രാജഗോപാലൻ മാഷിന്റെ വേർപാട്​; മരണം എന്ന യാഥാർത്ഥ്യം എന്നെ വന്ന് തൊട്ട അപൂർവ്വം അവസരങ്ങളിലൊന്ന്​

രാജഗോപാലൻ മാഷ് ഇനിയില്ല എന്ന അറിവ് കുറെ നേരത്തേക്ക് എന്നെ മൗനിയാക്കുകയും വിഷമിപ്പിക്കുകയും ചെയ്തു. ഏതുനിമിഷവും സങ്കടം അണപൊട്ടിയേക്കാവുന്ന അവസ്ഥ. മരണം എന്ന യാഥാർത്ഥ്യം എന്നെ വന്ന് തൊട്ട അപൂർവ്വം അവസരങ്ങളിലൊന്നായിരുന്നു അത്.

രുമാകട്ടെ- ചിലർ ജീവിതത്തിലെ ഇടപെടലുകൾ കൊണ്ട് ഗുരുത്വത്തിലേക്കുയരുന്നു, മറ്റു ചിലർ ഗുരുത്വത്തിൽ നിന്ന് താഴോട്ട് പതിക്കുന്നു. കേവലം ഒരു അധ്യാപകനിൽ നിന്ന് ഗുരുത്വത്തിലേക്ക് ഉയർന്ന ആളായിരുന്നു എനിക്ക് ഡോ. സി.ആർ. രാജഗോപാലൻ. അതുകൊണ്ടുതന്നെ സാർ, മാഷ് എന്ന വാക്കുകൾക്കപ്പുറം ഗുരു, വഴികാട്ടി എന്ന് ഹൃദയത്തിൽ ചേർത്തു വെയ്ക്കുന്നു.

വിരലിലെണ്ണാവുന്നവരെ ഇങ്ങനെ എന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചിട്ടുളളു.
രാജഗോപാലൻ മാഷ് ഇനിയില്ല എന്ന അറിവ് കുറെ നേരത്തേക്ക് എന്നെ മൗനിയാക്കുകയും വിഷമിപ്പിക്കുകയും ചെയ്തു. ഏതുനിമിഷവും സങ്കടം അണപൊട്ടിയേക്കാവുന്ന അവസ്ഥ. മരണം എന്ന യാഥാർത്ഥ്യം എന്നെ വന്ന് തൊട്ട അപൂർവ്വം അവസരങ്ങളിലൊന്നായിരുന്നു അത്. നാട്ടറിവിന്റെ പെരുന്തച്ചൻ, നാട്ടറിവിനെ സൈദ്ധാന്തികതലത്തിൽ ഉയർത്തിയയാൾ എന്നിങ്ങനെ പല വിശേഷണങ്ങളും കേട്ടിരുന്നു. പുസ്തകങ്ങളും ലേഖനങ്ങളും വായിച്ചിരുന്നു. പക്ഷേ നേരിട്ട് പരിചയപ്പെടാനുള്ള സാഹചര്യം ഒന്നുമുണ്ടായിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് മലയാളത്തിൽ ബിരുദാനന്തര ബിരുദം ഞാൻ നേടുന്നത്, ഒപ്പം നെറ്റും. ഒരുപാട് നാളായിട്ടുള്ള ആഗ്രഹമായിരുന്നു വിഷവൈദ്യത്തിൽ ഗവേഷണം ചെയ്യുക എന്നത്. ചെറുഗവേഷണങ്ങൾ ഈ വിഷയത്തിൽ മുമ്പ് ചെയ്തിരുന്നു എങ്കിലും.

പിഎച്ച്ഡി ചെയ്യാൻ ഒരു മാർഗദർശി ആവശ്യമായിരുന്നു. അതിനായി മുട്ടാത്ത വാതിലുകളില്ല. ഒടുക്കം മുതിർന്ന സുഹൃത്തായ അധ്യാപകൻ ഒരു ഗൈഡിനെ കണ്ടെത്തിത്തന്നു. എന്റെ വിഷയത്തിലുള്ള താല്പര്യത്തെക്കാൾ അദ്ദേഹം അളന്നത് സ്ഥാവര- ജംഗമ വസ്തുക്കളുടെ കണക്കായിരുന്നു. സ്വന്തമായി കാർ ഉണ്ടോ? സ്വന്തമായി വീടുണ്ടോ എന്ന് തുടങ്ങി ഒരായിരം ചോദ്യങ്ങൾ. എന്നിട്ടും ഞാൻ പിടിച്ചു നിന്നു. എത്ര കഷ്ടപ്പെട്ടിട്ടായാലും വേണ്ടില്ല ഗവേഷണം ചെയ്യുക എന്നത് എന്റെ സ്വപ്നമായിരുന്നു. ഭർത്താവിൽനിന്ന് കൂടി ഉറപ്പു വേണമെന്നായി അധ്യാപകൻ. അങ്ങനെ പങ്കാളിയെയും കൂട്ടി പിറ്റേന്ന് അധ്യാപകനെ ചെന്നു കണ്ടു. "ഫീൽഡ്‌വർക്കുള്ള ഗവേഷണമാണ്, പലപ്പോഴും ദൂരെയൊക്ക യാത്ര ചെയ്യേണ്ടിവരും കൂടെ പോകാൻ തനിക്ക് സാധിക്കുമോ?' എന്നായി അധ്യാപകൻ. "ഇവളുടെ ഇഷ്ടം. ഇവൾ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവളാണ്, ആരും കൂട്ടു വേണ്ടത്തവളാണ്' എന്ന് സുനിൽ മറുപടി പറഞ്ഞു. അതിനുശേഷമാണ് എന്റെ സിനോപ്‌സിസ് അദ്ദേഹം വാങ്ങി നോക്കിയത് തന്നെ.

സി.ആർ. രാജഗോപാലൻ

ഇതറിഞ്ഞപ്പോൾ ഇങ്ങനെ റെയിൽപാളത്തിൽ തലകൊണ്ട് വെയ്ക്കല്ലേ എന്ന് പ്രിയ സുഹൃത്തുക്കൾ വിലക്കി.
അങ്ങനെയിരിക്കുമ്പോഴാണ് മഹാത്മാഗാന്ധി സർവകലാശാലയിൽ പിഎച്ച്ഡിക്ക് അപേക്ഷ ക്ഷണിച്ചത് ശ്രദ്ധയിൽ പെടുന്നത്. അപേക്ഷിക്കേണ്ട അവസാന തീയതിക്ക് രണ്ട് ദിവസം മാത്രം. കേരള സാഹിത്യ അക്കാദമിയിൽ ഡോ. സി.ആർ. രാജഗോപാലൻ മാഷിന് ഒഴിവുണ്ട്. എങ്ങനെ വിളിച്ചു ചോദിക്കുമെന്നായി. മുന്നനുഭവം എന്നെ ചിന്താകുലയാക്കി. എങ്കിലും ആവശ്യക്കാർക്ക് ഔചിത്യമില്ല എന്ന നയം മനസ്സിലുറപ്പിച്ച് അങ്ങ് വിളിച്ചു.
സ്വയം പരിചയപ്പെടുത്തി വിഷയം മാത്രമേ പറഞ്ഞുള്ളു. അപ്പോഴേക്കും മാഷ് സമ്മതം തന്നു. പക്ഷേ മുന്നിൽ രണ്ടു ദിവസം മാത്രം. ഫീസടയ്ക്കൽ, അക്കാദമിയിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങൽ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ രണ്ടു ദിവസംകൊണ്ട് നടത്തിയെടുക്കണം. അതിനൊപ്പം മാഷുടെ സമ്മതപത്രം വേണം. കോഴിക്കോടുളള എനിക്ക് തിരുവനന്തപുരത്ത് പോയി സമ്മതപത്രം വാങ്ങുക എന്നത് അത്ര എളുപ്പമായിരുന്നില്ല. മറ്റുപലകാര്യങ്ങളും കൂടെ നടത്തേണ്ടതുണ്ട്. പ്രശ്‌നം മടിച്ചുമടിച്ച് അവതരിപ്പിച്ചു. ആദ്യം ഒപ്പിട്ട് സ്‌കാൻ ചെയ്ത് സമ്മതപത്രം ഇ-മെയിലായി അയച്ചുതരികയും തുടർന്ന് തപാലിൽ അയച്ചുതരികയും ചെയ്തു മാഷ്. അതൊരു മനുഷ്യനെ തിരിച്ചറിയലായിരുന്നു.

രാജഗോപാലൻ മാഷുടെ മാർഗ്ഗനിർദ്ദേശത്തിൽ ആദ്യമായി പിഎച്ച്ഡി നേടിയ ഡോ ഇ. ഉണ്ണികൃഷ്ണനോട് മാഷേപ്പറ്റി അന്വേഷിച്ചു. ആത്മാർത്ഥമായി ഗവേഷണം ചെയ്യുമെന്നുളളറപ്പുളളവരെ മാഷ് സ്വതന്ത്രമായി വിടുമെന്നായിരുന്നു ഉണ്ണിമാഷിന്റെ പ്രതികരണം. അത് സത്യവുമായിരുന്നു. എന്റെ ഗവേഷണ കാലത്തൊരിക്കലും മാഷ് അത്യാവശ്യമാർഗ്ഗ നിർദ്ദേശങ്ങൾ തന്നതല്ലാതെ ഒരിക്കലും ബുദ്ധിമുട്ടിച്ചില്ല. മാത്രമല്ല പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മാഷിന്റെ നേതൃത്വത്തിൽ നടത്തിയ നാട്ടറിവ് സെമിനാറുകളിലെല്ലാം എനിക്ക് അവസരം തന്നു. ഒരു അന്താരാഷ്ട്ര കോൺഫറൻസിന്റെ ഏകോപനച്ചുമതലയും എനിക്കു തന്നു.

എന്റെ ഗവേഷണം അവസാനിക്കാറായപ്പോഴേക്കും മാഷ് വിരമിക്കുകയും സുഖമില്ലാതാവുകയും ചെയ്തിരുന്നു. പ്രീ സബ്മിഷൻ വൈവയിലും ഓപ്പൺ ഡിഫൻസിലും മാഷിന് പങ്കെടുക്കാൻ ആരോഗ്യം സമ്മതിച്ചിരുന്നില്ല. സുഹൃത്തുകൂടിയായ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിലെ ഡോ. പി.എസ്. രാധാകൃഷ്ണൻ സാറെയാണ് പകരം ചുമതലപ്പെടുത്തിയത്. അതിന്റെ കാര്യങ്ങളെല്ലാം യൂണിവേഴ്‌സിറ്റിയിലും മറ്റും അറിയിച്ചതും മാഷ് തന്നെയായിരുന്നു.
മാഷ് ഒരിക്കലും സുഖമില്ലാത്തൊരാളായി ഇരിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. എപ്പോഴും ഊർജ്ജസ്വലനായിരിക്കാൻ ശ്രമിച്ചു. പഴയതിനേക്കാൾ പ്രസരിപ്പോടെ തിരിച്ചുവരും എന്ന് മാഷ് പ്രതീക്ഷിച്ചു.

പക്ഷാഘാതത്തിനുളള ചികിത്സക്കിടയിൽ സൈലന്റ് അറ്റാക്ക് വന്നത് മാഷെ അറിയിച്ചിട്ടില്ലെന്ന് ജീവിതപങ്കാളി ശീതൾ പറഞ്ഞിരുന്നു. അതുകൊണ്ട് ചികിത്സ വേഗത്തിലാക്കാൻ പ്രയാസമാണെന്നും. എങ്കിലും മാഷ് വായിച്ചു, എഴുതി, പുറംലോകത്ത് നിറഞ്ഞു നിന്നു. എല്ലാ അർത്ഥത്തിലും മാഷോടൊപ്പം ചേർന്നു നിന്നു ശീതൾ. എന്നിട്ടും ഒരിക്കൽ സംസാരത്തിനിടെ ഏറ്റവും വലിയ വിഷമത്തെപ്പറ്റി മാഷ് പറയുകയുണ്ടായി. അത് ഒറ്റയായിപ്പോകാവുന്ന ശീതളിനെക്കുറിച്ചായിരുന്നു.

സുഹൃത്തുക്കളിൽ നിന്നും ശിഷ്യരിൽ നിന്നുമാണ് മാഷുടെ വ്യക്തിജീവിതത്തെ പറ്റി അറിഞ്ഞത്. പല നഷ്ടങ്ങൾ, തകർച്ച അതിൽ നിന്നെല്ലാം മാഷ് അതിജീവിച്ചു. നാട്ടറിവിനു വേണ്ടി ജീവിച്ചൊരാൾ. അരികുസത്യങ്ങളായ ആദിവാസികളുടെയും ഗ്രാമീണരുടെയും ജനദേശീയതയെ വിളംബരപ്പെടുത്തുന്ന ഒരു നവീന പ്രസ്ഥാനമാണ് നാട്ടറിവ് എന്ന് സി.ആർ. രാജഗോപാലൻ മാഷ് എഴുതി. പ്രാദേശികതയിൽ അദ്ദേഹം നാട്ടറിവിനെ തിരഞ്ഞു. അധികാര കേന്ദ്രീകൃതമായ ജ്ഞാനവ്യവസ്ഥയിൽ നിന്ന് നാട്ടറിവിനെ സ്വതന്ത്രമാക്കാൻ അദ്ദേഹം നിരന്തരം ശ്രമിച്ചു. ഏതു നിമിഷവും പടിഞ്ഞാറൻ കാറ്റിനെ പ്രതിരോധിക്കാൻ പഠിപ്പിച്ചുകൊണ്ടിരുന്നു.

നാട്ടറിവുകളുടെ കാവലാളാകാൻ ഇതുപോലൊരു മനുഷ്യൻ ഇനി എവിടെ? ഒപ്പം മനുഷ്യൻ എന്ന അർത്ഥത്തിലൊരു മനുഷ്യനും?
മാഷേ, വിട.


മൈന ഉമൈബാൻ

കഥാകൃത്ത്, നോവലിസ്റ്റ്, എഴുത്തുകാരി. മമ്പാട് എം. ഇ.എസ് കോളേജിൽ മലയാള വിഭാഗം മേധാവി. ചന്ദനഗ്രാമം, വിഷചികിത്സ, ആത്മദംശനം, പെൺനോട്ടങ്ങൾ, ഒരുത്തി, ഹൈറേഞ്ച് തീവണ്ടി എന്നിവ പ്രധാന പുസ്തകങ്ങൾ

Comments