കെ.പി. അച്യുത പിഷാരോടി / ഫോ​ട്ടോ: കെ. ജയാനന്ദൻ.

അച്യുതപ്പാടി

അരനൂറ്റാണ്ടോളം നീണ്ട അധ്യാപന ജീവിതത്തിനൊടുവിൽ ഭാരതപ്പുഴയോരത്തെ കൊടിക്കുന്ന് പിഷാരത്ത് വന്ന് നിശബ്ദമിരുന്നു അച്യുതപ്പാടി. അടിത്തട്ട് നിശ്ശൂന്യമായ ചിരിയും മൗനവുമായിരുന്നു അക്കാലം അദ്ദേഹത്തിന്റെ ഭാഷ.

ഒരു തുള്ളി ഒരു മഞ്ഞിൻ തുള്ളി മാനം മുഴുവനുമുള്ളിലടക്കിയ മലമുകിലിൻ തുള്ളി
(സച്ചിദാനന്ദൻ)

ക്ലാസ്​മുറിക്ക്​ അകവും പുറവുമുണ്ട്. ജീവിതം എന്നും ക്ലാസിന് പുറത്തുനിന്ന കുട്ടിയാണ്. അച്യുതപ്പാടി ഒരു ക്ലാസിലും എന്നെ പഠിപ്പിച്ചിട്ടില്ല. ക്ലാസുകൾക്ക് പുറത്ത് ജീവിതം പഠിപ്പിച്ചവരിൽ, പക്ഷേ, ഈ മനുഷ്യൻ മുന്നിൽ നിൽക്കുന്നു. അച്യുതപ്പാടി, എന്റെ ഗുരുനാഥൻ.

പാണ്ഡിത്യത്താൽ മലയാളിയുടെ ചരിത്രത്തിൽ അടയാളപ്പെട്ട പ്രൊഫ. കെ.പി. നാരായണ പിഷാരോടിയുടെ അത്രയൊന്നും അറിയപ്പെടാതെപോയ സഹോദരനാണ് കെ.പി. അച്യുത പിഷാരോടി എന്ന അച്യുതപ്പാടി. എന്നാൽ തന്നെക്കാൾ പ്രതിഭാശാലിയെന്ന് അതേ ജ്യേഷ്ഠനാൽ വിശേഷിപ്പിക്കപ്പെട്ട സഹോദരൻ. അരനൂറ്റാണ്ടോളം നീണ്ട അധ്യാപന ജീവിതത്തിനൊടുവിൽ ഭാരതപ്പുഴയോരത്തെ കൊടിക്കുന്ന് പിഷാരത്ത് വന്ന് നിശബ്ദമിരുന്നു അച്യുതപ്പാടി. അടിത്തട്ട് നിശ്ശൂന്യമായ ചിരിയും മൗനവുമായിരുന്നു അക്കാലം അദ്ദേഹത്തിന്റെ ഭാഷ. അതിനിടയിൽ അദ്ദേഹം ജീവിതത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞതോർക്കുന്നു."ആയാതമായാതമപേക്ഷണീയം ഗതം ഗതം സർവമുപേക്ഷണീയം അലം വൃഥാ മോദനഖേദനാഭ്യാം അലംഘനീയ കമലാസനാജ്ഞ:'
അപേക്ഷണീയമായത് വന്നുചേരും. ഉപേക്ഷണീയമായത് നഷ്ടപ്പെടും. ഇതോർത്ത് സന്തോഷിക്കുകയോ ദുഃഖിക്കുകയോ ചെയ്യുന്നതിൽ അർഥമില്ല. ഇതാണ് ജീവിതത്തിന് ആധാരമാവേണ്ട ചിന്ത. ഇതു പിടികിട്ടാതെ ആളുകളൊക്കെ പരിഭ്രമത്തിലാണ്. തനിക്കില്ലാത്തതും മറ്റുള്ളവനുള്ളതും നോക്കിയുള്ള ജീവിതത്തിന്റെ പരക്കംപാച്ചിൽ. ഇത്രയേ ഉള്ളൂ എന്നും ഇത്രയേ ഉണ്ടാവാനുള്ളൂ എന്നുമുള്ള ഇരുത്തം പ്രധാനം. അപ്പോൾ സ്വസ്ഥമായി ജീവിതത്തെ അഭിമുഖീകരിക്കാനാവും.

പ്രൊഫ.കെ.പി.നാരായണ പിഷാരോടി, കെ.പി. അച്യുതപിഷാരോടി (ചിത്രം കൊടിക്കുന്ന് പിഷാരത്തെ കുടുംബ ആൽബത്തിൽ നിന്ന്)

കുട്ടിക്കാലം മുതലേ ഇല്ലായ്മയും സംസ്‌കൃതവും അച്യുതപ്പാടിയുടെ കൂട്ടിനുണ്ടായിരുന്നു. അഞ്ചേകാലുറുപ്പിക ഫീസുകൊടുക്കാനില്ലാഞ്ഞതിനാൽ കുമരനെല്ലൂർ ഹൈസ്‌കൂളിലെ പഠനം മുടങ്ങി വിഷമിച്ചിരുന്ന കാലം. കൂട്ടിന് സഹോദരനായ കൃഷ്ണനുമുണ്ടായിരുന്നു. ഒടുവിൽ സഹായത്തിനെത്തിയത് ജേഷ്ഠനും പണ്ഡിതനുമായ കെ.പി. നാരായണ പിഷാരോടി. അക്കാലത്ത് പുന്നശ്ശേരിയിൽ അധ്യാപകനായിരുന്ന നാരായണ പിഷാരോടി രാത്രികാലങ്ങളിൽ കൊടിക്കുന്നത്തെ തറവാട്ടിലെത്തി അനുജൻമാരെ സംസ്‌കൃതം പഠിപ്പിച്ചു. ജ്യേഷ്ഠഗുരുവിന്റെ പ്രവർത്തനം വിഫലമായില്ല. സഹോദരൻമാരുടെ ജീവിതത്തിലാകെ വെളിച്ചം പരത്തിയ രാത്രികളായിരുന്നു അത്.

അരനൂറ്റാണ്ടുകാലത്തെ അധ്യാപകജീവിതം ഔപചാരികമായി അവസാനിപ്പിച്ച് വീട്ടിലിരിക്കുമ്പോഴും പഠനത്തിനും സംശയനിവാരണത്തിനുമായി അച്യുതപിഷാരോടിയെന്ന പണ്ഡിതനെത്തേടി പലരുമെത്തി.

പിന്നീട് ജ്യേഷ്ഠ്യന്റെ നിഴലായി റെയിൽമാർഗം നടന്ന് പള്ളിപ്പുറത്തുനിന്ന് പുന്നശ്ശേരിയിലേക്ക് സംസ്‌കൃതം പഠിക്കാൻ പോയി. പുന്നശ്ശേരി നീലകണ്ഠശർമയുടെ നിര്യാണത്തിനുമുമ്പായിരുന്നു അത്. പണ്ഡിതൻമാരുടെയും കവികളുടെയും സമ്മേളനകേന്ദ്രമായിരുന്നു അന്നു പട്ടാമ്പി. ജാതിമത ഭേദമന്യേ ആളുകൾ സംസ്‌കൃതം പഠിക്കാൻ പുന്നശ്ശേരി സംസ്‌കൃത വിദ്യാലയത്തിലെത്തിയിരുന്നു. ഭാഷ പ്രചരിപ്പിക്കാൻ അവതരിച്ച ദിവ്യനെപ്പോലെ പുന്നശ്ശേരി നമ്പി. ശുദ്ധസംസ്‌കൃതത്തിൽ ഇടതടവില്ലാതെ മണിക്കൂറുകളോളം പ്രസംഗിച്ചിരുന്ന ഗുരുനാഥൻ. അനായാസമായ വാഗ്ധോരണി. ശിരോമണി ജയിച്ചശേഷം അവിടെത്തന്നെ കുറച്ചുകാലം അധ്യാപകനുമായിരുന്ന അച്യുതപിഷാരോടിയുടെ പിൽകാലജീവിതത്തിൽ പുന്നശ്ശേരിക്കാലത്തിന് വലിയ സ്വാധീനമുണ്ടായിരുന്നു.

പെരിങ്ങോട്ടുകരയിലും വടകരയിലുമുള്ള സംസ്‌കൃത വിദ്യാലയങ്ങളിലും പാവറട്ടി സംസ്‌കൃത കോളേജിലും അച്യുതപിഷാരോടി അധ്യാപകനായിരുന്നു. എം.പി. ശങ്കുണ്ണി നായർ, പി.സി. വാസുദേവൻ ഇളയത് തുടങ്ങി പ്രസിദ്ധരായ പലരും സഹപ്രവർത്തകരായിരുന്ന ആ പാവറട്ടിക്കാലത്തെക്കുറിച്ച് അവിടെ അധ്യാപകനായിരുന്ന ചെറുകാട് ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. അരനൂറ്റാണ്ടുകാലത്തെ അധ്യാപകജീവിതം ഔപചാരികമായി അവസാനിപ്പിച്ച് വീട്ടിലിരിക്കുമ്പോഴും പഠനത്തിനും സംശയനിവാരണത്തിനുമായി അച്യുതപിഷാരോടിയെന്ന പണ്ഡിതനെത്തേടി പലരുമെത്തി. കൊടിക്കുന്നത്തെ വീട്ടുകോലായ വിദ്യാലയമായമാകുന്ന ദിനങ്ങൾ 2019 നവംബർ 25-ന് നൂറ്റിയെട്ടാം വയസ്സിൽ അച്യുതപ്പാടി നിര്യാതനാവുന്നതുവരെ തുടർന്നു.

കെ.പി. അച്യുത പിഷാരോടി / Photo: K. Jayanandan

അച്യുതപ്പാടിയുടെ മറ്റൊരു സഹോദരനായ കൃഷ്ണപ്പാടി പഠനകാലം കഴിഞ്ഞ് തിരിച്ചുവന്ന് പുഴയോരഗ്രാമമായ ചെമ്പ്രയിൽ നാട്ടുവൈദ്യനായാണ് ജീവിച്ച് മരിച്ചത്. ചികിത്സ തേടി ആ ഗ്രാമം വഴിയരികിൽ കാത്തുനിന്നു. തൊട്ടാവാടി പറിച്ചും പറഞ്ഞും കൃഷ്ണപ്പാടി ചികിത്സിച്ചു. രോഗം കലശലായി തന്നെത്തേടി വരുന്നവരെ നോക്കി "ജയിച്ചു' എന്ന് പറഞ്ഞുചിരിച്ചു. പണം കൈയിൽ വരുമ്പോഴൊക്കെ അസ്വസ്ഥനാവുകയും തൊട്ടടുത്ത് കാണുന്നയാൾക്ക് അത് കൈമാറി സ്വതന്ത്രനാവുകയും ചെയ്തിരുന്ന കൃഷ്ണപ്പാടിയുടെ ജീവിതം വരുംതലമുറ ഒരു കെട്ടുകഥ പോലെ കേൾക്കാനിടയുണ്ട്.

കാലത്തിന്റെ വാചാടോപങ്ങൾക്കിടയിൽ പരിപക്വമായ ജീവിതവീക്ഷണംകൊണ്ടാണ് അച്യുതപ്പിഷാരോടി നിശബ്ദനും സ്വസ്ഥനുമായത്. പാണ്ഡിത്യത്തിന്റെ ഔന്നത്യം കൊണ്ട് മാത്രമല്ല അതിന്റെ തുടർച്ചയായി പുലർത്തിയ ജീവിതസമീപനത്തിന്റെ പാഠങ്ങൾകൊണ്ടുകൂടിയാണ് അച്യുതപ്പാടി ഗുരുനാഥനാവുന്നത്. മാനം മുഴുവനുമുള്ളിലടക്കിയ തുള്ളി പോലെ ലളിതവും അഗാധവുമാണത്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


കെ. ജയാനന്ദൻ

കലാന്വേഷകൻ. രംഗകലാ പഠനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ഫോ​​ട്ടോഗ്രഫി, ആർട്ട്​ ഡോക്യുമെന്റേഷൻ മേഖലകളിൽ പ്രവർത്തിക്കുന്നു

Comments