Photo: Muhammed Fasil

പകച്ചുപോയ ഓർമകളുടെ അധ്യാപകബാല്യം

ഓർമകൾ പുറത്തെടുക്കുമ്പോൾ എന്നെ എഴുതൂ, എന്നെ എഴുതൂ എന്ന് മത്സരിച്ചുവരുന്നുണ്ട്, പല മുഖങ്ങളും, സംഭവങ്ങളും. പിൽക്കാലത്തെ സ്ത്രീപക്ഷ ചിന്തകൾക്കും, എഴുത്തിനും നിദാനമായവ. നിറഞ്ഞ സന്തോഷവും ചാരിതാർഥ്യവും നൽകുന്നവയും അവയിൽ ഉണ്ട്.

കാൽ നൂറ്റാണ്ടിലധികമായി കലാലയം ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു.
ഒരു പക്ഷെ കലാലയവും അധ്യാപനവും തന്നെയാണ് ജീവിതം.
കണ്ടുമറന്ന, മറക്കാത്ത മുഖങ്ങൾ അനവധി. ജീവിതത്തിന്റെ കയ്‌പ്പേറിയതും മധുരിക്കുന്നതുമായ ഒരുപാട് അനുഭവങ്ങളും അതിന്റെ പരിസരങ്ങളും ഈ കാലഘട്ടത്തിന്റെ സ്വന്തം. വിവിധ വർണങ്ങളിലും തലങ്ങളിലും താളങ്ങളിലും അവ എന്നെ നിലനിർത്തുന്നു എന്ന് തന്നെ പറയാം. ക്ലാസ് മുറിയുടെ പിൽക്കാല ഓർമകുറിപ്പ് വ്യക്തി കേന്ദ്രീകൃതമാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആ ഓർമകൾക്കൊപ്പം വ്യക്തിബന്ധങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട്.

അധ്യാപകരുടെ ജീവിതചിത്രങ്ങൾക്ക് എക്കാലവും നിറം പകരുന്നത് കാമ്പസുകളിലെയും ക്ലാസ് മുറികളിലെയും മിഴിവാർന്ന അനുഭവങ്ങളാണ്. ചിലതിനു കണ്ണീരിന്റെ ഉപ്പുണ്ട്. ചിലതിനു ചിരിയുടെ മധുരവും. എല്ലാ വർഷവും പുതുക്കലിന് വിധേയമാക്കപ്പെടുന്നു എന്ന പ്രത്യേകത കൂടി കാമ്പസ് ഓർമകൾക്കുണ്ട്. കണക്കുകൂട്ടലുകളെ പാടെ നിരാകരിച്ചു ഞെട്ടിച്ച അനുഭവങ്ങളും ധാരാളം. അവയിൽ ചിലവ ഇവിടെ കുറിക്കുന്നു. അവയിലെ നായികാനായകന്മാരെ വെളിപ്പെടുത്താതിരിക്കാനുള്ള ജാഗ്രത, എഴുത്തുകാരിയുടെ സ്വാതന്ത്യവും.

ഓർമകൾ പുറത്തെടുക്കുമ്പോൾ എന്നെ എഴുതൂ, എന്നെ എഴുതൂ എന്ന് മത്സരിച്ചുവരുന്നുണ്ട്, പല മുഖങ്ങളും, സംഭവങ്ങളും. പിൽക്കാലത്തെ സ്ത്രീപക്ഷ ചിന്തകൾക്കും, എഴുത്തിനും നിദാനമായവ

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിലെ കലാലയങ്ങൾ ഇപ്പോഴത്തെതിൽ നിന്ന്​ തികച്ചും വ്യത്യാസമാണ്. പ്രീഡിഗ്രി ക്ലാസുകൾ തന്നെയാണ് അതിന് കാരണം. പ്രസരിപ്പും യുവത്വവും ആവേശവും അലയടിക്കുന്ന പ്രീഡിഗ്രിക്കാർ കലാലയങ്ങളിൽ നിലനിൽക്കുന്ന കാലം. ബിരുദ വിഷയങ്ങൾക്ക് കോമൺ അലോട്‌മെൻറ്​ പ്രോസസ് അല്ല, പകരം താല്പര്യമുള്ള കലാലയങ്ങളിൽ അപേക്ഷ കൊടുക്കുകയാണ് പതിവ്.
ആ കാലത്ത് ഒന്നാംവർഷ ഡിഗ്രി ക്ലാസുകൾ തുടങ്ങി ഏതാണ്ട് രണ്ടു മാസമായിക്കാണും.
ബി.എ. ഇംഗ്ലീഷ് ക്ലാസ്സിലെ പിൻബെഞ്ചിൽ പതുങ്ങിയിരിക്കുന്ന ഒരു വിദ്യാർഥി മടിച്ചുമടിച്ചു എന്നോട് ചോദിച്ചു, "എന്താണ് മിസ്സേ, ഈ ക്ലാസ്സിൽ ഇക്കണോമിക്‌സ് അധ്യാപകർ ആരും വരാത്തത്? ഇംഗ്ലീഷും ഭാഷവിഷയങ്ങളും മാത്രമേ പഠിപ്പിക്കുന്നുള്ളൂ'.
ബി.എ. ഇംഗ്ലീഷിന് ഇക്കണോമിക്‌സ് ഒരു വിഷയമല്ല എന്ന് ഞാൻ.
അവൻ ആകപ്പാടെ പരിഭ്രമിക്കുന്നുണ്ട്.

ആ മൂന്നുവർഷവും സാമ്പത്തികശാസ്ത്രം സ്വപ്നം കണ്ട്, വളരെ വിരസമായ മുഖത്തോടെ ഇംഗ്ലീഷ് ക്ലാസ്സിലെ യാതൊരു പരിപാടികളിലും താല്പര്യം കാണിക്കാതെ അവൻ വിഷണ്ണനായി കഴിച്ചുകൂട്ടി / Photo: Wikimedia Commons
ആ മൂന്നുവർഷവും സാമ്പത്തികശാസ്ത്രം സ്വപ്നം കണ്ട്, വളരെ വിരസമായ മുഖത്തോടെ ഇംഗ്ലീഷ് ക്ലാസ്സിലെ യാതൊരു പരിപാടികളിലും താല്പര്യം കാണിക്കാതെ അവൻ വിഷണ്ണനായി കഴിച്ചുകൂട്ടി / Photo: Wikimedia Commons

എന്തിനാണ് ഇക്കണോമിക്‌സ് അധ്യാപകരെ അന്വേഷിക്കുന്നത് എന്ന ചോദ്യത്തിന്, ‘അതല്ല, ഞാൻ ചേർന്നത് ബി.എ. ഇക്കണോമിക്‌സിനാണ്. ഈ രണ്ടുമാസമായി ഓരോ പീരീഡും വരുമ്പോൾ അടുത്തത് ഇക്കണോമിക്‌സ് ആയിരിക്കും എന്ന് കരുതിയിരിക്കുകയായിരുന്നു. ക്ഷമ കെട്ടതുകൊണ്ട് ചോദിച്ചതാണ്.' എന്നായിരുന്നു മറുപടി.
ഇപ്പോൾ പകച്ചത് ഞാനാണ്. എന്തെങ്കിലും മാർഗത്തിൽ വിഷയമാറ്റം നടത്താൻ സാധിക്കുമോ എന്ന് പരിശ്രമിച്ചെങ്കിലും അത് നടന്നില്ല. ആ മൂന്നുവർഷവും സാമ്പത്തികശാസ്ത്രം സ്വപ്നം കണ്ട്, വളരെ വിരസമായ മുഖത്തോടെ ഇംഗ്ലീഷ് ക്ലാസിലെ യാതൊരു പരിപാടികളിലും താൽപര്യം കാണിക്കാതെ അവൻ വിഷണ്ണനായി കഴിച്ചുകൂട്ടി. ഉൾക്കൊള്ളിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയും ചെയ്തു. ഇഷ്ടമില്ലാത്ത വിഷയത്തോട് മല്ലിടാതെ സുല്ലിട്ടവരുടെ ചരിത്രം തുടർന്നുകൊണ്ടേയിരിക്കുന്നു. മാതാപിതാക്കളുടെ ഇഷ്ടങ്ങൾ കുട്ടികളിൽ ആവാഹിക്കുന്ന പാരമ്പര്യത്തിന്റെ ബാക്കിപത്രങ്ങൾ.

പെൺകരുത്തും തന്റേടവും കൊണ്ടുമാത്രം "മീ ടൂ' വിന് മുൻപുള്ള കാലത്ത് സാഹചര്യങ്ങളോട് പടവെട്ടിയവളെക്കുറിച്ച് കാരിരുമ്പിന്റെ കരുത്തുള്ള ഓർമകളുണ്ട്. സുരക്ഷിതം എന്ന് വിവക്ഷിക്കുന്ന ഇടങ്ങളിലെ അരക്ഷിതാവസ്ഥകളുടെ നേർസാക്ഷ്യങ്ങൾ എത്രയോ തവണ കേട്ടിരിക്കുന്നു.

ആശയങ്ങളുടെ തീപ്പൊരികളും ആവേശത്തിന്റെ തിളപ്പുകളും നിരാശയുടെ മങ്ങിയ പാടുകളും, ആഹ്ലാദാരവങ്ങളും നിറഞ്ഞ ഓർമച്ചെപ്പിൽ നിസ്സഹായതയുടെ ചില മുഖങ്ങളും.
ഏതാണ്ട് 20 കൊല്ലം മുൻപാണ്. ഇംഗ്ലീഷ് അധ്യാപകർക്ക് ഏതാണ്ട് എല്ലാ വിഷയങ്ങളിലും ജനറൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യേണ്ടി വരുന്നതുകൊണ്ട്, വിഷയവ്യത്യാസമില്ലാതെ കുട്ടികളുമായി ബന്ധം പുലർത്താൻ സാധിക്കും. അങ്ങനെയാണ് എനിക്ക് അവളെ പരിചയമായത്. പല പ്രോഗ്രാമുകളും സംഘടിപ്പിക്കുമ്പോൾ മുൻപന്തിയിൽ നിന്ന് നയിക്കാൻ അവൾ എപ്പോഴും തയ്യാർ. ക്ലാസിനുള്ളിലും വെളിയിലുമുള്ള പരിചയം അടുപ്പമായപ്പോൾ അവൾ വീട്ടിലെ ചില സാഹചര്യങ്ങൾ പങ്കുവെക്കാൻ തുടങ്ങി. വീടകലെയല്ലെങ്കിലും താമസം ഹോസ്റ്റലിലാണ്. അവധിക്കുപോലും പോവാറില്ല. അവൾക്ക് അമ്മ മാത്രമേയുള്ളൂ. താമസിക്കുന്നത് അമ്മയുടെ ചേച്ചിയുടെ കൂടെയാണ്. അവർക്കും ഇതേ പ്രായത്തിലുള്ള മകളുണ്ട്.

ഒരേ കോളേജിലെ വ്യത്യസ്ത ക്ലാസ്സുകളിൽ സഹോദരിമാരുടെ മക്കൾ ഒരേ ബാച്ചിൽ പഠിക്കുന്നു. വീട്ടിൽ അന്തിയുറങ്ങുന്ന ഓരോ ദിവസവും വല്ല്യച്ഛന്റെ ആക്രമണം ഭയന്നാണ് കഴിയുന്നത്. അമ്മയ്ക്കറിയാമെങ്കിലും നിസ്സഹായയാണ്. അതുകൊണ്ട് അധ്യാപകരുടെയും സുഹൃത്തുക്കളുടെയും സഹായത്തിൽ ഹോസ്റ്റലിൽ കഴിയുന്നു. പെൺകരുത്തും തന്റേടവും കൊണ്ടുമാത്രം "മീ ടൂ' വിന് മുൻപുള്ള കാലത്ത് സാഹചര്യങ്ങളോട് പടവെട്ടിയവളെക്കുറിച്ച് കാരിരുമ്പിന്റെ കരുത്തുള്ള ഓർമകളുണ്ട്. സുരക്ഷിതം എന്ന് വിവക്ഷിക്കുന്ന ഇടങ്ങളിലെ അരക്ഷിതാവസ്ഥകളുടെ നേർസാക്ഷ്യങ്ങൾ എത്രയോ തവണ കേട്ടിരിക്കുന്നു. എത്ര മുൻധാരണകളെ അവ തകർത്തിരിക്കുന്നു. പുറമെ നിന്ന് നോക്കുമ്പോൾ കാണുന്ന സുന്ദര, വിശാല ഇടങ്ങളെയെല്ലാം അല്പം ഉപ്പിന്റെ മേമ്പൊടിയോടെ കാണുന്നത് ഇത് കൊണ്ടാകാം.

പ്രണയത്തിലെ കൊലക്കത്തി പ്രശ്‌നവൽക്കരിക്കപ്പെടുന്നതിനു മുൻപുള്ള കാലമാണ്. പ്രണയത്തിന്റെ കാല്പനികത തീർത്തും കൈമോശം വന്നിട്ടില്ല. ബി.എ. ഇംഗ്ലീഷ് ക്ലാസിലെ ഏറ്റവും മിടുക്കരായ വിദ്യാർഥിനികളിലൊരാൾ നഗരത്തിലെ ഗുണ്ടയുമായി പ്രണയത്തിലാണ്. അവൻ സംശയരോഗിയും അക്രമാസക്തനുമാണ്. അവളുടെ മാതാപിതാക്കളും നിസ്സഹായരാണ്. അവൻ തോന്നുമ്പോഴെല്ലാം കോളേജിൽ വരുകയും അവളെ ക്ലാസ്സിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോവുകയും ചെയ്യും. നീ എന്തിനിതു സഹിക്കുന്നു എന്ന ചോദ്യത്തിന് വേറെ രക്ഷയില്ല എന്ന് മറുപടി. പോലീസ് സഹായം എടുക്കാമല്ലോ എന്ന നിർദേശത്തിന് എന്നിട്ടോ എന്ന മറുചോദ്യം.

കോളേജ് സമയം കഴിഞ്ഞ് പബ്ലിക് ലൈബ്രറിയിൽ പോവുകയും പുസ്തകമെടുക്കുകയും ചെയ്യുന്ന, ഡിജിറ്റൽ വായനയ്ക്കുമുൻപുള്ള കാലമാണ്. പബ്ലിക് ലൈബ്രറിക്ക് മുൻപിലുള്ള റോഡിൽ അവളും അവനും നിൽക്കുന്നത് ഞാൻ ദൂരെ നിന്നേ കണ്ടു. ഒട്ടകപക്ഷിയാകാം എന്ന് നേരത്തെ തീർച്ചയാക്കി. പടക്കം പൊട്ടുന്ന ഒച്ച കേട്ടാണ് ഞാൻ തല പൊക്കി നോക്കിയത്. ആ ഒറ്റയടിക്ക് അവൾ നിലത്തു കിടപ്പുണ്ട്. രണ്ടോ മൂന്നോ പേർ എന്താണെന്നു അന്വേഷിക്കുന്നു. അവൻ ആക്രോശിച്ചുകൊണ്ട് അവിടം വിടുകയും ചെയ്തു. ഞാനടുത്തു ചെല്ലുമ്പോഴേക്കും അവൾ എഴുന്നേറ്റിരുന്നു. നമുക്ക് പോലീസ് സ്റ്റേഷനിൽ പോകാം, നീ വരൂ എന്ന് തിളച്ച എന്നോട് സാരമില്ല, മിസ്സ് പൊക്കോ എന്ന് അവൾ. ഫെമിനിസവും മറ്റു മൂവ്‌മെന്റുകളും അഫിലിയേറ്റഡ് കോളേജുകളുടെ കരിക്കുലത്തിലേക്ക് പ്രവേശിച്ചു തുടങ്ങിയിട്ടേയുള്ളൂ എന്നാണോർമ. ഇന്ന് ഫെമിനിസവും ജെൻഡർ സ്റ്റഡീസും കരിക്യൂലത്തിൽ അഭിരമിക്കുമ്പോഴും, നിതിനമാർ സംഭവിക്കുന്നതാണ് അവിശ്വസനീയം.

ഇംഗ്ലീഷ് ഗ്രാമർ എന്ന ബാലികേറാമലയിൽ ഒരുകൂട്ടം വിദ്യാർഥികളെ കയറ്റാൻ ശ്രമിക്കുന്നതിനിടയിൽ ഒരു വശത്തെ വാതിലിലൂടെ അകത്തേക്ക് പാഞ്ഞുകയറിവരുന്ന ഒരാൾ. അയാളുടെ പുറകെ ഒരു ബഹളക്കൂട്ടം.

പ്രീഡിഗ്രിക്കുട്ടികൾ കാമ്പസിലുള്ള കാലം. നൂറും നൂറ്റിരുപതും കുട്ടികൾ നിറഞ്ഞിരിക്കുന്ന ക്ലാസുകൾ. വിശാലമായ ക്ലാസ്​ റൂമുകളിൽ അധ്യാപകർ പ്ലാറ്റ്‌ഫോമിൽ നിന്നാണ് പഠിപ്പിക്കുന്നത്. ഇന്റേണൽ അസ്സസ്‌മെന്റിനും സെമെസ്റ്റർ സിസ്റ്റത്തിനും മുൻപുള്ള സുവർണകാലം. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന സമരങ്ങളും, യൂത്ത് ഫെസ്റ്റിവലുകളും, കായികമത്സരങ്ങളുമെല്ലാം പഠനത്തിനൊപ്പമോ, അതിൽ കൂടുതലോ കലാലയങ്ങളെ ഉണർത്തിയിരുന്ന സമയങ്ങളാണത്. പുറത്ത് മരത്തിൽ കെട്ടിയ ഊഞ്ഞാലിൽ നിന്ന് കൂവിയാർത്ത് അകത്തേക്ക് ആടിവരുന്ന കുസൃതികൾ. ഇംഗ്ലീഷ് ഗ്രാമർ എന്ന ബാലികേറാമലയിൽ ഒരുകൂട്ടം വിദ്യാർഥികളെ കയറ്റാൻ ശ്രമിക്കുന്നതിനിടയിൽ ഒരു വശത്തെ വാതിലിലൂടെ അകത്തേക്ക് പാഞ്ഞുകയറിവരുന്ന ഒരാൾ. അയാളുടെ പുറകെ ഒരു ബഹളക്കൂട്ടം. എനിക്കും വിദ്യാർഥികൾക്കും മധ്യേ, ഒരു വാതിലിൽ കൂടി മറുവാതിലിലൂടെ ഈ കൂട്ടം പുറത്തെ ലോകത്തേക്ക്. ഞങ്ങൾ അന്ധാളിച്ചു ഗ്രാമറിനകത്തേക്കും.

ഓർമകൾ പുറത്തെടുക്കുമ്പോൾ എന്നെ എഴുതൂ, എന്നെ എഴുതൂ എന്ന് മത്സരിച്ചുവരുന്നുണ്ട്, പല മുഖങ്ങളും, സംഭവങ്ങളും. പിൽക്കാലത്തെ സ്ത്രീപക്ഷ ചിന്തകൾക്കും, എഴുത്തിനും നിദാനമായവ. നിറഞ്ഞ സന്തോഷവും ചാരിതാർഥ്യവും നൽകുന്നവയും അവയിൽ ഉണ്ട്. പക്ഷെ ഇന്നെനിക്കെന്തോ, എന്റെ അധ്യാപകബാല്യം പകച്ചുപോയ ഓർമകളാണ് തിരികെ തിക്കിതിരക്കുന്നത്.
കാമ്പസുകൾ കുറച്ചുകൂടി സർഗാത്മകമായിരുന്ന ഒരു കാലത്തിന്റെ ഓർമകൾ എക്കാലവും ഊർജദായകമാണ്. അക്കാലത്തെ ചില ചിത്രങ്ങളെ തൊടാതെ തൊട്ടെന്ന് മാത്രം. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ.ജ്യോതിമോൾ പി.

കോട്ടയം ബസേലിയസ് കോളേജിൽ ഇംഗ്ലീഷ് അധ്യാപിക. ഇംഗ്ലീഷിലും മലയാളത്തിലും എഴുതാറുണ്ട്. രണ്ടു ഭാഷകളിലും വിവർത്തനം ചെയ്യാറുണ്ട്.

Comments