നെല്ലിക്കുന്ന് യു.പി. സ്‌കൂൾ

ഏട്ടിലില്ലാത്ത പാഠങ്ങളും പിള്ള മനസ്സിലെ കള്ളങ്ങളും

കോഴ്സ് കഴിഞ്ഞ് അധികം വൈകാതെ മറ്റൊരു വാർത്ത കുട്ടികൾ അറിയിച്ചു, നമ്മുടെ പയ്യൻ ഒരു സ്‌കൂൾവിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ ജയിലിലാണ്.

ചിരിയും കളിയും കണ്ണീരും അമ്പരപ്പുകളുമായി പിന്നിട്ട 28 വർഷത്തെ അധ്യാപകജീവിതത്തിൽ ഞാൻ പഠിപ്പിച്ചതോ എന്നെ പഠിപ്പിച്ചതോ കൂടുതലെന്ന് അറിയില്ല. ആറു വയസ്സുകാരി മുതൽ അമ്പത്താറു വയസ്സുകാരൻ വരെ നിരന്നിരിക്കുന്ന ഒരു വലിയ ക്ലാസ്മുറിയാണ് മനസ്സിൽ തെളിയുന്നത്. അധ്യാപകജീവിതത്തിലെ അനുഭവപാഠങ്ങൾ അനന്തവും വിപുലവും!.

നെല്ലിക്കുന്ന് യു.പി. സ്‌കൂളിലെ ഒന്നാം തരത്തിൽ എ.ഇ.ഒ.യുടെ സന്ദർശനത്തിന് മുന്നോടിയായി കുട്ടികളെ ഒരുക്കുകയാണ്. ഒരുക്കം ഒരിത്തിരി കൂടുതലാണെന്ന് മനസ്സിലാക്കിത്തന്നത് ആഷിഖ് ആണ്. അവന്റെ ഒരൊറ്റ ചോദ്യത്തിൽ എല്ലാം കുത്തിയൊലിച്ചു: ""മൻസൻ തന്നെയല്ലേ വരുന്നത്?!'' അതേ. ഞാനോർത്തു, മനുഷ്യനായ എ.ഇ.ഒ., മനുഷ്യക്കുഞ്ഞുങ്ങളെ കാണാൻ വരുന്നതിൽ മനുഷ്യനായ ഞാൻ അവരെ പേടിപ്പിക്കുന്നത് എന്തിന്?!.

"നായിന്റെമോനേ' എന്ന വിളിക്ക് അടുപ്പത്തിന്റെയും തുറസ്സിന്റെയും വാമൊഴിയിണക്കമേറും. "ബർത്താന'ത്തിന്റെ ലളിതസാധാരണത്വമാണ് കാസർകോട്ടെ നെല്ലിക്കുന്നിന്റെ സാംസ്‌കാരികപരിസരങ്ങളിലുണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞിട്ടും അന്നു അതു കേട്ടതിന്റെ ഞെട്ടൽ ഓർക്കുന്നു. ബോർഡിൽ കൊടുത്ത കണക്കുകൾക്ക് ഉത്തരം കാണുന്ന തിരക്കിൽ ഒന്നാംക്ലാസ് ആകെ നിശ്ശബ്ദമാണ്. ചെറിയ കാറ്റിൽ പാറിയ ചോക്കു പൊടിയുടെ ചുംബനത്തിൽ ഞാൻ ഉച്ചത്തിൽ ഒന്ന് തുമ്മി, പലരും ഞെട്ടി. കണ്ണു തുറക്കും മുമ്പേ ചിടുങ്ങൻ സന്ദീപിന്റെ പ്രതികരണം.

ബോധനപാഠങ്ങളിൽ പറയുന്ന ശിശുമനസ്സ്​ എത്ര സങ്കീർണവും കൂടിയാണെന്നു മനസ്സിലാക്കാൻ അധികം വൈകാതെ കഴിഞ്ഞു. പിള്ളമനസ്സിലും കള്ളമുണ്ടെന്നു തന്നെ പിടികിട്ടാൻ കുറച്ചു നേരം അവരോടൊപ്പമിരുന്നാൽ മതി

"പേടിച്ചോയല്ലോ നായിന്റെ മോനെ!'
ചിരിക്കണോ കരയണോ എന്നുറപ്പില്ലാതെ ഗൗരവക്കാരനായി ഞാൻ!
വീട്ടിൽ താൻ പരിചയിച്ച സന്ദർഭം ക്ലാസിലും നിഷ്‌കളങ്കമായി പ്രയോഗിച്ചതാണെങ്കിലും നമ്മുടെ പരമ്പരാഗത വരേണ്യമൂല്യ സദാചാരങ്ങൾക്ക് അതുൾക്കൊള്ളാൻ പ്രയാസമായിരുന്നു. എങ്കിലും അത്തരം അടിസ്ഥാനങ്ങളൊക്കെ നിരന്തരം പുതുക്കാൻ കുട്ടികൾ നമ്മെ നിർബന്ധിതരാക്കുന്നു.

കുഞ്ഞുങ്ങളിലെ നിഷ്‌കളങ്കത എത്രത്തോളം വിശ്വാസ്യമാണ് ? ബോധനപാഠങ്ങളിൽ പറയുന്ന ശിശുമനസ്സ്​ എത്ര സങ്കീർണവും കൂടിയാണെന്നു മനസ്സിലാക്കാൻ അധികം വൈകാതെ കഴിഞ്ഞു. പിള്ളമനസ്സിലും കള്ളമുണ്ടെന്നു തന്നെ പിടികിട്ടാൻ കുറച്ചു നേരം അവരോടൊപ്പമിരുന്നാൽ മതി. അവരുടെ കളവുകൾക്കും സാമർത്ഥ്യമുണ്ട്. അവ പലപ്പോഴും അമ്പരപ്പിച്ചിട്ടുമുണ്ട്. രണ്ടാം തരത്തിലെ ജുനൈദ്, തന്റെ നെഞ്ചിലും വയറ്റിലും ഫായിസ് കുത്തിയെന്ന പരാതിയുമായി എന്റടുക്കൽ വരുന്നു. ഞാൻ ഫായിസിനോട് കാര്യം തിരക്കുന്നു. വളരെ കൂളായി അപ്പോൾ അവൻ "സാറേ ഞാനല്ല, അവനെന്നെ കുത്തിയിട്ട് സാറിനോട് കളവു പറയുകയാണ് ' ഇതുകേട്ട് ജുനൈദ് അക്ഷരാർത്ഥത്തിൽ ഞെട്ടുന്നത് കണ്ട് ഞാനും മറ്റു കുട്ടികളും അമ്പരന്നു പോയിട്ടുണ്ട്. ജൂനിയർ റെഡ്ക്രോസിലൂടെ ഫായിസിനെ കളവുശീലങ്ങളിൽനിന്ന് മോചിപ്പിക്കാനായെങ്കിലും ജുനൈദിന്റെ കൊച്ചു മുഖത്തെ ഞെട്ടൽ കാലം മായ്ക്കാത്ത ഓർമ്മയാണ്.

മുതിരിപ്പറമ്പ് സ്‌കൂളിലെ ഒന്നാംതരത്തിലെ ഫെമിനയുടെയും ഫാരിസയുടെയും മധുരമായ ചങ്ങാത്തത്തിന്റെ ആഴം എനിക്കിനിയും അളക്കാൻ കഴിയാത്ത ഒന്നാണ്. അവർക്കിടയിലേക്ക് മൂന്നാമതൊരാൾക്ക് പ്രവേശനമില്ല. അവർക്ക് ഒരു കാര്യത്തിനും മറ്റൊരാളേയും വേണ്ട. ഒരുമിച്ചല്ലാതെ കാണാനാകില്ല. മറ്റാരോടും മനസ്സ് തുറക്കാറുമില്ല. ഈ പൊതിയാത്തേങ്ങകൾ എനിക്ക് പിടിതരാതെ രണ്ടാം തരത്തിലെത്തി. പിന്നീടൊരിക്കൽ ഞങ്ങൾ അദ്ധ്യാപകർ സ്റ്റാഫ് റൂമിൽ ഇരിക്കെ, രണ്ടാം തരത്തിലെ ക്ലാസ് ടീച്ചർ പരിഭ്രമിച്ചോടിവന്ന് എല്ലാവരോടുമായി വിളിച്ചു പറഞ്ഞു; ""എന്റെ ക്ലാസ്സിലെ രണ്ട് പെൺകുട്ടികളെ സ്‌കൂളിനടുത്തെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അന്യനാട്ടുകാരൻ കസേരയിൽ കെട്ടിയിട്ടു. അവർ അയാളുടെ കണ്ണുവെട്ടിച്ച് കെട്ടഴിച്ച് ഓടിരക്ഷപ്പെട്ട് വന്നിരിക്കുകയാണ് ഒന്നും പറ്റിയിട്ടില്ല''. സ്‌കൂളിന്റെ പുറകുവശത്ത് തിരുവനന്തപുരത്തുകാരനായ പുരുഷനും സ്ത്രീയും താമസം തുടങ്ങിയിരുന്നു. അവർക്കു കുട്ടികളുണ്ട് പക്ഷേ ആരും കണ്ടിട്ടില്ല. നാട്ടിലാണെന്നാണ് കേട്ടിരിക്കുന്നത്. ഇന്റീരിയർ ഡിസൈനിംഗാണ് തൊഴിലെന്നും കേട്ടിരുന്നു. അവരെപ്പറ്റി എതൊരു നാട്ടിൻപുറത്തും സ്വാഭാവികമായ ചില സംശയങ്ങളും ദുരൂഹതകളും പരിസരത്തു നിലനിന്നിരുന്നു. ചെറുപ്പക്കാരായ അധ്യാപകർ ഉടനെ അയാളുടെ ക്വാർട്ടേഴ്സിലേക്ക് വെച്ചുപിടിച്ചു. അയാൾ അവിടെത്തന്നെ ഉണ്ട്. പക്ഷേ, ഒന്നും സമ്മതിക്കുന്നില്ല. വലിയ വാക്കേറ്റം, ഭീഷണി, തെറി വിളി ആകെ ജഗപൊക. തിരിച്ചുവന്ന് പെൺകുട്ടികളെ വിളിച്ച് വിശദമായി അന്വേഷിച്ചു. നമ്മുടെ ഫെമിനയും ഫാരിസയുമാണ് കഥാപാത്രങ്ങൾ. മാറിമാറി ചോദ്യംചെയ്തപ്പോൾ അവരുണ്ടാക്കിയ കള്ളക്കഥ പൊളിഞ്ഞു. അധ്യാപകർ വലിയ പ്രശ്നത്തിലുമായി. സ്‌കൂളിലെത്താൻ നേരം വൈകിയപ്പോൾ ടീച്ചറുടെ വഴക്കു കേൾക്കാതിരിക്കാൻ അവരുണ്ടാക്കിയ കള്ളക്കഥയായിരുന്നു അത്. സ്‌കൂൾ നിന്ന പ്രദേശം മുസ്ലിംലീഗിന്റെ കോട്ടയും സ്‌കൂൾ അധ്യാപകർ ഇടതുപക്ഷ അനുഭാവ സംഘടനയിലെ അധ്യാപകരും ആയതിനാൽ പ്രശ്നം പെട്ടെന്ന് രാഷ്ട്രീയമായി ആളിക്കത്തി. പലരെയും ഇടപെടുവിച്ചാണ് അവസാനം ഒത്തുതീർപ്പിലെത്തിക്കാൻ ആയത്.

കുറുപ്പുംപടി ഡയറ്റ് ലാബ് യു. പി സ്‌കൂളിലെ ദളിതരും ദരിദ്രരുമായ വിദ്യാർഥികൾക്ക് യഥാർത്ഥ ജീവിതസന്ദർഭത്തിന്റെ നേരനുഭവങ്ങൾ ഒരുക്കിക്കൊടുത്തപ്പോൾ പിറന്ന വിസ്മയകരമായ ഭാഷാരചനകൾ കണ്ട് കണ്ണിൽ വെള്ളം നിറഞ്ഞിട്ടുണ്ട്.

സർവീസിലിരിക്കെ ലീവെടുത്താണ് മലപ്പുറത്തുനിന്ന് ബി.എഡ് പൂർത്തിയാക്കുന്നത്. ക്ലാസിൽ അങ്ങനെ നാലഞ്ചു പേർ ഉണ്ടായിരുന്നു. ക്ലാസിലെ മറ്റു വിദ്യാർഥികൾക്ക് അവരെക്കാൾ അല്പം മുതിർന്ന, അധ്യാപകരായ ഞങ്ങളോട് വളരെ ബഹുമാനവും സ്നേഹവും ആയിരുന്നു. ഗോപി പുതുക്കോട് സാറായിരുന്നു മലയാളത്തിന്റെ ട്യൂട്ടർ. ടീച്ചിംഗ് പ്രാക്ടീസ് സമയത്ത് ഞാനും സുഹൃത്ത് ബിജു മാഷും കൂടി മറ്റു കുട്ടികളെ ഒന്നു പറ്റിക്കാൻ തീരുമാനിച്ചു. ടീച്ചിംഗ് പ്രാക്ടീസിനിടയ്ക്ക് ഞങ്ങൾ ചില ദിവസങ്ങളിൽ ഞങ്ങളുടെ സ്‌കൂളിൽ നിന്ന് മുങ്ങി സഹപാഠികളുടെ ടീച്ചിംഗ് പ്രാക്ടീസ് നടക്കുന്ന വിദ്യാലയങ്ങൾ സന്ദർശിക്കാൻ തുടങ്ങി. കോട്ടക്കൽ രാജാസിലാണ് ഒടുവിൽ ചെന്നത്. ഗോപിസാർ, നിങ്ങളുടെ ക്ലാസ്സ് പരിശോധിക്കാൻ ഞങ്ങളെ ചുമതലപ്പെടുത്തിയിരിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിച്ചാണ് സന്ദർശനം. സഹപാഠി ഷീജ പാങ്ങാട് ഞങ്ങൾക്കു മുമ്പിൽ ചാർട്ടുകളും കവിതാലാപനവുമായി പരിഭ്രമത്തോടെ ക്ലാസ്സെടുത്തുകൊണ്ടിരുന്നു. ഞങ്ങൾ പുറകിൽ ഗമയിലിരുപ്പാണ്!. മാർക്കിടാൻ പേപ്പറുമുണ്ട്. അങ്ങനെയിരിക്കെ വരാന്തയിലൂടെ ധൃതിയിൽ ക്ലാസിലിലേക്കൊരാൾ വരുന്നു. സാക്ഷാൽ ഗോപി സാർ. ഞങ്ങൾ രണ്ടുപേരും ഏതു കണ്ടം വഴിയാണ് ഓടി രക്ഷപ്പെട്ടതെന്ന് ഞങ്ങൾക്കുപോലും അറിയില്ല.

എന്നിലെ അധ്യാപകനെ പരിശീലിപ്പിക്കുകയും പരിവർത്തിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്ത കാലമാണ് ഡയറ്റ് ഫാക്കൽറ്റിയായി എറണാകുളത്ത് ജോലി ചെയ്ത സമയം. അക്കാദമിക പ്രവർത്തനങ്ങളോട് ഭ്രാന്തമായ അഭിനിവേശം പുലർത്തുന്ന ജെയിംസ് സാറിനോടും ജയശ്രീ ടീച്ചറോടും ശിഷ്യപ്പെടാൻ കഴിഞ്ഞതാണ് പ്രധാന വഴിത്തിരിവായത്. കുറുപ്പുംപടി ഡയറ്റ് ലാബ് യു. പി സ്‌കൂളിലെ ദളിതരും ദരിദ്രരുമായ വിദ്യാർഥികൾക്ക് യഥാർത്ഥ ജീവിതസന്ദർഭത്തിന്റെ നേരനുഭവങ്ങൾ ഒരുക്കിക്കൊടുത്തപ്പോൾ പിറന്ന വിസ്മയകരമായ ഭാഷാരചനകൾ കണ്ട് കണ്ണിൽ വെള്ളം നിറഞ്ഞിട്ടുണ്ട്. കുഞ്ഞുണ്ണിമാഷുടെ കാവ്യസമാഹാരം രണ്ടുപേജ് കാലിയാക്കി നിർത്തി ആറാം തരത്തിലെ എല്ലാ കുട്ടികൾക്കും നൽകി അവരോട് അതിൽ അവതാരിക എഴുതാൻ പറഞ്ഞപ്പോൾ പിറന്ന അവതാരികകൾ, അരയ്ക്കുതാഴെ ശാരീരിക പരിമിതികളുള്ള, രണ്ടടി പൊക്കം പോലുമില്ലാത്ത, ജോബി മാത്യു എനിക്കൊരു പാഠപുസ്തകായിരുന്നു. നിരവധി റെക്കോർഡുകൾ സ്വന്തം പേരിൽ സ്ഥാപിച്ച, പ്രസരിപ്പും ഇച്ഛാശക്തിയും നിറഞ്ഞ വ്യക്തിത്വം. അദ്ദേഹം അവരുടെ ക്ലാസ്സിൽ വന്നു അവരുമായി സംവദിച്ചു. ശേഷം അവരെഴുതിയ ഫീച്ചറുകൾ ജോബി മാത്യുവിനെ പോലും കരയിപ്പിച്ചു. ഇന്നും മറക്കാത്ത ഒരോർമ!

മൂന്നാർ ഗവൺമെന്റ് കോളേജിൽ നിയമനം കിട്ടി മലയാളം ക്ലാസിൽ ചെന്നപ്പോഴാണ് പുതുമയുള്ള ഒരു പേര് ശ്രദ്ധയിൽപ്പെട്ടത്. ഗ്ലോസ് നോസ്റ്റിൻ എന്ന ശാന്തനായ മെലിഞ്ഞ കുട്ടി. വിനയവും ഹൃദ്യമായ പെരുമാറ്റവും കൊണ്ട് എല്ലാവരുമായി വേഗം കൂട്ടാവുന്ന അടിമാലിക്കാരൻ. വിവാഹശേഷം ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായ ഭാര്യയെ ബാലനായ മകനോടൊപ്പം നിഷ്‌കരുണം ഉപേക്ഷിച്ച് കടന്നുകളഞ്ഞ പിതാവ്. സ്‌കൂളിൽ പഠിക്കുമ്പോഴേ അമ്മയുടെ പരിചരണവും കുടുംബത്തിന്റെ ഭാരവും തോളിലേറ്റി വിസ്മയിപ്പിച്ച കൗമാരക്കാരൻ റബർ ടാപ്പിംഗിൽ തുടങ്ങി ഈസ്റ്റേൺ കറി പൗഡർ കമ്പനിയിലും എ.ടി.എമ്മിൽ പണം നിറക്കുന്ന കരാറിലും ഇൻവർട്ടറിന്റെ സെയിൽസ്മാൻ ജോലിയിലുമൊക്കെയായി അങ്ങനെയങ്ങനെ കുടുംബം പുലർത്താൻ ചെയ്യാത്ത ജോലികൾ ഇല്ല. ഈശ്വരവിശ്വാസവും കഠിനാധ്വാനവും കൊണ്ട് വെല്ലുവിളികളെ അനായാസം അതിജീവിക്കുന്ന, മുതിർന്നവരേക്കാൾ വലിയ ജീവിതപാഠമായ അവൻ ഇന്നും സുഹൃത്താണ്!.

വിദ്യാഭ്യാസസ്ഥാപനങ്ങൾ വ്യാപകമായിട്ടും ജയിൽ നിറഞ്ഞുകിടക്കുന്നുണ്ടെങ്കിൽ അതിനർത്ഥം നമ്മുടെ വിദ്യാഭ്യാസവും ഞാനടക്കമുള്ള അധ്യാപകരും ഏതൊക്കെയോ നിലയ്ക്കു പരാജയമാണെന്നല്ലേ എന്നോർത്തു പോകുന്നു

കൊടുങ്ങല്ലൂർ ഗവൺമെന്റ് കോളേജിലെ പഴയ ഒരു എം.എ. വിദ്യാർഥി അധ്യാപകരുടെ സ്നേഹവും പരിഗണനയും ആവോളം കിട്ടിയ പയ്യൻ. അമ്മയില്ലാത്ത അവന് വീടായ അദ്ധ്യാപികമാർ. എന്നിട്ടും നിസ്സാര പ്രശ്നങ്ങൾ കുത്തിപ്പൊക്കി അവരെ വല്ലാതെ വേദനിപ്പിക്കാനവനു മടിയല്ലായിരുന്നു. കോളേജിൽ ആർട്സ് ഡേ നടക്കുന്ന ദിവസം. അവൻ ടീച്ചേർസുമായി തമാശകൾ പറഞ്ഞു നിൽക്കെ പെട്ടെന്ന് കാണാതാവുന്നു. ഒട്ടും വൈകിയില്ല യൂണിയൻ ചെയർമാൻ എന്നെ ഫോണിൽ വിളിച്ച്, മാഷിന്റെ ഡിപ്പാർട്ട്മെന്റിലെ ഈ പയ്യൻ അവരുടെ ആർട്സ് സെക്രട്ടറിയെ മർദ്ദിച്ച് പരിക്കേൽപ്പിക്കുന്നതായി പറഞ്ഞപ്പോൾ ഓടി മൂന്നാം നിലയിലെ ഓഡിറ്റോറിയത്തിൽ എത്തിയെങ്കിലും അപ്പോഴേക്കും അവനും സംഘവും അവിടെ നിന്ന് സ്ഥലംവിട്ടിരുന്നു. രംഗം ശാന്തമാക്കി തിരിച്ചു ഡിപ്പാർട്ട്മെന്റിൽ വന്നപ്പോൾ ഈ പയ്യൻ യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ അവിടെ ടീച്ചേഴ്സിന് കൂടെ തമാശ പറഞ്ഞുല്ലസിച്ചുകൊണ്ടിരിക്കുന്ന രംഗം കണ്ട് ഞാൻ അത്ഭുതപ്പെട്ടു. എന്റെ ദൈവമേ ഇതെങ്ങനെ സാധിക്കുന്നു, ഇത്രയ്ക്ക് മനക്കരുത്ത്!? ഒരുത്തനെ കൊല്ലാക്കൊല ചെയ്തിട്ട് യാതൊരു മാനസികസമ്മർദ്ദവും ഇല്ലാതെ ചിരിച്ചുല്ലസിക്കുക!. കോഴ്സ് കഴിഞ്ഞ് അധികം വൈകാതെ മറ്റൊരു വാർത്ത കുട്ടികൾ അറിയിച്ചു, നമ്മുടെ പയ്യൻ ഒരു സ്‌കൂൾവിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ ജയിലിലാണ്. വിദ്യാഭ്യാസസ്ഥാപനങ്ങൾ വ്യാപകമായിട്ടും ജയിൽ നിറഞ്ഞുകിടക്കുന്നുണ്ടെങ്കിൽ അതിനർത്ഥം നമ്മുടെ വിദ്യാഭ്യാസവും ഞാനടക്കമുള്ള അധ്യാപകരും ഏതൊക്കെയോ നിലയ്ക്കു പരാജയമാണെന്നല്ലേ എന്നോർത്തു പോകുന്നു. ഇടനെഞ്ചിൽ കല്ലേറ്റിയ ഭാരം തോന്നുന്നു. മറ്റേതോ വിധമായിരുന്നോ എല്ലാം വേണ്ടിയിരുന്നത്!.. അതിനിനി സമയമുണ്ടോ?!... ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. മുഹമ്മദ് ബഷീർ കെ. കെ.

കൊടുങ്ങല്ലൂർ കെ.കെ.ടി.എം​ ഗവ. കോളേജിലെ മലയാളം വിഭാഗത്തിൽ അസിസ്​റ്റൻറ്​ പ്രൊഫസർ. ഗവേഷണ ജേണലുകളിൽ പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015 മുതൽ മലയാളവിഭാഗത്തിൽ നിന്ന്​ പ്രസിദ്ധീകരിക്കുന്ന മലയാളപ്പച്ച അർദ്ധവാർഷിക റിസർച്ച് ജേണൽ, KKTM Cognizance വാർഷിക റിസർച്ച് ജേണൽ എന്നിവയുടെ ചീഫ് എഡിറ്റർ. അറബിമലയാളത്തിൽ നിന്ന് മലയാളത്തിലേക്ക് ലിപ്യന്തരണം നടത്തിയ നാലുനോവലുകളുടെ എഡിറ്റർ.

Comments