എൻ.എസ്.എസ്. ട്രെയ്നിങ്ങ് കോളെജ്, ഒറ്റപ്പാലം

സ്റ്റേഷനിൽ നിർത്താത്ത വണ്ടികൾ

ആധ്യാപന ജോലി കിട്ടിയാൽ നല്ലത്, അല്ലെങ്കിൽ വേറൊരുജോലി; അതുമല്ലെങ്കിൽ വിവാഹ മാർക്കറ്റിൽ ഒരു പോസിറ്റിവ് എൻട്രി തുടങ്ങിപല കാരണങ്ങളാൽ ബി.എഡിന് എത്തുന്നവർക്കിടയിൽ വേറിട്ടു നിൽക്കുന്ന ചില 'കൗമാരാധ്യാപനകുതുകികൾ' ഉണ്ട്.

"ബി.എഡ്. പഠനം സ്റ്റേഷനിൽ നിർത്താതെ പോകുന്ന ട്രെയിൻ പോലെയാണ്' എന്ന് ടീച്ചർ എഡ്യൂക്കേഷൻ രംഗത്തുള്ളവർ പൊതുവെ പറയാറുണ്ട്. അടുക്കും ചിട്ടയുമില്ലാത്തെ കുറെ പാഴ് പ്രവർത്തനങ്ങളും പാഠ്യ പ്രവർത്തനങ്ങളുമാണ് ബി.എഡിൽ ഉള്ളത്. കോഴ്‌സ് തുടങ്ങി ഒരാഴ്ചക്കുള്ളിൽ തന്നെ കുട്ടികൾ ഈ പ്രവർത്തന കൂമ്പാരത്തിൽ "എൻഗേജ് ' ആവും. പിന്നെ അവർക്ക് ശ്വാസം വിടാൻ സമയം കിട്ടില്ല. കാര്യങ്ങളൊക്കെ ഒന്ന് അടുത്തറിഞ്ഞുവരുമ്പോഴേക്കും കോഴ്‌സ് തീരുകയും ചെയ്യും. എല്ലാം കാര്യമായി പഠിക്കണം എന്നാഗ്രഹിക്കുന അധ്യാപക വിദ്യാർത്ഥികൾക്ക് ഒന്നിനും സമയം കിട്ടില്ല. "വലിയ മാർക്കൊന്നും വേണമെന്നില്ല. ഇതങ്ങു പഠിച്ചു പാസായാൽ മതിയന്നേ' എന്ന സമീപനത്തോടെ കാര്യങ്ങളെ കാണുന്നവർക്കേ ബി.എഡ്. പഠനം ആസ്വദിച്ചു ചെയ്യാനാവൂ.

ഗ്രാജുവേഷനോ പോസ്റ്റ്ഗ്രാജുവേഷനോ പൂർത്തിയാക്കി ബി.എഡ്-ന് എത്തുന്നവർക്ക് ഒരു വർഷക്കാലം കൊണ്ട് കോഴ്‌സ് ഒരുവിധം അങ്ങുതീർത്തു പോകാനുള്ള താൽപര്യമാണ് ഉണ്ടാവുക. അവരിൽനിന്ന് പൊതുവെ ക്യാമ്പസിൽ സജീവ പങ്കാളിത്തം പ്രതീക്ഷിക്കേണ്ടതില്ല. ചിലരാവട്ടെ എന്തിലും ഏതിലും കേറി ഇടപെടുന്നവരായിരിക്കുകയും ചെയ്യും. താന്താങ്ങളുടെ കാര്യം നടക്കാൻ മാത്രം സൗഹൃദം ഉണ്ടാക്കുന്നവർ, അധ്യാപകരുമായി തീരെ അടുക്കാത്തവർ, വല്ലാതെ അടുപ്പം ഉണ്ടാക്കുന്നവർ, എന്നിങ്ങനെ പലതരം കുട്ടികൾ കാണും എല്ലാ ബാച്ചിലും.

2015 മുതൽ ബി.എഡ്. രണ്ട് വർഷ പ്രോഗ്രാം ആയി മാറി.അതുകൊണ്ട് ബി.എഡിന് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. നാറാണത്തുഭ്രാന്തന്റെ കഥയിലെപ്പോലെ വലത്തേ കാലിലെ മന്ത് ഇടത്തേ കാലിലേക്ക് മാറ്റി എന്ന അവസ്ഥാന്തരമേ ബി. എഡിന് സംഭവിച്ചിട്ടുള്ളൂ.

ദൈർഘ്യം കൂടിയെങ്കിലും കോഴ്‌സിന്റെ രീതിശാസ്ത്രം കൊണ്ടും കുട്ടികൾക്ക് ചെയ്തുതീർക്കാനുള്ള അക്കാദമിക് പ്രവർത്തികൊണ്ടും ബി.എഡ്-ന് ഇപ്പോഴും നിർത്താതെ പോകുന്ന ട്രെയിനിന്റെ സ്വഭാവം തന്നെ.

പാഠ്യേതരകാര്യങ്ങളിൽ ഇടപെടാനുംകുട്ടികളെ അടുത്തറിയാനും ഉള്ള അവസരം ബി.എഡിന് പഠിപ്പിക്കുന്ന അധ്യാപകർക്കും പൊതുവെ കുറവായിരിക്കും. കോളേജ് കാമ്പസിനകത്ത് അടുത്ത ബന്ധം വളരുമെങ്കിലും കോഴ്‌സ് കഴിയുന്നതോടെ ആ അടുപ്പം അവസാനിക്കും. വിവിധ വിഷയങ്ങളിൽ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് പരസ്പരം ബന്ധപ്പെടുവാനുള്ള അവസരവും തുലോം കുറവായിരിക്കും. സാഹചര്യങ്ങളുടെ ഫലമായി ""താനും തന്റെ ഏറ്റവും അടുത്ത കൂട്ടുകാരും'' എന്ന രീതിയിലേക്ക് ഓരോ പഠിതാവും ഒതുങ്ങും. ഒരു പഠിതാവിന്റെ ബന്ധം ഏറ്റവും അടുത്തവരുടെ ഒരു സർക്കിളിലേക്ക് ചുരുങ്ങും എന്നർത്ഥം. അതാണ് ബി.എഡ്. പഠനകാലത്തെ ഒരു ശൈലി.

ക്ലാസുകളിൽ രൂപം കൊള്ളുന്ന നാലോ അഞ്ചോ പേരടങ്ങുന്ന ഓരോ ഗ്രൂപ്പുകൾ ബി എഡിന്റെ പ്രത്യേകതയാണ്. ഇവക്ക് കോക്കസ് ഗ്രൂപ്പ് എന്നാണ് വിളിപ്പേര്. എല്ലാ വർഷവും കാണും ഇത്തരം ചില ഹൃദയ സംഗമങ്ങൾ. ആ "കോക്കസുകളിലെ' പരസ്പര ബന്ധം ചിലപ്പോൾ വളരെ തീവ്രമായിരിക്കും.

പറഞ്ഞു വന്നത് ഇത്രയേ ഉള്ളു, വിദ്യാർത്ഥികൾക്കിടയിലും വിദ്യാർത്ഥികളും അധ്യാപകരും തമ്മിലും പരസ്പരമുള്ള അതിതീവ്ര അടുപ്പം ബി.എഡ്. പഠനകാലത്ത് താരതമ്യേന കുറവാണ്. തീവ്രബന്ധങ്ങൾ ഉണ്ടാവുകയാണെങ്കിൽതന്നെ അത് വളരെ ചെറിയ ഗ്രൂപ്പുകളിലേക്ക് ഒതുങ്ങുകയാണ് പതിവ്.

ഫോട്ടോ: സൽവ
ഫോട്ടോ: സൽവ

കൃത്യമായ ലക്ഷ്യബോധത്തോടെ ബി.എഡിനു വരുന്ന കുട്ടികൾ അധികമൊന്നും കാണില്ല. ഡിഗ്രി കഴിഞ്ഞു, ഇനി ബി.എഡ്. ചെയ്തു കളയാം എന്ന നിലപാടിലാവും കുറച്ചുപേർ. രക്ഷിതാക്കൾ തള്ളി വിട്ടതാവും ചിലരെ. വിവാഹ മാർക്കറ്റിൽ ഇപ്പോഴും ബി.എഡിന് മികച്ച സ്ഥാനമുള്ളതുകൊണ്ട് അത് ലാക്കാക്കി വരുന്നവരും കാണും. എന്നാൽ വളരെ കുറച്ചുപേരെങ്കിലും ടീച്ചിങ് ജോലിതന്നെ ലഭിക്കണം എന്ന് ആഗ്രഹിക്കുന്നവരായുണ്ട്; കൗമാരക്കാരെത്തന്നെ പഠിപ്പിക്കണം എന്ന് തീരുമാനിച്ചെത്തുന്നവർ. എന്റെ ഒരു വിദ്യാർത്ഥിയുണ്ട്. അവൻ കെമിസ്ട്രിയിൽ യു.ജി.സി- നെറ്റ് കിട്ടിയ ആളാണ്. ഹയർ സെക്കൻഡറിയിൽ പഠിപ്പിക്കണം എന്നായിരുന്നു ആഗ്രഹം. ഹയർ സെക്കണ്ടറി ടീച്ചറായി ജോലി കിട്ടുകയും ചെയ്തു. പിന്നീട് കോളേജിലേക്കും പി.എസ്.സി. നിയമനം കിട്ടി. അവൻ പക്ഷെ കോളേജിലേക്ക് മാറിയില്ല, ഹയർ സെക്കണ്ടറി സ്‌കൂളിൽ തന്നെ തുടർന്നു. ആ തീരുമാനത്തെ വിമർശിച്ചപ്പോൾ അവൻ പറഞ്ഞത്, ""കൗമാരക്കാരെ പഠിപ്പിക്കണം, അതാണെന്റെ ഇഷ്ടം. പിന്നെ കോളേജ് ജോലിക്കുള്ള പി.എസ്.സി. എഴുതിയത്- കോളേജു ടീച്ചറായി കിട്ടാഞ്ഞിട്ടല്ല പോവാതിരിക്കുന്നത് എന്ന് മറ്റുള്ളവരെ ബോധ്യപ്പടുത്താനാണ്!'' എന്നായിരുന്നു.

ആധ്യാപന ജോലി കിട്ടിയാൽ നല്ലത്, അല്ലെങ്കിൽ വേറൊരുജോലി; അതുമല്ലെങ്കിൽ വിവാഹ മാർക്കറ്റിൽ ഒരു പോസിറ്റിവ് എൻട്രി തുടങ്ങിപല കാരണങ്ങളാൽ ബി.എഡിന് എത്തുന്നവർക്കിടയിൽ ഇത്തരം "കൗമാരാധ്യാപനകുതുകികൾ' വേറിട്ടു നിൽക്കും. കൃത്യമായ ലക്ഷ്യബോധത്തോടെയും തീരുമാനത്തോടെയും ബി.എഡിനു വന്നു ചേർന്ന ഒരു കുട്ടിയായിരുന്നു രേഷ്മ രവീന്ദ്രൻ. 2016-ലാണ് അവൾ എന്റെ ക്ലാസിൽ ചേരുന്നത്, ഒറ്റപ്പാലം എൻ.എസ്.എസ്. ട്രെയിനിങ് കോളേജിലെ സോഷ്യൽ സയൻസ് ക്ലാസ്സിൽ.

ബി.എഡ്. ക്ലാസ്സ് തുടങ്ങുമ്പോൾ തന്നെ ഞാൻ ആദ്യം ചെയ്യാറുള്ള ഒരു പ്രവർത്തനം കുട്ടികളുടെ "എൻട്രി ബിഹേവിയറും' (കോഴ്‌സിലേക്ക് പ്രവേശിക്കുമ്പോഴുള്ള സ്വഭാവ സവിശേഷതകൾ), പ്രാപ്തിയും നൈപുണികളും എന്തെന്ന് കണ്ടെത്തി ഒരു റെക്കോർഡ് സൂക്ഷിക്കലാണ്. പിന്നീടുള്ള പഠന പ്രവർത്തനങ്ങൾക്ക് അത് വളരെയേറെ ഉപകാരപ്പെടും. ഓരോ അധ്യാപകവിദ്യാർത്ഥിയുടെയും പ്രാപ്തിയും നൈപുണിയും എവിടെ നിൽക്കുന്നു എന്ന ഒരു വിലയിരുത്തൽ റിപ്പോർട്ടായിരിക്കും അത്. അധ്യാപക വിദ്യാർത്ഥികളുടെ ""എക്‌സിറ്റ് ബിഹേവിയർ'' (പഠനം കഴിഞ്ഞു പുറത്തിറങ്ങുമ്പോഴുള്ള സ്വഭാവ സവിശേഷകളും നൈപുണികളും) എന്തൊക്കെ എന്ന് മനസ്സിലാക്കുന്നതിനും മാറ്റങ്ങൾ തിരിച്ചറിയുന്നതിനും, ആ മാറ്റങ്ങളിൽ ബി.എഡ് കോഴ്‌സും കോളേജിന്റെ അന്തരീക്ഷവും അധ്യാപകരും ചെലുത്തിയ സ്വാധീനങ്ങൾ വേർതിരിച്ചു മനസ്സിലാക്കുന്നതിനും അത്തരമൊരു വിലയിരുത്തൽ റിപ്പോർട് ആവശ്യമാണ്.

രേഷ്മ രവീന്ദ്രന്റെ പഠനപ്രാപ്തിയും അറിവും പഠന സമീപനങ്ങളും മനസ്സിലായപ്പോൾ, കോഴ്‌സു തുടങ്ങി ഏതാണ്ട് ഒരുമാസം കഴിഞ്ഞ്, ഞാൻ അവളോടു പറഞ്ഞു ""നീ ഒരു കാര്യം ചെയ്യണം, ബി.എഡ്. ഒരു ഫസ്റ്റ് ക്ലാസ്സ് കിട്ടാൻ പാകത്തിലൊക്കെ പഠിച്ചാൽ മതി. ബി.എഡിനൊപ്പം വളരെ ശ്രദ്ധ കൊടുത്ത് ഒന്ന് സിവിൽ സർവ്വീസിന് ശ്രമിക്കു. എന്റെ ഒരു തോന്നൽ നിനക്കത് കിട്ടാനുള്ള പ്രാപ്തി ഉണ്ടെന്നാണ്. ഉയർന്നറാങ്കിനുള്ളിൽ വന്നില്ലെങ്കിലും ഏതെങ്കിലും ഒരു വിഭാഗത്തിലേക്ക് കയറിക്കൂടാൻ നിനക്കു കഴിയും. രേഷ്മക്ക് അതിനുള്ള പൊട്ടൻഷ്യൽ ഉണ്ടെന്ന് എനിക്കു തോന്നുന്നു.''

എന്റെ വിലയിരുത്തലിന് നന്ദി പറഞ്ഞെങ്കിലും അഭിപ്രായത്തെ അവൾചിരിച്ചു തള്ളി.

""എനിക്ക് അങ്ങനെ ഒരു താല്പര്യമില്ല സർ. എനിക്ക് ഹൈസ്‌കൂൾ ക്ലാസുകളിൽ അല്ലെങ്കിൽ ഹയർസെക്കൻഡറി ക്ലാസ്സുകളിൽ ഉള്ള കുട്ടികളെത്തന്നെ പഠിപ്പിക്കണം. കൗമാരപ്രായക്കാരായ വിദ്യാർത്ഥികളെ വ്യത്യസ്തമായ രീതിയിൽ പഠിപ്പിച്ച് സന്തോഷിക്കണം! അവരെ ജീവിതത്തിന്റെ കയറ്റിറക്കങ്ങളെ മനസിലാക്കിക്കൊടുക്കണം. അങ്ങനെ ഒരു വേറിട്ട തലമുറ എന്റെ ക്ലാസിൽനിന്ന് രൂപംകൊള്ളണം! കൗമാരക്കാരോടുള്ള അധ്യാപന സമീപനത്തിൽ എനിക്കു മാറ്റം കൊണ്ടുവരണം. ഒരോ കുട്ടിയെയും "ഡ്രീം കീപ്പേഴ്‌സ്' ആക്കി മാറ്റണം. അതുകൊണ്ട് ഞാൻ ഈ ജോലി തന്നെ എഴുതി പിടിക്കും.''

എന്റെ നിർദേശത്തിന് അവൾ പറഞ്ഞ മറുപടി ഇതായിരുന്നു. ആ മറുപടി എന്റെ മുൻധാരണകളെ ഒന്നു കുലുക്കി കളഞ്ഞു. ഗ്ലോറിയ ബില്ലിങ്ങിന്റെ "ഡ്രീം കീപ്പേഴ്‌സ്; അമേരിക്കൻ ആഫ്രിക്കൻ വിദ്യാർത്ഥികളുടെ വിജയികളായ അധ്യാപകർ' എന്ന പുസ്തകത്തെ പറ്റി അന്ന് ഞാൻ അറിഞ്ഞിട്ടില്ലായിരുന്നു. അവൾ അതു വായിച്ചു കഴിഞ്ഞിരുന്നു എന്ന് പിന്നീടാണ് എനിക്കു മനസ്സിലായത്. അവളുടെ തുടർന്നുള്ള പ്രവർത്തികളിലും ആ ദൃഢ നിശ്ചയത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു.

വളരെ ആകർഷണീയമായും അത്യാവശ്യം "ലക്ഷ്യൂറിയസ്' ആയും വസ്ത്രം ധരിച്ചു തന്നെയാണ് രേഷ്മ കോളേജിൽ വരാറുണ്ടായിരുന്നത്. കുടുംബത്തിന്റെ സാമ്പത്തിക ശേഷിയെപ്പറ്റി അവൾ തന്ന വിവരങ്ങളുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല അവളുടെ വസ്ത്രങ്ങളുടെ പകിട്ട്. അവൾ തന്ന വിവരങ്ങൾ ശരിതന്നെയോ എന്ന് ഞാൻ അന്വേഷിച്ചത് അവളുടെ കൂട്ടുകാരോടുതന്നെയാണ്. അവൾ ട്യൂഷൻ എടുക്കുന്നുണ്ട് ആ വരുമാനമാവും വസ്ത്രങ്ങൾക്കായി ചിലവാക്കുന്നത് എന്നെനിക്കു തോന്നി. "മലയാളി സഹജമായ' ചില ചീത്ത ചിന്തകൾ പോലും അവളുടെ "ലക്ഷ്യൂറിയസ്' ശൈലിയെക്കുറിച്ച് എന്റെ മനസ്സിൽ ഉണ്ടാവാതിരുന്നില്ല.

പാലക്കാട് കൽമണ്ഡപത്താണ് രേഷ്മയുടെ വീട്. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബം. ഒന്നര സെന്റ് സ്ഥലത്താണ് വീട്. തീരെ ചെറിയ ഒരു വീട്. അവളുടെ കോഴ്‌സെല്ലാം കഴിഞ്ഞ ശേഷം ഒരിക്കൽ പോയപ്പോഴാണ് ആ വീട് അവളുടെ ജീവിത ചിത്രങ്ങളുമായി എത്രമാത്രം അകന്നു നിൽക്കുന്നു എന്ന് എനിക്കു മനസ്സിലായത്.

അവളുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയൊന്നും അവൾ ആരോടും മറച്ചു വച്ചിരുന്നില്ല. അതൊന്നും അവൾക്കൊരു വിഷയമേ ആയി തോന്നിയിട്ടുമില്ല. പ്രസന്നവതിയായിട്ടു മാത്രമേ ക്ലാസിൽ ഞാൻ രേഷ്മയെ കണ്ടിട്ടുള്ളു. അവളുടെ ബാച്ചിന്റെ പഠനകാലം ഏതാണ്ട് അവസാനിക്കാറായ സമയത്ത് ഒരു ദിവസം മാത്രം ഞാൻ രേഷ്മയെ "സങ്കടക്കടലായി' കണ്ടു. കോഴ്‌സിലെ ഏതാണ്ട് ഒന്നരവർഷക്കാലവും ഒരുദിവസം പോലും വിഷമത്തോടെയോ ടെൻഷനോടെയോ കണ്ടിട്ടില്ലാത്ത രേഷ്മ രവീന്ദ്രൻ ആ ദിവസം കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ക്ലാസിൽ തലകുമ്പിട്ട് ഇരിക്കുന്നു.

ഇത്തരം പെരുമാറ്റങ്ങളുള്ള കുട്ടികളെ പറ്റി നമുക്ക് പൊതുവെ ഒരു ഭയമുണ്ട്. ഉപരിപ്ലവമായ ഒരു ശൈലിയിൽ ജീവിക്കുന്ന അവർ എപ്പോഴാണ് മനസ്സ് മാറ്റുക എന്ന് പറയാൻ വയ്യ. അവർക്ക് ചില അസ്വസ്ഥതകൾ താങ്ങാനായേക്കില്ല. പ്രതിസന്ധികൾ വന്നാൽ തരണം ചെയ്യാൻ കഴിയാതെ പകച്ചുപോവും ഇത്തരം കുട്ടികൾ എന്നും അനുഭവം എന്നെ പഠിപ്പിച്ചിട്ടുണ്ട്. രേഷ്മയുടെ മാറ്റം എന്നെ അത്ഭുതപ്പെടുത്തി.

എന്താണ് കാരണം എന്ന് ഞാൻ ഓരോരുത്തരോടും അന്വേഷിച്ചു. ആരും ഒന്നും പറയുന്നില്ല. അവസാനം എന്റെ പീരീഡ് കഴിഞ്ഞ ശേഷം ഞാൻ അവളുടെ "കോക്കസ്സിലെ' ബാക്കി നാലു പേരെ വിളിപ്പിച്ചു. അവർ വിഷയം പറഞ്ഞു.

എല്ലാരുംകൂടി രേഷ്മയുടെ വീട്ടിൽ പോയിരുന്നു. അവിലും ശർക്കരയും കുഴച്ചുണ്ടാക്കിയ ഇലയടയാണ് അവളുടെ വീട്ടിൽനിന്നു വിളമ്പിയ ഭക്ഷണം. അവളുടെ അമ്മ ഉണ്ടാക്കിയതായിരുന്നു. എല്ലാരും കഴിച്ചു. വീട്ടിൽ നിന്നറങ്ങുമ്പോൾ റെജീന (ശരിയായ പേരല്ല) അതിൽ അഞ്ചാറെണ്ണം പൊതിഞ്ഞു വാങ്ങി അവളുടെ വീട്ടിലേക്ക് കൊണ്ട് പോയി. റജീനയുടെ അമ്മക്ക് അത് ഇഷ്ടമാവും എന്ന് കരുതി കൊണ്ട് പോയതാണ്. ഇന്ന് ക്ലാസ്സിൽ വന്നപ്പോ രേഷ്മ റെജിയോട് അട ഇഷ്ടമായോ എന്ന് ചോദിച്ചു. റെജിയുടെ അമ്മയ്ക്കും അച്ഛനും അനിയനുമൊന്നും അത് ഇഷ്ടമായില്ല. പക്ഷെ റെജിയുടെ സോമു ആറെണ്ണവും ഒറ്റ ഇരിപ്പിനു കഴിച്ചുവത്രെ. അത് കേട്ടതും രേഷ്മയുടെ ഭാവം മാറി. അവൾ പിണങ്ങി. പിന്നെ ഒരേ കരച്ചിൽ...

അതെന്തപ്പാ അങ്ങനെ എന്നാണെനിക്കു തോന്നിയത്. ഞാൻ ചോദിച്ചു; ""ആരാ സോമു?''
""റെജീനിടെ നായ!''

ഒരു നിമിഷത്തെ നിശ്ശബ്ദത. ഒരു തരിപ്പ്, അമ്പരപ്പ്. ഞാൻ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റുപോയി. അവരുടെ മറുപടി അനസ്‌തേഷ്യയുടെ ആഘാതംപോലെ എന്നെ മരവിപ്പിച്ചുകളഞ്ഞു. ഞാൻ കുറച്ചു നേരം തലതാഴ്ത്തി ഇരുന്നു.

""എന്തേലും വിഷമമാകും എന്ന് കരുതി പറഞ്ഞതല്ല സാർ, അറിയാതെ പറഞ്ഞതാ.. എന്താ ചെയ്യാ.. അവൾ കരഞ്ഞുകൊണ്ടേയിരിക്കുന്നു..'' ഇപ്പോൾ എന്റെ മുൻപിൽ അതും പറഞ്ഞു കരയുന്നത് റെജീനയാണ്. രേഷ്മക്ക് എന്തേലും വിഷമം ഉണ്ടാക്കണം എന്ന് കരുതി റെജീന ഒരിക്കലും അത് പറയില്ല എന്ന് എനിക്കും അറിയാം. ഞാൻ അവരെ സമാധാനിപ്പിച്ചു വിട്ടു.

തന്റെ വീട്ടിലെ എല്ലാവരുടെയും പ്രിയപ്പെട്ട ആഹാരം റജീനയുടെ വീട്ടിലെ നായക്ക് മാത്രമാണ് ഇഷ്ടമായത് എന്ന "തിരിച്ചറിവ്' രേഷ്മയിൽ ഉണ്ടാക്കിയ കൊടുങ്കാറ്റ് ചെറുതായിരുന്നില്ല. ""എനിക്കൊന്നും നിന്റെ വീട്ടിലെ നായയുടെ യോഗ്യതപോലും ഇല്ലല്ലോ രജി'' എന്ന് പറഞ്ഞാണത്രെ അവൾ കരച്ചിലിനു തുടക്കമിട്ടത്. മറ്റധ്യാപകരും കൂടി കാര്യങ്ങൾ അറിയേണ്ട എന്നുകരുതി ഞാൻ രേഷ്മയോട് ലൈബ്രറിയിൽ പോയി ഇരിക്കാൻ പറഞ്ഞു.

വൈകുന്നേരമായപ്പോഴേക്കും അവളുടെ വിഷമങ്ങളൊക്കെ മാറി. മനസ്സിനകത്ത് വിങ്ങൽ അവശേഷിച്ചെങ്കിലും പുറത്തേക്ക് പഴയതു പോലെ എല്ലാം തിരിച്ചെടുത്ത് അവൾ പ്രസന്നവതിയായി. വൈകീട്ട് ഞാൻ അവളെ സമാധാനിപ്പിക്കാൻ ചില വാക്കുകൾ പറഞ്ഞു. അവൾ അതും ചിരിച്ചു തള്ളി. ""വിഷുവിന് കത്തിക്കുന്ന ചക്രംപോലെ അതങ്ങു കത്തിത്തീർന്നു സാർ. നമുക്കതു വിടാം'' എന്നായിരുന്നു അവളുടെ മറുപടി.

രേഷ്മ രവീന്ദ്രൻ ഇപ്പോൾ പാലക്കാട് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. സ്‌കൂൾ അധ്യാപികയാവാനുള്ള അവളുടെ ആഗ്രഹം "ലൈവ്' ആയിത്തന്നെ നിലനിൽക്കുന്നുണ്ട്. പ്രണയിച്ച പയ്യനെത്തന്നെ അവൾ വിവാഹം കഴിച്ചു. ഇപ്പോൾ ഒരു കുഞ്ഞുമുണ്ട്. പഴയ ഒന്നര സെന്ററിൽ തന്നെയാണ് കുടുംബത്തോടൊപ്പം താമസം. "വേറെ വീടൊക്കെ വച്ചോ' എന്ന എന്റെ
"മലയാളിസഹജമായ' ചോദ്യത്തിന് മറുപടിയായി എല്ലാ തവണയും അവൾ പ്രതികരിക്കും "സന്തോഷിക്കാൻ ഒന്നര സെന്റുതന്നെ ധാരാളമാണ് മാഷേ' എന്ന്.

ഉവ്വ്, മനുഷ്യന് സന്തോഷിക്കാൻ ഓരോരോ കാര്യങ്ങളുണ്ട്, സങ്കടപ്പെടുവാനും അങ്ങനെതന്നെ എന്ന കഥയുടെ മഹാമനീഷി ടോൾസ്റ്റോയിയുടെ വാക്കുകൾ എത്ര സാർത്ഥകമാണ്.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments