എം.പി. രാധാകൃഷ്ണൻ

സ്വർഗത്തിൽനിന്ന്​ പുറത്താക്കപ്പെട്ട ഒരാൾ

ഒരു അധ്യാപകൻ ഒരുപാട് വർഷങ്ങളോളം ഒട്ടേറെ വിദ്യാർത്ഥികളുടെ അദ്ധ്യാപകനാണ്. അവയിൽ നിന്ന് ചെറിയൊരു ക്രോസ് സെക്ഷൻ മാത്രമേ ഒരു വിദ്യാർത്ഥിക്ക് ഒരു അദ്ധ്യാപകനെ പറ്റി പറയുവാൻ സാധിക്കൂ.

എം.പി.രാധാകൃഷ്ണൻ മാഷുടെ അടുത്തെത്തുന്നു

ന്നിച്ച് പഠിക്കുന്നവരെ പോലും ശരിക്കും മനസ്സിലാകാതെ പോയ തരത്തിൽ അന്തർമുഖത്വവും അപകർഷതാബോധവും കൊണ്ട് പലയിടങ്ങളിലും ഒറ്റക്ക് പോയിരിക്കുകയും പഠനത്തിൽ താൽപര്യം കുറഞ്ഞു പോകുകയും ചെയ്ത പ്രീഡിഗ്രി കാലത്തിനുശേഷം കോമേഴ്‌സിൽ ബിരുദം എടുക്കാം എന്ന ചിന്തയോടെ ഒരു പാരലൽ കോളേജിൽ ഏതാനും മാസങ്ങൾ പോയെങ്കിലും കച്ചവടക്കണക്കുകളിലൊന്നുമല്ല താൽപര്യം എന്ന തിരിച്ചറിവിനാലും ഇടനാഴികളിലും വാതിലുകൾക്കടുത്തുമൊക്കെയുള്ള അച്ചടക്കത്തിന്റെ പേരിലുള്ള സൂക്ഷ്മവും രൂക്ഷവുമായ നോട്ടങ്ങളെ ഭയന്നതിനാലും ഒരു വർഷം നഷ്ടപ്പെടുത്തി കൊണ്ടാണ് എം.പി. രാധാകൃഷ്ണൻ മാഷുടെ തലശ്ശേരി മഹാത്മ ആർട്‌സ് കോളേജിൽ ഇംഗ്ലീഷിൽ ബിരുദത്തിന് ചേരുന്നത്. കുറച്ചധികം മാസങ്ങളുടെ വീട്ടിലിരിപ്പ് അന്തർമുഖത്വം മാറ്റണമെന്ന ചിന്ത മനസ്സിൽ തോന്നാൻ ഇടയാക്കിയതിനാൽ തന്നെ കടൽക്കരയിലെ നാലുകെട്ട് രീതിയിൽ പണിത ആ പഴയ പാണ്ഡ്യാലയിലേക്ക് തമാശകളും കുരുത്തക്കേടുകളുമായാണ് ചെല്ലുന്നത്. സ്വഭാവം ആകമാനം അഴിച്ചു പണിതു കൊണ്ടുള്ള ഇടപെടലായതിനാൽ തന്നെ തെക്ക് കടലിൽ നിന്ന് കോളേജിലേക്ക് വരുന്ന കാറ്റിന് അതിന്റേതായ പ്രസരിപ്പുണ്ടായിരുന്നു. ഒന്നിച്ച് പഠിക്കുന്നവർക്കിടയിൽ അക്കാലം തെല്ല് കുരുത്തംകെട്ട വിദ്യാർത്ഥി എന്ന തോന്നലുമുണ്ടായിരുന്നു. ആ കാലത്തെ കൂട്ടുകാരുടെ മനസ്സിന്റെ സൗന്ദര്യം പക്ഷേ ഒന്നു വേറെ തന്നെയായിരുന്നു.

വായനാദിനത്തിൽ എം.പി.രാധാകൃഷ്ണൻ മാഷ് സമൂഹമാധ്യമത്തിൽ ചേർത്ത വീഡിയോയിൽ പൊന്നുമക്കളേ എന്നാണ് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു കാണുന്നത്.

കോളേജിന്റെ വരാന്തയിൽ നിന്നാൽ നിർത്താതെ തിരയടിക്കുന്ന കടൽക്കാഴ്ച. തെല്ലപ്പുറം കടൽ വഴിയുള്ള വാണിജ്യത്തിന്റെ പഴങ്കഥ പറയുന്ന കടൽപ്പാലം. ഇടക്ക് കോളേജിലെ കൂട്ടുകാർക്കൊപ്പം ചെല്ലുമ്പോൾ കടൽപ്പാലത്തിലിരുന്ന് ബീഡി പുകച്ചു കൊണ്ട് നങ്കീസിനാൽ മീൻ പിടിക്കുന്നവർ കാണും. അവിടെ നിന്ന് നോക്കിയാൽ പാരലൽ കോളേജുകളായി മാറിയ പഴയ പാണ്ട്യാലകൾ. വയനാട്ടിൽ നിന്നുതുടങ്ങുന്ന സ്ഥലങ്ങളിൽ നിന്ന്​ ശേഖരിക്കുന്ന കുരുമുളക്, കശുവണ്ടി, ഏലം പോലുള്ള സുഗന്ധദ്രവ്യങ്ങളും മറ്റും കയറ്റി അയക്കാൻ തീർത്തവയായിരുന്നു ആ പാണ്ട്യാലകളൊക്കെയും. വി.കെ. കുട്ടു രചിച്ച തലശ്ശേരി- ഒരു മുസ്​ലിം ചരിത്രം എന്ന പുസ്തകത്തിൽ തലശ്ശേരി തുറമുഖവും കടലോരത്തെ പാണ്ട്യാലകളും കേന്ദ്രീകരിച്ച് നടന്നിരുന്ന കടൽ കടന്നുള്ള വാണിജ്യങ്ങളെ പറ്റി വിവരിക്കുന്നുണ്ട്. ആ പാണ്ട്യാലകളാണ് പിന്നീട് തലശ്ശേരിയിലെ സമാന്തര വിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങളായി മാറിയത്.

തലശ്ശേരി കടൽപ്പാലം / ഫോട്ടോ : അരുൺ ഇൻഹാം

നാലുകെട്ട് രീതിയിൽ പണിതതായിരുന്നു മഹാത്മ കോളേജിന്റെ മുഖ്യകെട്ടിടം. റഗുലർ കോളേജുകളിലെ ക്ലാസ് റൂമുകളുടെ വലുപ്പം തന്നെ അവിടെയുള്ള ക്ലാസ് റൂമുകൾക്കുണ്ടായിരുന്നു. വിദ്യാർത്ഥികൾക്ക് റഗുലർ കോളേജുകളിൽ ലഭിക്കുന്ന തരത്തിലുള്ള സ്വാതന്ത്യവുമുണ്ടായിരുന്നു. സൂചി വീണാൽ പോലും കേൾക്കുന്ന തരത്തിലുള്ള അച്ചടക്കത്തിന്റെ മസിൽ പിടുത്തങ്ങളില്ലാതെ തന്നെ പഠിക്കാൻ എത്തിയവർക്ക് വിദ്യാഭ്യാസം നൽകുകയായിരുന്നു ചെയ്തുപോന്നിരുന്നത്. മനുഷ്യരുടെ ചെയ്തികൾക്ക് ഒരു പരിധിയിൽ കവിഞ്ഞ തരത്തിലുള്ള മൂക്കുകയറുകളോ കൂച്ചുവിലങ്ങുകളോ വേണ്ടതില്ല എന്ന കാഴ്ചപ്പാടോടെ മഹാത്മ കോളേജിനെ പ്രിൻസിപ്പാളായിരുന്ന എം.പി. രാധാകൃഷ്ണൻ മാഷ് മുന്നോട്ട് നയിച്ചതിനാൽ തന്നെയാകും അത്തരമൊരു കലാലയാന്തരീക്ഷം അവിടെ സംജാതമായത്.

വിദ്യാർത്ഥികൾക്കിടയിലെ അന്തസ്സുറ്റ പ്രണയങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തതിനാൽ തന്നെ പിന്നീട് മികച്ച ജോലിയൊക്കെ നേടി ഒന്നിച്ചുള്ള ജീവിതത്തിലേക്ക് കടന്നവർ വിദ്യാർത്ഥികളുടെ കൂട്ടത്തിലുണ്ടായിരുന്നു. വിദ്യാർത്ഥികൾ പരസ്പരം സ്വതന്ത്രമായി ഇടപഴകുന്നതിൽ യാതൊരു വിലക്കും അവിടെയുണ്ടായിരുന്നില്ല. വായനാദിനത്തിൽ അദ്ദേഹം സമൂഹമാധ്യമത്തിൽ ചേർത്ത വീഡിയോയിൽ ‘പൊന്നുമക്കളേ’ എന്നാണ് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു കാണുന്നത്. അദ്ദേഹത്തിന്റെ ക്ലാസിലിരിക്കുമ്പോഴോ ക്ലാസിന് പുറത്തുവെച്ചോ ഏതെങ്കിലും വിദ്യാർത്ഥിയെ വഴക്കുപറയുന്നതായി കണ്ട ഓർമ തെല്ലുമില്ല. അദ്ദേഹം ദൂരത്തുനിന്ന് നടന്നുവരുന്നതുകാണുമ്പോൾ തന്നെ വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക് പിൻവാങ്ങുമായിരുന്നു. ക്ലാസിൽ കയറാൻ പറഞ്ഞിട്ടൊന്നുമായിരുന്നില്ല, അദ്ദേഹത്തിന്റെ ശരീരഭാഷക്കും ശബ്ദത്തിനുമൊക്കെ അത്തരമൊന്നിനുള്ള കഴിവുണ്ടായിരുന്നു.

എം.പി. രാധാകൃഷ്ണൻ

തലശ്ശേരി ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ മലയാളത്തിൽ ലേഖനങ്ങൾ എഴുതിയ വ്യക്തിയാണ് അദ്ദേഹം. ബൃഹത്തായ വായനയുടെ ഫലമായി രൂപപ്പെട്ട രാഷ്ട്രീയ - സാമൂഹ്യ- സാംസ്‌കാരിക ബോധങ്ങളും കൂട്ടിനുണ്ടായിരുന്നു. മുംബൈ പോലുള്ള തിരക്കേറിയ നഗരവുമായി യുവാവായിരിക്കുമ്പോഴുള്ള പരിചയം, തിരുവനന്തപുരം നഗരവുമായുള്ള ബന്ധം ഒക്കെയും നാടും നഗരവും വ്യത്യസ്തരായ ജനങ്ങളെയും കണ്ടതിന്റെ അറിവുകൾ അദ്ദേഹത്തിന് നൽകിക്കാണും. അത്തരം അനുഭവങ്ങളെയും തലശ്ശേരി ബ്രണ്ണൻ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ കാലത്തെ അനുഭവങ്ങളെയും അറിവുകളെയും വലിയ വായനാനുഭവങ്ങളെയും തലശ്ശേരി കടപ്പുറത്തെ പാണ്ട്യാലകളെ വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി മാറ്റാൻ അദ്ദേഹത്തെ ഏറെ സഹായിച്ചു.

കടൽക്കരയിലെ കോളേജിലെ കടൽക്കാഴ്ചയിലക്ക് തുറക്കുന്ന ക്ലാസ്‌റൂമിൽ നിന്നുകൊണ്ട് നോക്കുമ്പോൾ കടലിനക്കരെയുള്ള യൂറോപ്പിലേക്ക് തുറക്കുന്ന ഇംഗ്ലീഷ് കവിതകൾ അദ്ദേഹത്തിന്റെ ക്ലാസുകളിൽ കേൾക്കാൻ കഴിഞ്ഞു

ക്ലാസ് റൂമുകളിൽ അദ്ദേഹം മുഴങ്ങുന്ന ശബ്ദത്തിൽ ക്ലാസെടുത്തു. പുസ്തകങ്ങളിൽ ഇല്ലാതിരുന്നിട്ടും ഫ്രെഡറിക് നീഷെ, സിഗ്മണ്ട് ഫ്രോയ്ഡ് പോലുള്ള ചിന്തകർ വിദ്യാർത്ഥികൾക്കിടയിലേക്ക് ഇറങ്ങിവന്നു. തലശ്ശേരിയിൽ മാധവിക്കുട്ടി വന്നപ്പോൾ അദ്ദേഹത്തെ അന്വേഷിച്ചതും അദ്ദേഹം ചെല്ലുന്നതും വിദ്യാർത്ഥികൾ അറിഞ്ഞു. കോളേജ് ഡേ പോലുള്ള പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ കെ. പാനൂർ, എൻ. പ്രഭാകരൻ, സി.വി. ബാലകൃഷ്ണൻ, എൻ. ശശിധരൻ, അക്ബർ കക്കട്ടിൽ, ഇ.പി. രാജഗോപാലൻ, പുനത്തിൽ കുഞ്ഞബ്ദുള്ള തുടങ്ങിയ എഴുത്തുകാർ വന്നു. പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ വരുന്ന അതിഥികൾ എന്നതിനപ്പുറം അദ്ദേഹത്തെ നേരിട്ട് അറിയുന്നവരായിരുന്നു അവരെല്ലാവരും എന്നത് വിദ്യാർത്ഥികളെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. ഒരു നാൾ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ എന്ന സിനിമയും പ്രൊജക്റ്ററുമായി ഒഡേസ സത്യൻ വന്നു. കോളേജിന്റെ ചുമരിൽ പതിഞ്ഞ ആ സിനിമയിലെ പല രംഗങ്ങൾക്കിടയിൽ നിന്ന് നടൻ അടൂർ ഭാസി താറാവിനെ സ്‌നേഹത്തോടെ വളർത്തുകയും ഭക്ഷണ സമയം താറാവിറച്ചി കടിച്ചു വലിക്കുകയും ചെയ്തു.

ഫോട്ടോ : അരുൺ ഇൻഹാം.

കടൽക്കരയിലെ കോളേജിലെ കടൽക്കാഴ്ചയിലക്ക് തുറക്കുന്ന ക്ലാസ്‌റൂമിൽ നിന്നുകൊണ്ട് നോക്കുമ്പോൾ കടലിനക്കരെയുള്ള യൂറോപ്പിലേക്ക് തുറക്കുന്ന ഇംഗ്ലീഷ് കവിതകൾ അദ്ദേഹത്തിന്റെ ക്ലാസുകളിൽ കേൾക്കാൻ കഴിഞ്ഞു. ക്ലാസ് എടുക്കുന്നതിനിടയിൽ അദ്ദേഹം ക്ലാസ് റൂമിലെ തന്റെ ഇടങ്ങളിൽ കൃത്യമായ ചുവടുകളോടെ നടന്നുകൊണ്ട് നെറ്റിയിലേക്ക് വീഴാത്ത തലമുടി വലതു കൈ കൊണ്ട് നേരെയാക്കിക്കൊണ്ടിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലെ ചില ചിന്താധാരകളെ ആകാശത്തുനിന്ന് പറന്നിറങ്ങുന്ന പരുന്തുകൾ കാൽവിരലുകൾ മടക്കി പിടിക്കുന്ന രീതിയിൽ വലതു കൈ ചുമലിന്റെ ഉയരത്തേക്ക് ഉയർത്തി, വിരലുകൾ പ്രത്യേക രീതിയിൽ മടക്കിക്കാണിച്ചുകൊണ്ട് വിദ്യാർത്ഥികളിലേക്ക് പകർന്നു തന്നു. സമൂഹമാധ്യമത്തിലെ വീഡിയോയിലും വലതുകൈ കൊണ്ടുള്ള രീതി കണ്ട് പഴയ ക്ലാസ് റൂം ഓർമകൾ തിരിച്ചു വന്നു.

മുറിക്കൈയ്യൻ കളർ ഷർട്ടിൽ അദ്ദേഹം പ്രാഗത്ഭ്യമുള്ള നടനെ പോലെ തോന്നിച്ചു. ആ കാലങ്ങളിൽ തന്നെയാണ് അദ്ദേഹം പത്രാധിപരായി സംവാദം എന്ന പ്രസിദ്ധീകരണം ഇറങ്ങുന്നത്. സൈനുൽ ആബിദിന്റെ കവർ ഡിസൈനിംഗിൽ ഇറങ്ങിയ സംവാദം കവറുകളിൽ തന്നെ വ്യത്യസ്തത പുലർത്തി. ഒരു അധ്യാപകൻ ഒരുപാട് വർഷങ്ങളോളം ഒട്ടേറെ വിദ്യാർത്ഥികളുടെ അദ്ധ്യാപകനാണ്. അവയിൽ നിന്ന് ചെറിയൊരു ക്രോസ് സെക്ഷൻ മാത്രമേ ഒരു വിദ്യാർത്ഥിക്ക് ഒരു അദ്ധ്യാപകനെ പറ്റി പറയുവാൻ സാധിക്കൂ. അദ്ദേഹം ചില വേളകളിൽ കോളേജ് വരാന്തയിൽ നിന്ന് കടലിലേക്ക് നോക്കുന്നതായി കണ്ടിട്ടുണ്ട്. ഒട്ടേറെ വിദ്യാർത്ഥികൾക്ക് വഴികാട്ടിയാകാൻ കടൽത്തീരത്തിന്റെ ഒരു ഭാഗം വാടകക്ക് എടുക്കാൻ കഴിഞ്ഞ ഒരു അദ്ധ്യാപകനായിരുന്നു അദ്ദേഹം.

പഠിക്കുന്ന കാലത്ത് മനോജ് മേപ്പയിൽ എന്ന വിദ്യാർത്ഥി മലയാളം ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നുണ്ടായിരുന്നു. കോളേജിലെ ലൈബ്രറിയായിരുന്നു മനോജ് മേപ്പയിലിന്റെ ഇഷ്ട മേച്ചിൽപ്പുറം. മനോജ് മേപ്പയിൽ ലേഖനങ്ങളൊക്കെ എഴുതുന്ന വിദ്യാർത്ഥിയായിരുന്നു. ജേർണലിസം കോഴ്‌സ് കഴിഞ്ഞ് പിന്നീട് പത്രസ്ഥാപനത്തിൽ എത്തിച്ചേർന്നു. എം.പി. രാധാകൃഷ്ണൻ മാഷ് മനോജ് മേപ്പയിലിനെ കോളേജിന്റെ വരാന്തയിലും ഇടനാഴിയിലുമൊക്കെ വെച്ച് കാണുമ്പോഴൊക്കെയും എന്തോ ചിലതൊക്കെ സംസാരിച്ചശേഷം ചുമലിൽ വലതു കൈ കൊണ്ട് തട്ടുന്നതായി കാണാറുണ്ട്. എന്തുകൊണ്ടൊക്കെയോ ആ വലതുകൈ കൊണ്ടുള്ള ചുമലിലെ തട്ടൽ ഈയുള്ളവനും ലഭിക്കാറുണ്ടായിരുന്നു. എന്താണോ ചിന്തിക്കുന്നത് അതൊക്കെയും തുടർന്നും ചിന്തിക്കുക, എന്താണോ ചെയ്യുന്നത് അതൊക്കെയും തുടർന്നും ചെയ്തു കൊണ്ടിരിക്കുക എന്ന് പറയാതെ പറയുന്ന കൈ തട്ടലായിരുന്നു അവ. വലിയ കാര്യമായിരുന്നു ആ കൈ തട്ടലുകൾ എന്ന് പറയാതെ വയ്യ. ഓർക്കുമ്പോൾ മനസ്സിൽ നിറവ് തരുന്ന സ്‌നേഹസ്പർശമാണത്.

മഹാത്മ കോളേജ് തലശ്ശേരി കടപ്പുറത്ത് നിന്നും മറ്റൊരിടത്തേക്ക് മാറി. വിദ്യാർത്ഥികളും അദ്ധ്യാപകരും പോയതോടെ കടപ്പുറത്തെ പാണ്ട്യാലകൾ കച്ചവട ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ തുടങ്ങി

മഹാത്മ കോളേജിലെ പഠന കാലം സിനിമയിൽ എ.ആർ. റഹ്‌മാനൊക്കെ സംഗീത സംവിധാനത്തിന്റെ തുടക്കകാലത്ത് വിസ്മയം തീർക്കുന്ന കാലമാണ്. തൊണ്ണൂറുകളുടെ പാതി മുതലുള്ള കാലമെന്ന് ഏതാണ്ട് അടയാളപ്പെടുത്താം. എം.പി. രാധാകൃഷ്ണൻ മാഷ് കാലങ്ങളെ അമ്പതുകൾ, അറുപതുകൾ, എഴുപതുകൾ എന്നൊക്കെയാണ് തിരിക്കുന്നതായി കാണുന്നത്. തലശ്ശേരി എന്ന നഗരം സാക്ഷ്യം വഹിച്ച ഒട്ടേറെ സംഭവങ്ങളുടെ കാലം കൂടിയാണത്. പക്ഷേ ഈയുള്ളവന്റെ യൗവ്വനങ്ങളിൽ സമര ചരിത്രങ്ങൾ അത്രയൊന്നുമില്ല. പലതും നടക്കുമ്പോൾ ഓരം ചേർന്ന് നടന്നു പോയ ഒരാൾ മാത്രമാണ്. അതിനാൽ കൂടിയാണ് കാലത്തെ സിനിമയോട് ചേർത്ത് കെട്ടാൻ ശ്രമിക്കുന്നത്. ആ കാലത്ത് മമ്മൂട്ടിയുടെ ഇൻസ്‌പെക്ടർ ബൽറാം എന്ന സിനിമയുടെ ഷൂട്ടിംഗ് തലശ്ശേരിയിൽ നടക്കുന്നുണ്ട്. മമ്മൂട്ടി ഒരു വസ്ത്ര സ്ഥാപനം തലശ്ശേരിയിൽ ആൾത്തിരക്കിനിടയിലൂടെ ചെന്ന് ഉദ്ഘാടനം ചെയ്യുന്നുണ്ട്. കാലത്തെ അടയാളപ്പെടുത്താൻ എളുപ്പത്തിനായി പറയുന്നതാണ്. രംഗീല എന്ന ഹിന്ദി സിനിമ ഇറങ്ങിയ കാലത്താണ് കെ. പാനൂർ കോളേജ് ഡേ ഉദ്ഘാടനം ചെയ്യാൻ വരുന്നത്. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ആ സിനിമയെ പറ്റി പറയുന്നത് നല്ല ഓർമ്മയുണ്ട്. സിനിമാ തീയേറ്ററുകളിൽ തിരക്കുള്ള കാലമാണ്. രംഗീല സിനിമയിലെ നായകനെ പോലെ ബ്ലാക്കിൽ ടിക്കറ്റ് വിൽക്കുന്നവർ പോലും ഏതൊരു നഗരത്തിലെയും തീയേറ്ററുകളിൽ എന്ന പോലെ തലശ്ശേരിയിലെ തീയേറ്ററുകളിലുമുണ്ടായിരുന്നു. പിന്നീടെപ്പോഴോ തീയേറ്ററുകളിലെ അത്തരം ആരവങ്ങൾ അടങ്ങി. ബ്ലാക്കിൽ ടിക്കറ്റുകൾ വിൽക്കുന്നവരെ കാണാതായി.

ഫോട്ടോ : അരുൺ ഇൻഹാം.

അതേ പോലുള്ള തിരക്കില്ലായ്മകൾ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്നീടുണ്ടായി. പ്രൊഫഷണൽ കോഴ്‌സുകളിലേക്ക് വിദ്യാർത്ഥികളിൽ പലരും ആകർഷിക്കപ്പെട്ടു തുടങ്ങി. സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളെ ചെറുതായെങ്കിലും അതൊക്കെ ബാധിച്ചു എന്ന് തോന്നുന്നു. വിദ്യാർത്ഥികളെ ആകർഷിക്കാൻ മാറ്റങ്ങൾക്ക് ഒപ്പം കൈകോർക്കുന്ന പുത്തൻ കോഴ്‌സുകൾ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കണ്ടെത്തേണ്ടതായി വന്നു. മഹാത്മ കോളേജ് തലശ്ശേരി കടപ്പുറത്ത് നിന്ന്​ മറ്റൊരിടത്തേക്ക് മാറി. വിദ്യാർത്ഥികളും അദ്ധ്യാപകരും പോയതോടെ കടപ്പുറത്തെ പാണ്ട്യാലകൾ കച്ചവട ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ തുടങ്ങി. ഒരു കാലം ചുമട്ടുതൊഴിലാളികളായി മാപ്പിളപ്പാട്ട് ഗായകരായ എരഞ്ഞോളി മൂസയും എം. കുഞ്ഞിമൂസയുമൊക്കെ കൈവണ്ടി വലിച്ചിരുന്ന തലശ്ശേരിയിലെ പാണ്ട്യാല റോഡിലൂടെ വിദ്യാർത്ഥികളുടെ കൂട്ടായുള്ള സംസാരങ്ങളുടെ സംഗീതം കേൾക്കാതായി. അവർ പുസ്തകങ്ങൾ വാങ്ങാൻ കയറിയിരുന്ന ആ പരിസരത്തെ പുസ്തകശാലകളും അതോടെ ഇല്ലാതായി.

ചിലപ്പോഴൊക്കെ പഴയ ഓർമ്മകൾക്കൊപ്പം ആ പരിസരത്ത് ചെല്ലുമ്പോൾ കൂട്ടുകാർക്കൊപ്പം യൗവ്വനം കഴിഞ്ഞു പോയ ഇടമെന്ന ചിന്ത ഒപ്പം വരും. മഹാത്മ കോളേജ് നിൽക്കുന്ന ഇടത്ത് ഇപ്പോൾ പാത്രങ്ങളുടെ ഗോഡൗണാണ്. തലശ്ശേരിയിലെ ഒരു പുസ്തകശാലയിൽ വെച്ച് കണ്ടപ്പോൾ എം.പി. രാധാകൃഷ്ണൻ മാഷെ കണ്ടപ്പോൾ പഴയ തലശ്ശേരിയെയും അക്കാലത്തെ കൂട്ടായ്മകളെയുമൊക്കെ പറ്റി പറയുന്ന കൂട്ടത്തിൽ അതിൽ മാഷും ഒരു കഥാപാത്രമായിരുന്നില്ലേ എന്ന് അറിയാതെ ചോദിച്ചു പോയപ്പോൾ ചിരിച്ചു കൊണ്ട് അദ്ദേഹം തിരക്കി; ‘നീ എന്നെ ഒരു കഥാപാത്രമായാണല്ലേ കാണുന്നത്?'
‘അല്ല. ഒരിക്കലുമല്ല.’

എം.പി.രാധാകൃഷ്ണൻ മാഷ് അദ്ദേഹത്തിന്റെ എഴുപതുകളിൽ ചെയ്ത വീഡിയോക്ക് താഴെ പ്രായമാകുന്നു എന്ന് എഴുതി കണ്ട അഭിപ്രായത്തിൽ തട്ടി തെല്ലുനേരം നിന്നുപോയിട്ടുണ്ട്.

എം.പി.രാധാകൃഷ്ണൻ മാഷുടെ അടുത്തേക്ക് വരുമ്പോൾ ജോൺ മിൽട്ടന്റെ പാരഡൈസ് ലോസ്റ്റ് എന്ന അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. സ്വർഗ്ഗത്തിൽ നിന്ന് പുറത്തായിരുന്നു. മാനസികവ്യഥകളുടെ തുടക്കത്തിന്റെ ലക്ഷണങ്ങൾ കാണിച്ച കാലം പോലുമായിരുന്നത്രെ ആ സ്വർഗ നഷ്ടങ്ങൾ. അക്കാലത്തെ അന്തർമുഖത്വം. ഒറ്റ തിരിഞ്ഞ നടത്തം. അങ്ങനെ പലതും. ഒരു പക്ഷേ പഴയ കെട്ടിടത്തിന്റെ ഏതെങ്കിലും വാതിലോ തിരിവുകളോ മറഞ്ഞ് തെറ്റ് ചെയ്യുന്നവൻ എന്ന മുൻവിധികളുമായി സ്ഥാപന മേധാവി എന്ന അധികാരത്തോടെ തറപ്പിച്ച് നോക്കിയിരുന്നെങ്കിൽ സ്വർഗ്ഗത്തിൽ നിന്ന് പുറത്തേക്ക് പതിക്കുമ്പോൾ ഒടിഞ്ഞ ചിറകുകൾ കൂടുതൽ ഒടിയുമായിരുന്നു. എന്റെ ഒടിഞ്ഞ ചിറകുഭാഗങ്ങളിലായിരുന്നു അക്കാലങ്ങളിൽ സ്‌നേഹത്തോടെയും കരുതലോടെയും തൊട്ടത്. വായനാ ദിനത്തിൽ ചെയ്ത വീഡിയോയിൽ പൊന്നുമക്കളേ എന്ന് വിളിക്കുമ്പോൾ ഈയുള്ളവനും മനസ്സ് കൊണ്ട് വിളി കേൾക്കുന്നത് അതുകൊണ്ടൊക്കെയാണ്.

എം.പി.രാധാകൃഷ്ണൻ മാഷ് അദ്ദേഹത്തിന്റെ എഴുപതുകളിൽ ചെയ്ത വീഡിയോക്ക് താഴെ പ്രായമാകുന്നു എന്ന് എഴുതി കണ്ട അഭിപ്രായത്തിൽ തട്ടി തെല്ലുനേരം നിന്നുപോയിട്ടുണ്ട്. ക്ഷുഭിത യൗവ്വനം എന്നൊക്കെ പറഞ്ഞു കേൾക്കുന്ന ഒരു കാലത്ത് യൗവ്വനം താണ്ടി വന്ന ഒരു വ്യക്തിക്ക് പ്രായമാകുമോ? അമിതാഭ് ബച്ചന് സത്യത്തിൽ പ്രായമാകുന്നുണ്ടോ? തീർച്ചയായും സംശയമുള്ള കാര്യമാണ്. ▮


അരുൺകുമാർ പൂക്കോം

എഴുത്തുകാരൻ. പൊലീസ് വകുപ്പിൽ മിനിസ്റ്റീരിയൽ വിഭാഗത്തിൽ ജോലി ചെയ്യുന്നു. ജനനത്തിനും മരണത്തിനും ഇടയിൽ ഓർത്തുവെക്കാൻ ചിലത് എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments