58 വർഷം മുമ്പ് ഒരു ഏപ്രിൽ 11ന്, സി.പി.എം എന്ന പുതിയ പാർട്ടിയുടെ രൂപീകരണത്തിനിടയാക്കിയ ഒരു ചരിത്രസംഭവത്തെ, അതിന് സാക്ഷിയായ പ്രമുഖ ഇടതുപക്ഷ പത്രപ്രവർത്തകൻ കെ.യു. വാര്യരുടെ ഓർമകളിലൂടെ രേഖപ്പെടുത്തപ്പെടുന്നു. കണ്ണൂരിൽ സി.പി.എം പാർട്ടി കോൺഗ്രസ് നടക്കുന്ന സന്ദർഭത്തിൽ, ഇടതുപക്ഷ പത്രപ്രവർത്തനത്തെക്കുറിച്ചും പാർട്ടി പിളർപ്പിന്റെ സംഘർഷ കാലത്തക്കുറിച്ചും ഒരോർമക്കുറിപ്പ്.
കണ്ണൂരിൽ സി.പി.എം പാർട്ടി കോൺഗ്രസ് നടക്കുന്ന ഇതേ മാസത്തിലാണ്, 58 വർഷം മുമ്പൊരു ഏപ്രിൽ 11ന്, മുഖ്യമായും ഇന്ത്യൻ നാഷനൽ കോൺഗ്രസിനോടുള്ള സമീപനത്തിന്റെ പേരിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നത്. ചൈനീസ് - സോവിയറ്റ് നിലപാടുകളോടുള്ള അഭിപ്രായാന്തരം പോലുള്ള പ്രശ്‌നങ്ങളേക്കാൾ പിളർപ്പിന്റെ അടിയൊഴുക്ക് ശക്തമാക്കിയത്, ദേശീയ ബൂർഷ്വാസിയെന്ന് വിളിക്കപ്പെട്ട കോൺഗ്രസിനെ കമ്യൂണിസ്റ്റ് പാർട്ടി ശത്രുവായാണോ മിത്രമായാണോ കാണേണ്ടത് എന്ന തർക്കം കൂടിയായിരുന്നു. ആറു പതിറ്റാണ്ടാകുമ്പോഴും, ഈ ചോദ്യത്തിനുത്തരം കാണാനാവാതെ ഇരുളിൽ തപ്പുകയാണ് സി.പി.എം നേതൃത്വം. ഇതിനിടെ, കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിന് പിന്തുണ നൽകിയതിനും വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക സഖ്യങ്ങളിലൂടെ കോൺഗ്രസിനോടുള്ള അയിത്തം ഇല്ലാതാക്കിയതിനുമെല്ലാം ഗതകാലചരിത്രം സാക്ഷി.
1964 ഏപ്രിൽ 11 ന് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി 32 നേതാക്കൾ പുതിയ പാർട്ടി - സി.പി.എം- രൂപവൽക്കരിച്ച സംഭവത്തിന് സാക്ഷ്യം വഹിച്ച പ്രമുഖ ഇടതുപക്ഷ പത്രപ്രവർത്തകൻ കെ.യു. വാര്യർ, മരിക്കുന്നതിന് രണ്ടു വർഷം മുമ്പ് ഈ ലേഖകനുമായി ചെർപ്പുളശ്ശേരിക്കടുത്ത തൃക്കടീരിയിലെ വീട്ടിൽ വെച്ച് വിശദമായി സംസാരിച്ചു. ഇന്ത്യൻ ഫാസിസത്തിനെതിരായ പോരാട്ടത്തിൽ കോൺഗ്രസിനോടുള്ള നിലപാട് എന്തായിരിക്കണം എന്ന ചർച്ചയുടെ പ്രാധാന്യം വർധിച്ച പശ്ചാത്തലത്തിൽ, പാർട്ടി പത്രപ്രവർത്തനവും കമ്യൂണിസ്റ്റ് ജീവിതവും ഒരുമിച്ച് കൊണ്ടു പോയ അദ്ദേഹത്തിന്റെ അനുഭവങ്ങൾ പ്രസക്തമാകുന്നു.
ദേശാഭിമാനി, ജനയുഗം പത്രങ്ങളിലും നവയുഗം വാരികയിലും സി.പി.ഐ ദേശീയ ജിഹ്വയായ ന്യൂ ഏജ് ഇംഗ്ലീഷ് വാരികയിലും ലേഖകനായും പത്രാധിപ സമിതി അംഗമായും പിന്നീട് ശങ്കേഴ്‌സ് വീക്കിലി, മെയിൻസ്ട്രീം, ഐ.പി.എ വാർത്താ ഏജൻസി, അഫ്ഗാനിസ്ഥാനിലെ ഭരണകക്ഷിയായിരുന്ന പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടിയുടെ മുഖപത്രമായ കാബൂൾ ടൈംസ് എന്നിവയിലും പ്രവർത്തിച്ച കെ. ഉണ്ണിക്കൃഷ്ണവാര്യർ എന്ന കെ. യു. വാര്യർ, അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി രണ്ടായി മുറിയുന്നതിന് സാക്ഷ്യം വഹിച്ച കഥ ഓർത്തെടുത്തത് ഇങ്ങനെ:
‘കുടിലുകളിൽ, കൂരകളിൽ കൺമണി പോൽ സൂക്ഷിച്ച ജനനേതാക്കൾ' രണ്ടു ചേരിയായി പോരടിക്കുകയും തെലങ്കാനയുടേയും പുന്നപ്ര-വയലാറിന്റെയും ബലിശിലയിൽ പടുത്തുയർത്തിയ വിപ്ലവപ്രസ്ഥാനം രണ്ടു തുണ്ടമായി മുറിഞ്ഞുവീഴുകയും ചെയ്ത മുഹൂർത്തം ഹൃദയവേദനയോടെ കണ്ടു നിന്നു, വാര്യർ.
1964 ഏപ്രിൽ 11.
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാടുകളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് 32 പേർ ഇറങ്ങിപ്പോകുന്നു. അവിഭക്ത പാർട്ടിയിലെ ആദ്യ ശൈഥില്യത്തിന്റെ അശുഭകരമായ രംഗങ്ങളുടെ ഈ അരങ്ങേറ്റം നടന്നത് നിരവധി ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച ഡൽഹിയിലെ എൻ.എം. ജോഷി ഹാളിലാണ്. ഇന്ത്യയിലെ ആദ്യ തൊഴിലാളി സംഘടനയും പിന്നീട് സി.പി.ഐയുടെ ട്രേഡ് യൂണിയനുമായി മാറിയ ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് (എ.ഐ.ടി.യു.സി) 1920 - ൽ ലാലാ ലജ്പത്‌റായിയും മറ്റും ചേർന്ന്രൂപവൽക്കരിക്കുമ്പോൾ മുൻനിരയിൽ നിന്നു പ്രവർത്തിച്ച പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും മനുഷ്യസ്നേഹിയുമായിരുന്നു എൻ.എം. ജോഷി. അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെട്ട രാജ്യതലസ്ഥാനത്തെ ഓഡിറ്റോറിയം (മുംബൈയിലെ എൻ.എം. ജോഷി മാർഗ് അദ്ദേഹത്തിനുള്ള മറ്റൊരു സ്മാരകമാണ്)
അവിഭകത കമ്യൂണിസ്റ്റ് പാർട്ടിയുടെ അവസാനത്തെ ദേശീയ കൗൺസിൽ യോഗത്തിന് മൗനസാക്ഷ്യം വഹിച്ചു.
ഇ.എം.എസ്, എ.കെ. ഗോപാലൻ, ജ്യോതിബസു, പി. സുന്ദരയ്യ, എ.വി. കുഞ്ഞമ്പു, സി.എച്ച്.കണാരൻ, ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ, ഇ.കെ. ഇമ്പിച്ചിബാവ, ടി. നാഗിറെഡ്ഡി, എം. ഹനുമന്തറാവു, പ്രമോദ് ദാസ് ഗുപ്ത, മുസഫർ അഹമ്മദ്, പി. രാമമൂർത്തി, ഭൂപേഷ് ഗുപ്ത തുടങ്ങി 32 പേരാണ് അന്നത്തെ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയത്. ഇതോടെ പിളർപ്പ് യാഥാർഥ്യമാവുകയായിരുന്നു. രണ്ടു ഗ്രൂപ്പിലും ഉൾപ്പെടാതെ മധ്യവർത്തി നിലപാട് സ്വീകരിച്ചിരുന്ന ഇ.എം.എസ് പിന്നീട് സി.പി.എമ്മിലേക്കു പോവുകയും ഭൂപേഷ് ഗുപ്ത ഔദ്യോഗിക ലൈൻ സ്വീകരിച്ച് സി.പി.ഐയിലേക്കുതന്നെ മടങ്ങുകയും ചെയ്തു.
വിമോചന സമര റിപ്പോർട്ട്
‘കുടിലുകളിൽ, കൂരകളിൽ കൺമണി പോൽ സൂക്ഷിച്ച ജനനേതാക്കൾ' വ്യക്തമായും രണ്ടു ചേരിയായി പോരടിക്കുകയും തെലങ്കാനയുടേയും പുന്നപ്ര-വയലാറിന്റെയും രക്തപങ്കിലമായ ബലിശിലയിൽ പടുത്തുയർത്തിയ വിപ്ലവപ്രസ്ഥാനം രണ്ടു തുണ്ടമായി മുറിഞ്ഞുവീഴുകയും ചെയ്ത ആ കറുത്ത മുഹൂർത്തങ്ങൾ ഹൃദയവേദനയോടെ കണ്ടു നിന്നു, വാര്യർ.
ദേശീയ - സാർവദേശീയ പ്രശ്‌നങ്ങളിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ച നിലപാടുകൾ സുതാര്യമായും സമഗ്രമായും അവതരിപ്പിക്കുന്ന വാര്യരുടെ ഇംഗ്ലീഷ് ശൈലി ഭൂപേഷ് ഗുപ്തയെപ്പോലുള്ള ന്യൂ ഏജ് വാരികയുടെ ആദ്യകാല ശിൽപികളെ ഏറെ ആകർഷിച്ചിരുന്നു. ഇതുതന്നെയാകാം 1960 ൽ വാര്യർ പാർട്ടിയുടെ കേന്ദ്ര ആസ്ഥാനത്തേക്ക് നിയോഗിക്കപ്പെടാനുണ്ടായ കാരണം. പാർട്ടി നേതാക്കളുടെ പ്രസ്താവനകളും പ്രഭാഷണങ്ങളും കേട്ടെഴുതുന്നതിൽ മിടുക്കനായിരുന്നു അദ്ദേഹം. ഭൂപേഷ് ഗുപ്തയ്ക്ക് ഏറ്റവുമിഷ്ടപ്പെട്ട കേട്ടെഴുത്തുകാരനായിരുന്നു വാര്യർ. ഗുപ്തയെ നേതാവ് എന്നതിലേറെ ഗുരു എന്ന അർഥത്തിലാണ് വാര്യർ കണ്ടിരുന്നത്.
1959 ജൂലൈ 31. വിമോചനസമരത്തിലൂടെ കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണം അട്ടിമറിക്കപ്പെട്ടു. ഇത് സംബന്ധിച്ച് രാഷ്ട്രപതിയുടെ വിളംബരം വന്നതോടെ പ്രതിവിപ്ലവശക്തികൾ സംസ്ഥാനമെങ്ങും അഴിഞ്ഞാടുകയായിരുന്നു. പാർട്ടി ഓഫീസുകൾ ആക്രമിക്കപ്പെട്ടു. പ്രവർത്തകർക്കും അവരുടെ വീടുകൾക്കും സ്വത്തുക്കൾക്കും നേരെ കൈയേറ്റങ്ങൾ. വിരുദ്ധരുടെ തേർവാഴ്ച ഏറ്റവും കൂടുതൽ നടന്നത് മധ്യകേരളത്തിലായിരുന്നു. തൃശൂർ മാളയ്ക്കടുത്ത് ഒരു ചെത്തുതൊഴിലാളിയെ വിമോചന സമരക്കാർ ക്രൂരമായി കൊലപ്പെടുത്തി. പിരിച്ചുവിടപ്പെട്ട മന്ത്രിസഭയിലെ അംഗം പി.കെ. ചാത്തൻ മാസ്റ്ററുടെ നേതൃത്വത്തിൽ തൃശൂരിലും പരിസരത്തും വൻപ്രതിഷേധ മാർച്ച് നടന്നു. ‘ഈ കിരാതവാഴ്ച തടയണം' എന്ന തലക്കെട്ടിൽ വാര്യർ ജനയുഗത്തിൽ ലേഖനമെഴുതി. അക്രമസംഭവങ്ങളുടെ വിശദമായ റിപ്പോർട്ട് ഉണ്ണിക്കൃഷ്ണവാര്യർ ന്യൂ ഏജിനും ഇന്ത്യാ പ്രസ് ഏജൻസിക്കുമയച്ചു. ഡൽഹിയിലെ ഇടതുപക്ഷ മാധ്യമങ്ങളിൽ ഇത് പ്രാധാന്യത്തോടെ അച്ചടിച്ചുവന്നു.
ഒരു തെരഞ്ഞെടുപ്പുതോൽവി
ആദ്യ ഇ.എം.എസ് മന്ത്രിസഭയുടെ പതനത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ (1960) തൃത്താല കൂടി ഉൾപ്പെടുന്ന പൊന്നാനി ദ്വയാംഗ മണ്ഡലത്തിൽ നിന്ന് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി നിയമസഭയിലേക്ക് മൽസരിക്കാൻ ഉണ്ണിക്കൃഷ്ണവാര്യർക്ക് നിർദേശം ലഭിച്ചു. പാർട്ടി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ കൂടി തീരുമാനമായിരുന്നു അത്. വാര്യരെ സംബന്ധിച്ച് തീർത്തും അപ്രതീക്ഷിതമായൊരു തീരുമാനമായിരുന്നു അത്. പത്രപ്രവർത്തനവുമായി തിരുവനന്തപുരത്ത് ഒതുങ്ങിക്കഴിയാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. മലബാർ ഡിസ്ട്രിക്ട് ബോർഡ് ഭരണത്തിനുശേഷം പാർലമെന്ററി ജീവിതത്തോട് വിട പറഞ്ഞുനിൽക്കുകയായിരുന്നു അദ്ദേഹം. പ്രചാരണവും വോട്ടുപിടുത്തവുമൊന്നുമൊന്നും തനിക്കിണങ്ങിയ പണിയല്ലെന്ന് വാര്യർക്ക് ബോധ്യമുണ്ടായിരുന്നു. ജനക്കൂട്ടത്തെ ആകർഷിക്കുന്ന പ്രാസംഗികനോ പ്രവർത്തകനോ അല്ലെന്ന ചിന്തയും നേതൃത്വത്തിന്റെ മുൻനിരയിലേക്ക് വരുന്നതിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചിരുന്നു. പാർട്ടി സംസ്ഥാന ഘടകത്തിലെ ധൈഷണിക കേന്ദ്രങ്ങൾ എന്നറിയപ്പെട്ടിരുന്ന സി. ഉണ്ണിരാജ, എൻ.ഇ. ബാലറാം, പി. ഗോവിന്ദപ്പിള്ള, എം.എസ്. ദേവദാസ് തുടങ്ങിയവരുമായുള്ള സൗഹൃദങ്ങളും സംവാദങ്ങളുമായിരുന്നു വാര്യർക്ക് ഏറെ ഇഷ്ടം. ഏതായാലും നിയമസഭാ സ്ഥാനാർഥിയാകണമെന്ന പാർട്ടി തീരുമാനത്തിന് വഴങ്ങേണ്ടി വന്നു. പക്ഷേ മുസ്ലിം ലീഗ് സ്ഥാനാർഥി വി.പി.സി. തങ്ങളോട് രണ്ടായിരത്തോളം വോട്ടിന് ഉണ്ണിക്കൃഷ്ണവാര്യർ പരാജയപ്പെട്ടു.
പാർട്ടി വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള മോഹിത് സെന്നുമായുള്ള ആത്മബന്ധം അയവിറക്കുമ്പോൾ വാര്യർ വികാരാധീനനാകും. അവസാന കാലത്ത് എസ്.എ.ഡാംങ്കെക്കു പിന്നാലെ സി.പി.ഐയിൽ നിന്ന്പുറത്താക്കപ്പെട്ട സൈദ്ധാന്തികനായിരുന്നു മോഹിത് സെൻ.
മോഹിത് സെൻ എന്ന സഖാവ്
തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം അദ്ദേഹം വീണ്ടും പൂർണമായി പത്രപ്രവർത്തനരംഗത്തേയ്ക്ക് തന്നെ തിരിച്ചെത്തി. 14 വർഷം ഡൽഹിയുടെ രാഷ്ട്രീയ ചലനങ്ങൾക്ക് കണ്ണും കാതും നൽകിയുള്ള ജീവിതം. തലസ്ഥാനത്തെ ഇടതുപക്ഷ മാധ്യമലോകത്തെ പ്രധാനികളിലൊരാളായി വളരെ വേഗം മാറിയ വാര്യർ ആസഫലി റോഡിലെ സി.പി.ഐ ഓഫീസിലായിരുന്നു താമസിച്ചിരുന്നത്. നിഖിൽ ചക്രവർത്തി, അരുണാ ആസഫലി, എടത്തട്ട നാരായണൻ, ആർ.പി. നായർ, കാർട്ടൂണിസ്റ്റ് ശങ്കർ, സി.പി. രാമചന്ദ്രൻ., പോത്തൻ ജോസഫ്, വി.എൻ. നായർ (നരേന്ദ്രൻ), സദാനന്ദ്, ശ്യാംലാൽ, ചലപതിറാവു തുടങ്ങിയ മഹാപ്രതിഭകൾ അടക്കിവാണ ഡൽഹി പത്രലോകത്തിന്റെ പടവുകളാണ് വാര്യർ സുധീരം ചവിട്ടിക്കയറിയത്. സി.പി.ഐ ആസ്ഥാനത്ത് ഭൂപേഷ് ഗുപ്തയും ഇന്ദ്രജിത് ഗുപ്തയും മോഹിത് സെന്നും വാര്യരുടെ സഖാക്കൾ മാത്രമല്ല, നല്ല മാർഗദർശികളുമായി. പാർട്ടി വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള മോഹിത് സെന്നുമായുള്ള ആത്മബന്ധം അയവിറക്കുമ്പോൾ വാര്യർ വികാരാധീനനാകും. അവസാന കാലത്ത് എസ്.എ.ഡാംങ്കെക്കു പിന്നാലെ സി.പി.ഐയിൽ നിന്ന്പുറത്താക്കപ്പെട്ട സൈദ്ധാന്തികനായിരുന്നു മോഹിത് സെൻ.
സി.പി. രാമചന്ദ്രന്റെ കാലം
ന്യൂ ഏജിലെ പണി കൊണ്ടു മാത്രം ജീവിതം മുന്നോട്ടു പോകില്ലെന്ന അവസ്ഥയായപ്പോൾ ശങ്കേഴ്‌സ് വീക്ക്ലിയിലും ലിങ്ക് വാരികയിലും പേട്രിയറ്റ്പത്രത്തിലും പാർട്ടൈം ജോലിയെടുത്താണ് വാര്യർ ഡൽഹി ജീവിതം തള്ളിനീക്കിയത്. പാർട്ടിയിൽ നിന്ന് കിട്ടുന്ന പണം ലെവി കഴിഞ്ഞ് തുച്ഛമായ സംഖ്യയായിരുന്നു.
ഇന്ത്യൻ മാധ്യമലോകത്തെ മഹാരഥനായ നിഖിൽ ചക്രവർത്തിയോടൊപ്പം ജോലിയെടുക്കുകയെന്നത് ഒരനുഭവം തന്നെയെന്ന് വാര്യർ പറയുന്നു. ‘നിഖിൽദാ'യോടും അദ്ദേഹത്തിന്റെ പത്‌നിയും അഖിലേന്ത്യാ മഹിളാ ഫെഡറേഷൻ നേതാവുമായിരുന്ന രേണു ചക്രവർത്തിയോടും സഹോദര നിർവിശേഷമായ സ്നേഹമാണ് വാര്യർക്കുണ്ടായിരുന്നത്. കമ്യൂണിസ്റ്റ് മുഖപത്രമായി ന്യൂ ഏജ് പരിവർത്തനം ചെയ്യപ്പെടുന്നതിനു മുമ്പ് ക്രോസ് റോഡ് എന്ന പേരിലായിരുന്നു പുറത്തിറങ്ങിയിരുന്നത്. രമേഷ് താപ്പറായിരുന്നു അന്ന് ക്രോസ് റോഡിന്റെ എഡിറ്റർ. അദ്ദേഹം പിന്നീട് ‘സെമിനാർ' ആരംഭിച്ചു. രമേഷ് താപ്പറിൽ നിന്ന് അവിഭകത പാർട്ടി ക്രോസ് റോഡ് ഏറ്റെടുക്കുകയായിരുന്നു.
ഇന്ത്യൻ അതിർത്തിയിലേക്കുള്ള ചൈനീസ് കടന്നാക്രമണത്തിനെതിരെ സി.പി.ഐ ചെയർമാൻ എസ്.എ. ഡാംങ്കെയുടെ നേതൃത്വത്തിലുള്ള നേതൃത്വം അതിശക്തമായ നിലപാട് സ്വീകരിക്കുകയും പ്രധാനമന്ത്രി നെഹ്‌റുവിന് പൂർണ പിന്തുണ നൽകുകയും ചെയ്തു
തലശ്ശേരിക്കാരനായ എ. രാഘവൻ (ബ്ലിറ്റ്‌സിൽ പ്രസിദ്ധമായ ‘ക്യാപിറ്റൽ റൗണ്ടപ്പ്' എന്ന കോളമെഴുതിയിരുന്ന രാഘവൻ) അന്ന്‌ക്രോസ് റോഡിന്റെ പാർലമെൻറ് റിപ്പോർട്ടറായിരുന്നു. അദ്ദേഹത്തെ റൂസി കരഞ്ചിയ ബ്ലിറ്റ്‌സിലേയ്ക്ക് കൊണ്ടു പോയ ഒഴിവിലാണ് സി.പി. രാമചന്ദ്രൻക്രോസ് റോഡിലെത്തിയതെന്ന് ഉണ്ണിക്കൃഷ്ണവാര്യർ ഓർക്കുന്നു. ‘വിദുര' എന്ന തൂലികാനാമത്തിൽ സി.പി. എഴുതിയിരുന്ന സറ്റയർ കോളവും ‘മലബാർ വിശേഷം’ എന്ന കോളവും ഡൽഹി മീഡിയാ ലോകത്തിന്റെ മിടിപ്പുകൾ തൊട്ടറിഞ്ഞു തുടങ്ങിയ വാര്യരെ ഏറെ പ്രലോഭിപ്പിച്ചിരുന്നു. സി.പിയുടെ ഇംഗ്ലീഷ് എഴുത്തിന്റെ കരുത്ത് പിന്നെ വന്ന മലയാളി- ഇംഗ്ലീഷ് ജേണലിസ്റ്റുകൾക്കൊന്നും കിട്ടിയിട്ടില്ലെന്ന അഭിപ്രായവും വാര്യർക്കുണ്ട്. എഡിറ്റർ വി.എൻ. കൗളിന് ഏറെ പ്രിയംകരനായിരുന്നു സി.പി. രാമചന്ദ്രൻ. വാർത്തയെഴുത്തിന്റെയും എഡിറ്റിംഗിന്റെയും കല തന്നെ പഠിപ്പിക്കുന്നതിൽ ‘നിഖിൽദാ'യുടെ പങ്ക് വളരെ വലുതാണെന്ന് വാര്യർ സ്മരിക്കുന്നു. അസമിൽനിന്ന്ഓക്സ്ഫോർഡിൽ പോയി പഠിക്കുകയും തിരികെ വന്ന് കൊൽക്കത്തയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഴുസമയ പ്രവർത്തകനാവുകയുമായിരുന്നു നിഖിൽ ചക്രവർത്തി. ഇന്ത്യൻ വിപ്ലവത്തെക്കുറിച്ചുള്ള ധിഷണാപരമായ ഉൾക്കാഴ്ചയോടെയാണ് സൈദ്ധാന്തികവും സംഘടനാപരവുമായ മേഖലയിൽ അദ്ദേഹം ഒരു പോലെ മുഴുകിയത്. ഓക്സ്ഫോർഡിൽ സഹപാഠിയായിരുന്ന രേണുവിനെയാണ് നിഖിൽ ജീവിതസഖാവാക്കിയത്.
1942 ൽ ‘ജനകീയ യുദ്ധം' പാർട്ടി നിലപാടായി സ്വീകരിച്ചപ്പോൾ പാർട്ടി മുഖപത്രങ്ങളിലൊന്നായ പീപ്പിൾസ് വാറിന്റെ പ്രധാന ലേഖകൻ നിഖിൽ ചക്രവർത്തിയായിരുന്നു. ക്രോസ് റോഡ് ന്യൂ ഏജായപ്പോൾ ഭൂപേഷ് ഗുപ്ത ചീഫ് എഡിറ്ററായി. നിഖിൽ ന്യൂ ഏജ് വിട്ട് ഇന്ത്യൻ പ്രസ് ഏജൻസി ( ഐ.പി.എ) എന്ന ഇന്ത്യയിലെ ആദ്യത്തെ ഇടതുപക്ഷ വാർത്താ വിതരണ ഏജൻസിക്ക് തുടക്കം കുറിച്ചു. ഉണ്ണിക്കൃഷ്ണ വാര്യർ പിന്നീട് ഐ.പി.എയുടെ കേരള പ്രതിനിധിയായി നിയോഗിക്കപ്പെട്ടതും നിഖിൽദായുടെ ആവശ്യപ്രകാരമായിരുന്നു. പാർട്ടി പിളർപ്പിനു ശേഷമാണ് നിഖിൽ ചക്രവർത്തി മെയിൻസ്ട്രീം എന്ന പേരിൽ പ്രത്യേക രാഷ്ട്രീയ- താത്വിക പ്രസിദ്ധീകരണം തുടങ്ങിയത്. വി.പി. സിംഗ് പ്രധാനമന്ത്രിയായ കാലത്ത് അദ്ദേഹം പ്രസാർ ഭാരതിയുടെ ചെയർമാനായും പ്രവർത്തിച്ചു. മരിക്കുന്നതുവരെ സി.പി.ഐ അംഗത്വം പുതുക്കിയിരുന്നു. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പത്രാധിപ പ്രതിഭയായിരുന്നു നിഖിൽ ചക്രവർത്തി. മകൻ ഷുമിത് ചക്രവർത്തിയാണ് ഇപ്പോൾ മെയിൻസ്ട്രീം നടത്തുന്നത്.
അജയ് ഘോഷ് എന്ന തീപ്പൊരി
1962 ൽ ചൈനയുടെ ഇന്ത്യാ ആക്രമണത്തിനു തൊട്ടുമുമ്പ് കമ്യൂണിസ്റ്റ് പാർട്ടിക്കകത്തെ ആശയ ശൈഥില്യവും സംഘടനാ പാളിച്ചകളും മൂർധന്യത്തിലെത്തിയിരുന്നു. പാലക്കാട് പാർട്ടി കോൺഗ്രസ് തൊട്ടേ ആരംഭിച്ചിരുന്ന ഉൾപ്പാർട്ടി പ്രശ്‌നങ്ങളുടെ ഉമിത്തീയിൽ, ഇന്ത്യൻ തൊഴിലാളി വർഗം പ്രതീക്ഷയർപ്പിച്ചിരുന്ന പ്രസ്ഥാനം നീറിപ്പുകഞ്ഞു. ദേശീയ ബൂർഷ്വാസിയെന്ന് നിർവചിക്കപ്പെട്ടിരുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസിനോടുള്ള സമീപനം, ചൈനീസ് കടന്നുകയറ്റത്തെത്തുടർന്ന് ആ രാജ്യത്തോട് സ്വീകരിച്ച പാർട്ടി നിലപാടിലെ വൈരുധ്യം, ചെയർമാൻ എസ്.എ. ഡാംങ്കെ ബ്രിട്ടീഷ് അധികൃതർക്ക് എഴുതിയെന്നു പറയുന്ന കത്ത് തുടങ്ങിയ പ്രശ്‌നങ്ങളിലാരംഭിച്ച പാർട്ടിയുടെ ആഭ്യന്തര പ്രതിസന്ധിയിൽ ഉണ്ണിക്കൃഷ്ണവാര്യർ ഔദ്യോഗിക നിലപാടിനോടൊപ്പമായിരുന്നു. അതിനനുസൃതമായി ന്യൂ ഏജിൽ വാർത്തകൾ എഡിറ്റ് ചെയ്യുകയും പേജുകൾ സംവിധാനം ചെയ്യുകയും ലേഖനങ്ങളെഴുതിക്കുകയും ചെയ്തു അദ്ദേഹം. ഹിരൺ മുഖർജിയുടേയും ലോക സമാധാന കൗൺസിൽ സെക്രട്ടറി രമേഷ്ചന്ദ്രയുടേയും ലേഖനങ്ങൾ കേട്ടെഴുതിയാണ് അച്ചടിക്കാൻ കൊടുത്തത്. പാർട്ടി പിളർപ്പിനു രണ്ടു വർഷം മുമ്പ് മരിച്ച അജയ്‌ഘോഷ് ഉണ്ണിക്കൃഷ്ണ വാര്യരുടെ പഴയ ഓർമകളിലെ മറ്റൊരു തീപ്പൊരിയാണ്.
കമ്യൂണിസ്റ്റ് പാർട്ടിയുടെ കരുത്തനായ സാരഥിയായിരുന്നു ഘോഷ്. ഉത്തർപ്രദേശിലെ മഹിജം ഗ്രാമത്തിൽ അജയ് നദീതീരത്തെ വീട്ടിൽ പിറന്നതു കൊണ്ടാണ് അദ്ദേഹത്തിന് ഈ പേര് കിട്ടിയത്. ഡാംങ്കെയുടെ വലംകൈയായിരുന്ന ഘോഷ് 1961 ലെ വിജയവാഡ പാർട്ടി കോൺഗ്രസിൽ, പിന്നീട് സി.പി.ഐ അംഗീകരിച്ച ദേശീയ ജനാധിപത്യ വിപ്ലവം എന്ന ആശയത്തിന്റെ രൂപരേഖ അവതരിപ്പിച്ചു. ആ രേഖ വൻചർച്ചയ്ക്ക് കളമൊരുക്കുകയും 1964 ലെ പിളർപ്പിന്റെ ആക്കം കൂട്ടുകയും ചെയ്തതായും വാര്യർ സ്മരിക്കുന്നു. അജയ്‌ഘോഷിന്റെ സ്മരണ നിലനിർത്തുന്ന സി.പി.ഐ കേന്ദ്ര ആസ്ഥാനമായ അജയ്ഭവൻ ഫിറോസ്ഷാ കോട്ലാ മാർഗിൽ സ്ഥിതി ചെയ്യുന്നു. അജയ്‌ഘോഷിന്റെ പത്‌നി ലിറ്റോ ഘോഷ് സി.പി.ഐ മഹിളാഫെഡറേഷേന്റയും ഇന്തോ സോവിയറ്റ് സാംസ്കാരിക സമിതിയുടേയും (ഇസ്കസ്) അഖിലേന്ത്യാ ചെയർപേഴ്‌സണായും പ്രവർത്തിച്ചു. അജയ്‌ഘോഷിനു ശേഷം പാർട്ടി ജനറൽ സെക്രട്ടറിയായ ഇ.എം.എസ്. നമ്പൂതിരിപ്പാട് തന്നെയായിരുന്നു പാർട്ടി മുഖവാരികയായ ന്യൂ ഏജിന്റെയും ചീഫ് എഡിറ്റർ. ഇടയ്ക്ക് മുഖപ്രസംഗങ്ങൾ എഴുതുന്ന ജോലിയും ഇ.എം.എസ് കൃത്യതയോടെ നിർവഹിച്ചിരുന്നതായി വാര്യർ പറഞ്ഞു.
തിരക്കുകൾക്കിടയിൽ ലേഖനമെഴുത്ത് മുടക്കാത്ത ഇ.എം.എസ് മിക്ക ആഴ്ചകളിലും അവ കൃത്യമായി ഉണ്ണിക്കൃഷ്ണവാര്യരെ ഏൽപ്പിച്ചു പോന്നു.
ഇന്ത്യൻ സൈനികരെ വധിച്ച സംഭവത്തിൽ ഇന്ത്യയിലെ പാർട്ടിയ്ക്കകത്ത് ചൈനയോട് കടുത്ത അമർഷമുണ്ടെന്നും അതിർത്തി സംഘർഷം പാർട്ടിയെ ദേശീയ മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെടുത്തുമെന്നും അജയ്‌ഘോഷ് ചൗ എൻ ലായിയെ ധരിപ്പിച്ചു.
ചൈനക്കെതിരെ സി.പി.ഐ
ഇന്ത്യൻ അതിർത്തിയിലേക്കുള്ള ചൈനീസ് കടന്നാക്രമണത്തിനെതിരെ സി.പി.ഐ ചെയർമാൻ എസ്.എ. ഡാംങ്കെയുടെ നേതൃത്വത്തിലുള്ള നേതൃത്വം അതിശക്തമായ നിലപാട് സ്വീകരിക്കുകയും പ്രധാനമന്ത്രി നെഹ്‌റുവിന് പൂർണ പിന്തുണ നൽകുകയും ചെയ്തു. ഇന്ത്യാ- ചീന അതിർത്തിയിൽ സംഘർഷത്തിന്റെ ഉരുൾ പൊട്ടുന്നതിനു മുമ്പ് ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായിയുടെ ഇന്ത്യാ സന്ദർശനത്തിനിടെ, പാർട്ടി ജനറൽ സെക്രട്ടറി അജയ്‌ഘോഷ് അദ്ദേഹത്തെ സന്ദർശിച്ചു. ചൈനയുടെ ധിക്കാരപരമായ നിലപാടിനെതിരെയുള്ള ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്പൂർണ വികാരമാണ് അദ്ദേഹം ചൗ എൻ ലായിയെ അറിയിച്ചത്. ഇന്ത്യൻ സൈനികരെ വധിച്ച സംഭവത്തിൽ ഇന്ത്യയിലെ പാർട്ടിയ്ക്കകത്ത് ചൈനയോട് കടുത്ത അമർഷമുണ്ടെന്നും അതിർത്തി സംഘർഷം പാർട്ടിയെ ദേശീയ മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെടുത്തുമെന്നും അജയ്‌ഘോഷ് ധരിപ്പിച്ചു. രാഷ്ട്രപതി ഭവനിലായിരുന്നു ഈ കൂടിക്കാഴ്ച. ചൈനയുടെ ഇന്ത്യൻ നയത്തിൽ തിരുത്ത് അനിവാര്യമാണെന്നായിരുന്നു പാർട്ടിയുടെ ഔദ്യോഗിക നിലപാട്. ഇക്കാര്യമാണ് ചൈനയെ അറിയിച്ചത്.
എന്നാൽ ഇന്ത്യൻ കമ്യൂണിസ്റ്റ് നേതൃത്വത്തിന് സാർവദേശീയ വീക്ഷണത്തിന്റെ പോരായ്മയുണ്ടെന്നും സങ്കുചിത വികാരം വെടിഞ്ഞ് സി.പി.ഐ ചൈനയെ പിന്തുണക്കണമെന്നുമായിരുന്നു ചൈനീസ് പ്രധാനമന്ത്രി അജയ്‌ഘോഷിനോട് ആവശ്യപ്പെട്ടത്. ഡാംങ്കെ, അജയ്‌ഘോഷ്, പി.സി. ജോഷി തുടങ്ങിയവരുടെ നേതൃത്വത്തിൽ ചൈനയ്‌ക്കെതിരെ സി.പി.ഐ ആഞ്ഞടിച്ചു. അതേസമയം, തൊഴിലാളി വർഗ സർവാധിപത്യം എന്ന പേര് നൽകി മാവോയുടെ വിപ്ലവ രാഷ്ട്രീയത്തിന്റെ അടവും തന്ത്രവുമായി ഔദ്യോഗിക നേതൃത്വത്തെ നിരാകരിച്ച് മറുവിഭാഗവും മുന്നോട്ടു പോയി. ചൈനീസ് അനുകൂല നിലപാട് സ്വീകരിച്ച ഈ വിഭാഗത്തിന് അതിന്റെ പേരിൽ കനത്ത വില നൽകേണ്ടി വന്നതായി ഉണ്ണിക്കൃഷ്ണവാര്യർ സമ്മതിച്ചു. ഇതിനിടെ, ചൈനീസ് ചാരന്മാരെന്നു മുദ്ര കുത്തി കേരളത്തിലുൾപ്പെടെ നിരവധി കമ്യൂണിസ്റ്റ് നേതാക്കളെ അറസ്റ്റ് ചെയ്യാൻ കോൺഗ്രസ് ഭരണം കോപ്പ് കൂട്ടിയിരുന്നു. ജനകീയ ജനാധിപത്യ വിപ്ലവം, ദേശീയ ജനാധിപത്യ വിപ്ലവം എന്നീ രണ്ടു രാഷ്ട്രീയ സ്ട്രാറ്റജികൾ കമ്യൂണിസ്റ്റ് ശബ്ദതാരാവലിയിൽ ഇടം പിടിച്ചതും ഇക്കാലത്ത് തന്നെ.
ചീഫ് എഡിറ്റർ ഇ.എം.എസിന്റെ ലേഖനം ചവറ്റുകൊട്ടയിൽ
ഔദ്യോഗിക നിലപാടുകളെ ശക്തമായി ന്യായീകരിച്ച് ന്യൂ ഏജ് ചൈനീസ് നയത്തെക്കുറിച്ച് വിലയിരുത്തലുകൾ നടത്തി. ചൈനീസ് അനുകൂല ലേഖനങ്ങൾ പത്രം തമസ്കരിച്ചു. ചൈനീസ് ചാരന്മാരെന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട പി. സുന്ദരയ്യ, ബി.ടി.രണദിവെ തുടങ്ങിയവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ചീഫ് എഡിറ്റർ ഇ.എം.എസ് എഴുതിയ പ്രസ്താവനയും തുടർന്നുള്ള രണ്ടു ലക്കങ്ങളിലേക്കായി തയാറാക്കിക്കൊടുത്ത ചൈനീസ് നയം സംബന്ധിച്ച ലേഖനങ്ങളും ന്യൂ ഏജിന്റെ ന്യൂസ് റൂമിലെ ചവറ്റുകൊട്ടയിൽ പോയി. (താങ്കളാണോ ഇ.എം.എസിന്റെ ലേഖനം പൂഴ്ത്തിവെച്ചതെന്ന ചോദ്യത്തോട് ഉണ്ണിക്കൃഷ്ണ വാര്യർ പ്രതികരിച്ചില്ല. കനത്ത മൗനവുമായി അദ്ദേഹം മീശ തടവി. കമ്യൂണിസ്റ്റ് പാർട്ടിയോട് കൂറു പുലർത്തുന്ന കാർഡ് ഹോൾഡറാണ് താനിപ്പോഴും എന്നുപറഞ്ഞാണ് അൽപനേരത്തിനു ശേഷം അദ്ദേഹം മൗനം മുറിച്ചത്). തന്റെ ലേഖനം വെളിച്ചം കാണാതെ പോയതിന് ചീഫ് എഡിറ്ററായ ഇ.എം.എസിൽ നിന്ന് എഡിറ്റോറിയൽ ബോർഡിലുള്ളവർക്ക് കണക്കിനു കിട്ടേണ്ടതായിരുന്നു. പക്ഷേ ക്ഷുഭിതനായ ഒരു ഇ.എം.എസിനു പകരം ചിന്താമഗ്‌നനായ ഇ.എം.എസിനെയാണ് പാർട്ടി ആസ്ഥാനത്തുള്ളവർക്ക് കാണാൻ സാധിച്ചത്. ഇ.എം.എസിന് അറിയാമായിരുന്നു, തന്റെ ലേഖനം കൊട്ടയിലെറിയാൻ പറഞ്ഞിരിക്കുക പാർട്ടിയിലെ ചൈനീസ് വിരുദ്ധ നിലപാട് സ്വീകരിച്ചവരായിരിക്കുമെന്ന്. ചെയർമാൻ ഡാംങ്കെയും ഇതിനു പിന്നിലുണ്ടായിരിക്കാമെന്ന് ഇ.എം.എസ് വിശ്വസിച്ചു. ഇ.എം.എസിനെ അൽഭുതപ്പെടുത്തിക്കൊണ്ട് ‘ചൈനയുടെ പിളർപ്പൻ നയം' എന്ന പേരിലുള്ള ക്രൂഷ്‌ച്ചേവിന്റെ ലേഖനമാണ് എഡിറ്റ് പേജിൽ ആ വാരം പ്രത്യക്ഷപ്പെട്ടത്.
സി.പി.ഐ ദേശീയ കൗൺസിലിലെ ചൈനീസ് അനുകൂലികളായ മുപ്പതോളം പേരുടെ പട്ടിക അന്നത്തെ ആഭ്യന്തര മന്ത്രി ഗുൽസാരിലാൽ നന്ദയ്ക്ക് കൈമാറിയെന്ന ആരോപണവുമുയർന്നുവന്നു. നിഖിൽ ചക്രവർത്തിയുടെ ഭാര്യ രേണുവിനു നേരെയാണ് രണദിവെയും മറ്റും ഇക്കാര്യത്തിൽ വിരൽചൂണ്ടിയത്. സോവിയറ്റ്കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ പ്രവ്ദ ചൈനയ്‌ക്കെതിരെ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങൾ ഉണ്ണിക്കൃഷ്ണവാര്യരും സഹപ്രവർത്തകരും പരിഭാഷപ്പെടുത്തി ന്യൂ ഏജിൽ പ്രസിദ്ധീകരിച്ചു. പാർട്ടി വ്യക്തമായും രണ്ടു ചേരിയിൽ നിന്നുള്ള പോരാട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു. തന്റെ ലേഖനം അച്ചടിക്കാത്ത ന്യൂ ഏജ് ഓഫീസിന്റെ പടികൾ പിന്നീട് ഇ.എം.എസ് ചവിട്ടിയില്ല.
ഒരുമിച്ചു നിന്നവർ ഭിന്നിച്ചു നിന്നു പോരടിക്കുന്ന കാഴ്ച ഉണ്ണിക്കൃഷ്ണവാര്യരെപ്പോലെ നിരവധി സഖാക്കളുടെ ഉള്ളുലച്ചു. 1964 ഏപ്രിൽ 11- ന് എൻ.എം. ജോഷി ഹാളിന്റെ ഇടനാഴിയിൽ റൈറ്റിംഗ് പാഡും പേനയും പിടിച്ച് കാത്തുനിന്ന വാര്യർക്കും സഹപ്രവർത്തകർക്കും കാണാനായത് ക്ഷുഭിതരായി ഇറങ്ങിവരുന്ന 32 സഖാക്കളെയാണ്. ഉവ്വ്, പിളർപ്പ് യാഥാർഥ്യമായി. തന്റെ ജന്മദേശമായ തൃത്താലയിലും പൊന്നാനി താലൂക്കിന്റെ മറ്റ് ഭാഗങ്ങളിലും പാർട്ടി കെട്ടിപ്പടുക്കാൻ ഒളിവിലും തെളിവിലുമായി ദീർഘകാലം പ്രവർത്തിച്ച ഇ.കെ. ഇമ്പിച്ചിബാവ ഇറങ്ങിവരുന്നവരിലുണ്ടായിരുന്നു. വാര്യരെ കണ്ടപ്പോൾ ഇമ്പിച്ചിബാവ മുഖം തിരിച്ചു. അദ്ദേഹത്തിനറിയാമായിരുന്നു, വാര്യർ ഏത് പക്ഷത്താണെന്ന്. സി.പി.ഐ (എം) എന്ന പാർട്ടിയുടെ പിറവി അധികം വൈകാതെ സംഭവിച്ചു. പീപ്പിൾസ് ഡെമോക്രസി പാർട്ടി മുഖപത്രമായി. ഉണ്ണിക്കൃഷ്ണവാര്യർ ഔദ്യോഗിക ലൈനിനോടൊപ്പം നിന്നു.
പാർട്ടി പിളർപ്പുമായി ബന്ധപ്പെട്ട് നിരവധി കഥകൾ വാര്യരുടെ മനസ്സിൽ അലയടിക്കുന്നുണ്ട്. നേതാക്കളുടെ വിരോധം, സ്പർധ, അധികാരക്കൊതി, ഈഗോയിസം... ആശയപരമായ വൈജാത്യത്തെ പിറകിലാക്കി വ്യക്തിഹത്യയുടേയും ശത്രുതയുടേയും പരിണതി കൂടിയായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പ്.
ഡൽഹി പാർട്ടിക്കകത്തെ സംഭവങ്ങൾ അപ്പപ്പോൾ കേരളത്തിലെ പാർട്ടി കേന്ദ്രത്തിലേക്കും പാർട്ടി പത്രങ്ങളിലേക്കും വാര്യർ എത്തിച്ചുകൊടുത്തിരുന്നു. ഇതിനിടെ കേരളത്തിലെ പാർട്ടി സെക്രട്ടറി എം.എൻ. ഗോവിന്ദൻ നായരുടെ നിർദേശപ്രകാരം വാര്യർ തിരുവനന്തപുരത്തെത്തി ജനയുഗം പത്രത്തിന്റെ ചുമതലയേറ്റു.
അഫ്ഗാൻ പ്രസിഡൻറ് മുഹമ്മദ് നജീബുള്ളയുടെ ദുരന്തം ഇന്നും ഉണ്ണിക്കൃഷ്ണവാര്യരുടെ ഓർമകളിൽ, അഫ്ഗാൻ മുല്ലമാരെക്കുറിച്ചുള്ള ക്രൂരചിത്രം കോറിയിടുന്നു. താലിബാനുകളുടെ ആധിപത്യം ശക്തമാവുകയും സോവിയറ്റ് പിന്മാറ്റം പൂർണമാവുകയും ചെയ്തതോടെ നജീബുള്ള തീർത്തും ഒറ്റപ്പെട്ടു. 1992 ഏപ്രിലിൽ അധികാരത്തിൽ നിന്നു പുറത്തായ അദ്ദേഹം കാബൂളിലെ യു.എൻ. ആസ്ഥാനത്ത് ഏകനായി താമസിച്ചു വരികയായിരുന്നു. കുടുംബാംഗങ്ങളെ ഡൽഹിയിലേക്ക് അയച്ചിരുന്നു. ഇന്ത്യയുടെ നല്ല സുഹൃത്തായിരുന്നു നജീബുള്ള.
കാബൂളിൽ ഭരണം പിടിച്ച താലിബാനികൾ നജീബുള്ളയെ പിടികൂടി അതിക്രൂരമായി ആക്രമിച്ചു. ട്രക്കിന്റെ പിറകിൽ കെട്ടിവലിച്ച് തെരുവിലൂടെ വലിച്ചിഴച്ചു. ട്രാഫിക് വെളിച്ചത്തിന്റെ സ്തൂപത്തിൽ കെട്ടിത്തൂക്കി. പരസ്യവിചാരണ നടത്തി കഴുത്തിൽ കയർ കുരുക്കി. അഫ്ഗാനിലെ അവസാനത്തെ സോവിയറ്റ് അനുകൂല ഭരണാധികാരിയുടെ മയ്യത്തിലേക്ക് താടി വെച്ച മുല്ലമാർ കാർക്കിച്ചു തുപ്പി. കലിയൊടുങ്ങാതെ അവർ മൃതദേഹത്തിലേയ്ക്ക് വെടിയുണ്ടകൾ പായിച്ചു.
വാര്യർ നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് അഫ്ഗാനിലെ അധികാരക്കൈമാറ്റ വാർത്തകൾ കേട്ടുതുടങ്ങിയത്. പ്രസിഡൻറ് പദവിയിലെത്തിയ വർഷം അദ്ദേഹം കാബൂൾ ടൈംസിന്റെ ഓഫീസിൽ സന്ദർശനം നടത്തിയതും പത്രാധിപ സമിതിയുടെ വിരുന്നിൽ പങ്കെടുത്തതുമൊക്കെ ആ പത്രത്തിന്റെ എഡിറ്റോറിയൽ അഡ്വൈസറുടെ ഓർമകളിൽ നിറഞ്ഞിരുന്നു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.