1977-നുശേഷമാണ്, എസ്.എഫ്.ഐ സംഘടനാപ്രവർത്തനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ ചെല്ലുമ്പോൾ ഞാൻ വി.എസ്. അച്യുതാനന്ദനെ കാണുന്നത്. കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി എന്ന നിലയ്ക്ക് ആലപ്പുഴയിലെ യൂണിയൻ ഓഫീസിലാണ് അദ്ദേഹത്തെ പലപ്പോഴും കണ്ടിട്ടുള്ളത്.
സി.പി.എമ്മിന്റെ ഏറ്റവും പ്രധാനപ്പെട്ട വർഗസംഘടനയായിരുന്നു കർഷക തൊഴിലാളി യൂണിയൻ. പതത്തിനും കൂലിയ്ക്കും വേണ്ടി പാടശേഖരങ്ങളിൽ സമരം നടന്ന കാലം. കൂലിയായി നെല്ല് കൊടുക്കുമ്പോൾ വടിച്ച് അളക്കണോ വടിക്കാതെ അളക്കണോ എന്ന കാര്യത്തിൽ പോലും ഓരോ കളപ്പുരകളിലും വലിയ തർക്കം നടന്നിരുന്നു. നീണ്ടൂർഅടക്കം, പല പാടശേഖരങ്ങളിലും വെടിവെപ്പുണ്ടായി. ജന്മിമാർ പറയുന്നപോലെ പകലന്തിയോളം പണിയെടുക്കില്ല എന്ന് കർഷക തൊഴിലാളികൾ പ്രഖ്യാപിച്ചു. പാടശേഖരത്തിൽ കൊടി ഉയർത്തിയാൽ കർഷക തൊഴിലാളി പണിക്കിറങ്ങും. വൈകീട്ട് ഒരു വെടി പൊട്ടിച്ചാൽ പാടത്തുനിന്ന് കയറും. തൊഴിലാളികളുടെ സമയം അവർ തന്നെ നിശ്ചയിച്ചതും കൂലിയും കൃത്യമായ പതവും നേടിയെടുത്തതും യൂണിയന്റെ പോരാട്ടങ്ങളിലൂടെയാണ്. അങ്ങനെ സമരം ചെയ്തിരുന്ന തൊഴിലാളികൾക്കുവേണ്ടിയായിരുന്നു വി.എസിന്റെ ആ നിവർന്ന നിൽപ്പ്. ജീപ്പിൽ കെട്ടിയ മൈക്ക് കൈയിൽ പിടിച്ച് ചേസിസിനുമുന്നിൽ കയറിനിന്ന് പ്രസംഗിക്കുന്ന വി.എസിന്റെ ചിത്രം മനസ്സിലുണ്ട്.
എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായപ്പോൾ, വി.എസ് എന്ന സംസ്ഥാന സെക്രട്ടറിയോടായിരുന്നു ഞാൻ റിപ്പോർട്ട് ചെയ്യേണ്ടിയിരുന്നത്. അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത സഹപ്രവർത്തകനായിരുന്നു എൻ. ശ്രീധരൻ. എൻ.എസായിരുന്നു എന്റെ രാഷ്ട്രീയ ഗുരുനാഥനും എസ്.എഫ്.ഐയുടെ ചാർജുള്ളയാളും. കർക്കശക്കാരനായിരുന്നു വി.എസ്. എസ്.എഫ്.ഐക്കാരായ ഞങ്ങളോട് വലിയ കരുതൽ അന്ന് അദ്ദേഹം കാണിച്ചിരുന്നു.

ഒരിക്കലും മറക്കാനാകാത്ത ഒരു സന്ദർഭം ഓർമവരുന്നു.
1983 ജൂലൈ ആറിന് പുൽപ്പള്ളിയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനായി പ്രദേശവാസികൾ നടത്തിയ സമരത്തിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച് പൊലീസ് നിരോധനാജ്ഞ ലംഘിച്ച് പുൽപ്പള്ളിയിലേക്ക് എസ്.എഫ്.ഐ കാൽനടജാഥ പ്രഖ്യാപിച്ചു. എസ്.എഫ്.ഐയുടെ ചരിത്രത്തിൽ 'പുൽപ്പള്ളി മാർച്ച്' എന്നാണ് ഈ പ്രതിഷേധം അറിയപ്പെടുന്നത്. അന്ന് ഞാൻ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയാണ്. ജാഥ പൊലീസ് തടയുമെന്ന ധാരണയുണ്ടായിരുന്നതുകൊണ്ട് പതിവുതെറ്റിച്ച്, കാട്ടിലൂടെയാണ് കടന്നുപോയത്. വയനാട്ടിലെ ശശീന്ദ്രന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആ ജാഥയിൽ ടി.പി. ചന്ദ്രശേഖരൻ, മത്തായി ചാക്കോ തുടങ്ങിയവരെല്ലാമുണ്ടായിരുന്നു. പൊലീസിന് പിടികൊടുക്കാതെ രാത്രി ഓരോരോ വീടുകളിൽ താമസിക്കുകയാണ്.
എസ്.എഫ്.ഐയുടെ പ്രതിഷേധ സമരം മാറ്റിവെക്കാൻ വി.എസ് എന്നോടാവശ്യപ്പെട്ടു. വി.എസിന്റെ ആവശ്യം എനിക്ക് ജാഥാംഗങ്ങളോട് പറയാൻ പറ്റില്ല. കാരണം, അത്രമേൽ ആവേശഭരിതരാണ് സഖാക്കൾ. ഈയൊരു സമരം നിർത്തിവെച്ചു എന്നു പറഞ്ഞാൽ അത് വിശദീകരിക്കാൻ കഴിയില്ല. 'സമരം നിർത്തിവെച്ചാൽസംഘടനയിൽ വലിയ പ്രശ്‌നമുണ്ടാകും' എന്ന് ഞാൻ വി.എസിനോട് പറഞ്ഞു.
ആർക്കും എന്തും ചെയ്യാൻ അനുവാദമുണ്ടായിരുന്നില്ല, സമരത്തിന്റെ പേരിലാണെങ്കിൽ പോലും. സമരത്തിനിടെ തിരുവനന്തപുരത്ത് പലപ്പോഴും ബസുകൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അപ്പോഴെല്ലാം ഞങ്ങളെ വിളിച്ച് കഠിനമായി ശാസിക്കുമായിരുന്നു.
രാത്രി രണ്ടുമണിയായപ്പോൾ പാർട്ടി ജില്ലാ സെക്രട്ടറി മുഹമ്മദ് ഞാൻ താമസിക്കുന്ന പാടത്തിന്റെ കരയിലുള്ള വീട്ടിലെത്തി. തിരുവനന്തപുരം എ.കെ.ജി സെന്ററിൽ വി.എസ് ഉണർന്നിരിക്കുകയാണ്. സമരത്തെക്കുറിച്ച് എന്നോട് എന്തോ സംസാരിക്കാനുണ്ട്. കൽപ്പറ്റ ഗസ്റ്റ് ഹൗസിലാണ് അന്ന് ഫോണുള്ളത്. ഞാൻ അപ്പോൾ തന്നെ ഗസ്റ്റ് ഹൗസിലെത്തി അദ്ദേഹവുമായി ഫോണിൽ സംസാരിച്ചു.
ടെലഫോൺ എക്സ്ചേഞ്ചിലെ സഖാക്കൾ വഴി, കലക്ടറും എസ്.പിയും തമ്മിലുള്ള ഒരു സംഭാഷണം വി.എസിന് കിട്ടിയിരുന്നു. വെടിവെപ്പ് നടന്ന സ്ഥലത്ത് നിരോധനാജ്ഞ ലംഘിക്കാൻ പാടില്ല, അങ്ങനെ സംഭവിച്ചാൽ വീണ്ടും വെടിവെപ്പുണ്ടായേക്കും എന്നായിരുന്നു ആ സംഭാഷണത്തിന്റെ ഉള്ളടക്കം. എസ്.എഫ്.ഐയുടെ പ്രതിഷേധ സമരം മാറ്റിവെക്കാൻ വി.എസ് എന്നോടാവശ്യപ്പെട്ടു. വി.എസിന്റെ ആവശ്യം എനിക്ക് ജാഥാംഗങ്ങളോട് പറയാൻ പറ്റില്ല. കാരണം, അത്രമേൽ ആവേശഭരിതരാണ് സഖാക്കൾ. ഈയൊരു സമരം നിർത്തിവെച്ചു എന്നു പറഞ്ഞാൽ അത് വിശദീകരിക്കാൻ കഴിയില്ല. 'സമരം നിർത്തിവെച്ചാൽസംഘടനയിൽ വലിയ പ്രശ്‌നമുണ്ടാകും' എന്ന് ഞാൻ വി.എസിനോട് പറഞ്ഞു.
ഞാൻ പറഞ്ഞ വാക്കുകളായിരിക്കില്ല വി.എസിനെ സ്വാധീനിച്ചത്. ഒരു തീരുമാനമെടുത്താൽ അത് മാറ്റുന്നയാളല്ല വി.എസ്. പക്ഷെ, എന്റെ ശബ്ദത്തിലെ ഇടർച്ചയും പതർച്ചയും അദ്ദേഹം ശ്രദ്ധിച്ചിരിക്കാം.
ഉടൻ അദ്ദേഹം എം.വി. രാഘവനെ വിളിച്ച്, എല്ലാ പരിപാടിയും മാറ്റിവെച്ച് ജാഥ ഉദ്ഘാടനം ചെയ്യാൻ പിറ്റേന്ന് വയനാട്ടിലെത്താൻ ആവശ്യപ്പെട്ടു. എസ്.എഫ്.ഐയിലെ കുട്ടികളെ കുരുതികൊടുക്കാൻ പറ്റില്ല, അതായിരുന്നു വി.എസിന്റെ പരിഗണന.

എം.വി.ആർ ഉടൻ ഡി.ജി.പിയെ വിളിച്ച്, നാളെ വെടിവെപ്പുണ്ടായാൽ കരുണാകരന്റെ സർക്കാർ ഉണ്ടാകില്ല എന്നു പറഞ്ഞതായി പിന്നീട് അറിഞ്ഞു. ഒരു പ്രശ്‌നവുമുണ്ടാകില്ല എന്ന് ഡി.ജി.പി എം.വി.ആറിന് ഉറപ്പു നൽകി. ഇക്കാര്യം എം.വി.ആർ വി.എസിനെ അറിയിച്ചു, സംഘർഷമുണ്ടാകില്ല എന്ന ഉറപ്പും നൽകി. നേരം വെളുത്തപ്പോഴേക്കും ജാഥ തുടരാനുള്ള അനുവാദം വി.എസ് എനിക്ക് നൽകി.
ഇന്നത്തെ ഫ്‌ളാഷ് മോബിന്റെ രീതിയിലായിരുന്നു ആ സമരം. എല്ലാവരും ഒറ്റയ്‌ക്കൊറ്റയ്ക്ക് ഓരോ സ്ഥലത്ത് പതുങ്ങി നിൽക്കുകയാണ്. ഞാൻ മുദ്രാവാക്യം വിളിക്കുന്നു, മോബ് രൂപപ്പെടുന്നു. പൊലീസുകാർ അന്തംവിട്ടു, അങ്ങാടിയിലുള്ളവർ ഓടാൻ തുടങ്ങി. എങ്കിലും സമാധാനപരമായി ആ പ്രതിഷേധം നടന്നു.
എൻ. ശ്രീധരന്റെ മരണത്തോടെ സെക്രട്ടറിയേറ്റിലെ ബലാബലത്തിൽ മാറ്റം വരികയും, ബദൽ രേഖ വിഷയത്തിൽ വി.എസ് ഇ.എം.എസിന്റെ പക്ഷത്താകുകയും ചെയ്തു. വി.എസ് പോയതോടെ എം.വി.ആറിന്റെയും നായനാരുടെയും മറ്റും കൂട്ടായ അഭിപ്രായത്തിന് ഭൂരിപക്ഷം നഷ്ടമായി.
എവിടെ നടക്കുന്ന സമരങ്ങളെക്കുറിച്ചും പാർട്ടി സെക്രട്ടറിയെന്ന നിലയ്ക്ക് അദ്ദേഹത്തിന് നോട്ടമുണ്ടായിരുന്നു. ആർക്കും എന്തും ചെയ്യാൻ അനുവാദമുണ്ടായിരുന്നില്ല, സമരത്തിന്റെ പേരിലാണെങ്കിൽ പോലും. സമരത്തിനിടെ തിരുവനന്തപുരത്ത് പലപ്പോഴും ബസുകൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അപ്പോഴെല്ലാം ഞങ്ങളെ വിളിച്ച് കഠിനമായി ശാസിക്കുമായിരുന്നു. പിന്നീട് എവിടെയോവെച്ച് തെരുവുസമരങ്ങൾ നിരന്തരം കലാപങ്ങളാകുന്നത് പഴയ രീതിയായിരുന്നില്ല. സമരങ്ങളിൽ എത്രപേരെ അണിനിരത്തി എന്നതായിരുന്നു പ്രധാനം.
1985 ഫെബ്രുവരിയിൽ കൊല്ലത്ത് എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം നടക്കുകയാണ്. ആ സമയത്താണ്, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന എൻ. ശ്രീധരൻ വാഹനാപകടത്തിൽ മരിക്കുന്നത്. എം.വി.ആറും എൻ.എസും യാത്ര ചെയ്ത കാർ അപകടത്തിൽ പെട്ടാണ് 1985 ഫെബ്രുവരി 17ന് എൻ.എസ് മരിച്ചത്. കണ്ഠമിടറിയ വി.എസിനെ ഞാൻ കണ്ടത്, എൻ. എസിന്റെ ശവസംസ്‌കാരത്തിന്റെ അന്നാണ്. എൻ.എസിന്റെ ശവമഞ്ചത്തിൽ യാത്ര ചെയ്തവരിൽ ഒരാൾ ഞാനായിരുന്നു. വലിയ ചുടുകാട്ടിൽ സംസ്‌കരിച്ചശേഷം നടന്ന അനുശോചനയോഗത്തിൽ കരച്ചിൽ വന്നതുമൂലം പ്രസംഗം പൂർത്തിയാക്കാൻ വി.എസ് പാടുപെട്ടു.

ബദൽരേഖയും അകൽച്ചയും
1980-ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായപ്പോൾ, പുത്തലത്ത് നാരായണനോ ടി.കെ. രാമകൃഷ്ണനോ ആകും പാർട്ടി സെക്രട്ടറി എന്നായിരുന്നു പലരും കരുതിയിരുന്നത്. എന്നാൽ നായനാർ മുഖ്യമന്ത്രിയാകുമ്പോൾ ആരാകണം സെക്രട്ടറി എന്ന ചോദ്യത്തിന് സി.പി.എം കണ്ടുപിടിച്ച ഉത്തരമാണ് വി.എസ്. അവിടെയാണ് ഇന്നത്തെ വി.എസ്. ജനിക്കുന്നത്.
സി.പി.എമ്മിനെ വലിയ പ്രതിസന്ധിയിലാക്കിയ ഒന്നായിരുന്നു ബദൽ രേഖ പ്രശ്‌നം. ഇ.എം.എസിന്റെ രാഷ്ട്രീയനയത്തിനെതിരായിരുന്നു വി.എസും എൻ.എസും എം.വി.ആറുമെല്ലാം. എൻ. ശ്രീധരന്റെ മരണത്തോടെ സെക്രട്ടറിയേറ്റിലെ ബലാബലത്തിൽ മാറ്റം വരികയും വി.എസ് ഇ.എം.എസിന്റെ പക്ഷത്താകുകയും ചെയ്തു. വി.എസ് പോയതോടെ എം.വി.ആറിന്റെയും നായനാരുടെയും മറ്റും കൂട്ടായ അഭിപ്രായത്തിന് ഭൂരിപക്ഷം നഷ്ടമായി. 1985-ലെ സംസ്ഥാന സമ്മേളനത്തിൽ രാഷ്ട്രീയസംഘർഷം പാരമ്യത്തിലെത്തി. എം.വി.ആറും പി.വി. കുഞ്ഞിക്കണ്ണനും സസ്പെന്റ് ചെയ്യപ്പെട്ടു. വിധേയനായിനിന്ന പുത്തലത്ത് നാരായണനടക്കം പുറത്താക്കപ്പെട്ടു. സി.എം.പി എന്ന പുതിയ പാർട്ടിയുണ്ടായതോടെ, ഞങ്ങൾ തമ്മിൽ അകന്നു.
കടുത്ത അകൽച്ചയുടെയും വിരോധത്തിന്റെയും ആ കാലത്ത്, കേരള കൗമുദിയുമായുള്ള ഒരഭിമുഖത്തിൽവി.എസ്. അച്യുതാനന്ദനോട് ചോദിച്ചു, എം.വി. രാഘവൻ അഴിമതിക്കാരനാണോ എന്ന്. അതിന് വി.എസ് പറയുന്ന മറുപടിയുണ്ട്: 'എം.വി. രാഘവന്റെ നടപടികളൊക്കെ തെറ്റായിരുന്നു, പക്ഷെ, അദ്ദേഹം അഴിമതിക്കാരനായിരുന്നില്ല'. വി.എസ്. വെറുതെ അഴിമതിയാരോപണം ഉന്നയിക്കില്ല, അഴിമതിക്കാരെ വെറുതെവിടുകയും ചെയ്തിരുന്നില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചപ്പോൾ ആ വിഷയം തെരുവിലേക്ക് കൊണ്ടുവരാൻ അദ്ദേഹത്തിന് മടിയുണ്ടായില്ല. എ.കെ.ജി സെന്ററിനുമുന്നിൽ പാർട്ടിപ്രവർത്തകരുടെ വി.എസ് അനുകൂല പ്രകടനം പോലും കാണേണ്ടിവന്നു, അന്ന് സി.പി.എമ്മിന്. പോളിറ്റ്ബ്യൂറോയിൽനിന്ന് മാറ്റിയെന്നല്ലാതെ, നടപടിയെടുത്ത് വി.എസിനെ പാർട്ടിയിൽനിന്ന് മാറ്റിനിർത്താൻ സി.പി.എം അശക്തമായിരുന്നു.
ഞങ്ങളുമായുള്ള സംഘർഷം വളർന്ന് പിന്നീട് കൂത്തുപറമ്പിലേക്കെത്തി. ആ സംഘർഷം ഞങ്ങളെ വല്ലാതെ അകറ്റി. എങ്കിലും വി.എസ് ചെയ്ത ഒരു കാര്യം എടുത്തുപറയേണ്ടതുണ്ട്. അപ്പോഴേക്കും ഇ.എം.എസുമായി വി.എസ് രാഷ്ട്രീയമായി അകന്നുകഴിഞ്ഞിരുന്നു. വർഗീയ പാർട്ടിയായതിനാൽ മുസ്‌ലിംലീഗിനെ എൽ.ഡി.എഫിൽ എടുക്കാനാകില്ല എന്നു പറഞ്ഞുകൊണ്ടാണല്ലോ എം.വി.ആറിനെ പുറത്താക്കിയത്. പക്ഷെ, 1989-ൽ ഇ.എം.എസ് പുതിയ തിസീസ് കൊണ്ടുവന്നു, ലീഗുമായി തമിഴ്‌നാട് മോഡൽ സഖ്യമാകാം. അപ്പോൾ, വി.എസ് എന്ന കർക്കശക്കാരനിലെ ധാർമികത ഉണർന്നു. പിന്നെ എന്തിനാണ് എം.വി. ആറിനെയും പി.വി. കുഞ്ഞിക്കണ്ണനെയും പുറത്താക്കിയത്? ഇതേതുടർന്നാണ്, വി.എസ് തനിച്ച് ലീഗിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ തുടങ്ങിയത്. ആ നിലപാടിനോട് എനിക്ക് യോജിപ്പില്ല. എന്നാൽ, ഈയൊരു നിലപാടുയർത്തി പാർട്ടിയിൽ ശുദ്ധീകരണം നടത്തി, രണ്ടുമൂന്നു വർഷം കഴിഞ്ഞ് ആ നിലപാട് മാറ്റുന്നത് ശരിയല്ല എന്ന വി.എസിന്റെ പൊസിഷൻ ശ്രദ്ധേയമായിരുന്നു.
2015-ൽ ആലപ്പുഴയിൽ സംസ്ഥാന സമ്മേളനം നടക്കുമ്പോൾ തനിക്കെതിരെ നടക്കുന്ന ചർച്ചകളിൽ ക്ഷുഭിതനായി വി.എസ് പുന്നപ്രയിലെ തന്റെ വീട്ടിലേക്കു മടങ്ങി. സി.പി.എമ്മിന് അത് വലിയ ഷോക്കായി.
സന്ദർഭവശാൽ ഞാനന്ന് കാഞ്ഞങ്ങാട്ട് സി.എം.പിയുടെ യോഗത്തിൽ പങ്കെടുക്കുന്ന സമയമാണ്. യോഗം നിർത്തിവെച്ച് ഞങ്ങൾ കാഞ്ഞങ്ങാട് പട്ടണത്തിൽ ഒരു പ്രകടനം നടത്തി. മാധ്യമങ്ങൾ അത് ശ്രദ്ധിച്ചു. വി.എസ് ആ പ്രകടനത്തെ പുച്ഛിക്കുകയോ തള്ളിപ്പറയുകയോ ചെയ്തില്ല. ഞങ്ങളുടെ പ്രകടനത്തെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞ ആളെ നോക്കി വി.എസ് അർഥഗർഭമായി ഒന്നു മൂളുക മാത്രം ചെയ്തു. അതിന് ഒരു രാഷ്ട്രീയാർഥമുണ്ടായിരുന്നു.

പുതിയ വി.എസ് ജനിക്കുന്നു
1996 മുതൽ പുതിയ വി.എസ് ജനിച്ചുവെന്നു പറയാം.
1991-ൽ കോഴിക്കോട് നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറിസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിലുണ്ടായ പരാജയം വി.എസിനെ ഞെട്ടിച്ചിരുന്നു. 1996-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാരാരിക്കുളത്തുണ്ടായ തോൽവിയും വി.എസിന് വലിയ ആഘാതമായി. അന്ന് അദ്ദേഹത്തിന് 70 വയസ്സിനുമുകളിലാണ് പ്രായം. അത്രയും പ്രായമുള്ള ഒരാൾ പൊതുവിൽ ഇത്തരമൊരു തോൽവിക്കൊടുവിൽ, ഒരു പുഴ കടലിൽ ഒഴുകിയെത്തുന്നതുപോലെ, ശാന്തമായി അവസാനിക്കുകയാണ് ചെയ്യുക. എന്നാൽ, വി.എസ് അവിടെനിന്ന് ഒരു പുതിയ മനുഷ്യനായി ഉണരുകയാണ് ചെയ്തത്. അദ്ദേഹം പാർട്ടിയ്ക്കുള്ളിലെ സമരം തുടർന്നു. താൻ തന്നെ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവന്ന പിണറായി വിജയനെതിരെ സമരം ചെയ്തു. അതിന്റെ ശരിതെറ്റുകൾ ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ല. വി.എസ് എടുത്തുചുഴറ്റിയ അച്ചടക്കത്തിന്റെ ഖഡ്ഗം വി.എസിനെതിരെ എടുത്തുചുഴറ്റാൻ പാർട്ടിക്ക് കരുത്തുണ്ടായില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചപ്പോൾ ആ വിഷയം തെരുവിലേക്ക് കൊണ്ടുവരാൻ അദ്ദേഹത്തിന് മടിയുണ്ടായില്ല. എ.കെ.ജി സെന്ററിനുമുന്നിൽ പാർട്ടിപ്രവർത്തകരുടെ വി.എസ് അനുകൂല പ്രകടനം പോലും കാണേണ്ടിവന്നു, അന്ന് സി.പി.എമ്മിന്. പോളിറ്റ്ബ്യൂറോയിൽനിന്ന് മാറ്റിയെന്നല്ലാതെ, നടപടിയെടുത്ത് വി.എസിനെ പാർട്ടിയിൽനിന്ന് മാറ്റിനിർത്താൻ സി.പി.എം അശക്തമായിരുന്നു.
സി.പി.എമ്മിലെ പുറത്താക്കലുകൾ നോക്കിയാൽ, പ്രായവും പരിചയക്കൂടുതലുമുള്ളവരാണ് ഇവ രണ്ടും കുറഞ്ഞവരെ പുറത്താക്കാൻ നേതൃത്വം നൽകിയിട്ടുള്ളത്. 1964- ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ അവശേഷിച്ചിരുന്ന ഒരേയൊരാളാണ് വി.എസ്. അദ്ദേഹം പുറത്താക്കപ്പെടാതിരുന്നത് ഈയൊരു സീനിയോരിറ്റിയും സമരവീര്യവും ഒത്തുചേർന്നതുകൊണ്ടാണ്.
വി.എസ് തന്റെ അവസാനഘട്ടത്തിൽ പാർട്ടിയുടെ അപ്പരേറ്റസുമായി ഇടഞ്ഞു എന്നത് രഹസ്യമല്ല. സംഘടനാപ്രശ്നങ്ങൾ പലപ്പോഴും തെരുവിലെ രാഷ്ട്രീയപ്രശ്നങ്ങളായി മാറിയിരുന്നു. എന്തുകൊണ്ടാണ് വി.എസ് പാർട്ടി വിട്ടു പോകാതിരുന്നത് എന്ന് അദ്ദേഹം മരിച്ചതിനുശേഷം ഉന്നയിക്കപ്പെടുന്ന ചോദ്യമാണ്.
1985 മുതൽ 1995 വരെയുള്ള പത്തുവർഷം സി.പി.എമ്മിൽ 'ശുദ്ധീകരണ'ത്തിന്റെ കാലമായിരുന്നു. കെ.ആർ. ഗൗരിയമ്മയും പുറത്താക്കപ്പെട്ടു. ചാത്തുണ്ണി മാസ്റ്റർ പോലും നിസ്സാരകാര്യത്തിന്റെ പേരിലാണ് പുറത്താക്കപ്പെട്ടത്. പി. ഗോവിന്ദപ്പിള്ള തരംതാഴ്ത്തപ്പെട്ടു. ആ കാലത്തിന്റെ നെടുനായകനായിരുന്നു വി.എസ്. പക്ഷെ, ആ അച്ചടക്കത്തിന്റെ അതേ ഖഡ്ഗം അദ്ദേഹത്തിനെതിരെ ഉയരാൻ തുടങ്ങിയപ്പോൾ അദ്ദേഹം അത് മനസ്സിലാക്കുകയും പ്രസ്ഥാനത്തെ പുതിയ തരത്തിലേക്ക് തിരിച്ചുവിടുകയും ചെയ്തു. ഔദ്യോഗികഭാഷയിൽ പറയുന്ന വിഭാഗീയതയുടെ ഒരു തലയ്ക്കൽ വി.എസ് ഉണ്ടായിരുന്നു. എന്നാൽ, ചരിത്രം അദ്ദേഹത്തെ ഓർക്കാൻ പോകുന്നത് പാർട്ടി വിഭാഗീയതയുടെ പേരിലാകില്ല. പകരം, പുതിയ നൂറ്റാണ്ടിൽ, 75 വയസ്സിനുശേഷം അദ്ദേഹം ആരംഭിച്ച പുതിയ ഒരു പ്രസ്ഥാനത്തിന്റെ പേരിലായിരിക്കും. അതിന്റെ പേരിലായിരിക്കണം അദ്ദേഹം ഓർക്കപ്പെടേണ്ടത് എന്നാണ് എന്റെ വിശ്വാസം. അത് എന്താണ്?

വി.എസിന്റെ രാഷ്ട്രീയജീവിതത്തിൽ നാല് ഘട്ടങ്ങളുണ്ടെന്നു കാണാം.
ഒന്ന്: കോളനിവാഴ്ചക്കെതിരെ നടത്തിയ സായുധപോരാട്ടം. പട്ടിണിവാഴ്ചയായി മാറിയ ദിവാൻ വാഴ്ചയ്ക്കും അമേരിക്കൻ മോഡലിനും എതിരായ സന്ധിയില്ലാത്ത പോരാളിയായിരുന്നു വി.എസ്.
രണ്ട്: ഈ പോരാട്ടവീര്യം പിന്നീട് കർഷക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലേക്കും അവരെ സമരസജ്ജരാക്കുന്നതിലേക്കും വികസിപ്പിച്ചു.
മൂന്ന്: പിന്നീട് വി.എസ് പാർട്ടിയുടെ നടത്തിപ്പുകാരനായി. പക്ഷെ, അവിടെ കർക്കശക്കാരനായ സ്റ്റാലിനിസ്റ്റായാണ് അദ്ദേഹം പെരുമാറിയത്. അതിന്റെ ബാക്കിപത്രം ഇടതുപക്ഷ പ്രസ്ഥാനത്തിന് നഷ്ടമാണുണ്ടാക്കിയത്. പക്ഷെ, താൻ എടുത്തുചുഴറ്റിയ വാൾ അദ്ദേഹത്തിനെതിരെയും ഉയർന്നപ്പോൾ വി.എസ്. തന്റെ രാഷ്ട്രീയജീവിതത്തിലെ നാലാം ഘട്ടത്തിന് തുടക്കമിടുകയും പുതിയ വി.എസ് ജനിക്കുകയുമായിരുന്നു.
നാലാം ഘട്ടത്തിൽ അദ്ദേഹം സ്വീകരിച്ച നിലപാടുകൾ ശ്രദ്ധേയമായിരുന്നു. അഴിമതിയോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരുന്നു അതിലൊന്ന്.
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് പരിചിതമല്ലാതിരുന്ന ഒരു വിഷയത്തെ അദ്ദേഹം രാഷ്ട്രീയ മണ്ഡലത്തിൽ ഉറപ്പിച്ചു; പരിസ്ഥിതി. ഇത് ഇന്ന് ലോകത്ത് പ്രധാന വിഷയമായി മാറിയിരിക്കുന്നു. അന്നത് അത്ര പ്രധാന വിഷയമായിരുന്നില്ല. അമിതമായ പ്രകൃതിചൂഷണം ഒരു രാഷ്ട്രീയ പ്രശ്‌നമാണ്, ധാർമിക പ്രശ്‌നമല്ല എന്ന് കേരളത്തെ ബോധ്യപ്പെടുത്തുകയും അതിനായി പോരാടുകയും ചെയ്തത് വി.എസാണ്. തന്റെ കാർക്കശ്യത്തെ പ്രകൃതിചൂഷകർക്കെതിരായ സമരത്തിലേക്ക് അദ്ദേഹം തിരിച്ചുവിട്ടു. ആധുനിക കേരളത്തിൽ, അക്ഷരാർഥത്തിൽ കല്ല് പിളർത്തിയ കൽപ്പനകൾ പുറപ്പെടുവിച്ച ഏക മുഖ്യമന്ത്രി വി.എസാണ്.
പുന്നപ്ര- വയലാർ പ്രക്ഷോഭവും കർഷക തൊഴിലാളി സമരങ്ങളും ചരിത്രത്തിന്റെ ഭാഗമാണെങ്കിലും ഇന്നും പ്രസക്തമായതും ഭാവിയിലും പ്രസക്തമായിത്തീരുന്നതുമായ സമരം എന്നു പറയുന്നത്, വി.എസ് ഏറ്റെടുത്ത പരിസ്ഥിതി, ജൻഡർ, അഴിമതി എന്നീ വിഷയങ്ങൾ ഉയർത്തിയുള്ള സമരങ്ങളാണ്.
സ്ത്രീപീഡനത്തിനെതിരായി അദ്ദേഹം നടത്തിയ രാഷ്ട്രീയ പോരാട്ടങ്ങളും, ഈ പുതിയ നിലപാടിന്റെ ഭാഗമായിരുന്നു. ഇതെല്ലാം പൂർണമായും ശരിയായിരുന്നുവോ വിജയിച്ചുവോ അതോ അദ്ദേഹം ഒരു Merchant of Morality ആയി മാറിയോ എന്നതെല്ലാം ചരിത്രമാണ് നിശ്ചയിക്കേണ്ടത്. പക്ഷെ, ആ പോരാട്ടങ്ങൾ വലിയ വഴിത്തിരിവായിരുന്നു.
15 വയസ്സുമുതൽ 95 വയസ്സുവരെ, 80 വർഷം രാഷ്ട്രീയത്തിൽ സജീവമായി നിന്ന ഒരു മനുഷ്യനെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ഈയൊരു മനുഷ്യൻ ചരിത്രത്തിൽ എന്താണ് അവശേഷിപ്പിച്ചത് എന്നാണ് നമ്മൾ വിലയിരുത്തേണ്ടത്. അത് അദ്ദേഹത്തിന്റെ സമരവീര്യമല്ലാതെ മറ്റൊന്നുമല്ല. അദ്ദേഹം പങ്കെടുത്ത പുന്നപ്ര- വയലാർ പ്രക്ഷോഭവും കർഷക തൊഴിലാളി സമരങ്ങളും ചരിത്രത്തിന്റെ ഭാഗമാണെങ്കിലും ഇന്നും പ്രസക്തമായതും ഭാവിയിലും പ്രസക്തമായിത്തീരുന്നതുമായ സമരം എന്നു പറയുന്നത്, വി.എസ് ഏറ്റെടുത്ത പരിസ്ഥിതി, ജൻഡർ, അഴിമതി എന്നീ വിഷയങ്ങൾ ഉയർത്തിയുള്ള സമരങ്ങളാണ്. ഇക്കാര്യത്തിൽ വി.എസ് സ്വീകരിച്ച എല്ലാ നിലപാടുകളും ശരിയായിരുന്നു എന്നല്ല പറയുന്നത്. പുതിയ കാലഘട്ടത്തിന്റെ രാഷ്ട്രീയത്തിൽ ഈ വിഷയങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. അതാണ് ചരിത്രത്തിൽ വി.എസിന് ഇടം നേടിക്കൊടുക്കാൻ പോകുന്നത്.
വി.എസ് തന്റെ അവസാനഘട്ടത്തിൽ പാർട്ടിയുടെ അപ്പരേറ്റസുമായി ഇടഞ്ഞു എന്നത് രഹസ്യമല്ല. സംഘടനാപ്രശ്നങ്ങൾ പലപ്പോഴും തെരുവിലെ രാഷ്ട്രീയപ്രശ്നങ്ങളായി മാറിയിരുന്നു. എന്തുകൊണ്ടാണ് വി.എസ് പാർട്ടി വിട്ടു പോകാതിരുന്നത് എന്ന് അദ്ദേഹം മരിച്ചതിനുശേഷം ഉന്നയിക്കപ്പെടുന്ന ചോദ്യമാണ്.

ശരിയാണ്, അദ്ദേഹം പലപ്പോഴും പ്രശ്നങ്ങളുയർത്തിക്കൊണ്ടുവരികയും അതിൽ തന്റെ അനുയായികളെ അണിനിരത്തുകയും ചെയ്തശേഷം, അവരിൽ പലരും പാർട്ടിയിൽനിന്ന് പുറത്തുപോയിട്ടും വി.എസ് പാർട്ടിയിൽ തന്നെ നിന്നു. പക്ഷെ, സംഘടനയുടെ തലപ്പത്തുനിന്നിരുന്ന കാലത്തും അതിനുമുമ്പും വി.എസിനെ ബാധിച്ചിരുന്ന പാർട്ടി അപ്പരേറ്റസിന്റെ ബാധ അതിനകം അദ്ദേഹത്തെ വിട്ടുപോയിരുന്നു. വി.എസ് പാർട്ടി വിട്ടില്ല, പക്ഷെ അദ്ദേഹത്തിലെ പാർട്ടി സ്വയം ഇറങ്ങിപ്പോക്കു നടത്തിയിരുന്നു. പിന്നീട് അവശേഷിച്ചത് വി.എസിലെ പ്രത്യയശാസ്ത്രം മാത്രമായിരുന്നു. അങ്ങനെ പ്രത്യയശാസ്ത്രമുയർത്തിപ്പിടിക്കുകയും പാർട്ടിയുടെ ഘടനാപരമായ ശൈലിയെ വെല്ലുവിളിക്കുകയും ചെയ്ത വി.എസിലേക്കാണ് ജനലക്ഷങ്ങൾ ഓടിയടുത്തത്. മറിച്ച്, അദ്ദേഹം പാർട്ടി വിട്ടിരുന്നുവെങ്കിൽ ഈ ഓടിക്കൂടൽ ഉണ്ടാകുമായിരുന്നില്ല എന്നും കരുതാവുന്നതാണ്. വി.എസിന്റെ വിലാപയാത്ര കാണുമ്പോൾ ജനലക്ഷങ്ങളെ അദ്ദേഹം എത്രമാത്രം സ്വാധീനിച്ചിരുന്നു എന്ന് മനസ്സിലാക്കാം. പാർട്ടിയുടെ കർക്കശക്കാരനായ നേതാവായും പിന്നീട് പാർട്ടിയോട് കലഹിച്ചും എപ്പോഴും ജനാഭിലാഷങ്ങളുടെ പ്രതീകമായും നൂറു വയസ്സുവരെ ജീവിച്ചിരിക്കാൻ കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തെ ചരിത്രത്തിൽ പ്രസക്തനാക്കിത്തീർക്കുന്നത്. വി.എസ് ഒരു പുതിയ മാതൃകയാണ്; തെരുവിലെ പോരാട്ടത്തിനും പാർട്ടിയിലെ കലഹത്തിനും. അത് അതേപോലെ മറ്റൊരാൾക്ക് ചെയ്യാൻ കഴിയുമോ എന്നത് ചരിത്രത്തിനേ തീരുമാനിക്കാനാകൂ.
