ചിത്രീകരണം : എം. സി. പ്രമോദ്.

തൂമ്പനും കുഞ്ഞിക്കൂനനും ഞാനും

ഴാംക്ലാസ്​. കണക്ക്​ കൈകാര്യം ചെയ്തിരുന്ന കുഞ്ഞാലൻകുട്ടി മാഷായിരുന്നു ക്ലാസ് ടീച്ചർ. മലപ്പുറം ഗവ. ഹൈസ്കൂളിലെ പഠനപരിചയം രണ്ടുവർഷം പിന്നിട്ടിരുന്നു. ഗുരുനാഥയിലുപരി രക്ഷിതാവായിരുന്ന അമ്മായിയുടെ ശിക്ഷണത്തിൽ എ.യു.പി. സ്​കൂളിലായിരുന്നു നാലാംക്ലാസ്​ വരെ.

ഇവിടെയുമുണ്ട് അത്തരത്തിലൊരാൾ- അക്കാലത്തെ എൻ.സി.സി., ഹോംഗാർഡ്, ടി.ടി.സി., പരിശീലനത്തിലൂടെ അധ്യാപനവൃത്തിയിലെത്തി, പിൽക്കാലത്ത്​ സ്കൗട്ട്​ ആൻഡ്‌ ഗൈഡ്‌സ് ടീച്ചേഴ്‌സിനു ലഭിക്കാവുന്ന പരമോന്നത ബഹുമതിയായ സിൽവർ എലഫൻറ്​ അവാർഡ് രാഷ്ട്രപതിയിൽ നിന്നു നേടിയ എം.സി. രാമദാസൻ എന്ന ചെറിയച്ഛൻ. (മൂന്നുവിരലുകൾ ചേർത്തുവെച്ചൊരു സല്യൂട്ട്). ഇവരെപ്പോലുള്ള കണിശക്കാരായ അധ്യാപകർ കൂട്ടുകുടുംബവ്യവസ്ഥയുടെ നഷ്ടപ്പെട്ട കണ്ണികളാണ്. ക്ലാസ്​മുറികളിൽ ശിശുസൗഹാർദാന്തരീക്ഷത്തിന്​ വഴിമരുന്നിട്ട കാലത്തായിരുന്നു ഈ കണിശക്കാരുടെ ഭരണം അരങ്ങേറിയത്​ എന്നും ഓർക്കണം.

കൈ തെറുത്തുകേറ്റി, കള്ളി ട്രൗസർ കാണുംവിധം മുണ്ട്​ മുണ്ടുമടക്കിക്കുത്തി സ്വാധീനവുമായി വരുന്ന ‘വിദ്വാന്മാരുടേ’താകയാലാണ് ഇതിന് ‘വിദ്യാലയ’മെന്ന പേരുണ്ടായത്.

അടിതടയും, കൈയൂക്കും, കാൽപ്പന്തുകളിയും ആടയാഭരണങ്ങളായ മലപ്പുറം തനിമയുടെ മകുടോദാഹരണമായിരുന്നു അന്ന്​ കോട്ടപ്പടി ഗവ. ഹൈസ്കൂൾ. പ്രാന്തപ്രദേശങ്ങളിലെ സഹോദരസ്ഥാപനങ്ങളിൽ നിന്ന്​, അടിപിടി, പ്രതിഷേധ- സമര- ഗുണ്ടായിസ സമാനമായ സാഹചര്യങ്ങളാൽ അച്ചടക്ക നടപടികൾക്കു വിധേയമായി പുറത്താക്കപ്പെടുന്ന- കൈ തെറുത്തുകേറ്റി, കള്ളി ട്രൗസർ കാണുംവിധം മുണ്ട്​ മുണ്ടുമടക്കിക്കുത്തി സ്വാധീനവുമായി വരുന്ന ‘വിദ്വാന്മാരുടേ’താകയാലാണ് ഇതിന് ‘വിദ്യാലയ’മെന്ന പേരുണ്ടായത്. രാഷ്ട്രീയ-സാംസ്​കാരിക സാക്ഷരതയുടെ ഗതിമാറ്റത്തിലെ നാഴികക്കല്ലായിരുന്നു എഴുപതുകൾ. ആ വഴിത്തിരിവിൽ ഈ സ്ഥാപനത്തിലെ അധ്യാപകരാണ്​ നിർണായക പങ്കുവഹിച്ചത്​.

ആറാംക്ലാസിലാണ് ആദ്യ അടിപൊട്ടുന്നത്.
​ചൂരൽകൊണ്ട് ഉള്ളംകൈയിൽ മൂന്നുനാലെണ്ണം തുടർച്ചയായി...
വിദ്യാർഥിവൃന്ദത്തെ ലക്ഷ്മണരേഖയിൽ നിർത്തിയില്ലെങ്കിൽ പിന്നെയെന്തധ്യാപനം എന്നതായിരുന്നു അന്നത്തെ അധ്യാപകരുടെ അടിസ്ഥാന നിലപാട്. ഉത്തരവാദപ്പെട്ടയാൾ അവധിയായപ്പോൾ, ക്ലാസെടുക്കാൻ പകരം ചുമതല മലയാളാധ്യാപകനായിരുന്നു; കുട്ടികളാകട്ടെ പതിവു കളിതമാശകളിലും.
പുസ്തകവായനയും ചോദ്യോത്തരങ്ങളും വൃഥാവിലാകുന്നതറിഞ്ഞ്, ക്ലാസ് നിയന്ത്രണവിധേയമാക്കാൻ, താനിപ്പോൾ എന്താണ് പഠിപ്പിച്ചതെന്ന ലക്ഷ്യഭേദിയായ ചോദ്യം വിലക്ഷണമായി നേരിട്ട പിൻബഞ്ചിലെ ഇളമുറക്കാരനായിരുന്നു ആ ചൂരൽ പ്രയോഗം ഏറ്റുവാങ്ങേണ്ടിവന്നത്​.
കാകളിയും മഞ്​ജരിയും കർണപുടങ്ങളിൽ വായ്​ക്കുരവയിട്ടു. മർദകരുടെ ബോധനശാസ്​ത്രത്തിൽ കൈരേഖകൾ മുറിഞ്ഞുപോയി.

ആൾഭേദമില്ലാതെ ഭേദ്യമുറകൾകൊണ്ട് സ്​കൂളിനെ വിറപ്പിച്ചുനിറുത്തിയ കണിശക്കാരനായിരുന്നു കുഞ്ഞാലൻകുട്ടി മാഷ്. കാതങ്ങൾ കാൽനടയായി കാലത്തേ സ്കൂളിലെത്തും. സ്​റ്റാഫ്​റൂമിലുള്ള മാഷിന്റെ ഇരിപ്പുവശത്തെ ജനൽപാളി തുറന്നുകണ്ടാൽ ഞങ്ങളെല്ലാവർക്കും ഉൾക്കിടിലമായി.

കണക്കായിരുന്നു വിഷയം. രണ്ടുവർഷം മുൻപ്, ആ സ്​കൂളിൽനിന്ന്​എടുത്തുകളഞ്ഞ ഇംഗ്ലീഷ്​ മീഡിയത്തിന്റെ ഹാങ്ഓവർ നിലനിന്നിരുന്നതുകൊണ്ട് അക്കസംഖ്യകളുടെ ഇംഗ്ലീഷ് അക്ഷരമാല നിർബന്ധമായിരുന്നു. പ്രാഥമികതലത്തിൽ അന്യഭാഷ അനുപേക്ഷണീയമല്ലാതിരുന്ന അക്കാലത്ത് ‘Hundred’ ന്റെ സ്​പെല്ലിങ്​ തെറ്റിപ്പറഞ്ഞതിന് മുറിഞ്ഞുപോയ കാതാണ് പിന്നീട് കലാ-സാഹിത്യ സപര്യകളിലും സാമൂഹികരംഗങ്ങളിലുമൊക്കെ അലയൊലി തീർക്കാൻ ബാക്കിയായത്​.

‘തൂമ്പൻ' എന്ന കൂട്ടുകാരൻ നീട്ടിത്തന്ന പുസ്തകം പകുത്തുനോക്കിയിരുന്നപ്പോൾ, മുന്നിലെത്തിയ അധ്യാപകനോട് സാഹ്ലാദം ഉരുവിട്ടു- ‘കുഞ്ഞിക്കൂനൻ!'.
ഇടിവെട്ടേറ്റപോലെ ക്ലാസ് സ്തബ്ദമായി.

മറ്റൊരു ‘പ്രതി’- പേര് പപ്പനാവൻ, നാട് ചേർത്തല.
കുത്തും, കോമയുമില്ലാത്ത മുഖവുര. വരയിൽ പക്ഷേ, തിരിച്ചാണ്-വള്ളിപുള്ളി വിസർഗങ്ങളുടെ ജ്യാമിതീയ നിർഝരി സ്വായത്തമാക്കിയ കരകൗശലത്തിന്റെ അതിജീവനബുദ്ധി. ജന്മസിദ്ധമായ മുതുകിലെ കൂന്​ കൂടി ഭിന്നശേഷിയുടെ അധികബാധ്യതയായി ഉപാസിച്ച ഈ ദേഹം ഒരു വിളിപ്പേരുകൂടി സമ്പാദിച്ചു; ‘കുഞ്ഞിക്കൂനൻ'!
​കച്ചവടസിനിമയിലെ വികടബുദ്ധികൾ അസ്ഥാനത്താക്കുംമുമ്പ്, നോത്രദാമിലെ കൂനനെയും മഞ്ജുളൻ എന്ന നടൻ അനശ്വരമാക്കിയ ജയപ്രകാശ് കുളൂരിന്റെ കൂനനെയുമൊക്കെ പരിചയപ്പെടുന്നതിനുംമുമ്പ്, ഏഴാംക്ലാസിലെ ഉപപാഠപുസ്തകമായിരുന്ന പി. നരേന്ദ്രനാഥിന്റെ ‘കുഞ്ഞിക്കൂനൻ' എന്ന കൃതിയാണ് അശനിപാതം കണക്കേ അദ്ദേഹത്തിനുമേൽ കൂനിന്മേൽ കുരുവായത്.

കുഞ്ഞാലൻകുട്ടി മാഷ് അവധിയായിരുന്ന സമയത്താണ് പകരക്കാരനായി പപ്പനാവൻ എന്ന കലാധ്യാപകനെത്തിയത്. നിഷ്​കർഷിക്കപ്പെട്ട നിശ്ശബ്​ദവായനയിലായിരുന്നു ഞങ്ങൾ. മുൻനിര ബഞ്ചുകളിലൊന്നിൽ, ഒരേ ക്ലാസിലെ തുടർച്ചയായ വർഷങ്ങളിലെ ആവർത്തനവിരസതയകറ്റാൻ, ‘തൂമ്പൻ' എന്ന കൂട്ടുകാരൻ നീട്ടിത്തന്ന പുസ്തകം പകുത്തുനോക്കിയിരുന്നപ്പോൾ, മുന്നിലെത്തിയ അധ്യാപകനോട് സാഹ്ലാദം ഉരുവിട്ടു- ‘കുഞ്ഞിക്കൂനൻ!'.
ഇടിവെട്ടേറ്റപോലെ ക്ലാസ് സ്തബ്ദമായി. ‘ഗ്രഹപ്പിഴ’ ബോധ്യമാകുന്നതിനുമുമ്പ് തൂമ്പൻ ചൂരലെടുക്കാൻ ഓടിപ്പോയിരിക്കുന്നു...
‘സാർ...?' പെ​ട്ടെന്ന്​ ഞാൻ നിരുദ്ധകണ്ഠനായി...
ഏയ്, ഒന്നും സംഭവിക്കില്ല. പേടിപ്പിക്കാനായിരിക്കും, കുറ്റമൊന്നും ചെയ്തില്ലല്ലോ!, സ്വയം ആശ്വസിച്ചു.
തൂമ്പൻ ‘പാര'പോലൊരു ചൂരലുമായെത്തി.

എന്നെ എഴുന്നേല്പിച്ച്​ മുന്നിലേയ്ക്കാനയിച്ചു...
‘സാർ... അങ്ങനെ ഉദ്ദേശിച്ചേ ഇല്ല! അറിയാതെയാണ്; ആവർത്തിക്കില്ല...' തൊഴുതുപറഞ്ഞു.
‘തന്നോടു ചോദിച്ചില്ലല്ലോ, പിന്നെന്തിന്​ പറഞ്ഞു? ചോദിക്കാതെ പറയരുത്​.’- കുറ്റം മാപ്പർഹിച്ചില്ല.
തിരിച്ചുനിറുത്തി, ട്രൗസറു പൊക്കി ചടപെടെന്ന് മൂന്നുനാലെണ്ണം ചാർത്തിക്കിട്ടി.

ചെറിയച്ഛനറിയും. വറചട്ടിയിൽ നിന്ന് എരിതീയിലേയ്ക്ക് മനസ് സജ്ജമായി. ക്ലാസിനഭിമുഖമായി, മാതൃകാ വില്ലനായി ബല്ലടിക്കുന്നതുവരെ നിന്നെന്നാണോർമ. ഇത്തരത്തിൽ ഒരേ നിറുത്തം പിൽക്കാലത്തും പതിനെട്ടുകൊല്ലം, ചിത്രകലാ അധ്യാപകനായി തുടർന്നതുകൂടി കണക്കിലെടുത്താൽ ജീവിതാകസ്​മികതകളുടെ സകലതുമായി. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments