ഗാന്ധി, ഇ.എം.എസ്​, ഹിമാലയം:
ചിത്രൻ നമ്പൂതിരിപ്പാടിന്റെ നൂറ്റാണ്ട്​

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ ഡയറക്ടറായിരുന്ന പി. ചിത്രന്‍ നമ്പൂതിരിപ്പാടുമായി നടത്തിയ അവസാന അഭിമുഖമാണിത്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെയും സാംസ്‌കാരിക- സാമൂഹ്യജീവിതത്തിന്റെയും ഒരു നൂറ്റാണ്ടിലെ അത്യപൂര്‍വമായ ചരിത്രം ഈ സംഭാഷണത്തിന്റെ പ്രമേയമായി വരുന്നു.

ലപ്പുറം ജില്ലയില്‍ ചങ്ങരംകുളത്തിനടുത്ത് മൂക്കുതല പകരാവൂര്‍ മനയ്ക്കല്‍ ചിത്രന്‍ നമ്പൂതിരിപ്പാട് ജീവിതത്തിന്റെ മഹായാനമവസാനിപ്പിച്ച്, തുടര്‍ന്നുള്ള ജീവിതാന്വേഷണങ്ങള്‍ മറ്റുള്ളവര്‍ക്കായി വിട്ടുവെച്ച് 2023 ജൂണ്‍ 27-ന് അന്തരിച്ചു.
സമാധാനത്തോടെ...
ഒരു പൂവ് അടര്‍ന്നു വീഴും പോലെ...
ചിത്രന്‍ നമ്പൂതിരിപ്പാടിന് ആദരാഞ്ജലികള്‍.
വിദ്യാഭ്യാസ വിചക്ഷണനും സാമൂഹ്യ പരിഷ്‌കര്‍ത്താവും സാംസ്‌കാരിക പ്രവര്‍ത്തകനും, നിരവധി മനുഷ്യര്‍ക്ക് വഴികാട്ടിയുമായിരുന്ന അദ്ദേഹത്തിന് 103 വയസ്സായിരുന്നു.

ചിത്രന്‍ നമ്പൂതിരിപ്പാടുമായി സിനിമാ- നാടകനടനും എഴുത്തുകാരനും സംവിധായകനും, സാംസ്‌കാരിക പ്രവര്‍ത്തകനുമായ എം.ജി.ശശിയും ഡി.അഷ്ടമൂര്‍ത്തിയും, അടുത്തിടെ നടത്തിയ സംഭാഷണം. അഷ്ടമൂര്‍ത്തി അന്തരിച്ച എഴുത്തുകാരി സുമംഗലയുടെ മകനും, ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ മകള്‍ ഗൗരിയുടെ ഭര്‍ത്താവുമാണ്​.

എം.ജി.ശശി, ഡി. അഷ്​ടമൂർത്തി: വേദപഠനം കഴിഞ്ഞിട്ട് കുറച്ചധികം കഴിഞ്ഞിട്ടാണല്ലോ സ്‌കൂളില് ചേര്‍ന്നത്.

ചിത്രന്‍ നമ്പൂതിരിപ്പാട്: പതിനേഴാമത്തെ വയസ്സിലാണ് സ്‌കൂളിൽ ചേര്‍ന്നത്. അതുവരെ വേദോം സംസ്‌കൃതോം പഠിച്ചു. അതാണ് ചിട്ട, അതോണ്ടാണ്.

അന്ന് അപ്ഫന്മാരടെ ചെല തടസ്സൊക്കെ ണ്ടായില്യേ സ്‌കൂളിൽ ചേരാന്‍, എന്തോ പ്രശ്‌നൊക്കെണ്ടായില്യേ?

ഉണ്ടായിരുന്നു. പക്ഷേ, എന്റെ വലിയ ജ്യേഷ്ഠന്‍ വിദ്യാഭ്യാസത്തെപ്പറ്റി വളരെ വിശാലമായ അഭിപ്രായള്ള ആളായിരുന്നു. ജ്യേഷ്ഠന്‍ ഞങ്ങള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിയ്ക്കാനൊരു ട്യൂട്ടറെ വെച്ചു -ശങ്കരയ്യര്‍. അദ്ദേഹം ഇംഗ്ലീഷും കണക്കും വളരെ നന്നായി പഠിപ്പിച്ചിരുന്നു, ഇല്ലത്ത് താമസാക്കീട്ട്. 24 മണിക്കൂറും ഞങ്ങടെ കൂടെത്തന്ന്യാണ്. അങ്ങന്യാണ് സ്‌കൂള്ള് ചേരാന്ള്ള കഴിവ്ണ്ടായത്. എട്ടാം ക്ലാസിലാ ഞാനാദ്യം ചേര്‍ന്നത്. എട്ടാം ക്ലാസില് ചേര്വാന്ന്ള്ളത് അന്നത്തെ മദിരാശി നെയമ പ്രകാരം -അന്ന് ഞങ്ങളൊക്കെ മദിരാശീടെ ഭാഗാണ് -പ്രത്യേക അനുവാദത്തോടു കൂടിയേ സാധിയ്ക്കൂ. അതായത് DEO അല്ലെങ്കി AEO തുടങ്ങിയ മേലധികാരികളടെ അനുവാദം വേണം. അപ്പൊ ഒരു ടെസ്റ്റ് നടത്തണം. ഞാന്‍ പൊന്നാനി ഹൈസ്‌കൂള്ള് പോയി. അവടെ ഒരു ശേഖരവാരിയര്‍ ആയിരുന്നു ഹെഡ്മാസ്റ്റര്‍. അവരടെ തന്നെ സ്‌കൂളാണ്. അദ്ദേഹം പറഞ്ഞു, പകരാവൂര്ന്ന് ഒരു കുട്ടി ഇവടെ പഠിയ്ക്കാന്‍ വന്നേല് സന്തോഷണ്ട്.
ഏത് ക്ലാസിലാ ചേരണ്ടേന്ന് ചോദിച്ചു. അപ്പൊ ഞാന്‍പറഞ്ഞു, എട്ടാം ക്ലാസില് ചേരണംന്ന്.
എട്ടാം ക്ലാസില് ചേരാന്‍ ബുദ്ധിമുട്ടാണല്ലോ.
അതിന് വല്യേ സ്റ്റാന്‍ഡേഡൊക്കെ ണ്ടാവണന്നാ മറുപടി.
ഞാന്‍ പരീക്ഷയ്ക്ക് വിധേയനാണ്.
എന്തുവേണെങ്കി ചെയ്യാം.
അങ്ങനെ ഒരു മാഷേക്കൊണ്ട് കണക്കിലും ഇംഗ്ലീഷിലും ടെസ്റ്റ് നടത്തി.
നേരത്തേ പഠിച്ചതോണ്ട് വളരെ നന്നായി ചെയ്തു, എട്ടാം ക്ലാസില് ചേര്‍ന്നു.
അങ്ങന്യാണ് ആദ്യായി പതിനേഴാം വയസ്സില് ഒരു സ്‌കൂള് കാണണതും അതില് പഠിയ്ക്കാന്‍ എടവരണതും.

ചിത്രന്‍ നമ്പൂതിരിപ്പാട്

വിദേശ വസ്ത്ര ബഹിഷ്‌കരണം ആ കാലത്താണല്ലോ. അതിന്റെ ഭാഗായിട്ട് പട്ടു കോണകം കത്തിച്ചത്...

അമ്പലത്തില് ഒരു വല്യേ സദ്യള്ള ദിവസായിരുന്നൂ അത്. നിരവധി -എന്നെപ്പോലുള്ള -കുട്ടികള്ണ്ടായിരുന്നു. ഞങ്ങളൊക്കെ ഗാന്ധി, കേളപ്പന്‍ ന്നൊക്കെ കേട്ടാ അവരെ വല്യേ ആരാധ്യ പുരുഷന്മാരായിട്ട് കാണണോരാണ്. വിദേശ വസ്ത്രം ബഹിഷ്‌ക്കരിയ്ക്കണംന്ന് മാതൃഭൂമീല് എപ്പഴും വായിയ്ക്കാറൂണ്ട്. ഞങ്ങള്‍ക്ക് ഓരോ കോടിക്കോണകം തന്നു. അത് കേംബ്രിഡ്ജില് ണ്ടാക്കീതാന്നാണ് പറയണത്. ആ കോണകം ഞങ്ങള് എല്ലാവരും കൂടി മറ്റുള്ള ആളുകളുടെ മുമ്പില് വെച്ച് കത്തിച്ചു. അതില് പലര്‍ക്കും പ്രതിഷേധം ണ്ടായിരുന്നു, അവടെ വന്നിരുന്ന ആളുകള്‍ക്ക്.

പിന്നെയാണ് തൃശൂർ സെന്റ് തോമസ് കോളേജിൽ പോണത്. അവടെ വെച്ചാണ് സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ നേതാവാവണത്...

പാലക്കാട്ട്ന്ന്‌ളള ഒരു വിദ്യാര്‍ത്ഥി -യജ്ഞമൂര്‍ത്തി -മലബാര്‍ SF-ന്റെ സെക്രട്ടറി ആയിരുന്നു. അദ്ദേഹം പഠിപ്പ് കഴിഞ്ഞ് പൂവ്വാണ്. ആ സമയത്ത് കോഴിക്കോട്ട് വെച്ചൊരു സമ്മേളനംണ്ടായി. സമ്മേളനത്തില്ള്ള ആളുകളൊക്കെ പറഞ്ഞൂ, ചിത്രനെ തെരെഞ്ഞെടുക്കാംന്ന്. എനിയ്ക്ക് വല്യേ പരിചയൊന്നൂല്യ, എങ്കിലും സാരല്യാന്ന് പറഞ്ഞു. അങ്ങനെ SF-ന്റെ സെക്രട്ടറി ആയിട്ട് എന്നെ തെരഞ്ഞെടുത്തു. അന്ന് നായനാരൊക്കെണ്ട്. പിന്നെ വേലപ്പമേനോന്‍ന്ന് പറഞ്ഞ് കോഴിക്കോട്ട് നല്ലൊരു വര്‍ക്കറ് ണ്ടായിരുന്നു. അവരട്യൊക്കെ സമ്മതത്തോട് കൂടീട്ടാണ്, അവരൊക്കെ പറഞ്ഞ്ട്ടാണ് എന്നെ സെക്രട്ടറി ആക്കീത്.

പ്രൊഫ. മുണ്ടശ്ശേരി അദ്ധ്യാപകനായിരുന്നു അല്ലേ? മുണ്ടശ്ശേരി മാഷുമായിട്ടുള്ള ഒരു ബന്ധം, ആത്മബന്ധം തന്നെ ആയിരുന്നു.

മുണ്ടശ്ശേരി എന്റെ അദ്ധ്യാപകനായിരുന്നു. ഞാന്‍ സംസ്‌കൃതാണ് പഠിച്ചത് സ്‌കൂള്ള്, മലയാളല്ല. ഏതെങ്കിലും ഒന്ന് പഠിച്ചാ മതീന്നാണ് അന്നത്തെ നെയമം. ഞാന്‍ വീട്ടില് വെച്ച് തന്നെ സംസ്‌കൃതം നല്ലോണം പഠിച്ചതോണ്ട് എനിയ്ക്ക് വളരെ എളുപ്പായിരുന്നു. മുണ്ടശ്ശേര്യാണ് കോളേജില് സംസ്‌കൃതം പഠിപ്പിച്ചിരുന്നത്. മുണ്ടശ്ശേര്യേ എല്ലാവരും മലയാളം പണ്ഡിറ്റ് -മലയാളം പ്രൊഫസറ്ന്നാ പറയ്വാ. പക്ഷേ, അദ്ദേഹം സംസ്‌കൃതം പഠിപ്പിച്ചിരുന്നു. അന്ന് ഓറിയന്റല്‍ സബ്ജക്റ്റ്‌സ് ഒക്കെക്കൂടി ഒന്നായിരുന്നു, ഒരു ഡിപ്പാര്‍ട്ട്‌മെന്റായിരുന്നു മദ്രാസ് യൂണിവേഴ്‌സിറ്റീല്.

ജോസഫ് മുണ്ടശ്ശേരി

മുണ്ടശ്ശേരി മലയാളത്തിന്റേം സംസ്‌കൃതത്തിന്റേം അധിപനായിരുന്നു. കാളിദാസനെയൊക്ക്യാണ് പഠിപ്പിച്ചിരുന്നത്. അങ്ങനെ മുണ്ടശ്ശേര്യായിട്ട് ആദ്യം തന്നെ വളരെ പരിചയായി.
ഒരു ദിവസം ഞാന്‍ ക്ലാസില് കൊറച്ച് വൈകി, ചെല്ലാന്‍. അപ്പൊ അടുത്തിരിയ്ക്കണോരോട് ചിത്രന്‍എവടേന്ന് ചോദിച്ചു.
അയാള് എങ്ങടോ പൊറത്തയ്ക്ക് പോയിരിയ്ക്കാണ്, ഇപ്പൊ വരുംന്ന് പറഞ്ഞു, അവര്.
അപ്പൊ മുണ്ടശ്ശേരി മാഷ് പറഞ്ഞത് എന്താത്രേ... ചിത്രനിത് അറ്റന്റ് ചെയ്യൊന്നും വേണ്ട, അയാള്‍ക്ക് ഇതൊക്കെ വളരെ കടുകട്ട്യാന്നാത്രേ.
കാരണം വീട്ടിലും സ്‌കൂള്ളും സംസ്‌കൃതം വളരെ നല്ലോണം പഠിച്ചതോണ്ട് കാളിദാസനെ മനസ്സിലാക്കാന്‍ അത്ര പ്രയാസം തോന്നീട്ട്‌ല്യ.

തൃശൂരിൽ വച്ചാണ്​ ഇ.എം.എസിനെ ആദ്യം കണ്ടത് ല്ലേ, സെന്റ് തോമസ് കോളേജിൽ?

ഞാന്‍ സ്‌ക്കൂള്ള് ചേരുംമുമ്പ് തന്നെ ഇ.എം.എസിനെ അറിയും. ഇല്ലത്ത് എന്റെ ജ്യേഷ്ഠന്റെ മകനായിട്ട് കൃഷ്ണന്‍ എന്നൊരാള്ണ്ടായിരുന്നു. സാഹിത്യ താല്പര്യൊക്കെ ഉള്ള ആളാണ്. അയാളടെ കവിത മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലൊക്കെ വരാറ്ണ്ട്. അങ്ങനെ മിടുക്കനായ ഒരാളായിരുന്നു. ഈ കൃഷ്ണന്‍ കോളേജില് പഠിച്ചിരുന്നു. ഇല്ലത്തെ ഒബ്ജക്ഷന്യൊക്കെ എതിര്‍ത്ത് വല്യേ ജ്യേഷ്ഠന്റെ മാത്രം അനുവാദത്തോടുകൂടി പഠിയ്ക്കാണ്. അച്ഛനൊക്കെ വിരോധായിരുന്നു. കൃഷ്ണനെ കാണാന്‍ പൂവ്വാന്‍ വേണ്ടി ഞാനൊരു സൂത്രം പ്രയോഗിച്ചു. ഞാന്‍ ശങ്കരയ്യരോട് പറഞ്ഞു, നമുക്കൊന്ന് ഗുരുവായൂര് പൂവ്വാ... തൊഴാന്‍ന്ന്. അച്ഛനോട് ചോദിച്ചപ്പൊ ശങ്കരയ്യരടെ കൂടെ പൊക്കോളാന്‍ പറഞ്ഞു.
ഗുരുവായൂര് രാവിലെ വന്ന് തൊഴ്തിട്ട് ഞങ്ങള് തൃശൂര്ക്ക് വന്നു, ബസിന്. വന്നപ്പൊ കോളേജ് വിടാറായിരിയ്ക്കുണൂ. അന്ന് രണ്ടു മൂന്ന് ബസ്സിലൊക്ക്യാ വന്നത്, നേരിട്ട് ബസില്യ. അങ്ങനെ മൂന്ന് മണി ആവുമ്പഴയ്ക്കും തൃശൂര് എത്തി. ഇവരടെ ലോഡ്ജ് പഴേ നടക്കാവിലാ, എനിയ്ക്കറിയാം. അതിലാ ഇ.എം.എസും കൃഷ്ണനും താമസിച്ചിരുന്നത്.
ലോഡ്ജില് പോയി, അവടെ ഇരുന്നു.
കൊറച്ച് കഴിഞ്ഞപ്പൊ ഒരാള് വന്നു.
ഞങ്ങളോട് ആരാന്ന് ചോദിച്ചു.
അപ്പൊ ഞാന്‍ പറഞ്ഞൂ കൃഷ്ണന്റെ സഹോദരനാണ്, അയാളെ കാണാന്‍ വന്നിരിയ്ക്കാണ്ന്ന്.
അപ്പൊ, കൃഷ്ണന്‍ പ്പൊ...പ്പൊ... പ്പൊ വരുംന്ന് വന്ന ആള് പറഞ്ഞു.
അത് ഇ.എം.എസ്​ ആയിരുന്നു.

പിന്നീടും ഇ.എം.എസിനെ കണ്ട കാര്യം പറയാറ്ണ്ട്.

എസ്​.എഫിൽ ഉള്ള കാലത്ത് ഇ.എം.എസിന്റെ ഒരു ക്ലാസ് അറ്റന്റ് ചെയ്തിരുന്നു. ആ ക്ലാസില് ആദ്യം അദ്ദേഹം സംസാരിയ്ക്കാ, പിന്നെ എന്തെങ്കിലും സംശയണ്ടെങ്കി ചോദിയ്ക്കാ; അങ്ങന്യൊക്കെ ആയിരുന്നു. അന്ന് അദ്ദേഹം പരിചയം പുതുക്ക്വേം ചെയ്തു. കൃഷ്ണന്റെ സഹോദരനാന്നും എസ്​.എഫിന്റെ ക്ലാസില് വന്നിട്ടുണ്ട്ന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. അപ്പൊ എവടേങ്കിലും വെച്ച് കണ്ടാ രണ്ടു വാക്ക് പറഞ്ഞ്‌ട്ടേ ഇ.എം.എസ്​ പൂവ്വൂ.

സര്‍വീസിൽ കയറിയശേഷവും ഇ.എം.എസിനെ കണ്ടില്ലേ?

മുഖ്യമന്ത്ര്യായിര്ന്ന കാലത്ത് അദ്ദേഹം എന്നെ കണ്ണൂര്‍ക്ക് വിളിപ്പിച്ചു. അന്ന് ഞാനവടെ ഡി.ഇ.ഒ ആണ്. സബ് കളക്ടറോട് പറഞ്ഞു, ഡി.ഇ.ഒയോട്​ അങ്ങട് വരാന്‍ പറയണംന്ന്. ആ ദിവസങ്ങളിലാണ് അവിടെ ഒരാളെ വെട്ടിക്കൊന്നത്. അതില് ഒരു ഇടതുപക്ഷ ചിന്തക്കാരനായ ഒരദ്ധ്യാപകനെയാണ് പ്രതിയായി സംശയിച്ചത്. അയാളെ എനിയ്ക്ക് സസ്​പെൻറ്​ ചെയ്യണ്ടിവന്നു. ആരാണ് കൊന്നേന്ന്ള്ള അന്വേഷണം നടക്ക്വാണ്. പോലീസ് ആ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. ഞാന്‍ ഇ.എം.എസിനെ കാണാന്‍ ക്യാമ്പിലേക്കു പോയി. അകത്തയ്ക്ക് വരാന്‍ പറഞ്ഞു. ഇ.എം.എസ്​ ചോദിച്ചു, എന്താ ബടെ സുഖല്ലേ?
അല്ല എന്തിനേ അയാളെ സസ്​പെൻറ്​ ചെയ്‌തേ? അയാളാണ് കൊന്നത് എന്ന് നിങ്ങക്കറിയ്വോ? ഡിപ്പാര്‍ട്ട്‌മെന്റിന് അറിയ്വോന്നൊക്കെ.

ഇ.എം.എസ് നമ്പൂതിരിപ്പാട്

സസ്​പെൻറ്​ ചെയ്‌തേന് കാരണണ്ടായിരുന്നു. കേരളാ സര്‍വീസ് റൂളില് പറയുന്നുണ്ട്, പോലീസുകാര് ഒരാളെ സംശയിക്കുണൂന്ന് പറഞ്ഞിട്ട് റിപ്പോര്‍ട്ട് തന്നാല് അതുവെച്ചിട്ട് ഒരാളെ സസ്​പെൻറ്​ ചെയ്യാംന്ന്. അങ്ങന്യാണ് ആക്ഷൻ എടുത്തേന്ന് പറഞ്ഞു.
അപ്പൊ അദ്ദേഹം ഒന്നും മിണ്ടീല്യ. ശരി പൊയ്‌ക്കോളൂന്ന് പറഞ്ഞു.

പിന്നെ മദ്രാസില് പച്ചൈയപ്പാസ് കോളെജ്. അവടെ പഠിയ്ക്കുമ്പഴാണ് ഗാന്ധിയെ കാണണത്, തൊടാന്‍ പറ്റണത്.

ഞാന്‍ വാസ്തവത്തില് ഗാന്ധിടെ ഒരു ഭക്തനായിരുന്നു. ഗാന്ധിടെ പുസ്തകം -My experiments with truth എന്നുള്ളത് -ആദ്യം വന്നപ്പൊത്തന്നെ എന്റെ ജ്യേഷ്ഠന്‍ പണം കൊടുത്ത് വാങ്ങിയിരുന്നു. അത് അഹമ്മദാബാദിലാണ് അച്ചടിച്ചത്. 27 ഉറുപ്പിക്യോ 30 ഉറുപ്പിക്യോ മറ്റോ ആണ്. അവടയ്ക്ക് പണം അയച്ച്ട്ട് വാങ്ങി. ഞങ്ങള്‍ക്ക് അത്യാവശ്യം ഇംഗ്ലീഷ് അറിയാം, ശങ്കരയ്യര് പഠിപ്പിച്ചിട്ട്ണ്ടല്ലോ. ഇംഗ്ലീഷില് ചെറ്യേ പുസ്തകങ്ങളൊക്കെ വായിയ്ക്കാറ്ണ്ട്. ഗാന്ധിടെ പുസ്തകം കിട്ട്യപ്പൊ വായിച്ചു. അപ്പൊ ഗാന്ധിയെ കാണണംന്നായി.
എന്താ വഴി?
ഒരു വഴീം തോന്നീല്യ.
അതിന്റെടയ്ക്ക് ഗാന്ധി മദ്രാസില് വന്നു.
ഭാഗ്യത്തിന് മിക്ക ദിവസോം മദ്രാസില് ഞങ്ങടെ കോളേജ് ഹോസ്റ്റലിന്റെ മുമ്പ്ക്കൂടെ ഗാന്ധിജി നടക്കും... morning walk.
നല്ല brisk ആയിട്ടാണ് അദ്ദേഹം നടക്ക്വാ.
രാവിലെ കാണാറായിട്ട്ണ്ടാവും, അത്രേള്ളൂ. അദ്ദേഹത്തിന്റെ പിന്നില് കൊറേ പത്രക്കാരും ണ്ടാവും, യുദ്ധകാലായതോണ്ട് ഇന്ത്യയിലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നെലപാട് എന്താന്നറിയാന്‍.
അവര് ചോദ്യങ്ങള് കൂടെ നടന്ന് ചോദിച്ചോണ്ടിരിയ്ക്കും. അദ്ദേഹം ഉത്തരം പറഞ്ഞ്ട്ടങ്ങനെ നടന്ന് പൂവ്വും. അപ്പൊ ഞങ്ങളവടെ അടുത്ത് പോയി നിക്കും, നേര്‍ത്തെ... വെളിച്ചാവുമ്പൊ. അവടെപ്പോയി നിക്കുമ്പൊ... തൊടണംന്നൊക്കെ ണ്ടായിരുന്നു. ഒരു തെരക്ക്ക്കൂടെ പൂവ്വുമ്പൊ ഒന്ന് തൊട്ടു... അത്ര്യന്നെ.
അപ്പൊ ഒരു പോലീസുകാരന്‍ അത് കണ്ടു. അപ്പൊ അയാള് പറഞ്ഞു വേണ്ടാ, തൊടര്ത് എന്ന്. അല്ലാതെ തൊട്വാന്ന്ള്ള നെലയ്‌ക്കൊന്നും ണ്ടായിട്ടില്യ. അങ്ങനെ ഗാന്ധിജിയോട് വല്യേ ബഹുമാനാ അന്നന്നെ.

മദ്രാസിലെ പഠിപ്പ് കഴിഞ്ഞ് മടങ്ങി വന്നിട്ടാണല്ലോ മൂക്കുതലയില് ഹൈസ്‌കൂള് തൊടങ്ങണത്.

അവടെ അടുത്തൊന്നും ഹൈസ്‌കൂളുകള് ഇല്യ. പൊന്നാന്യാണ് അടുത്ത്ള്ള ഒന്ന്, പിന്നൊന്ന് കുമരനെല്ലൂരാണ്. എന്റെ ജ്യേഷ്ഠന്‍ നീലകണ്ഠന്‍ മൂത്ത ജ്യേഷ്ഠമ്മാരട്യൊന്നും സഹായല്യാണ്ടെ അമ്മേടടുത്ത്‌ന്നൊക്കെ -പണ്ടം വിറ്റ്‌ട്ടൊക്കെ -പണംണ്ടാക്കി കുമരനെല്ലൂര് ഹൈസ്‌കൂളള് പഠിച്ചേര്‍ന്നു. ഒരു ദിവസം ആറ് നാഴിക നടന്ന് പോണം, ഒരു പാടത്തുക്കൂടെ പന്താവൂര് പാലത്തിന്റവടെ എത്തി പിന്നേം നടക്ക്വന്നെ. രാവിലെ ഏഴു മണിയ്ക്ക് ഭക്ഷണം കഴിച്ച് പോയാ അദ്ദേഹം അഞ്ച്-അഞ്ചര മണ്യാവുമ്പൊ തിരിച്ചെത്തും. തിരിച്ചെത്തീട്ടേ എന്തേങ്കിലും കഴിക്കാവൂ. എടേലൊന്നും അദ്ദേഹം കഴിച്ചിരുന്നൂല്യ. കാരണം ഏതെങ്കിലും നമ്പൂരാര് കണ്ടാ ഇല്ലത്ത് പോയി പറയും. ഹോട്ടലില് ചായ കുടിയ്ക്കണ കണ്ടൂന്ന്. അതന്നെ പ്രശ്‌നാവും. അതൊന്നും വേണ്ടാച്ച് അദ്ദേഹം ഒന്നും കഴിയ്ക്കില്യ. തിരിച്ചു വന്ന് കുളിച്ചിട്ട് വേണം അകത്തയ്ക്ക് കടക്കാന്‍. അങ്ങനെ ഒരു 7 മണി ആവുമ്പഴാണ് വൈകുന്നേരത്തെ കാപ്പി കുടി. അത്ര പ്രയാസപ്പെട്ട്ട്ടാ പഠിപ്പ്. കൊറച്ച് ആളുകളേ, ഒരു അഞ്ചാറ് ആളുകളേ ആ ഭാഗത്ത് രണ്ടു മൂന്ന് വില്ലേജിലൊക്കെക്കൂടി പഠിച്ചിരുന്നുള്ളൂ. ആ കുട്ടികള് ഇങ്ങനെ നടന്നു പോയത്... ബുദ്ധിമുട്ടീത്... ഒക്കെ നന്നായിട്ടറിയാം. അപ്പൊ കൃഷ്ണന്‍ നമ്പീശന്‍ എന്നൊരാള്ണ്ടായിരുന്നു. അദ്ദേഹം എട്ടാം ക്ലാസ് വരെ പഠിച്ച് പിന്നെ മാഷായ ആളാണ്. അദ്ദേഹം പറഞ്ഞൂ നമ്മക്ക് ഹൈസ്‌കൂള് തൊടങ്ങ്യാലോ, പഠിപ്പ് കഴിഞ്ഞിട്ട് അങ്ങേയ്ക്ക് തന്നെ ഹെഡ്മാഷാവാലോന്ന്. നല്ലതാണെന്ന് വിചാരിച്ച് വളരെ ബുദ്ധിമുട്ടീട്ടാണ് ആദ്യം തൊടങ്ങീത്.

മുണ്ടശ്ശേരീടെ ആവശ്യപ്രകാരം സ്‌കൂള്‍ സര്‍ക്കാറിലേയ്ക്ക് കൊടുത്തില്ലേ... അതിന്റെ സാഹചര്യം?

ഹൈസ്‌കൂള് തൊടങ്ങി. പത്താം ക്ലാസായി. ആദ്യം എട്ടാം ക്ലാസ് വരെയേ തൊടങ്ങീള്ളൂ. 5, 6, 7, 8 -നാല് ക്ലാസുകള്. പിന്നെ 9,10. ആദ്യത്തെ ബാച്ച് പത്താം ക്ലാസ് കഴിഞ്ഞു, അവരെ അയച്ചു. അപ്പഴക്കും ഞാന്‍പഠിപ്പ് കഴിഞ്ഞ് വന്നിരിയ്ക്കുണൂ. പിന്നെ കോഴിക്കോട് പി.ജിയ്ക്ക് പഠിച്ചു. സുകുമാര്‍ അഴീക്കോട് എന്റെ കൂടെ ഒന്നിച്ച് പഠിച്ച ആളാണ്, ഒരേ കോളേജില്. ഒരേ ലോഡ്ജിലാണ് ഞങ്ങള് താമസിച്ചേര്‍ന്നത്. അത് കഴിഞ്ഞ് വന്നിട്ട് ഞാന്‍ മൂക്കോലേല് നമ്മടെ സ്‌കൂളില് ടീച്ചറായി. പിന്നെ ഹെഡ്മാസ്റ്ററായി. ആ കാലത്ത് നല്ല റിസള്‍ട്ടായി, ആദ്യത്തെ കൊല്ലം. മദ്രാസ് ഗവര്‍മേണ്ട് മാനേജ്‌മെന്റ് സ്‌കൂളുകള്‍ക്ക് കൊടുക്കണത് ഗ്രാന്റ് ആണ്. ഈ ഗ്രാന്റ്ന്ന് പറഞ്ഞാ... ചെലവ് ചെയ്തിട്ട് കണക്ക് കൊടുത്താല്‍ അതിന്റെ വക തര്വാണ്. എല്ലാ മാസോം നമ്മടെ കയ്യിന്ന് ശമ്പളം കൊടുക്കണം മാഷമ്മാര്‍ക്ക്. കൊല്ലം കഴിഞ്ഞാല് അവര് വന്ന് ഓഡിറ്റ് ചെയ്യും. അത് പാസായാല്‍ നമ്മക്ക് പണം കിട്ടും. പണം തരാതിരിയ്ക്കില്യ. പക്ഷേ, ഒരു പാട് പണം അഡ്വാന്‍സ് ചെയ്യണം. ഇതൊരു വല്യേ ബാദ്ധ്യത്യാണ്. പിന്നെ ഒരു വഴി അദ്ധ്യാപക നെയമനത്തിന് പണം വാങ്ങലാണ്. അന്ന് ഒരു ലക്ഷം പത്തു ലക്ഷം ഒന്നൂല്യ. ന്നാലും പത്തിരുപതിനായിരൊക്കെ ചോദിച്ചാ കിട്ടും. അതിന് തയ്യാറില്യ. ഞാന്‍ മാനേജരായിരിയ്ക്കുമ്പൊ ഒറ്റ അദ്ധ്യാപകനേം പണം വാങ്ങി നെയമിച്ചിട്ടില്യ. അത് എല്ലാര്‍ക്കും അറിയാം.

അപ്പൊ മുണ്ടശ്ശേരി പറഞ്ഞു, ന്നാ ഇങ്ങനെ ഒരു സ്‌കൂളും കൂടി ആവട്ടെ സര്‍ക്കാറിലിയ്ക്ക്ന്ന്. ഒരു അപേക്ഷ അയയ്ക്കൂ. അപേക്ഷ അയച്ചു, ആള് വന്നു. സ്ഥലംണ്ട്, കുട്ടികള്ണ്ട്, അദ്ധ്യാപകരൊക്കെ ക്വാളിഫൈഡ് ആണ്. ഏറ്റെടുക്കണോണ്ട് വിരോധല്യാന്ന് റിപ്പോര്‍ട്ട് പോയി.
ഉടനെത്തന്നെ മുണ്ടശ്ശേരി പറഞ്ഞു, സര്‍ക്കാര് ഏറ്റെടുക്കാം, പക്ഷേ വെറുതെ തരണംന്ന്. ശരി, വെറുതെ തരാംന്ന് പറഞ്ഞു. ഗവര്‍മേണ്ട് ഫിനാന്‍സില് പോയപ്പൊ പറഞ്ഞൂത്രേ വെറുതെ അങ്ങനെ ഏറ്റെടുക്കാന്‍ പറ്റില്യാന്ന്. വെറുതെ ഏറ്റെടുക്കുമ്പൊ പിന്നെ വല്ല അവകാശികള് വന്നെങ്കിലോ. ഗവൺമെൻറ്​ കഷ്ടത്തിലാവില്യേ? കേസ് കൊടുത്താ ഡിഫന്റ് ചെയ്യണ്ടേ?

പേരിന് ഒരു സംഖ്യ കൊടുക്കണം. അപ്പൊ ഒരു ഉറുപ്പിക കൊടുക്കാന്‍ ഓര്‍ഡറായി. രജിസ്ട്രാറ് ചോദിച്ചു, ആ ഒരുറുപ്പിക ഇപ്പൊ തയ്യാറാണോ എന്ന്. അതേന്ന് പറഞ്ഞൂ ഗവര്‍മേണ്ട് പ്രതിനിധി. രജിസ്‌ട്രേഷനൊക്കെ കഴിഞ്ഞ്ട്ട് ഗവര്‍മേണ്ട് പ്രതിനിധി പൊറത്തയ്ക്ക് വന്നു. അയാള് പിന്നെ തയ്യാറാക്കി വെച്ചിട്ടുണ്ട്ന്ന് പറഞ്ഞ ഒരുറുപ്പിക തന്നതൊന്നൂല്യ. (ചിരിയ്ക്കുന്നു.) ഞാന്‍ ചോയ്ച്ചതൂല്യാന്ന് വെയ്ക്കാ. അഞ്ച് ലക്ഷൊന്ന്വല്ല, ഒരു ഉറുപ്പിക്യാണ് തരാന്ണ്ടായിര്ന്നത്.

ഫീസടയ്ക്കാന്‍ നിവര്‍ത്തില്യാത്ത പല കുട്ടികളേം പഠിപ്പിച്ചിട്ട്ണ്ട്... എം.ജി.വാരിയരെപ്പോലുള്ള...

എം.ജി.വാരിയര്‍ ഏര്‍ക്കര രാമന്‍ നമ്പൂതിരിപ്പാടിന്റെ മകനാണ്. ഗോവിന്ദന്‍കുട്ടീന്നാ ഞാന്‍ വിളിയ്ക്കാ. അദ്ദേഹം പത്ത് പതിനൊന്ന് കൊല്ലം മുമ്പ് മരിച്ചു. മരിയ്ക്കും വരെ എന്റെ കൂടെത്തന്ന്യാണ്, ഏതു കാര്യത്തിനും. കൂടെയുണ്ട് എന്നു മാത്രല്ല, നമ്മളൊന്ന് വിചാരിയ്ക്കുമ്പഴയ്ക്കും അയാള് പോയി ചെയ്ത് കഴിഞ്ഞിട്ട്ണ്ടാവും അത്. അതൊരു സൗഹൃദോം സാഹോദര്യോം ഗുരു-ശിഷ്യ ബന്ധോം ഒക്കെ ആയിരുന്നു. ഗോയ്ന്നന്‍കുട്ടി കഷ്ടത്തിലായിട്ട് നിന്ന് നെലോളിയ്ക്കാണ്, ഹൈസ്‌കൂള്ള് പഠിയ്ക്കാന്‍ നിവര്‍ത്തില്യാണ്ടേന്ന് അയാളടെ അമ്മ -പാര്‍വതി വാരസ്യാര് എന്റെ വൈഫിനോട് വന്നു പറഞ്ഞു. ഫീസടയ്ക്കാന്‍ നിവര്‍ത്തില്യ. ഗോവിന്ദന്‍കുട്ടി എന്നെ വന്നു കണ്ടു. സ്‌കൂള്ളിയ്ക്ക് വന്നോളൂ, ഫീസൊക്കെ പിന്നെ നോക്കാം. നമ്പീശനോട് അയാളടെ ഫീസ് ചോദിയ്ക്കണ്ട ഞാന്‍ തന്നോളാംന്ന് പറഞ്ഞു. പഠിയ്ക്കാന്‍ മിടുക്കന്‍, കളികളില് മഹാകേമന്‍... നല്ല കുട്ടിയായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പൊ അയാളെ ഞാന്‍ പാലക്കാട്ട് ട്രെയിനിംഗിനയച്ചു.
പഠിച്ച് വന്ന് പാസായീന്ന് എന്നോട് പറഞ്ഞു. ന്നാ നാളെത്തൊട്ട് സ്‌കൂള്ളിയ്ക്ക് വന്നോളൂ.
വന്നു, ഒപ്പിട്ടു.
ഇത്രേള്ളൂ അദ്ധ്യാപകനായിട്ട് അപ്പോയിൻറ്​ ചെയ്ത കാര്യം.
സ്‌കൂള് സര്‍ക്കാര് ഏറ്റെടുത്തപ്പൊ എം.ജി.വാരിയരും സര്‍ക്കാര്‍ അദ്ധ്യാപകനായി. കലാ-കായിക രംഗങ്ങളിലെ വലിയ സംഘാടകനായ അദ്ദേഹം, മികച്ച അദ്ധ്യാപകര്‍ക്കുള്ള സംസ്ഥാന ഗവര്‍മേണ്ടിന്റെ അവാര്‍ഡ് നേടീട്ടാണ് സര്‍വീസിന്ന് പിരിഞ്ഞത്.
അങ്ങനെ കൊറേ അധികം കുട്ടികളെ സഹായിയ്ക്കാന്‍ സാധിച്ചു.

പിന്നീട് കുട്ടികള്‍ക്ക് വേണ്ടി വലിയ ചില പരിഷ്‌കാരങ്ങളൊക്കെ നടപ്പാക്കാന്‍ ശ്രമിച്ചൂലോ...

അന്ന് ഞാന്‍ ഡി.ഇ.ഒ എന്ന നെലയ്ക്കും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്ന നെലയ്ക്കും താല്പര്യം എടുത്തേര്‍ന്നത്... സ്‌കൂള്ള് പഠിപ്പ് നന്നാവണംന്ന്ള്ളത് ഒന്ന്.
രണ്ടാമത്തേത് കലാരംഗത്ത് കുട്ടികള്‍ക്ക് താല്പര്യം ണ്ടാവണംന്ന്ള്ളത് -സംഗീതവും നൃത്തവും പോലുള്ള കലകളില്.
അതാണ് പിന്നീട് യൂത്ത് ഫെസ്റ്റിവലായിട്ട് ഡെവലപ്പ് ചെയ്ത് വന്നത്.
മൂന്നാമത്തേത് സ്​പോർട്​സ്​- എല്ലാ കുട്ടികളും സ്‌പോര്‍ട്‌സില് പങ്കെടുക്കണം, ആങ്കുട്ടികളും പെങ്കുട്ടികളും ഒക്കെ. ആ പ്രവര്‍ത്തനങ്ങളിലൊക്കെ നേതൃത്വം കൊടുത്ത ആളാണ് നേരത്തേ പറഞ്ഞ എം.ജി.വാരിയര്‍.
മദിരാശില്ണ്ടായിരുന്നു അത്തരത്തില്‌ളള നെയമം, അത് ഇവടേം തൊടങ്ങി. ഞാനാണ് ആദ്യം വെച്ചു കൊടുത്തത്. അപ്പൊ മുണ്ടശ്ശേരി ആയിരുന്ന കാലത്ത് നമ്മള് നിര്‍ദ്ദേശിച്ച ഈ കാര്യങ്ങള് ഇവടെ തൊടങ്ങിക്കോളാന്‍ പറഞ്ഞു.

ഗോവേലെ വിദ്യാഭ്യാസ ഡയറക്ടര്‍ സ്ഥാനം വേണ്ടാന്ന് വെച്ചൂലോ...

അവടെ ഡയറക്ടര്‍ ഇല്ലാതെ വന്നു. അവടത്തെ ആളുകളൊന്നും eligible അല്ല, for പ്രൊമോഷന്‍. ഗോവേലെ ഡിപ്പാര്‍ട്ട്‌മെന്റ് Central PWD-യ്ക്ക് എഴുതി, ഒരാളെ തെരഞ്ഞെടുത്ത് അയയ്ക്കണംന്ന്. അവര് കേരള ഗവര്‍മേണ്ടിന് എഴുതി. ഇവടത്തെ വിദ്യാഭ്യാസ സെക്രട്ടറി ഒരു വെങ്കിട്ടരാമന്‍ ആയിരുന്നു. അദ്ദേഹം എന്നെ ഫോണില് വിളിച്ചു. നമ്പൂതിരിപ്പാട്, നിങ്ങളിനി റിട്ടയര്‍ ചെയ്യാന്‍ അഞ്ചാറ് മാസം കൂടി അല്ലേ ഉള്ളൂ. ഗോവ ഡയറക്ടറുടെ പോസ്റ്റ് വേക്കന്റ് ആകുന്നുണ്ട്. ഞാന്‍ നിങ്ങളുടെ പേര് റെക്കമെന്റ് ചെയ്താലോന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, ഞാനിത് കഴിഞ്ഞാ അങ്ങനെ ഒരു ജോലിയൊന്നും ഉദ്ദേശിച്ചിട്ടില്യ. അകലേയ്ക്ക് പൂവ്വാനൊക്കെ ബുദ്ധിമുട്ട്ണ്ട്. ന്നാലും നോക്കാം, ശെരീന്ന് പറഞ്ഞു. ഫുള്‍ ഡയറക്ടറായിട്ടാ -Director of education, Director of higher education, Director of technical education. ഇവട്യൊക്കെ 3 ഡയറക്ടര്‍മാര്ണ്ട്. അവടെ എല്ലാം കൂടി ഒരാളേ ഉള്ളൂ. വല്യേ പവേഴ്‌സാ.
പൂവ്വാ.. അങ്ങനെ ഒരു ആഗ്രഹംണ്ടായിരുന്നു.
പക്ഷേ, എന്റെ ഒരു മകന്‍ സുഖല്യാത്ത... ഹാര്‍ട്ട് ഡിസീസ് ഉള്ള ഒരു മകനുണ്ടായിരുന്നു. അയാളെ കൊണ്ടുപൂവ്വാതെ... കൊണ്ടുപുവ്വാനത്ര എളുപ്പോല്ല. അതോണ്ട് എന്താ വേണ്ട്?
ഏതായാലും പോയി നോക്കാം... പോയി. Appoinment order വന്നു. അപ്പൊ Govt of Kerala ഇവടന്ന് deput ചെയ്യാന്ന് പറഞ്ഞിട്ട് കടലാസ് തന്നു. പൂവ്വ്വന്നെ... പോയീ ഞാന്‍. അവടെപ്പോയി ഞാന്‍ പറഞ്ഞു, ഞാന്‍ വന്നൂന്ന് മാത്രേ ള്ളൂ. തിരിച്ച് പോണം എനിയ്ക്ക്. കാര്യങ്ങളൊക്കെ അറിയാനാ വന്നത് എന്ന്. അവര് പറഞ്ഞു, പോയി വന്നോളൂ. You are welcome.
You are the first choice എന്ന്.

അവര് കാര്യായിട്ട് എന്നോട് ചോദിച്ചത്, മൈനോറിറ്റി എജുക്കേഷന്റെ പ്രശ്‌നത്തിനെപ്പറ്റിയാണ്. സെന്‍ട്രല്‍ ഗവര്‍മേണ്ടിന്റെ തീരുമാനോം സുപ്രീം കോടതി ജഡ്ജ്‌മെന്റും ഒക്കെ പറഞ്ഞപ്പൊ അവര്‍ക്ക് വളരെ ഇംപ്രസ്സിംഗ് ആയി. അവര് പറഞ്ഞു, He knows what is the importance of minority education. പോയി വന്നിട്ട് join ചെയ്‌തോളൂ.

പക്ഷേ, ഗോവേല് പോയി വന്നപ്പഴയ്ക്കും എന്റെ വൈഫിന് ആകെ ബുദ്ധിമുട്ടായി, മകന്‍ ഇങ്ങനെ സുഖല്യാതെ ഇരിയ്ക്കല്ലേ... ഞാന്‍ പൂവ്വ്വല്ലേ... അപ്പൊ ഞാന്‍ ഗോവേലിയ്ക്ക് എഴുതി... Regret with thanks എന്ന്.

പിന്നീട് കലാമണ്ഡലത്തില് സെക്രട്ടറി ആയിരുന്നൂലോ... പെന്‍ഷന്‍ സംഘടന കെട്ടിപ്പടുക്കുന്നതിലും വലിയ പങ്കുവഹിച്ചു.

കലാമണ്ഡലത്തില് സെക്രട്ടറി ആയിരുന്നു. അവടെ ഒളപ്പമണ്ണണ്ട് ചെയര്‍മാനായിട്ട്... പിന്നെ ഒരു പാട് കലാകാരമ്മാര്ണ്ട്... മന്ത്രി സി.എച്ച്. മുഹമ്മദ് കോയയാണ് പറഞ്ഞത് നമ്പൂതിരിപ്പാടിനെ കലാമണ്ഡലത്തില് പോസ്റ്റ് ചെയ്യാംന്ന്. രണ്ടു വിദേശയാത്രകളും ണ്ടായി, അമേരിയ്‌ക്കേലിയ്ക്കും ജര്‍മ്മനീലിയ്ക്കും. പെന്‍ഷന്‍ സംഘടനേടെ നേതൃത്വോം കൊറച്ച് കാലം ഏറ്റെടുക്കണ്ടി വന്നു. പെന്‍ഷന്‍കാര് രണ്ടു രാഷ്ട്രീയ വിഭാഗങ്ങളായി scattered ആയിക്കെടക്ക്വായിരുന്നു. അവര്യൊക്കെ കൂട്ടിപ്പിടിച്ചു. ഞങ്ങളൊക്കെ 1992-ല് തിരുവനന്തപുരത്ത് വെച്ചിട്ട് ഒന്നായി. ഞാന്‍ അദ്ധ്യക്ഷനും ആയി. അന്ന് എം.ജി.വാരിയരൊക്കെ സജീവായി പ്രവര്‍ത്തിച്ചേര്‍ന്നു പെന്‍ഷന്‍ സംഘടനേല്. അങ്ങനെ അഞ്ചാറ് കൊല്ലംണ്ടായി.

ആദ്യത്തെ ഹിമാലയം യാത്ര. അന്ന് തിരിച്ചു പോരേണ്ടി വന്നു. പിന്നെ വീണ്ടും. ഹിമാലയം യാത്ര ആരംഭിച്ചിട്ട് 30 കൊല്ലം തുടര്‍ച്ചയായിട്ട് പോയി.

അന്ന് വെരി ഡിഫിക്കല്‍റ്റ്. കാരണം ബസിൽ കൊറച്ചു ദൂരേ പൂവ്വാന്‍ പറ്റൂ. ബാക്കി മോള്ളിയ്ക്ക് മുഴുവനും നടക്കണം. എന്റെ കൂടെ ഒരാളുണ്ടായിരുന്നു. ഞങ്ങള് രാവിലത്തെ ബസിന്​ ആദ്യത്തെ സ്റ്റോപ്പിന്നന്നെ കേറി. വൈന്നേരം അവസാനത്തെ സ്റ്റോപ്പിലെത്തി. വളരെ ബുദ്ധിമുട്ടി. ബസിന്റെ നടുക്കില് ഒരു വല്യേ അറയാണ്, അതില് ഇരിയ്ക്കാ. ഫ്രണ്ടില് രണ്ടാള്‍ക്ക് ഇരിയ്ക്കാന്ള്ള സ്ഥലേള്ളൂ, ഡ്രൈവറും ഒരാളും. യാത്രക്കാരൊക്കെക്കൂടി ആ അറേല് ഇരിയ്ക്കന്നെ, ആണും പെണ്ണും ഒക്കെ. ബസിങ്ങനെ ചാടിക്കൊണ്ടിരിയ്ക്കും. വൈന്നേരം എത്ത്യപ്പൊ കൂടെള്ള ആള്‍ക്ക് വയറിന് സുഖല്യ. വെള്ളല്യ, വെള്ളത്തിന് പത്ത് നൂറ് സ്റ്റെപ്പുകള് ചോട്ടിലിയ്ക്ക് എറങ്ങണം. കയ്യില്ള്ള വല്യേ കുപ്പീല് ഞാന്‍ പോയി ഒരു തവണ വെള്ളം കൊണ്ടന്നു. കറന്റ് ഇല്യ അവടെ, ചെറ്യേ ചെറ്യേ ലാമ്പ്കള് വെച്ചിട്ട്ണ്ട് ന്നല്ലാതെ. പിറ്റേ ദിവസാവുമ്പഴയ്ക്കും അദ്ദേഹം വളരെ ക്ഷീണിച്ചു. മാത്രോല്ല എനിയ്ക്കും തൊടങ്ങി. പിന്നെ നിവര്‍ത്തില്യ. തിരിച്ചു പോരാന്‍ തീരുമാനിച്ചു. വളരെ ബുദ്ധിമുട്ടീട്ടാ തിരിച്ചു പോന്നേ.
അതാണ് ആദ്യത്തെ attempt.
പിന്നെ ഏതാനും കൊല്ലം കഴിഞ്ഞിട്ടേ പോയത്. തിരുവനന്തപുരത്ത് ഒരു ഗ്രൂപ്പ്ണ്ട്, ഗാന്ധിടെ ശിഷ്യനായ ഒരു സ്വാമിജീടെ. ഗാന്ധി അദ്ദേഹത്തിനെ അയച്ചു, നിങ്ങള് സന്യസിച്ച് പൊയ്‌ക്കോളൂന്ന് പറഞ്ഞ്ട്ട്. പിന്നെ അദ്ദേഹം കന്യാകുമാരി ജില്ലേല് ഒരു ആശ്രമംണ്ടാക്കി. അദ്ദേഹത്തിന്റെ മിഷന്‍ എന്താന്ന് വെച്ചാ... അവടെ കേരളത്തിലേക്കാള്വൊക്കെ അധികം കുട്ടികളെ വലിച്ചെറിയണ സമ്പ്രദായണ്ട്. ഭര്‍ത്താവില്യാണ്ടെ ഗര്‍ഭണ്ടായി, പ്രസവിച്ചു. ചെലപ്പൊ ആശുപത്രീലാവും, ചെലപ്പൊ വഴിവക്കത്താവും. വലിച്ചെറിയും, അമ്മമാരങ്ങട് പൂവ്വും. ആ കുട്ടികളെ പെറുക്കി എടുക്ക്വാ. അഞ്ചാറ് സ്ത്രീകളെ കിട്ടി, ആ കുട്ടികളെ നോക്കാന്‍. അതിന്റെ ചെലവിന് വേണ്ടീട്ട് എല്ലാ കൊല്ലോം ഒരു യാത്ര. അതില്‍ നിന്ന് കൊറച്ച് ലാഭം കിട്ടും. അങ്ങന്യാണ് ഹിമാലയം യാത്ര വീണ്ടും തൊടങ്ങീത്. പിന്നെ 30 കൊല്ലം തുടര്‍ച്ച്യായിട്ട് പോയി.

ഹിമാലയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹൈലൈറ്റ് ഹിമാംശു എന്ന കുട്ടിയ്ക്ക് ജവിതം തിരിച്ചുപിടിയ്ക്കാനൊരു വഴിയൊരുക്കിയതാണ്... ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്ന കഥയാണ്.

ഹിമാലയത്തിന്റെ മോള്ള് വല്യ വല്യേ കുണ്ടുകള്ണ്ട്... പാറ. ഒരുപാട് പാറകള് വീണു കഴിഞ്ഞാ വെള്ളങ്ങട് താഴേയ്ക്ക് വരും. അങ്ങനെ വല്ലാതെ വെള്ളം വന്ന കാലത്ത് ഒരു കൊല്ലം -2014ല്, പാറകള് പൊട്ടി ചോട്ടിലിയ്ക്ക് വീണു. വഴീല്ങ്ങനെ കടകടാന്ന് പറഞ്ഞ് രണ്ടു മൂന്ന് നാഴിക ചോട്ടിലിയ്ക്ക് വര്വാ. അമ്പലങ്ങളും സ്ഥലോം കെട്ടിടങ്ങള്വൊക്കെ വെള്ളത്തിന്റെ കൂടെങ്ങട് പോയി. സ്‌കൂളൊക്കെ ഒലിച്ച് പോയീന്നാ പറഞ്ഞേ. അവടെ ചെന്നപ്പൊ സ്‌കൂള്ണ്ട്, ഒലിച്ചുപോയിട്ടില്യ. സ്‌കൂള്ള് കുട്ടികളൂണ്ട്. ചെറ്യേ സ്‌കൂള്. ആകെ 5 ക്ലാസാ. ഒരു ബോര്‍ഡ് കണ്ടു. ഗവര്‍മേണ്ട് പ്രൈമറി സ്‌കൂള്‍.
അപ്പൊ ഞാന്‍ വിചാരിച്ചൂ ഈ കാട്ടുമുക്കില് ഗവര്‍മേണ്ട് പ്രൈമറി സ്‌കൂളോ?
പ്രൈവറ്റാണെങ്കി പിന്നേം ആവട്ടെ.
നമ്മക്ക് ഒന്നു പൂവ്വാ. കൂടെ എന്റെ കൂട്ടുകാരും വന്നു. എവടെ പൂവ്വുമ്പഴും സ്‌കൂള് കാണാന്‍ള്ള ഒരു ആഗ്രഹംണ്ട് എനിയ്ക്ക്. സ്‌കൂളിന്റടുത്ത് ചെന്നപ്പൊ ഒരു ചെറുപ്പക്കാരന്‍ വന്നു, ഹെഡ്മാഷാന്നേ പറഞ്ഞേ. ഞാന്‍ കേരളാ വിദ്യാഭ്യാസ ഡയറക്ടറാണ്, ഹിമാലയം കാണാന്‍ വന്നതാന്ന് പറഞ്ഞപ്പൊ സന്തോഷായി. ''ഇവടെ ഉദ്യോഗസ്ഥമ്മാര് ആരും അങ്ങനെ വരാറില്യ.'' ''ശമ്പളം കിട്ടാറ്‌ണ്ടോ?''
''ശമ്പളം ഇവടന്നൊരു പത്തു നാഴിക പോയാ അവടെള്ള സ്റ്റേറ്റ് ബാങ്ക്ന്ന് കിട്ടും. രണ്ട് ലേഡി ടീച്ചര്‍മാരൂണ്ട്. അങ്ങനെ മൂന്നാള്. 30 കുട്ടികളേള്ളൂ.
കഴിഞ്ഞ കൊല്ലം 42 കുട്ടികള്ണ്ടായിരുന്നു. ഇക്കൊല്ലം കൊറഞ്ഞു. എന്താ കാരണംന്ന് വെച്ചാ അവരടെ അച്ഛമ്മാരെ കാണാണ്ടായി. ഒലിച്ചുപോയി.''

ഹിമാംശു ചിത്രൻ നമ്പൂതിരിപ്പാടിനൊപ്പം

കാണാണ്ടായീന്നേള്ളൂ, മരിച്ചൂന്ന് പറയ വയ്യ.
ശവം കിട്ടണ്ടേ, ന്നാലല്ലേ മരിച്ചൂന്ന് പറയ വയ്ക്കൂ.
മിസ്സിംഗ്... താസില്‍ദാരടെ റിപ്പോര്‍ട്ട് -മിസ്സിംഗ്.

‘‘അങ്ങനെ അച്ഛന്‍ നഷ്ടപ്പെട്ട കുട്ട്യോള് ആരെങ്കിലും ണ്ടോ ഇവടെ?''
''ആ... ഒരാള്ണ്ട്.''
''ന്നാ വിളിയ്ക്കൂ.''
അഞ്ചാറ് വയസ്സ്ള്ള ഒരു ചെറ്യേ കുട്ടി വന്നു.
''നെന്റെ പേരെന്താ?'
''ഹിമാംശു.''
''അമ്മ എവടേ?''
''അമ്മ വീട്ടിലാ.''
''ഇങ്ങട് കൊണ്ടരാന്‍ വയ്‌ക്കോ?'
ഓടി... അവന്‍ ഓടി.
അമ്മേ വിളിച്ചിട്ട് വന്നു.

അതിനെടയ്ക്ക് ഞാനെന്തു ചെയ്തൂന്ന്ച്ചാ എന്റെ കൂട്ടുകാര്ണ്ടല്ലോ -പത്തെഴുപത്തഞ്ചാള് ണ്ടാവും -അവരോട് നിങ്ങടെ പോക്കറ്റില്ള്ള പണം ണ്ടട് എടുക്കിന്‍ന്ന് പറഞ്ഞു. നൂറും അഞ്ഞൂറും വെച്ചൊക്കെ ഓരോരുത്തരും എടുത്തിട്ട്, എല്ലാരും കൂടി അപ്പത്തന്നെ 12,000 ഉറുപ്പികണ്ടാക്കി. ഹിമാംശുവിന്റ അമ്മ വന്നു.
ഞങ്ങള് ആ പണം അവരടേല് കൊടുത്തു.
കുട്ടിയ്ക്കും അമ്മയ്ക്കും വല്യേ സന്തോഷായി. അതിനു ശേഷം ഞങ്ങള് എല്ലാ കൊല്ലോം പൂവുമ്പൊ പണം പിരിച്ച് അവര്‍ക്ക് കൊടുക്കും.
ആദ്യത്തെ തവണ അവരെ കണ്ടിട്ട് മടങ്ങി ഹരിദ്വാറിലെത്ത്യപ്പൊ ഞാനൊരു കത്തെഴുതി, ആന്റണിയ്ക്ക്.
അന്ന് ഡിഫന്‍സ് മിനിസ്റ്ററാ ആന്റണി. ഡിഫന്‍സിന്റെ ആള്‍ക്കാരാ അവടെ ലോ ആന്റ് ഓര്‍ഡര്‍ നോക്കണത്. പോലീസല്ല... പട്ടാളാ.
ഞാനിങ്ങനെ ഒരു സ്ഥലത്ത്, ങ്ങനെ ഒരു കുട്ട്യേ കണ്ടു. അവന്‍ അച്ഛന്റെ കൂടെ പോയതായിരുന്നു. അച്ഛന്‍ ഒലിച്ചു പോയി. ഈ കുട്ടി എങ്ങന്യോ ഭാഗ്യത്തിന് മടങ്ങി എത്തീതാണ്. ആ ഫാമിലിയ്ക്ക് ആരൂല്യ. മിട്ക്കനായ ഈ കുട്ടിയ്ക്ക് -ഹിമാശുവിന് ഫ്രീ ആയിട്ട് വിദ്യാഭ്യാസം കൊടുക്കണം. അവരടെ അഡ്രസ്സ് ഇതാണ്‌ന്നൊക്കെ പറഞ്ഞിട്ട് എഴുതീ ആന്റണിയ്ക്ക്.

ഇവടെ തൃശൂര് വന്നപ്പഴക്കും ആന്റണീടെ മറുപടി വന്നു കെടക്ക്ണൂ. എന്റേല്ണ്ട് ആ എഴുത്ത് ഇപ്പഴും.

Let me see what I can do.
ഇത്രേ പറഞ്ഞിട്ടുള്ളൂ.

ഞാന്‍ ഒക്കെ ചെയ്ത് കൊടുക്കാംന്നൊന്നും പറഞ്ഞില്യ. പിന്നത്തെ കൊല്ലം അവടെപ്പോയപ്പൊ ഹിമാംശൂന്റ അമ്മയോട് ഞാന്‍ ചോദിച്ചു, ഗവര്‍മേണ്ട്ന്ന് വല്ലതും കിട്ട്യോന്ന്. ''അഞ്ചു ലക്ഷം ഉറുപ്പിക സ്റ്റേറ്റ് ബാങ്കിലിയ്ക്ക് വന്നു. അന്വേഷിച്ച് പിടിച്ച് വന്ന് അവരെന്നെ കൂട്ടിക്കൊണ്ടുപോയി.''

അപ്പൊ എനിയ്ക്കാകെ സംശയായി. ഒക്കെ തട്ടിപ്പാണോ പറയണത്. കിട്ടണ്ട സമയം കഴിഞ്ഞ്ട്ട് ഏഴെട്ടു മാസൊക്കെ ആയിരിയ്ക്ക്ണൂ. ഇവര്‍ക്കത് കിട്ടാതെ വന്നിരിയ്‌ക്കോ?

ആ പണം ബാങ്കില്‍ത്തന്നെണ്ടോന്ന് ഞാന്‍ ചോദിച്ചു.
''ണ്ട്, ബാങ്കില്ണ്ട്.''
''ബാങ്കിന്റെ പുസ്തകംണ്ടോ?
ഒന്ന് എടുത്തു കൊണ്ടരാന്‍ പറ്റ്വോ?''
ഒരു മടീം കൂടാണ്ടെ എടുത്തു കൊണ്ടുവന്നു.
നോക്കുമ്പൊ 5 ലക്ഷം മുഴുവനൂണ്ട്.
''ദാരിദ്ര്യായിട്ടും നിങ്ങളെന്താ ഒന്നും എടുക്കാത്തേ?''
''ഞങ്ങക്കൊരു വീടില്യ.
ആള് ങ്ങനെ മരിച്ചില്യേ.
വീട് നന്നാക്കാന്‍ വെച്ചിരിയ്ക്കാ ആ പണം.
വീടിന്റെ കൂടെ കുട്ട്യോള്‍ക്ക് പണിയെടുക്കാന്‍ ഒരു വര്‍ക്ക്‌ഷോപ്പും വേണം.''

(ചിത്രന്‍ നമ്പൂതിരിപ്പാട് ഹിമാംശുവിന്റെ ഫോട്ടോ കാണിച്ചു തന്നു.)

ഞങ്ങള്‍ക്കും ഞങ്ങടെ കുട്ടികള്‍ക്കും പുതിയ തലമുറയില്‍പ്പെട്ട പലര്‍ക്കും അങ്ങയുടെ ജീവിതം വലിയൊരു മാതൃകയായി നില്ക്കാറുണ്ട്.

അങ്ങന്യൊന്നും പറയാന്‍ കഴിയില്യ. കാരണം, you live your life. നിങ്ങള്‍ക്ക് നല്ലതെന്ന് തോന്നണ പോലെ നിങ്ങള് ജീവിയ്ക്കുണൂ. ആളുകളോട് സ്‌നേഹായിട്ട് പെരുമാറ്വാ. കഴിയുന്ന സഹായങ്ങള് ചെയ്യുക. അത് ആദ്യം മുതല്‍ക്ക് എന്റെ ജീവിതചര്യാണ്. സ്‌കൂള്ള് പഠിയ്ക്കാത്ത കുട്ടികള്... അവര്യൊക്കെ സ്‌കൂള്ള് പഠിപ്പിയ്ക്കാ. എത്രയോ കുട്ടികളെ ഫീസില്യാണ്ടെ പഠിപ്പിച്ചിട്ട്ണ്ട്. അവരൊക്കെ ഇപ്പൊ ഗള്‍ഫിലും മറ്റു പലേടത്ത്വൊക്കെ ആണ്. ഇപ്പൊ ഈ ഫുട്ബാള് ണ്ടായില്യേ, ഖത്തറില്... അതിന് നിര്‍ബന്ധായി ചെല്ലണംന്ന് പറഞ്ഞ് അവടെള്ള ചെലേ കുട്ടികള് വിളിച്ചു പറഞ്ഞേര്‍ന്നൂ. അതില് ചെലോര്യൊക്കെ ഞാന്‍ വളരെ സഹായിച്ച ആളുകളാ. അബ്ദുള്‍ ഖാദറിനെപ്പോല്ള്ള ആളുകളെ ഒക്കെ. അയാള് ഇപ്പൊ ഖത്തറില് വല്യേ ബിസിനസ്സുകാരനാ. അന്ന്... പഠിയ്ക്കാന്‍ നിവര്‍ത്തില്യ, അവര്‍ക്ക് ഫീസ് കൊടുത്തു.

പുതിയ തലമുറയോട് -വഴി പെഴച്ചു പോയീന്ന് പലരും പറയണ ഈ പുതിയ തലമുറയോട് -എന്താ പറയാനുള്ളത്?

പുതിയ തലമുറക്കാരോട് -പലേടത്തും എന്നോട് ചോദിയ്ക്കാറ്ണ്ട് എന്താ ഉപദേശംന്ന്. ഞാനാരേം ഉപദേശിയ്ക്കാനല്ല. എന്റെ ജീവിതത്തെപ്പറ്റി പറയുക. അതില്‍ നിന്ന് നിങ്ങള്‍ക്ക് വല്ലതും മനസ്സിലാകുന്നുണ്ടെങ്കി നിങ്ങളത് കഴിയുന്നത്ര വിജയകരമായി നടപ്പില് വരുത്താന്‍ ശ്രമിയ്ക്കുക. വിദ്യാഭ്യാസം, ആരോഗ്യം... പിന്നെ അവനോന്റെ അടുത്തുള്ളോരെ സ്‌നേഹിയ്ക്കുക. ഇതൊക്ക്യാ ഞാന്‍ പ്രധാനായിട്ട് ചെയ്തിട്ടുള്ളത്. നിങ്ങള്‍ക്കും ആ മനസ്സ് ണ്ടാവണംന്ന് ഞാന്‍ ആഗ്രഹിയ്ക്കുണൂ. അത്രയേ പറയാനുള്ളൂ.

അഷ്ടമൂർത്തിയും എം.ജി ശശിയും

നിരവധി മനുഷ്യരുടെ ജീവിതത്തിന് ശരിയ്ക്കും വഴികാട്ടിയായ അങ്ങേയ്ക്ക് ഞങ്ങളെല്ലാവരുടേയും നമസ്‌കാരം...

നിങ്ങളൊക്കെ പ്രായത്തില് എന്നേക്കാള്‍ താഴെ ആണെങ്കിലും നിങ്ങടെ എല്ലാ അനുഗ്രഹോം ഞാന്‍ കാര്യായിട്ട് എടുക്കുണൂ. നമസ്‌കാരം.

Comments