Photo : Muhammed Fasil

വരുൺ, തിരിച്ചറിവിന്റെ ഒരു പാഠം

ഓട്ടിസമുള്ള കുട്ടിയാണ് വരുൺ എന്ന് എനിക്ക് ഒറ്റനോട്ടത്തിൽ മനസ്സിലായി. നാളെ മുതൽ ബസിൽ വന്നുകൊള്ളാൻ ഞാൻ അനുമതിയും നൽകി. പിറ്റേ ദിവസം മുതൽ എന്റെ മടിയിലിരുന്നായിരുന്നു വരുണിന്റെ സ്‌കൂളിലേക്കുള്ള യാത്ര. എട്ടാം ക്ലാസുകാരന്റെ പുസ്തകസഞ്ചിയിൽ പുസ്തകങ്ങളോ, നോട്ടുബുക്കുകളോ ഇല്ലെന്ന കാര്യം എന്നെ അതിശയിപ്പിച്ചിരുന്നു

സ്‌കൂൾ തുറന്ന ആദ്യ ആഴ്ചയിലാണ് വരുണിനെയും കൊണ്ട് അവന്റെ അച്ഛൻ എന്നെ കാണാൻ വരുന്നത്. പുതിയതായി അനുവദിച്ച സ്‌കൂൾ ബസിൽ ഹൈസ്‌കൂൾ വിഭാഗം കുട്ടികളാണ് കൂടുതൽ യാത്രക്കാരെങ്കിലും ഹയർസെക്കൻഡറി അധ്യാപകനായ എന്നെയാണ് സ്റ്റാഫ് മീറ്റിങ്ങിൽ എല്ലാവരും ചേർന്ന് നിർബന്ധിച്ച് ചുമതല ഏൽപ്പിച്ചിരിക്കുന്നത്. സ്‌കൂൾ ബസിന്റെ ചാർജ്ജുള്ള അധ്യാപകനെ അന്വേഷിച്ചാണ് വരുണിന്റെ അച്ഛൻ വന്നിരിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അവനും സ്‌കൂൾ ബസിൽ കയറണം.

"ഇവൻ വയ്യാത്ത കുട്ടിയാ സാറെ, എനിക്ക് കൂലിപ്പണിയാ, ഭാര്യക്കാണെൽ അസുഖവും, ഫീസ് ഇല്ലാതെ ബസിൽ വരുണിനെ കേറ്റുമോ സാറേ' ഒറ്റ ശ്വാസത്താൽ അച്ഛൻ പറഞ്ഞു നിർത്തി.

ഓട്ടിസമുള്ള കുട്ടിയാണ് വരുൺ എന്ന് എനിക്ക് ഒറ്റനോട്ടത്തിൽ മനസ്സിലായി. നാളെ മുതൽ ബസിൽ വന്നുകൊള്ളാൻ ഞാൻ അനുമതിയും നൽകി. പിറ്റേ ദിവസം മുതൽ എന്റെ മടിയിലിരുന്നായിരുന്നു വരുണിന്റെ സ്‌കൂളിലേക്കുള്ള യാത്ര. എട്ടാം ക്ലാസുകാരന്റെ പുസ്തകസഞ്ചിയിൽ പുസ്തകങ്ങളോ, നോട്ടുബുക്കുകളോ ഇല്ലെന്ന കാര്യം എന്നെ അതിശയിപ്പിച്ചിരുന്നു.

"കഞ്ഞി സ്‌കൂളിൽ നിന്ന്​ കുടിക്കും, ടീച്ചർ ഒന്നും പഠിപ്പിക്കാത്തോണ്ട് പുസ്തകം വേണ്ട' എന്ന മറുപടിയാണ് വരുൺ പറഞ്ഞത്.

അച്ഛനോട് എന്നെ വന്നു കാണമെന്ന് ഒരു ദിവസം ഞാൻ സ്‌നേഹത്തോടെ അവനോട് പറഞ്ഞു. കുറച്ചു ദിവസങ്ങൾക്കു ശേഷം സ്റ്റാഫ് റൂമിലേക്ക് വരുണിന്റെ അച്ഛൻ വീണ്ടും എന്നെ അന്വേഷിച്ചു വന്നു. വരുണിനെ നാല് കിലോമീറ്റർ അകലെയുള്ള "വികാസ് ഭവൻ' സ്‌പെഷ്യൽ സ്‌കൂളിൽ ചേർക്കുന്നതിനെ കുറിച്ച് ഞാൻ സംസാരിച്ചു. എന്നാൽ അവനെ സ്‌പെഷ്യൽ സ്‌കുളിൽ അയയ്ക്കാൻ അച്ഛന് താൽപര്യമില്ലായിരുന്നു.

‘‘അവന്റെ മൂത്തത് ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയാണ്, അവൾക്ക് പിന്നീട് കല്യാണാലോചനകൾ വരേണ്ടതല്ലെ ... വരുൺ ഈ സ്‌കൂളിൽ തന്നെ പഠിച്ചോട്ടെ സാറേ ....?!'', ഒരു പിതാവിന്റെ ദുഃഖവും ആശങ്കയും ആ കണ്ണുകളിലൂടെ ഞാൻ വായിച്ചെടുത്തു.

തൊട്ടടുത്ത ദിവസം തന്നെ വരുണിന്റെ എട്ടാം ക്ലാസ് ബി - യിലെ ക്ലാസ് ടീച്ചറെ പോയി കണ്ട് അവന് പ്രത്യക പരിഗണന കൊടുക്കണമെന്ന് അഭ്യർത്ഥിച്ചു.

""വരുണിനെക്കൊണ്ട് ഞാൻ മടുത്തു സാറേ, അവൻ ക്ലാസിൽ അടങ്ങി ഇരിക്കത്തില്ല, അതുകൊണ്ട് ക്ലാസ് സമയത്ത് ഞങ്ങൾ അവനെ ക്ലാസിന് പുറത്ത് ഇറക്കിവിടുകയാണ് ചെയ്യുന്നത്''- ടീച്ചറിന്റെ മറുപടി എന്നെ ഏറെ അസ്വസ്ഥനാക്കുകയാണ് ചെയ്തത്.

വരുൺ ഹൈപ്പർ ആക്ടിവായ ഒരു കുട്ടിയാണ്, അവന് അധിക സമയം അടങ്ങിയിരിക്കാനാവില്ല എന്ന യാഥാർത്ഥ്യം ടീച്ചർക്ക് ഉൾക്കൊള്ളാൻ കഴിയാത്തതുപോലെ, ടീച്ചർ അവനെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.

""സാറെ, അവൻ ക്ലാസിലിരുന്നാൽ പ്രശ്‌നമാണ്, ഓരോ ഗോഷ്ടികൾ കാണിച്ചോണ്ടിരിക്കും, ചിലപ്പോൾ നിലത്ത് ഇറങ്ങി ഇരിക്കും, പലപ്പോഴും മറ്റ് കുട്ടികൾ ഇതു കണ്ട് ചിരിച്ച് ക്ലാസിൽ ബഹളമുണ്ടാക്കും''

ഒരു ദിവസം ക്ലാസ് സമയത്ത് ഒറ്റക്ക് പുറത്ത് കളിച്ചു കൊണ്ടിരിക്കുന്ന വരുണിനെ ഞാൻ അടുത്തേക്ക് വിളിച്ചു. യൂണിഫോം വെള്ള ഷർട്ടിൽ മുഴുവൻ മൈതാനത്തെ പൊടിമണ്ണ് പറ്റിയിട്ടുണ്ട്. ഞാൻ തോളിൽ കൈയിട്ട് അവനെ ഹയർസെക്കൻഡറി സ്റ്റാഫ് റൂമിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അകത്ത് ചായ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അടുത്തുള്ള ചായക്കടയിൽ നിന്ന്​ അധ്യാപകർക്ക്​ പഴംപൊരിയും എത്തിയിട്ടുണ്ട്. പുറത്തുള്ള ബെഞ്ചിൽ വരുണിനെ ഇരുത്തി അവന് ചായയും, പഴംപൊരിയും കൊടുത്തു. അവൻ ഏറെ ആസ്വദിച്ച് അവ കഴിച്ചു. പീന്നീട് ദിവസവും കുറേ സമയത്തേക്ക് അവന്റെ സാന്നിധ്യം സ്റ്റാഫ്‌റൂമിന് മുൻപിലുള്ള ആ ബഞ്ചിൽ കാണാമായിരുന്നു. ഞങ്ങളിലൊരാളെപ്പോലെ എല്ലാ കാര്യങ്ങളിലും ഇടപെട്ട് സ്റ്റാഫ് റൂമിന് സമീപത്ത് അവൻ തന്റെ താവളമുറപ്പിക്കുകയായിരുന്നു.

അന്നൊരു ദിവസം മേശയിലുണ്ടായിരുന്ന അന്നത്തെ പത്രം എടുത്ത് വരുണിന് വായിക്കാൻ കൊടുത്തു. അതിലെ ചിത്രങ്ങൾ നോക്കി എല്ലാ വാർത്തകളും അവൻ പറഞ്ഞു തന്നത് എന്നെ അതിശയിപ്പിച്ചു. വായിക്കാനറിയാത്ത വരുൺ എങ്ങനെയാണ് വാർത്തകളെല്ലാം ഇത്ര കൃത്യമായി പറയുന്നത്?

കുറച്ചു ദിവസങ്ങൾക്കു ശേഷമാണ്, കുട്ടികൾ ഉപേക്ഷിച്ചു പോയ നോട്ട് ബുക്കും ഒരു പേനയും ഞാൻ അവന് സമ്മാനിച്ചത്. എട്ടാം ക്ലാസിൽ പഠിക്കുന്നവനെങ്കിലും ഒന്നും എഴുതാൻ അവനറിയില്ല എന്നത് എന്നെ വിസ്മയിപ്പിച്ചു. ഞാൻ എഴുതാൻ നിർബന്ധിച്ചപ്പോൾ ‘ത്തത്ത' എന്നിങ്ങനെ കൂട്ടി എഴുതാൻ മാത്രമാണ് വരുണിന് കഴിഞ്ഞത്. പിന്നീട് ഒഴിവുസമയങ്ങളിൽ വരുണിനെ അക്ഷരങ്ങൾ പഠിപ്പിക്കുന്നതിലായിരുന്നു എന്റെ ശ്രമം. ആഴ്ചകൾ കൊണ്ട് വടിവൊത്ത അക്ഷരത്തിൽ സ്വന്തം പേരെഴുതാൻ അവന് കഴിഞ്ഞു. അന്നൊരു ദിവസം മേശയിലുണ്ടായിരുന്ന അന്നത്തെ പത്രം എടുത്ത് വരുണിന് വായിക്കാൻ കൊടുത്തു. അതിലെ ചിത്രങ്ങൾ നോക്കി എല്ലാ വാർത്തകളും അവൻ പറഞ്ഞു തന്നത് എന്നെ അതിശയിപ്പിച്ചു. വായിക്കാനറിയാത്ത വരുൺ എങ്ങനെയാണ് വാർത്തകളെല്ലാം ഇത്ര കൃത്യമായി പറയുന്നത്?

""ടീവില് കാണുന്നതാ സാറേ....'' , വരുണിന്റെ മറുപടി അതായിരുന്നു.
ടെലിവിഷൻ കാണലാണ് വരുണിന്റെ ഏക ഹോബി. സ്‌കൂൾ വിട്ടുവന്നാൽ രാത്രി എട്ട് - ഒൻപത് മണി വരെ ടെലിവിഷന്റെ മുൻപിലാണ്. അതും വാർത്താ ചാനലുകളാണ് അവന് പ്രിയം. പ്രധാന ആനുകാലിക സംഭവങ്ങളെക്കുറിച്ചുള്ള നല്ല അറിവ് വരുണിനുണ്ടെന്ന് അങ്ങനെ ഞാൻ മനസ്സിലാക്കി.

തുടർന്നുള്ള ദിനങ്ങൾ പത്രപരായണത്തിന് അവനോടൊപ്പം ഇരിക്കാൻ ഞാനും സമയം കണ്ടെത്തി. വെറുതെ ഇരിക്കുമ്പോഴും ടെലിവിഷൻ - പത്രവാർത്തകൾ സ്വയം ഉച്ചത്തിൽ അവൻ പറഞ്ഞു കൊണ്ടിരിക്കുന്നതും ഞാൻ ശ്രദ്ധിച്ചു. അവ ആനുകാലിക വിഷയങ്ങളെക്കുറിച്ചുള്ള ലഘു പ്രസംഗങ്ങളായി തുടർന്നു, അങ്ങനെ അത് വികസിച്ചു. ഒരു ദിവസം ക്ലാസിൽ ഒരു ലഘു പ്രസംഗം നടത്താൻ അവനെ പ്രേരിപ്പിച്ചു. അത് വിജയമായപ്പോൾ ക്ലാസിലെ കുട്ടികൾക്കും, ക്ലാസ് അധ്യാപികയ്ക്കും അവനിൽ കൂടുതൽ മതിപ്പായി.

ആഗസ്റ്റ് 15 ന്​ സ്വാതന്ത്രദിന ചടങ്ങുകളിൽ വരുണിന്റെ ഒരു പ്രസംഗമുണ്ടായിരുന്നു. സ്‌കൂൾ ഹെഡ്മാസ്റ്ററും, പി.ടി.എ പ്രസിഡന്റും വരുണിനെ സംബോധന ചെയ്​തു സംസാരിച്ചപ്പോൾ, സന്തോഷത്താൽ അവന്റെയും, എന്റെയും കണ്ണുകളിൽ ഈറനണിഞ്ഞിരുന്നു. തെല്ല് പരിഭ്രമം ഉണ്ടായിരുന്നെങ്കിലും വരുൺ മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തിന്റെ ആശയം പിൻപറ്റി സംസാരിച്ച് കുട്ടികളുടെയും അധ്യാപകരുടെയും കൈയ്യടി വാങ്ങി.

കഴിവില്ലാത്തവരെന്ന് മുദ്രകുത്തി അകറ്റി നിർത്തുമ്പോൾ, ഒരു കാര്യം നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്- അവർ ഭിന്നശേഷിയുള്ളവരാണ്, അവർക്ക് അഭിരുചിയുള്ള മേഖല കണ്ടെത്തി പ്രോത്സാഹിപ്പിച്ചാൽ അത്ഭുതങ്ങൾ കാണാം, അതോടൊപ്പം അവർക്ക് ധന്യമായ ഒരു ജീവിതവും നൽകാം. അധ്യാപകർ അവർക്കുവേണ്ട കൈത്താങ്ങ് നൽകി ചേർത്തുപിടിക്കുന്നത് ഒരു പുണ്യപ്രവർത്തിയുമാണ്.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments