ഓരോ കേൾവിക്കും ഓരോ സ്വരമായ വാണി

ഒരാൾക്ക് പുന്നഗൈ മന്നനിലെ 'കവിതൈ കേളുങ്കൾ കറുവിൽ പിറന്തത് രാഗം' ആണ് ഇഷ്ടഗാനമെങ്കിൽ മറ്റൊരാൾക്ക് ആദ്യഗാനമായ സൗരയൂഥത്തിലും ഇനിയുമൊരാൾക്ക് ഏതോ ജന്മകൽപ്പനയിൽ എന്ന പാട്ടുമാണിഷ്ടം. ധും ധും തന എന്ന പാട്ടും നിലവിളക്കിൻ തിരി നാളമായ് വിടർന്നു എന്ന പാട്ടും ആഷാഢമാസം ആത്മാവിൽ മോഹം എന്ന പാട്ടും ഹൃദയത്തോട് ചേർക്കുന്നവരുണ്ട്. അങ്ങനെ എല്ലാവരുടെ ആസ്വാദനത്തിനും റേഞ്ചിലുമുള്ള പാട്ടുകൾ വാണിയുടേതായിട്ടുണ്ട്. പ്രസാദാത്മകമായ ആ ശബ്ദം കാലാതിവർത്തിയായി ഇനി നമ്മുടെ കൂടെയുണ്ടാകും

പ്രിയ ഗായിക വാണിജയറാമിന്റെ വേർപാടുണ്ടാക്കിയ ഞെട്ടൽ മാറിയിട്ടില്ല. കാരണം ഒരാഴ്ച്ചയേ ആയുള്ളൂ അവരെ നേരിൽ കണ്ടിട്ട്. ചെന്നൈ മ്യൂസിക് അക്കാദമിയിൽ ജനുവരി 28 ന് ചിത്രയും മധു ബാലകൃഷ്ണനും അവതരിപ്പിക്കുന്ന ഗാനമേളയുണ്ടായിരുന്നു. പത്മഭൂഷൺ ലഭിച്ച വാണി ജയറാമിനെ അന്ന് ആദരിച്ചിരുന്നു. വേദിയിലേക്ക് കയറിവന്ന ആ മഹാഗായികയെ സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് കയ്യടിച്ച് സ്വീകരിച്ചു. പൊന്നാട ചാർത്തിയ ചിത്രയേയും മധു ബാലകൃഷ്ണനേയും അന്ന് കെട്ടിപ്പിടിച്ചനുഗ്രഹിച്ചു അവർ. ചിത്രയും മധുവും അസാധ്യമായി പാടും; ആ പാട്ടിനും നിങ്ങൾക്കുമിടയിൽ നിൽക്കാൻ ഞാനാഗ്രഹിക്കുന്നില്ല. എന്നു പറഞ്ഞ് അവർ വേദി വിട്ടിറങ്ങുന്നതുവരെ കാണികൾ ശ്വാസമടക്കിപ്പിടിച്ച് അവരെ കണ്ടു, കേട്ടു... അവരെ കണ്ട നിമിഷങ്ങളിൽ ഇൻട്രയ്ക്ക് ഏനിന്ത ആനന്ദമേ എന്ന് എന്റെ മനസ്സ് തുള്ളിത്തുടിച്ചു.

തമിഴ്‌നാട്ടിലെ ഏറ്റവും മികച്ച ഓർക്കെസ്ട്രാ കണ്ടക്ടറായ മൗനരാഗം മുരളിയായിരുന്നു പരിപാടിയുടെ സംഘാടകൻ. എസ്.പി.ബിയുടെ ആയിരക്കണക്കിന് ഗാനമേളകൾ ലോകമെങ്ങും നടത്തി പ്രശസ്തനാണ് ഗായകനും കൂടിയായ മുരളി. വാണി ജയറാമിന്റെ പാട്ടുകൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ആറു മണിക്കൂർ പരിപാടി മാർച്ച് 19 ന് നടത്തുന്നുണ്ടെന്ന് അദ്ദേഹം അനൗൺസ് ചെയ്തത് ഹർഷാരവങ്ങളോടെയാണ് കാണികൾ സ്വീകരിച്ചത്.

പരിപാടിയുടെ പിറ്റേന്ന് ഞാൻ ആന്തമാൻ ദ്വീപുകളിലേക്ക് യാത്രയായി. ഫെബ്രുവരി നാലാം തിയ്യതി ആന്തമാനിൽ നിന്നും തിരിച്ചെത്തി കുളിച്ച് ഒരു കാപ്പിയുമായിരുന്ന് വാട്ട്‌സാപ്പ് തുറന്നതാണ്. വാണി ജയറാം അന്തരിച്ചു എന്ന് ഒരു ഗ്രൂപ്പിൽ കണ്ടു. വിശ്വാസം വരാതെ വേഗം വാർത്തകൾ വെച്ചു. ശരിയാണ്, ബ്രേക്കിങ് ന്യൂസ് വരുന്നുണ്ട്. എന്നിട്ടും വിശ്വാസം വരാതെ ഒന്നും ചെയ്യാനാവാതെ കുറേനേരം ഇരുന്നു. ആ പ്രിയഗായികയുമായി ബന്ധപ്പെട്ട പല ഓർമ്മകളും മനസ്സിൽക്കൂടി കടന്നു പോയി.

2020 -ൽ അവരുടെ സംഗീത ജീവിതത്തിന്റെ അൻപതാം വർഷത്തിൽ Kerala Calling എന്ന പ്രസിദ്ധീകരണത്തിൽ വാണി ജയറാമിന്റെ സംഗീതജീവിതത്തെപ്പറ്റി ഒരു ലേഖനമെഴുതിയിരുന്നു. എഡിറ്റർമാർ ആ മാസിക അവർക്കയച്ചു കൊടുത്തു. അതിനെത്തുടർന്ന് അവരുമായി ഫോണിൽ സംസാരിക്കുവാൻ അവസരം കിട്ടി. പാട്ടിലൂടെ മാത്രം കേട്ടിരുന്ന ആ ശബ്ദം സംസാരമായി കാതിൽ വീണപ്പോൾ സായൂജ്യം കിട്ടിയതു പോലെയായി. നെയ്‍വേലിയിൽ ജോലി ചെയ്യുമ്പോൾ ഓഫീസ്‌കൂട്ടായ്മയുടെ ഒരു പരിപാടിയിൽ സൗരയൂഥത്തിൽ വിടർന്നോരു പാടിയതും കർണ്ണാടകക്കാരനായ ബോസ് പൊങ്കലിനു വീട്ടിൽ പോകാതിരിക്കുന്ന മലയാളികളെ വീട്ടിലേക്ക് വിളിച്ച് ഡിന്നർ തന്നപ്പോൾ ആ ഡ്രീം പാട്ട് പാടൂ എന്നാവശ്യപ്പെട്ടതും ഓർത്തു.

കൗമാരയൗവ്വന കാലങ്ങളെ പ്രകാശമാനമാക്കിയ ആയിരക്കണക്കിന് പാട്ടുകൾ മനസ്സിലേക്ക് ഒഴുകിവന്നു. ബോലേരെ പപ്പിഹരാ മുതലുള്ള എത്രയെത്ര സുന്ദരഗാനങ്ങൾ! മല്ലികൈ എൻ മന്നൻ മയങ്കും, ഏഴു സ്വരങ്കളുക്കുൾ, ഒരേ നാൾ ഉനൈ നാൻ, മേഗമേ മേഗമേ തുടങ്ങിയ അഴകാർന്ന തമിഴ് പാട്ടുകളും എത്രയോ മലയാളം പാട്ടുകളും ഓർമ്മയിൽ തുടിച്ചു.

സമൂഹമാധ്യമങ്ങളിൽ പ്രിയ ഗായികയ്ക്ക് ആദരമർപ്പിച്ചുകൊണ്ടുള്ള നൂറുകണക്കിന് കുറിപ്പുകൾ പങ്കുവെയ്ക്കപ്പെട്ടു. ഒരാൾക്ക് പുന്നഗൈ മന്നനിലെ "കവിതൈ കേളുങ്കൾ കറുവിൽ പിറന്തത് രാഗം' ആണ് ഇഷ്ടഗാനമെങ്കിൽ മറ്റൊരാൾക്ക് ആദ്യഗാനമായ സൗരയൂഥത്തിലും ഇനിയുമൊരാൾക്ക് ഏതോ ജന്മകൽപ്പനയിൽ എന്ന പാട്ടുമാണിഷ്ടം. ധും ധും തന എന്ന പാട്ടും നിലവിളക്കിൻ തിരി നാളമായ് വിടർന്നു എന്ന പാട്ടും ആഷാഢമാസം ആത്മാവിൽ മോഹം എന്ന പാട്ടും ഹൃദയത്തിനോട് ചേർക്കുന്നവരുണ്ട്. അങ്ങനെ എല്ലാവരുടെ ആസ്വാദനത്തിനും റേഞ്ചിലുമുള്ള പാട്ടുകൾ വാണിയുടേതായിട്ടുണ്ട്. പ്രസാദാത്മകമായ ആ ശബ്ദം കാലാതിവർത്തിയായി ഇനി നമ്മുടെ കൂടെയുണ്ടാകും

Comments