്ട തുടങ്ങി കുഞ്ഞുണ്ണി മാഷും ഒ.വി. വിജയനും വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. എല്ലാവരും സച്ചിമാഷുടെ അടുത്ത സുഹൃത്തുക്കൾ എന്നതിനാൽ തന്നെയാണ് അവിടെ എത്തിയത്. പിൽക്കാലത്ത് ഏറെ പ്രശസ്തമായ പല കവിതകളും പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് കവി തന്നെ ചൊല്ലിക്കേൾക്കാൻ അവസരങ്ങളുണ്ടായി എന്നത് ഇന്നും വലിയ സന്തോഷവും അഭിമാനവും തോന്നിക്കുന്ന സംഗതികളാണ്. കെ. ജി. എസിന്റെ ബംഗാൾ അതിൽ ഏറ്റവും ശക്തമായ ഓർമയാണ്. കടമ്മനിട്ടയുടെ കവിതകൾ ശാന്ത, കാട്ടാളൻ, കുറത്തി, ചാക്കാല, കിരാതവൃത്തം മുതലായവയെല്ലാം നേരിൽ ചൊല്ലിക്കേൾക്കാനായി. ഒ.വി. വിജയൻ പങ്കെടുത്ത ഒരു സർഗ സംവാദം ആ പ്രായത്തിൽ ഏറെ ചിന്താക്കുഴപ്പം ഉണ്ടാക്കി എന്നു പറയേണ്ടിവരും. കമ്യൂണിസ്റ്റ് അനുഭാവിയായിരുന്നു ഞാൻ. സമഗ്രാധിപത്യത്തിന്റെ കടുത്ത വിമർശകനായ അദ്ദേഹത്തിന്റെ പല കഥകളുടെയും അടിസ്ഥാനരൂപം (എഴുതി പ്രസിദ്ധീകരിക്കുന്നതിനൊ ഒക്കെ മുമ്പ്) അദ്ദേഹം പറഞ്ഞു. ഒരമ്മയും ആറു മക്കളും, ഇരിഞ്ഞാലക്കുട തുടങ്ങിയവ ഇപ്പോഴും ഓർമയുണ്ട്. ഇരിഞ്ഞാലക്കുട കോളേജിൽ വച്ചാണിതു പറഞ്ഞത് എന്നതും രസകരമായി.

ഏറെ വർഷങ്ങൾക്കുശേഷം ഡൽഹിയിൽ വച്ച് കണ്ടപ്പോൾ വിജയൻ ഇതൊക്കെ ഓർത്തു. വിജയന്റെ മരണശേഷം ഹൈദരാബാദിലെ ഒരു മലയാളി സംഘടന ഒ.വി. വിജയന്റെ പേരിൽ ഒരു അവാർഡ് സംഘടിപ്പിക്കാൻ തീരുമാനിച്ചപ്പോൾ അതിന്റെ ഒരു സഹായിയായി പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. അതിനുവേണ്ടി ഏറ്റവുമധികം സഹായിച്ചത് സച്ചിമാഷായിരുന്നു. പല പതിറ്റാണ്ടുകളായി മാഷുമായുള്ള ബന്ധം തുടരുന്നു. എന്റെ ജീവിതപങ്കാളിയും കവിയുമായ വി.എം. ഗിരിജയും മാഷുമായി നല്ല അടുപ്പമുള്ളതിനാൽ അതൊരു ഗാഢബന്ധമായി തുടരുന്നു. അന്ന് മാഷ് വഴി ലഭിച്ച ഒട്ടു മിക്ക സൗഹൃദങ്ങളും ( കെ.ജി.എസ്, ബി.രാജീവൻ മാഷ് തുടങ്ങിയവരുമായുള്ളതും) ഇപ്പോഴും തുടരുന്നു. അന്ന് മാഷ് തെളിച്ചു തന്ന വെളിച്ചം ഏതെങ്കിലും രീതിയിൽ ഇന്നും എനിക്ക് വഴികാട്ടിയാകുന്നു.▮

​(വായനക്കാർക്ക് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെക്കുറിച്ചുള്ള ഹൃദയസ്പർശിയായ അനുഭവങ്ങൾ എഴുതാം; ഇ- മെയിൽ: [email protected])


സി.ആർ. നീലകണ്​ഠൻ

ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. കെൽട്രോണിൽ ഡെപ്യൂട്ടി ജനറൽ മാനേജറായിരുന്നു. പരിസ്ഥിതിയും ആഗോളവത്കരണവും, പ്രകൃതിയുടെ നിലവിളികൾ, ലാവ്​ലിൻ രേഖകളിലൂടെ തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments