മനസ്സിൽ തട്ടിയ കാര്യങ്ങൾ
തുറന്നു പറയാം’,
ബദൽരേഖക്കാലത്ത്
വി.എസ് പറഞ്ഞു…

വി.എസ് നമ്മെ വിട്ടുപിരിഞ്ഞത് വലിയ ശൂന്യത മാത്രമല്ല സൃഷ്ടിച്ചത്. ഒരു യുഗാന്ത്യമാണ്. സാമ്രാജ്യത്വ വിരുദ്ധ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യം, അതിന്റെ അവിഭാജ്യഭാഗമായ പുന്നപ്ര വയലാർ സമരത്തിലെ സാഹസികവും ത്യാഗനിർഭരവുമായ പങ്കാളിത്തം- ഇതൊക്കെയുള്ള ആരും ഇനി ബാക്കിയില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ വലത് - ഇടത് പാളിച്ചകൾക്കെതിരായ സമരത്തിലും, അടിയന്തരാവസ്ഥക്കാലത്തെ സ്വേച്ഛാധിപത്യത്തിനെതിരായ സമരത്തിലും വി.എസ് മുൻനിരയിലുണ്ടായിരുന്നു. എല്ലാതരം മത- വർഗീയ- സാമുദായിക വിഷവ്യാപനങ്ങൾക്കും എതിരായും - വിശേഷിച്ച് ഹിന്ദുത്വ ഭീകരവാദ ആധിപത്യത്തിനെതിരെയും സഖാവ് അടിയുറച്ച് പൊരുതി.

വ്യക്തിപരമായ ആദ്യ ഓർമ 40 വർഷം പഴക്കമുള്ളതാണ്. പാർട്ടി സംസ്ഥാനക്കമ്മിറ്റി അംഗമായത് എം.വി. രാഘവൻ അവതരിപ്പിച്ച ബദൽ രേഖ വിവാദകാലത്തായിരുന്നു. ആദ്യ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചർച്ചയിൽ പങ്കെടുത്തു കഴിഞ്ഞപ്പോൾ, വൈകീട്ട് വി.എസ്. കാണാനാവശ്യപ്പെട്ടു. എന്തിനാകും സംസ്ഥാന സെക്രട്ടറി കാണാനാവശ്യപ്പെട്ടതെന്ന ചെറിയ ആശങ്കയോടെയാണ് കാണാൻ ചെന്നത്.
‘തെറ്റോ മറിച്ചോ ആണെന്ന സംശയം കൂടാതെ കമ്മറ്റിയിൽ മനസ്സിൽ തട്ടിയ കാര്യങ്ങൾ തുറന്നു പറയാം. പാർട്ടി തീരുമാനിച്ചുകഴിഞ്ഞാൽ അവിടെ ഉറച്ചുനിൽക്കണം’, ഇതായിരുന്നു വി.എസ്സിന്റെ ഉപദേശം.

വി.എസ് അച്യുതാനന്ദനും എം.എ. ബേബിയും
വി.എസ് അച്യുതാനന്ദനും എം.എ. ബേബിയും

വി.എസ് മുഖ്യമന്ത്രിയായ മന്ത്രിസഭയിൽ പ്രവർത്തിച്ച കാലത്ത് ഒരുപാട് അനുഭവങ്ങളുണ്ട്. വിദ്യാർത്ഥികളുടെ കായികക്ഷമത ശാസ്ത്രീയമായി കണ്ടെത്തിയപ്പോൾ 80 ശതമാനം കുട്ടികൾക്കും ശരാശരി കായികക്ഷമത ഇല്ല എന്ന് വ്യക്തമായി. പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. പ്രഭാത് പട്നായിക്കുമായി ചർച്ച ചെയ്ത്, സ്കൂൾ കുട്ടികൾക്ക് പാലും മുട്ടയും കൂടി ഉച്ചഭക്ഷണത്തിന് പുറമെ കൊടുക്കുന്ന പദ്ധതി അങ്ങനെയാണ് ആലോചിച്ചത്. സാമ്പത്തിക പ്രയാസമുണ്ടായിട്ടും അത് നടപ്പാക്കാൻ വി.എസ്സിന്റെ ഉറച്ച പിന്തുണയും തോമസ് ഐസക്കിന്റെ സഹകരണവും പ്രധാന ഘടകങ്ങളായിരുന്നു.

എൽ.ഡി.എഫ് വിജയിച്ചിട്ടും മാരാരിക്കുളത്ത് വി. എസ് തോറ്റതിൽ ഞാൻ വിഷമിച്ചു സംസാരിച്ചപ്പോൾ അക്ഷോഭ്യനായി എന്നെ ആശ്വസിപ്പിച്ച വി. എസിനെയും മറക്കാനാവില്ല.

ലോകത്ത് തന്നെ വിരലിലെണ്ണാവുന്ന ഗവേഷണ പഠനസ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി കേരളത്തിൽ വരാൻ പല തടസ്സങ്ങളുമുണ്ടായി. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് വിലയ്ക്കുവാങ്ങിയ പൊന്മുടിയിലെ മെർക്കിൻസ്റ്റൺ എസ്റ്റേറ്റ് നിയമക്കുരുക്കിൽ പെട്ട് ഉപേക്ഷിക്കേണ്ട സ്ഥിതി വന്നു. മറ്റു സംസ്ഥാനങ്ങൾ സൗജന്യ സ്ഥല വാഗ്ദാനവുമായി വന്നു. മുഖ്യമന്ത്രി വി.എസ് ഉറച്ചുനിന്നു. സംസ്ഥാനത്തിന്റെ വകയായി ഭൂമി വാങ്ങി നൽകിയാണ് ആ അഭിമാന സ്ഥാപനം കേരളത്തിന് നേടിയെടുത്തത്. അത് ഏകോപിപ്പിച്ച വിദ്യാഭ്യാസവകുപ്പിന് വി.എസിന്റെ കാര്യനിർവഹണ ശുഷ്കാന്തി നന്നായി ബോധ്യപ്പെട്ട സന്ദർഭമായിരുന്നു അത്. ഇക്കാര്യം അറിയാവുന്ന മറ്റൊരാൾ പ്രധാനമന്ത്രിയുടെ സെക്രട്ടറി ആയിരുന്ന ടി.കെ.എ. നായരാണ്.

എൽ.ഡി.എഫ് വിജയിച്ചിട്ടും മാരാരിക്കുളത്ത് വി. എസ് തോറ്റതിൽ ഞാൻ വിഷമിച്ചു സംസാരിച്ചപ്പോൾ അക്ഷോഭ്യനായി എന്നെ ആശ്വസിപ്പിച്ച വി. എസിനെയും മറക്കാനാവില്ല.


Summary: CPIM General Secretary M.A. Baby recalls some of his moments with Communist Leader and former Kerala CM V.S. Achuthanandan.


എം.എ. ബേബി

സി.പി.ഐ (എം) ജനറൽ സെക്രട്ടറി. എന്റെ എസ്.എഫ്.കെ കാലം, നോം ചോംസ്കി: നൂറ്റാണ്ടിന്റെ മനസ്സാക്ഷി (എഡിറ്റർ) തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments