ആ മകളും അമ്മയുമൊഴിച്ചാൽ കേരളത്തിലെ നക്‌സലൈറ്റ് / മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ മറ്റൊരു സ്ത്രീസാന്നിദ്ധ്യം കാര്യമായില്ലാതെ പോയതെന്ത്? വിളക്കൂതിക്കെടുത്തി ദിനേശ് ബീഡി ആഞ്ഞാഞ്ഞു വലിച്ച് അങ്ങേ ജങ്ഷനിൽ എത്തിക്കഴിഞ്ഞ റെഡ്ആർമി മാർച്ചിനെക്കുറിച്ച് ആവേശപൂർവം സംസാരിക്കുന്നതിനിടയിലേക്ക് കട്ടൻകാപ്പി തുളുമ്പുന്ന ഗ്ലാസുകൾ നീട്ടുന്ന കരിവളയിട്ട കൈകൾ പോലും ശ്രദ്ധിക്കാത്ത വിപ്ലവ പ്രസ്ഥാനത്തിലേക്ക് പിന്നീട് സ്ത്രീകൾ മാത്രമല്ല, ദലിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും പരിസ്ഥിതി വിനാശത്തിന്റെ ഇരകളും വികസനത്തിന്റെ അഭയാർഥികളും കടന്നുവന്നു.
സാംസ്‌കാരിക വേദിക്കുശേഷമുള്ള കാലമായിരുന്നു അത്. അവരവരുടെ സ്വന്തം രാഷ്ടീയവുമായാണ് വന്നത്. ഞങ്ങൾക്കൊട്ടും പരിചയമില്ലാത്ത രാഷ്ട്രീയം: പേഴ്‌സണൽ ഈസ് പൊളിറ്റിക്കൽ. ഞങ്ങൾ സ്വന്തം നിൽപുതറയിലേക്കും മാധ്യമങ്ങളിലെക്കും തിരിച്ചുവന്നത് പഴയ രാഷ്ടീയം ആവർത്തിക്കാനായിരുന്നില്ല. പഴയ വർഗരാഷ്ടീയം അഭിസംബോധന ചെയ്തിട്ടില്ലാത്ത സ്വത്വങ്ങളുടെ രാഷ്ടീയം വിനയത്തോടെ പരിചയപ്പെടാനായിരുന്നു. പുതിയ രാഷ്ട്രീയത്തിന്റെ ഹരിശ്രീ പഠിക്കാൻ വേണ്ടിത്തന്നെയായിരുന്നു.
സുഗതകുമാരിയും സച്ചിദാനന്ദനും സാംസ്‌കാരിക വേദിക്കാലത്തെ ആ സംഭാഷണം ഓർക്കുന്നുണ്ടാവണം: മനുഷ്യന്റെ ഭാവിയെക്കറിച്ച് ഇത്രയധികം വേവലാതിപ്പെടുന്ന നിങ്ങൾ ആ ഭാവി തന്നെ അപകടത്തിലാക്കുന്ന പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ ശ്രദ്ധിക്കാത്തതെന്ത്?/ പരിസ്ഥിതിയെക്കുറിച്ച് ഇത്രയും വേവലാതിപ്പെടുന്ന നിങ്ങൾ പരിസ്ഥിതിയുടെ പ്രധാന ഭാഗമായ മനുഷ്യന്റെ ജീവിതത്തെക്കുറിച്ച് വേവലാതിപ്പെടാത്തതുമെന്ത്?
സൈലന്റ് വാലി പ്രക്ഷോഭത്തിന്റെയും ജനകീയ സാംസ്‌കാരിക വേദിയുടേയും കാലത്ത് നടക്കാതെ പോയ ഇത്തരം സംവാദങ്ങൾ മുന്നോട്ടുകൊണ്ടുപോവുക എന്നതായിരുന്നു ഞങ്ങളുടെ ചലഞ്ച്. കോൾ ഫോർ ഗ്രാസ്‌റൂട്ട് ആക്ഷൻ എന്ന പേരിൽ അരിയന്നൂരിൽ നടന്ന ജനകീയ പ്രതിപക്ഷ സംഘങ്ങളുടെ / നവ സാമൂഹ്യ പ്രസ്ഥാനങ്ങളുടെ കൂടിച്ചേരൽ റിപ്പോർട്ട് ചെയ്യപ്പെട്ടതുതന്നെ ഫ്രം നൺസ് ടു നക്‌സലൈറ്റ്‌സ്, മഴവിൽ സംവാദം എന്നായിരുന്നു.
തൃശൂരിൽ സഹ്യാദ്രി, ജനാരോഗ്യ, പ്രതികരണ സംഘം, അകത്തളം, മാനസി, പൗരാവകാശ സംഘം തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന സംഘങ്ങൾ ഉയർന്നുവന്നു. കേരളത്തിലെ ആദ്യത്തെ ഫെമിനിസ്റ്റ് ഗ്രൂപ്പുകളിലൊന്നായ ചേതന രൂപപ്പെട്ടതും ഈ അന്തരീക്ഷത്തിൽ തന്നെ. തിരുവനന്തപുരത്ത് പ്രചോദനയും കോഴിക്കോട് ബോധനയും രൂപപ്പെട്ട സമയമായിരുന്നു അത്.
തൃശൂരിൽ പ്രധാനമായും രണ്ട് കോളജുകളിലെ കുട്ടികൾക്കായിരുന്നു ചേതനയുടെ മുൻകൈ. കേരളവർമ്മയിലെ ഷീന ജോസും ഫൈനാർട്‌സ് കോളേജിലെ രതീദേവിയുമായിരുന്നു പ്രസിഡണ്ടും സെക്രട്ടറിയും. ചിത്രകാരികളുടെ പെയ്ന്റിങ്ങുകളുടെ സംസ്ഥാനത്തെ ആദ്യ ഗ്രൂപ്പ് പ്രദർശനം, സൂര്യനെല്ലി കേസിനെ തുടർന്ന് തങ്ങൾ വരച്ച പെയിന്റിങ്ങുകൾ ഉയർത്തിപ്പിടിച്ചുള്ള ഡി.ഐ.ജി ഓഫീസ് മാർച്ച്... ഇങ്ങനെ നേരിട്ടുള്ള മുൻകൈകൾ മാത്രമല്ല, നേരത്തെ സൂചിപ്പിച്ച വ്യത്യസ്ത മേഖലകളിലെ പ്രവർത്തനങ്ങളിലുമവർ കൂട്ടുചേരുകയും ചെയ്തു .
ഇതിനിടെ, പട്ടാമ്പി കോളേജിലെ പെൺകുട്ടികളും അധ്യാപികമാരും മാനുഷി എന്ന ഫെമിനിസ്റ്റ് ഗ്രൂപ്പ് രൂപീകരിച്ച് കാമ്പസുകളേയും തെരുവുകളേയും സക്രിയമാക്കാൻ തുടങ്ങിയിരുന്നു. ഈ അന്തരീക്ഷത്തിലാണ് ഫെമിനിസ്റ്റുകളുടെ ദേശീയ സമ്മേളനത്തിന് കോഴിക്കോട് ആതിഥേയത്വം വഹിക്കാൻ കേരളത്തിലെ ഫെമിനിസ്റ്റുകൾ സാഹസികരാവുന്നത്. അന്ന് നവ സാമൂഹ്യ പ്രസ്ഥാനങ്ങളുടെ മുഖപത്രമായി അറിയപ്പെട്ടിരുന്ന പാഠഭേദം സ്ത്രീവാദ സ്‌പെഷ്യലിറക്കുന്നത് ഈ സന്ദർഭത്തിലാണ്. സ്ത്രീവാദമെന്ന വിവർത്തനം ഫെമിനിസത്തിന് മലയാളത്തിലങ്ങനെ ലഭിക്കുകയും ചെയ്തു.
1987ൽ കന്യാകുമാരിയിൽ നിന്നും മഹാരാഷ്ട്രയിലെ നവാപ്പൂർ നിന്നും ഒരേ സമയത്ത് ആരംഭിച്ച് ഗോവയിൽ അവസാനിച്ച 100 ദിവസം നീണ്ടുനിന്ന പശ്ചിമഘട്ട രക്ഷായാത്രയിൽ ഭാഗികമായും 1988ൽ സൈനിക കേന്ദ്രത്തിനു മുമ്പിൽ തോറ്റ ഏഴിമലയിൽ നിന്നുമുള്ള തെങ്ങിൻ തൈയ്യുമായി അത്തരമൊരു സമരം വിജയിപ്പിച്ച ഒറീസയിലെ ബലിയപാലിലേക്കുള്ള 10 ദിവസത്തെ യാത്രയിൽ മുഴുവനായും സംഘത്തിൽ ചേർന്ന ഷീന ജോസ് ചേതനയുമായി ബന്ധപ്പെട്ട സ്ത്രീവാദികളിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നവളായി.
സാറാ ജോസഫിന്റെ ആലാഹയുടെ പെൺമക്കളിൽ നിന്ന് പൊട്ടിച്ചിരിച്ചുകൊണ്ടിറങ്ങി വന്ന പോലുള്ള ആ കുരിയച്ചിറക്കാരി നസ്‌റാണിപ്പെണ്ണ് സിദ്ധാന്തത്തേക്കാൾ സ്വന്തം ജീവിതം തന്നെയാണ് സ്ത്രീവാദിയുടെ തട്ടകമെന്ന് വിളിച്ചു പറയാനാണ് ശ്രമിച്ചത്.
അസുഖത്തിനും ചികിത്സക്കുമിടയിൽ ഷീനക്കും കൂട്ടുകാരൻ സന്തോഷിനുമൊപ്പം വർത്തമാനം പറഞ്ഞിരുന്നതായിരുന്നു ഞങ്ങളുടെ അവസാന രാത്രി. സുഹൃത്ത് ടോമി മാത്യുവുമുണ്ടായിരുന്നു കൂടെ. നഗരത്തിലെ ബാറിലിരുന്ന് അവരവർക്കാവശ്യമുള്ളത് സിപ്പ് ചെയ്യുകയായിരുന്നു, ബിയർ മുതൽ വോഡ്ക്കാ വരെ. പ്ലാറ്റ്‌ഫോമിൽ ഗായകസംഘം പാടുന്നുണ്ടായിരുന്നു. മുമ്പായിരുന്നെങ്കിൽ കാബറേ നൃത്തം കൂടെയുണ്ടാകുമായിരുന്നു, അല്ലെ?
ഫെമിനിസ്റ്റുകളാണല്ലോ കേരളത്തിലത് അസാധ്യമാക്കിയത് എന്ന് തമാശ പറഞ്ഞപ്പോൾ പക്ഷേ കൽക്കത്തയിലെ ഫെമിനിസ്റ്റ് ദേശീയ സമ്മേളനത്തിൽ ബാർ ഡാൻസേഴ്‌സിന്റെ പെർഫോമൻസിന് അവസരം കൊടുത്ത് പ്രായശ്ചിത്തവും ചെയ്തല്ലോ എന്ന് ഷീന പൊട്ടിച്ചിരിച്ച് മറുപടിയും പറഞ്ഞതോർക്കുന്നു.
അതെ, അങ്ങനെയാണ് ആക്ടിവിസത്തിലേക്ക് ഷീന പൊട്ടിച്ചിരിയെ കടത്തികൊണ്ടുവന്നത്. പൊട്ടിച്ചിരി അയാളുടെ സുഹൃത്തുക്കളുടേയും സഹപ്രവർത്തകരുടേയും വിദ്യാർഥികളുടേയും കണ്ണു നനച്ചുകൊണ്ട് കഴിഞ്ഞ ദിവസം കടന്നുപോവുകയും ചെയ്തു.
വിട, പ്രിയപ്പെട്ട ഷീനേ, വിട.