ദിമിത്രോവിന്റെ ജീവിതം ഫാസിസ്റ്റ് വിരുദ്ധ പോരാളികളുടെ പാഠപുസ്തകം

ദിമിത്രോവിന്റെ ജീവിതവും കൃതികളും ലോകമെമ്പാടുമുള്ള ഫാസിസ്റ്റ് വിരുദ്ധ പോരാളികളുടെ പാഠപുസ്തകമാണ്. ബള്‍ഗേറിയന്‍ ജനതയുടെ പ്രിയപ്പെട്ട നായകനും സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സഖാവ് ദിമിത്രോവ് ലോകജനതയുടെ ഹൃദയങ്ങളില്‍ ജ്വലിച്ചുനില്‍ക്കുന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ വിജയശില്‍പിയെന്ന നിലയ്ക്കാണ്. ദിമിത്രോവിന്റെ 74-ാം ചരമദിനം ലോകമാചരിക്കുന്നത് ചരിത്രം അതിന്റെ ശവക്കുഴികളിലേക്ക് വലിച്ചെറിഞ്ഞ നരാധമന്മാരായ മുസോളിനിയുടെയും ഹിറ്റ്‌ലറുടെയുമെല്ലാം ആശയങ്ങളുടെ പുനരുജ്ജീവനഭീഷണി നിലനില്‍ക്കുന്ന കാലത്താണ്. 1949 ജൂലായ് 2-ാം തിയ്യതിയാണ് ദിമിത്രോവ് മരണപ്പെടുന്നത്.

റിസ്താഗ് തീവെപ്പ് കേസില്‍പ്പെടുത്തി നാസി ഭരണകൂടം ലൈപ്‌സിഗിലെ വിചാരണക്കോടതി മുറിയിലേക്ക് കൊണ്ടുവന്ന ദിമിത്രോവ് ഫാസിസ്റ്റ് കോടതിയിലെ ന്യായാധിപന്മാര്‍ക്കുനേരെ വിരല്‍ചൂണ്ടി പറഞ്ഞത്; താനൊരു തൊഴിലാളിവര്‍ഗ വിപ്ലവകാരിയാണ്. കമ്യൂണിസ്റ്റുകാരെല്ലാം തൊഴിലാളി വിപ്ലവകാരികളാണ്. അതുകൊണ്ടുതന്നെ താന്‍ ഇത്തരം വ്യക്തിപരമായ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരാണ്. ഒന്നുകില്‍ കിറുക്കന്മാരോ കമ്യൂണിസത്തിന്റെ ബദ്ധശത്രുക്കളോ മാത്രമെ റിസ്താഗ് മന്ദിരത്തിന് തീവെക്കുന്നതുപോലുള്ള വിഡ്ഢിത്തരങ്ങള്‍ കാണിക്കുകയുള്ളൂവെന്ന തന്റെ ഉത്തമവിശ്വാസം ദിമിത്രോവ് തറപ്പിച്ചു പറഞ്ഞു. ഹിറ്റ്‌ലറെപോലെതന്നെ അദ്ദേഹത്തിന്റെ അനുചരന്മാരായ ഗോറിങ്ങും ഗീബല്‍സും അല്‍പന്മാരും നുണയന്മാരുമാണെന്ന് ലോകത്തിന്റെ മുമ്പില്‍ തുറന്നുകാണിക്കുന്ന തരത്തിലായിരുന്നു കോടതിമുറിയിലെ ദിമിത്രോവിന്റെ വാദങ്ങള്‍.

റിസ്താഗ് തീവെപ്പ് / Photo: Wikimedia
റിസ്താഗ് തീവെപ്പ് / Photo: Wikimedia

ഫാസിസ്റ്റുകളുടെ കോടതിയെ പിടിച്ചുകുലുക്കിയ ഹിറ്റ്‌ലറെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ വാദങ്ങളായിരുന്നു ദിമിത്രോവ് നടത്തിയത്. 1935-ല്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ 7-ാം കോണ്‍ഗ്രസില്‍ ദിമിത്രോവ് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഫാസിസത്തെ സംബന്ധിച്ച അര്‍ത്ഥപൂര്‍ണമായ നിര്‍വ്വചനങ്ങള്‍ മുന്നോട്ടുവെച്ചതും യൂറോപ്പിനെ ഗ്രസിച്ച ഫാസിസത്തെ ഭൂമുഖത്തുനിന്ന് ഇല്ലാതാക്കാനാവശ്യമായ ഐക്യമുന്നണി സിദ്ധാന്തം അവതരിപ്പിച്ചതും.

നവനാസിസമെന്നത് ലോകമെമ്പാടുമുള്ള വിഭിന്നരൂപങ്ങളിലുള്ള വലതുപക്ഷശക്തികളുടെ പ്രത്യയശാസ്ത്രമാണ്. നവനാസികളും സയണിസ്റ്റുകളും ഹിന്ദുത്വവാദികളുമെല്ലാം ചേര്‍ന്ന വിധ്വംസകസഖ്യം ഇസ്ലാം വിരുദ്ധതയുടെയും കുടിയേറ്റ വിരുദ്ധതയുടെയും കമ്യൂണിസ്റ്റ് വിരുദ്ധതയുടേതുമായ നവഫാസിസ്റ്റ് രാഷ്ട്രീയത്തെ ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നു. ഈയൊരു ആപത്‌സന്ധിയിലാണ് ലോകമെമ്പാടുമുള്ള ജനാധിപത്യവാദികളും സോഷ്യലിസ്റ്റുകളും ദിമിത്രോവിനെ സ്മരിക്കുന്നത്.

ബള്‍ഗേറിയയിലെ ഒരു സാധാരണ പ്രസ്സ് തൊഴിലാളിയായിരുന്ന ദിമിത്രോവ് ബള്‍ഗേറിയന്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ അനിഷേധ്യനായ നേതാവായി ഉയരുകയും 1930-കളില്‍ ലോകത്തെ ഗ്രസിച്ച ഫാസിസത്തിനെതിരായ പ്രതിരോധത്തിന്റെ മുന്‍നിര പോരാളിയായി വളരുകയും ചെയ്തു. 1882 ജൂണ്‍ 18-ാം തിയ്യതിയാണ് ഒരു സാധാരണ തൊഴിലാളി കുടുംബത്തില്‍ ദിമിത്രോവ് ജനിക്കുന്നത്. പരമദരിദ്രമായ സാഹചര്യത്തില്‍ വളര്‍ന്ന അദ്ദേഹത്തിന് കുടുംബം പുലര്‍ത്താനായിട്ട് 18-ാം വയസ്സില്‍ തന്നെ ജോലിക്ക് പോകേണ്ടിവന്നു. അതോടെ ദിമിത്രോവിന്റെ വിപ്ലവപ്രവര്‍ത്തനങ്ങളും തുടങ്ങിയെന്നുപറയാം.


ഗോറിംഗ്, ഹിറ്റ്ലർ, ഗീബൽസ്

ഗോറിംഗ്, ഹിറ്റ്ലർ, ഗീബൽസ്

1902-ലാണ് ദിമിത്രോവ് ബള്‍ഗേറിയന്‍ സോഷ്യല്‍ഡമോക്രാറ്റിക് പാര്‍ടിയില്‍ ചേരുന്നത്. ആ പാര്‍ട്ടിക്കകത്ത് നിലനിന്നിരുന്ന പരിഷ്‌കരണവാദ ചിന്താഗതിക്കെതിരെ നടന്ന ആശയസമരത്തിലൂടെ തൊഴിലാളിവര്‍ഗ വിപ്ലവരാഷ്ട്രീയത്തിന്റെയും സംഘടനാപ്രവര്‍ത്തനത്തിന്റെയും ആശയാടിത്തറ ദിമിത്രോവില്‍ ഉറപ്പിക്കപ്പെട്ടു. ഫാസിസത്തിനും നാസിസത്തിനുമെതിരായി ലോകതൊഴിലാളിവര്‍ഗത്തിന്റെയും ജനാധിപത്യശക്തികളുടെയും ഐക്യനിര പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കിയ മൂന്നാം ഇന്റര്‍നാഷണലും അതിന്റെ സെക്രട്ടറിയുമായിരുന്നു സഖാവ് ദിമിത്രോവ്.

ലോകത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലുമെന്നപോലെ സാമ്രാജ്യത്വപ്രോക്തമായ പുനരുദ്ധാരണശക്തികള്‍ നമ്മുടെ രാജ്യത്തും ജനാധിപത്യമതനിരപേക്ഷ സംവിധാനങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തിക്കൊണ്ട് മേല്‍ക്കൈ നേടിയിരിക്കുന്നു. 2014-നുശേഷം ദേശീയാധികാരം കയ്യടക്കിയ ഹിന്ദുത്വവാദികള്‍ ഇന്ത്യയെ ഫാസിസ്റ്റ് അധികാരവാഴ്ചയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. ഈയൊരു ഹിന്ദുത്വ അധികാരത്തിന്റെ ഫാസിസ്റ്റ് ഭീഷണിക്കെതിരായ പോരാട്ടത്തില്‍ ദിമിത്രോവിന്റെ ഫാസിസത്തെയും ഫാസിസ്റ്റ് വിരുദ്ധ ഐക്യമുന്നണിയെയുമെല്ലാം സംബന്ധിച്ച വിശകലനങ്ങളും പഠനങ്ങളും വളരെ പ്രധാനമാണ്. ജനങ്ങളെ മിഥ്യാടനങ്ങളിലേക്ക് നയിക്കുന്ന ഫാസിസത്തിന്റെ പ്രത്യയശാസ്ത്രത്തെയും ഭൂതകാലമഹിമകളെ ആദര്‍ശവല്‍ക്കരിച്ച് വര്‍ത്തമാനയാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ജനങ്ങളെ വഴിതെറ്റിക്കുന്ന സാംസ്‌കാരിക ഇടപെടലുകളെയും പ്രതിരോധിക്കുന്നതില്‍ ദിമിത്രോവിന്റെ ഫാസിസത്തെ സംബന്ധിച്ച വിശകലനങ്ങള്‍ നമുക്ക് വെളിച്ചം പകരും.

ഫാസിസത്തിന്റെ രാഷ്ട്രീയവും സംസ്‌കാരവും വിശദമായ വിശകലനത്തിന് വിധേയമാക്കിയ ദിമിത്രോവും മൂന്നാം ഇന്റര്‍നാഷണലും ഫാസിസത്തിന്റെ സാമ്പത്തികാടിസ്ഥാനങ്ങളെ അനാവരണം ചെയ്തു. ചരിത്രത്തിലെ ഏറ്റവും ആക്രമണോത്സുക സ്വഭാവത്തോടെ ജര്‍മ്മനിയില്‍ വളര്‍ന്നവന്ന നാസി രാഷ്ട്രീയത്തിന്റെ ജീര്‍ണതയുടെ അടിവേര് സാമ്രാജ്യത്വവ്യവസ്ഥയുടെ പ്രതിസന്ധിയിലാണെന്ന് ദിമിത്രോവ് ചൂണ്ടിക്കാട്ടി.

 ദിമിത്രോവ് റീച്ച്‌സ്റ്റാഗ് തീപിടുത്തത്തിന്റെ വിചാരണ വേളയിൽ / Photo: Wikimedia
ദിമിത്രോവ് റീച്ച്‌സ്റ്റാഗ് തീപിടുത്തത്തിന്റെ വിചാരണ വേളയിൽ / Photo: Wikimedia

ലോകയുദ്ധങ്ങളുടെ ഇടയിലുള്ള കാലഘട്ടത്തിലെ അഭൂതപൂര്‍വ്വമായ മുതലാളിത്ത പ്രതിസന്ധികളുടെ പ്രതികരണമെന്ന നിലയിലാണ് ജര്‍മ്മനിയില്‍ നാസി രാഷ്ട്രീയവും ഇറ്റലിയില്‍ മുസോളിനിയുടെ ഫാസിസ്റ്റ് രാഷ്ട്രീയവും വളര്‍ന്നുവന്നത്. ലോകസാമ്രാജ്യത്വവ്യവസ്ഥയുടെ അപചയത്തിന്റെ പ്രതിഫലനമെന്ന നിലയിലാണ് മൂന്നാം ഇന്റര്‍നാഷണല്‍ ഫാസിസത്തെയും നാസിസത്തെയും വിലയിരുത്തിയത്. ഹാബ്‌സ്ബര്‍ഗ്ഗ്, റൊമനോവ് സാമ്രാജ്യങ്ങളുടെ നഷ്ടാവശിഷ്ടങ്ങളില്‍ നിന്നും ഉയര്‍ന്നവന്ന ആസ്ട്രയയ, ഹംഗറി, ചെക്കോസ്ലോവാക്കിയ, പോളണ്ട്, യൂഗോസ്ലോവിയ, റുമേനിയ എന്നീ യൂറോപ്യന്‍ രാഷ്ട്രങ്ങളെ ശിഥിലീകരിക്കുവാനും വിഴുങ്ങാനുമായി ഫാസിസ്റ്റ് ശക്തികളുമായി ചേര്‍ന്നുകൊണ്ട് യൂറോപ്യന്‍ അമേരിക്കന്‍ സാമ്രാജ്യത്വവാദികള്‍ ശ്രമിക്കുകയായിരുന്നു. ഈ നീചമായ ഫാസിസ്റ്റ് പ്രക്രിയയില്‍ ഈ പ്രദേശങ്ങളിലെ ബൂര്‍ഷ്വാ സങ്കുചിതവാദത്തെയും പിന്തിരിപ്പന്‍ ദേശീയ പൈതൃകങ്ങളെയും സാമ്രാജ്യത്വം പരമാവധി ഉപയോഗപ്പെടുത്തി.

ലോകത്തെ മറ്റെല്ലാ വംശങ്ങളെയും സമൂഹങ്ങളെയും അടക്കി ഭരിക്കാന്‍ കെല്‍പ്പും പദവിയും അധികാരവുമുള്ള തങ്ങളുടെ 'സ്വത്വ'ത്തെ ഒരിക്കല്‍കൂടി കണ്ടെത്തുവാനുള്ള ഫാസിസ്റ്റ് ഉദ്‌ബോധനങ്ങളാണ് ഹിറ്റ്‌ലറും മുസോളിനിയും നടത്തിയത്. ഇതരവംശങ്ങളെയും സമൂഹങ്ങളെയും തങ്ങള്‍ക്കവകാശപ്പെട്ട അധികാരത്തിന് കീഴ്‌പ്പെടുത്തുവാന്‍ വേണ്ടി നടത്തിയ ബലപ്രയോഗങ്ങള്‍ വിഭയങ്ങളെയും യൂറോപ്പിലെ സമ്പദ്ഘടനകളെയും അധീനപ്പെടുത്തുവാനുള്ള മൂലധനതാല്‍പര്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സഖാവ് സ്റ്റാലിനും ദിമിത്രോവും ഫാസിസത്തെ സംബന്ധിച്ച നിശിതമായ പഠനങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ഹിറ്റ്‌ലറും മുസോളിനിയും അധമം എന്ന് വിശേഷിപ്പിച്ച മറ്റെല്ലാ വംശങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും മേലുള്ള സ്വന്തം മേധാവിത്വത്തിന്റെ രാഷ്ട്രീയം യഥാര്‍ത്ഥത്തില്‍ ജീര്‍ണമായ മുതലാളിത്ത രാഷ്ട്രീയം തന്നെയായിരുന്നു. ഏകാധിപത്യപരമായ അധികാരങ്ങളെ സ്വരൂപിക്കുകയും എല്ലാതരം ജനാധിപത്യക്രമത്തെയും മനഃപൂര്‍വ്വം നിഷേധിക്കുകയും ചെയ്ത ജീര്‍ണമായ ഫൈനാന്‍സ് മൂലധനത്തിന്റെ സ്വേച്ഛാധിപത്യ രാഷ്ട്രീയമായിരുന്നു ഫാസിസത്തിന്റേതെന്ന് ദിമിത്രോവ് കൃത്യതയോടെ വിലയിരുത്തി. ഹിറ്റ്‌ലറും കൂട്ടാളികളും പ്രചരിപ്പിച്ച വംശീയ രാഷ്ട്രീയം മൂലധനത്തിന്റെ മനുഷ്യത്വരഹിതമായ സര്‍വ്വാധിപത്യത്തെ സ്ഥാപിച്ചെടുക്കുവാനുള്ള ഹിംസാത്മകമായ ഉപാധികളിലൊന്നായിരുന്നുവെന്നാണ് ഫാസിസത്തെ സംബന്ധിച്ച് ബൂര്‍ഷ്വാ ആശയവാദപരമായ വിശകലനങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് മൂന്നാം ഇന്റര്‍നാഷണലും അതിന്റെ നേതാക്കളും വ്യക്തമാക്കിയിട്ടുള്ളത്.

സാമ്രാജ്യത്വ മൂലധന വ്യവസ്ഥക്കെതിരെ വളര്‍ന്നുവരുന്ന അദ്ധ്വാനിക്കുന്ന ബഹുജനങ്ങളുടെ സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തകര്‍ക്കുവാനും ശിഥിലീകരിക്കുവാനുമാണ് ചരിത്രത്തിലുടനീളം മൂലധനശക്തികള്‍ ഫാസിസ്റ്റ് സ്വഭാം കൈവരിക്കുന്നത്. ആഗോളതലത്തില്‍തന്നെ തങ്ങളുടെ അധീശത്വം നേടിയെടുക്കുവാനും ശാശ്വതീകരിക്കുവാനുമായി എല്ലാവിധ സങ്കുചിത, ശിഥിലീകരണ, പുനരുജ്ജീവന രാഷ്ട്രീയശക്തികളെയും സാമ്രാജ്യത്വ വ്യവസ്ഥ ഉപയോഗിക്കുന്നതാണ് നാം കാണുന്നത്. മുതലാളിത്ത-സാമ്രാജ്യത്വ സമ്പദ്ഘടന നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ തോതനുസരിച്ച് ഈ പ്രവണത കൂടുതല്‍ തീവ്രതരമായിക്കൊണ്ടിരിക്കും.

Comments