ചെലവൂർ വേണുവിന്റെ
ഉത്തമ ഇടതുപക്ഷ സന്ദേഹങ്ങൾ

ലോകസിനിമകൾ കാണിച്ച് മലയാളിയെ സാക്ഷരരാക്കുകയെന്ന ദൗത്യം ചെലവൂർ വേണു അവസാനം വരെയും തുടർന്നു. എല്ലാവരെയും ഇടതുപക്ഷമാക്കുകയെന്ന നിഷ്ക്കളങ്കമായ ഒരു രാഷ്ട്രീയദൗത്യവും അദ്ദേഹം അകമേ കണ്ടു. കോൺഗ്രസിൻ്റെ അകമേ വളർന്ന് പുറത്തേക്ക് പൂവിട്ടതായിരുന്നല്ലോ കമ്യൂണിസ്റ്റ് പാർട്ടി. പക്ഷെ, കാലം മാറുകയായിരുന്നു.

കാലമാപിനിയൊരു വിപത്താണ്. റിയാലിറ്റി ചെക്കാണ്. മൂന്നാം അളവുകോലെന്നും പറയും. കാലം എല്ലാറ്റിനെയും അളന്നുതിരിക്കുമെന്ന് സാരം. ജീവിച്ച കാലത്തെ ചേർത്തുവെക്കണം ഒരു വ്യക്തിയെ വായിച്ചെടുക്കാൻ. അങ്ങനെയായാൽ ചെലവൂർ വേണുവിൻ്റെ ജീവിതം എങ്ങനെയാവും അടയാളപ്പെടുത്തുക?

വേണുവേട്ടൻ ഉത്തമനായൊരു കമ്യൂണിസ്റ്റായിരുന്നു. മാറു മറയ്ക്കാൻ വിലക്കുള്ള കാലത്ത് ദലിത് സ്ത്രീകൾക്ക് റൗക്ക തയ്പിച്ചു കൊടുത്ത് വെല്ലുവിളിച്ച അച്ഛന്റെ മകനായിരുന്നു. അറുപതുകളിലെ കമ്യൂണിസ്റ്റ് പാർട്ടി അതായിരുന്നു. കൽക്കത്ത തിസീസും നിരോധനവുമൊക്കെ കഴിഞ്ഞ് പാർട്ടി പിളരുന്നുണ്ട്. ജനകീയ ജനാധിപത്യ വിപ്ളവത്തിൻ്റെ അടവുനയത്തിലേക്കൊക്കെ പാർട്ടി എത്തിപ്പെടുമ്പോഴും വേണുവേട്ടൻ ഒപ്പക്കാരനായുണ്ട്. പക്ഷെ കർക്കശമായ സംഘടനാചട്ടക്കൂട്ടിൻ്റെ വാവട്ടത്തിൽ വേണുവേട്ടനുണ്ടായിരുന്നില്ല. അകത്തോ പുറത്തോ എന്ന് അവസാനം വരെയും വേണുവേട്ടന് സന്ദേഹങ്ങളുണ്ടായിരുന്നു. ഇതൊരു ഉത്തമ ഇടതുപക്ഷ സന്ദേഹമായിരുന്നു. അടവുനയം പഥ്യമല്ലാതിരുന്ന ഇടതുപക്ഷമായിരുന്നു ഇത്. അകത്താകാതെയും പുറത്തുപോവാതെയും പുലർന്ന ഈ ഇടതുമനസ്സ് പുതിയ തുറസ്സുകളിലേക്ക് നീങ്ങിയപ്പോഴായിരുന്നു സർഗാത്മകമെന്ന് ധരിച്ചു വശായത്തിടത്തൊക്കെ വേണുവേട്ടൻ ഇടപെട്ടത്. സിനിമ, പത്രപ്രവർത്തനം, പ്രസാധനം തുടങ്ങി പല പേരുകളിൽ. അച്ചട്ടായ കമ്യൂണിസ്റ്റ് സംഘടനാബാധ്യതകൾക്കപ്പുറം വിശാലമായ ഇടതുപക്ഷ ബോധ്യങ്ങളിലേക്ക് വേണുവേട്ടൻ പരുവപ്പെടുന്നത് അങ്ങനെയായിരുന്നു.

Photo: suvarna media / Youtube
Photo: suvarna media / Youtube

രാഷ്ട്രീയസാക്ഷരതയുള്ള അക്കാലം കേരളത്തിൽ കമ്യൂണിസ്റ്റുകളെക്കാൾ വേണുവേട്ടന് അടുപ്പക്കാരായത് മറുചേരിയിലുള്ളവരായിരുന്നു. കുറുപ്പ് മാഷും മുല്ലപ്പള്ളിയും സി.എച്ച് ഹരിദാസും സുജനപാലും വരെ തരക്കാരായി. സൈക്കോ, രൂപകല, സ്റ്റേഡിയം, പ്രപഞ്ചം പബ്ളിക്കേഷൻസ്, യുവ ഭാവന. അങ്ങനെ തുടരെത്തുടരെ മലയാള പത്രപ്രവർത്തനത്തിൽ വെടിക്കെട്ടുകളുണ്ടായി. കടമ്മനിട്ടയുടെ ആദ്യകവിതാ സമാഹാരം കാലിക്കോ ബൈൻ്റിങിൽ പുറത്തിറക്കി. മൂന്നാലുങ്കലിലെ വേണുവേട്ടൻ്റ ഓഫീസ് ചൊൽക്കാഴ്ചകളുടെ വേദിയും ഗാലറിയുമായി. ഒന്നാം നിലയിലെ പാരപ്പറ്റിൽ നിന്ന് കടമ്മനിട്ട കുറത്തിയും ശാന്തയും ആദ്യമായി ഉറക്കെ പാടി. താഴെ റോഡിൽ ജനം കൗതുകം കൊണ്ടു, കാതോർത്തു. അരവിന്ദനവിടെ കാർട്ടൂൺ വരച്ചു. പട്ടത്തുവിള കഥയെഴുതി. കെ.ജി. ജോർജ് സിനിമയെടുത്തു. വേണുവേട്ടൻ പുകഴ് പെറ്റ പത്രാധിപരായി.

അപ്പോഴും വേണുവേട്ടൻ മൗഢ്യത്തിലാഴ്ന്ന സന്ദേഹിയായി. ഒ. വി. വിജയൻ്റെ കോഴിക്കോട്ടെ കൂട്ടുകാരൻ വേണുവേട്ടനായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ഇനിയും വിടുതലെടുക്കാനാവാതെ ഒരാളങ്ങനെ വിഷണ്ണനായി. പിന്നെയാണ് സിനിമാക്കാരനായത്. നിർമ്മാതാവായി, കാര്യക്കാരനായി, പ്രതിഭാസംഗമങ്ങൾക്ക് വേദിയൊരുക്കി. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിൻ്റെ തുടക്കക്കാരനായി. ലോകസിനിമകൾ കാണിച്ച് മലയാളിയെ സാക്ഷരരാക്കുകയെന്ന ദൗത്യം അവസാനം വരെയും തുടർന്നു. എല്ലാവരെയും ഇടതുപക്ഷമാക്കുകയെന്ന നിഷ്ക്കളങ്കമായ ഒരു രാഷ്ട്രീയദൗത്യവും വേണുവേട്ടൻ അകമേ കണ്ടു. കോൺഗ്രസിൻ്റെ അകമേ വളർന്ന് പുറത്തേക്ക് പൂവിട്ടതായിരുന്നല്ലോ കമ്യൂണിസ്റ്റ് പാർട്ടി.

പക്ഷെ, കാലം മാറുകയായിരുന്നു.

സംഘാടനമായിരുന്നു വേണവേട്ടൻ്റെ ബ്രാൻ്റ് മൂല്യം. സഹജാവബോധത്തിൻ്റെ പേറ്റെൻ്റടുത്തായിരുന്നു പ്രവർത്തനം. കാര്യക്കാരും കാര്യമില്ലാത്തവരും അവിടെ കൂട്ടം കൂടി. അതൊരു ഇടതുപക്ഷ രീതിയായിരുന്നു. സ്വയം നഷ്ടപ്പെട്ടും എല്ലാവരെയും ചേർത്തുനിർത്തുക. ആഘോഷങ്ങളൊടുങ്ങിയപ്പോൾ നിത്യജീവിതത്തിൻ്റെ വരവുചെലവ് കണക്കുകൾ പൊരുത്തപ്പെടാതെയായി. പാക്കറ്റ് ഓട്സ് തിളപ്പിച്ചെടുത്തായി അത്താഴവും മുത്താഴവും. അപ്പോഴും നന്മയുള്ളാരു ജീവിതം ബാക്കിയായി. ഇടതുപക്ഷ നന്മകളുടെ പര്യായമായ പേരായി ചെലവൂർ വേണു.

പക്ഷെ പാർട്ടിക്കൂറിൽ വെന്തു പോയ വേണുവേട്ടൻ എവിടെയൊക്കെയോ ഉടക്കി നിന്നു. കൂടെ നിന്നവർ മുന്നോട്ട് പോയപ്പോഴും. വേണുവേട്ടൻ പലർക്കും പലതായിരുന്നു. ഏത് കണ്ണടയും പാകപ്പെടുന്നൊരു വ്യക്തിഗതാനുഭവം. ഇതുതന്നെയായിരുന്നു ഈ ഏട്ടൻ്റെ പരിമിതിയും. എല്ലാറ്റിലുമായി ചിതറി പോയവൻ. ഒന്നിനെയും ഉള്ളാലെ കൊണ്ടാടാൻ മറന്നുപോയവൻ. അതൊരു വ്യക്തിയുടെ ദുരന്തമാവാം. പക്ഷെ ഒരാൾ സമരസപ്പെട്ട രാഷ്ട്രീയ, സാമൂഹ്യ, സാംസാക്കാരികകാലാവസ്ഥയോട് ചേർത്ത് ഇതിനെ വായിക്കുമ്പോഴോ?

ഒരു കമ്യൂണിസ്റ്റ് കാലത്തിൻ്റെ കഥയാണിത്. ഇതിൽ ഇടവേളകളില്ലാത്ത 60-തിലധികം വർഷങ്ങളുണ്ട്. ഒരു ജനസഞ്ചയത്തിൻ്റെ മൗഢ്യങ്ങളുമാണിത്. ആ അർത്ഥത്തിൽ വേണുവേട്ടൻ ഒരു വ്യക്തിയല്ല, ഒരു സമൂഹമാണ്. സർഗാത്മകമായൊരു കമ്യൂണിസ്റ്റ് പ്രവർത്തനത്തിൻ്റെ പരിമിതികളായിരുന്നു വേണുവേട്ടൻ. ഇത് കേരളത്തിൻ്റെ സാമൂഹ്യാനുഭവമാണ്, ഇടതുചരിതമാണ്. തുറസ്സുകളില്ലാത്ത ഈ കമ്യൂണിസ്റ്റ് അനുഭവത്തിൽ നിന്നാണ് വേണുവേട്ടൻ വിടുതലെടുക്കുന്നത്. പക്ഷെ, സാമൂഹ്യ യാഥാർഥ്യങ്ങൾ മറ്റൊന്ന് തന്നെയായി ശേഷിക്കുന്നുണ്ട് ഇവിടെ. മുഖ്യധാരാ കമ്യൂണിസ്റ്റ് ഇടതുപക്ഷം വാഴുന്ന രാഷ്ട്രീയ വ്യവഹാരത്തിലെ ഈ വിപത്തിനെയാണ് ചെലവൂർ വേണുവിൻ്റെ ജീവിതവും വ്യാപാരങ്ങളും അടയാളപ്പെടുത്തുന്നത്.

Comments