ഇടംനെഞ്ചിൽക്കിടന്ന്​ മിടിക്കുന്നുണ്ട്​ അച്​ഛൻ

ചിലർ പറയാറുണ്ട്, മരിച്ചുകഴിഞ്ഞാൽ പിന്നെ ആളുകൾ മറവിയിലേക്ക് പോകുമെന്ന്, എന്റെ കാര്യത്തിൽ അറിയാതെ പോലും അത് സംഭവിക്കരുതെന്ന് നിർബന്ധമുണ്ട്. അതുകൊണ്ടാണ് കൈത്തണ്ടയിലും ഇടം നെഞ്ചിലും അച്ഛന്റെ ഓർമകൾ പച്ചകുത്തിയത്.

തിവിലും കൂടുതൽ സമയം അന്ന് ഞങ്ങൾ കെട്ടിപ്പിടിച്ചുകിടന്നു ഉറങ്ങുകയായിരുന്നു. സാധാരണ രാവിലെ അഞ്ചര ആവുമ്പോഴേക്കും അച്ഛൻ എഴുന്നേറ്റ് രാവിലേക്കുള്ള ഭക്ഷണം ഉണ്ടാക്കിത്തുടങ്ങും, എന്നെ ഒരു ആറര, ഏഴ് മണിയാവുമ്പോൾ മാത്രമേ വിളിക്കാറുള്ളു... അന്നുപക്ഷേ എന്തോ ഞങ്ങൾക്ക് രണ്ട് പേർക്കും മടി പിടിച്ചു. ചേർന്നുകിടക്കുമ്പോൾ തലയണ അച്ഛനുകൊടുത്ത് അച്ഛന്റെ കൈയ്യോ നെഞ്ചോ തലയണയാക്കി കിടക്കുന്നതാണ് എനിക്കിഷ്ടം.

ഇടക്കെപ്പോഴോ രസം കൊല്ലിയായി കിഴക്കേപുറത്തെ മാധവി വല്ല്യമ്മ വന്ന് വാതിലിന് തട്ടിവിളിച്ചപ്പോളാണ് എഴുന്നേറ്റത്. കവുങ്ങ് കയറ്റമായിരുന്നു അച്ഛന്റെ അപ്പോഴത്തെ ജോലി. ആളെ നേരിട്ടുകണ്ട്, കൈയ്യോടെ കൊണ്ടുപോകാൻ വന്നതാണ് വല്ല്യമ്മ. മറ്റൊരു ദിവസം വരാമെന്നുപറഞ്ഞ് വല്ല്യമ്മയെ പറഞ്ഞയച്ചു.

ഉറക്കം തുടരാൻ പറ്റാതെ ഞങ്ങൾ എഴുന്നേറ്റു. പിന്നെ പതിവുപോലെ ഇരുപത് രൂപ തന്നു. പൊറോട്ടയും മത്തിക്കറിയും കഴിക്കാനുള്ള കാശ്. അച്ഛൻ പണിസ്ഥലത്തേക്കും, ഞാൻ സ്‌കൂളിലേക്കും പോകാൻ തയ്യാറായി. തിങ്കളാഴ്ചയായതുകൊണ്ടാണ്, വല്ല ശനിയോ ഞായറോ ആയിരുന്നെൽ ഞാനും കൂടി പോയെനെ അച്ഛന്റെ കൂടെ. വൈകീട്ട് എവിടെയും കളിച്ചുനിൽക്കാതെ നേരത്തെ വരണമെന്നും ഒരു സ്ഥലം വരെ പോകാമെന്നും പറഞ്ഞ് അച്ഛൻ പോയി.
അപ്പോഴാണ് ഞാൻ അച്ഛനെ അവസാനമായി ജീവനോടെ കണ്ടത്.

അശ്വിൻരാജിന്റെ അച്​ഛൻ തോട്ടത്തിൽ രാജൻ
അശ്വിൻരാജിന്റെ അച്​ഛൻ തോട്ടത്തിൽ രാജൻ

14 വർഷമായി അച്ഛൻ മരിച്ചിട്ട്.
2007 നവംബർ 12 നാണ് അച്ഛൻ മരിക്കുന്നത്. ഏറ്റവും സുരക്ഷിതമെന്ന് തോന്നുന്ന, തോന്നിയ ഒരു സ്ഥലം പെ​ട്ടെന്നില്ലാതായാലുള്ള ഒരു അവസ്ഥയുണ്ട്, പതിനാല് വർഷം മുമ്പ് മുതൽ ഇതെഴുതുന്ന നിമിഷം വരെ അത് അനുഭവിക്കുന്നുണ്ട്. ഒരു പക്ഷേ അച്ഛന്റെയൊപ്പം മരിച്ചത് എന്റെ ഉള്ളിലെ കുട്ടി കൂടിയായിരുന്നു. അതുവരെ ചെറിയ ചെറിയ കാര്യങ്ങൾ മാത്രം ആലോചിച്ച്, ചെറിയ ചെറിയ സംഭവങ്ങളിൽ സന്തോഷിച്ചും, സങ്കടപ്പെട്ടും ജീവിച്ചിരുന്ന എനിക്കുമുന്നിൽ മുന്നോട്ടുള്ള ജീവിതം പെട്ടന്ന് വലിയ ഒരു ചോദ്യ ചിഹ്നമായി.

നന്നെ ചെറുപ്പത്തിൽ തന്നെ തകർന്നുപോയ ഒരു കുടുംബമാണ് എന്റെത്​. അമ്മയും അച്ഛനും എനിക്ക് രണ്ട് വയസായപ്പോൾ തന്നെ പിരിഞ്ഞിരുന്നു; അല്ല, ആരോക്കെയോ ചേർന്ന് പിരിച്ചിരുന്നു. അന്ന് ഞാനും അമ്മയും അനിയത്തിയും പപ്പ എന്ന് വിളിക്കുന്ന അമ്മയുടെ ബന്ധുവിന്റെ വീട്ടിലായിരുന്നു നിന്നിരുന്നത്. എല്ലാ ആഴ്ചയും അച്ഛൻ അവിടെ അടുത്തുള്ള വഴിയിൽ വന്ന് എന്നെ വിളിക്കും, കാണും, സംസാരിക്കും. പോകാൻ നേരം പത്ത് രൂപ എന്റെ കൈയ്യിൽ തരും, ഞാൻ അത് അമ്മയ്ക്ക് കൊടുക്കും.

ആരു ചോദിച്ചാലും തോട്ടത്തിൽ രാജന്റെ മോനാണ് എന്നുപറഞ്ഞാൽ മതി എന്നായിരുന്നു അച്ഛൻ ചെറുപ്പത്തിൽ പറഞ്ഞു പഠിപ്പിച്ചത്. എത്രയോ ആളുകളോട് സ്‌നേഹത്തോടും അഹങ്കാരത്തോടും പറഞ്ഞിട്ടുണ്ട്; ഞാൻ തോട്ടത്തിൽ രാജന്റെ മോനാണ് എന്ന്

ഇടക്കേതോ ഒരു ദിവസം, എന്തോ കാര്യത്തിന് വല്ലാത്ത സങ്കടം വന്നപ്പോഴായിരുന്നു അച്ഛൻ കാണാൻ വന്നത്. ഞാൻ കരഞ്ഞ് അച്ഛന്റെ കൂടെ വരികയാണെന്ന് പറഞ്ഞു. അന്ന് മുതലാണ് ഞാനും അച്ഛനും ജീവിക്കാൻ തുടങ്ങിയത്. പലരെയും പോലെ എന്റെയും ആദ്യത്തെ സൂപ്പർ ഹീറോ അച്ഛനായിരുന്നു. എനിക്കുമാത്രമല്ല, നാട്ടിലുള്ള പലരും അമാനുഷികനെ പോലെ അച്ഛനെ കുറിച്ച് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

നിറഞ്ഞൊഴുകുന്ന പുഴയിൽ ചാടി മരവും തേങ്ങയും പിടിക്കുന്ന, ഒരറ്റത്തുനിന്ന് കയറി കവുങ്ങിൽ നിന്ന് അടയ്ക്ക പറിച്ച് നിലത്തിറങ്ങാതെ മറ്റു കവുങ്ങുകളിലേക്ക് ചാടി അടയ്ക്ക പറിയ്ക്കുന്ന, തോട്ട പൊട്ടിച്ച് പുഴയിൽ നിന്ന് മീൻ പിടിക്കുന്ന, ഇറങ്ങാൻ ആളുകൾ മടിക്കുന്ന കിണറ്റിലിറങ്ങി ക്ലീൻ ആക്കുന്ന, കിണറ്റിലെ പാറ പൊട്ടിക്കുന്ന തോട്ടത്തിൽ രാജൻ.

ആരു ചോദിച്ചാലും തോട്ടത്തിൽ രാജന്റെ മോനാണ് എന്നുപറഞ്ഞാൽ മതി എന്നായിരുന്നു അച്ഛൻ ചെറുപ്പത്തിൽ പറഞ്ഞു പഠിപ്പിച്ചത്. എത്രയോ ആളുകളോട് സ്‌നേഹത്തോടും അഹങ്കാരത്തോടും പറഞ്ഞിട്ടുണ്ട്; ഞാൻ തോട്ടത്തിൽ രാജന്റെ മോനാണ് എന്ന്. തിന്ന പാത്രം സ്വയം കഴുകി വെക്കണം എന്ന് എന്നെ ആദ്യം പഠിപ്പിച്ചത് അച്ഛനാണ്. മാധ്യമപ്രവർത്തനം എന്ന സ്വപ്നം പോലും എന്റെയുള്ളിൽ ആദ്യം പാകിയത് അച്ഛനാണ്. എനിക്ക് എന്തെങ്കിലും ഗുണമുണ്ടെന്ന് ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അത് അച്ഛൻ കാരണം ലഭിച്ചതാണ്. എല്ലാ സൂപ്പർ ഹീറോസിനെയും പോലെ അച്ഛൻ ഒരുപാട് പ്രാവശ്യം അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ട്. കവുങ്ങിൽ നിന്ന് വീഴാൻ പോയ, കിണറ്റിൽ ശ്വാസം കിട്ടാതെ ബോധം പോയ, കാലിൽ കത്തി വീണും ഷോക്കടിച്ചും... അങ്ങനെ ഒരുപാട്, കേട്ടകഥകൾ ഇതിലും ഒരുപാടുണ്ട്.

അശ്വിൻ രാജ്
അശ്വിൻ രാജ്

ഈ വർഷത്തെ ചാവ് കഴിഞ്ഞു എന്നായിരുന്നു ഒരോ തവണയും അച്ഛൻ അപകടത്തിൽ നിന്ന് രക്ഷപ്പെടുമ്പോൾ പറയാറ്. എന്നിട്ടും, ജീവിതത്തിൽ ഞാൻ ഏറ്റവും വെറുക്കുന്ന ദിവസം നവംബർ 12 ആണ്.

അന്ന് അവസാനമായി അച്ഛനെ തറവാട്ടിൽ കൊണ്ടുവന്ന് കിടത്തുമ്പോഴും ഞാൻ കണ്ണുകൾ ഇറുക്കിയടച്ച് തുറന്നുകൊണ്ടേയിരുന്നു. കരഞ്ഞുകൊണ്ടിരിക്കുമ്പോഴും, എന്റെ ഉള്ളിലുണ്ടായിരുന്നത്, ഈ കാണുന്നത് സ്വപ്നമാണെന്നും തൊട്ടടുത്ത നിമിഷം ഞാൻ എന്റെ റൂമിൽ ഉറക്കമുണർന്ന് എഴുന്നേൽക്കുമെന്നുമായിരുന്നു. പക്ഷേ ഒരു തവണ കണ്ണ് ഇറുക്കിയടച്ച് തുറക്കുമ്പോഴും യാഥാർത്ഥ്യത്തോട് ഞാൻ കൂടുതൽ അടുക്കുകയായിരുന്നു.
പെ​ട്ടെന്ന് കരച്ചിൽ നിന്നു. ചുറ്റുമുള്ളവരുടെ നിർദ്ദേശത്തിനനുസരിച്ച് ഓരോ കർമങ്ങളും ചെയ്യുന്ന, ചലിക്കുന്ന ഒരു ശവം പോലെയായി ഞാൻ.

പണ്ട് അക്ഷരം കൂട്ടി വായിക്കാൻ തുടങ്ങുന്നതിനുമുമ്പ് പത്രത്തിലെ ചരമക്കോളം കണ്ട് അച്ഛനോട് ഞാൻ ചോദിച്ചിട്ടുണ്ട്, ‘‘എല്ലാരെ ഫോട്ടോയും ഇതിലുണ്ട്, എന്താണ് അച്ഛന്റെ ഫോട്ടോ മാത്രം ഇല്ലാത്തത്.’’
അന്ന് അത് എല്ലാവർക്കും ചിരിക്കാനുള്ള വകയായിരുന്നങ്കിലും വർഷങ്ങൾക്കിപ്പുറം അറം പറ്റിയ പോലെ ഒരു നവംബർ 13 ന് അച്ഛന്റെ അപകട മരണ വാർത്ത പത്രത്തിൽ വന്നു: ‘യുവാവ് കവുങ്ങിൽ നിന്ന് വീണ് മരിച്ചു'.

ശരിക്കും മരിച്ചുപോയവർ മരിക്കുന്നത് എപ്പോഴാണെന്ന് അറിയോ?
ഓർമകളിൽ അവർ ഇല്ലാതാകുമ്പോൾ. അങ്ങനെ നോക്കുകയാണെങ്കിൽ കഴിഞ്ഞ 14 കൊല്ലവും ഒരോ ദിവസവും അച്ഛൻ ജീവിച്ചിരിക്കുകയായിരുന്നു. മൂപ്പർക്ക് പ്രിയപ്പെട്ട ചിലരിലൂടെയെങ്കിലും.

അതുവരെ ആളുകളോട് എല്ലാവരോടും ചറ പറ സംസാരിച്ചിരുന്ന ഞാൻ പിന്നീട് കുറച്ചുകാലം ആളുകളോട് അധികം സംസാരിക്കാതെയായി. പെ​ട്ടെന്ന് ദേഷ്യവും സങ്കടവും വന്നു തുടങ്ങി. പുതിയ ആളുകളെ പരിചയപ്പെടുന്നതും സംസാരിക്കുന്നതും പേടിയായി തുടങ്ങി. കാരണം ആളുകൾക്ക് ഞാൻ ഒരു ബുദ്ധിമുട്ടാവുമോയെന്ന് സ്വയം തോന്നിത്തുടങ്ങിയിരുന്നു.
ഒരു എഴാം ക്ലാസുകാരൻ പെ​ട്ടെന്ന് മുതിർന്നു. സ്‌കൂളിൽ നിന്ന് ടി.സി വാങ്ങാനും, പുതിയ സ്‌കൂളിന്റെ അഡ്മിഷൻ കാര്യം നോക്കാനും അച്ഛനുണ്ടാക്കിയ വീട് വാടകയ്ക്ക് കൊടുക്കാൻ എല്ലാവരും തീരുമാനിച്ചപ്പോൾ, അതിനെ കുറിച്ച് അഭിപ്രായം പറയാനുമെക്കെയായി മുതിർന്നു.

പിന്നീട് ഒരു മൂന്നുവർഷം അച്ഛന്റെ ഒരു ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം. ജീവിതത്തിൽ ഏറ്റവും വെറുക്കുന്ന, സങ്കടപ്പെടുന്ന കാലഘട്ടമാണിത്. ഒരു നിമിഷവും അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചുപോയിരുന്ന നിമിഷം. പത്താം ക്ലാസ് റിസൾട്ട് വന്ന് കഴിഞ്ഞ ഒരു ദിവസമായിരുന്നു അത്. എന്തോ ഒരു ചെറിയ കാര്യത്തിന് അവർ പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘ഉണ്ടാക്കി ഇട്ടിട്ട് ഓനങ്ങ് ചത്തു, ഇവനെയൊക്കെ ണ്ടായപ്പോഴെ അങ്ങ് കൊന്നുകളഞ്ഞാൽ മതിയായിരുന്നു.’
സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്.

കൈയ്യിൽ അപ്പോൾ കിട്ടിയ ഒരു പച്ച മാങ്ങയെടുത്ത് അവർക്ക് ഒരു ഏറുവെച്ചു കൊടുത്തു. ഒരു പക്ഷേ അച്ഛനെ മനസിൽ ഏറ്റവും കൂടുതൽ ചീത്ത പറഞ്ഞതും മിസ് ചെയ്തതും അന്നായിരുന്നു. എന്തിനാണ് എന്നെ ഇങ്ങനെ ഒറ്റക്കാക്കി അങ്ങ് മരിച്ചുകളഞ്ഞത് എന്ന് ആത്മാർത്ഥമായി അച്ഛനോട് ഞാൻ ചോദിച്ചു.
അന്നു പക്ഷേ ഉത്തരം കിട്ടിയിട്ടില്ലെങ്കിലും അച്ഛൻ ഇന്നും കൂടെയുണ്ട് എന്നു തന്നെയാണ് വിശ്വാസം. എന്നെ സംബന്ധിച്ച്​ അച്ഛന്റെ ചൂണ്ടുവിരൽ പിടിച്ച് ലോകത്തെ സകല കാര്യങ്ങളെയും കുറിച്ച് സംസാരിച്ച്, അന്താക്ഷരി കളിച്ച് നടക്കുന്നതാണ് ഏറ്റവും വലിയ സന്തോഷമായിരുന്നത്.

വർഷങ്ങൾക്കിപ്പുറം, മുമ്പ് തകർന്നുപോയിരുന്ന കുടുബം ഏച്ചുകൂട്ടി മുന്നോട്ടേക്ക് പോകുന്നുണ്ട്. എനിക്കിപ്പോൾ അമ്മയുടെ സ്നേഹവും കിട്ടുന്നുണ്ട്. പക്ഷേ അച്ഛന്റെ സ്നേഹം കിട്ടാതെയായിപ്പോയ ഒരാൾ എന്റെ അനിയത്തിയാണ്. അവൾക്ക് നഷ്ടപ്പെട്ടത്, അച്ഛന് നൽകാൻ കഴിയാതിരുന്ന സ്നേഹം, അച്ഛനായും ചേട്ടനായും ഇപ്പം എനിക്ക് കൊടുക്കാൻ കഴിയുന്നുണ്ട്. ഒരു പക്ഷേ അച്ഛന്റെ കടം മകൻ വീട്ടുന്ന പോലെ. പക്ഷേ അത് അത്ര എളുപ്പമായിരുന്നില്ല. പുതിയ ഒരാൾ കൂടി ഇപ്പം കുടുംബത്തിലേക്ക് വന്നിട്ടുണ്ട്. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ മുപ്പരിപ്പോ ഒരു അമ്മച്ഛനാവുമായിരുന്നു.

ശരിക്കും മരിച്ചുപോയവർ മരിക്കുന്നത് എപ്പോഴാണെന്ന് അറിയോ?
ഓർമകളിൽ അവർ ഇല്ലാതാകുമ്പോൾ.
അങ്ങനെ നോക്കുകയാണെങ്കിൽ കഴിഞ്ഞ 14 കൊല്ലവും ഒരോ ദിവസവും അച്ഛൻ ജീവിച്ചിരിക്കുകയായിരുന്നു. മൂപ്പർക്ക് പ്രിയപ്പെട്ട ചിലരിലൂടെയെങ്കിലും.

ചിലർ പറയാറുണ്ട്, മരിച്ചുകഴിഞ്ഞാൽ പിന്നെ ആളുകൾ മറവിയിലേക്ക് പോകുമെന്ന്, എന്റെ കാര്യത്തിൽ അറിയാതെ പോലും അത് സംഭവിക്കരുതെന്ന് നിർബന്ധമുണ്ട്. അതുകൊണ്ടാണ് കൈത്തണ്ടയിലും ഇടം നെഞ്ചിലും അച്ഛന്റെ ഓർമകൾ പച്ചകുത്തിയത്.

മുന്നോട്ടേക്ക് എത്രയുണ്ടെന്ന് എനിക്കറിയില്ല.
​പക്ഷേ, മുന്നോട്ടുള്ള ഓരോ യാത്രയിലും അച്ഛനെ ഓർത്തുകൊണ്ടിരിക്കും.
ശരിക്കും എനിക്ക് നന്നായി മിസ് ചെയ്യുന്നുണ്ട് അങ്ങോരെ...▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments