"കരിന്തലക്കൂട്ട 'വുമായി രാജഗോപാൽ മാഷ് 22 വർഷം മുമ്പ് മാറഞ്ചേരി സ്‌കൂളിൽ വന്നു. അന്നാണ് മാഷെ നേരിൽ കാണുന്നത്. ഒരു പക്ഷേ കരിന്തലക്കൂട്ടമായിരിക്കും കേരളത്തിലെ ആദ്യത്തെ നാടൻപാട്ടു സംഘം.
അതിനും മുമ്പ് മാഷെ അറിയുന്നത് "കേരളീയതയുടെ നാട്ടറിവ് ' എന്ന പേരിൽ ഒരു മാസികയുടെ എഡിറ്ററായിട്ടാണ്. അത് 1993-94 കാലത്താകണം. അതുവഴി നമ്മുടെ നാട്ടറിവ് പാരമ്പര്യത്തെ അച്ചടി രൂപത്തിലാക്കി അദ്ദേഹം. കൃഷി, വൈദ്യം, മീൻ, കാട്, പാട്ട്, കൊട്ട്, കൈവേല, ചിത്രകല, പുഴ, അടുക്കള, പൂവ് എന്നിങ്ങനെ നമ്മുടെ നാട്ടറിവുകളുടെ സമാഹരണത്തിലൂടെ അവയുടെ സമകാലിക പ്രാധാന്യം അദ്ദേഹം ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു.
"വയൽക്കാട്' എന്ന പ്രയോഗം മാഷിന്റേതാണ്. കാട് മാത്രമല്ല വയലും അതുല്യമായ ആവാസ വ്യവസ്ഥയെന്ന ശരി "വയൽക്കാട്' നമ്മെ ഓർമ്മിപ്പിക്കുന്നു. മാത്രമല്ല വനം വകുപ്പു പോലെ ഒരു വയൽ വകുപ്പും നമുക്കാവശ്യമാണിനി. നാട്ടറിവുകൾ എത്രമാത്രം മനുഷ്യത്വമുള്ളതും പരിസ്ഥിതി സൗഹൃദവുമാണെന്നറിയിക്കുകയായിരുന്നു മാഷിന്റെ ജീവിതദൗത്യം. കീഴാള അറിവാണ് നാട്ടറിവ്. അത് വാമൊഴിയാണ്. നിരക്ഷരമാണ്. മേലാള അറിവിനെ മാത്രം അംഗീകരിക്കുന്ന, സാക്ഷരത മാത്രം ഉന്നതമെന്നു ധരിക്കുന്ന ലോകത്ത് മാഷ് എതിർ വശത്തുകൂടെ നടന്നു. അറിവ്, അധികാരം, അധിനിവേശം ഇവയെ നാട്ടറിവുകൾ വെച്ച് പഠിക്കുകയായിരുന്നു മാഷ്. അത് അത്യപൂർവ്വവും എന്നാൽ ഏറ്റവും പ്രസക്തവുമാണിന്ന്.
"ഗ്രഹണം ചെയ്യപ്പെട്ട അരികുസത്യങ്ങളാണ് നാട്ടറിവുകൾ. വരമൊഴി ചരിത്രകാരന്മാരും അഭിജാതസംസ്‌കാരവും അവഗണിച്ച ജൈവികപരിസരമാണ് നാട്ടറിവിന്റെ ചരിത്രം. കഴിഞ്ഞ ഇരിനൂറ് വർഷമായി തുടരുന്ന യൂറോപ്യൻ യുക്തിയുടേയും പടിഞ്ഞാറൻ ശാസ്ത്രസാങ്കേതിക ജ്ഞാനത്തിന്റേയും പതനത്തിൽനിന്നാണ് നാട്ടറിവിന്റെ അന്വേഷണം ആരംഭിക്കുന്നത്. പടിഞ്ഞാറൻ വികസനരീതികളിൽനിന്ന് വ്യത്യസ്തമായ, സന്തുലിതമായ വികസന രീതികളെക്കുറിച്ച് ചിന്തിക്കുമ്പോൾ നാട്ടറിവിന് ഇന്ന് ഏറെ പ്രാധാന്യമുണ്ട്. അധികാരത്തിന്റെ മുകൾത്തട്ടിൽനിന്നുളള വികസനത്തിനു പകരം ജനകീയ പരിസരം തേടുമ്പോൾ ഒരേയൊരുവഴി നാട്ടറിവിന്റെ സംയോജനമാണ്. സാർവ്വദേശീയമായ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ നിർവ്വചിക്കാനോ കണ്ടെത്താനോ കഴിയുന്നതല്ല നാട്ടറിവ്. പ്രാദേശികമായ യുക്തിയിൽനിന്നാണ് അത് ജന്മമെടുക്കുന്നത്. സ്ഥാപന ആശ്രിതത്വവും വ്യക്തിനിഷ്ഠവുമായ ഗവേഷണത്തിനു പകരം സമൂഹനിഷ്ഠമായ ഒരു തിരിച്ചറിവാണ് നാട്ടറിവുപഠനം. കൂട്ടായ്മയുടെ സാംസ്‌കാരിക വിജ്ഞാനമാണത്. നാട്ടറിവുകൾ പങ്കുവെയ്ക്കുന്നു എന്നതാണ് ഈ സാംസ്‌കാരിക പ്രവർത്തനത്തിന്റെ രീതിശാസ്ത്രം.'
എന്ന് മാഷ് എഴുതുന്നു. നമ്മുടെ ആധുനിക ബോധത്തെ നിർമ്മിച്ച അറിവിനോടും അതിന്റെ ഉള്ളിൽ ഒളിച്ചിരിക്കുന്ന അധികാര വ്യവസ്ഥയോടുമുള്ള കീഴാളപക്ഷ പ്രതിരോധമായി മാഷ് നാട്ടറിവുകളെ നേർക്കുനേർ നിർത്തി. യൂറോ കേന്ദ്രീകൃതമായ സാർവ്വദേശീയതയുടെ കൊളോണിയൽ കണ്ണടയെ വേണ്ട വിധം തിരിച്ചറിയാൻ പറ്റാത്തതിനാൽ നമുക്ക് ഇപ്പോഴും അന്യമായ ഒരു പ്രതിരോധ മണ്ഡലത്തെയാണ് സി.ആർ. രാജഗോപാൽ നമുക്ക് തന്നിട്ടു പോയത്.
മൂത്താശാരിയുടെ വീടിനെ ഗൃഹനിർമ്മാണത്തിന്റെ സർവ്വകലാശാല എന്നു വിളിച്ച നാട്ടുധൈര്യമുള്ള ഒരേയൊരു അക്കാദമിഷൻ മാഷായിരുന്നു. കമ്മാളരാൽ നിലനിർത്തപ്പെട്ട കേരളീയ തച്ചുശാസ്ത്രം, അതിന്റെ സിദ്ധാന്തം, പ്രയോഗം എന്നിവ എങ്ങനെയാണ് നാലുകെട്ടുകളും നാലമ്പലങ്ങളുമായി നമ്മെ അതിശയിപ്പിക്കുന്ന നിർമിതികളായത്? എങ്ങനെയാണ് ഈ അടിത്തട്ടു വർഗങ്ങൾ കുടുംബത്തെ കലാശാലകളാക്കി മാറ്റി അറിവ് കൈമാറ്റം ചെയ്തത്? അറിവും അതിന്റെ പ്രയോഗവും എങ്ങനെ അവിടെ രണ്ടായി പിളർക്കാതെ സംരക്ഷിക്കപ്പെടുന്നു? എങ്ങനെ ഈ നിർമിതികൾ പ്രാദേശിക ഭൂമി, കാലാവസ്ഥ ഇവയുമായി സമരസപ്പെടുന്നു? എന്നിങ്ങനെ നാട്ടറിവും ആധുനിക അറിവുവ്യവസ്ഥയും തമ്മിലുള്ള വിപരീതാവസ്ഥയെ ആശാരി മുറ്റത്തെ സർവ്വകലാശാലയെന്നു വിളിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.
നാട്ടറിവുകൾ എപ്രകാരം അധിനിവേശ ശക്തികൾ കൈക്കലാക്കി പേറ്റന്റ് വൽക്കരിച്ച് ഉത്തമവും സമ്പൂർണവുമായ അറിവാക്കി - ചരക്കാക്കി ആഗോള ജൈത്രയാത്ര നടത്തുന്നു എന്ന് കാട്ടുന്നതിലൂടെ അറിവും മൂലധനത്തവും (capitalism) തമ്മിലുള്ള ബന്ധം അദ്ദേഹം വേർതിരിച്ചു കാട്ടിത്തന്നു. മഞ്ഞളും വേപ്പും അന്താരാഷ്ട്ര കമ്പനികൾ അവരുടെ നൂതന വിജ്ഞാനങ്ങളാക്കി മാർക്കറ്റിലെത്തിക്കുമ്പോൾ നാം വീണ്ടും വിദഗ്ധമായി കബളിപ്പിക്കപ്പെടുകയും സ്വയം വിലകെട്ടവരായി നിൽക്കുകയും ചെയ്യുന്നു. അറിവിന്റെ സാമൂഹ്യമായ ഉല്പാദനത്തെ ആധുനിക മൂലധന സമൂഹം സ്വകാര്യവൽക്കരിക്കുകയും അതുവഴി നാട്ടറിവുകളെ തട്ടിയെടുത്തതിനു ശേഷം, ‘വയനാടൻ ചുരം കണ്ടെത്തിയ കരിന്തണ്ടനെ’ കൊന്നതു പോലെ, ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നത് തുടരുമ്പോൾ സി.ആറിന്റെ പ്രസക്തി വർധിക്കുകയാണ്.
മുകളിൽ നിന്ന് അധികാരത്താൽ അടിച്ചേൽപ്പിക്കുന്ന പുരുഷ കേന്ദ്രീകൃതവും ഹിംസാത്മകവുമായ വികസനത്തിനുപകരം ജീവിത സന്തുഷ്ടിയെ പുരോഗതിയുടെ മർമത്തിൽ കുടിയിരുത്തുന്ന കീഴാള സമഗ്ര ദർശനത്തിന്റെ തെളിനീരോട്ടമായി നാട്ടറിവുകളെ സി.ആർ. ഉൾക്കൊണ്ടു. നേരെ മറിച്ച് മറ്റു പല ഫോക് ലോറിസ്റ്റുകളും മ്യൂസിയത്തിലെ പ്രദർശന വസ്തുക്കളോടുള്ള ഗൃഹാതുരത്വ അടുപ്പമാണ് നാട്ടറിവുകളോട് പുലർത്തിയത്. പുരാവസ്തു ശാലയിലെന്നപോലെ പ്രാക് സ്മൃതികളുണർത്തുന്ന കൗതുകങ്ങളാണ് അത്തരക്കാർക്ക് നാട്ടറിവ്. എന്നാൽ ആധുനിക ലോകം എത്തി നിൽക്കുന്ന പ്രതിസന്ധികൾക്ക് നാട്ടറിവുകൾ എന്തു പരിഹാരം നൽകുന്നു എന്ന അന്വേഷണമായിരുന്നു മാഷിന്റേത്. കളിമണ്ണു കുഴച്ച് ജി. ശങ്കറും യുജിൻ പണ്ടാലയും നിർമ്മിക്കുന്ന കെട്ടിടങ്ങൾ നോക്കുക, നാട്ടുസമൂഹങ്ങളുടെ വർണ്ണ വരകളെ ആവാഹിക്കുന്ന രാമചന്ദ്രന്റെ പെയിന്റിംഗുകൾ കാണുക, നാട്ടുതാള പദങ്ങൾ കിനിയുന്ന കടമ്മനിട്ടയുടെയും വിനയചന്ദ്രന്റെയും കവിതകൾ കേൾക്കുക, മക്ഡൊണാൾസിന്റെ ഫാസ്റ്റ് ഫുഡിനെതിരെ റാഗി കൊണ്ടു മൂന്നാറിലെ ആദിവാസി തീർക്കുന്ന നാട്ടുവിഭവം രുചിക്കുക, മാഞ്ചസ്റ്ററിലെ തുണിമില്ലിനെതിരെ അന്ന്, പൊടി പിടിച്ച ചർക്കയെടുത്ത് നൂൽ നൂറ്റ് സമരം ചെയ്ത ഗാന്ധിയെ ഓർക്കുക, ഇന്ന് ജി.എം. പരുത്തിയാൽ നിർമ്മിച്ച ദേശീയ പതാകയ്ക്കു പകരം നാടൻ പരുത്തി വിത്തു കൃഷി ചെയ്ത് അതുകൊണ്ട് ദേശീയ പതാകയുയർത്തുന്ന നെയ്ത്തുകാരെ അറിയുക, ഹരിത വിപ്ലവത്തിന്റെ അധിനിവേശത്താൽ ചവിട്ടിത്താഴ്ത്തപ്പെട്ട ആയിരക്കണക്കിനു നാട്ടു നെല്ലിനങ്ങൾ സംരക്ഷിക്കാൻ ബംഗാളിലെ ആദിവാസി ഊരുകളിലേയ്ക്കു പോയി അവയെ നിധിപോലെ കണ്ടെടുക്കുന്ന ദെബൽ ദേബിനെ സന്ദർശിക്കുക - ഇവിടെയെല്ലാം ജീവിതത്തിന്റെ സമസ്ത രംഗത്തും അതിജീവന തന്ത്രമായി, സി.ആർ മരണം വരെ ഉദ്‌ഘോഷണം ചെയ്ത നാട്ടറിവിന്റെ കാലികമായ പ്രകാശനം അനുഭവിക്കാം.
നാട്ടറിവുകളെ സംഘടിത മതത്തിൽ നിന്നും സങ്കുചിതമായ പ്രാദേശിക-ദേശീയ അധികാര ചിന്തയിൽ നിന്നും അന്ധബോധങ്ങളിൽ നിന്നും രാജഗോപാൽ മാഷ് വേർപ്പെടുത്തി, അവയെ നാട്ടുകൂട്ടായ്മയുടെ അധികാര ലഹരി തീണ്ടാത്ത ഉത്സവമായി കണ്ടു. അവയുടെ പ്രദേശികതയെ കീഴാള സാർവ്വദേശീയതയുമായി വിളക്കി ചേർത്തു. മാത്രമല്ല കീഴാള വിജ്ഞാനം കൊണ്ട് മേലാള വിജ്ഞാനത്തിന്റെ ഹിംസാത്മകതയെ നിർവീര്യമാക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. നാട്ടറിവുകളുടെ അതേപടിയുള്ള പുനരാവിഷ്‌ക്കാരമല്ല പകരം സമകാലികപ്രതിസന്ധികൾക്ക് അവയിൽ നിന്ന്പരിഹാരങ്ങൾ കണ്ടെത്തുക എന്നതായിരുന്നു അത്. Marxism and Native Americans എന്ന കൃതിയിൽ തദ്ദേശീയ അമേരിക്കൻ അറിവുകളും മാർക്‌സിയൻ കാഴ്ചപ്പാടും തമ്മിലുള്ള ഒരു സംവാദം നടക്കുന്നുണ്ട്. ഇതിൽ ആദ്യ കാല കാഴ്ചപ്പാടുകളിൽ നിന്നും വ്യതിരിക്തമായി പ്രാദേശിക അറിവുകളെയും ജീവിതത്തെയും മാർക്‌സ് എങ്ങനെ വിലമതിച്ചിരുന്നു എന്നു പറയുന്നുണ്ട്.
തദ്ദേശീയ സമൂഹങ്ങളും അവരുടെ ഉല്പാദന രീതികളും അപരിഷ്‌കൃതവും ഉയോഗ ശൂന്യവും എന്ന യൂറോപ്യൻ വരേണ്യ മുൻവിധിയെ കൈയൊഴിഞ്ഞ്, മൂലധന അധിനിവേശത്തെ തടയുന്നതിൽ തദ്ദേശീയ വിജ്ഞാനത്തിന്റെ പങ്കിനെ മാർക്‌സ് തിരിച്ചറിയുകയുണ്ടായി. ലോകം മുഴുവൻ യൂറോപ്പിനെ പോലെ വികസനത്തിന്റെ പല ഘട്ടങ്ങളിലൂടെ കടന്നുപോകണം എന്ന യാഥാസ്ഥിതിക ചരിത്രബോധത്തെയും അദ്ദേഹം സംശയിച്ചിരുന്നു. എന്നാൽ പിൽക്കാല മാർക്‌സിനേക്കാൾ ആദ്യകാല മാർക്‌സിൽ നിന്നും യാന്ത്രികമായ ചരിത്ര വീക്ഷണം പിൻപറ്റിയ ഇടതു സമൂഹങ്ങൾ തദ്ദേശീയ അറിവുകളെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് ഇടേണ്ടതാണെന്നു ഇപ്പോഴും മൂലധന വ്യവസ്ഥയെ പോലെ കരുതുന്നു. എന്നാൽ മൂലധന വ്യവസ്ഥ ഏൽപ്പിക്കുന്ന നൈതികവും പാരിസ്ഥിതികവുമായ ആപത്തുകളെ തടയാൻ മനുഷ്യർ തമ്മിലും പുറം ലോകവുമായും സഹവർത്തിത്വം അനുശീലിക്കുന്ന നാട്ടറിവുകൾ നമുക്ക് ഇന്നു തുണയാകുന്നു. അതിനായി സ്വജീവിതം സമർപ്പിച്ച മാഷിന് അന്ത്യാഞ്ജലി.