ബ്യൂറോക്രസിയുടെ വരാന്തയില്‍ ചില മനിതര്‍കള്‍..

ജനവാസ മേഖലയില്‍ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വ്യവസായ സ്ഥാപനത്തിനെതിരെ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് തന്റെ പിറന്നാള്‍ ദിനത്തില്‍ പഞ്ചായത്ത് ഓഫീസ് വരാന്തയില്‍ ആത്മഹത്യ ചെയ്ത് പ്രതിഷേധിച്ച റസാഖ് പയമ്പറോട്ടിനെ ഓര്‍ക്കുമ്പോള്‍

ന്നെത്തന്നെ അടയാളപ്പെടുത്താന്‍ എപ്പോഴും വ്യഗ്രപ്പെടുന്ന ഒരാളുണ്ടായിരുന്നു,

റസാഖ് പയമ്പറോട്ടില്‍, നമ്മെപ്പോലെത്തന്നെ.

'താനാര്' എന്ന ചോദ്യത്തിന് ലളിതമായ ഒരുത്തരമേ റസാഖിനുണ്ടായിരുന്നുള്ളൂ, ഒരു എളിയ പത്രപ്രവര്‍ത്തകന്‍. എഡിറ്റര്‍. പബ്ലിഷര്‍.

'എഴുന്നേല്‍പ്പിന്‍ അനീതികളോടെതിര്‍പ്പിന്‍' എന്ന ലളിതമായ നവോത്ഥാന മുദ്രാവാക്യം കാലം തെറ്റിയും ഓര്‍മ്മപ്പുസ്തകത്തില്‍ സൂക്ഷിച്ചയാളായിരുന്നു അയാള്‍. മാധ്യമപ്രവര്‍ത്തനത്തിലെ ഈ യാഥാസ്ഥിതികത്വം, പല വിചിത്രമായ കുഴികളിലും റസാഖിനെ കൊണ്ടു ചാടിച്ചിരുന്നു. ‘വര’യുടെ എഡിറ്ററായി പ്രസിദ്ധിയാകും മുമ്പ് തന്നെ, റസാഖില്‍ സജീവമായി ഒരു പത്രപ്രവര്‍ത്തകന്‍ നിലനിന്നിരുന്നു. യൂണിയന്‍ കാര്‍ബേഡ്, ഭോപ്പാലില്‍ ഗ്യാസ് ദുരന്തം അരങ്ങേറ്റിയപ്പോള്‍, പ്രത്യാഘാതഭൂമി സന്ദര്‍ശിക്കാന്‍ കൊണ്ടോട്ടിയില്‍ നിന്ന് റസാഖും പോയിരുന്നു. അന്നാകണം നാട് അയാളെ ശ്രദ്ധ വയ്ക്കാന്‍ തുടങ്ങിയത്.

കാല്‍ നീട്ടിവെച്ചുള്ള ആ നടത്തത്തില്‍ ഒരു ഗാന്ധിയുണ്ടായിരുന്നു. അയാള്‍ ആദിയും അവസാനവും കര്‍മത്തിലും ജീവിതത്തിലും ഗാന്ധിയനായിരുന്നു. മിതത്വവും ചിട്ടയും, വൈദ്യര്‍ മാപ്പിള അക്കാദമിയെ, സെക്രട്ടറിയായി നിന്ന് ഭരിക്കാന്‍ അദ്ദേഹത്തിനു ബലം കൊടുത്തു. ആ മൗനത്തെയും പിശുക്കിനെയും നാം തെറ്റിദ്ധരിച്ചു. കൊച്ചു കൊച്ചു അനീതികള്‍ പോലും അദ്ദേഹത്തെ ചൊടിപ്പിച്ചു. വലിയ അനീതികളുടെ ഭാഗംതന്നെ താനെന്നകുറ്റബോധവും.

ടി എ റസാഖും ഹംസ കയനിക്കരയുമടങ്ങുന്ന സംഘത്തില്‍ ആശയങ്ങളെയും സ്വപ്നങ്ങളെയും എക്‌സിക്യൂട്ട് ചെയ്യുന്ന ജോലിയായിരുന്നു റസാഖ് പയമ്പറോട്ടിന്. അങ്ങിനെയാണ് 'വര'യുടെ ആജീവനാന്ത എഡിറ്ററായത്. ഏകാന്ത യോഗിയായുള്ള എഴുത്തും യാത്രയും പ്രഭാഷങ്ങളും. തീരാത്ത യോഗങ്ങള്‍. ചേകന്നൂര്‍ വധത്തില്‍ എടുത്ത റാഡിക്കല്‍ നിലപാടുകള്‍ ഏറെ അപായങ്ങളെ കൊണ്ടുവന്നു. എന്നാല്‍ തന്റെ സത്യബോധം കൊണ്ട് ഏതറ്റവും പോകാന്‍ ഒരുങ്ങി.

'നിയമം സ്വന്തം വഴിയില്‍ സത്യം കാണും, കടലാസുപണികള്‍ നീതി വരുത്തും' എന്ന വിശ്വാസം റസാഖില്‍ ഒരു അന്ധ വിശ്വാസത്തോളമെത്തിയിരുന്നു. നിയമം ഒന്നിനും ഒരു കുരുക്കല്ല, എപ്പോഴും പുതുക്കി വില നിശ്ചയിക്കാവുന്ന ചരക്ക് തന്നെ എന്ന മാര്‍ക്‌സിയന്‍ പാഠം റസാഖില്‍ എത്തിയിരുന്നില്ല. അപ്പോള്‍ 'നിയമവാഴ്ച്ച നീണാള്‍ വാഴട്ടെ' എന്ന നിലയില്‍ അയാള്‍ ബ്യൂറോക്രസിയുടെ വരാന്തയില്‍ തൂങ്ങിമരിച്ചു. ഭഗത് സിംഗനെപ്പോലെ ഒരു കൂസലില്ലാമരണം. മരണത്തിലും ഒരു ഗാന്ധിയന്‍ ലാളിത്യം. ഒരു രാഷ്ട്രീയ കൊലപാതകം. 'മരണവും ഒരു സമരമാണ്' എന്ന കുറിപ്പിലൊതുക്കിയ അവസാന റിപ്പോര്‍ട്.

മറ്റു കാര്യങ്ങളും ആ ആത്മഹത്യയില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. നമ്മുടെ കമ്യൂണിസ്റ്റ് രാഷ്ട്രീയ വര്‍ത്തമാനം. സാംസ്‌കാരിക രംഗത്തിന്റെ ചക്രശ്വാസം. യുക്തിയുടെ അറംപറ്റുന്ന ആത്മാന്വേഷണത്തിന്റെ അന്ത്യം. നിലനില്‍പ്പില്‍ കലര്‍ന്ന ഭീതികള്‍, രാഷ്ട്രീയ ഭയങ്ങള്‍.

ജീവിതത്തിനും മരണത്തിനും അപ്പുറത്ത് എന്ത് എന്ന ചോദ്യത്തിന്റെ വില്പത്രം ബാക്കി വെച്ചുള്ള അസാധാരണ മരണം. അരാജകവാദിയുടെ അപകട മരണമല്ല, അവധൂതന്റെ ആത്മഹത്യ.

പരിസ്ഥിതി, മാഫിയ, പഞ്ചായത്തി രാജ്, മനുഷ്യാവകാശം, ഇടതുപക്ഷ ഭാവി..നീണ്ടു പോകുന്നു ആ വില്പത്രം.

ഓം ശാന്തി: ശാന്തി: ശാന്തി:

Comments