ചിക് ചോക്കലേറ്റിന്റെ പാട്ടു ചേർത്ത ഫെനിയിൽ മുങ്ങിയ ഒരുന്മത്തകാലം

ഗോവ എന്ന ദേശം എങ്ങനെയാണ് ബോംബെയുടെ സിരകളിൽ അലിഞ്ഞുചേർന്നിരിക്കുന്നത് എന്നതിന്റെ ഒരു നഖചിത്രമാണിത്. പാട്ടും ഭക്ഷണവും സിനിമയുമെല്ലാം ചേർത്തിളക്കിയ ഒരു വിഭവം. ചിക് ചോക്ലെറ്റ്, അന്തോണി ഗോൺസാൽവസ്, ഫ്രാങ്ക് ഫെർണാണ്ടസ് എന്നിവരെപ്പോലുള്ള പാട്ടുകാരും ഓർക്കസ്ട്രക്കാരും സൃഷ്ടിച്ച വിസ്മയപ്രപഞ്ചങ്ങൾ- കെ.സി. ജോസ് എഴുതുന്നു.​

ബോംബെ മഹാനഗരത്തിലെ ഫിലിം സ്റ്റുഡിയോകൾ ഇപ്പോൾ സജീവമാണ്. ചെമ്പൂർ ഘാഠ്ളാ വില്ലേജിൽ തലയുയർത്തി നിന്നിരുന്ന ആർ.കെ. സ്റ്റുഡിയോവിന് രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. രാജ്കപൂറിന്റെ പിൻഗാമികൾക്ക് ഫിലിം സ്റ്റുഡിയോ നടത്തിപ്പ് അത്ര സുഖമുള്ള പരിപാടിയായി തോന്നാത്തതുകൊണ്ടാകാം, അവിടെ മാനംമുട്ടുന്ന ആഡംബരക്കെട്ടിടസമുച്ചയം ഉയർന്നുവരുന്നത്. കോവിഡ്–19 കാലത്ത് അടച്ച ഫിലിം സ്റ്റുഡിയോകളിൽ ഫിലിം ഷൂട്ടുകളുടെ വൻ തിരക്കു തന്നെയുണ്ട്. റെക്കോഡിങ്ങ്, ഡബ്ബിങ്ങ്, എഡിറ്റിങ്ങ് പ്രക്രിയകൾ പൂർവ്വാധികം ഉഷാറോടെ നടന്നുവരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

സിനിമാനിർമാണം ബോംബെയിൽ ആയിരക്കണക്കിനുപേരുടെ അന്നം കൂടിയാണ്. നടീനടന്മാർ കോടിക്കണക്കിന് രൂപ പ്രതിഫലം നേടുമ്പോൾ കർട്ടനുപിറകിൽ ജോലി ചെയ്യുന്നവർക്ക് എടുത്തുപറയത്തക്ക വരുമാനമൊന്നുമില്ല.

ബോളിവുഡ് സിനിമകളുടെ സുപ്രധാന ഘടകം, ഗാനങ്ങളാണ്. കുന്ദൻലാൽ സൈഗൾ, മുഹമ്മദ് റഫി മുതൽ സി.എച്ച്. ആത്മയും ലതാമങ്കേഷ്കറും ആശയും അനുരാധ പോധ്വാളും ഹേമലതയും സോനു നിഗമും അടക്കമുള്ളവരുടെ ശ്രുതിമധുര ഗാനങ്ങൾ നമ്മുടെ മനസിൽ അലിഞ്ഞുചേർന്നിരിക്കുന്നു. തലത്ത് മെഹ് മൂദിന്റെ വിഷാദഭരിതശബ്ദവും പാക്കിസ്​ഥാനി ഗായികമാരായ രേഷ്മ ബേഗത്തിന്റെയും നൂർജഹാന്റെയും പ്രണയവും ശോകവും ആനന്ദവും നിറഞ്ഞ പാട്ടുകളും യുവതലമുറയുടെ മനസിൽ പോലും തിരതല്ലുന്നുണ്ട്. കാരണം ഇവയെല്ലാം കാലാതീതമാണ്.

പിപ്പിരി മുടിയുള്ള
മിസ്​ ഫിലോമിന ഡിക്കോസ്റ്റ

കൊളാബ ഫരിയാസ്​ ത്രീസ്റ്റാർ ഹോട്ടലിനെതിർവശത്തുള്ള ആഡ് ഏജൻസിയിലെ അന്നത്തെ ജോലി എങ്ങനെയോ അവസാനിപ്പിച്ച്, മേശ പൂട്ടി ഞാൻ പുറത്തിറങ്ങാൻ തയ്യാറായി. ‘‘മിസ്റ്റർ ജോസ്​, ഐ ആം കമിങ്ങ് വിത്ത് യൂ’’ സഹപ്രവർത്തക മിസ്​ ഫിലോമിന ഡിക്കോസ്റ്റ പറഞ്ഞു. പിപ്പിരിമുടിയുള്ള, കണ്ണട വെച്ച സുസ്​മേരവദനയായ ഗോവക്കാരി. സാൻ്റാക്രൂസ്​–കലീന വില്ലേജിൽ ‘ഡാഡ് ഒറിജിനൽ’ സിൽവസ്റ്റർ ഡിക്കോസ്റ്റയും അമ്മ മെറ്റിൽഡായുമൊത്താണ് താമസം. ഫിലോമിനയുടെ ഏക ജ്യേഷ്ഠസഹോദരി ഡൊറോത്തി ഹോങ്കോങ്ങിലെ ബാങ്ക് ഉദ്യോഗസ്​ഥയാണ്.

ഞങ്ങളിരുവരും ഗേറ്റ് വേ ഇന്ത്യ പരിസരത്തെത്തി. ബി.ഇ.എസ്​.റ്റി. ബസുകൾ നിരനിരയായി യാത്രികരെ കാത്തുകിടക്കുന്നു. പല ഓഫീസുകൾക്കും ശനിയാഴ്ച ഒഴിവാണ്. അതുകൊണ്ട് പതിവ് തിക്കും തിരക്കുമില്ല. എതിരെ കടൽത്തിരകൾ ഉയർന്നുതാഴുന്നു. പാരപ്പറ്റിലിരുന്ന യുവമിഥുനങ്ങളിൽ ചിലർ ഫോട്ടോക്ക് പോസ്​ ചെയ്യുന്നു. സഞ്ചരിക്കുന്ന ‘ഫോട്ടോ സ്റ്റുഡിയോ’കളിലെ ഫോട്ടോഗ്രാഫർമാരിൽ ഭൂരിഭാഗവും മലയാളികളാണ്. ഇരുപതു രൂപയാണ് ‘അപ്പോക്കിട്ടുന്ന’ ഒരു പ്രിന്റിന്റെ ചാർജ്. അശ്വാരൂഢനായ ഛത്രപതി ശിവജി പ്രതിമക്കുകീഴെ പുൽത്തകിടിയിലിരുന്ന് ലഘുഭക്ഷണം കഴിക്കുന്ന സന്ദർശകർ. സമീപത്തുള്ള ഉറാൻ ദ്വീപിലേക്ക് ബോട്ടിൽ ഉല്ലാസയാത്ര പോകാൻ അന്നു കഴിയില്ല. വൈകീട്ട് ആറ് കഴിഞ്ഞിരിക്കുന്നു. ട്രിപ്പുകൾ അവസാനിപ്പിച്ച ബോട്ട് ജീവനക്കാർ തമ്മിൽ സൊറ പറയുന്നു. ഗേറ്റ് വേക്ക് എതിർവശം തലയുയർത്തിനിൽക്കുന്ന ഹോട്ടൽ താജ് ഇൻ്റർനാഷണിൽനിന്ന് പുറത്തേക്കുവരുന്ന വിദേശികളെ ‘ചാക്കിട്ട്’ പിടിക്കാൻ ടാക്സിവാലകൾ മത്സരിക്കുന്നു. ഒരു വിദേശിയെങ്കിലും സവാരിക്കാരായി വരുന്നത് ടാക്സിക്കാർക്ക് ബഹുസന്തോഷമാണ്.

ഞാനും ഫിലോമിനയും ചർച്ച്ഗേറ്റ് സ്റ്റേഷനിലേക്ക് നടന്നു. അവൾ കിഷോർകുമാറിന്റെയും ഗീതാ ദത്തിന്റെയും വലിയൊരു ആരാധികയാണ്. ‘‘ബാബൂജി ധീരേ ചൽനാ, പ്യാർ മേ ബഡാ ദോക്കാ ഹെ’’ എന്ന ഗീതയുടെ വരികൾ എപ്പോഴും മൂളിക്കൊണ്ടിരിക്കുന്ന മിസ്​ ഡിക്കോസ്റ്റ ഇപ്പോൾ സിനിമാസ്റ്റൈലിൽ എന്റെ ഇടതുകൈ കൂട്ടിപ്പിടിച്ചിരിക്കുന്നു.
‘‘കൈ വിട്, ഫിലോമിന സിൽവസ്റ്റർ മറിയാമ്മേ’’ എന്ന് മലയാളത്തിൽ പറഞ്ഞപ്പോൾ, ‘‘യേ ജോ മുഹബ്ബത്ത് ഹേ, യേ ഉൻകാ ഹേ കാം’’ എന്നവൾ പാടി. ഇത് പ്രണയമാണ് മാഷേ, അതിന്റെ ജോലിയാണ് ഇതൊക്കെ എന്ന് വരികൾക്ക് അർത്ഥമാക്കാം.

വെള്ളപ്പുള്ളികളുള്ള നീല ഫ്രോക്കും ടോപ്പും ധരിച്ച്, ഹൈ ഹീലിട്ട് എന്നോടൊപ്പം നടക്കുന്ന, അല്പം പത്രാസിലുള്ള ഫിലോമിന ഇരുപത്തിരണ്ടാം വയസ്സിലാണ് ജോലി തേടി ബോംബെയിലെത്തുന്നത്. ഗോവൻ വില്ലേജ് അൽദോണയിൽ ജനിച്ചുവളർന്ന ‘പീലുമീനു’ (ഫിലോമിന) ഇന്ത്യൻ ചരിത്രത്തിൽ ബിരുദവും സെക്രട്ടറിയേറ്റ് കോഴ്സുകളും പാസായിട്ടുണ്ട്.

ഞങ്ങളിരുവരും ചർച്ച്ഗേറ്റ് സ്റ്റേഷനിലെത്തി. പ്ലാറ്റ്ഫോം നമ്പർ ഒന്നിൽ അവളെ കാത്തെന്നപോലെ എത്തിയിരിക്കുന്നു, ബോറിവിലി സ്ലോ ട്രെയിൻ. അത്ര തിരക്കൊന്നുമില്ലാത്ത ട്രെയിനിൽ ഫിലോമിനക്ക് സൗകര്യപൂർവ്വം ‘മിൽസ്​ആൻ്റ് ബൂൺസ്​’ പ്രേമകഥകൾ വായിക്കാൻ വിന്റോ സീറ്റും ലഭിച്ചിട്ടുണ്ട്. താൽക്കാലികമായി മിസ്​ ഡിക്കോസ്റ്റയോട് യാത്രപറഞ്ഞ് ഞാൻ വീരാർ ഫാസ്റ്റിനായി കാത്തു.

ഗോവേച്ചാ കാത്തലിക് (കത്തോലിക്കർ) റോമൻ മത പാരമ്പര്യവും ആചാരങ്ങളും അനുഷ്ഠിക്കുന്ന കത്തോലിക്കരാണ്. ഇവരുടെ മാതൃഭാഷ കൊങ്കണിയാണെങ്കിലും ബോംബെ ഗോവക്കാർ മറാഠിയും പൊടിഇംഗ്ലീഷും ഹിന്ദിയും കലർന്ന സങ്കരഭാഷയാണ് പൊതുവേ ഉപയോഗിക്കുക.

ഗോവക്കാരുടെ
ബോംബെ

ഗോവൻ ചരിത്രത്തിൽ പ്രസ്​താവ്യയോഗ്യമായ സംഭവങ്ങളിലൊന്നാണ് പോർച്ചുഗീസ്​– മറാഠാ യുദ്ധം. ഏകദേശം 4500–5000 സ്​ക്വയർ കിലോമീറ്റർ മാത്രം വിസ്​തീർണമുള്ള ഗോവയിലെ 18 ലക്ഷത്തിലധികം പേരിൽ ഏഴു ​ലക്ഷത്തോളം പേർ മഹാനഗരത്തിലുണ്ടെന്നാണ് ബോംബെ പോപ്പുലേഷൻ വകുപ്പു തലവനും സുഹൃത്തുമായ കാർവേക്കർ പറയുന്നത്. ഈ യുദ്ധകാലത്താണ് ഗോവക്കാർ ബോംബെയിലേക്കും സൗത്ത് ആഫ്രിക്കയിലേക്കും മറ്റും പലായനം ചെയ്തത് എന്നും കാർവേക്കർ പറയുന്നു. എന്നാൽ കശുമാങ്ങയിൽനിന്ന് വാറ്റുന്ന ദേശിദാരു (മദ്യം) ഫെനിയും സംഗീതവും അവർ കൈവിട്ടില്ല.

1961–ൽ ജവഹർലാൽ നെഹ്രു പ്രധാനമന്ത്രിയായിരിക്കെ അന്നത്തെ ആഭ്യന്തര മന്ത്രി വി.കെ. കൃഷ്ണമേനോൻ പട്ടാളത്തെ അയച്ച് പോർച്ചുഗീസുകാരെ തുരത്തി. അങ്ങനെ ഗോവ ഇന്ത്യൻ സംസ്​ഥാനമായി. ക്രിസ്​ത്യൻ പാതിരിമാരുടെ സ്വാധീനത്തിൽ തദ്ദേശവാസികളായ നല്ലൊരു ശതമാനം ജനങ്ങളും ക്രിസ്തുമതം സ്വീകരിച്ചതായാണ് രേഖകൾ.

ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലായ പോര്‍ച്ചുഗീസ് പട്ടാളക്കാര്‍. 1961 ഡിസംബര്‍ 28-ലെ ചിത്രം / AP

ഗോവയിൽ പലയിടത്തും പോർച്ചുഗീസുകാർ നിർമിച്ച പള്ളികൾ കാണാം. അതുകൊണ്ടുതന്നെ ഗോവക്കാർ ചർച്ചിനെ ചുറ്റിപ്പറ്റിയാണ് ജീവിക്കുന്നത് എന്ന ഫിലോമിനയുടെ പ്രസ്​താവന നൂറു ശതമാനവും ശരി. ബോംബെയുടെ പ്രാന്തപ്രദേശങ്ങളായ വസയ്, വിരാർ തുടങ്ങിയ ഇടങ്ങളിലെല്ലാം പോർച്ചുഗീസ്​ മാതൃകയിലുള്ള പള്ളികളാണുള്ളത്. ഫിലോമിന കലീന ചർച്ച് ക്വയർ അംഗമാണ്. ഇടതടവില്ലാതെ സംസാരിക്കുന്ന അവൾക്ക് പാശ്ചാത്യസംഗീതത്തിലുപരി ഹിന്ദിഗാനങ്ങളിലാണ് താല്പര്യം. പഴയകാല പാട്ടുകളെക്കുറിച്ച് സംസാരിക്കുമ്പോൾ ഫിലോമിന അതിന്റെ ഹിസ്റ്ററിയും ജോഗ്രഫിയുമൊക്കെ ഉദാഹരിച്ചുമാത്രമേ വർത്തമാനം അവസാനിപ്പിക്കൂ എന്നൊരു ദോഷമുണ്ട്. ഹിന്ദിഗാനങ്ങളുടെ അർത്ഥവ്യാപ്തിയിൽ വലിയ പിടിപാടില്ലെങ്കിലും മിസ്​ഡിക്കോസ്റ്റ പാടുമ്പോൾ അതിന്റെ സ്വരമാധുരിയിൽ ഞങ്ങൾ ലയിച്ചുപോകും. അവളെ ‘ഗീതാദത്ത് ഓഫ് ഗോവ’ എന്നൊക്കെ ഞങ്ങൾ സഹപ്രവർത്തകർ കളിയാക്കി പറയാറുമുണ്ട്.

ഫിലോമിനയുടെ അമ്മയുടെ (മോം) 63ാം ജന്മദിനത്തിന് അവൾ എന്നെ ക്ഷണിച്ചിട്ടുണ്ട്. അന്നത്തെ ഉച്ചയൂണ് തരമാകുന്ന ആ ക്ഷണം സസന്തോഷം സ്വീകരിച്ച് കൈയിൽ ഒരു ബൊക്കേയുമായി കലീന വില്ലേജിലെ സിൽവസ്റ്റർ ഡിക്കോസ്റ്റയുടെ ‘ദേവ്ബായ’ കോട്ടേജിലെത്തി. ഗോവൻ മാതൃകയിൽ നിർമിക്കപ്പെട്ട ഇത്തരം പല വീടുകളും കലീനയിൽ ആദ്യമുണ്ടായിരുന്നു. ഇന്ന് ബഹുനില കെട്ടിടങ്ങളാണ് അവിടെ. ‘ദേവ്ബായ’യിൽ മദർ മേരി കൈകൂപ്പി നിൽക്കുന്ന ഒരു ഗ്രോട്ടോയുടെ മുന്നിൽ മെഴുകുതിരികൾ കത്തിച്ചുവെച്ചിരിക്കുന്നു. തെങ്ങും മാവും പപ്പായയും വാഴകളുമൊക്കെയുള്ള ആ തൊടിക്ക് നമ്മുടെ ചാവക്കാട്ടോ മുല്ലശ്ശേരിയിലോ ഉള്ള ‘ഗൾഫ് ബംഗ്ലാ’കളുടെ ലുക്കുണ്ട്. കോട്ടേജിനുള്ളിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് സാക്ഷാൽ സിൽവസ്റ്റർ ഡിക്കോസ്റ്റോ, ‘ആയിയേ, ആയിയേ ജനാബ്’ എന്ന് ഉറുദുവിൽ എന്നെ സുസ്വാഗതം ചെയ്തു. ബെർമുഡയും വരയൻ ടീഷർട്ടുമാണ് വേഷം. അദ്ദേഹത്തിന്റെ ഉറുദു പ്രയോഗം എനിക്ക് രസിച്ചു. മുറികളിൽ വിട്രിഫൈഡ് ടൈൽസ്​ പാകിയിരിക്കുന്നു. മാംഗ്ലൂരിയൻ ഓടിട്ട ആ വില്ലയുടെ സ്വീകരണമുറി ഏറെക്കുറെ വിശാലമാണ്. മൂലയിൽ വലിയൊരു ടി.വി. സമീപം പിയാനോ. ചുമരിൽ ഗിറ്റാർ. സ്വീകരണമുറിയുടെ മധ്യഭാഗത്ത് രണ്ട് വലിയ സ്​പീക്കറുകൾക്കു നടുവിൽ സ്റ്റീരിയോ പ്ലെയർ. യേശുക്രിസ്തുവിന്റെയും ഗോവക്കാരുടെ ഇഷ്​ടപുണ്യാളൻ സെൻ്റ് ഫ്രാൻസിസ്​ സേവ്യറുടെ ഛായാചിത്രങ്ങൾ ചുമരിൽ. അവയുടെ ചുറ്റും പ്ലാസ്റ്റിക്ക് പൂക്കളെക്കൊണ്ട് അലങ്കരിച്ചിരിക്കുന്നതു കണ്ടാൽ അതൊരു കോൺവെൻ്റ് ആർട്ടാണെന്നു തോന്നാം.

ഫിലോമിനയും അമ്മ മെറ്റിൽഡാ ആൻ്റി പള്ളിയിൽ പോയിരിക്കയാണെന്ന് സിൽവസ്റ്റർ ഡിക്കോസ്റ്റ അറിയിച്ചു. ഇറാനിയൻ ഹോട്ടലുകളിൽ കാണാറുള്ള നാലഞ്ച് കസേരകളും തേക്കിൽ തീർത്ത മേശയുമുണ്ട്. മുറിയുടെ ഒരു ഭാഗത്ത് കൊതുകുവല കെട്ടിയ ഡബ്ബിൾ കോട്ട് കട്ടിൽ ബെഡ്ഡ്. അതിനരികെ കൊച്ച് ടീപോയിയിൽ ചിതറിക്കിടക്കുന്ന പഴയ ലക്കം മാഗസിനുകൾ. സിൽവസ്റ്റർ അങ്കിൾ പങ്ക ഓൺ ചെയ്തു. കറങ്ങാൻ വലിയ സമ്മതമൊന്നുമില്ലാത്തപോലെ ആദ്യം പതുക്കേയും പിന്നീട് പിടിച്ചാൽ കിട്ടാത്ത സ്​പീഡിലും കറങ്ങാൻ തുടങ്ങി. ‘ഇവൻ’ ജർമൻ മേക്കാണെന്ന് സിൽവസ്റ്റർ അങ്കിൾ അതിന്റെ മാഹാത്മ്യം വിശദീകരിച്ചു.

ഞാൻ കാലുകൊണ്ട് താളംപിടിക്കുന്നതിനിടെ മെറ്റിൽഡ ആൻ്റി ഒരു ബോട്ടിൽ ഫെനി ടീപ്പോയിൽ വെച്ചു.

സമീപമുള്ള കലീന ചർച്ചിൽ മണി മുഴങ്ങി. ഭക്തരിൽ ഫ്രോക്കും ടോപ്പും ധരിച്ച ഗോവൻ സ്​ത്രീകളും പാൻ്റും കോട്ടുമണിഞ്ഞ വൃദ്ധരും സഫാരി സൂട്ടുകാരുമുണ്ട്. മാംഗ്ലൂരിയൻ ക്രിസ്ത്യാനികളും മലയാളികളും ഉൾപ്പെടെയുള്ള അവർ നിരത്തിലൂടെ കഥ പറഞ്ഞ് പരന്നൊഴുകുകയാണ്. കലീന വില്ലേജ് ബോംബെ ക്രിസ്​ത്യാനികളുടെ പരിച്ഛേദമാണെന്ന് പറയാം. ഫ്രിൽ വെച്ച ഫ്രോക്കും ടോപ്പും ധരിച്ച് ഫിലോമിനയും അവളുടെ അമ്മ മെറ്റിൽഡാ ആൻ്റിയും ‘ദേവ്ബായ’യിലേക്ക് വന്നു. ഉപചാരവാക്കുകൾ പറഞ്ഞ് അവരിരുവരും അകത്തേക്ക് കയറിപ്പോയി. സമയം പതിനൊന്ന് കഴിഞ്ഞു, വയറിൽ വിശപ്പിന്റെ എരിപൊരി സഞ്ചാരം.

ഫിലോമിന ഒരു വിനിൽ റെക്കോഡ് പ്ലേ ചെയ്തു. അബ്ബ പാടിയ ‘‘ഹണി, ഹണി ഹണി, ഹൗ യു മീറ്റ് മീ എഗെയ്ൻ’’ എന്ന അടിപൊളി- ശ്രുതിമധുര ഗാനം ഹാളിനെ സംഗീതസാന്ദ്രമാക്കി. ഞാൻ കാലുകൊണ്ട് താളംപിടിക്കുന്നതിനിടെ മെറ്റിൽഡ ആൻ്റി ഒരു ബോട്ടിൽ ഫെനി ടീപ്പോയിൽ വെച്ചു. ഒപ്പം രണ്ട് ഗ്ലാസും സ്​പെൻസർ സോഡയും ഐസ്​കട്ടകൾ തുളുമ്പിനിൽക്കുന്ന പാത്രവും കാഷ്യൂനട്ട് ഫ്രൈയും. ഫെനിയിൽ പിഴിഞ്ഞൊഴിക്കാൻ ചെറുനാരങ്ങ രണ്ടായി മുറിച്ചതും, സവാള അരിഞ്ഞ് ഉപ്പും മുളകുപൊടിയും വിതറിയ ഉപദംശവും ടീപ്പോയിൽ വെച്ചു. ‘എൻജോയ്’ എന്നു പറയാനും അവൾ മറന്നില്ല. ഇന്ന് സംഗതി ‘മംഗൾ കുശാൽ’ തന്നെ. പ്രയോഗം ഗുജറാത്തിയാണ്, തകർപ്പൻ എന്ന് മലയാളം.

എഴുപതുവയസ്സു കഴിഞ്ഞ സിൽവസ്റ്റർ വിലേ പാർലേ ഈസ്റ്റിലെ ത്രീസ്റ്റാർ ഹോട്ടലിൽ റൂം ബോയ് ആയാണ് ജീവിതമാരംഭിക്കുന്നത്. ജീവിക്കാൻ ബോംബെയിലെത്തിയ ആദ്യകാല ഗോവക്കാരിൽ ഒരാളായ അദ്ദേഹത്തിന് വലിയ വിദ്യാഭ്യാസമില്ല. ഗോവക്കാർ ഹോട്ടലുകളിൽ ഷെഫ്, കുക്ക്, ഹോട്ടൽ ബാൻ്റിൽ സംഗീതോപകരണങ്ങൾ വായിക്കുന്നവർ, ഓഫീസ് റിസപ്ഷനിസ്റ്റ്, ബാർ അറ്റൻഡർ, സബർബൻ ട്രെയിൻ എഞ്ചിൻ ഡ്രൈവർ, ബി.ഇ.എസ്​.റ്റി ബസ്​ കണ്ടക്റ്റർ തസ്​തികകളിലാണ് പൊതുവേ ജോലി ചെയ്തിരുന്നത്.

ചർച്ച് ഗേറ്റ് ഓവൽ മൈതാനത്തിന് സമീപമുള്ള സമ്പന്നരുടെ നിരനിരയായ കെട്ടിടങ്ങളൊന്നിൽ താമസിച്ചിരുന്ന ദമ്പതികളുടെ കുട്ടികളുടെ ആയയായിരുന്ന മെറ്റിൽഡായെ സിൽവസ്റ്റർ ഡിസൂസ പ്രണയിച്ച് വിവാഹം ചെയ്തു. വഴിയെ മാഹിം മച്ചിമാർ കോളനിക്ക് സമീപത്തേക്കും പിന്നീട് കലീന വില്ലേജിലേക്കും താമസം മാറ്റി. ഷോലെ അഞ്ചുപത്ത് പ്രാവശ്യമെങ്കിലും കണ്ട് ആസ്വദിച്ചിട്ടുള്ള മെറ്റിൽഡയും സിൽവസ്റ്ററും ഈറോസ്​ സിനിമയിൽ വെച്ചാണ് ആദ്യമായി കണ്ടുമുട്ടിയതെന്ന് ഫിലോമിന പറയുന്നു.

പോർച്ചുഗീസുകാർ ഗോവൻ ജനതക്കുവേണ്ടി മറന്നുവെച്ചുപോയ സമ്മാനങ്ങളാണ് പോർക്ക് വിഡാലു പാചകക്കസർത്ത്.

മെറ്റിൽഡാ ഡിക്കോസ്റ്റയുടെ പിറന്നാൾ ആഘോഷമാക്കാൻ വേറെയാരേയും ആ കുടുംബം ക്ഷണിച്ചിട്ടില്ല. അബ്ബയുടെ ഗാനത്തിന്റെ പിച്ചുകൾ മാറിക്കൊണ്ടിരിക്കെ ഡിക്കോസ്റ്റ അങ്കിൾ ഗ്ലാസുകളിൽ ഫെനി പകർന്നു; അദ്ദേഹത്തിന് പെഗ് മെഷർമെൻ്റ് നന്നായറിയാം. ഫെനി സോഡ ചേർക്കാതെ അദ്ദേഹവും ചെറുനാരങ്ങ പിഴിഞ്ഞ് സോഡയും ചേർത്ത് ഞാനും സിപ്പ് ചെയ്തു. കശുവണ്ടിപ്പരിപ്പ് റോസ്റ്റ് ചെയ്തതും ബഡേക്കർ അച്ചാർ തൊട്ടുനക്കിയുമുള്ള ആ സേവ കഴിഞ്ഞ് കാലമേറെച്ചെന്നെങ്കിലും ഇപ്പോഴും അതോർമയിൽ നിൽക്കുന്നത് ഡിക്കോസ്റ്റ കുടുംബത്തിന്റെ അകമഴിഞ്ഞ സൗഹൃദം കൊണ്ടാണെന്ന് പറയാതെ വയ്യ.

കുശിനിയിൽ പോർക്ക് വിഡാലു പാകം ചെയ്യുന്നതിന്റെ മണം. പോർച്ചുഗീസുകാർ ഗോവൻ ജനതക്കുവേണ്ടി മറന്നുവെച്ചുപോയ സമ്മാനങ്ങളാണ് പോർക്ക് വിഡാലു പാചകക്കസർത്തും ചിക്കൻ ഝക്കുട്ടിയും. ബോംബെയിൽ അവശേഷിക്കുന്ന ചില ഗോവൻ ഈറ്ററികളിൽ മാത്രമായി ഈ കറികളുടെ വില്പന ഒതുങ്ങിയിരിക്കുന്നു. ഫിലോമിന ഹാളിൽ വന്ന് റെക്കോഡ് പ്ലെയറിലെ ഡിസ്​ക് മാറ്റി. ആ വിനിൽ റെക്കോഡിലിപ്പോൾ അൽബേലയിൽ ലതാ മങ്കേഷ്ക്കറും സി. രാമചന്ദ്രയും പാടിയ ‘ഷോലാ ജോ ബഡ്ക്കേ....’ എന്ന പാട്ടാണ്.
പത്തമ്പത്തഞ്ച് വർഷങ്ങൾക്കുമുമ്പ് തൃശൂർ രാമവർമ്മയിൽ ഭഗവാൻ ദാദയുടെ അൽബേല തമാശ + ഇടിപ്പടം അക്കാലത്ത് ഏറെ ആസ്വദിച്ച ഹിന്ദി സിനിമകളിൽ ഒന്നാണ്.

ലതാ മങ്കേഷ്ക്കര്‍, സി. രാമചന്ദ്ര

ഭഗവാൻ (ദാദ) ദാദർ ഹിന്ദ്മാത ടാക്കീസിന് സമീപമുള്ള ഒരു ചോൾമുറിയിലായിരുന്നു താമസം. രോഗാതുരനും നിരാലംബനുമായ ആദ്യ കാല നമ്പർ വൺ ബ്ലോക്ക്ബസ്റ്റർ സിനിമകളിൽ നായകവേഷമിട്ട് പ്രേക്ഷകരുടെ കൈയടി വാങ്ങിയ ഭഗവാന് അദ്ദേഹത്തിന്റെ അന്ത്യകാലത്ത് സഹായഹസ്​തവുമായി സിനിമാരംഗത്തുനിന്നുപോലും ഒരാളുമെത്തിയില്ല എന്നത് വേദനാജനകമായിത്തോന്നുന്നു. സി. രാമചന്ദ്ര എന്ന പ്രസിദ്ധ സംഗീതസംവിധായകൻ ഈണം പകർന്ന അൽബേലയിലെ വരികൾക്ക് പശ്ചാത്തല സംഗീതമൊരുക്കിയത് ഗോവയിലെ അൽദോണ ഗ്രാമവാസിയായിരുന്ന ആന്റോണിയോ സേവ്യർ ആണ്. ജാസ്​ സംഗീതത്തിലും ഇതര പാശ്ചാത്യ സംഗീത ഉപകരണങ്ങളിലും മാസ്​മരികവിദ്യ സൃഷ്​ടിച്ചെടുത്ത ആന്റോണിയോ ചിക് ചോക്ലേറ്റ് എന്ന പേരിൽ ബോളിവുഡിൽ പ്രശസ്​തനായിരുന്നു. ലോകതലത്തിൽ ഉന്നതേശ്രണിയിലുള്ള ജാസ്​ കലാകാരൻ ലൂയി ആംസ്ട്രോംഗിനെ അനുകരിക്കുന്ന, ആരാധിക്കുന്ന വ്യക്തിയാണ് അദ്ദേഹം.

അക്കാലങ്ങളിൽ ട്രംപറ്റ് ബോളിവുഡ് സിനിമാഗാനങ്ങളിൽ ഉപയോഗിച്ചിരുന്നില്ല. ട്രംപറ്റ് വായന ഞാൻ ആദ്യമായി കണ്ടത് തൃശൂർ പുത്തൻപള്ളി പെരുന്നാൾ ബാന്റ് വാദ്യാഘോഷത്തിലാണ്. ചെറിയ കുട്ടിയായ എനിക്ക്, ഈ കക്ഷി എന്തിനാണ് കവിളുകൾ ഇത്ര വീർപ്പിക്കുന്നതും കണ്ണു തുറിക്കുംപോലെ നോക്കുന്നതും ട്രംപറ്റിലെ കീകളിലമർത്തുന്നതും വിടുന്നതും എന്നെല്ലാം മനസ്സിലായില്ല. അദ്ദേഹത്തിന്റെ മുഖഭാവം കണ്ടാൽ നാവ് പുറത്തേക്കു ചാടുമോ എന്നും ഭയപ്പെട്ടു. വിവാഹാഘോഷങ്ങളിലും മരണവിലാപയാത്രയിലും ബാൻ്റ് വാദ്യം (ദുഃഖ ബാൻ്റ്) അനിവാര്യമായിരുന്ന കാലമുണ്ടായിരുന്നു. അതിന്നില്ല. ഇപ്പോൾ ഹാളുകളിലുള്ള വിവാഹപാർട്ടികളിൽ ഡി.ജെ. മ്യൂസിക് വരെയുണ്ട്.

ചിക് ചോക്ലേറ്റ്

ചിക് ചോക്ലേറ്റ് ബാക്ഗ്രൗണ്ട് സ്​കോർ ചെയ്ത അൻബേലയിലേയും മറ്റ് സിനിമകളിലേയും ഗാനങ്ങളും ഭഗവാൻ ദാദയും ഇന്നും മനസ്സിലുണ്ട്. ദാദയും അദ്ദേഹത്തിന്റെ അനനുകരണീയ ഡാൻസും പ്രത്യേക തരം ഇടിരംഗങ്ങളും ഹിന്ദ്മാത ടാക്കീസിനു സമീപമുള്ള അദ്ദേഹത്തിന്റെ വൃത്തികെട്ട ചോൾമുറി ജീവിതവും അൽബേലയിലെ ‘ടീന, മീന, ടീക്ക’യും മറ്റും ഫെനിയുടെ മോന്തൽ എന്നെ ഒരിക്കൽക്കൂടി ഓർമപ്പെടുത്തിക്കൊണ്ടിരുന്നു. ‘കിഥർ ഖോ ഗയാ ജനാബ്’- എവിടെ മനസ്സ് പറന്നുകളിക്കുന്നു എന്ന ഫിലോമിനയുടെ ചോദ്യം എന്നിൽ സ്​ഥലകാലബോധമുണ്ടാക്കി. അതിന്റെ ക്ഷീണം തീർക്കാൻ ഒരു പെഗ് ഫെനി കൂടി ഗ്ലാസിലൊഴിച്ചു. ഇക്കുറി പാനീയത്തിൽ സോഡ ചേർത്തതും ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ചതും എന്റെ സ്​നേഹിതയാണ്. എന്തൊരു ഔചിത്യബോധം, നന്ദി കണ്ണടക്കാരി…

ഒ.പി. നയ്യാരെ കണ്ട നാൾ

ബോളിവുഡ് സംഗീതചരിത്രത്തിൽ ആദ്യകാല സിനിമാ സംവിധായകരുടെ സ്​ഥാനമെന്തെന്ന് ഏതെങ്കിലും അളവുകോൽ വെച്ച് അളന്നു തിട്ടപ്പെടുത്തുക ദുഷ്കരമെങ്കിലും നൗഷാദ്, എസ്​.ഡി. ബർമൻ, ഒ.പി. നയ്യാർ, ശങ്കർ ജയ്കിഷൻമാർ, ലക്ഷ്മീകാന്ത് പ്യാരേലാൽ ജോടി, കല്യാൺജി–ആനന്ദ്ജി, മദൻമോഹൻ, രവി, ബാപ്പി ലാഹ്‍രി തുടങ്ങിയവരുടെ പേരുകളും ചേർക്കേണ്ടതുണ്ട്. കാരണം, ഇവരെല്ലാം പതിറ്റാണ്ടുകളായി ഹിന്ദി സിനിമാ സംഗീതത്തിൽ വിസ്​മരിക്കാൻ കഴിയാത്ത ഗാനങ്ങൾ സമ്മാനിച്ചവരാണ്. ഹിന്ദുസ്​ഥാനി സംഗീതത്തിൽ അഗാധ പാണ്ഡിത്യമുള്ള നൗഷാദ് അദ്ദേഹത്തിന്റെ ഗാനങ്ങളിൽ ഈ ഈണങ്ങൾ പ്രത്യേകമായി ഉപയോഗിക്കാൻ ശ്രദ്ധിച്ചു.

നൗഷാദ്, എസ്​.ഡി. ബർമൻ, ഒ.പി. നയ്യാർ, ശങ്കർ ജയ്കിഷൻമാർ, ലക്ഷ്മീകാന്ത് പ്യാരേലാൽ ജോടി, കല്യാൺജി–ആനന്ദ്ജി, മദൻമോഹൻ

ഒ.പി. നയ്യാരെ കണ്ടാൽ വിദേശിയെപ്പോലെയാണ്. തലയിൽ തൊപ്പിയും ഫുൾക്കൈ ഷർട്ടും കൂളിംഗ് ഗ്ലാസും തിളങ്ങുന്ന നിറമുള്ള കാൽസറായിയും ധരിച്ച നയ്യാർ സാബേഹ്, അവസാന നാളുകളിൽ വീരാറിലെ കെട്ടിട സമുച്ചയത്തിൽ ഒറ്റയ്ക്ക് താമസിക്കുമ്പോഴാണ്, ഞാൻ ആദ്യമായി പരിചയപ്പെടുന്നത്. അദ്ദേഹത്തെ അല്പം ഡിമൻഷ്യ ബാധിച്ചതായി തോന്നി. തന്റെ ഗാനങ്ങൾ പാടുന്നതിൽനിന്ന് ലതാ മങ്കേഷ്ക്കറെ ഒഴിവാക്കിയ ഏക സംഗീത സംവിധായകൻ കൂടിയാണ് നയ്യാർ സാഹേബ് എന്നതും പറയാതെവയ്യ. പാശ്ചാത്യസംഗീതത്തിലും അവയുടെ ആരോഹണാവരോഹണക്രമത്തിലും പുതുമ സൃഷ്​ടിച്ച, മനംമയക്കുന്ന ഈണം അദ്ദേഹം ഹിന്ദിപ്പാട്ടുകളിൽ ഉപയോഗിച്ചിട്ടുണ്ട്. കശ്മീർ കി കലി, ഹൗറാ ബ്രിഡ്ജ് തുടങ്ങിയ സിനിമകളിലെ ഗാനങ്ങളും നയ്യാർ സാഹബിന്റെ സംഭാവനകളാണ്. രാജ്കപൂറിന്റെ ഏതാണ്ട് എല്ലാ സിനിമകളിലും ശങ്കർ– ജയ്കിഷന്മാരുടെ അവിസ്​മരണീയ സംഗീതമുണ്ട്. രവീന്ദ്ര ജയിന്റെ മ്യൂസിക്കാണ് രാജ്കപൂർ രാം തേരി ഗംഗാ മൈലിയിൽ ഉപയോഗിച്ചത് എന്ന് വിസ്​മരിക്കേണ്ടതില്ല. കല്യാൺജി– ആനന്ദ്ജി ജോടിയും, സംഗീതം നിർവ്വഹിച്ച എല്ലാ സിനിമകളിലേയും ഗാനങ്ങൾ സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളാക്കിയവരാണ്. ‘ഗാഡി ബുലാരഹി ഹേ’ (ദോസ്​ത്) ഓർക്കുക.

രവി, ബാപ്പി ലാഹ്‍രി

എന്നാൽ, ഈ സംഗീതസംവിധായകർ ഈണം പകർന്ന ഗാനങ്ങൾക്ക് ആസ്വാദ്യതയേറ്റുന്നത് പശ്ചാത്തലത്തിലുള്ള ഓർക്കസ്​ട്ര കൂടിയാണ്. പാശ്ചാത്യ സംഗീതോപകരണങ്ങളിലൂടെ അനുഭവിച്ചറിയുന്ന, കേട്ടറിയുന്ന, പുത്തൻ മലയാളത്തിൽ പറഞ്ഞാൽ തൊട്ടറിയുന്ന അനുഭൂതി ലഭിക്കുന്നത് പാശ്ചാത്യസംഗീതത്തിന്റെ മാധുര്യത്താൽ കൂടിയാണ്. ആ പ്രത്യേക സംഗീതസ്​പർശത്തിനു പിന്നിലാകട്ടെ നൂറു ശതമാനവും ഗോവൻ സംഗീതജ്ഞരാണെന്നത് കൗതുകകരമായി തോന്നാം. നൗഷാദ്, കല്യാൺജി– ആനന്ദ്ജി, ലക്ഷ്മികാന്ത് –പ്യാരേലാൽ തുടങ്ങി ഡസൻ കണക്കിന് സംഗീതസംവിധായകർക്ക് ഹിന്ദി സിനിമാപ്പാട്ട് ട്യൂൺ ചെയ്യാൻ മാത്രമേ അറിയൂ, അവർക്ക് ഓർക്കസ്​ട്രയുടെ ശാസ്​ത്രീയവശങ്ങളിൽ പറയത്തക്ക പരിജ്ഞാനമൊന്നുമി. അതുകൊണ്ട് ഒരർത്ഥത്തിൽ ചിക് ചോക്ലെറ്റിനേയും അന്തോണി ഗോൺസാൽവസിനേയും ഫ്രാൻങ്ക് ഫെർണാണ്ടസിനെയുമൊക്കെ വിസ്​മരിക്കാനാവില്ല.

അടുക്കളയിൽ ഒരു കൈ സഹായിക്കാനായി ഫിലോമിനയെ അവളുടെ അമ്മ വിളിച്ചു. കാംവാലി ശാന്താബായി അന്ന് അവധിയിലാണ്. ‘സത്യനാശ്’ എന്ന് പിറുപിറുത്ത് വീണ്ടും ഫിലോമിന അടുക്കളയിലേക്കു പോകുന്നതുകണ്ടു. അവൾ എന്റെ ബോറടി തീർക്കാനെന്നവണ്ണം വീണ്ടും റെക്കോഡ് പ്ലെയർ ഓൺ ചെയ്തു. റെമോ ഫെർണാണ്ടസിന്റെ ‘‘ജൽവാ, ജൽവാ’’ എന്ന അടിപൊളി പാട്ട് കേട്ടുതുടങ്ങി. ഫിലോമിന അമ്മയോട് എന്തിനോ ചില്ലറ വഴക്കുണ്ടാക്കി എന്റെ സമീപത്തിരുന്നു. അവൾ മറാഠിയിൽ ‘ആയ്​ലാ’ എന്നു പറയുന്നതും കേട്ടു. അല്പം ഗൃഹജോലിയിൽ ഏർപ്പെട്ടത് ഈ പെണ്ണിന് ഇഷ്​ടപ്പെട്ടില്ലായെന്ന് തോന്നുന്നു. വാശി തീർക്കാനെന്നപോലെ അവൾ ഒരു സ്​മോൾ ഫെനി നീറ്റായി അടിച്ചു. സിൽവസ്റ്റർ അങ്കിൾ വലിച്ചുകൊണ്ടിരുന്ന ചുരുട്ടിന്റെ പുക ആ മുറിയാകെ പരന്നു. വലിയ ഗുണമൊന്നുമില്ലാത്തതാണ് ആ സാധനം.

കെ.ജെ. യേശുദാസ്

യേശുദാസ് ​ചിത്ത്ചോറിൽ പാടിയ ‘‘ആജ്സെ പെഹലേ, ആജ്സെ ജ്യാദാ, ഖുശി ആജ്തക് നഹിമിലീ’’ എന്നീ വരികൾ ഞാൻ മൂളിയപ്പോൾ ഫിലോമിന വീണ്ടും ചോദിക്കുന്നു, ‘‘ക്യാ ബാത്ത് ഹേ?’’
ഇത്രയും സന്തോഷമുണ്ടാകാൻ കാരണമെന്താണെന്നാണ് അവളുടെ ചോദ്യം. ‘ഫെനി’, ഞാൻ പറഞ്ഞപ്പോൾ കള്ളച്ചിരി ചിരിച്ച് അവൾ ചോദ്യം മാറ്റിച്ചോദിച്ചു, ‘ഓൺലി ഫെനി?’ ‘നിന്റെ പ്രേമസാമീപ്യവും ഈ കുടുംബത്തിന്റെ ഊഷ്മളമായ സൗഹൃദവുമാണ് ചെങ്ങായി’ എന്ന മറുപടി കേട്ട് യുവസുന്ദരി പൊട്ടിച്ചിരിച്ചു. ഗോവൻ ദേശി ദാരു അവളുടെ തലയ്ക്ക് പിടിച്ചിട്ടുണ്ട്.

നസറുദ്ദീൻഷായും അർച്ചന പുരൻസിങ്ങും അഭിനയിച്ച ജൽവ, ഒരു അവധിക്കാലത്ത് നാട്ടിലെത്തിയപ്പോഴാണ്, രാമദാസ്​ തിയേറ്ററിൽ കണ്ടത്. അധികം ആൾത്തിരക്കില്ലാത്ത ആ പ്രദർശനവേളയിൽ എല്ലാവരും റെമോ ഫെർണാണ്ടസിന്റെ ഏകദേശം പത്തുപന്ത്രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ‘‘ജൽവാ ജൽവാ’’ എന്ന ടൈറ്റിൽ സോങ്ങ് കേട്ട് കൈയടിക്കുന്നുണ്ടായിരുന്നു.

ജൽവ ജൽവാ ജൽവയടക്കം വെള്ളിത്തിരയുടെ ചരിത്രത്തിൽ റോമോവിന്റെ ഗാനങ്ങൾ വേറിട്ടു നിൽക്കുന്നു. സിനിമാസംഗീതത്തിൽ അതൊരു ചരിത്രമായി. അനേകം സിനിമകളിൽ പാടുകയും സംഗീതം നൽകുകയും ചിലവ എഴുതുകയും ചെയ്ത ഈ ഗോവാക്കാരൻ പുതുതലമുറയുടെ പുതുപുത്തൻ ഗായകനാണ്. 1990–ൽ ബോംബെയിൽ അനാവശ്യമായി ഉണ്ടായ വർഗ്ഗീയ കലാപത്തെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്ത ‘ബോംബെ’ (അരവിന്ദ് സ്വാമി, മനീഷാ കൊയ്രാള) ആ സംഭവത്തിലെ മുക്കും മൂലയും സ്​പർശിച്ച ഉത്തമ കലാസൃഷ്​ടിയാണ്. അതിലെ ‘ഹമ്മാ–ഹമ്മാ ഹം ഓർ തും’ എന്ന എവർഷൈൻ ഗാനം എ.ആർ. റഹ്മാൻ ചിട്ടപ്പെടുത്തിയപ്പോൾ അത് പാടി പ്രേക്ഷകരെ ഹരം കൊള്ളിച്ചത് റെമോയാണ്. ‘ഹമ്മ, ഹമ്മ’ ബോളിവുഡ് സിനിമാസംഗീതലോകത്ത് ഡബിൾ പ്ലാറ്റിനമായിരുന്നു; രചന കൊണ്ടും ആവിഷ്കാരം കൊണ്ടും. ശ്യാം ബെനഗലിന്റെ ത്രികാൽ എന്ന സിനിമയും റെമോ ഫെർണാണ്ടസിെൻ്റ മറ്റൊരു ബാക്ഗ്രൗണ്ട് മ്യൂസിക് പരീക്ഷണമാണ്.

റെമോ, എ.ആര്‍. റഹ്‍മാന്‍

തലയ്ക്ക് സാമാന്യരീതിയിൽ മത്ത് പിടിച്ചിട്ടുണ്ടെങ്കിലും ഞാനെണീറ്റ് സ്റ്റീരിയോ പ്ലെയറിന് സമീപമുള്ള റാക്കിൽ അടുക്കിവെച്ച വിനിൽ റെക്കോഡുകളിൽ നിന്ന് ഒന്ന് പുറത്തെടുത്ത് പ്ലേ ചെയ്തു. എൻ. ദത്ത (ദത്ത നായ്ക്) യുടെ ഗാനങ്ങൾ അടങ്ങിയതാണ് ആ റെക്കോഡ്. എൻ. ദത്ത എന്ന വിശ്രുത ഗോവൻ സംഗീതജഞൻ പ്രസിദ്ധ കവിയും ഗാനരചയിതാവുമായ സാഹിൽ ലുധ്യാൻവിയുടെ മിത്രമാണ്. ആ സൗഹൃദത്തിലൂടെ അനേകം മികവുറ്റ ഗാനങ്ങൾ നമുക്ക് കേൾക്കാനായി. സംഗീതോപകരണങ്ങളുടെ കോലാഹലങ്ങളില്ലാതെ ഉണർവ്വുണ്ടാക്കുന്ന സിനിമാഗാനങ്ങളാണ് ദത്ത തയ്യാറാക്കിയത്. വിഖ്യാത സംഗീതസംവിധായകൻ എസ്​.ഡി. ബർമന്റെ സംഗീത സഹായിയായി ഈ രംഗത്തെത്തിയ ദത്ത തന്റെ പുതുവഴികൾ തുറന്നത് സ്വാഭാവികം. 1955–ൽ രാജ്ഖോസ്‍ലയുടെ ‘മിലാപി’ൽ സാഹിർ ലുധ്യാൻവിയുടെ വരികൾക്ക് സംഗീതം നല്കിയതോടെ എൻ. ദത്ത എന്ന സംഗീതസംവിധായകന്റെ നല്ല കാലമായി എന്നാണ് ഗോവക്കാരനും എഴുത്തുകാരനുമായ നരേഷ് ഫെർണാണ്ടസ്​, സംഗീതസംവിധായകൻ വനരാജ് ഭാട്ടിയ എന്നിവരുടെ ലേഖനങ്ങളിൽ കാണുക. ‘‘യേ ബഹാരോം കാ സമാ’’ (ഹേമന്ദ് കുമാർ, ലത മങ്കേഷ്കർ) ഇപ്പോഴും മനസ്സിൽ വന്നെത്തുന്നത് അതിലെ വരികളുടെ ലാളിത്യവും ഗായകരുടെ ആലാപനമികവും ഒപ്പം ദത്തയുടെ അനനുകരണീയ ഉപകരണസംഗീതമിശ്രണവുമാണ്.

പൊന്നുതൂക്കുന്ന മാർവാഡി

സിൽവസ്റ്റർ അങ്കിൾ കുശിനിയിലേയ്ക്ക് നോക്കി എന്തോ വിളിച്ചു പറഞ്ഞു. അത് ഗോവക്കാരുടെ പ്രാദേശിക ഭാഷയിലാണ്. എനിക്കൊന്നും മനസ്സിലായില്ല. പക്ഷെ, അതിന് ഗുണം കണ്ടു. ഫിലോമിന തീൻമേശ തുടച്ച് വൃത്തിയാക്കി. മെറ്റിൽഡാ ആൻ്റി ഭക്ഷണപദാർത്ഥങ്ങളും പ്ലേറ്റുകളും പിഞ്ഞാണങ്ങളും ഓരോന്നായി നിരത്തി. ചൈനീസ്​ ക്ലേയിൽ നിർമിതമായ ആ പ്ലേറ്റുകൾ ആൻ്റിയുടെ പൂർവ്വികർ വഴി ഇപ്പോൾ കലീനയിലെ ‘ദേവ്ബായ’ കോട്ടേജിൽ എത്തിച്ചേർന്നിരിക്കുന്നു. ആ ‘പാരമ്പര്യ മാഹാത്മ്യം’ ഇവിടെ ആരും വിളമ്പാഞ്ഞത് നന്നായി എന്നു തോന്നി, ഞാനത് പ്രതീക്ഷിച്ചെങ്കിലും.

അങ്കിൾ സാവധാനം ഗ്ലാസിൽ അവശേഷിച്ച ഫെനി ഒന്നു മോന്തി ചിറി തുടച്ച് കൈകഴുകിയെന്നു വരുത്തി ഡൈനിങ്ങ് ടേബിളിനുമുമ്പിലെ കസേരയിലിരുന്നു; ഞാൻ അദ്ദേഹത്തിന് അഭിമുഖമായും. ഫിലോമിന മോഞ്ചിനീസിന്റെ വില കൂടിയ ഇനം ബർത്ത് ഡേ കേക്ക് മേശയുടെ നടുക്കുവച്ചു. ഒരു മെഴുകുതിരി കത്തിച്ചു. ഫ്രഞ്ച് ബാത്ത് (കൈയും മുഖവും മാത്രം കഴുകി) നടത്തി മുടി ചീകി പുതുവസ്​ത്രം ധരിച്ച് മെറ്റിൽഡാ ആൻ്റി ഡിക്കോസ്റ്റ അങ്കിളിന്റെ സമീപമുള്ള കസേരയിലിരുന്നു. ‘‘ഹാപ്പി ബർത്ത് ഡേ’’ എന്ന് ഞങ്ങളെല്ലാവരും അവർക്ക് ജന്മദിനാശംസകൾ നേർന്നു. ഇതിനിടെ മറ്റുള്ളവരുടെ വക ഒരു ലഘുപ്രാർത്ഥന. ഭാഗ്യവശാൽ റെക്കോഡ് പ്ലെയറിൽ അനുബന്ധ സംഗീതമൊന്നും പ്രവഹിച്ചില്ല. വൈൻ ഗ്ലാസുകളിൽ ദ്രാവകം പകർന്ന് അവ തമ്മിൽ കൂട്ടിമുട്ടിച്ച് ഞങ്ങൾ ആൻ്റിക്ക് ജന്മദിനാശംസകൾ നേർന്നു. അവർ മെഴുകുതിരി ഊതിക്കെടുത്തി കേക്ക് മുറിച്ച് ആദ്യം സ്വന്തം ഭർത്താവിന് നൽകി. അപ്പോൾ സിൽവസ്റ്റർ അങ്കിൾ നന്നായൊന്നു മന്ദഹസിച്ചു. ഇപ്പോൾ മെറ്റിൽഡാ ആൻ്റിയുടെ കവിളിൽ ഒരു പ്രത്യേക അരുണിമ. അവരിരുവരും പഴയകാലം ഓർക്കുകയാകാം. പിന്നീട് അവരുടെ സംഭാഷണം കൊങ്കണിയിലാണ്. ഞാൻ മിഴിച്ചിരിക്കെ ഫിലോമിന എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു.

ദി ടേസ്റ്റ് ഓഫ് ഗോവ

ഗോവൻ ഭക്ഷണം പൊതുവെ കളർഫുൾ ആണ്. ഓരോന്നും അവ വിളമ്പിയ പാത്രങ്ങളിൽ നിറഞ്ഞ് കവിയാറായിട്ടുണ്ട്. ചിലരുടെ വീടുകളിൽ അവർ തരുന്ന ആഹാരപദാർത്ഥങ്ങൾ മാർവാഡികൾ പൊന്നു തൂക്കുന്നപോലെ അളന്നുതൂക്കി വിളമ്പിയതാണോ എന്നു തോന്നാറുണ്ട്. ചിക്കൻ ഝകൂട്ടിയിൽ ഞാൻ ആദ്യം കൈവെച്ചു. പാവ്കഷണങ്ങളാക്കി അത് ചേർത്ത് വിഴുങ്ങുമ്പോൾ ഞാൻ മറ്റുള്ളവരെ ശ്രദ്ധിക്കുകയാണ്. തീറ്റയിലും കുടിയിലും ചില എത്തിക്സും എറ്റിക്കെറ്റുമൊക്കെ വേണമെന്ന് എനിക്കറിയാം. ഗോവൻ സ്​പെഷൽ ഐറ്റം ഞണ്ട് കറി എന്നെ നോക്കി മന്ദഹസിച്ചോ എന്നൊരു സംശയം. പക്ഷേ, ഞാനത് തൊട്ടില്ല. ഞണ്ടുകളുടെ നാട്ടിലെ ആ ഇടവേള തൽക്കാലം ഞാൻ വിട്ടുകളഞ്ഞു. പിന്നീട് പോർക്ക് വിഡാലുവെടുത്ത് പെരുമാറി. ഫുൽക്കാ റോട്ടിയാണ് അവന് പറ്റിയ ഇനം. ഞങ്ങളുടെ പ്രദേശത്ത് മീൻ വില്പനക്കാരൻ കുഞ്ഞഹമ്മദിന്റെ വിശേഷണപ്രകാരം ഈ ‘അഴകുള്ള സെലീന’ (ചെമ്പല്ലി) പൊരിച്ചതും പച്ചരിച്ചോറും പാംപ്രറ്റ് കറിയും (ആവോലി) കൂട്ടിയുള്ള ആ പിടുത്തത്തോടെ എന്റെ തീറ്റയോടുള്ള അപ്പോഴത്തെ ആക്രാന്തം കുറഞ്ഞു. പോത്തിന്റെ നാവ് കഷണങ്ങളാക്കി മത്തങ്ങ ചേർത്തു വേവിച്ച ആ പേരറിയാത്ത കറിയും വീണ്ടും അല്പം പച്ചരിചോറും ചെലുത്തിയപ്പോൾ വയറ് ഫുൾടാങ്കായി. ഇനി ഒരിഞ്ച്പോലും സ്​ഥലമില്ല.

ചിക്കൻ ഝകൂട്ടി

ബേക്കിംഗിൽ പ്രാവീണ്യമുള്ളവരാണ് പൊതുവേ ഗോവൻ സ്​ത്രീകളെങ്കിലും ഈ ദാവത്തിൽ (സദ്യ) മെറ്റിൽഡാ ആൻ്റി അത് തയ്യാറാക്കാഞ്ഞത് എന്താണാവോ? ആതിഥേയൻ ഭക്ഷണത്തിൽ മുഴുകിയിരിക്കെ ക്ഷമ ചോദിച്ച് ഞാൻ കോട്ടേജ് മുറ്റത്ത് ചെന്ന് ഫോർ സ്​ക്വയർ കിങ്ങിന് തീപറ്റിച്ച് പുകവിട്ടു. തിരിച്ചുവന്നപ്പോൾ ആൻ്റിയും സിൽവസ്റ്റർ അങ്കിളും സംഭാഷണത്തിലാണ്. കൊങ്കണിയിലാണ് ഭാഷണം. ‘കണസാ കുണസാ വർത്താനം’ എന്നാണ് ഞങ്ങളുടെ കൊച്ചാപ്പുവല്യപ്പൻ ഇത്തരം സംസാരത്തിന് പറയുക. ആയതുകൊണ്ട് എനിക്കത് പുടികിട്ടിയില്ല. ഇരുവരും അവരുടെ യൗവനകാലം ഓർത്തെടുക്കുകയാകാം.

ഫിലോമിന വരാന്തയിൽ ചൂരൽകസേര വലിച്ചിട്ട് എന്റെ സമീപമിരുന്നു. വൈനടിച്ച് അവൾ മത്ത് പിടിച്ച ലക്ഷണമാണ്. ഞാനൊന്നും മിണ്ടിയില്ല. സദ്യയുണ്ടതിന്റെ ക്ഷീണം അല്പം എനിക്കുണ്ട്. ഗോവൻ ഭക്ഷണം ആദ്യമായല്ല കഴിക്കുന്നത്. ഞങ്ങളുടെ ആഡ് ഏജൻസിയിലെ മീഡിയാ മാനേജർ ശങ്കരനാരായണന് അദ്ദേഹത്തിന്റെ പ്രോപ്പർട്ടി ഡീലിലുണ്ടായ തർക്കങ്ങളും പോലീസ്​ കേസുകെട്ടുകളും നീണ്ടുനീണ്ടുപോയ കാലങ്ങളിലാണ് ഞാനാ ഏജൻസിയിൽ ജോലിയ്ക്കെത്തുന്നത്. സംഭാഷണമധ്യേ അദ്ദേഹം, ചെമ്പൂരിലുള്ള ടു ബെഡ് റൂം ഹാൾ കിച്ചൻ ഫ്ലാറ്റ് അന്യാധീനപ്പെടാൻ സാധ്യതയുള്ളതായി എന്നെ അറിയിച്ചു. ഗുണ്ടാവിളയാട്ടം ദിവസമെന്നോണം അരങ്ങേറാറുള്ള അവിടെ ലോക്കൽ ഗുണ്ടകളുടെ ഇടപെടൽ മൂലം സ്വന്തം ഫ്ലാറ്റിലേക്ക് കാലുകുത്താൻ വരെ വാടകക്കാരൻ അനുവദിക്കാറില്ലേത്ര. ശരി, ഒരു കൈ നോക്കാമെന്ന എന്റെ വെറുംവാക്കിൽ അദ്ദേഹം വിശ്വസിച്ചതായി തോന്നി.

മന്ത്രാലയ സുഹൃത്തുക്കളിൽ ഒരാളുടെ സഹായത്തോടെ ആപ്പിൾ തുടങ്ങി ക്രാഫോഡ് മാർക്കറ്റിൽ നിന്ന് വിലപേശി വാങ്ങിയ ഫലമൂലാദികളുമായി (ഇവ എന്റെ കാശ്മീരിലുള്ള ബന്ധു കൊടുത്തയച്ചതാണ്) ശങ്കരനാരായണനേയും കൂട്ടി അന്ന് എസ്​പ്ലനേഡ് കോർട്ടിൽ ജഡ്ജിയായിരുന്ന മസ്​ദേയെ വീട്ടിൽ ചെന്നു കണ്ട് കാണിക്ക നൽകി കാര്യം പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ഓർമയുണ്ട്; ‘‘പോലീസ്​മെൻ ആർ സിവിലൈസ്​ഡ് ഗുണ്ടാസ്​. യു കനോട്ട് ബിലീവ് ദെം’’.
എന്തിനേറെ, അല്പം തുക വാടകക്കാരന് നൽകി ആ തർക്കം മസ്​ദേ പരിഹരിച്ചു. വാടകക്കാരൻ ഫ്ലാറ്റ് കാലിയാക്കുകയും ചെയ്തു. അതിന്റെ സന്തോഷസൂചകമായി ശങ്കർനാരായണൻ ഷഹീദ് ഭഗത്സിംഗ് റോഡിലെ ഒരു ഗോവൻ ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങിത്തന്ന് എന്നെ സന്തോഷിപ്പിച്ചു. ആ വിഭവങ്ങളിൽ ചാളയായിരുന്നു പ്രധാന ഐറ്റം. കോഴിക്കറിയിലൂടെ ഒരു ചാത്തൻകോഴി വെറുതെ ഓടിനടന്നപോലെയാണ് അതു ഭക്ഷിച്ചാൽ തോന്നുക. മാംസക്കഷണങ്ങൾ അശേഷമില്ലായെന്ന് ചുരുക്കിപ്പറയാം. എന്നാൽ അതേ റോഡിലുള്ള ‘കഫേ മോൺഡിഗോ’ ഗോവൻ ഭക്ഷണം വിളമ്പുന്ന പ്രത്യേക ആംബിയൻസുള്ള നമ്പർ വൺ ഹോട്ടലാണ്. മാറിയോ മിറാൻഡ സ്വയം വരച്ചുതീർത്ത ചിത്രങ്ങൾ ഈ ഹോട്ടലിന്റെ മാറ്റുകൂട്ടുന്നു. മാഹിമിലുള്ള ‘ഗോവ പോർച്ചുഗീസ്​’ എന്ന ഈ വകുപ്പിലുള്ള മുന്തിയ ഹോട്ടൽ ഇപ്പോഴും പ്രവർത്തനസജ്ജം.

ഗോവ പോർച്ചുഗീസ്​’ ഹോട്ടല്‍

ഞാൻ ഫിലോമിനയെ കാത്തെങ്കിലും അവൾ അടുക്കളയിൽ പാത്രം കഴുകുകയാണെന്ന് തോന്നുന്നു. സിൽവസ്റ്റർ അങ്കിൾ സ്വീകരണമുറിയിലെ ഡബ്ബിൾ കോട്ടിൽ കിടന്നു കൂർക്കം വലിക്കുന്നുണ്ട്. ഞാൻ വാച്ചിൽ നോക്കി, സമയം മൂന്ന് കഴിഞ്ഞു.

ജീവിതത്തെക്കുറിച്ച് സ്വന്തമായ കാഴ്ചപ്പാടുകളുള്ള ഗോവൻ യുവതികളിൽ ഒരുവളാണ് ഫിലോമിന ഡിക്കോസ്റ്റ. ബോംബെയിൽ വിവിധ തസ്​തികകളിൽ ജോലി ചെയ്യുന്ന ഇവർ ഇന്ന് അഭ്യസ്​തവിദ്യരാണ്. വളരെക്കാലമായില്ല ഇവർ മഹാനഗരത്തിൽ വന്നിട്ട്, എങ്കിലും ഫിലോമിനയ്ക്ക് സാധാരണ മുംബൈക്കറുടെ ജീവിതമെന്തെന്ന് നന്നായറിയാം.

പരസ്യകലാരംഗത്തിന്റെ സുവർണ കാലങ്ങളിലാണ് ഞാനും ഫിലോമിനയും ഈ രംഗത്ത് പ്രവർത്തിച്ചിരുന്നത്. ഇന്നത് ശുഷ്ക്കിച്ചിരിക്കുന്നു. ഫിലോമിന ആർഭാടത്തിൽ അധികം വിശ്വസിക്കുന്നില്ല. ‘പള്ളീപ്പോക്ക്’ ഒരു ക്രിസ്​തീയ ആചാരമായി മാത്രം കാണുന്ന സ്​നേഹിത ഞായറാഴ്ചകളിൽ അവരുടെ സമുദായാംഗങ്ങൾ ഹോട്ടലുകളിലോ ചിലരുടെ വീടുകളിലോ സംഘടിപ്പിക്കാറുള്ള പാർട്ടികളിൽ പങ്കുചേരാറുണ്ട്. അത് പാട്ടുപാടാനും ‘ചച്ചച്ചാ’ നൃത്തം വെയ്ക്കാനും രണ്ടു മൂന്ന് മഗ്ഗ് ബീറടിക്കാനും മാത്രമാണ്. ഗോവൻ പെൺകുട്ടികളെ എളുപ്പം സ്വന്തം താല്പര്യങ്ങൾക്ക് ഉപയോഗിക്കാമെന്ന പൊതുധാരണ പൊളിച്ചെഴുതിയവരിൽ ഒരുവളാണീ പെൺകുട്ടി. ചാർണി റോഡിലെ ഒരു മാർവാഡിയുടെ ഏജൻസിയിൽ എന്റെ സഹപ്രവർത്തകയായിരുന്ന ഫിലോമിനയുടെ നേരെ ആഭാസച്ചുവയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്തപ്പോൾ അവൾ അയാളുടെ കരണക്കുറ്റിക്കടിച്ചതിന് ഞാൻ ദൃക്സാക്ഷിയാണ്. ‘‘സാലേ, ഹറാമി–ചൂത്തിയാ, സൺ ഓഫ് എ ബിച്ച്’’ എന്ന് മുട്ടൻ തെറിയും കൂടി പറഞ്ഞാണ് അന്നവൾ ഇറങ്ങിപ്പോയത്. വൈകാതെ ഞാൻ ആ സ്​ഥാപനം വിട്ടു, കൊളാബ ഏജൻസിയിൽ ചേരുകയും താമസംവിനാ ഫിലോമിനയെ അപ്പോൾ അവിടെ വന്ന ഒരു സ്റ്റെനോഗ്രാഫറുടെ ഒഴിവിലേക്ക് പ്രതിഷ്ഠിക്കുകയുമാണുണ്ടായത്.

ഫിലോമിന കൈകഴുകി വരാന്തയിൽ വീണ്ടും വന്നു. മെറ്റിൽഡാ ആൻ്റി ഉറങ്ങാൻ പോയിരിക്കയാണ്. ‘‘നീ എങ്ങനെ ഇത്ര ധൈര്യശാലിയായി പീലുമീനു?’’ ഞാൻ ചാർണി റോഡ് ഏജൻസിയിലെ സംഭവം ഓർത്ത് ‘വെർതെ’ ചോദിച്ചതാണ്.
അവൾ പിപ്പിരി തലമുടി ഒതുക്കി മന്ദഹസിച്ച് പ്രത്യേക ഊർജ്ജത്തോടെ പറഞ്ഞു: ‘‘ഒരാളെ ധൈര്യവാനും സാധുവുമാക്കുന്നത് അവരുടെ ചുറ്റുപാടുകളാണ്.’’
‘‘ശരിയാണ്. പീലുമീനു’’, ഞാൻ തലയാട്ടി. ബോംബെയിൽ മാത്രമല്ല, ഈ രാജ്യത്ത് എല്ലായിടങ്ങളിലും സ്​ത്രീകളാണ് കൂടുതൽ ചൂഷണം ചെയ്യപ്പെടുന്നത്. ലൈംഗികമായും അല്ലാതെയും. പെൺകുട്ടികൾ ബാധ്യതയാണ്. അവർ ‘പരായധാൻ’ (അന്യരുടെ സ്വത്ത്) എന്നാണ് മാതാപിതാക്കൾവരെ കരുതുന്നത്. ഭാരിച്ച തുക സ്​ത്രീധനം ആവശ്യപ്പെടുന്നവർ പെൺകുട്ടികളുടെ സ്വത്താണ് മുന്നിൽ കാണുന്നത്. അല്ലാതെ അവളുടെ വിദ്യാഭ്യാസമോ പെരുമാറ്റമോ സൗന്ദര്യമോ അല്ല. ജോസ്​, യു ഗോത്രു ദ മാട്രിമോണിയൽ കോളം, അതിൽ പലരും സ്വത്ത് പ്രശ്നമല്ല എന്ന് പലരും സ്​പെസിഫൈ ചെയ്തിരിക്കും. അപ്പോൾ പെൺകുട്ടിക്കുവേണ്ടി വലിയൊരു കെണിതന്നെ വരെൻ്റ വീട്ടുകാരിൽനിന്ന് പ്രതീക്ഷിക്കാം. അടുക്കളജോലിയും അവശനിലയിലുള്ള ആ വീട്ടിലെ ആരെയെങ്കിലും പരിചരിക്കേണ്ട ബാധ്യതയുമെല്ലാം അവളുടെ തോളിലിട്ടുകൊടുക്കും. ജോലിയുള്ളവർക്ക് മുൻഗണന കൊടുക്കുന്ന വിരുതന്മാർ മാസാമാസം വരുന്ന ആ പെൺകുട്ടിയുടെ ശമ്പളത്തിലാണ് ആദ്യം കൈവെക്കുക.

സ്​ത്രീസ്വാതന്ത്ര്യം, സ്​ത്രീശക്തി തുടങ്ങിയ വിഷയങ്ങളിൽ ആധികാരിക ജ്ഞാനമുള്ള ഫിലോമിനയ്ക്ക് സ്വന്തം സഹോദരിയുടെ ഭർതൃഗൃഹത്തിൽ, ആ പെൺകുട്ടി അനുഭവിക്കേണ്ടി വന്ന നരകയാതനകൾ മിസ്​. ഡിക്കോസ്റ്റ എന്നോട് തുറന്നുപറഞ്ഞിട്ടുണ്ട്. മറ്റൊരിക്കൽ അവളുടെ ‘മംഗേത്തറാ’യി (പ്രതിശ്രുത വരൻ) പണ്ടൊരിക്കൽ വന്നുപെട്ട ഒരു ഗോവൻ യുവാവ് മോതിരം കൈമാറി പണവും അടിച്ചുമാറ്റി അപ്രത്യക്ഷനായ പ്രത്യേക വഞ്ചനയുടെ കഥയും ഫിലോമിന വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ആ കണ്ണുകളിൽ കണ്ണീർക്കണങ്ങൾ... ചിലപ്പോൾ കണ്ണീരുണങ്ങാറില്ല, ഫിലോമിന താത്വികമായി കൂട്ടിച്ചേർത്തു.

ദി സൗണ്ട് ഓഫ് മ്യൂസിക്

അവൾ തുടർന്നു: ‘‘പോർച്ചുഗീസ്​ ഭരണകാലത്ത് ക്രിസ്​ത്യൻ പാതിരിമാർ തദ്ദേശവാസികളെ ചേർത്തുപിടിക്കാൻ ആദ്യം ചെയ്തത് പള്ളികൾ നിർമിക്കുകയാണ്. സെന്റ് ഫ്രാൻസിസ്​ സേവ്യറുടെ ഭൗതികശരീരം സൂക്ഷിക്കുന്ന ഗോവയിലെ പ്രസിദ്ധ കത്തീഡ്രൽ ഇതിന് നല്ല ഉദാഹരണമാണ്. ഏതാണ്ട് എല്ലാ സ്​ഥലങ്ങളിലും പുണ്യവാളന്മാരുടേയും പുണ്യവതികളുടേയും പേരുകളിലുള്ള പള്ളികൾ ഗോവയിൽ കാണാം.

സെന്റ് ഫ്രാൻസിസ്​ സേവ്യറുടെ ഭൗതികശരീരം സൂക്ഷിക്കുന്ന ഗോവയിലെ കത്തീഡ്രല്‍ (Basilica of Bom Jesus)

തദ്ദേശവാസികളുമായി ഇഴുകിച്ചേരാൻ പോർച്ചുഗീസ്​ പള്ളികളിൽ മതപഠനത്തോടൊപ്പം പാശ്ചാത്യ സംഗീതോപകരണങ്ങൾ വായിക്കാനും പഠിപ്പിച്ചിരുന്നു. സംഗീതത്തിന് ഭാഷയില്ല, മതമില്ല, വർഗ്ഗവ്യത്യാസങ്ങളുമില്ല. പിന്നെ, ‘മ്യൂസിക് ഹീൽസ്​ ഓൾ പെയിൻസ്’​ എന്നാണല്ലോ’’, ഫിലോമിന അല്പം ഫിലോസഫി കൂടി സംഭാഷണത്തിൽ മേമ്പൊടി വിതറി തുടർന്നു: ‘‘അതുകൊണ്ട് പാശ്ചാത്യസംഗീതത്തിന്റെ ശാസ്​ത്രീയവശങ്ങൾ (തിയറി) മുതൽ നൊട്ടേഷനുകൾ വരെ അവർ ഗോവക്കാരെ അഭ്യസിപ്പിച്ചു.

അക്കാലങ്ങളിൽ ദിവസവും പള്ളികളിൽ മ്യൂസിക്ക് ക്ലാസുകൾ നിർബ്ബന്ധമാക്കിയിരുന്നു. ഇതിന്റെ പൊതുവായ ഗുണം ആദ്യം ഗോവക്കാർക്കുണ്ടായില്ലെങ്കിലും വഴിയേ തൊഴിലന്വേഷകരായി ബോംബെയിലെത്തിയ ചിക് ചോക്ളേറ്റ്, അന്തോണി ഗോൺസാൽവസ്​, ക്രിസ്​ പെറി, സെബാസ്റ്റ്യൻ ഡിസൂസ തുടങ്ങിയവർക്ക് ബോളിവുഡ് സിനിമാസംഗീതരംഗങ്ങളിൽ തൊഴിലവസരം നേടാനായി. സ്​റ്റുഡിയോവിൽ മ്യൂസിക് കമ്പോസറെത്തി ട്യൂൺ കണ്ടക്റ്ററെ ആദ്യം പാടികേൾപ്പിക്കുന്നു. അല്ലെങ്കിൽ ഹാർമോണിയം മീട്ടി ശ്രുതിയിടുന്നു. അറേഞ്ചർ അല്ലെങ്കിൽ കണ്ടക്റ്റർ പാശ്ചാത്യ ഉപകരണങ്ങൾ വായിക്കുന്നതിൽ പ്രവീണരാണ്. അവർ ട്യൂൺ അനുസരിച്ച് ഓരോ ഇൻസ്​ട്രുമെൻ്റ്സിനും വ്യത്യസ്തമായി നൊട്ടേഷനുകൾ എഴുതി ഓർക്കസ്​ട്രയിലെ ഉപകരണങ്ങൾ വായിക്കുന്നവർക്ക് നൽകും. ട്രംപറ്റിനും വയലിനും ഗിറ്റാറിനുമൊക്കെ അവയുടെ ശബ്ദമനുസരിച്ചുള്ള നൊട്ടേഷനുകളാണ് നൽകുക.

തുടർന്ന് അതനുസരിച്ച് ഡെമ്മി ഡെമോൺസ്ട്രേഷൻ നടത്തും. ഇപ്പോൾ പാട്ടിന്റെ ട്യൂണും ഉപകരണങ്ങൾ വായിക്കുന്നവർക്ക് ഹൃദിസ്​ഥമായി. ഇതുകൂടാതെ ഈ ഗാനങ്ങളുടെ അവതരണം എങ്ങനെയാകുമെന്ന ബിസിനസ് ഭാഗവും സിനിമാ പ്രൊഡ്യൂസറെ / വിതരണക്കാരെ ബോധ്യപ്പെടുത്തേണ്ട ചുമതലയും മ്യൂസിക് അറേഞ്ചേഴ്സിനുണ്ട്. അതായത് നിർമാതാവും സംഗീതസംവിധായകനും തമ്മിലുള്ള ഒരു പാലം പോലെയാണ് ഇവർ പ്രവർത്തിച്ചിരുന്നത്. പ്രൊഡ്യൂസർ / വിതരണക്കാർ ഈ ട്യൂണിന് ഓകെ പറയുമ്പോൾ ഒന്നുരണ്ടാവർത്തികൂടി റിഹേഴ്സൽ നടത്തിയശേഷം മാത്രമെ പ്രസ്​തുത ഗാനം മ്യൂസിക് ഡയറക്ടറും അറേഞ്ചറും റെക്കോഡിംഗ് സ്റ്റുഡിയോവിലേയ്ക്ക് അയക്കൂ. ആദ്യകാലത്തുണ്ടായിരുന്ന അനാവശ്യ ടേക്കുകൾ ഒഴിവാക്കാനായിരുന്നു ഈ വിദ്യ’’, ഫിലോമിന പറഞ്ഞു.

ടിച്ചൂർ ഓർക്കസ്​ട്രാ

ഞങ്ങളുടെ പട്ടണത്തിലുള്ള പാലസ്​ റോഡിൽ മോഡൽ ബോയ്സ്​ ഹൈസ്​കൂളിനെതിർവശമുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ജോക്കിൻ മാഷുടെ ‘ടിച്ചൂർ ഓർക്കസ്​ട്ര’ ടൗൺ ഹാളിൽ ടിക്കറ്റ് വെച്ച് ഷോ നടത്തിയത് ഞാൻ 8–ാം ക്ലാസിൽ പഠിക്കുമ്പോഴാണ്. അന്ന് ആരോ ഒരാളുടെ കൃപാകടാക്ഷത്തിൽ ലഭിച്ച കോംപ്ലിമെൻ്ററി പാസുമായി ടൗൺഹാളിലെത്തി. സംഗീതോപകരണങ്ങളുമായി സ്റ്റേജിൽ ഒരു ഡസനിലധികം പേർ തയ്യാറുണ്ട്. ജോക്കിൻ മാഷ് കൈയ്യിൽ സ്റ്റിക്കുമായി അവർക്കഭിമുഖം നിന്ന് റെഡി വൺ, ടു, ത്രീ, ഫോർ എന്ന് പറയുന്നതോടൊപ്പം ഓർക്കസ്​ട്ര സമരാംഭിച്ചു. ഗായകൻ പാടുമ്പോൾ ഇവരിൽ ചിലർ പ്രത്യേകമായി നിർമിച്ച ഇരുമ്പുനിർമിതമായ സ്റ്റാൻഡിലെ പുസ്​തകം നോക്കി വയലിൻ വായിക്കുന്നു. സംഗീതത്തിന്റെ ആരോഹണാവരോഹണ ക്രമത്തെകുറിച്ചുള്ള ചില വരകളും ചിങ്ങളുമാണ് ആ വിശുദ്ധപുസ്​തകമെന്ന് ജ്യേഷ്ഠൻ ഫ്രാൻസിസ്​ പറഞ്ഞുതരുന്നത് പിന്നീടാണ്.

കെ.സി. ഫ്രാന്‍സിസ്

അന്ന് വയലിനു മാത്രമേ നൊട്ടേഷൻ ഉപയോഗിച്ചുള്ളൂ എന്നോർമയുണ്ട്. ജോബോയുടെ ഡ്രംസെറ്റിൽ അദ്ദേഹത്തിന്റെ വിരലുകളുടെ മാന്ത്രിക സ്​പർശനത്തോടെ അന്നത്തെ ഓർക്കസ്​ട്ര കൊഴുത്തു. ഇപ്പോൾ ടിച്ചൂർ ഓർക്കസ്​ട്ര എവിടെയോ തേഞ്ഞുമാഞ്ഞ് പോയിരിക്കുന്നു. പിന്നീട് അന്നത്തെ കൊച്ചുപയ്യൻ ജോബോയ് അമേരിക്കയിലേക്ക് ജീവിതം പറിച്ചുനട്ടതായി കേട്ടു. ഗിറ്റാർ, മാെൻ്റാലിൻ വിദഗ്ദ്ധൻ ആറ്റ്​ലി ഡിക്കുത്താ എവിടെയെന്നറിയില്ല.

അകാലത്തിൽ മരിച്ച സംഗീത സംവിധായകൻ ജോൺസനും ഇപ്പോൾ രംഗത്തുള്ള ഔസേപ്പച്ചനും മറ്റുള്ളവരും പള്ളി ക്വയറുമായി ബന്ധമുള്ളവരായിരുന്നു. ഒരു ഗാനം ഹിറ്റാകുമ്പോൾ നാം ആ ഗായകനേയും മ്യൂസിക് ഡയറക്ടറേയും ചിലപ്പോൾ ഗാനരചയിതാവിനേയും ഓർക്കും. എന്നാൽ പശ്ചാത്തല സംഗീതം കൊണ്ട് പാട്ടുകളെ കോരിത്തരിപ്പിച്ച മ്യൂസിക് കണ്ടക്റ്ററെ ആരും അറിയുന്നില്ല. ഇവരുടെ പേരുകൾ ചെറിയ അക്ഷരങ്ങളിൽ സ്​ക്രീനിൽ വരാറുണ്ടെന്നുമാത്രം. ആശ്ചര്യകരമായി എനിക്കു തോന്നിയ ഈ വസ്​തുത, ഫിലോമിന ഡിക്കോസ്റ്റ ഉദാഹരണങ്ങൾ സഹിതം വസ്​തുനിഷ്ഠമായി ഇങ്ങനെ വെളിപ്പെടുത്തുന്നു. അവൾ തുടർന്നു: ‘‘അനന്യസാധാരണമായ കഴിവും സ്വന്തം പ്രയത്നവും ഇച്ഛാശക്തിയും കൊണ്ട് ബോളിവുഡ് പശ്ചാത്തല സംഗീതത്തിൽ ലബ്ധപ്രതിഷ്ഠ നേടിയവരിൽ ഒരാളാണ് ചിക് ചോക്ലേറ്റ് അഥവാ ആന്റോണിയോ സേവിയർ വാസ്​. ഞങ്ങളുടെ ഗ്രാമമായ അൽദോണയിൽ ജനിച്ചുവളർന്ന അദ്ദേഹം പള്ളികളിലെ ഗായകസംഘത്തിൽ അംഗമായി, ട്രംപറ്റ് വയലിൻ, എക്കോഡിയൻ, ഡ്രംസെറ്റ, ഗിറ്റാർ, മാേൻ്റാലിൻ തുടങ്ങിയ ഉപകരണങ്ങൾ വായിക്കുന്നതിൽ പ്രവീണനായി.

ജോൺസണ്‍, ഔസേപ്പച്ചന്‍

ഭാഗ്യാന്വേഷിയായി ചിക് ചോക്ളറ്റ് ബോംബെയിലെത്തുമ്പോൾ ബോളിവുഡ് സിനിമ ശൈശവദശയിലായിരുന്നു. പ്രസിദ്ധ സംഗീതസംവിധായകൻ സി. രാമചന്ദ്രയുടെ അസിസ്റ്റൻ്റായതോടെ അദ്ദേഹത്തിന്റെ പാട്ടുകളുടെ ഏറ്റവും നല്ല ഔട്ട്പുട്ട് അൽബേലയിലെ ഗാനങ്ങളിലൂടെ പ്രേക്ഷകമനസ്സിൽ ഇടംപിടിച്ചു. ‘‘ഈന മീന ടീക്ക.... നക്കാ നക്കാ നക്കാ, ഹംബംബോ’’ എന്ന അടിപൊളിപ്പാട്ടും എസ്​.എൻ. ത്രിപാഠിയുടെ ‘‘മേരീ ജാൻ മേരീ ജാൻ സൺഡേ കെ സൺഡേ’’ എന്ന പാട്ടും എക്കാലവും ഓർമിക്കുന്നവയാണ്. അവയുടെ പിന്നിൽ ചിക്ചോക്ലറ്റിന്റെ സ്​പെഷ്യൽ ഗിമ്മിക്ക്സുകളുണ്ട്.

‘പ്രീതമ് ആൻ മിലോ’ എന്ന, സി.എച്ച്. ആത്മ പാടിയ അനശ്വരഗാനം കേൾക്കുമ്പോൾ കഠിനഹൃദയനായ ഒരാളുടെ ഹൃദയം പോലും ത്രസിക്കും, ഒരു തേങ്ങലായി. ശങ്കർ –ജയ്കിഷൻമാരുടെ സംഗീതസംവിധാനത്തിൻ കീഴിൽ ഓർക്കസ്​ട്ര നയിച്ച സെബാസ്റ്റ്യൻ ഡിസൂസ 1952 മുതൽ 75 വരെ ഈ രംഗത്തുണ്ടായിരുന്ന ഗോവൻ മ്യൂസിഷ്യനാണ്. അദ്ദേഹം ആദ്യമായി ഒ.പി. നയ്യാർക്കുവേണ്ടിയാണ് ഓർക്കസ്​ട്രയൊരുക്കിയത്. ഇന്ത്യൻ മെലഡിക്കനുയോജ്യമായും സൂക്ഷ്മതലത്തിൽ സംഗീതമാധുര്യം സൃഷ്​ടിക്കാനുമായി ചില മൈക്രാ ടോൺ ഡിവൈസുകളും സെബാസ്റ്റ്യൻ ഡിസൂസ പരിചയപ്പെടുത്തിയിട്ടുണ്ട്. ശങ്കർ ജയ്കിഷൻ ജോടിയോടൊപ്പം പ്രവർത്തിച്ച ഫ്രാങ്ക് ഫെർണാണ്ട്, റോഷൻ (ഋതിക് റോഷന്റെ പിതാമഹൻ), സി. രാമചന്ദ്ര തുടങ്ങിയവർക്കുവേണ്ടി പശ്ചാത്തലസംഗീതമൊരുക്കിയ മറ്റൊരു ഗോവക്കാരനാണ് ഫ്രാങ്ക. ഡോൺ, ഹേരാ–പേരി, ഝൻജിർ, വിക്ടോറിയ നമ്പർ 203, ദേവ് ആനന്ദിന്റെ ജോണി മേരാ നാം തുടങ്ങിയവയിലെ ഗാനങ്ങൾക്കായി നല്കിയ ഫ്രാങ്കിന്റെ സംഭാവനകൾ ചെറുതല്ല’’, ഫിലോമിന ആവേശപൂർവം പറഞ്ഞ് ‘വർത്താനം’ അവസാനിപ്പിച്ചു.

സെബാസ്റ്റ്യൻ ഡിസൂസ

ഗോവൻ സംഗീതജ്ഞരെക്കുറിച്ചും വ്യക്തിജീവിതത്തിലെ തിക്താനുഭവങ്ങളെക്കുറിച്ചും ഗോവൻ ചരിത്രപശ്ചാത്തലത്തെക്കുറിച്ചും ലഘുപ്രസംഗംതന്നെ ഫിലോമിന നടത്തിയിരിക്കുന്നു. മെറ്റിൽഡാ ആൻ്റി ചായ കുടിക്കാൻ ക്ഷണിച്ചു. ‘ഖാരി ബിസ്​കുത്ത്’ (ഉപ്പു ബിസ്​കറ്റ്), ചായ, പ്ലം കേക്ക് എന്നിവയും കപ്പുകളും കെറ്റിലിൽ ചായയുമായി അവർ വരാന്തയിലുള്ള ടീപോയിയിൽ വെച്ചു. ഞാൻ ചായ കുടിച്ച് കേക്ക് തിന്ന് ഉപ്പു ബിസ്​കറ്റിന്റെ സ്വാദും ആസ്വദിച്ച് തിരികെ പോകാൻ തയ്യാറായി. ആൻ്റി ചെറിയൊരു സ്റ്റീൽ ഡബ്ബ നിറയെ ബെബിൻകാ സമ്മാനിച്ചു. അരിപ്പൊടിയിൽ മൈദയും കോഴിമുട്ടയും തേങ്ങാപ്പാലും ശർക്കരയും ചേർത്ത പ്രത്യേക ഗോവൻ നിർമിതിയാണ് ഈ മധുരപലഹാരം. ഡിക്കോസ്റ്റ അങ്കിൾ മുഖം കഴുകി ഞങ്ങൾക്കൊപ്പം വന്നു. ആ കുടുംബം കലീനയിൽനിന്ന് ബാന്ദ്ര വെസ്റ്റിലക്കുള്ള ബസ്​സ്റ്റോപ്പ് വരെ എന്നെ അനുഗമിച്ചു. ബി.ഇ.എസ്​.റ്റി. ബസ്​ ഓടിക്കിതച്ചെത്തി. ടാറ്റാ പറഞ്ഞ് അതിൽ കയറി. ബസ്​ റോഡിലെ ആദ്യ വളവിൽ പെടുന്നതുവരെ അവർ കൈവീശിക്കാണിക്കുന്നുണ്ടായിരുന്നു. ബെബിൻകാ പോലെ മധുരിപ്പിക്കുന്ന ഓർമയായി ഡിക്കോസ്റ്റാ കുടുംബത്തിന്റെ സൗഹൃദം എന്നിൽ ഇപ്പോഴുമുണ്ട്.

ദാദർ ഈസ്റ്റിലെ ദാദാ സാഹേബ് ഫാൽക്കേ റോഡിലുള്ള ‘സ്റ്റുഡിയോ രണദിവേ’ ഒരു കാലത്ത് മറാഠി സിനിമാക്കാരുടെ അഡ്ഡ (ഹബ്ബ്) യായിരുന്നു. 1980–കളിൽ ഞാൻ ജോലി ചെയ്തിരുന്ന ആഡ് ഏജൻസിയുടെ പ്രസിദ്ധീകരണം ഉദ്യോജകിനു (സംരംഭകൻ) വേണ്ടി ചിത്രം വരയ്ക്കാറുള്ള ഇന്നത്തെ പ്രമുഖ ബോളിവുഡ് താരം നാനാ പഠേക്കർ അന്ന് ജെ.ജെ. സ്​കൂൾ ഓഫ് ആർട്സിലെ വിദ്യാർത്ഥിയാണ്. സത്താറ, സാഗ്ലി ജില്ലക്കാരുടെ തനതായ ഗാവ്ഠി (നാടൻ) ഭാഷയിൽ അവിടെ വരുന്നവരെ അദ്ദേഹം കളിയാക്കാറുണ്ട്, എന്നേയടക്കം. പിന്നീട് ‘പുരുഷ്’ എന്ന നാടകത്തിലൂടെ മറാഠി നാട്യരംഗത്തിലെ അവിഭാജ്യ ഘടകങ്ങളിലൊന്നായി. അധികം വൈകാതെ ഹിന്ദി സിനിമകളിൽ ശ്രദ്ധിക്കപ്പെട്ട അനേകം വേഷങ്ങൾ ചെയ്തു. ഇപ്പോഴും അഭിനയം തുടരുന്നു. മറാഠി സിനിമാ സംവിധായകൻ കംലാകർ തോർണെ, നടി ജയശ്രീ ഗഠ്ക്കർ, അസി. സംവിധായകൻ വിലാസ്​ പാട്ടീൽ തുടങ്ങിയവരും ഈ സൗഹൃദസദസ്സുകളിൽ ഒത്തുചേരാറുണ്ട്.

നാന പടേകര്‍ / Photo: Parinda (1989) Movie

സ്റ്റുഡിയോ രണദിവേയിൽ വരാറുള്ള, കണ്ടാൽ ‘അയ്യോ പാവ’മെന്ന് തോന്നുന്ന ഫ്രീലാൻസ്​ ഫോട്ടോഗ്രാഫർ മൈക്കിൾ ഡിസൂസയുമായി പരിചയപ്പെടുന്നത് അവിടെ വെച്ചാണ്. ബോളിവുഡ് /മറാഠി സിനിമകളിലെ നടീനടന്മാരുടെ സ്റ്റിൽ ഫോട്ടോകളെടുത്ത് അവ പത്രമാസികകളിൽ നൽകിപ്പോന്ന മൈക്കിൾ വളരെ എളുപ്പത്തിലാണ് സുഹൃത്താകുന്നത്. സ്റ്റിൽ ഫോട്ടോകളുടെ പ്രിൻ്റടിക്കാൻ വരുന്ന ഡിസൂസ തോളിൽ സാമാന്യം വലിയൊരു റെക്സിൻ ബാഗും കാമറയും മറ്റു ഉപകരണങ്ങളുമായാണ് സഞ്ചരിക്കുക. സിനിമാ നടീനടന്മാരുടെ ഫോട്ടോകളെടുക്കുന്ന മൈക്കിൾ അന്ന് ലുങ്കിയും കള്ളിഷർട്ടുമിട്ട്, പെട്ടിക്കടകളിൽനിന്ന് ദിനേശ്ബീഡിയും ‘മ’ പ്രസിദ്ധീകരണങ്ങളും മറ്റും വാങ്ങുന്നത് ശ്രദ്ധിക്കാറുണ്ട്.

ആ കാലത്ത്, സമീപ ലോഡ്ജുകളിൽ ഗൾഫിലേയ്ക്ക് വിസ കാത്തിരിക്കുന്ന മലയാളികൾ തിങ്ങിപ്പാർത്തിരുന്നു. ഇവരിൽ ചിലരുടെ ഫോട്ടോകളും മൈക്കിൾ എടുക്കാറുണ്ട്. ഒരു ദിവസം അവിചാരിതമായി ചെമ്പൂർ ആർ.കെ. സ്റ്റുഡിയോ പരിസരത്ത് ആരെയോ പ്രതീക്ഷിച്ചെന്നപോലെ മൈക്കിളിനെ കണ്ടു. തൊട്ടുമാറിയുള്ള ടീ സ്റ്റാളിൽനിന്ന് കട്ടിംഗ് അടിച്ച് ഞങ്ങൾ അന്നു സംസാരിച്ചത് ‘അമർ അക്ബർ ആൻ്റണി’യെ കുറിച്ചാണ്. ഒരു എൻ്റർടെയിനർ എന്ന നിലയിൽ കൊള്ളാവുന്ന പടമാണ് അതെന്നു ഞാൻ പറഞ്ഞപ്പോൾ മൈക്കിൾ, ‘‘മൈ നെയിം ഈസ്​ ആൻ്റണി ഗോൺസാൽവസ്​’’ എന്ന വരി മൂളി. ഈ ഗാനം കമ്പോസ്​ ചെയ്തത് ലക്ഷ്മികാന്ത് പ്യാരേലാൽ ആണെന്നും (എനിക്കറിയാം മാഷേ) അത് പ്യാരേലാൽ തന്റെ വയലിൻ ഗുരു ആന്റോണിയോ ഗോൺസാൽവസിന് ട്രിബ്യൂട്ടായി സമർപ്പിച്ചതാണെന്നും കൂട്ടിച്ചേർത്തു.

അമർ അക്ബർ ആൻ്റണിയില്‍ നിന്ന്

വളരെപ്പണ്ട്, ഗോവയിൽനിന്ന് തൊഴിലവസരം തേടി ബോംബെയിലെത്തിയ ആന്റോണിയോ ഗോൺസാൽവസ് അന്ന് പതിനാറുകാരനാണ്. തന്റെ ഗോവൻ ഇടവകയിൽനിന്ന് വയലിനും മറ്റു പാശ്ചാത്യ സംഗീതോപകരണങ്ങളും പഠിച്ചെടുത്ത ഈ പയ്യനെ അദ്ദേഹത്തിന്റെ ബോംബെയിലുള്ള അമ്മാവൻ നൗഷാദിനെ പരിചയപ്പെടുത്തി. അങ്ങനെ ഒരു ഓഡിഷനിൽ വയലിൻ വായനയിൽ അൽഭുതം കാട്ടിയ ആന്റോണിയോവിനെ നൗഷാദ്ജി അപ്പോൾതന്നെ ഓർക്കസ്​ട്രയിൽ ചേർത്തു. അവിടെ നിന്നാരംഭിച്ച ജൈത്രയാത്ര നൗഷാദിനും മറ്റു പല വിദഗ്ദ്ധ സംഗീതസംവിധായകർക്കും ഒപ്പം പ്രവർത്തിച്ചുകൊണ്ടായിരുന്നു. ആർ.ഡി. ബർമൻ, ലക്ഷ്മികാന്ത് പ്യാരേലാൽ ജോടികളോടൊപ്പം ഓർക്കസ്​ട്ര നയിച്ച ആന്റോണിയോയുടെ നയാദൗർ, വക്ത്, ദില്ലഗി, ഹക്കീക്കത്ത് തുടങ്ങിയ സിനിമകളിലെ ഹിറ്റ് ഗാനങ്ങളിലൂടെ ആന്റോണിയോ ഗോൺസാൽവസ്​ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നുണ്ട്’’, മൈക്കിൾ പറഞ്ഞവസാനിപ്പിച്ചു.

ആർ.കെ. സ്റ്റുഡിയോയുടെ കൂറ്റൻ പടിവാതിൽ തുറന്നു. പുറത്ത് കാത്തുനിന്നിരുന്ന ജൂനിയർ ആർട്ടിസ്റ്റുകൾ വരിനിന്നു. ഫിലം ഡയറക്റ്റർ അസിസ്റ്റൻമാരിൽ ഒരാൾ അവരിൽ ചിലരെ അകത്തേക്കു വിളിച്ചു. കുറേപ്പേർക്ക് അന്ന് ചെറിയ റോളുകൾ കിട്ടിയിരിക്കാം. ബാക്കിയുള്ളവർ അവിടെ ചുറ്റിപ്പറ്റിനിന്ന് സ്​ഥലംവിടാൻ തുടങ്ങി. ഇന്ന് അവർക്ക് ആർ.കെ. ഫിലം സ്റ്റുഡിയോവിൽ ഒരു പണിയും തരപ്പെട്ടിട്ടില്ല. പാവങ്ങൾ, മൈക്കിൾ ഡിസൂസ എന്നോട് ടാറ്റാ പറഞ്ഞ് സ്റ്റുഡിയോയിലേക്ക് പോയി. ഞാൻ അണുശകതി നഗറിൽനിന്ന് സയൺ വരെ പോകുന്ന ബസ് നമ്പർ 352 വരുന്നത് കാത്തു.

ആന്റോണിയോ ഗോൺസാൽവസ്

നിരന്തരം സ്​പന്ദിക്കുന്ന മഹാനഗരത്തിൽ പട്ടിണിപ്പാവങ്ങൾ ‘ഒരു സ്​ക്വയർ മീൽസി’ന് പെടാപ്പാടു പെടുമ്പോൾ, ഡിസ്​കോത്തിക്ക് സന്ദർശനങ്ങളും കബാബ് തീറ്റയും ക്ലബ്ബും ഡാൻസുമായി ആർഭാടജീവിതം നയിക്കുന്ന എന്റെ പരിചയക്കാരനാണ് റൊണാൾഡ് പെരേര. ഞാൻ ആദ്യകാലത്ത് ജോലി ചെയ്തിരുന്ന വിലേ പാർലെയിലെ ആഡ് ഏജൻസിയിൽ കോപ്പിറൈറ്റിങ്ങും പെൺകുട്ടികളോട് പഞ്ചാരയടിയും കളിചിരിതമാശകളുമൊക്കെയായി ഞങ്ങളെയെല്ലാം സുഖിപ്പിക്കാറുള്ള റോണി ഗോവക്കാരനാണ്.

ഫിലിം ഫെയർ, സ്​ക്രീൻ, സിനി ബ്ലിറ്റ്സ്​, സ്റ്റാർ ആൻ്റ് സ്റ്റൈൽ തുടങ്ങിയ ഫിലിം മാഗസിനുകളുടെ മകരക്കൊയ്ത്തുകാലം കൂടിയായിരുന്നു അത്. എപ്പോഴും ചാംസ്​ സിഗരറ്റ് പുകച്ചുകൊണ്ടിരിക്കുന്ന റോണിയെ ‘അമിത കേശഭാരമുള്ളവൻ’ എന്നാണ് ഞാൻ വിശേഷിപ്പിക്കുക. തോളറ്റം വരെയെത്തുന്ന തലമുടിയും കമ്യൂണിസ്റ്റ് വിപ്ലവകാരി ദേബ്രയെ അനുസ്​മരിപ്പിക്കുന്ന മീശയും വെച്ച പെരേര പക്ഷേ, വലിയ ഗൗരവക്കാരനല്ല. ബാന്ദ്ര വെസ്റ്റിൽ റൺവർ ഗാവ്ഠൺ (ഗോവക്കാർ താമസിക്കുന്ന ഇടം) വാസിയായ ഇദ്ദേഹത്തിനൊപ്പം തോളിൽ കൈയിട്ട് ഏതെങ്കിലുമൊരു പെൺകൊടിയുമുണ്ടാകും. ‘‘വാട്ട്മാൻ, നോട്ട് സീൻ ലോങ്ങ് ടൈം’’ (എന്താ മാഷേ? കണ്ട് കുറേ നാളായല്ലോ) എന്ന ഗോവൻ ഇംഗ്ലീഷ് തികച്ചും ഉപയോഗിക്കാത്ത റോണി അസ്സൽ ഇംഗ്ലീഷിലാണ് സംസാരിക്കുക. സിനിമ, മ്യൂസിക് എന്നിവയിൽ ഹരമുള്ള പെരേര മേൽപ്പറഞ്ഞ മാഗസിനൊന്നിൽ ആഡ് എക്സിക്യൂട്ടീവാണ്.

വീണുകിട്ടാറുള്ള ചില ഇടവേളകളിൽ റൊണാൾഡ് പെരേര മിമിക്രി ആർട്ടിസ്റ്റിന്റെ വേഷമണിയും. തീസരി മൻസിലിൽ ഹെലന്റെ ഐറ്റം ഡാൻസിനോടൊപ്പം ‘‘പീയാത്തു, ആജാ ഹഹാ ആജാ’’ എന്ന് ആശാ ​ഭോസ്ലെയും ആർ.ഡി. ബർമനും ചേർന്ന് പാടിയ ആ തകർപ്പൻ പാട്ടിനൊപ്പമാണ് റോണി അന്നത്തെ പെർഫോർമൻസിന് തുടക്കമിട്ടത്. ചില വരികളും പശ്ചാത്തല സംഗീതത്തിലെ ഹമ്മിങ്ങും മൂളലുമെല്ലാം ആർ.ഡി. ബർമന്റെ വകയാണെന്ന് പെരേര പറയുന്നു. പരമ്പരാഗത ഗോവൻ സംഗീതം ഹിന്ദി സിനിമാഗാനങ്ങളിൽ സമന്വയിപ്പിച്ച ക്രിസ്​ പെറി ഇരുപത്തഞ്ച് വർഷം ബോളിവുഡ് ഫിലിം മ്യൂസിക് ഇൻടസ്​ട്രിയിൽ നിറഞ്ഞുനിന്നു. ‘‘കബി കബീ മേരെ ദിൽ മേ ഖയാൽ ആത്തി ഹെ’’ എന്ന് മുകേഷ് അമിതാബിനുവേണ്ടി പാടുന്ന ആ പ്രണയഗാനരംഗവും റോണി മിമിക്രിയാക്കി. തൃശൂലിലേയും എവർഷൈൻ ഗാനങ്ങൾ ക്രിസ്​ പെറി ബോളിവുഡിന് സമ്മാനിച്ചിട്ടുണ്ട്. റോണി ഇപ്പോൾ സാങ്കല്പികമായി കൈയിലുള്ള സാക്സോഫോൺ വായിക്കുകയാണ്. ആ മിമിക്രിയുടെ അപശബ്ദങ്ങൾ തൽക്കാലം അവസാനിപ്പിച്ച് അദ്ദേഹം പറഞ്ഞത് നോക്കുക: ‘‘നമ്മെ അതിശയിപ്പിക്കുന്ന ജാസ്​ ഇനത്തിലെ പാശ്ചാത്യ സംഗീതോപകരണം, സാക്സോഫോൺ ബോളിവുഡ് സിനിമകളിൽ ശ്രദ്ധേയമായി ഉപയോഗിക്കുന്നത് ശങ്കർ– ജയ്കിഷൻമാരുടെ സംഗീത സംവിധാനത്തിൽ ആർസു (കണ്ണീർ) വിലാണ്. അത് വായിച്ചതോ ആൻ്റണി ഗോൺസാൽവസും’’.

ആശാ ​ഭോസ്ലെ, ആർ.ഡി. ബർമന്‍

പോർച്ചുഗീസ്​ കോളനിയായിരുന്ന ഗോവയിലെ സാധാരണ ജനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാൻ തയ്യാറാകാതിരുന്ന ഭരണകർത്താക്കൾ ഒരു പരിധിവരെ മാത്രമേ മാേത്ര തദ്ദേശവാസികളെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയരാൻ അനുവദിച്ചുള്ളൂ എന്ന് പ്രമുഖ സംവിധായകൻ ശ്യാം ബെനഗൽ പറയുന്നുണ്ട്. അതുകൊണ്ടാണ് ഗോവക്കാരിൽ കുറേ പേരെങ്കിലും ബോംബെ, ഡൽഹി തുടങ്ങിയ വൻനഗരങ്ങളിലേക്ക് അന്നം തേടിപ്പോയത്. ഗോവക്കാരുടെ ജീവരക്തത്തിൽ സംഗീതം അലിഞ്ഞു ചേർന്നിട്ടുണ്ട്. അതിന്റെ മൂലകാരണം പോർച്ചുഗീസ്​ അധിനിവേശവും പള്ളികളും ക്വയറും മറ്റുമാണെന്നത് അസന്നിഗ്ധമായി പറയാം. ഹിന്ദി സിനിമാസംഗീതത്തിന്റെ നെടുംതൂണായ പാശ്ചാത്യസംഗീതം ഇടകലർത്തിയ ഓർക്കസ്​ട്രകളിലൂടെ, സംഗീതസംവിധായകരുടെ ഈണങ്ങളെ പ്രേക്ഷകമനസ്സുകളിലെത്തിക്കാൻ ഗോവൻ മ്യുസീഷ്യൻസ്​ നിർവ്വഹിച്ച പങ്ക് വിസ്​മരിക്കാവതല്ല.

‘‘ബോളിവുഡ് സിനിമകളിൽ ഗോവക്കാരുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നവരെ തമാശക്കാരും തടിമാടന്മാരും ഭൂലോക മദ്യപാനികളുമായും, കഴുത്തിൽ സാമാന്യത്തിലധികം വലിപ്പമുള്ള കുരിശ് ധരിച്ച സ്​ത്രീകഥാപാത്രങ്ങളെ, സാമാന്യത്തിലധികം ദാനധർമ്മിഷ്​ടകളായും ദുർമേദസ്സുള്ളവരുമായി ചിത്രീകരിക്കാറുണ്ട്. ഇത് പലപ്പോഴും അപഹാസ്യമായി തോന്നാറുണ്ട്’’, ശ്യാം ബെനഗൽ ത്രികാൽ, ഭൂമിക എന്നിവയെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞതാണിവ. പ്രസിദ്ധ സംഗീത സംവിധായകൻ, ഇപ്പോൾ തൊണ്ണൂറ് വയസ്സുള്ള വനരാജ് ഭാട്ടിയയും ബോളിവുഡ് സംഗീതത്തിൽ ഗോവക്കാരുടെ അനിവാര്യ സാന്നിദ്ധ്യത്തെക്കുറിച്ച് എടുത്തുപറയുന്നുണ്ട്.

വനരാജ് ഭാട്ടിയ

ഒരാൾക്കൊപ്പം നിഴൽപോലെ പിൻതുടരുന്നതാണ് സംഗീതം. ‘‘ജാനേ കഹാം യേ ദിൽ....’’, ഇപ്പോൾ എന്റെ ട്രാൻസിസ്റ്ററിൽ മുകേഷ് പാടുന്നു. മുകേഷും മുഹമ്മദ് റഫിയും കിഷോർകുമാറും ലതാ മങ്കേഷ്കറും, ഗീതാദത്തും ആൻ്റണി ഗോൺസാൽവസും ഇന്ന് നമ്മോടൊപ്പമില്ല. പ്രശസ്​ത സംഗീതസംവിധായകൻ രവി പവാറിന്റെ ആൽബങ്ങളിൽ ശില്പ ഷെട്ടിയുടെ ‘‘ദീവാനേ ദിവാനേ ഹേ....’’, ദലേർ മെഹന്ദി പാടിയ പോപ്പുലർ ഗാനം ‘‘തുലൻ തുലൻ... താരാ താരാ’’, ശുഭാ കുൽക്കർണിയുടെ ‘‘ആലിമോറെ ആംഗ്നാ, സോനുനിഗമിന്റെ തിജൂരിയാ’’ തുടങ്ങിയവരുടെ സ്വരം പുതുപുത്തനാണ്. അവയാണ് പുത്യേ ബാല്യേക്കാർക്ക് കൂടുതൽ ഇഷ്​ടവും ഇന്നത്തെ ട്രെന്റും.

മഹാരാഷ്ട്രയുടെ തൊട്ടടുത്തുള്ള ഗോവയുടെ സംസ്​കാരവും ജീവിതവും പറയുന്ന ചലച്ചിത്രങ്ങൾ കുറവാണെങ്കിലും ഈ ഗണത്തിൽ ആദ്യം ഓർമ വരുന്നത്, ‘ജോഹർ ആൻ്റ് മെഹ്മൂദ് ഇൻ ഗോവ’യാണ്. സിമി അഗർവാളി​ന്റെ ‘ലിപ് ലോക് ചുംബനരംഗമുള്ള ’എന്ന് കൊട്ടിഘോഷിക്കപ്പെട്ട ആ സിനിമ തികഞ്ഞ ബോറായാണ് തോന്നിയത്. തമാശയുടെ പേരിൽ ജോഹർ എന്തോ കാട്ടിക്കൂട്ടുമ്പോൾ അതിനൊത്തു തുള്ളുന്ന പോലെയാണ് മെഹ്മൂദിന്റെ വേഷവും.

മുകേഷ്

സിനിമകളിൽ അന്ന് ചുംബനവിരുദ്ധരുടെ കാലം കൂടിയായിരുന്നിട്ടും കളക്ഷൻ റെക്കോഡ് പൊളിഞ്ഞതായാണ് റിപ്പോർട്ടുകൾ. എന്നാൽ നമ്മുടെ പഴയ കാല തമിഴ്നായകൻ രവിചന്ദറും നാഗേഷും അഭിനയിച്ച ‘മദ്രാസ്​ റ്റു പോണ്ടിച്ചേരി’ നോക്കൂ. കൊള്ളാം, നന്നായിട്ടുണ്ട് എന്ന് നാം പറയും. ഈ സിനിമയുടെ റീമേക്കാണ് ‘ബോംബെ റ്റു ഗോവ’. മെഹ്മൂദ് ബസ്​ ഡ്രൈവറായി എത്തുന്ന ഇതിൽ അമിതാബ് ബച്ചൻ ഗസ്റ്റ് റോളിലാണ്. എങ്കിലും മദ്രാസ്​ റ്റു പോണ്ടിച്ചേരിയുടെ മികവ് മേൽപ്പറഞ്ഞ സിനിമക്കില്ല എന്നാണെന്റെ പക്ഷം. ബോളിവുഡ്ഡിൽനിന്ന് പലപ്പോഴും എണ്ണം പറഞ്ഞ ചലച്ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച ബാസു ചാറ്റർജി, രത്നദീപ് ഒഴികെയുള്ള സിനിമകളിൽ, ലളിതവിഷയങ്ങൾ വിദഗ്ദ്ധമായി കൈകാര്യം ചെയ്യുന്ന സംവിധായകരിൽ നമ്പർ വൺ ആണ്. കോളേജിനെ ചുറ്റിപ്പറ്റിയുള്ള ത്രികോണേപ്രമം ചിത്രീകരിച്ച രജനീഗന്ധ, ഒരു ‘ബസ് സ്റ്റോപ്പ് പ്രണയകഥ പറയുന്ന ‘ഛോട്ടീ സീ ബാത്ത്’ എന്നിവയെല്ലാം ഹൃദയത്തെ തൊട്ടുണർത്തും. യേശുദാസ്​ ആദ്യമായി ഹിന്ദിയിൽ പാടിയതും ഇതേ ചിത്രത്തിലാണ്. ചിത്ത് ചോർ (ഹൃദയതസ്​കരൻ), കിരായാദാർ (വാടകക്കാരൻ), ദാമാദ് (മരുമകൻ) തുടങ്ങിയ ലോ ബജറ്റ് സിനിമകൾ അവതരണത്തിലെ ലാളിത്യം കൊണ്ട് ശ്രദ്ധേയമാണ്.

മുഹമ്മദ് റഫി

ബാസുഭായിയുടെ മറ്റൊരു സംഭാവനയാണ് ബോംബെയിലെ ഇടത്തരം ഗോവൻ കുടുംബത്തിന്റെ കഥ പറയുന്ന ‘ബാത്തോം ബാത്തോം മേ’. അമോൽ പാലേക്കർ, ടീന മുനിം, പേൾ പദംസി എന്നിവരെക്കൂടാതെ മരിച്ച പേൾ പദംസിയും മകൻ രഞ്ജിത്ത് ചൗധരിയും ഡേവിഡ് ചാച്ചയും (അഥവാ ഡേവിഡ് അബ്രഹാം ചെറൂർക്കർ) ഇതിൽ അഭിനയിക്കുന്നു. ഈ ഗോവൻ കുടുംബത്തിലെത്തുന്ന, നമ്മുടെ തറവാടുകളിൽ ചിലപ്പോഴൊക്കെ വന്ന് താമസിച്ചുപോകാറുള്ള ‘ഒരു വഴിക്കമ്മായി’ (നേരിയ ബന്ധം മാത്രമുള്ള ബന്ധു) വേഷത്തിലെത്തുന്ന ലീലാ മിശ്ര നല്ലൊരു കഥാപാത്രമാണ്. ഈ കൂട്ടത്തിൽ ഈയിടെ കണ്ടത് (ഒ ടി ടി) ഫൈൻ്റിങ്ങ് ഫെന്നി എന്ന സിനിമയാണ്. നസറുദ്ദീൻ ഷാ, ഡിംപിൾ കപാഡിയ, ദീപിക പദുക്കോൺ, പങ്കജ് കപൂർ തുടങ്ങിയവർ ഗോവൻ ഗ്രാമങ്ങളിലൊന്നിൽനിന്ന് ഫെന്നി എന്ന സ്​ത്രീയെ അന്വേഷിച്ച് കാറിൽ സഞ്ചരിക്കുന്നതാണ് മൂലകഥ. ഗോവൻ ഗ്രാമങ്ങളിലൂടെ യാത്ര നടത്തുന്ന അനുഭവം കാഴ്ചവെക്കുന്നുണ്ട് ഈ സിനിമ.

ഫിലോമിനയും ഞാനും വിവാഹതിരായി, അവളുടേത് 1982- ലും എന്റേത് 1985 ലുമാണെന്ന വ്യത്യാസം മാത്രം. ആ പെൺകുട്ടി ഇപ്പോൾ ദുബായിൽ മൾട്ടിനാഷണൽ കമ്പനിയിലെ ഉദ്യോഗസ്​ഥയാണ്. കഴിഞ്ഞവർഷം എന്റെ ‘പുറന്ത നാളി’ൽ ഒരു പാഴ്സൽ എന്നെത്തേടി പഴയ വിലാസത്തിലേക്കുപോയി, അവിടെനിന്ന് കറങ്ങിത്തിരിഞ്ഞ് ഇവിടെയെത്തി, ഫിലോമിന അയച്ചതാണ്. അതിൽ, ക്രോസ് ലെതർ കമ്പനിയുടെ വില കൂടിയ മണി വാലറ്റ്. ഉള്ളിൽ ഇംഗ്ലീഷിലെഴുതിയ ചെറിയൊരു കുറിപ്പ്; ‘‘ബാബുജി, ധീരേ ചൽനാ, പ്യാർ മേ ബഡാ ദോ ഖെ ഹെ’’ – പീലു മിനു. പഴ്സിന്റെ മറ്റ് അറകൾ കാലിയാണ്. കുഞ്ഞുമോളേ, കണ്ണടക്കാരീ, നിനക്ക് ഒരു ഡ്രാഫ്റ്റോ, അല്പം ‘ചില്ലറ’യോ അതിൽ വെയ്ക്കാമായിരുന്നില്ലേ എന്ന എന്റെ ചോദ്യം ഇപ്പോഴും ബാക്കി.


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments