എന്നെ ഇനിയെന്ന്​ എനിക്ക്​ തിരിച്ചുകിട്ടും?

പരാതികൾ പരിശോധിക്കാനായിരുന്നു കോവിഡുകാലത്തെ നിയോഗം. ഭൂരിഭാഗം പരാതിയും കറണ്ട് ചാർജ്ജ് ഒഴിവാക്കണം എന്ന അപേക്ഷ. ലോക്ക്​ഡൗൺ കാലത്തെ ഓട്ടോറിക്ഷ തൊഴിലാളിയുടെ മകളുടെ കത്ത്. അച്ഛന് പണിയില്ല. ഞാൻ പഠിക്കുന്നു. ഇരുട്ടിലായിപ്പോകും.. ആരും പണിക്ക് വിളിക്കുന്നില്ല. കാശില്ല... ദുരന്തവും ദുഃഖവുമാണ് ചുറ്റും... ഇതിനിടയിൽ പട്ടിണി കിടക്കാത്തത് കേരളത്തിൽ മാത്രം...- കോവിഡുകാല അനുഭവം എഴുതുന്നു ഷീബാ ദിൽഷാദ്​.

2020 ഫെബ്രുവരി തുടക്കത്തിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലൂടെ മാസ്ക് ധരിച്ച് നടക്കുമ്പോൾ ആളുകൾ ഒട്ടൊരു സഹതാപത്തോടെ എന്നെ വീക്ഷിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അക്കാലത്ത് മാസ്ക് ഒരു അവശ്യ വസ്തുവായിരുന്നില്ല, അതാണ് തുറിച്ചു നോട്ടത്തിന്റെ കാരണം.

ആദ്യ ലോക്ഡൗൺ ഉത്സാഹഭരിതമായ ഓഫീസ് അന്തരീക്ഷത്തെ പെട്ടെന്ന് മൂകമാക്കി. 20% സ്റ്റാഫ് മാത്രം വന്നാൽ മതി... കുടുംബശ്രീ യൂണിറ്റിലെ അമ്മമാർ പിറുപിറുക്കുന്നു ; "ദൈവമേ എന്തൊരു പരീക്ഷണമാണിത്..എങ്ങനെ നടന്നിരുന്ന കുട്ടികളാണ് ഇങ്ങനെ മുഖവും മറച്ച് !’
തൊഴിൽ ശാലകളിൽ നിന്ന് രായ്ക്കുരാമാനം ഇറങ്ങിപ്പോവേണ്ടി വന്നവർ... നിർമാണത്തൊഴിലാളികൾ, കൂലിവേലക്കാർ, അവരുടെ കുഞ്ഞുങ്ങൾ, പ്രണയിനികൾ, അമ്മമാർ, ഇന്നലെവരെ നഗരത്തിന്റെ നാഡിയായി മിടിച്ചവർ...അപ്രതീക്ഷിതമായി ഇടിത്തീ പോലെ വീണ ലോക്ക്​ഡൗൺ... അവരുടെ വേവുന്ന വയറ്... അവസാനിക്കാത്ത നടത്തം... നിലവിളി കേൾക്കുന്നതെവിടെ നിന്ന്... ഇതാ ഇന്ത്യയിൽ ... തളർന്നു വീണ പാവങ്ങളുടെ ചിതറിയ രക്തം റെയിൽപാളത്തിൽ... എന്തൊരു ദയനീയത...

ആർത്തലച്ചു പായുന്ന ഗംഗയിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞുങ്ങൾ.
അമ്മ..അമ്മ..ഞാൻ ഉറങ്ങിയില്ല. ആർക്കും ഉറങ്ങാനായില്ല...ഉറങ്ങാത്ത, ദുരിതമനുഭവിക്കുന്ന ഒരു പെരുംപാത...രാത്രി...അങ്ങ് ദൂരെ ദില്ലിയിൽ.

ഇന്ത്യയാകെ മാറുന്നു

പ്രവചനാതീതമായ ദുരിതങ്ങൾ. ഒന്നിരാടമിട്ടുള്ള പ്രവർത്തിദിവസങ്ങളിൽ വേനൽ മഴയിൽ ഞാനവരെ കണ്ടു. പേമാരിയെ കൂസാക്കാതെ പണിചെയ്യുകയാണ് അവർ. കേബിൾ കുഴികളിൽ നിറഞ്ഞൊഴുകുന്ന ചെളിവെള്ളം. അവരുടെ മുഖത്ത് കഷ്ടപ്പെടുന്നതിന്റെ നീരസമില്ല. പകരം കണ്ടത് ആശ്വാസമാണ്. പണിയുണ്ടല്ലോ. പട്ടിണി കിടക്കേണ്ടല്ലോ !

അപ്രതീക്ഷിത ലോക്ക്​ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് നാട്ടിലേക്ക് തിരിച്ചു പോകുന്ന കുടിയേറ്റ തൊഴിലാളികൾ

2020 മാർച്ച് 24 ന് ഇന്ത്യയിൽ ലോക്ക്​ഡൗൺ പ്രഖ്യാപിച്ചപ്പോൾ, അതും എല്ലാ യാത്രാ സൗകര്യങ്ങളും നിർത്തിവെച്ച്​ ഒരു അടച്ചു പൂട്ടൽ വന്നപ്പോൾ ഇന്ത്യയെ മുഴുവൻ അക്ഷരാർത്ഥത്തിൽ തെരുവിലേക്കിറക്കി വിടുകയായിരുന്നു. ലക്ഷക്കണക്കിന് കുടിയേറ്റത്തൊഴിലാളികൾ ഒറ്റ രാത്രി കൊണ്ട് നഗര വീഥികളിൽ അഭയാർത്ഥികളായി മാറുന്നു. അപ്രതീക്ഷിതമായി തൊഴിലിടങ്ങൾ പൂട്ടിയപ്പോൾ പലർക്കും അന്നുവരെ കിട്ടാനുള്ള കൂലി പോലും കൊടുക്കാതെയാണ് തൊഴിലുടമകൾ തങ്ങളുടെ സ്ഥാപനങ്ങളിൽ ലോക്ക്​ഡൗൺ നടപ്പിലാക്കിയത്. വിശന്നും ദാഹിച്ചും അവർ പകൽ മുഴുവൻ കൊടും ചൂടിൽനടന്നു. രാത്രിയിൽ തളർന്നു വീണുറങ്ങി. വീട് എന്ന ഒറ്റ പ്രതീക്ഷയിൽ അവർ നടന്നു തീർത്തത് 250 മുതൽ 900 വരെ കിലോമീറ്ററുകൾ..!
ദൽഹിയിൽ നിന്ന് മധ്യപ്രദേശിലേക്ക്
ദൽഹിയിൽ നിന്ന് ഗുജറാത്തിലേക്ക്
ദൽഹിയിൽ നിന്ന് രാജസ്ഥാനിലേക്ക്
‘ഇന്ത്യ വീടുകളിലേക്ക് നടന്നു പോകുന്നു ’ എന്നായിരുന്നു ഇന്ത്യൻ എക്സ്പ്രസിന്റെ തലക്കെട്ട്.

കറൻറ്​ ​ഓഫീസിലേക്കുവന്ന കത്തുകൾ

അവിചാരിതമായി കഴക്കൂട്ടം ഡിവിഷനോഫീസിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ ഞാനാശ്വസിച്ചു. ഒറ്റക്കൊരു യാത്ര. പകുതി ദൂരം മതിയല്ലോ. പരാതികൾ പരിശോധിക്കുവാനാണ് പുതിയ നിയോഗം. ഭൂരിഭാഗം പരാതിയും കറണ്ട് ചാർജ്ജ് ഒഴിവാക്കണം എന്ന അപേക്ഷ. ഉപയോഗിച്ചതിന്റെ ബില്ല് ഒഴിവാക്കാനാവില്ല.

ലോക്ക്​ഡൗൺ. പണിയില്ല. കൂലിവേലക്കാർ, വീടില്ലെങ്കിലും വാടകവീട്ടിൽ കറണ്ട് ഉപയോഗിച്ചിരുന്നവർ. ലോക്ക്​ഡൗൺ കാലത്തെ ഓട്ടോറിക്ഷ തൊഴിലാളിയുടെ മകളുടെ കത്ത്: അച്ഛന് പണിയില്ല. ഞാൻ പഠിക്കുന്നു. ഇരുട്ടിലായിപ്പോകും.. ആരും പണിക്ക് വിളിക്കുന്നില്ല. കാശില്ല... ദുരന്തവും ദുഃഖവുമാണ് ചുറ്റും... ഇതിനിടയിൽ പട്ടിണി കിടക്കാത്തത് കേരളത്തിൽ മാത്രം... കലാകാരന്മാരായ സുഹൃത്തുക്കൾ, പ്രതിഫലമില്ലാതെ ജോലിയില്ലാതെ എത്രയെത്ര പേർ. യുദ്ധകാലം പോലെ ഒരു അനിശ്ചിതത്വം.

ലോകം അതിന്റെ നിർവ്വചനങ്ങളുടെ തിരുത്തലുകൾ തുടങ്ങിയ സമയം എന്ന് ലോക്ഡൗൺ കാലത്തെ വിശേഷിപ്പിക്കാം. NH 61 ലൂടെ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ കൂറ്റൻ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ ഒരെലിയേപ്പോലെ എന്റെ i10 ഒറ്റക്ക് നഗരവീഥിയിലൂടെ ഓടുന്നു. ലോക്ക്​ഡൗൺ സമയത്തും ജോലി ചെയ്യാൻ വിധിക്കപ്പെട്ട മറ്റൊരു (ഹത) ഭാഗ്യൻ അപൂർവ്വമായി അതുവഴി കടന്നു പോകുന്നു. ജനങ്ങൾ ഒഴിഞ്ഞ തെരുവ് desolation എന്ന പദത്തിന്റെ അനേകം പ്രതിധ്വനികൾ സൃഷ്ടിച്ച് നിശ്ശബ്ദമായി. അടച്ചുപൂട്ടിയ ഷോപ്പുകൾ, ബഹുനില കെട്ടിടങ്ങൾ...നഗരം എന്നെ പുറന്തള്ളിയതാണോ? അതോ ലോകത്തെ സൃഷ്ടിക്കും മുമ്പ് പരീക്ഷണാർത്ഥം വന്നു വീഴാൻ വിധിക്കപ്പെട്ട ഗിനി പിഗ് ആണോ ഞാൻ?

ഹത്ത മരുപ്രദേശത്തുകൂടി യാത്ര ചെയ്തപ്പോഴുള്ള അനുഭവം ഞാൻ ഓർമിച്ചു. ഷാർജ നാച്യുറൽ ഹിസ്റ്ററി മ്യൂസിയത്തിലേക്കുള്ള പാതയിലാണ് ഹത്ത മരുഭൂമി. മരുഭൂമിയുടെ പിളർന്ന നാവ് പോലെ കറുത്ത റോഡ് ഭീകരമായ മൗനത്തിൽ നീണ്ടു കിടന്നിരുന്നു. വിജനത അതിന്റെ ഘനം നിറഞ്ഞ കൺപോളകൾ ആയാസപ്പെട്ട് തുറന്നു ഞങ്ങളെ നോക്കുന്നത് പോലെ എനിക്കു തോന്നി. ഇടക്ക് കണ്ട ബദുക്കളുടെ വീടുകൾ പകലുറങ്ങുന്ന ഒച്ചുകളാണെന്നും രാത്രിയിൽ മരുഭൂമിയുടെ തണുത്ത ഇലകളിലേക്ക് അവ ഇഴഞ്ഞു പോകുമെന്നും ഞാൻ വിചാരിച്ചു..
ഹത്തയിലെ ഗ്രാമം പോലെ നിശബ്ദതയിലേക്ക് ഉപേക്ഷിക്കപ്പെട്ടതാണോ ഈ ചെറുപട്ടണവും !

ഉമ്മ വെക്കുന്ന യൗവനം അപ്രത്യക്ഷമാകുന്നു

ഒരേ സമയം ശ്ലീലവും അശ്ലീലവുമായ നിരവധി കാഴ്ചകളാണ് ലോക്ക്​ഡൗൺ കാലം നമുക്ക് കാണിച്ചു തന്നത്. അടഞ്ഞുകിടന്ന ലോകത്തിനുള്ളിൽ ഇരുണ്ടതും, വെളിച്ചം നിറഞ്ഞതുമായ ചിന്തകളുടെ പ്രയോഗങ്ങൾ അരങ്ങേറി. ബന്ധങ്ങളിൽ, സാമൂഹിക ചംക്രമണത്തിൽ, വൈരുധ്യങ്ങളുടെ ആലിംഗനമരങ്ങേറി. കിരീടധാരിയായ കോവിഡിന്റെ പരിചയായി മുഖ കവചമണിയാൻ നമ്മൾ നിർബന്ധിതരായി. ചിരിയെ കണ്ണിലൂടെ തിരിച്ചറിയുവാൻ നമ്മളെ പഠിപ്പിച്ചത് അതിന്റെ ശ്ലീലവും, ഒരു ചെറിയ ശീലയ്ക്കു പിറകിൽ നമ്മുടെ സംവേദനങ്ങളൊക്കെയും പൊതിഞ്ഞു വെയ്ക്കേണ്ടി വന്നത് അതിന്റെ അശ്ലീലതയും. അപരിചിതത്വം നിറഞ്ഞ അനുഭവങ്ങൾ സ്വീകരിക്കാൻ നമ്മൾ നിർബ്ബന്ധിതരായി. സ്പർശത്തിന്റെ മാസ്മരിക വിനിമയം ഭയത്തോടെയും, അർദ്ധ മനസ്സോടെയും നമ്മൾ വേണ്ടെന്ന് വെയ്ക്കുന്നു. ഉമ്മ വയ്ക്കുന്ന യൗവ്വനം ലോക പൂന്തോട്ടങ്ങളിൽ നിന്നപ്രത്യക്ഷമാവുന്നു. മുഖം മൂടിയെക്കുറിച്ചുള്ള സന്ദേഹങ്ങൾ ദുരൂഹതയേറുന്ന അനേകം നിഗമനങ്ങൾക്ക് വഴിവച്ചു. വ്യായാമം പോലുള്ള പ്രയത്നങ്ങളിൽ ശ്വാസോച്ഛ്വാസം ചെയ്യുമ്പോൾ, രക്തചംക്രമണത്തിന് കുറവുണ്ടാകുമോ, മാസ്ക് ധാരണം ഉച്ഛ്വാസവായുവിനെത്തന്നെ ശ്വസിക്കുവാൻ ഇടവരുത്തുമോ ഇങ്ങനെ തീരാത്ത സംശയങ്ങൾ, അനേകം സെർച്ചുകളാൽ google സജീവമാകുന്നു.

ഏറ്റവും പ്രിയപ്പെട്ട ഗന്ധങ്ങളും രുചിക്കൂട്ടുകളും എത്രപെട്ടെന്നാണ് അപ്രിയമായത്. മനുഷ്യരുടെ ഇന്ദ്രിയാവബോധത്തെ തകർത്തു തരിപ്പണമാക്കിയതിന്റെ ക്രെഡിറ്റ് കോവിഡ് 19നോളം മറ്റൊരു രോഗാണുവിനുമില്ല / Photo: Ian Panelo, Pexels

Centres for Disease Control and Prevention ലോകത്തിനാകമാനം സ്വാസ്ഥ്യം നൽകുന്നൊരു വാർത്ത 2020 നവംബറിൽ പുറത്തിറക്കി. മുഖം മൂടികൾ ഒരു വിധത്തിലും ശ്വസനപ്രക്രിയയ്ക്ക് തടസ്സമാകില്ലെന്ന് നിരവധി പരീക്ഷണങ്ങളിലൂടെ അവർ കണ്ടുപിടിച്ചു.
അപൂർവം ചില മനസ്സുകളിലെങ്കിലും ഇരുണ്ട വ്യക്തിത്വത്തിന്റെ മറനീക്കിയുള്ള വരവിന് കാരണമായിരിക്കുന്നു ലോക്ക്​ഡൗൺ കാലം. ഗാർഹിക പീഡനങ്ങൾ, മാനസിക സംഘർഷങ്ങൾ, അന്തർമുഖത്വത്തിന്റേയും ഉൾവലിയലുകളുടേയും രൂപീകരണം... ചില ഗവേഷകരുടെ വ്യത്യസ്തമായ നിരീക്ഷണങ്ങൾ തിന്മയിലെ വൈവിധ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. സഹാനുഭൂതിയുടെ ഇല്ലായ്മയാണ് ആത്മരതിയുടെ ഒരു ഇരുണ്ട വശമെന്ന അറിവ് പ്രതിഭകളായ ചിലരുടെ മനുഷ്യവിരുദ്ധ ചിന്തകളുടെ ഉറവിടത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ഫാസിസ്റ്റുകളുടെ തുടക്കം ആത്മരതിയിലാണോ? ഹിറ്റ്​ലറുടെ സ്വഭാവത്തിന്റെ ഏറ്റവും അടിസ്ഥാനമായി വർത്തിക്കുന്നത് മാക്കിയവെല്ലിയനിസമാണോ? പാട്രിയാർക്കിയിലധിഷ്ഠിതമായ ഒരു സമൂഹവ്യവസ്ഥ താറുമാറാക്കുന്ന അനേകം ബാല്യങ്ങളെയോർത്ത് മനസ്സിപ്പോൾ ഉത്കണ്ഠാകുലമാവുന്നു.

അമിതോപദേശത്താൽ വഷളനായൊരു കുട്ടിയെപ്പോലെ മാസ്കുകൾ അണിഞ്ഞും സാനിറ്റൈസർ ഉപയോഗിച്ചും നടക്കുന്നവർക്കിടയിൽ കിരീടധാരിയായ രോഗാണു പ്രജാപതിയായി വിലസുന്നു. ജീവന്റെ ഗ്രാഫിറ്റിയിൽ പേടിപ്പെടുത്തുന്ന താഴ്ച. മനുഷ്യരുടെ ഇന്ദ്രിയാവബോധത്തെ തകർത്തു തരിപ്പണമാക്കിയതിന്റെ ക്രെഡിറ്റ് കോവിഡ് 19നോളം മറ്റൊരു രോഗാണുവിനുമില്ല. എന്റെ ബന്ധുവായ സബീന കോവിഡിന്റെ പ്രഹരശേഷിയെക്കുറിച്ച് പറഞ്ഞത് ഞാനോർക്കുന്നു; "മറ്റെന്തും സഹിക്കാം, ഗന്ധങ്ങളുടെ അപ്രത്യക്ഷമാകൽ എത്ര ഭീകരമെന്നോ. ഏറ്റവും പ്രിയപ്പെട്ട കോൾഡ് ക്രീമിനെ ജലം പോലെ ഗന്ധരഹിതമായി സ്പർശിക്കുന്നത് വല്ലാത്തൊരവസ്ഥയാണ്’.

ഏറ്റവും പ്രിയപ്പെട്ട രുചിക്കൂട്ടുകൾ എത്രപെട്ടെന്നാണ് അപ്രിയമായത്. ഗന്ധങ്ങളുടെ നഷ്ടത്തെക്കുറിച്ചുള്ള ഉണർച്ച സമൂഹത്തിൽ പ്രചരിപ്പിക്കുന്ന സ്ഥാപനങ്ങളുണ്ടത്രേ. രണ്ടാഴ്ചയിലധികം ഗന്ധങ്ങളെ തിരിച്ചറിയാതെ പോകുന്നവരെ അവർ ഒരു സ്മെൽ ട്രെയിനിംഗിന് (Olfactory training) വിധേയരാക്കുന്നു. സാധാരണഗതിയിൽ കോവിഡ് 19 ന്റെ തീവ്രത കുറയുന്നതോടെ മിക്കവർക്കും അവർക്ക് നഷ്ടമായ ഗന്ധസ്വീകരണശേഷി തിരിച്ചു കിട്ടുന്നു. എന്നാൽ ഈ പുനരുജ്ജീവനത്തിനിടയിൽ പല ഇഷ്ടഗന്ധങ്ങളും ദുർഗ്ഗന്ധമായി അനുഭവപ്പെടാറുണ്ടത്രെ. ഈ അവസ്ഥ ( Parosmia)മറികടക്കാൻ ഈ സ്ഥാപനങ്ങൾ സഹായിക്കുന്നു എന്ന് ഞാൻ വായിച്ചിരുന്നു. ഇത്തരം Olfactory training സെന്ററുകൾ വ്യാപകമാവുമോ എന്ന് ഞാൻ ഭയക്കുന്നു.

കോവിഡ് ബാധിച്ചു കിടക്കുന്ന ജ്യോതിയെ വിളിച്ചു. ശരീരത്തിലൂടെ ഒരാന കയറിയിറങ്ങിപ്പോയി ദീദി. അവൾ കരയുന്നു. എല്ലു നുറുങ്ങുന്ന വേദന.
ഇരുപത്തിനാല് മണിക്കൂറും ഉറക്കമാണ്. ഞാനിനി പഴയത് പോലെയാവുമോ..അവൾ ഉത്കണ്ഠപ്പെട്ടു.അവൾക്ക് ഒരാപത്തും ഉണ്ടാവരുതേയെന്ന് മാത്രം ഉള്ളുരുകി പ്രാർത്ഥിച്ചു.

മിഷേൽ ക്രിക്റ്റൺ

കോവിഡ് ഒരു സ്വേച്ഛാധിപതിയായി ലോകത്തെ കീഴടക്കിയിരിക്കുന്നു. അതിന്റെ സൂക്ഷ്മമായ മാറ്റങ്ങൾ ഭയന്നും ജാഗ്രതയോടെയും മനുഷ്യകുലമാകെ വീക്ഷിക്കുന്നു.മഹാമാരി സൃഷ്ടിക്കുന്ന ഭീതിയും, ദുരന്തവും, പരിഭ്രാന്തിയും ഇതിവൃത്തമായ അനേകം സാഹിത്യരൂപങ്ങൾ മനസ്സിലൂടെ കടന്നുപോകുന്നു.അമേരിക്കൻ സാഹിത്യകാരനായ മിഷേൽ ക്രിക്റ്റൺ (Jurasic Parkന്റെ രചയിതാവായ) പുറത്തിറക്കിയ Andromeda Strain (Vintage) ഇത്തരത്തിലുള്ള ഒരു നോവലാണ്. അജ്ഞാതനായ ഒരു അഭൗമജീവാണു ഭീതിപടർത്തുന്ന രീതിയിൽ വ്യാപിക്കുന്നതും മനുഷ്യനെ നാമാവശേഷനാക്കുന്നതുമാണ് ഇതിന്റെ ഇതിവൃത്തം.

A death in the Family നോർവീജിയൻ നോവലിസ്റ്റ് കാൾ ഓവ് കോസ്റ്റ് ഗാർഡിന്റെ ആദ്യരചനയാണ്.അതിന്റെ പേരിലുള്ള ആകർഷണീയത ശ്രദ്ധിക്കുക. കോവിഡ് സമൂഹത്തിൽ മരണം കുടുംബത്തിന്റെ മാത്രം സ്വകാര്യതയായി മാറുന്നു.എല്ലാത്തരം വിശ്വാസങ്ങളും, അത് പിൻപറ്റിയുള്ള ചടങ്ങുകളും അട്ടിമറിക്കപ്പെടുന്നു. മക്കയും, ഹോളി ചർച്ചും ശബരിമലയും എല്ലാം അടച്ച് പൂട്ടപ്പെടുന്നു. പള്ളികളും പ്രാർത്ഥനാലയങ്ങളും ഷെൽറ്റർ ഹോമുകളായി പരിവർത്തനം (താത്കാലികമായെങ്കിലും ലോകത്തെ പ്രതീക്ഷാഭരിതമാക്കിയ കാഴ്ചയാണത്) ചെയ്യപ്പെടുന്നു. ആർഭാടത്തിന്റെ കൂത്തരങ്ങുകളായ വിവാഹവും, ഉത്സവങ്ങളും വീടിനകത്തേക്ക് ചുരുക്കുവാൻ കേരളീയ സമൂഹം നിർബന്ധിതരാവുന്നു. ഒരുകാലത്ത് അസംഭാവ്യമെന്ന് കരുതിയിരുന്ന ആചാരലംഘനങ്ങൾ ഒരു കീഴ്​വഴക്കമായി അവരോധിക്കപ്പെടുന്ന കാഴ്ചകൾ. നിലനിൽപ്പുള്ളത് മരണത്തിന് മാത്രമാവുമ്പോൾ അതിന്റെ പ്രത്യക്ഷപ്പെടൽ ഏത് കാലത്തും ഏത് പ്രായക്കാരിലുമാവുമ്പോൾ, അതിജീവനത്തിനായി നടത്തുന്ന ഏത് അടയാളപ്പെടുത്തലിനേയും കോവിഡിയൻ സ്പിരിറ്റ് എന്ന് വിളിക്കാൻ ഞാനാഗ്രഹിക്കുന്നു !

Comments