കാവിയുടെ അനീതിക്കെതിരെ കാവ്യനീതികൊണ്ട് പോരാട്ടം

സന്യാസിയെന്ന അസ്​തിത്വത്തിലും കൃത്യമായ രാഷ്ട്രീയപക്ഷത്തോടെ മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കുകയും പോരാടുകയും ചെയ്ത സ്വാമി അഗ്‌നിവേശിനെ ഓർക്കുകയാണ്, അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ലേഖകൻ

സ്വാമി അഗ്‌നിവേശിനെക്കുറിച്ച് എഴുതേണ്ടിവരുമ്പോൾ എങ്ങനെ, ഇവിടെ തുടങ്ങണം എന്നതൊരു പ്രശ്നമാണ്. അദ്ദേഹത്തിന്റെ എത്ര മുഖങ്ങളാണ്, അല്ലെങ്കിൽ പോരാട്ടവേദികളാണ് നമ്മുടെ മുന്നിലുള്ളത്? എല്ലാം നീതിക്കുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത യുദ്ധഭൂമികൾ. ആഗോളീകരണം മുതൽ ജാതി നശീകരണം വരെ നീളുന്ന സൂക്ഷ്മവും സ്ഥൂലവുമായ വിഷയങ്ങളിലെ പോരാട്ടങ്ങളാണവ. അതിനെല്ലാമുപരി, രണ്ടര പതിറ്റാണ്ടോളം നീണ്ട വ്യക്തിബന്ധവും.

മിക്കവാറും ഏതെങ്കിലും സമരഭൂമിയിലാകും തമ്മിൽ കാണുക. പ്ലാച്ചിമട, കൂടംകുളം, നർമ്മദ, അതിരപ്പിള്ളി... അനവധി ജനകീയ വേദികൾക്കുപുറമേ മേധ പട്കർ നേതൃത്വം നൽകുന്ന ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിന്റെ വേദികളിൽ അദ്ദേഹം ആവേശമായി വന്നിട്ടുണ്ട്. പ്ലാച്ചിമട മുതൽ അയോധ്യവരെ 2001ൽ സഖ്യം നടത്തിയ ‘ദേശ് ബച്ചാവോ ദേശ് ബനാവോ' യാത്രയിൽ പലയിടത്തും സ്വാമി എത്തി. കേരളത്തിൽ നിരവധി ഇടങ്ങളിൽ അദ്ദേഹം വന്നിട്ടുണ്ട്. ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. കൊച്ചിയിൽ അഴിമതി വിരുദ്ധ സമ്മേളനത്തിൽ പങ്കെടുക്കാൻ 2011ൽ അദ്ദേഹം വന്നു. അന്ന്​, വളരെ അടുത്ത് സംസാരിക്കാൻ അവസരം കിട്ടി. ആ വ്യക്തിബന്ധം നൽകിയ ആവേശം എന്നെ എത്രമാത്രം ശക്തിപ്പെടുത്തി എന്ന് പറയാൻ കഴിയില്ല. രോഗബാധിതനായി കിടപ്പായതിനാൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും നടന്നില്ല.

1939 ൽ ആന്ധ്രയിലെ സവർണ കുടുംബത്തിൽ ജനിച്ചു. വേപ ശ്യാം റാവു എന്നായിരുന്നു പേര്. നിയമത്തിലും മാനേജ്മെന്റിലും ഉന്നത ബിരുദം നേടി അധ്യാപകജോലിയിൽ പ്രവേശിച്ച കാലത്താണ് എല്ലാം ഉപേക്ഷിച്ച് സന്യാസജീവിതം തിരഞ്ഞെടുത്തത്. സമൂഹത്തിലെ അനീതികളോടും അസമത്വങ്ങളോടും സന്ധിയില്ലാതെ പോരാടാൻ സന്യാസജീവിതം അനിവാര്യമാണെന്ന് അദ്ദേഹം കരുതി. അദ്ദേഹത്തെപ്പറ്റി ഒരു പ്രമുഖ പത്രലേഖകൻ പറഞ്ഞത് ഇങ്ങനെ: ‘കണ്ടാൽ സന്യാസിയാണ്. സംസാരിക്കുന്നത് രാഷ്ട്രീയക്കാരനായിട്ടാണ്. പക്ഷേ, സാധാരണ രാഷ്ട്രീയക്കാരുടേതിൽനിന്ന് വ്യത്യസ്തമായി സമൂഹത്തിൽ ഏറ്റവുമധികം തിരസ്‌ക്കരിക്കപ്പെട്ടവരുടെ ശബ്ദമാണ് അദ്ദേഹത്തിൽ നിന്ന് കേൾക്കുക.’

സ്വാമി ദയാനന്ദ സരസ്വതി 1875 ൽ സ്ഥാപിച്ച ആര്യസാമാജ് എന്ന ഹിന്ദു സംഘടനയിലാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. ആ സംഘടയുടെ ആഗോള അധ്യക്ഷപദവി വഹിച്ചിരുന്നു. പോരാട്ടങ്ങളുടെ തുടക്കം അടിമജോലിക്കാരുടെ മോചനവുമായി ബന്ധപ്പെട്ടായിരുന്നു. ബന്ധുവ മുക്തി മോർച്ച എന്ന സംഘടന സ്ഥാപിച്ചു. ഇന്ത്യയിൽ മാത്രമല്ല ലോകമാകെ അദ്ദേഹത്തിന്റെ പോരാട്ടം അംഗീകരിക്കപ്പെട്ടു. 1994ൽ യു.എന്നിന്റെ കീഴിൽ അടിമ ജോലിക്കാരുടെ മോചനത്തിനുള്ള ട്രസ്റ്റ് ഫണ്ടിന്റെ അധ്യക്ഷനായി അഗ്‌നിവേശ് നിയമിക്കപ്പെട്ടു. 2004ൽ ബദൽ നോബൽ സമ്മാനം എന്നറിയപ്പെടുന്ന റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ് അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു. കൊടുങ്കാറ്റു സ്വാമി
( സൈക്‌ളോണിക് സ്വാമി) എന്നും അറിയപ്പെട്ടു.

കാവി പലർക്കും കലി

തന്റെ സന്യാസി വേഷത്തെ പലരും സംശയത്തോടെ നോക്കിയിട്ടുണ്ട് എന്നദ്ദേഹം പറയാറുണ്ട്: ‘‘പക്ഷെ ഈ വേഷം എന്റെ സാമൂഹ്യ- ആത്മീയ പോരാട്ടങ്ങളുടെ യൂണിഫോമാണ്; അടിച്ചമർത്തപ്പെട്ടവർക്കായുള്ള പോരാട്ടത്തിന്റെ കാഹളമാണ്; ത്യാഗത്തിന്റെ, സന്നദ്ധതയുടെ, ശുദ്ധിയുടെ പ്രതീകമാണ്; സ്‌നേഹം, ദയ, സത്യം, നീതി എന്നിവയുടെ ചിഹ്നമാണ്; ഈ നിലപാടുകൾക്ക് എന്റെ ഈ വേഷം എപ്പോഴെങ്കിലും തടസ്സമാകുമെന്നു കണ്ടാൽ ഒരു മടിയുമില്ലാതെ ഞാനിതുപേക്ഷിക്കും. എന്നെ സ്വാമി അഗ്‌നിവേശ് എന്ന് വിളിക്കണമെന്ന് നിര്ബന്ധമില്ല, അഗ്‌നിവേശ് എന്ന് മാത്രം വിളിച്ചാൽ മതി. കാരണം അഗ്‌നി എന്റെ അകത്താണ്. ഹൃദയക്ഷേത്രത്തിനകത്തുള്ള ആ അഗ്‌നി ജ്വലിച്ചുകൊണ്ടിരിക്കണം എന്നുമാത്രം.''

ജാർഖണ്ഡിലെ പകുറിൽ വച്ച് ബി.ജെ.പി യുവമോർച്ചാ പ്രവർത്തകർ സ്വാമി അഗ്‌നിവേശിനെ കൈയേറ്റം ചെയ്തപ്പോൾ
ജാർഖണ്ഡിലെ പകുറിൽ വച്ച് ബി.ജെ.പി യുവമോർച്ചാ പ്രവർത്തകർ സ്വാമി അഗ്‌നിവേശിനെ കൈയേറ്റം ചെയ്തപ്പോൾ

പക്ഷെ, സ്വാമിയുടെ ഈ കാവി പലർക്കും കലിയായിരുന്നു. കാരണം വ്യക്തം. ഇന്ത്യയിൽ കാവി പ്രതിനിധാനം ചെയ്യുന്നത് സ്വാമിക്ക് നേർവിപരീതമായ ധ്രുവത്തിലാണ്. എല്ലാ ചൂഷണങ്ങൾക്കും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും വിവേചനങ്ങൾക്കും സാധൂകരണമായി അതിനെ ഉപയോഗിക്കുന്നു. ആ നിറം ഉപയോഗിച്ച് ഹിംസാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. വി. മധുസൂദനൻ നായരുടെ ‘അഗസ്ത്യഹൃദയം' എന്ന കവിതയിൽ പറയുന്ന പോലെ ‘അഗ്‌നിബീജങ്ങൾ കൊണ്ട് മേനികൾ മെനഞ്ഞു/മോഹബീജങ്ങൾ കൊണ്ട് മേധകൾ മെനഞ്ഞു/രാമന്നു ജയമെന്ന് പാട്ടു പാടിച്ചു/ ഉന്മാദവിദ്യയിൽ ബിരുദം കൊടുത്തു/നായ്ക്കുരണ നാവിൽ പുരട്ടിക്കൊടുത്തു/നാൽക്കവല വാഴാൻ ഒരുക്കിക്കൊടുത്തു.'

സന്യാസമെന്നാൽ എല്ലാം നേടലാണ് എന്നും ശത്രുക്കളെ ഉണ്ടാക്കി വെറുപ്പിന്റെയും ഹിംസയുടെയും യുക്തികൾ വളർത്താനുള്ള മാർഗമാണ് എന്നും വ്യാപകമായി കരുതപ്പെടുന്ന, പ്രചരിപ്പിക്കപ്പെടുന്ന ഒരു കാലത്ത് നേരെ എതിർവശത്തുനിന്ന് നീതിയുടെയും സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സമർപ്പണത്തിന്റെയും സഹനത്തിന്റെയും ചിഹ്നമായി കാവിയെ ഉയർത്തിക്കാട്ടുമ്പോൾ മറുപക്ഷത്തിന് കലി വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. 2007 ൽ കാശ്മീരിൽ സർവമത പാർലമെന്റ് സംഘടിപ്പിച്ചാണ് എല്ലാതരം വർഗീയവാദികളെയും അദ്ദേഹം വെല്ലുവിളിച്ചത്. എല്ലാ മതങ്ങളും സമാധാനവും സ്‌നേഹവും സാഹോദര്യവുമാണ് മുന്നോട്ടുവെക്കുന്നത്. പിന്നെന്തിനാണ് വർഗീയതയും ഹിംസയും സംഘർഷങ്ങളും?.

വിമോചന ദൈവശാസ്ത്രത്തെക്കുറിച്ച്

രാഷ്ട്രീയവും അധികാരവും അദ്ദേഹത്തിന് അന്യമല്ല. 1977ൽ ഹരിയാന നിയമസഭാംഗമായി, വിദ്യാഭ്യാസ മന്ത്രി വരെയായി. എന്നാൽ അധിക കാലം അത് തുടരാൻ കഴിഞ്ഞില്ല. അതിൽ അത്ഭുതമില്ല. രാഷ്ട്രീയത്തിലെ മൂല്യച്യുതി അദ്ദേഹത്തെപ്പോലെ നാടിനെ സ്‌നേഹിക്കുന്ന എല്ലാവരെയും വേദനിപ്പിക്കുമല്ലോ. സ്വാതന്ത്ര്യസമരക്കാലത്തെ രാഷ്ട്രീയം ഉയർത്തിവിട്ട മൂല്യബോധം അതിവേഗം മങ്ങുന്നത് അദ്ദേഹം വേദനയോടെ കണ്ടു. അതിശക്തമായി പ്രതികരിച്ചു. മതത്തെ കുറിച്ച് രാഷ്ട്രീയനേതാക്കൾ സംസാരിക്കുന്നത് വർഗീയതയുടെ കോമ്പല്ലുകൾക്കിടയിലുള്ള നാവുകൊണ്ടാണ് എന്നദ്ദേഹം പറയാറുണ്ട്. അദ്ദേഹത്തിന് രാഷ്ട്രീയത്തിനും മതത്തിനും ഇടയിലുള്ള പാലം സാമൂഹ്യനീതിയാണ്. സാമൂഹ്യമാറ്റത്തിനുള്ള ഉപാധിയാകണം മതം. പക്ഷെ ഇന്ന് എല്ലാ മുന്നേറ്റങ്ങളും തടയുന്ന കവചമായി മതം മാറിയിരിക്കുന്നു. പറയുന്നതുതന്നെ പ്രവർത്തിക്കണം എന്ന് നിർബന്ധമുള്ളവർക്ക് ഇന്നത്തെ രാഷ്ട്രീയത്തിൽ ഒരു സ്ഥാനവും ഇല്ലല്ലോ. ആത്മീയത എന്നത് കേവലം വ്യക്തിപരമായ ഒന്നല്ല. അത് സാമൂഹ്യമാകണം. അതിനെ കേവല സ്വരക്ഷാമാർഗമാക്കി മാറ്റിയതാണ് നമുക്ക് പറ്റിയ അബദ്ധം എന്നദ്ദേഹം കരുതി.

പാശ്ചാത്യസമൂഹങ്ങളിൽ വിശേഷിച്ചും ലാറ്റിനമേരിക്കയിലും മറ്റും ക്രിസ്തീയസഭകളുടെ അപചയങ്ങൾക്കെതിരെ വിമോചന ദൈവശാസ്ത്രം എന്ന പ്രസ്ഥാനം ഉയർന്നുവന്നു. ക്രിസ്തുവിനെ വിമോചകനായി കണ്ട് ബൈബിളിന്റെ പുനർവായന നടത്തുന്ന ആ രീതിക്ക് കാര്യമായ സ്വീകാര്യത കിട്ടി. സാമ്രാജ്യത്വ അധിനിവേശത്തെ സഭ പിന്താങ്ങിയപ്പോൾ വിമോചന ദൈവശാസ്ത്രം അതിനെതിരെ മതത്തെ പ്രതിരോധമാക്കി. പിന്നീട് ആ രാജ്യങ്ങളിൽ നടന്ന പ്രതിരോധങ്ങൾക്ക് ഊർജമായത് ഈ ദൈവശാസ്ത്രമായിരുന്നു. കേരളത്തിലും ഫാദർ കാപ്പനും ബിഷപ്പ് പൗലോസ് മാർ പൗലോസുമടക്കം ഏറെപ്പേർ ഇതിനു പിന്തുണക്കാരായി ഉണ്ടായിരുന്നു. ഒരിക്കൽ ഈ വിഷയം സ്വാമി അഗ്‌നിവേശുമായി സംസാരിക്കാനിടയായി. എന്തുകൊണ്ട് അത്തരമൊരു വിമോചന ദൈവശാസ്ത്രം ഇന്ത്യയിൽ രൂപം കൊള്ളുന്നില്ല എന്നായിരുന്നു എന്റെ ചോദ്യം. അങ്ങനെ ഒന്നിനുള്ള ശ്രമങ്ങളാണ് താനും ആര്യസമാജം പോലുള്ള സംഘടനകളും ചെയ്യുന്നത് എന്നായിരുന്നു മറുപടി. എന്നാൽ പാശ്ചാത്യലോകത്തെ പോലെ ലളിതമല്ല ഇന്ത്യയിലെ മതം എന്നതുകൊണ്ട് ഇതെളുപ്പമാകില്ലല്ലോ എന്ന് ചോദിച്ചപ്പോൾ അത് ശരിയാണ് എന്നും അദ്ദേഹം പറഞ്ഞു. ജാതി, ഉപജാതി വിവേചനങ്ങൾ ഇതിനു തടസ്സമാകുന്നു. കാവിയണിഞ്ഞ സന്യാസിയായിരുന്നുകൊണ്ടുതന്നെ മതങ്ങളിലെ, ആചാരങ്ങളിലെ ഒട്ടനവധി വിരോധാഭാസങ്ങൾ തുറന്നു കാട്ടാനും അദ്ദേഹം തയ്യാറായി. ഏറ്റവുമധികം ക്ഷേത്രങ്ങളും ദൈവങ്ങളുമുള്ള നാടാണ് ഇന്ത്യ. സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയുടെ നാടായിട്ടും ഇത്ര ദാരിദ്ര്യം എന്തുകൊണ്ട്? വിദ്യാദേവതയായ സരസ്വതിയുടെ നാടായിട്ടും ഏറ്റവുമധികം നിരക്ഷരരുള്ള നാടായി ഇന്ത്യ എങ്ങനെ വന്നു? 1970 ൽ ആര്യസമാജത്തിൽ സന്യാസിയായി ചേർന്ന അദ്ദേഹത്തിന് അതിലെ അനീതികൾക്കെതിരെ നിലപാടെടുത്തതിന് 2008 പുറത്തു പോകേണ്ടി വന്നു.

വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾ

ഇന്ത്യക്കുള്ള ഏഴു ബാധകളെ കുറിച്ച് അദ്ദേഹം പറയുന്നു. ജാതിയും അതുമൂലമുള്ള വിവേചനവും, സ്ത്രീകൾക്കെതിരായ വിവേചനവും ഹിംസയും, ദാരിദ്ര്യവും ചൂഷണവും, അഴിമതി, തീവ്രവാദം, വരട്ടുതത്വവാദം, വർഗീയത എന്നിവയാണവ. ഭരണഘടന വാഗ്ദാനം ചെയ്യുന്ന സാമൂഹ്യനീതി എത്ര ദൂരെയാണ് എന്നദ്ദേഹം കണ്ടു. ജാതിയും അയിത്തവും മറ്റു വിവേചനങ്ങളും പലയിടത്തും നിലനിൽക്കുന്നു. ദളിതർക്ക് നീതിക്കായുള്ള പോരാട്ടങ്ങളുടെ മുൻനിരയിൽ അദ്ദേഹം ഉണ്ടായിരുന്നു. പുരി ജഗന്നാഥ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്കും പ്രവേശനം അനുവദിക്കണം എന്ന ആവശ്യം ഉയർത്തിയ അദ്ദേഹത്തെ ഹിന്ദു വിരുദ്ധനായി ചിത്രീകരിച്ച് ആക്രമിക്കുകയായിരുന്നു.
അടിമവേലക്കാരുടെ മോചനമെന്ന പോലെ തന്നെ സ്ത്രീകളുടെ നേരെയുള്ള വിവേചനങ്ങൾക്കും ഹിംസക്കുമെതിരെ സന്ധിയില്ലാത്ത പോരാട്ടങ്ങളാണ് സ്വാമി നടത്തിയത്. നിയമപ്രകാരം സതി എന്ന ക്രൂരമായ ദുരാചാരം നിർത്തലാക്കിയെങ്കിലും ഫലത്തിൽ ഒളിഞ്ഞും തെളിഞ്ഞും ഉത്തരേന്ത്യൻ സമൂഹത്തിൽ അത് നടന്നുപോന്നു. 1987 ൽ രൂപ്​ കൻവാർ എന്ന യുവതിയുടെ അരുംകൊല ഉണ്ടാക്കിയ സാമൂഹ്യചലനത്തിന്റെ പിന്നിലും മുന്നിലും സ്വാമി അഗ്‌നിവേശ് ആയിരുന്നു. അതിനായി വീണ്ടും നിയമനിർമ്മാണം നടത്താൻ സർക്കാർ നിർബന്ധിതമായി. അതുപോലെ, സ്ത്രീധന നിരോധന നിയമം ഏറെക്കാലമായി ഉണ്ടെങ്കിലും സ്ത്രീധന പീഡനങ്ങളും മരണങ്ങളും തുടർക്കഥയാണ്. അത്തരം കേസുകളിൽ അദ്ദേഹം ഇടപെട്ടു. അതുതന്നെയാണ് ഭ്രൂണഹത്യയുടെയും അവസ്ഥ. ഭ്രൂണത്തിന്റെ ലിംഗം പറയാൻ പാടില്ലെന്നും മറ്റുമുള്ള നിയമങ്ങൾ ഉണ്ടാകുന്നത് സ്വാമിയടക്കമുള്ളവരുടെ പോരാട്ടങ്ങളുടെ ഫലമായാണ്. 2005 ഈ വിഷയത്തിൽ രണ്ടാഴ്ച സത്യാഗ്രഹം നടത്തി.

പാരിസ്ഥിതിക നീതിക്കായുള്ള പോരാട്ടങ്ങളിൽ സ്ഥിരസാന്നിദ്ധ്യമായിരുന്നു. നർമദ താഴ്വര മുതൽ ഇന്ത്യയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും നടക്കുന്ന സമരങ്ങളിൽ അദ്ദേഹം പങ്കെടുത്തു. പാരിസ്ഥിതിക തകർച്ചയുടെ രാഷ്ട്രീയം കൃത്യമായി തിരിച്ചറിയുന്ന വ്യക്തിയാണ് അദ്ദേഹം. മൂലധനത്തിന്റെ ആർത്തി മൂലമുള്ള അധിനിവേശവും കമ്പോളം എന്ന മാരകമായ മായയിൽ സമൂഹത്തെ വീഴ്ത്തുന്നതും അദ്ദേഹം കാണുന്നു. പലപ്പോഴും ഇത്തരം നാശങ്ങൾക്കെതിരായ പോരാട്ടങ്ങൾ ദുർബലപ്പെടുന്നത് സമൂഹത്തിൽ അടിയുറച്ചുപോയ വികസന സങ്കൽപങ്ങളും ഉപഭോഗതൃഷ്ണയും മൂലമാണ്. ബദൽ വികസന മാതൃകകകൾ ഉയർത്തിക്കൊണ്ടേ ഈ വിനാശങ്ങളെ പ്രതിരോധിക്കാൻ കഴിയൂ. ആഗോളീകരണത്തിനെതിരായ പോരാട്ടത്തിൽ ഉപഭാഗം നിയന്ത്രിക്കുന്നതിന്റെ പങ്ക് അദ്ദേഹം ആവർത്തിക്കാറുണ്ട്. അധിനിവേശം സമൂഹത്തിലെ അസമത്വങ്ങളും അനീതിയും വർധിപ്പിക്കുന്നു. മൂന്നാം ലോകരാജ്യങ്ങളുടെ കടബാധ്യത കുറക്കാൻ അന്താരാഷ്ട്ര വേദികളിൽ അദ്ദേഹം പോരാട്ടങ്ങൾ ഉയർത്തിയിട്ടുണ്ട്.

കാശ്മീർ, മാവോവാദം...

രണ്ടുവർഷം മുമ്പ് ഝാർഖണ്ഡിലെ പകൂറിൽ ആർ.എസ്.എസ്- യുവമോർച്ച ഗുണ്ടകൾ അദ്ദേഹത്തെ ക്രൂരമായി ആക്രമിച്ചു. കരിങ്കൊടികളുമേന്തി അസഭ്യം വിളിച്ചാണ് അവർ പാഞ്ഞടുത്തത്. ആദിവാസികളുടെ ഭൂമി നിർബന്ധമായി ഏറ്റെടുക്കുന്നതിനെതിരെ നടന്ന സമരത്തെ പിന്താങ്ങാനാണ് അദ്ദേഹം അവിടെ എത്തിയത്. അദ്ദേഹത്തിന്റെ കരളിന് സാരമായ പരിക്കേറ്റു. മാവോയിസ്റ്റുകൾ പൊലീസുകാരെ കൊന്നതിൽ പ്രതിഷേധിച്ചാണത്രെ അവർ സ്വാമിയെ ആക്രമിച്ചത്. പക്ഷെ യാതൊരു വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറായില്ല. എല്ലാതരം ഹിംസക്കും എതിരാണ് താൻ എന്നുമാത്രം അദ്ദേഹം പറഞ്ഞു. 2011ൽ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ അഞ്ചു പൊലീസുകാരെ വിട്ടുകിട്ടുന്നതിനുള്ള സന്ധി സംഭാഷണം നടത്താൻ പോയ അഞ്ചംഗ സംഘത്തിൽ സ്വാമിയും ഉണ്ടായിരുന്നു. 2012 ൽ ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിലുള്ള സംഘർഷങ്ങളിൽ നാശം സംഭവിച്ച ഗ്രാമങ്ങളിലെ ജനങ്ങളെ സഹായിക്കാൻ ചെന്നപ്പോഴും അദ്ദേഹത്തിനും സംഘത്തിനും നേരെ ആക്രമണം ഉണ്ടായി. മാവോയിസ്റ്റുകളുമായി സംഘട്ടനമല്ല, സംവാദമാണ് വേണ്ടതെന്ന് അദ്ദേഹം പറയുമായിരുന്നു. കാശ്മീർ വിഷയത്തിൽ കൃത്യമായ നിലപാട് അദ്ദേഹത്തിനുണ്ടായിരുന്നു. സമാധാനം മാത്രമേ ആ ജനത ആഗ്രഹിക്കുന്നുള്ളു, അതിനുള്ള വഴിയാണ് ഇന്ത്യയും പാകിസ്ഥാനും ഒരുക്കേണ്ടത് എന്നദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഡൽഹിയിലെ രാംലീല മൈതാനത്ത് 2008 ൽ ജമാഅത്ത് ഉലമ ഇ ഹിന്ദ് അടക്കമുള്ള സംഘടനകളുടെ സമ്മേളനത്തിൽ അദ്ദേഹം നടത്തിയ പ്രസംഗം വിവാദമായി. ഭീകരവാദത്തിനെതിരായ ആഗോള സമ്മേളനമായിരുന്നു അത്. ഏതെങ്കിലും കുറച്ചുപേർ ചെയ്യുന്ന തെറ്റുകൾക്ക് ഒരു സമുദായത്തെ മുഴുവൻ വിചാരണ ചെയ്യുന്നത് ശരിയല്ല എന്നദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മുസ്‌ലിം പൗരന്മാർ വന്ദേമാതരം പാടാൻ തയ്യാറല്ല എന്ന ഉലമയുടെ നിലപാടിനെ അദ്ദേഹം പിന്താങ്ങിയതാണ് വിവാദമായത്. ലോകത്തെ ഒന്നാം നമ്പർ ഭീകരവാദ രാഷ്ട്രമായി താൻ കാണുന്നത് യു.എസിനെയാണ് എന്നും അദ്ദേഹം പറഞ്ഞു.

ആർക്കും ലോകത്തെവിടെയും പോകാൻ പാസ്‌പോർട്ടോ വിസയോ വേണ്ടാത്ത അവസ്ഥ വേണമെന്ന് ലോകബാങ്കിന്റെ ഒരു സാമ്പത്തിക സമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. 2011 ലെ അഴിമതി വിരുദ്ധപോരാട്ടങ്ങളിൽ തുടക്കത്തിൽ പങ്കാളിയായി. ഇതിന്റെ ഭാഗമായി കൊച്ചിയിലും വന്നു. പക്ഷേ പിന്നീട് അതിനോട് അദ്ദേഹം വിയോജിക്കുകയായിരുന്നു. മനുഷ്യജീവിതത്തെ ബാധിക്കുന്ന ഏതാണ്ടെല്ലാ വിഷയങ്ങളിലും നീതിക്കും സാഹോദര്യത്തിനും സമാധാനത്തിനും വേണ്ടി പോരാടിയ ആ മനുഷ്യസ്‌നേഹിയുടെ പോരാട്ടങ്ങൾ ഏറ്റവും പ്രസക്തമായ കാലമാണത്.


Summary: സന്യാസിയെന്ന അസ്​തിത്വത്തിലും കൃത്യമായ രാഷ്ട്രീയപക്ഷത്തോടെ മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കുകയും പോരാടുകയും ചെയ്ത സ്വാമി അഗ്‌നിവേശിനെ ഓർക്കുകയാണ്, അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ലേഖകൻ


സി.ആർ. നീലകണ്​ഠൻ

ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. കെൽട്രോണിൽ ഡെപ്യൂട്ടി ജനറൽ മാനേജറായിരുന്നു. പരിസ്ഥിതിയും ആഗോളവത്കരണവും, പ്രകൃതിയുടെ നിലവിളികൾ, ലാവ്​ലിൻ രേഖകളിലൂടെ തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments