സുശീൽകുട്ടി: ബൊഹീമിയൻ ജീവിതം നയിച്ച ഒരു എഡിറ്ററുടെ വിടവാങ്ങൽ

തൊണ്ണൂറുകളുടെ അവസാനപാദത്തിലെ യു,എ.ഇയിലെ ഇംഗ്ലീഷ് ജേണലിസത്തിന്റെ ആധുനികവികാസ പരിണാമങ്ങളിലത്രയും മലയാളികളുടെ കൈയൊപ്പ് പതിഞ്ഞതായാണ് ചരിത്രം. ഖലീജ് ടൈംസിലും ഗൾഫ് ടുഡേയിലുമെല്ലാം പ്രത്യക്ഷപ്പെട്ട ബൈലൈൻ സ്റ്റോറികളിൽ കേരളീയരായ എഡിറ്റർമാരുടെ എഴുത്തഴക് ഏറെക്കാലം തിളങ്ങി നിന്നു. ഇന്ത്യക്കാരായ അനാമിക ചാറ്റർജി, നിതിൻ ബല്ലെ, സുശീൽ കുട്ടി - ഈ മൂന്നു പേരുകൾ ഖലീജ് ടൈംസിന്റെ ഓഫീസ് റെക്കോർഡുകളിൽ ഇന്നും പ്രകാശം പരത്തി നിൽക്കുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പൂനെയിൽ അന്തരിച്ച സുശീൽകുട്ടി എന്ന റിപ്പോർട്ടർ / എഡിറ്ററുടെ ആറുവർഷത്തെ ദുബായ് ജീവിതകാലത്താണ് ഏറ്റവും മികച്ച ആയിരത്തോളം സ്‌റ്റോറികൾ ഖലീജ് ടൈംസിന്റെ ഒന്നാം പേജുകളെ അത്യാകർഷമാക്കിയത്. അന്നത്തെ ഖലീജ് ടൈംസ് വായനക്കാരായ പ്രവാസികളിൽ ചിലരെങ്കിലും സുശീൽകുട്ടി എന്ന ബൈലൈൻ മറന്നിട്ടുണ്ടാവില്ല.

പക്ഷെ പ്രതിഭ കൊണ്ട് ജീവിതം ധൂർത്തടിച്ച സുശീൽകുട്ടിയുടെ മരണം പോലും ചില ദേശീയ പത്രങ്ങളുടെ ഒബിറ്റ് പേജുകളിലൊതുങ്ങി. കഴിഞ്ഞ പത്ത് വർഷമായി ഇന്ത്യാ പ്രസ് ഏജൻസിയുടെ (ഐ.പി.എ) സ്ഥിരം കോളമിസ്റ്റാണ് സുശീൽകുട്ടി. വസ്തുനിഷ്ഠവും സത്യസന്ധവും ഭയരഹിതവുമായ ലേഖനങ്ങൾ കൊണ്ട് ഐ.പി.എയുടെ യശസ്സുയർത്തിയ പത്രപ്രവർത്തകനായിരുന്നു സുശീൽകുട്ടിയെന്ന് സഹപ്രവർത്തകനായ കെ. രവീന്ദ്രൻ ഓർക്കുന്നു.

1987 മാർച്ച് മുതൽ ജൂൺ വരെ വടക്കൻ ഉത്തർപ്രദേശിലെ മീററ്റിലുണ്ടായ വർഗീയ കലാപത്തെക്കുറിച്ച് ഇന്ത്യൻ എക്‌സ്പ്രസിൽ സത്യസന്ധമായ വാർത്തകളെഴുതിയാണ് സുശീൽകുട്ടി ശ്രദ്ധയാകർഷിച്ചത്. മുൻവിധികളില്ലാത്ത റിപ്പോർട്ടിംഗായിരുന്നു അത്. നാനൂറോളം പേരുടെ മരണത്തിനിടയായ കലാപത്തിന്റെ ഭീകരദൃശ്യങ്ങളും അധികൃതരുടെ അനാസ്ഥയും സുശീൽകുട്ടി റിപ്പോർട്ട് ചെയ്തു. സംഘർഷത്തിന്റെ വാർത്തകളിൽ മാനവികതയുടേയും കാരുണ്യത്തിന്റേയും കൈയൊപ്പുണ്ടായിരുന്നു. വർഗീയതയുടെ വന്മരങ്ങളെ കട പുഴക്കുന്ന ആ വാർത്തകളിലെ സ്ഥൈര്യം കേവലമൊരു സ്‌പോട്ട് ഡെസ്പാച്ച് എന്ന നിലയിൽ നിന്ന് മാറി മാനവികതയുടെ വിളംബരങ്ങൾ കൂടിയായി.

ദേശീയ ശ്രദ്ധ ആകർഷിച്ചതായിരുന്നു സുശീൽകുട്ടിയുടെ മീററ്റ് കലാപവാർത്തകൾ. ഡൽഹിയിൽ നിന്ന് ദുബായിലെത്തിയ കുട്ടി ഖലീജ് ടൈംസിന്റെ സിറ്റി റിപ്പോർട്ടറായാണ് ഗൾഫ് പത്രപ്രവർത്തനമാരംഭിച്ചത്. യു.എ.ഇ ഡൈജസ്റ്റിലും കുറച്ചുകാലമുണ്ടായിരുന്നു. റിപ്പോർട്ടിംഗിൽ നിന്ന് എഡിറ്റിംഗിലേക്ക് മാറിയ സുശീൽകുട്ടി, എല്ലാ പേജുകളിലെയും ഹെഡിംഗുകളിൽ വിദഗ്ധനായിരുന്നു. അത്യാകർഷകമായ തലക്കെട്ടുകൾ വായനക്കാരെ ഏത് വാർത്തകളും വായിക്കാൻ പ്രേരിപ്പിച്ചു. ഓരോ വാർത്തയുടേയും ഇൻട്രോകൾ സുശീൽകുട്ടി യഥേഷ്ടം വെട്ടിമാറ്റി. അവയത്രയും ലാളിത്യത്തിന്റെ ഭാഷയിൽ ചിന്തേരിട്ടുമിനുക്കി. അത് കൊണ്ട് തന്നെ കുട്ടിയുടെ എഡിറ്റിംഗ് ഒരു കലയാണെന്ന് ഗൾഫിലെ സഹപ്രവർത്തകർ സമ്മതിച്ചു. ഏത് നിലവാരം കുറഞ്ഞ സ്‌റ്റോറിയും ആർക്കും വായിക്കാൻ തരത്തിൽ പരുവപ്പെടുത്തിയെടുക്കുന്ന അസാധാരണമായ മിടുക്കാണ് കുട്ടി പ്രകടമാക്കിയത്. 'പഞ്ചിംഗ് ഹെഡ്‌ലൈനുകളുടെ കുട്ടി' എന്നാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ദിലീപ് പഡ്‌ഗോങ്കർ
ദിലീപ് പഡ്‌ഗോങ്കർ

ഡി.എൻ.എ, ഫ്രീ പ്രസ് ജേണൽ, നാഷനൽ ഹെറാൾഡ്, ദ ഇന്ത്യൻ എക്‌സ്പ്രസ്, ദ ഷില്ലോംഗ് ടൈംസ് എന്നീ പത്രങ്ങളിലും പലപ്പോഴായി സുശീൽകുട്ടി ജോലി ചെയ്തു. ദിലീപ് പഡ്‌ഗോങ്കർ ഉൾപ്പെടെയുള്ള പ്രതിഭാശാലികൾ സ്ഥാപിച്ച ഇന്ത്യാ പ്ലസ് ടി.വിയുടെ ന്യൂസ് ആന്റ് വ്യൂസ് പ്രോഗ്രാമുകൾ സുശീൽകുട്ടിയോടൊപ്പം അവതരിപ്പിച്ചതിനെക്കുറിച്ച് പ്രമുഖ മാധ്യമപ്രവർത്തകൻ പുഷ്‌കർ സിൻഹ, തന്റെ അനുസ്മരണക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഏഷ്യൻ പസിഫിക് കമ്യൂണിക്കേഷൻ അസോസിയേറ്റ്‌സിന്റെ (എ.പി.സി.എ) നേതൃത്വത്തിലുള്ള ഇന്ത്യാ പ്ലസ് ടി.വിയിലെ പ്രതിദിന വാർത്താധിഷ്ഠിതപരിപാടി സമഗ്രമായി അവതരിപ്പിച്ചതിലൂടെ ദൃശ്യമാധ്യമരംഗത്തും സുശീൽകുട്ടി കൈയൊപ്പ് പതിപ്പിച്ചു.

ഇത്രയും പ്രതിഭാശാലിയായിട്ടും ജീവിതത്തോട് ഒരു തരം ബൊഹീമിയൻ കാഴ്ചപ്പാടായിരുന്നു സുശീൽകുട്ടിയ്ക്കുണ്ടായിരുന്നത്. എഴുത്തിലും എഡിറ്റിംഗിലുമെല്ലാം മൗലികവും വ്യതിരിക്തവുമായ ശൈലി സ്വായത്തമാക്കിയിരുന്നുവെങ്കിലും ജീവിതത്തെ അത്രമേൽ സീര്യസായി എടുത്തില്ല. ഒരു തരത്തിൽ പറഞ്ഞാൽ സംഹാരാത്മകമായിരുന്നു സഹജമായ ആ സർഗസിദ്ധി. അവസാനനാളുകളിലെ ഇടവേളകളില്ലാത്ത മദ്യപാനവും നീണ്ട പകലുറക്കങ്ങളും അറുപത്തഞ്ചിലെത്തിയ സുശീൽകുട്ടിയെ തകർത്തു. ഉടുപ്പും നടപ്പും ബൊഹീമിയൻ സ്റ്റൈലിലായിയെന്നാണ് ഡൽഹിയിലെ ഇന്ത്യാ പ്രസ് ക്ലബിലെ അനുശോചനത്തിൽ സഹപ്രവർത്തകർ അനുസ്മരിച്ചത്. അവസാനനാളുകൾ അങ്ങേയറ്റം ക്ലേശകരമായിരുന്നുവത്രേ. അതിജീവനത്തിനായുള്ള അവിരാമമായ പൊരുതലിൽ, ഗൾഫിലെ ഇന്ത്യൻ - ഇംഗ്ലീഷ് പത്ര വായനക്കാർക്ക് അരവ്യാഴവട്ടം എല്ലാ പ്രഭാതങ്ങളിലും വേറിട്ട തലക്കെട്ടുകൾക്ക് താഴെ വൈവിധ്യമാർന്ന വാർത്തകളും ഫീച്ചറുകളും സമ്മാനിച്ച ആ പത്രാധിപർ അടിതെറ്റിവീണു. മകൻ ആദിത്യനാണ് പൂനെയിൽ നിന്ന് സുശീൽകുട്ടിയുടെ മരണവാർത്ത ലോകത്തെ അറിയിച്ചത്.


Summary: Commemorating the late journalist and IPA columnist Sushil Kutty — Musafir writes


മുസാഫിർ

‘മലയാളം ന്യൂസി’ൽ ന്യൂസ്​ എഡിറ്ററായിരുന്നു

Comments