പഞ്ചായത്തിരാജ് നിയമം ഏതു രൂപത്തിലാണ് അധികാര പങ്കാളിത്തം സാധ്യമാക്കുന്നത് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎം നേതാവും കൊയിലാണ്ടി എം.എൽ.എയുമായ കാനത്തിൽ ജമീലയുടെ രാഷ്ട്രീയജീവിതം. അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടപ്പിലാക്കപ്പെട്ട ഇടങ്ങളിൽ, അടിസ്ഥാന സാമൂഹിക വിഭാഗങ്ങളിൽ അത് ഏതുതരം സാമൂഹിക മാറ്റങ്ങളാണ് സാധിച്ചെടുത്തത് എന്നു കേരളത്തിന്റെ പശ്ചാത്തലത്തിൽ മനസ്സിലാക്കാൻ കാനത്തിൽ ജമീലയുടെ പൊതുജീവിതവും അത് അവരുടെ ചുറ്റുപാടുകളിലും കൊണ്ടുവന്ന അനുരണനങ്ങളും പരിശോധിച്ചാൽ മതി. 1990-കളുടെ തുടക്കത്തിൽ സാക്ഷരതാ മിഷൻ പ്രവർത്തകയായി ഏറ്റവും അടിത്തട്ടിൽ പ്രവർത്തിച്ചയാളാണ് ജമീല. അതിന്റെ സ്വാഭാവികമായ തുടർച്ച എന്ന നിലയിലാണ് 1995-ൽ അവർ തലക്കളത്തൂർ പഞ്ചായത്തിൽ വാർഡ് മെമ്പറും തുടർന്ന് പഞ്ചായത്ത് പ്രസിഡന്റുമായി നേതൃപദവിയിലേക്ക് ഉയരുന്നത്.
രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങളാൽ പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ ജനാധിപത്യ സംവിധാനത്തിന്റെയും അധികാരത്തിന്റെയും ഭാഗമാക്കുക വഴി സാമൂഹിക നീതി ഉറപ്പുവരുത്തുക എന്നത് പഞ്ചായത്തിരാജ് സംവിധാനത്തിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ്. ആ ലക്ഷ്യത്തെ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ എങ്ങിനെയാണ് തങ്ങളുടെ രാഷ്ട്രീയ അടിത്തറയും കാഴ്ച്ചപ്പാടുകളും വികസിപ്പിക്കാൻ വേണ്ടി ഉപയോഗിച്ചത് എന്നതിനെ കുറിച്ച് മനസ്സിലാക്കാനും കാനത്തിൽ ജമീലയുടെ രാഷ്ട്രീയ ജീവിതം സഹായിക്കും. ഇടതുപക്ഷ അനുഭാവം ഉണ്ടായിരുന്ന കുടുംബം എന്നതിലുപരി ശക്തമായ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമോ സാമ്പത്തിക സാമൂഹിക മൂലധനമോ ഇല്ലാതെയായിരുന്നു ജമീല രാഷ്ട്രീയ രംഗത്തേക്ക് എത്തിച്ചേർന്നത്. പക്ഷെ, അധികാര വികേന്ദ്രീകരണത്തിന്റെ സാധ്യതകളും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളും ഒരുമിച്ചു ചേർന്നപ്പോൾ, അത്തരം മൂലധന പരിമിതികളെയെല്ലാം കാനത്തിൽ ജമീല എന്ന സാധാരണക്കാരിയായ മുസ്‌ലിം സ്ത്രീക്ക് അതിജയിക്കാൻ സാധിച്ചു. 1995-ൽ 29 വയസ്സിലാണ് അവർ ആദ്യമായി തലക്കളത്തൂർ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ച് വിജയിക്കുന്നതും നിയോഗം പോലെ പ്രസിഡൻറ് സ്ഥാനത്ത് എത്തുന്നതും. അടുത്ത ടേമിൽ ജനറൽ സീറ്റിൽ നിന്നാണ് അവർ മത്സരിക്കുന്നതും വിജയിക്കുന്നതും. സ്ത്രീകൾക്ക് സംവരണ സീറ്റ് മാത്രം നൽകി ശീലിച്ചുപോന്ന നമ്മുടെ കീഴ്-വഴക്കങ്ങളെ മറികടക്കുന്നതായിരുന്നു ജമീലയുടെ രാഷ്ട്രീയ നിയോഗങ്ങൾ. ശേഷം 2005-ൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, 2010 മുതൽ 2015 വരെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും അലങ്കരിച്ചതോടെ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളിലും നേതൃപരമായ പങ്കു വഹിച്ച ആദ്യ വനിത എന്ന നേട്ടവും അവർ കരസ്ഥമാക്കി.

കീഴ്ത്തട്ടു ജനാധിപത്യത്തിന്റെ ഈ സാധ്യതകളിലൂടെ വളർന്നാണ് കാനത്തിൽ ജമീലയുടെ പാർലമെന്ററി രാഷ്ട്രീയം വികസിച്ചത്. 2021-ൽ കോൺഗ്രസിൽ നിന്നുള്ള എൻ. സുബ്രഹ്മണ്യനെ 8000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തി കൊയിലാണ്ടി നിയോജകമണ്ഡലത്തിൽ നിന്ന് ഒരു ജനറൽ സീറ്റിൽ ജയിച്ച അവർ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അത് മറ്റൊരു ചരിത്രമായിത്തീരുകയായിരുന്നു. രാഷ്ട്രീയ ജീവിതം ഒരിക്കൽപോലും താൻ സ്വപ്നം കണ്ടിരുന്ന ഒന്നായിരുന്നില്ല എന്നും പഞ്ചായത്തീരാജ് നിയമം ഇല്ലായിരുന്നുവെങ്കിൽ തൻറെ രാഷ്ട്രീയ പൊതുപ്രവർത്തനം ഒരിക്കലും സാധ്യമാകുമായിരുന്നില്ല എന്നും അവർ പറയാറുണ്ടായിരുന്നു. നമ്മുടെ സാമ്പ്രദായിക രാഷ്ട്രീയ പരിസരങ്ങളിൽ ഇപ്പോഴും സാമൂഹികമായും സാമ്പത്തികമായും മുന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് മാത്രം ലഭ്യമായ നേട്ടങ്ങളാണ് അധികാരവികേന്ദ്രീകരണത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് കാനത്തിൽ ജമീല നേടിയെടുത്തത്. ആ നേട്ടം സാധ്യമാക്കുന്ന തരത്തിൽ ഇടതുപക്ഷം അവരുടെ രാഷ്ട്രീയ ജീവിതത്തിലും ഇടപെട്ടു.
അടിസ്ഥാന ജനവിഭാഗങ്ങൾ അധികാരത്തിന്റെ ഭാഗമാകുമ്പോൾ മാത്രം സാധ്യമാകുന്ന ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ആലോചിച്ചെടുക്കാനും നടപ്പിലാക്കാനും സാധിച്ചു എന്നതാണ് കാനത്തിൽ ജമീലയുടെ പൊതുജീവിതത്തെ മറ്റു പലരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. വിവിധ പഞ്ചായത്തുകളിൽ അവരുടെ മുൻകൈയിൽ നടപ്പിലാക്കിയ പദ്ധതികൾ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസ്സിലാകും. ബൃഹത് വികസന മാതൃകകളിൽ ഇടംകിട്ടാതെ പോയ ഒട്ടേറെ വികസന സങ്കല്പങ്ങളെ മുഖ്യധാരയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ അവർക്ക് സാധിച്ചു. പഞ്ചായത്തിരാജ് നമ്മുടെ ലെജിസ്ലേറ്റിവ് ഘടനയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നെങ്കിലും ആ മാറ്റങ്ങളെ ഉൾകൊള്ളാൻ ആദ്യകാലങ്ങളിൽ എക്സിക്യൂട്ടീവ് പര്യാപ്തമോ പാകമോ ആയിരുന്നില്ല. അത്തരം എക്സിക്യു്ട്ടീവ് സിസ്റ്റങ്ങളോട് പൊരുതിയാണ് അവർ പല പദ്ധതികളും നടപ്പിൽ വരുത്തിയത്. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിൽ പഞ്ചായത്ത് എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാൻ അമാന്തം കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ തലക്കളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കാനത്തിൽ ജമീലയുടെ നേതൃത്വത്തിൽ നടന്ന സമരപരിപാടികൾ സംസ്ഥാന ശ്രദ്ധ നേടിയിരുന്നു. മാത്രമല്ല, അധികാര വികേന്ദ്രീകരണം എക്സിക്യൂട്ടീവിന്റെ അധികാരത്തിൽ കൊണ്ടുവരേണ്ട മാറ്റങ്ങളെ കുറിച്ചുള്ള ഒരോർമ്മപ്പെടുത്തൽ കൂടിയായി അതു മാറി. വൃക്കരോഗികൾക്കും കാൻസർ രോഗികൾക്കുമുള്ള വിവിധ ക്ഷേമ പദ്ധതികൾ, തെരുവുനായ്ക്കളുടെ പുനരധിവാസം, കായിക വിദ്യാഭ്യാസ പദ്ധതി, എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യത്യസ്തവും നൂതനവുമായ പദ്ധതികൾ അവർ ആവിഷ്കരിച്ചു.

ഏതൊരു പദ്ധതിയിലും കാനത്തിൽ ജമീല മുന്നോട്ടുവെച്ച സ്ത്രീ സൗഹൃദ സമീപനം പൊതുവിൽ പദ്ധതികളുടെ തന്നെ ഘടനയെയും സ്വഭാവത്തെയും നടപ്പാക്കലുകളെയും മാറ്റിയെഴുതി. കുടിവെള്ള പദ്ധതികളുടെ കാര്യത്തിലും നെൽകൃഷിയുടെ കാര്യത്തിലും അവർ കാണിച്ച ജാഗ്രത, കുറ്റ്യാടിയിലെ ഉൾഗ്രാമത്തിൽ ജീവിച്ചുവളർന്ന ഒരു വീട്ടമ്മയുടെ അടിസ്ഥാനപരമായ ഉത്കണ്ഠയുടെ തുടർച്ചയാണ്. ചങ്ങരോത്ത് എന്ന ഒരേ ഗ്രാമപഞ്ചായത്തിൽ നിന്നും ജനിച്ചുവളർന്ന രണ്ടു പേർ എന്ന നിലയിൽ സമാനമായ രാഷ്ട്രീയ വികസന ഉത്കണ്ഠകൾ പേറുന്നവരായിരുന്നു ഞങ്ങൾ. കാണുമ്പോഴൊക്കെയും ആ കാര്യങ്ങളായിരുന്നു ഞങ്ങൾ പങ്കുവെക്കാറുള്ളതും. സ്ത്രീകൾക്ക് തൊഴിലും മിനിമം കൂലിയും ഉറപ്പാക്കുന്നതിന് വേണ്ടി വിവിധ തലങ്ങളിൽ അവർ നടത്തിയ പരിശ്രമങ്ങൾ, സാമ്പത്തിക സ്വാതന്ത്ര്യം എന്ന കാഴ്ചപ്പാടിൽ കൂടി ഊന്നിയുള്ളതായിരുന്നു. കേരളീയ വികസന മാതൃകയ്ക്കുള്ളിൽ, വനിതാ ശാക്തീകരണത്തിന്റെ സാധ്യതകളെ വിപുലപ്പെടുത്തുക എന്നതായിരുന്നു അവരുടെ പൊതു സമീപനം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നിർബന്ധിത സംവരണത്തിന്റെ പരിധിയും കടന്ന്, തെരഞ്ഞെടുപ്പിലെ സ്ത്രീ സ്ഥാനാർഥികളുടെ പ്രാതിനിധ്യം അമ്പതു ശതമാനവും കടന്ന ഒരു തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ വെച്ചാണ് കാനത്തിൽ ജമീല നമ്മോടു വിടപറഞ്ഞത്. ഈ തെരഞ്ഞെടുപ്പിൽ പങ്കാളികളായ എല്ലാവർക്കും കാനത്തിൽ ജമീലയുടെ മനോഹരമായ രാഷ്ട്രീയ ജീവിതം ഒരു മാതൃകയാവട്ടെ.
