ചില ഓർമകൾ അങ്ങനെയാ എത്ര മായ്ച്ചാലും പോകില്ല; അത് അങ്ങനെ പറ്റിപ്പിടിച്ച് കിടക്കും ടാർ ഒഴിച്ച ബാരലിൽ പറ്റിപ്പിടിച്ചിരിയ്ക്കുന്ന ടാർ പോലെ, മനസ്സിന്റെ അരികുകളിൽ.
വർഷങ്ങൾക്കുമുമ്പ് അതായത് 1992 മാർച്ച് മാസത്തിൽ കാശ്മീരിൽനിന്ന് നാട്ടിലേക്ക് ഹിമസാഗർ എക്സ്പ്രസിന്റെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റിൽ യാത്രചെയ്യുകയാണ്. പട്ടാളക്യാമ്പിലെ മനംമടുപ്പിക്കുന്ന കാഴ്ചകളിൽ നിന്ന് തൽക്കാലം വിടുതൽ കിട്ടിയതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് ഞാൻ. അതിരാവിലെ വണ്ടി ഡൽഹിയിൽ എത്തിയപ്പോൾ സ്റ്റേഷനിലെ ബഹളം കേട്ട് ഞെട്ടിയുണർന്നു നോക്കുമ്പോൾ കൂപ്പയിലെ രണ്ടാമത്തെ ബർത്തിൽ ഒരാൾ കൂർക്കം വലിച്ച് ഉറങ്ങുന്നു. ജമ്മുവിൽ നിന്ന് കയറുമ്പോൾ കൂപ്പയിൽ ഞാൻ തനിച്ചായിരുന്നു. അർധരാത്രി ഏതോ സ്റ്റേഷനിൽനിന്ന് കയറിയതാണെന്ന് അയാളുടെ കൂർക്കംവലിയിൽ നിന്ന് മനസ്സിലാക്കാം. അയാൾ ധരിച്ചിരിയ്ക്കുന്ന തൂവെള്ള പാന്റ്‌സും ഷർട്ടും കറുത്ത ഷൂസും പ്രത്യേകിച്ച് ശ്രദ്ധിച്ചു. ഏതോ കേമനായ ഉദ്യോഗസ്ഥൻ തന്നെ എന്ന് അയാളുടെ വസ്ത്രധാരണരീതി പറയുന്നുണ്ടായിരുന്നു. വെളുത്ത വസ്ത്രം അയാളുടെ കറുപ്പിന് മാറ്റ് കൂട്ടി. ഏതായാലും കക്ഷിയ്ക്ക് ദിവസങ്ങളായുള്ള ഉറക്കം ബാക്കിയുണ്ട് അതെല്ലാം കൂടെ ഒന്നിച്ച് തീർക്കുകയാണ്. സ്റ്റേഷനിലെ ശബ്ദ കോലാഹലങ്ങൾ എന്റെ ഉറക്കത്തെ കെടുത്തിയിരുന്നു.
വേലായുധൻ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയ കഥ പറഞ്ഞു. എന്റെ കണ്ണുകൾ അറിയാതെ ഈറനണിഞ്ഞു. ഓർമകൾ പഴയ എട്ടാം ക്ലാസിലേക്ക് നടന്നു.
മഞ്ഞും പൊടിപടലങ്ങളും സൂര്യനെ തടസ്സപ്പെടുത്തുന്ന പോലെ. വണ്ടി വീണ്ടും തെക്കോട്ട് കിതയ്ക്കാൻ തുടങ്ങി, യാത്രക്കാരുടെയെല്ലാം തിടുക്കങ്ങളും നെഞ്ചിൽ ആവാഹിച്ചെന്ന പോലെ.
വാഷ് റൂമിൽ പോയി തിരിച്ചുവന്നപ്പോഴും കക്ഷിയുണ്ട് സ്റ്റെഡിയായി ഇരുന്ന് വീണ്ടും ഉറങ്ങുന്നു. പക്ഷെ അത് അധികനേരം തുടർന്നില്ല കോഫീവാലയുടെ കോഫീ...കോഫീ വിളി കാതുകളിലൂടെ തുളഞ്ഞ് അയാളുടെ ഉറക്കത്തെ കെടുത്തിക്കളഞ്ഞു. കക്ഷി ഞെട്ടിയുണർന്ന് ഞെട്ടലിന്റെ ചമ്മലിൽ എന്നെ നോക്കി ചിരിച്ച് കാപ്പി വാങ്ങി കുടിക്കാൻ തുടങ്ങി.
കയ്യിലെ മലയാളം വാരികകൾ കണ്ടതുകൊണ്ടാകാം, നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു "ഞാനും മലയാളിയാ'. കേരളശബ്ദം വാങ്ങി മറിച്ചുനോക്കി. അങ്ങനെ പതിയെ ഞങ്ങൾക്കിടയിലെ മറകൾ ഓരോന്നായി മാറാൻ തുടങ്ങി.
പ്രതീക്ഷിച്ചിരുന്ന അടുത്ത ചോദ്യം ഉടൻ വന്നു "നാട്ടിൽ എവിടെയാ? '
"കോഴിക്കോട്'.
"കോഴിക്കോട് എവിടെ ' അടുത്ത ചോദ്യം.
"പേരാമ്പ്ര'
പേരാമ്പ്ര എവിടെയാ?
"ഹൈസ്‌കൂളിനടുത്ത്' എന്ന് ഞാൻ പറഞ്ഞുതീർന്നില്ല അതിയായ സന്തോഷത്തിൽ അയാളിലെ നിഷ്‌കളങ്കഭാഷ പുറത്തുവന്നു.
"ന്റെ മ്മോ ഞാൻ വാല്യക്കോടാ' അപ്പോഴേക്കും എനിക്കും അയാളെ ഏകദേശം പിടികിട്ടി തുടങ്ങി. ഞാൻ ഐഡന്റിറ്റി വെളിപ്പെടുത്തി.
എന്റെ മറുപടി കേട്ടപ്പോൾ മുമ്പത്തേതിനേക്കാൾ ഏറെ ആഹ്ലാദത്തോടെ അയാൾ പറഞ്ഞു. "ഊയിന്റെ കുഞ്ഞിമ്മോനെ, ഇഞ്ഞ് സ്‌കൂളിൻറട്ത്ത്ചായ പീടിക നടത്തുന്ന നാരാണേട്ടന്റെ മോൻ രാധാഷ്ണനാ' അയാൾ എന്തെന്നില്ലാത്ത സന്തോഷത്തിലായിരുന്നു. നേരിയ സംശയം ഉള്ളിൽവെച്ച് ചോദിച്ചു "സി.എം. വേലായുധനല്ലേ?'
"അതെടോ നിങ്ങളൊക്കെ വിളിക്കുന്ന കല്ലൻ വേലായുധൻ തന്നെ' തിളങ്ങുന്ന കണ്ണുകൾ അടച്ചുതുറന്ന് അയാൾ പറഞ്ഞു.
ഔപചാരികതയുടെ എല്ലാ പൊങ്ങച്ചങ്ങളും വേസ്റ്റ് ബാസ്‌കറ്റിലിട്ട് ഞങ്ങൾ സഹപാഠികൾ കെട്ടിപിടിച്ചു. വേലായുധൻ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയ കഥ പറഞ്ഞു. എന്റെ കണ്ണുകൾ അറിയാതെ ഈറനണിഞ്ഞു.
ഓർമകൾ പഴയ എട്ടാം ക്ലാസിലേക്ക് നടന്നു.
മലയോര ഗ്രാമങ്ങളുടെ കേന്ദ്രമായ പേരാമ്പ്ര പട്ടണത്തിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ മാറി പ്രകൃതിരമണീയമായ ചേർമലയുടെ താഴ്വരയിൽ കിഴിഞ്ഞാണ്യം എന്ന ദേശത്താണ് പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂൾ സ്ഥിതിചെയ്യുന്നത്. ഞാൻ പഠിക്കുന്ന കാലത്ത് പേരാമ്പ്ര ഹൈസ്‌കൂൾ എന്നായിരുന്നു അറിയപ്പെട്ടത്. കുന്നിൻചരുവിലെ പറങ്കിമാവിൻ തോട്ടങ്ങളും ചബോക്ക് മരങ്ങളും എന്നും സ്‌കൂളിന് അലങ്കാരമായിരുന്നു. ചരൽക്കല്ല് നിറഞ്ഞ വിശാലമായ മൈതാനവും തേക്കാത്ത ചെങ്കല്ലുകൊണ്ട് പണിത ചുമരുകളും, മഴക്കാലത്ത് ചേർമലയിൽ നിന്ന് മലവെള്ളം കുത്തിയൊലിച്ച് ഇറങ്ങി രൂപപ്പെട്ട ആഴമുള്ള ചാലുകളിൽ വളരുന്ന കുഞ്ഞുചെടികളിലെ പേരറിയാപൂക്കളും എല്ലാം എന്നും മനസ്സിൽ പൂത്തുനിൽ ക്കുന്നുണ്ട്. പറങ്കിമാവിൻ ചോലകളിൽ പല പ്രണയങ്ങളും പൂത്തുലഞ്ഞതായും കേട്ടിട്ടുണ്ട്.
മലമുകളിലെ കോളനിയിൽനിന്ന് എപ്പോഴും തുടികൊട്ടിന്റെ താളം ഒഴുകി. അന്ന് പേരാമ്പ്ര ഹൈസ്‌കൂളിൽ രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു. മലയാരമേഖലയിലെ പാവപ്പെട്ട വീടുകളിൽ നിന്നുള്ള കുട്ടികളുടെ ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. സാധാരണക്കാരായ തൊഴിലാളികളുടെയും കർഷകരുടെയും കുംടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു ഭൂരിഭാഗം കുട്ടികളും. ഇവിടെ പഠിച്ച് സമൂഹത്തിലെ ഉയർന്ന സ്ഥാനങ്ങളിൽ എത്തപ്പെട്ടവർ ഏറെയാണ്. അധ്യാപകരിൽ പലരും നാട്ടുകാരോ അല്ലെങ്കിൽ പുറമെനിന്ന് വന്ന് അവിടെ താമസമാക്കിയവരോ ആയിരുന്നു.
വേലായുധന്റെ അച്ചൻ കല്ല് ചെത്ത് തൊഴിലാളി ആയതുകൊണ്ടാണ് അവനെ ‘കല്ലൻ’ വേലായുധൻ എന്ന് വിളിച്ചത്. ബാലൻ മുൾവേലി കെട്ടാൻ അച്ഛനെ സഹായിക്കുന്നതിനാൽ പേര് മുള്ളൻ
1980-ലെ എട്ടാംതരം "ഐ' ൽ ആയിരുന്നു നമ്മുടെ വേലായുധനും ഞാനും പഠിച്ചിരുന്നത്. പല വർഷങ്ങളായി തോറ്റവരെ കുടിയിരിത്തിയിരുന്ന ഒരു ക്ലാസ്സായിരുന്നു എട്ട് ഐ. ബാക്ക് ബെഞ്ചിൽ രണ്ടും മുന്നും തവണ തോറ്റ സീനിയേഴ്സിന്റെ നിരയായിരുന്നു. അപര നാമധാരികളായ
കല്ലൻ വേലായുധൻ, ചവണ ചന്ദ്രൻ, മൂരി ബഷീർ, മുള്ളൻ ബാലൻ എന്നിവരായിരുന്നു ഇവരിൽ പ്രമുഖർ, എല്ലാവരും ഞങ്ങളേക്കാൾ നാലോ അഞ്ചോ വയസ്സിന് മൂപ്പുള്ളവർ. വേലായുധൻ ആ കൂട്ടത്തിൽ ഏറ്റവും സീനിയറായിരുന്നു. വേലായുധന്റെ അച്ചൻ കല്ല് ചെത്ത് തൊഴിലാളി ആയതുകൊണ്ടാണ് അവനെ ‘കല്ലൻ’ വേലായുധൻ എന്ന് വിളിച്ചത്. ബാലൻ മുൾവേലി കെട്ടാൻ അച്ഛനെ സഹായിക്കുന്നതിനാൽ പേര് മുള്ളൻ. ഇത്തരം വിളിപ്പേരുകൾ കുട്ടികൾക്ക് ചാർത്തി കൊടുക്കുന്നത് പണ്ഡിത ശിരോമണികളായ അധ്യാപകർ തന്നെ ആയിരുന്നു എന്നതാണ് വാസ്തവം. പക്ഷെ, ഈ പട്ടം ലഭിക്കുക ദരിദ്രരായ കുട്ടികൾക്കാണെന്ന് മാത്രം. അല്ലെങ്കിലും നിക്ക് നേമുകൾ ചാർത്തൽ നമുക്കൊരു ഹോബിയാണല്ലോ.
എന്തായാലും ‘എട്ട് ഐ’ സ്‌കൂളിൽ കുപ്രസിദ്ധമായിരുന്നു. ബാക്ക് ബെഞ്ച് എല്ലാവിധ കുരുത്തക്കേടുകളുടെയും ഹെഡ് ആപ്പീസും. വേലായുധൻ രാവിലെ കല്ല് വെട്ടാൻ അച്ഛനെ സഹായിച്ചതിനുശേഷമാണ് സ്‌കൂളിൽ വരാറ്. മറ്റുള്ളവരും അങ്ങനെ പല തൊഴിലുകളും ചെയ്തിട്ടാണ് വന്നിരുന്നത്.
പലരെയും ഒന്നിച്ച് ക്ലാസ്സിൽ കാണുന്നത് അപൂർവമാണ്. അടുത്ത് വല്ല ഉത്സവമോ കല്യാണമോ ഉണ്ടങ്കിൽ നോക്കുകയും വേണ്ട. സ്‌പോട്‌സ്, യുവജനോത്സവം, സേവനവാരം തുടങ്ങിയ അവസരങ്ങളിൽ ഇവർ ശരിക്കും ഷൈൻ ചെയ്യും. വരുന്ന ദിവസങ്ങളിലാകട്ടെ അച്ചും പുള്ളിയും ചൊട്ടലാണ് പ്രധാന ഹോബി. ചെറിയ കുട്ടികളായ ഞങ്ങൾക്ക് മാവിൽ കയറി മാങ്ങ പറിച്ചുതരിക, ചേർമലയിലെ നരിമഞ്ച കാണാൻ കൂടെ വരിക, അധ്യാപകർക്ക് ചായ കൊണ്ടുകൊടുക്കുക എന്നുവേണ്ട സകല ജോലിയിലും വ്യാപൃതനായി വേലായുധൻ സ്‌കൂൾ ജീവിതം അങ്ങനെ ആഘോഷിക്കുകയാണ്. അപ്പോഴാണ് ഒരു സംഭവമുണ്ടായത്.
ബാക്ക് ബെഞ്ചിൽ അന്ന് ഫുൾ കോറമുണ്ട്. പുതുതായി വന്ന ആനി ടീച്ചർ ക്ലാസ്സിൽ വന്നു. സുന്ദരിയായ ആനി ടീച്ചർ (പേര് യഥാർഥമല്ല) തന്റെ നീണ്ട മുടിയിൽ ഒരു റോസാപ്പൂവ് എന്നും ചൂടിവരും. ടീച്ചർ അടുത്ത് വരുമ്പോൾ റോസാപ്പൂവിന്റെ സുഗന്ധം ഞങ്ങൾ എല്ലാവരും ആസ്വദിക്കാറുമുണ്ട്.
ടീച്ചർ നോട്ട് പറഞ്ഞ് ക്ലാസിന്റെ പിന്നിലെത്തി തിരിഞ്ഞുനടക്കുമ്പോൾ വേലായുധൻ ഒരു പണി ഒപ്പിച്ചു. ടീച്ചറുടെ മുടിയിൽ നിന്ന് അവൻ റോസാപ്പൂവ് എടുത്തു. കുമാരനുമായുള്ള ബെറ്റിന്റെ ഭാഗമായിട്ടാണ് അവൻ അത് ചെയ്തത്.
ടീച്ചർ ഇത് അറിഞ്ഞിട്ടേ ഉണ്ടായിരുന്നില്ല. പക്ഷെ ഇത് കണ്ട ബാക്ക് ബെഞ്ചിലെ പെൺകുട്ടികൾ ചിരിച്ചപ്പോൾ ടീച്ചർ കാര്യം അന്വേഷിച്ച് ദേഷ്യപ്പെട്ടു. ഒരു കുട്ടി പൂവ് എടുത്ത കാര്യം പറഞ്ഞു. ഇതറിഞ്ഞ മറ്റ് കുട്ടികളും ചിരിക്കാൻ തുടങ്ങി. ക്ലാസ്സിൽ കുട്ടച്ചിരി പടർന്നു. ടീച്ചറുടെ മുഖം ദേഷ്യവും സങ്കടവും കൊണ്ട് ചുവന്നുതുടുത്തു. കരഞ്ഞുകൊണ്ട് പുറത്തുപോയി.
മാഷ് അവന്റെ പെരടിയിൽ തന്റെ കൈകൾ കൊണ്ട് ആഞ്ഞടിച്ചു. ഒന്നും രണ്ടുമല്ല തന്റെ വെറി തീരുംവരെ. പിന്നീട് ശരീരമാസകലം പാളക്കൂരി പ്രയോഗം അതും പോരാത്തതിന് ചെവിക്ക് പിടുത്തവും
ടീച്ചർ പോയ ഗ്യാപ്പിൽ മുങ്ങാൻ വിചാരിച്ച വേലായുധനെയും സംഘത്തെയും ഞെട്ടിച്ചുകൊണ്ട് സ്‌കൂളിൽ കുട്ടികളുടെ പേടിസ്വപ്നമായ ജനാർദ്ദനൻ മാസ്റ്റർ (പേര് യഥാർഥമല്ല) കൈയിൽ പാളക്കൂരിയുമായി അരിശം മൂത്ത് കലിതുള്ളി വന്നുകയറി. മാഷ്ക്ക് കുട്ടികളെ നേരിടാൻ ചില പ്രത്യേകരീതിയാണ്. കഴിയുന്നതും വടി ഡസ്‌കിൽ അടിച്ച് പേടിപ്പിക്കും. ചെവിക്ക് പിടിക്കലാണ് സ്ഥിരം ഏർപ്പാട്. അത് ഒരിക്കൽ ഞാനും അനുഭവിച്ചതാണ്. ഗ്ലോബ് എടുത്ത് കൊണ്ടുവരാൻ നേരേത്തേ പറഞ്ഞിരുന്നത് ക്ലാസ് ലീഡറായ ഞാൻ മറന്നുപോയതിന്, ചെവിക്കുട മടക്കി ഞെരിച്ച് പൊന്നാക്കിത്തന്നു മാഷ്.
ഇനി എന്താണ് സംഭവിക്കുക? ക്ലാസിൽ പൂർണ നിശ്ശബ്ദത. എല്ലാവരും പേടിച്ച് ഇരിക്കയാണ്. മാഷ് ഒരു ഇരയെ കിട്ടിയ ഭാവത്തിൽ വേലായുധനിലേക്ക് പാഞ്ഞടുത്തു. ഇത്തവണ ചെവി പിടുത്തം മാത്രമല്ല, മാഷ് അവന്റെ പെരടിയിൽ തന്റെ കൈകൾ കൊണ്ട് ആഞ്ഞടിച്ചു. ഒന്നും രണ്ടുമല്ല തന്റെ വെറി തീരുംവരെ. പിന്നീട് ശരീരമാസകലം പാളക്കൂരി പ്രയോഗം അതും പോരാത്തതിന് ചെവിക്ക് പിടുത്തവും. എന്നിട്ട് "നിനക്കൊന്നും പറഞ്ഞിട്ടില്ലെടാ സ്‌കൂളും പഠനവും' എന്ന് പറഞ്ഞ് കുത്തിനുപിടിച്ച് പുറത്തുതള്ളി ഗെറ്റ് ഔട്ട് അടിച്ചു. ഇത്രയൊക്കെ ചെയ്തിട്ടും വേലായുധന് ഒരു കൂസലുമുണ്ടായിരുന്നില്ല. അവന്റെ കണ്ണിൽനിന്ന് ഒരു തുള്ളി കണ്ണീർ പൊടിഞ്ഞില്ല. പെൺകുട്ടികൾ പലരും കരയാൻ തുടങ്ങി.
മാഷ് കിതപ്പുമാറ്റി ഗ്ലാസ്സിൽ വെച്ചിരുന്ന വെള്ളമെടുത്ത് തന്റെ കൈകൾ കഴുകി വൃത്തിയാക്കി. മാഷ് കൈകൾ കഴുകുന്നതുകണ്ട വേലായുധൻ, പുറത്തെ പൈപ്പിൽ നിന്ന് തന്റെ ഇരുചെവികളും കൈകളും കഴുകി മാഷെ ഒന്ന് നോക്കി ഒരു ധീരനെപ്പോലെ നെഞ്ചുവിരിച്ച് നടന്നകന്നു. അന്ന് സ്‌കൂൾ വിട്ട വേലായുധനെ ആരും പിന്നീട് കണ്ടിട്ടേയുണ്ടായിരുന്നില്ല.
‘‘അങ്ങനെ ഞങ്ങൾ കൊടുംതണുപ്പിലും പൊരിവെയിലത്തും റെയിൽ പാളങ്ങളിൽ നിങ്ങളൊക്കെ തൂറിവെക്കുന്ന വിസർജ്യവും ഛർദിയും മാലിന്യങ്ങളും കോരിവൃത്തിയാക്കി.’’
ഞാൻ എന്തൊക്കെയോ ഓർത്തിരിക്കുകയാണെന്നറിഞ്ഞ വേലായുധൻ പറഞ്ഞു "നീ എന്താ ആലോചിക്കുന്നതെന്ന് എനിക്ക് അറിയാം.'
പിന്നീട് കൂട്ടിച്ചേർത്തു, "മാഷ് അന്ന് അത് ചെയ്തില്ലായിരുന്നെങ്കിൽ ഈ വേലായുധൻ ലോക്കോ പൈലറ്റാകില്ലായിരുന്നു'. പിന്നീട് വേലായുധൻ അവൻ ലോക്കോ പൈലറ്റായ കഥ പറയാൻ തുടങ്ങി: ‘‘ഞാൻ അവിടെ നിന്നും നേരെ മദ്രാസിലെ അമ്മാവന്റെ അടുത്തേക്കാണ് പോയത്. അമ്മാവൻ റെയിൽവേയിൽ ക്ലീനിങ് തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു. ആസ്ത്മ രോഗിയായിരുന്ന അമ്മാവൻ സഹായത്തിന് എന്നെയും പലപ്പോഴും കൂടെക്കൂട്ടി. അങ്ങനെ ഞങ്ങൾ കൊടുംതണുപ്പിലും പൊരിവെയിലത്തും റെയിൽ പാളങ്ങളിൽ നിങ്ങളൊക്കെ തൂറിവെക്കുന്ന വിസർജ്യവും ഛർദിയും മാലിന്യങ്ങളും കോരിവൃത്തിയാക്കി. അമ്മാവന്റെ അയൽവാസി സ്‌കൂൾ പഠിത്തം പാതിവഴിയിൽ ഉപക്ഷിക്കേണ്ടിവന്ന ഹതഭാഗ്യർക്ക് ട്യൂഷനെടുക്കുന്ന ആളായിരുന്നു. അയാളുടെ പ്രേരണയാൽ ഞാൻ എസ്.എസ്.എൽ.സി. പാസ്സായി. അമ്മാവൻ റിട്ടയേഡ് ആയപ്പോൾ താൽകാലികമായി എനിക്ക് ആ ജോലി കിട്ടുകയും ചെയ്തു. പിന്നീട് ഐ.ടി.ഐ. ചെയ്തു. അങ്ങനെ ഇവിടെവരെ എത്തി. അതുകൊണ്ട് എനിക്ക് മാഷെ എന്നും ഇഷ്ടമാണ്.’’ അവൻ പറഞ്ഞുനിർത്തി. എനിക്ക് അത്ഭുതവും അതിലേറെ സന്തോഷവും തോന്നി. എന്റെ കണ്ണുകൾ നിറഞ്ഞുപോയി. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.