The true sign of intelligence is not coming from knowledge, but from imagination - Albert Einstein
നിലയ്ക്കാതെ മഴ പെയ്തുകൊണ്ടിരുന്ന ഒരു ഉച്ചനേര മലയാളം ക്ലാസിൽ എം. ടിയുടെ ‘കൽപ്പാന്തം' ഒരു സ്ത്രീപക്ഷ കഥയാവുന്നത് എന്തുകൊണ്ട് എന്ന് ഗോപു മാഷ് ചോദിക്കുകയുണ്ടായി.
വ്യക്തിഗത വായനയുടെ എളിമയിൽ ക്ലാസിൽ നിന്ന് പല അടക്കം പറച്ചിലുകളുമുണ്ടായി. ശരിയായ ഉത്തരം പറയുന്നവർക്ക് മുഴുവൻ ഇന്റേർണൽ മാർക്കും മാഷ് ഓഫർ ചെയ്തതോടെ വായനമഴയുടെ വായ്ത്താരിയായി, വാചാലമായി.. ഒരുച്ച നേരം കൊണ്ട് എം. ടി പോലും ഊഹിക്കാത്ത തരത്തിൽ ‘കൽപ്പാന്തം' ഒഴുകി പരന്നു. ഇനിയൊരു വിശകലനമോ ‘പഠിപ്പിക്കലോ' വേണ്ടെന്നിടത്തേയ്ക്ക് മാഷ് പുസ്തകം അടച്ചുവെയ്ക്കുമ്പോഴേക്കും പീരിയഡിന്റെ മരണമണി മുഴങ്ങി. ഇവിടെയാണ് അന്നത്തെ അധ്യാപകരിൽ നിന്ന് ഗോപു മാഷും മലയാളം ക്ലാസും വ്യത്യസ്തമായത്.
സെർഗി ഐസൻസ്റ്റീന്റെ ‘ബാറ്റിൽഷിപ്പ് പൊടെംകിനി’ലെ ഓഡേസാ പടവുകളുടെ രംഗം. ദൃശ്യഭാഷയാണ് സിനിമയെന്ന് അന്നത്തെ ഒരു ചലച്ചിത്ര പഠനം ക്ലാസിൽ ഈ ഒരൊറ്റ സീനിലൂടെയാണ് സഞ്ജയ് മാഷ് അവതരിപ്പിച്ചത്. ‘കാലം കറുപ്പും വെളുപ്പും ചേർത്ത് കവിത രചിച്ചുകൊണ്ടേയിരുന്നു'വെന്ന് കവിതയിലെഴുതുന്ന അതേ മൂർച്ചയിൽ ദൃശ്യത്തിന്റെ ഭാഷ അവനവനോട് സംസാരിക്കുന്നതാണെന്നും അത് മാതൃഭാഷയാണെന്നും മാഷ് പറഞ്ഞുവച്ചു.
ഇന്നും നല്ല സിനിമകൾ കാണുമ്പോൾ, അടർത്തിയെടുക്കാനാവാത്ത വിധം ആശയങ്ങളുടെ ദൃശ്യസംലയനം കാണുമ്പോൾ ഞാനെന്നോട് സംസാരിക്കുന്നു... കലഹിക്കുന്നു... സിനിമ പഠിപ്പിച്ച മാഷിനെ ഓർത്തുപോവുന്നു...
തന്മയത്വമാണ് ജമീൽ മാഷിന്റെ മലയാളം ക്ലാസ്സിന്റെ ഹൈലൈറ്റ്. അത് നാടൻപാട്ടുകളെയോ മാപ്പിളപ്പാട്ടുകളെയോ കുറിച്ചുകൂടിയാകുമ്പോൾ ഇരട്ടിയാകും. പ്രാദേശിക പദങ്ങളുടെ നേർച്ചിത്രങ്ങളെ വെട്ടി ആഴം കാണിച്ചുകൊണ്ട്, പാഠപുസ്തകത്തിലോ സിലബസിലോ അല്ല, നിലനിൽക്കുന്ന ഇടവും സമയവുമാണ് ഭാഷയുടെ ചേരുവയെന്ന തിരിച്ചറിവിലേക്കുള്ള യാത്രയായി ജമീൽ മാഷിന്റെ ഓരോ ക്ലാസ്സും പരിണമിച്ചു.
അധ്യാപനത്തിനുപുറമേ കലാ- സാഹിത്യ- സാംസ്‌കാരിക രംഗങ്ങളിലെയും സജീവ സാന്നിധ്യമായിരുന്നതുകൊണ്ടുതന്നെ വർത്തമാന രാഷ്ട്രീയ-സാമൂഹ്യസ്ഥിതികളെകുറിച്ചു സംസാരിക്കുവാനുള്ള ഇടങ്ങളിലേക്കും ചർച്ചകളിലേക്കും വിദ്യാർത്ഥികളെ നയിച്ചുകൊണ്ട് മലപ്പുറം കോളേജിന്റെ യൗവനത്തെ തീക്ഷ്ണമാക്കിയത് ഇവരാണെന്നുപറയാം.
‘സിനിമ' എന്ന മാധ്യമത്തെ മുൻനിർത്തി കൊണ്ട് കോളേജിലെ ലഘു ചലച്ചിത്ര പ്രദർശനം മുതൽ മലപ്പുറത്തെ രശ്മി ഫിലിം ഫെസ്റ്റിവലിന്റെ അണിയറയിൽ വരെ എത്തി നിൽക്കുന്ന തരത്തിലുള്ള സംഘാടക പാടവവും ഇവരുടെ കൈമുതലായിരുന്നു. അതുകൊണ്ടുതന്നെ ഫിലിം ഫെസ്റ്റിവലുകളിലേക്കുള്ള മലപ്പുറം കോളേജിന്റെ ചാലുകൾ നിബിഡമായിരുന്നു.
സമവാക്യങ്ങളുടെ തുലനതയെയും സിലബസിനെയും കേന്ദ്രീകരിച്ചിരുന്ന എന്റെ മുഖ്യ വിഷയങ്ങൾക്കിടയിൽ ബഷീറിന്റെ ‘പ്രപഞ്ചങ്ങളെ'ന്ന പ്രയോഗം മൾട്ടി യൂണിവേഴ്‌സ് തിയറിയാണെന്നും ഐൻസ്റ്റീന്റെ റിലേറ്റിവിറ്റിയുടെ പെർഫെക്ട് എക്‌സാമ്പിൾ മലയാള കവിതകളിലുമാണെന്ന് സ്വാതന്ത്ര്യമായി ചിന്തിക്കാനുള്ള വിശാലതയാണ് അന്നത്തെ മലയാളം ക്ലാസ്. ഒന്നിനുമേൽ അടുക്കിയടുക്കി പണിഞ്ഞുതീർക്കേണ്ടതല്ല, സ്വയം ഖനനം ചെയ്താണ് അർത്ഥങ്ങളും ആശയങ്ങളും രൂപപ്പെടുത്തിയെടുക്കേണ്ടതെന്നതിന് തെളിവുകളായിരുന്നു ഓരോ ക്ലാസ്സും.. മുമ്പിലേക്കൊഴുകുന്നതിനുപകരം ആത്മാവിലേക്ക് തിരിഞ്ഞൊഴുകാനുള്ള പ്രേരണയാണ് അധ്യാപനം എന്ന് കാണിച്ചുതന്നവരായിരുന്നു മലപ്പുറം ഗവണ്മെന്റ് കോളേജിലെ മലയാളം അധ്യാപകർ.
മലപ്പുറം കോളേജിലെ മലയാളം ഡിപ്പാർട്‌മെന്റിൽ ഇന്നിവർ മൂന്ന് പേരും ഇല്ലെന്നറിയുന്നു. പല കാലങ്ങളിൽ, പല ദേശങ്ങളിൽ പഠിയ്ക്കുന്ന അനേകം വിദ്യാർത്ഥികളുടെ ചിന്തകളിലേക്ക് അവരിനിയും ലോകങ്ങളെ ചേർത്തുവയ്ക്കട്ടെ എന്ന് പ്രത്യാശിക്കുന്നു... ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.