ജനങ്ങളുടെ
സഖാവ്

‘‘വി.എസിനെ ഇതുവരെ കാണുകയോ കേൾക്കുകയോ ചെയ്യാത്ത കുഞ്ഞുങ്ങൾ മുതൽ ശാരീരിക അവശതകൾ അനുഭവിക്കുന്ന വയോധികരുൾപ്പെടെ പ്രായവ്യത്യാസമില്ലാത്ത ജനസാഗരം അണമുറിയാതെ വി.എസിനെ കാണാൻ ഒഴുകിയെത്തിയപ്പോഴാണ്, അദ്ദേഹത്തെ ഇവരെല്ലാം എത്രത്തോളം നെഞ്ചിലേറ്റി എന്ന് ഞാൻ മനസ്സിലാക്കുന്നത്’’- സി.എസ്. സുജാത എഴുതുന്നു.

വി.എസിനെ കേരളത്തിലെ ജനങ്ങൾ എത്രത്തോളം സ്നേഹിച്ചിരുന്നു എന്നതിന്റെ തെളിവാണ് കഴിഞ്ഞ 22ാം തീയതി വൈകീട്ട് അദ്ദേഹത്തിന്റെ മരണം പ്രഖ്യാപിച്ച സമയം മുതൽ ഭൗതികശരീരം വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങുന്നതുവരെയും അതിനുശേഷവും കണ്ടുകൊണ്ടിരിക്കുന്ന പ്രതികരണങ്ങൾ. തിരുവനന്തപുരത്തു നിന്നും ആലപ്പുഴ വരെ ഏതാണ്ട് 22 മണിക്കൂർ എടുത്ത് പൂർത്തിയാക്കിയ വിലാപയാത്രയിൽ രാത്രിയെന്നോ പകലെന്നോ നോക്കാതെ കനത്ത മഴയിലും സഖാവ് വി.എസിനെ അവസാനമായി ഒന്ന് കാണാൻ തടിച്ചുകൂടിയ ജനസാഗരവും ‘കണ്ണേ കരളേ വീ എസ്സേ’ എന്ന മുദ്രാവാക്യം വിളിയും കേരളത്തിലെ യുവജനങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും തൊഴിലാളികളുടെയും മനസ്സുകളിൽ എത്ര ആഴത്തിൽ വേരോടിയ വികാരമാണ് സഖാവ് വി.എസ് എന്ന് നമുക്ക് കാട്ടിത്തന്നു.

തന്റെ ജീവിതത്തിലുടനീളം വി.എസ് സ്വീകരിച്ച ജനപക്ഷ നിലപാടുകൾക്കുള്ള സ്വീകാര്യതയാണ് നമ്മൾ കണ്ടത്. സി.പി.ഐ- എമ്മിന്റെ സമുന്നത പദവികളിൽ ഇരിക്കുമ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴുമൊക്കെ ജനങ്ങളെ കേൾക്കാൻ വി.എസ് സന്നദ്ധനായിരുന്നു. അതുകൊണ്ടുതന്നെ ജനങ്ങൾ വി.എസിനെ അവരിൽ ഒരാളായാണ് കണ്ടുപോകുന്നത്. 102-ാം വയസ്സിൽ അദ്ദേഹം നമ്മോട് വിട പറയുമ്പോഴും അതൊരു നികത്താനാവാത്ത നഷ്ടമായി നിലനിൽക്കുകയാണ്.

വി.എസിനെ ഇതുവരെ കാണുകയോ കേൾക്കുകയോ ചെയ്യാത്ത കുഞ്ഞുങ്ങൾ മുതൽ ശാരീരിക അവശതകൾ അനുഭവിക്കുന്ന വയോധികരുൾപ്പെടെ പ്രായവ്യത്യാസമില്ലാത്ത ജനസാഗരം അണമുറിയാതെ വി.എസിനെ കാണാൻ ഒഴുകിയെത്തിയപ്പോഴാണ്, അദ്ദേഹത്തെ ഇവരെല്ലാം എത്രത്തോളം നെഞ്ചിലേറ്റി എന്ന് ഞാൻ മനസ്സിലാക്കുന്നത്. മുണ്ടക്കയത്തുനിന്ന് വളരെ പ്രായം ചെന്ന കുഞ്ഞുമോൾ എന്ന ഒരമ്മ വളരെ പ്രയാസപ്പെട്ട് ആലപ്പുഴ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ വി.എസിനെ അവസാനമായി ഒരു നോക്ക് കാണാനെത്തുകയും 'എനിക്കെൻ്റെ ദൈവത്തെ നഷ്ടമായി, ഇനി അദ്ദേഹത്തെ കാണാൻ എനിക്ക് സാധിക്കില്ലല്ലോ' എന്ന് പറഞ്ഞ് മാറിത്തടിച്ചു കരയുകയും ചെയ്ത കാഴ്ച വേദനിപ്പിക്കുന്നതായിരുന്നു. കനത്ത മഴ പോലും കൂസാതെ വി.എസ്സിനെ കാണാൻ കാത്തുനിൽക്കുന്ന ജനങ്ങളെ മാധ്യമപ്രവർത്തകർ സമീപിക്കുമ്പോൾ അവർ പറയുന്നത്, ഞങ്ങൾക്കുവേണ്ടി എത്രയോ ചോരയൊഴുക്കിയ സഖാവിനെ കാണാൻ അല്പം മഴ നനഞ്ഞാലും അതിൽ യാതൊരു തെറ്റുമില്ല എന്നാണ്.

പുതിയ തലമുറയിൽ പെട്ടവരെല്ലാം അരാഷ്ട്രീയവാദികളാണെന്ന് നമ്മൾ പറയുമ്പോഴും വി.എസിന്റെ വിലാപയാത്രയിൽ അണിനിരന്ന കുട്ടികളെയും യുവജനങ്ങളെയും കാണുമ്പോൾ നമ്മുടെ ധാരണ പാടെ തെറ്റായിരുന്നു എന്നുവേണം മനസ്സിലാക്കാൻ.

എനിക്ക് കാണാൻ സാധിച്ച മറ്റൊരു കാഴ്ച, വീട്ടിലെയും പാർട്ടി ഓഫീസിലെയും റിക്രിയേഷൻ ഗ്രൗണ്ടിലെയും പൊതുദർശനം കഴിഞ്ഞ് വിലാപയാത്ര വലിയ ചുടുകാട്ടിലേക്ക് അടുക്കുമ്പോൾ, റോഡിനിരുവശമുള്ള പല വീടുകളിൽ നിന്നും അവരുടെ വീട്ടുമുറ്റത്തുള്ള ചെടികളിൽ നിന്നും പൂക്കൾ പറിച്ചെടുത്ത് മഴ നനഞ്ഞ് സ്ത്രീകൾ കൈക്കുഞ്ഞുങ്ങളുമായും മറ്റും ഓടിവന്ന് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതാണ്. അങ്ങനെ എല്ലാ അർത്ഥത്തിലും കേരളം ഇന്നുവരെ കാണാത്ത തരത്തിലുള്ള വിലാപയാത്രയായി മാറി, വി.എസിന്റെ മടക്കം.

ഒരു നൂറ്റാണ്ട് പിന്നിട്ട ജീവിതം, എട്ടു പതിറ്റാണ്ടുകളോളം നീണ്ടുനിന്ന രാഷ്ട്രീയ പ്രവർത്തനം, ആ കാലയളവിലെല്ലാം അദ്ദേഹം സ്വീകരിച്ചുപോന്ന തീക്ഷണമായ നിലപാടുകളെ ജനം അത്രമാത്രം നെഞ്ചേറ്റിയിട്ടുണ്ട്. ചെറിയ പ്രായത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെടുകയും പഠിക്കാനുള്ള അവസരം ഇല്ലാതാവുകയും ചെയ്ത ആളാണ് വി.എസ്. അങ്ങനെയുള്ള വി.എസ്, ജീവിതത്തിലുടനീളം നല്ല രീതിയിൽ വായനയെ മുന്നോട്ടുകൊണ്ടുപോകാനും ഇംഗ്ലീഷും ഹിന്ദിയും ഉൾപ്പെടെയുള്ള ഭാഷകൾ പഠിക്കാനും വലിയ താല്പര്യം കാണിച്ചിരുന്നു.

ഏതു പദവിയിലിരിക്കുമ്പോഴും അത് നാടിനുവേണ്ടി എങ്ങനെ വിനിയോഗിക്കാം എന്നാണ് വി.എസ് ആലോചിച്ചിട്ടുള്ളത്.
ഏതു പദവിയിലിരിക്കുമ്പോഴും അത് നാടിനുവേണ്ടി എങ്ങനെ വിനിയോഗിക്കാം എന്നാണ് വി.എസ് ആലോചിച്ചിട്ടുള്ളത്.

വി.എസിലെ സമരപോരാളിയെ കണ്ടെത്തിയത് സഖാവ് പി. കൃഷ്ണപിള്ളയാണ്. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് സഖാവ് കൃഷ്ണപിള്ള വി.എസിനെ കുട്ടനാട്ടിലേക്ക് അയക്കുമ്പോൾ കയ്യിൽ വച്ചുകൊടുത്ത അഞ്ചു രൂപയുടെ കഥ നമ്മൾ കേട്ടിട്ടുണ്ട്. കർഷക തൊഴിലാളികൾക്കിടയിൽ സംഘടനാ പ്രവർത്തനം നടത്തുമ്പോൾ അവരിൽ നിന്നു കിട്ടുന്ന ഭക്ഷണം കഴിച്ച്, അവരിലൊരാളായി അവിടെ ജീവിക്കുക. തീരെ നിവൃത്തി കെട്ടാൽ മാത്രമേ ഈ പണം ഉപയോഗിക്കാവൂ എന്ന് പറഞ്ഞുകൊണ്ടാണ് കൃഷ്ണപിള്ള വി.എസിന് ആ പണം നൽകുന്നത്.

ആ കാലഘട്ടത്തിൽ കർഷക തൊഴിലാളികളെ സഹായിക്കുന്നതിനും സ്വന്തം വട്ടച്ചെലവിനുമായി വി.എസ് തയ്യൽ തൊഴിൽ കൂടി ചെയ്തുപോന്നു. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ചും വി.എസ് പറഞ്ഞ് നമ്മൾ കേട്ടിട്ടുണ്ട്. പണ്ട് ഒരു മത്സ്യത്തൊഴിലാളി മീൻ പിടിച്ചുകൊണ്ടുവന്നാൽ അവന് അതിൽ നിന്ന് ഒരുപാട് പങ്ക് കൊടുക്കേണ്ടതുണ്ട്. വള്ളപ്പങ്ക്, വലപ്പങ്ക്, പള്ളിയുടെ പങ്ക്, മൂപ്പനുള്ള പങ്ക്, ജന്മി കുടുംബങ്ങൾക്ക് കൊടുക്കേണ്ട പങ്ക്. ഇതെല്ലാം കൊടുത്തു കഴിഞ്ഞാൽ തൊഴിലാളിക്ക് ഒന്നുമില്ലാത്ത അവസ്ഥ. അങ്ങനെ വന്നപ്പോഴാണ് ആ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് സൈമൺ ആശാനും കെ.വി. പത്രോസിനുമൊപ്പം വി.എസും തയ്യാറാകുന്നത്. അതുകൊണ്ടുതന്നെ ഒരു തൊഴിലാളി വിഭാഗത്തിനും വി.എസ്സിനെ മറക്കാൻ കഴിയില്ല.

കേരളത്തിന്റെ മനഃസ്സാക്ഷിയെ ഞെട്ടിച്ച പല സ്ത്രീപീഡനക്കേസുകളിലും അതിജീവിതകളോടൊപ്പം ഉറച്ചുനിൽക്കാനും അവരുടെ നിയമപോരാട്ടത്തിന് നിരുപാധികം പിന്തുണ നൽകാനും വി.എസ് തയ്യാറായിട്ടുണ്ട്.

ഏതു പദവിയിലിരിക്കുമ്പോഴും അത് നാടിനുവേണ്ടി എങ്ങനെ വിനിയോഗിക്കാം എന്നാണ് വി.എസ് ആലോചിച്ചിട്ടുള്ളത്. പ്രതിപക്ഷനേതാവായിരിക്കുമ്പോൾ അദ്ദേഹം ഉയർത്തിക്കൊണ്ടുവന്ന പ്രശ്നങ്ങൾ കേരളവും രാജ്യവും ഒരുപോലെ ചർച്ച ചെയ്തതാണ്. സ്ത്രീ പ്രശ്നത്തിലും പരിസ്ഥിതി പ്രശ്നത്തിലുമെല്ലാം അദ്ദേഹത്തിന് ശരിയായ നിലപാടുകളുണ്ടായിരുന്നു. ഇന്ന് ഈ കാണുന്ന രീതിയിൽ പ്രകൃതിയെ സംരക്ഷിക്കാൻ വലിയ പങ്കുവഹിച്ച ആളാണ് വി.എസ്. ഭൂമി കൈയടക്കുന്നതിന് ഭൂമാഫിയ വലിയ ഇടപെടൽ നടത്താൻ തുടങ്ങിയ സാഹചര്യത്തിലാണ് നെൽവയൽ സംരക്ഷണ സമരവുമായി വി.എസ് മുന്നോട്ട് വന്നതും സഖാക്കൾ അതേറ്റെടുക്കുന്നതും. ആഗോളതാപനത്തിന്റെ ഈ കാലഘട്ടത്തിൽ നന്ദിയോടെ മാത്രമേ വി.എസിനെ സ്മരിക്കാൻ സാധിക്കുകയുള്ളൂ.

പുതിയ തലമുറയിൽ പെട്ടവരെല്ലാം അരാഷ്ട്രീയവാദികളാണെന്ന് നമ്മൾ പറയുമ്പോഴും വി.എസിന്റെ വിലാപയാത്രയിൽ അണിനിരന്ന കുട്ടികളെയും യുവജനങ്ങളെയും കാണുമ്പോൾ നമ്മുടെ ധാരണ പാടെ തെറ്റായിരുന്നു എന്നുവേണം മനസ്സിലാക്കാൻ. അതുപോലെ, എടുത്തു പറയേണ്ടതാണ് വിലാപയാത്രയിൽ എത്തിച്ചേർന്ന സ്ത്രീകളുടെ പങ്കാളിത്തം. വി.എസിന്റെ ജീവിതകാലത്ത് സ്വീകരിച്ച സ്ത്രീപക്ഷ നിലപാടുകൾക്കുള്ള അംഗീകാരം കൂടിയാണ് കേരളത്തിലെ സ്ത്രീകൾ അദ്ദേഹത്തിന് കൊടുത്ത ഈ സ്നേഹം. ഏതെങ്കിലുമൊരു സ്ത്രീ ആക്രമിക്കപ്പെട്ടു എന്നറിഞ്ഞാൽ വല്ലാതെ നോവുന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ടുതന്നെ കേരളത്തിന്റെ മനഃസ്സാക്ഷിയെ ഞെട്ടിച്ച പല സ്ത്രീപീഡനക്കേസുകളിലും അതിജീവിതകളോടൊപ്പം ഉറച്ചുനിൽക്കാനും അവരുടെ നിയമപോരാട്ടത്തിന് നിരുപാധികം പിന്തുണ നൽകാനും വി.എസ് തയ്യാറായിട്ടുണ്ട്. എന്നും നീതി നിഷേധിക്കപ്പെട്ട മനുഷ്യരോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ മനസ്സ്.

പുന്നപ്ര വയലാറിലെ ധീര രക്തസാക്ഷികളുടെ സ്മരണ ഉണർത്തുന്ന സന്ദർഭത്തിൽ എല്ലാവർഷവും ആ ദീപശിഖയ്ക്ക് തീനാളം പകരാറുള്ളത് വി.എസ് ആയിരുന്നു.
പുന്നപ്ര വയലാറിലെ ധീര രക്തസാക്ഷികളുടെ സ്മരണ ഉണർത്തുന്ന സന്ദർഭത്തിൽ എല്ലാവർഷവും ആ ദീപശിഖയ്ക്ക് തീനാളം പകരാറുള്ളത് വി.എസ് ആയിരുന്നു.

ജീവിച്ചിരിക്കുന്ന കാലത്ത് വി.എസിനെ വികസനവിരോധി എന്ന് വിളിച്ചവരുണ്ട്. എന്നാൽ നമ്മൾ ഇന്ന് കാണുന്ന പല വികസന പ്രവർത്തനങ്ങളും സഖാവിന്റെ സംഭാവനയാണ്. നാടിൻ്റെ വളർച്ചക്ക് വലിയ സംഭാവന അദ്ദേഹം നൽകി. മാത്രമല്ല പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകുന്നതിലും വലിയ പങ്ക് വി.എസ് വഹിച്ചിട്ടുണ്ട്.

ജാതിമത രാഷ്ട്രീയ ഭേദമന്യേ കേരളമാകെ ഏറ്റെടുക്കുകയാണ് വി.എസിനെ. പൊതുപ്രവർത്തകൻ എന്ന രീതിയിലും പരിസ്ഥിതി പ്രവർത്തകൻ എന്ന രീതിയിലും സമരസപ്പെടാത്ത പോരാളി എന്ന നിലയിലും ഭാവിതലമുറയ്ക്ക് ഒരു മാതൃകയായി വി.എസ് മാറുന്നു. നിശ്ചയദാർഢ്യത്തോടെ കൂടിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനരീതി നമുക്ക് എന്നെന്നും പ്രചോദനവും ഊർജ്ജവുമാണ്.

കേരളത്തിൻ്റെ ഉത്തമ പുത്രന് കേരളം ആദരവോടെ വിട നൽകി എന്നാണ് മുഖ്യമന്ത്രി അനുശോചനയോഗത്തിൽ പറഞ്ഞത്. അക്ഷരാർത്ഥത്തിൽ സമ്പൂർണ ജീവിതം നയിച്ച അപൂർവം മനുഷ്യരിൽ ഒരാളാണ് പ്രിയ സഖാവ് വി. എസ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്: ഒരു തൊഴിലാളി സഖാവിന്റെ വീടിനു മുന്നിലിരുന്ന് വി.എസ് അദ്ദേഹത്തെ കേൾക്കുകയും അദ്ദേഹം പറയുന്ന കാര്യങ്ങൾ കുറിച്ചെടുക്കുന്നതുമാണ് ആ ചിത്രം. ഇത്തരത്തിൽ തന്നെ സമീപിക്കുന്നവരുടെ പ്രശ്നങ്ങൾ സമചിതതയോടെ കേൾക്കാനും അതിന് കൃത്യമായ പരിഹാരം കാണാനും വി.എസ് പ്രതിജ്ഞാബദ്ധനായിരുന്നു. ഒരു നല്ല കമ്മ്യൂണിസ്റ്റ് ആവുക എന്നതിനർത്ഥം ഒരു നല്ല മനുഷ്യനാവുക എന്നതുകൂടിയാണ് എന്ന് വി.എസ് നമ്മളെ ഓർമിപ്പിക്കുന്നു.

പുന്നപ്ര വയലാർ സമരം കേരളത്തിന് സമ്മാനിച്ച ധീരപുത്രനാണ് വി.എസ്. പുന്നപ്ര വയലാറിലെ ധീര രക്തസാക്ഷികളുടെ സ്മരണ ഉണർത്തുന്ന സന്ദർഭത്തിൽ എല്ലാവർഷവും ആ ദീപശിഖയ്ക്ക് തീനാളം പകരാറുള്ളത് വി.എസ് ആയിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ കൊണ്ട് പൊതുപ്രവർത്തനരംഗത്ത് നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച കാലം വരെയും വി.എസ് അത് തുടർന്നു. ഇപ്പോൾ പുന്നപ്ര വയലാറിലെ ധീരരക്തസാക്ഷികൾ അന്തിയുറങ്ങുന്ന വലിയ ചുടുകാടിന്റെ അതേ മണ്ണിൽ വി.എസ് അന്ത്യവിശ്രമം കൊള്ളുകയാണ്. ആ ഭൗതികശരീരം അവിടെ എരിഞ്ഞുതീർന്നെങ്കിലും അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങളും പോരാട്ടങ്ങളും ഉൾക്കൊണ്ടുകൊണ്ട് ഈ രക്തപതാക കൂടുതൽ ഉയരത്തിൽ ഉയർത്തി കെട്ടാൻ യുവജനങ്ങളും കുട്ടികളും സ്ത്രീകളും അടങ്ങുന്ന വലിയ ജനസഞ്ചയം തയ്യാറായി നിൽക്കുന്നു എന്നുള്ളതാണ് ഒരു കമ്മ്യൂണിസ്റ്റ് എന്ന രീതിയിൽ വി.എസിന്റെ ജീവിതം ധന്യമാക്കുന്നത്. അവിഭക്ത പാർട്ടിയുടെ ദേശീയ കൗൺസിലിൽ നിന്നിറങ്ങിവന്ന് സി.പി.ഐ- എം എന്ന പാർട്ടിക്ക് രൂപം കൊടുത്ത 32 സഖാക്കളിൽ അവസാനത്തെ ആളായ വി.എസ് വിട പറയുമ്പോൾ, അവസാന കമ്യൂണിസ്റ്റ് എന്ന് വലതുപക്ഷവാദികൾ അച്ചുനിരത്തുമ്പോൾ, താൻ അവസാന കമ്മ്യൂണിസ്റ്റല്ല, തന്നിൽ നിന്ന് ഉയിർക്കൊണ്ട് പതിനായിരങ്ങൾ കേരള മണ്ണിൽ ഈ രക്ത പതാകയെ മുന്നോട്ടു നയിക്കുമെന്ന് ആ വിലാപയാത്ര തെളിയിക്കുന്നു.
വി.എസിനെയോ ആ ജീവിതത്തെയോ കൃത്യമായി മനസ്സിലാക്കാൻ സാധിക്കാത്തവരാണ് ഇത്തരം പദപ്രയോഗങ്ങൾ കൊണ്ട് അദ്ദേഹത്തെ വിശേഷിപ്പിക്കാൻ ശ്രമിക്കുന്നത്. ‘അവസാന കമ്മ്യൂണിസ്റ്റ്’ എന്നത് സാമ്രാജ്യത്വ ശക്തികളുടെ സ്വപ്നം മാത്രമാണെന്ന രാഷ്ട്രീയപ്രഖ്യാപനമാണ് വി.എസിന്റെ അന്ത്യയാത്ര.

Comments