എന്റെ ജീവനെ ചുറ്റുന്ന കാറ്റിൽ, രാത്രിയിൽ വിരിയുന്ന നിലാവിൽ, പൊഴിയുന്ന മഴയിൽ, ഒഴുകുന്ന പുഴയിൽ നിറഞ്ഞിരിക്കുന്ന മധുരശബ്ദം. എന്റെ ജീവിതത്തിന്റെ പല സന്ദർഭങ്ങളിലും പശ്ചാത്തലമായി ശ്രുതി മീട്ടിയ ഈണം. അതാണ് എസ്.പി.ബി. അദ്ദേഹത്തിന്റെ പാട്ടുകളെ വസ്തുനിഷ്ഠമായി വിലയിരുത്താനുള്ള അകലമില്ല. ഓർമ വെച്ചപ്പോൾ മുതൽ കാലാകാലമായി നമ്മുടെ തന്നെ സത്തയുടെ ഭാഗമായിരിക്കുന്ന ഒന്നിനെ വിശകലനം ചെയ്യുവതെങ്ങിനെ? അതുകൊണ്ട് തികച്ചും ആത്മനിഷ്ഠമാണ് ഈ എഴുത്ത്.
എസ്.പി.ബി മരിച്ചപ്പോൾ വീട്ടിലാരോ മരിച്ചതുപോലെയുള്ള ഡിപ്രഷനിലാണ്ടു മനസ്സ്. ഒരു പക്ഷെ ഇന്ത്യയിലൊരുപാട് പേർ ഇങ്ങിനെയൊരു അവസ്ഥയിലൂടെയായിരിക്കും കടന്നുപോയിട്ടുണ്ടാവുക. ഇന്ന് ലോകത്ത് മനുഷ്യർ കേൾക്കുന്ന ശബ്ദത്തിൽ കേവലം ഒരു ശതമാനം മാത്രമെ ലൈവ് ആയ ശബ്ദമുള്ളൂ എന്നും ബാക്കി തൊണ്ണൂറ്റിഒൻപത് ശതമാനവും ആലേഖിത ശബ്ദമാണെന്നുമാണ് കണക്കുകൾ പറയുന്നത്. ശബ്ദലേഖനമാണ് ഈ ലോകത്തെ ഏറ്റവും മഹത്തായ കണ്ടുപിടിത്തമെന്ന് തോന്നിപ്പിക്കുന്ന, ഗായകന്റെ ശരീരം മറഞ്ഞിട്ടും ശാരീരം നമ്മുടെ കൂടെയുണ്ടാകാനുതകിയ റെക്കോഡിംഗ് സംവിധാനത്തിന് നന്ദി പറയേണ്ട അവസരമാണിത്.
ആയിരം നിലവേ വാ
ഇരിഞ്ഞാലക്കുട പയനിയർ, കോന്നി എന്നീ തീയറ്ററുകളിൽ തമിഴ് സിനിമ കാണുമ്പോൾ കേട്ടുതുടങ്ങിയ പാട്ടുകൾ മനസ്സിൽ കേറി. പിന്നെ അത് ആകാശവാണിയുടെ കഷ്ടപ്പെട്ട് ട്യൂൺ ചെയ്ത കോയമ്പത്തൂർ, മദ്രാസ്, വിവിധ്ഭാരതി നിലയങ്ങളിൽ നിന്ന് വൈകുന്നേരം നാലരയ്ക്കുള്ള ശ്രീലങ്ക ഒലിപരപ്പിൽ നിന്ന് പിടിച്ചെടുക്കുന്ന ഒലിയലകളായി ഉയർന്നും താഴ്ന്നും അലയടിച്ചുകൊണ്ടിരുന്നു.
റേഡിയോ മാത്രമുണ്ടായിരുന്ന കാലം കഴിഞ്ഞ് കാസറ്റ്, സി.ഡി കാലത്തിലും എസ്.പി.ബി ഹൃദയം തൊട്ട് പാടിക്കൊണ്ടിരുന്നു. അമ്മൂമ്മ ചൊല്ലുമായിരുന്ന ശിവസ്തുതി - ബ്രഹ്മമുരാരിസുരാർച്ചിതലിംഗം- എസ്.പി.ബിയുടെ ശബ്ദത്തിൽ കേട്ടപ്പോൾ ഭക്തിക്ക് പുതിയ മാനങ്ങൾ വന്നു. പക്ഷെ അന്നൊന്നും ആ ത്രയക്ഷരി മനസ്സിൽ പതിഞ്ഞിരുന്നില്ല.
1969ൽ ശാസ്ത്രം മനുഷ്യനെ ചന്ദ്രനിലെത്തിച്ചു. അതേവർഷം തന്നെയാണ് ചാന്ദ്രവെളിച്ചത്തെ ഭൂമിയിലേക്കാനയിച്ച് എസ്.പി.ബി എന്ന ഗായകൻ ആയിരം നിലവേ വാ എന്ന പാട്ട് പാടുന്നത്. ആ പാട്ട് പാടാൻ സന്ദർഭം കിട്ടിയതിനെക്കുറിച്ച് എസ്.പി.ബി പല അഭിമുഖങ്ങളിലും പറഞ്ഞുകേട്ടിട്ടുണ്ട്. പനി പിടിച്ചതുകൊണ്ട് പാട്ട് ആദ്യം എടുക്കാൻ തീരുമാനിച്ച ദിവസം റെക്കാർഡ് ചെയ്യാൻ സാധിച്ചില്ല. ഒരു മാസത്തിനപ്പുറം ആ പാട്ട് തന്നെക്കാത്തിരിക്കുന്നുണ്ടെന്നത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ‘ഈ പാട്ട് പാടുന്നുവെന്ന് നീ കൂട്ടുകാരോടും സഹപാഠികളോടും പറഞ്ഞിട്ടുണ്ടാവും, പിന്നെ അത് വേറെ ആൾ പാടിയാൽ, നീ പാടുന്നത് മോശമായതു കൊണ്ടാണ് എന്നൊരു പ്രതീതി ഉണ്ടാകും, അത് നിന്റെ ഭാവിയെ ബാധിക്കും,അതുകൊണ്ട് ഞങ്ങൾ കാത്തിരുന്നു' എന്നു പറഞ്ഞത്രെ ആ പടത്തിന്റെ (അടിമൈപ്പെൺ) നായകനും നിർമ്മാതാവുമായ എം.ജി.ആർ.
എം.ജി.ആർ അന്ന് കാണിച്ച കരുണയും സഹജീവിപരിഗണനയും തന്നെയാണ് എസ്.പി.ബിയെ ജീവിതത്തിലുടനീളം നയിച്ചത് എന്നു കാണാം. കൂടെ പാടുന്നവരോട്, ഓർക്കസ്ട്രക്കാരോട്, കാണികളോട് എല്ലാം സ്‌നേഹാദരങ്ങളോടെ അദ്ദേഹം പെരുമാറി. തനിക്കുമുമ്പേ നടന്നവരെ ആദരിച്ചു. കൂടെ പാടുന്നവരെ അഭിനന്ദിച്ചു. പിമ്പേ വരുന്നവരെ പ്രോത്സാഹിപ്പിച്ചു. തന്റെ ആദ്യഗാനത്തിന്റെ റെക്കോഡിസ്റ്റായ സ്വാമിനാഥനെ സ്വന്തമായി സ്റ്റുഡിയോ സ്ഥാപിച്ചപ്പോൾ ചീഫായി നിയമിച്ചു. നുഷ്യർ മാത്രമല്ല, ഉപകരണങ്ങൾ കൂടി ചേർന്നാണ് പാട്ടുണ്ടാകുന്നത് എന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ വിശാലമനസ്‌കത നാമറിയുന്നു.
ആയിരം നിലവേ വാ എന്നത്തേയും പ്രിയപ്പെട്ട നിലാപ്പാട്ടായി.
1969ൽ തന്നെയാണ് മലയാളത്തിലെ ആദ്യ എസ്.പി.ബി പാട്ട് പിറക്കുന്നത്. കടൽപ്പാലത്തിനുവേണ്ടി ദേവരാജന്റെ സംഗീതത്തിൽ ഈ കടലും മറുകടലും എന്ന ദുഃഖവും സാമൂഹ്യസ്ഥിതിയുടെ ജീർണ്ണതയും എല്ലാം ഉൾച്ചേർന്ന പാട്ട്. അതിൽ മനുഷ്യനെ മാത്രം കണ്ടില്ല എന്നു പാടുന്നിടത്ത് സങ്കടം കലർന്ന ഒരു ചിരി ചിരിക്കുന്നുണ്ട് അദ്ദേഹം. ആ ചിരി ആ പാട്ടിന് ഉയർന്ന മാനങ്ങൾ നൽകി. ആർ.കെ. ശേഖറാണ് തന്നെ ദേവരാജന് പരിചയപ്പെടുത്തിയത് എന്നദ്ദേഹം പറഞ്ഞുകേട്ടിട്ടുണ്ട്.
1969ൽ ഇറങ്ങിയ മറ്റൊരു പാട്ടും എനിക്കേറെ പ്രിയമാണ്. സുശീലയുടെ കൂടെ ചേർന്ന് പാടിയ ഇയർക്കൈ എനും ഇളയ കന്നി എന്ന യുഗ്മഗാനം. ശരിക്കുമൊരു എം.എസ്. വിശ്വനാഥൻ മുദ്ര പതിഞ്ഞ ഗാനം. തിത്തിതാം തിത്തിത്താം എന്ന തന്റെ പ്രിയ താളത്തിൽ ചെയ്ത, കേൾക്കുന്നവരെക്കൊണ്ട് താളം പിടിപ്പിക്കുന്ന ഒരു ടിപ്പിക്കൽ MSV foot tapping നമ്പർ. 1969 ൽ പാടിയ ഈ മൂന്നു ഹിറ്റ് ഗാനങ്ങൾ മൂന്നു ഴോനറിൽപ്പെട്ടതാണെന്നു കാണാം. ഒന്ന് കാമപരവശത നിറഞ്ഞ ഒരു പ്രണയാർദ്രഗാനം. മറ്റൊന്ന് ദർശനപരമായ ഒരു വിഷാദഗാനം. ഇനിയുമൊന്ന് താളാത്മകമായ ഒരു പ്രേമഗാനം.
എന്നടി മീനാച്ചി നീ സൊന്നത് എന്നാച്ച്
തമിഴിൽ പാടിത്തുടങ്ങുന്നതിനു മുൻപ് 1966 ൽ തെലുങ്കിൽ പാടിക്കൊണ്ടാണ് എസ്.പി.ബി തന്റെ ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. അതിനും മുമ്പുള്ള - അതായത് 1960-61 കാലഘട്ടത്തിൽ നടന്ന - ഗാനമേളകളെയും സംഗീതനാടകങ്ങളെയും കുറിച്ചുള്ള അനുഭവങ്ങളിൽ കൗതുകകരമായ ഒന്നിതാണ്. സ്വന്തം നാടായ നെല്ലൂരിൽ ഗാനമേളകളും നാടകങ്ങളും സംഘടിപ്പിച്ചിരുന്ന കാലത്ത് ബോങ്കോസ് ഉണ്ടാക്കിയെടുത്ത കഥ.
അന്ന് ആധുനികമായിരുന്ന ആ ഉപകരണം വാങ്ങാനുള്ള സമ്പത്തികശേഷി ഉണ്ടായിരുന്നില്ല. അദ്ദേഹവും കൂടെ പാടുന്ന നാഗരാജുവും കൂടി ഇരുളർ എന്ന ആദിവാസി വിഭാഗത്തിലുള്ള ചിലരെ കാണുന്നു. അവരുടെ കയ്യിൽ നിന്നും ചത്ത മൃഗങ്ങളുടെ കഴുകിയുണക്കിയ തോല് വാങ്ങുന്നു. ആ തോല് രണ്ട് ഡാൽഡ ഡബ്ബകളുടെ വശങ്ങളിൽ കയറുകൊണ്ട് വരിഞ്ഞ് പിടിപ്പിച്ച് നാടൻ ബോങ്കോസ് ഉണ്ടാക്കുന്നു. നാടകം കാണാനെത്തിയ സംഗീതസംവിധായകൻ രാജേശ്വര റാവു ആ ബോങ്കോസ് കണ്ട് അഭിനന്ദിച്ചതും ആശീർവദിച്ചതും ഒരു സംഭാഷണത്തിൽ ഓർത്തെടുക്കുന്നുണ്ട് എസ്.പി.ബി.
1979ലോ മറ്റോകോന്നി തീയറ്ററിൽ കണ്ട ഇളമൈ ഊഞ്ചൽ ആടുകിറത് എന്ന സിനിമയിലെ ഒരേ നാൾ ഉനൈ നാൻ എന്ന പാട്ട് കാണാപാഠമായി. ആ സിനിമയിൽ തന്നെ ഉള്ള എന്നടി മീനാച്ചി നീ സൊന്നത് എന്നാച്ച് എന്ന പാട്ടിൽ എന്റെ പേരു വരുന്നുവെന്നതിൽ ഗൂഢമായി ആനന്ദിച്ചു. ഇളയരാജ - എസ്.പി.ബി യുഗം തുടങ്ങുകയായിരുന്നു. അവരൊന്നിച്ചൂള്ള ആദ്യ പാട്ട് -നാൻ പേസ വന്തേൻ - യുഗ്മഗാനം ജാനകിയുടെ കൂടെ (പാലൂട്ടി വളർത്ത കിളി, 1976)- ആയിരുന്നു. പിന്നെയും ആ കൂട്ടുകെട്ടിൽ ചില പാട്ടുകളിറങ്ങിയെങ്കിലും പോപ്പുലറായത് ഇളമൈ ഊഞ്ചൽ ആടുകിറത് എന്ന സിനിമയിലെ പാട്ടുകളായിരുന്നു. ഇളയരാജയെ പരിചയപ്പെട്ടത് സംവിധായകൻ ഭാരതീരാജ വഴിയായിരുന്നുവെന്നും പരിചയപ്പെട്ട ആദ്യസന്ദർഭത്തിൽ ഡോക്ടർ ഷിവാഗൊ എന്ന ചിത്രത്തിലെ വിശ്വപ്രസിദ്ധമായ മ്യൂസിക് ബിറ്റാണ് അദ്ദേഹം ഹാർമോണിയത്തിലും പിന്നെ ഗിറ്റാറിലും വായിച്ചത് എന്നുമോർത്തെടുക്കുന്നുണ്ട് എസ്.പി.ബി ഒരഭിമുഖസംഭാഷണത്തിൽ.
ഹം ബനെ തും ബനെ ഏക് ദൂജേ കേലിയെ
എൺപതുകളുടെ തുടക്കത്തിൽ - ഞാൻ എഞ്ചിനീയറിങ്ങിനു പഠിക്കുകയായിരുന്നു അപ്പോൾ - ഇന്ത്യൻ സിനിമാചരിത്രത്തിലെ രണ്ടു പ്രധാനപ്പെട്ട ചിത്രങ്ങൾ ഇറങ്ങുന്നു. ഒന്ന് ശങ്കരാഭരണം. അതിലെ ഓംകാരനാദാനു, ശങ്കരാ, നാദശരീരാ, പരാ, സാമജവരഗമനാ, ദൊരഗുണാ, രാഗം താനം പല്ലവി തുടങ്ങീ ഏതാണ്ടെല്ലാ പാട്ടുകളും ശാസ്ത്രീയസംഗീതം അറിയാത്തവർ പോലും ആസ്വദിക്കുകയും പാടിനടക്കുകയും ചെയ്തു.
മാർഗി/ദേശി സംഗീതാഭ്യസന, ആലാപനരീതികൾ വെള്ളം കടക്കാത്ത അറകളല്ല എന്നും ശാസ്ത്രീയസമ്പ്രദായത്തിന്റെ ചിട്ടകളോ ചട്ടക്കൂടുകളോ സാധാരണക്കാർക്ക് എത്തിപ്പിടിയ്ക്കാനാവാത്ത എന്തോ ഒന്നല്ലെന്നും നമ്മെ ബോദ്ധ്യപ്പെടുത്തിയ പാട്ടുകളായിരുന്നു ശങ്കരാഭരണത്തിലേത്. അതിന് എസ്.പി. ബിയുടെ ജനപ്രിയതയും വേദികളിലെ അയഞ്ഞ ഇടപെടലുകളും ‘ഞങ്ങളിലൊരാൾ' എന്ന പ്രതിച്ഛായയും വളരെയേറെ സഹായിച്ചിട്ടുണ്ട്.
ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലാത്ത, എസ്.പി. ബി, പി. ജയചന്ദ്രൻ, എസ്. ജാനകി എന്നിവരെപ്പോലെയുള്ള ഗായകർ സിനിമാസംഗീതരംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ആറു തവണ മികച്ച ഗായകനുള്ള ദേശീയപുരസ്‌കാരം ലഭിച്ച എസ്.പി. ബി മിയ്ക്കപ്പോഴും അർദ്ധശാസ്ത്രീയഗാനങ്ങൾക്കാണ് അവ നേടിയത് എന്നത് ശ്രദ്ധേയമാണ്. ശങ്കരാഭരണത്തിലെ പാട്ടുകൾ സാങ്കേതികമായി പൂർണ്ണമല്ലായിരിക്കാം, എന്നാൽ ഞാനവക്ക് എന്റെ ആത്മാവ് കൊടുത്താണ് പാടിയത് എന്ന് എസ്.പി. ബി സംഭാഷണങ്ങളിൽ പറയാറുണ്ട്. ഒരു ഹരികഥാകാലക്ഷേപകനായിരുന്ന അച്ഛനിൽ നിന്ന് സിദ്ധിച്ചതായിരിക്കണം അദ്ദേഹത്തിന് പെർഫോമൻസിനുള്ള കഴിവ്.
രാമൻ കഥൈ കേളുങ്കൾ (സിപ്പിക്കുൾ മുത്ത്) എന്ന പാട്ട് ഹരികഥാ കാലക്ഷേപത്തിന്റെ ശൈലിയിൽ ചെയ്തിട്ടുള്ള ഒരു സംഗീതശകലമാണ്. വളരെ ഭാവ(നാ)പൂർണമായിട്ടാണ് എസ്.പി. ബി അത് അവതരിപ്പിച്ചിരിക്കുന്നത്.
താമസിയാതെ ഏക് ദൂജേ കേലിയെ ഇറങ്ങി. രണ്ടു ദക്ഷിണേന്ത്യക്കാർ ബോളിവുഡിൽ വിജയക്കൊടി പാറിച്ച സൂപ്പർ ഹിറ്റ് ചിത്രം. അതിലെ പാട്ടുകൾ മുഴങ്ങാത്ത ക്യാമ്പസുകൾ ഇല്ലായിരുന്നു കേരളത്തിൽ. ഹം ബനെ തും ബനെ ഏക് ദൂജേ കേലിയെ, തേരെ മേരെ ബീച്ച് മേ കൈസാ ഹൈ യെഹ് ബന്ധൻ അൻജാനഎന്നീ ഗാനങ്ങൾ ചെറുപ്പക്കാരുടെ മനസ്സിനെ കവർന്ന പ്രേമഗാനങ്ങളായി. (അത്രയും നാൾ കഭി കഭി മേരെ ദിൽ മേ ആയിരുന്നു പ്രണയിതാക്കളുടെ അൾട്ടിമേറ്റ് പാട്ട്.) സത്യത്തിൽ അപ്പോൾ മുതലാണ് എസ്.പി. ബാലസുബ്രഹ്മണ്യം എന്ന പേര് മനസ്സിൽ കയറിപ്പറ്റുന്നത്.
മണ്ഡലമേ ഉറങ്കുത്തമ്മാ താലേലോ
1984; ചേച്ചിക്ക് ഒരു മോൻ പിറക്കുന്നു. ഞങ്ങളുടെ വീട്ടിൽ അടുത്ത തലമുറയിലെ ആദ്യ കുഞ്ഞ്. ശനിയാഴ്ച ആകാൻ കാത്തിരിക്കും, ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് പായാൻ. പിന്നെ മുഴുവൻ സമയവും കുഞ്ഞിന്റെ കൂടെയാണ്. അക്കാലത്താണ് കൃഷ്ണഗാനങ്ങൾ എന്ന കാസറ്റ് ഇറങ്ങുന്നത്. ടി.എം.എസിന്റെയും സുശീലയുടെയും ജാനകിയുടെയും എസ്.പി.ബിയുടെയുംവീരമണിയുടെയും ഒക്കെ ശ്രീകൃഷ്ണഭക്തിഗാനങ്ങളടങ്ങിയ കാസറ്റായിരുന്നു അത്. എല്ലാം നല്ല നല്ല പാട്ടുകൾ.
വീട്ടിൽ ഹിറ്റായത് ആയർപാടി മാളികയിൽ തായ്മടിയിൽ കണ്ട്രിണൈ പോൽ മായക്കണ്ണൻ തൂങ്കുകിറാൻ താലേലോ എന്ന എസ്.പി.ബി പാട്ട്. കുഞ്ഞിനെ തൂളിയിലിട്ട് ആട്ടുമ്പോൾ വീട്ടിലെല്ലാവരും ആ പാട്ട് പാടി. ആ കാസറ്റിലെ പാട്ടുകൾ ഞങ്ങളുടെ വീട്ടിൽ ലൂപ്പിലൊക്കെ ഇടുന്ന പോലെ രാവിലെ മുതൽ രാത്രി വരെ ഒഴുകിക്കൊണ്ടേയിരുന്നു. പുല്ലാങ്കുഴൽ കൊടുത്ത മൂൻഹിൽകളെ എങ്കൾ പുരുഷോത്തമൻ പുകൾ പാടുങ്കളെ എന്ന ടി.എം.എസ് ഗാനമൊക്കെ അതിലുണ്ട്. എന്നാൽ ആയർപ്പാടി മാളികയായിരുന്നു എല്ലാവരെയും അലിയിച്ച പാട്ട്.
അന്ത മന്ദിരത്തിലവരുറങ്ക
മയക്കത്തിലെ ഇവനുറങ്ക
മണ്ഡലമേ ഉറങ്കുത്തമ്മാ താലേലോ
മണ്ഡലമേ ഉറങ്കുത്തമ്മാ താലേലോ
എന്ന് എസ്.പി.ബി ആർദ്രമായി പാടിക്കൊണ്ടിരിക്കുമ്പോൾ കുഞ്ഞുറങ്ങിക്കഴിഞ്ഞിരിക്കും. കാലമിത്രയായിട്ടും, പല ഭാഷകളിൽ പല താരാട്ടുകളിറങ്ങിയിട്ടും എന്റെ ഇഷ്ട താരാട്ടുപാട്ട് ഇതുതന്നെ.
1986; ജലസേചനവകുപ്പിൽ താൽക്കാലിക ജോലിയായി തുമ്പൂർമുഴിയിൽ ജോലി നോക്കുന്ന കാലം. കാടിന്റെ നടുക്കാണ് ഓഫീസ്. കരിങ്കൽച്ചുമരുകളും മരത്തട്ടുമ്മൊക്കെയുള്ള ഒരു രണ്ടുമുറിക്കെട്ടിടം. ഒന്നോ രണ്ടോ പേരേയുള്ളൂ ഓഫീസിൽ. തുമ്പൂർമുഴി തടയണ വഴി ഒഴുകുന്ന പുഴയുടെ ഒച്ചയും ചെത്തിക്കൂട്ടാത്ത ഓഫീസ് പറമ്പ് മുഴുവൻ വളരുന്ന തൈലപ്പുല്ലിന്റെ വാസനയും കാറ്റിൽ വന്നുകൊണ്ടിരുന്നു. പിന്നെ ചില കിളിച്ചിലയ്ക്കലുകളും. അങ്ങിനെയിരിക്കെ കേട്ടു, അതിരപ്പിള്ളിയിൽ ഒരു സിനിമാഷൂട്ടിങ് നടക്കുന്നു.
കമലാഹാസനൊക്കെ വന്നിട്ടുണ്ട്. തുമ്പൂർമുഴിയിൽ നിന്ന് കഷ്ടി എട്ട് കിമീറ്റർ ദൂരമേയുള്ളൂ. സമയം കിട്ടുമ്പോൾ വെള്ളച്ചാട്ടത്തിനടുത്ത് പോയി ഷൂട്ട് കാണണം എന്നു നിനച്ചിരിക്കുമ്പോഴാണ് ഒരു ദിവസം രാവിലെ അടുത്തുള്ള ചായക്കടക്കാരൻ പറയുന്നത്, അന്ന് ഷൂട്ട് ഓഫീസിന് തൊട്ടപ്പുറമുള്ള തുമ്പൂർമുഴി തടയണയ്ക്കടുത്തുള്ള പൂന്തോട്ടത്തിലാണെന്ന്.
അവിടെയെത്തിയപ്പോൾ കണ്ടു, കമലഹാസനും രേഖയും കൂടിയുള്ള ഒരു പാട്ടിന്റെ - എന്ന സെത്തമിന്ത നേരം - ഷൂട്ട് നടക്കുകയാണ്. കന്നത്തിൽ മുത്തത്തിൽ ഈരം അത് കായവില്ലയേ എന്ന വരി പ്ലേ ചെയ്യുമ്പോൾ പുല്ലിൽ കിടക്കുന്ന രേഖ പതുക്കെപ്പതുക്കെ എണീറ്റ് കമലഹാസന്റെ തോളിൽ ചായുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. എത്രയോ പ്രാവശ്യം കട്ട് ചെയ്യുകയും വീണ്ടുമെടുക്കുകയും ചെയ്തു അത്. എസ്.പി.ബിയുടെ പാട്ടിലെ ആ വരി അന്ന് മനസ്സിൽ കൊത്തിയിട്ടതാണ്. ഞാൻ കണ്ട ആദ്യത്തെയും അവസാനത്തെയും സിനിമാഷൂട്ടിംഗ് എസ്.പി.ബിയുടെ പാട്ടിന്റെയായിരുന്നു. പുന്നകൈ മന്നൻ എന്ന ആ കെ. ബാലചന്ദർ സിനിമയിൽ ഇളയരാജ ചെയ്ത പാട്ടുകളെല്ലാം ഹിറ്റായി.
ഇളയനിലാ പൊഴികിറത്
1987; മൗനരാഗം ഹിറ്റായ സമയത്താണ് ഞാൻ ജോലി കിട്ടി തമിഴ്‌നാട്ടിലെത്തുന്നത്. അതിലെ നിലാവേ വാ... എന്ന പാട്ട് തമിഴ്നാട്ടിലെ ബസ്റ്റാന്റകളിലും പൂക്കടകളിലും ഹോട്ടലുകളിലും കേട്ടുകൊണ്ടേയിരുന്നു. കരകാട്ടുക്കാരൻ എന്ന സിനിമയിലെ മാങ്കുയിലേ തേങ്കുയിലേ, ‘കേളടി കൺമണി’യിലെ മണ്ണിൽ ഇന്ത കാതൽ എന്നിവയും അക്കാലത്ത് പോപ്പുലറായ ഗാനങ്ങളാണ്. എന്റെ ജീവിതത്തിലെ പ്രണയാനുഭവങ്ങൾ സംഭവിക്കുന്നത് ഇളയരാജ -എസ്.പി.ബി കൂട്ടുകെട്ടിൽപിറന്ന ഗാനങ്ങളുടെ പശ്ചാത്തലത്തിലാണ്. ഇളയരാജയുടെ പ്രതാപകാലമായിരുന്നു എൺപതുകളും തൊണ്ണൂറുകളും. ഇളയനിലാ പൊഴികിറത്, ഇത് ഒരു പൊന്മാലൈ പൊഴുത് തുടങ്ങീ നിരവധി മനോരഞ്ജകങ്ങളായ ഗാനങ്ങൾ അക്കാലത്തുണ്ടായി.
തുള്ളിത്തുള്ളി നീ പാടമ്മാ എന്ന ഗാനം (സിപ്പിക്കുൾ മുത്ത്, 1985) വിശേഷപ്പെട്ട ഒന്നാണ്. ധാരാളം കേറ്റിറക്കങ്ങളും വളവുതിരിവുകളും ഓവർലാപ്പുകളും ഒക്കെയുള്ള, എസ്.പി.ബിയും ജാനകിയും പാടി മുത്താക്കിയ പാട്ട്. എസ്.പി.ബി പാടുന്ന വരികൾ വേറൊരു തരത്തിൽ ജാനകി ആവർത്തിക്കുന്നത് കേൾക്കാൻ ബഹുരസമാണ്. ദൃശ്യം കണ്ടവർക്ക് കമലഹാസന്റെ നൃത്തവും ഓർമ വരും.
അതുപോലെത്തന്നെ മനോരഞ്ചകമായ ഒരു പാട്ടാണ് വരുമയിൻ നിറം സിവപ്പ് എന്ന പടത്തിനുവേണ്ടി എം. എസ്. വിശ്വനാഥൻ സംഗീതസംവിധാനം നിർവ്വഹിച്ച് എസ്.പി.ബിയും ജാനകിയും ചേർന്നു പാടിയ സിപ്പിയിരുക്ക്ത്, മുത്തുമിരുക്ക്ത് തുറന്തുപാക്ക നേരമില്ലടീ രാജാത്തീഎന്ന പാട്ട്. കമലാഹാസനും ശ്രീദേവിയും അവർ തന്നെ പാടിയെന്നു തോന്നിപ്പിക്കും വിധം അഭിനയിച്ചു തകർത്ത പാട്ടുരംഗം. നായിക ഇട്ടുകൊടുക്കുന്ന സ്വരങ്ങൾക്കും ചൊല്ലുകൾക്കും അനുരൂപമായി വരികൾ ചമയ്ക്കുന്ന നായകൻ. അതിൽ ഇടയ്ക്ക് ആലോചിക്കുന്നതും പിന്നെ വാക്കുകൾ കണ്ടുപിടിച്ച് പാടുന്നതുമെല്ലാം പുതുമയുള്ള ഹൃദയഹാരിയായ ദൃശ്യശ്രാവ്യാനുഭവമായിരുന്നു. കൊണ്ടും കൊടുത്തും പാടി എസ്.പി.ബിയും ജാനകിയും ആ പാട്ടിനെ അവിസ്മരണീയമാക്കി.
1991 ലെ മണിരത്‌നം പടമായ ദളപതിയിൽ യേശുദാസുമായി ചേർന്ന് പാടിയ പാട്ടുകളുണ്ട്. ജാനകിയുമായി ചേർന്ന് പാടിയ സുന്ദരി കണ്ണാലൊരു സെയ്തി(ദളപതി), ഒരു നാളുമുനൈ മറവാത (യജമാൻ)എന്നിവയും എസ്.പി.ബിി - ജാനകി യുഗ്മത്തിന്റെ ര(രാ)സക്കൂട്ടിൽ ചാലിച്ച ഹൃദ്യമായ പ്രണയഗാനങ്ങളാണ്. ചിന്നതമ്പിയിലെ കുയില പുടിച്ച്, പോവോമാ ഊർകോലംഎന്നീ പാട്ടുകളും അക്കാലത്ത് ഹിറ്റായി. സ്വന്തമായി സംഗീതസംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത ശിഖരം എന്ന ചിത്രത്തിലെ വണ്ണം കൊണ്ട വെണ്ണിലവേ വിഷാദം നിറഞ്ഞ ഒരു റൊമാന്റിക് മെലഡിയായിരുന്നു.
മഹാനദി (1994) യിലെ ശ്രീരംഗരംഗനാഥനിൻ എന്ന ഹംസദ്ധ്വനിഗാനം ഇളയരാജ- വാലി- എസ്.പി.ബി ടീമിന്റെ കാവേരിയുടെ ഒഴുക്കു പോലെ, അതിന്റെ തടങ്ങളിലുള്ള പച്ചപ്പ് പോലെ ഹൃദയത്തെ കുളുർപ്പിക്കുന്ന ഗാനമാണ്. 1994 ൽ തന്നെയാണ് വീരാ എന്ന പടമിറങ്ങുന്നത്. അതിലെ ഇളയരാജ- വാലി ടീമിന്റെ മാടത്തിലെ കന്നി മാടത്തിലെഎന്ന പാട്ട് എസ്.പി.ബിയും സ്വർണ്ണലതയും അതീവഹൃദ്യമായിട്ടാണ് പാടിയിരിക്കുന്നത്.
മലരേ മൗനമാ
റഹ്മാന്റെ വരവ് തൊണ്ണൂറുകളെ കൂടുതൽ പ്രഭാമയമാക്കി. 1992ൽ റോജ വിരിഞ്ഞു. അതിന്റെ ഗാനസുഗന്ധം ലോകം മുഴുവനും പരന്നു. അത് ഇന്നും നിലനിൽക്കുന്നു. കാതൽ റോജാവേ എന്ന പ്രണയാർദ്രമായ ഒരു പാട്ടും രുക് മണിയേ എന്ന കാമവിവശമായ ഒരു പാട്ടും എസ്.പി.ബി ഇതിൽ പാടിയിട്ടുണ്ട്. റോജയുടെ ഹിന്ദി പതിപ്പിൽ യേഹ് ഹസീൻ വാദിയാൻ എന്ന പാട്ട് ചിത്രയുമൊത്ത്, മഞ്ഞുമൂടിയ ഹിമാലയൻ പർവ്വതനിരകൾക്കു നടുവിലുള്ള ആ പാട്ടിന്റെ ദൃശ്യങ്ങളുമായി ഇണങ്ങി കുളിരു കോരും വിധമാണ് എസ്.പി.ബി പാടിയിട്ടുള്ളത്.
വേറെ വേറെ ശൈലികളിൽ ഇളയരാജയുടെയും റഹ്മാന്റെയും സംഗീതസഞ്ചാരങ്ങൾ തുടർന്നുകൊണ്ടിരിക്കെ എസ്.പി.ബി രണ്ടു പേരുടേയും ഹൃദയഗായകനായി. എൻ വീട്ടു തോട്ടത്തിൽ എന്ന കേദാരരാഗ പ്രണയഗാനം, ധർമ്മവതി രാഗത്തിലുള്ള ഒട്ടകത്തെ കട്ടിക്കോ എന്ന താളം ത്രസിക്കുന്ന ഗാനം എന്നിവ ജന്റിൽമാൻ എന്ന സിനിമയിൽ റഹ്മാനുവേണ്ടി പാടിയപ്പോൾ നാൻ ആട്ടോക്കാരൻ, സ്‌റ്റൈലു സ്‌റ്റൈലു താൻ എന്നീ പാട്ടുകൾ ബാഷ എന്ന ചിത്രത്തിൽ ദേവയ്ക്കു വേണ്ടി പാടി അദ്ദേഹം.
ആയിടയ്ക്ക് എസ്.പി.ബി അഭിനയിക്കുകയും നർത്തനം ചെയ്യുകയും പാടുകയും ചെയ്ത കാതലൻ എന്ന പടമിറങ്ങി. കാതലിക്കും പെണ്ണിൻ എന്ന എസ്.പി.ബി പാട്ടും ഡാൻസും നമ്മിൽ ചിരിയും അത്ഭുതവുമുണർത്തും.അഴകാന രാചസിയേ, തങ്കത്താമരമകളെ എന്നീ ഹിറ്റുകളും റഹ്മാന്റെ സംവിധാനത്തിൽ പാടി. റഹ്മാന്റെ സൃഷ്ടിയിൽ പിറന്ന സൂപ്പർഹിറ്റ് ഗാനമായിരുന്നു തെന്നാലിയിലെ സ്വാസമേ, സ്വാസമേ. സംഗീതം, വരികൾ, ചിത്രീകരണം, എസ്.പി.ബിയുടെയും സാധനാസർഗ്ഗത്തിന്റെയും മികച്ച ആലാപനം എന്നിവ കൊണ്ട് യുവാക്കളുടെ ശ്വാസം തന്നെയായി മാറിയ പാട്ടായിരുന്നു അത്.
അതിനിടയ്ക്കാണ് തമിഴ് സിനിമയിലെ ഏറ്റവും മനോഹരമായ പ്രണയഗാനം എന്നുവിളിക്കാവുന്ന മലരേ മൗനമാ എന്ന ഗാനം വിദ്യാസാഗറിനു വേണ്ടി പാടുന്നത്. ഒരുപാട് പാട്ടൊന്നും വേണ്ട, വർഷത്തിലിത്തരം ഒരേയൊരു പാട്ട് പാടാൻ പറ്റിയാൽ മതി എന്നാണ് ഈ പാട്ടിനെപ്പറ്റി എസ്.പി.ബി പറഞ്ഞത്.1997 ലോ 98 ലോ ആണ് അദ്ദേഹത്തിന്റെ ഗാനമേള നേരിട്ട് കേൾക്കാനായത്, കോഴിക്കോട് സാമൂതിരി സ്‌കൂൾ മൈതാനത്തിൽ ആയിരക്കണക്കിന് സംഗീതപ്രേമികളിലൊരാളായി. അന്ന് അഞ്ജലീ അഞ്ജലീ പുഷ്പാഞ്ജലീ പാടിക്കൊണ്ടാണ് തുടങ്ങിയത് എന്നോർക്കുന്നു. എൻ കാതലേ എൻ കാതലേ എന്ന സൊല്ല പോകിറായ് (ഡ്യുവറ്റ്, 1994, എ.ആർ. റഹ്മാൻ) എന്തൊരു വൈകാരികതയോടെയാണ് അന്നദ്ദേഹം പാടിയത്!
ഈ കടലും മറുകടലും
കോവിഡ് കാലത്തിന് തൊട്ടുമുൻപ് വരെ വേദികളിൽ സജീവമായിരുന്നു അദ്ദേഹം പ്രസാദപൂർണ്ണമായ ഭാവവും ഭാവാത്മകമായ ആലാപനവും പാട്ടുകളിൽ കൊണ്ടുവരുന്ന ഇമ്പ്രൊവൈസേഷനും അഭിനയവും, കുറുമ്പും, കൂടെ പാടുന്നവരോടുള്ള വാത്സല്യവും പക്കവാദ്യക്കാരോട് കാണിക്കുന്ന അനുമോദനാത്മകമായ പരിഗണനയും അദ്ദേഹത്തിന്റെ വേദികളെ ഊർജ്ജസ്വലവും ജനപ്രിയവുമാക്കി.
കേട്ടിരിക്കുന്ന ഓരോരുത്തർക്കും തനിക്കു വേണ്ടിയാണ് എസ്.പി.ബി പാടുന്നത് എന്ന പ്രതീതിയും അടുപ്പവും ഉളവാക്കി അദ്ദേഹം. അവസാനം വരെ കേൾവിസുഖവും ഭാവസൗകുമാര്യവും ലയാത്മകതയും ഉണ്ടായിരുന്നു ആ ശബ്ദത്തിന്. യൂട്യൂബിൽ ഒറിജിനൽ വീഡിയോകളെക്കാളും ആളുകൾ തേടുന്നതും കേൾക്കുന്നതും അദ്ദേഹത്തിന്റെ സ്റ്റേജ് പെർഫോമൻസുകളാണ് എന്നതിന് കാരണം ഒരേ പാട്ട് അദ്ദേഹം ഓരോ വേദിയിലും വ്യത്യസ്തമായാണ് പാടിയിരുന്നത് എന്നതാണ്. മനോധർമ്മപ്രയോഗങ്ങൾ കൊണ്ട് അദ്ദേഹം ഓരോ പാട്ടിനെയും പിന്നെയും പിന്നെയും പുതുക്കി തിളക്കമുള്ളതാക്കി.
ബഹുമുഖപ്രതിഭയായിരുന്ന എസ്.പി.ബി പല ഭാഷകളിലായി നൂറിൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പല ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. കമലഹാസൻ, വിഷ്ണുവർദ്ധൻ, ഭാഗ്യരാജ്, ടി രാജേന്ദർ തുടങ്ങി നിരവധി പ്രമുഖ അഭിനേതാക്കൾക്കായി ശബ്ദം കൊടുത്തിട്ടുണ്ട്. കെ. ബാലചന്ദർ സംവിധാനം നിർവ്വഹിച്ച മനതിൽ ഉറുതി വേണ്ടും എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മനോധർമ്മം വിളങ്ങിയ ഒരു രംഗമുണ്ട്. അതിൽ ഒരു ഡോക്ടറാണ് എസ്.പി.ബി. സിഗരറ്റ് ഉപേക്ഷിക്കുന്നൊരു രംഗമാണ്. സിഗരറ്റ് പാക്കറ്റിനെ ആശയോടെ ഒന്നു നോക്കി മാലിന്യക്കൊട്ടയിലിടണം എന്നു പറഞ്ഞു സംവിധായകൻ. നോക്കുന്നതിന്റെയൊപ്പം
പവമാന സുതുഡു പട്ടു
പാദാരവിന്ദ്യമുലകു
ശ്രീരാമരൂപമുലകു
നിത്യജയമംഗളം എന്നൊരു മംഗളഗാനവും പാടി എസ്.പി.ബി. സന്ദർഭത്തിനനുയോജ്യമായ ആ മംഗളാലാപനം കേട്ട് കെ. ബാലചന്ദറിന് അത്ഭുതവും ആദരവും ആനന്ദവുമുണ്ടായി. സർഗാത്മകതയും മനസ്സാന്നിദ്ധ്യവും മനോധർമ്മവും ഉള്ളിൽ ലയിച്ചുചേർന്ന ഒരു കലാകാരനായിരുന്നു എസ്.പി.ബി എന്നു കാണിക്കുന്ന ഒരു സന്ദർഭമായിരുന്നു അത്.
തെലുങ്കിലും തമിഴിലുമുള്ള തിരക്കുകൊണ്ടാവണം, മലയാളത്തിൽ അദ്ദേഹം പാടിയ പാട്ടുകളുടെ എണ്ണം താരതമ്യേന കുറവാണ്. 1969 ൽ കടൽപ്പാലം എന്ന സിനിമയ്ക്കുവേണ്ടി വയലാർ- ദേവരാജൻ കൂട്ടുകെട്ടിൽപ്പിറന്ന ഈ കടലും മറുകടലും എന്ന പാട്ടു മുതൽ 2018 ൽ ബി. കെ. ഹരിനാരായണൻ, പളനി ഭാരതി എന്നിവർ രചിച്ച് എം. ജയചന്ദ്രൻ സംഗീതം കൊടുത്ത യേശുദാസുമൊത്ത് പാടിയ അയ്യാസാമി (കിണർ എന്ന ചിത്രം) വരെ118 പാട്ടുകളാണ് അദ്ദേഹം മലയാളസിനിമയ്ക്കു വേണ്ടി പാടിയിട്ടുള്ളത്. അതിൽ ഒറ്റയ്ക്കു പാടുന്നവയും യുഗ്മഗാനങ്ങളും സംഘഗാനങ്ങളും പെടും.
മറ്റവർ പാടുന്ന പല പാട്ടുകളും എസ്.പി.ബി പാടിക്കേട്ടിരുന്നുവെങ്കിൽ എന്ന് നമ്മൾ ആഗ്രഹിച്ചുപോകാറുണ്ട്. ഒരു ചാനൽ സംഭാഷണത്തിൽ അദ്ദേഹം പറയുന്നത് കേട്ടു: യേശുദാസ് പാടിയ ഒരു പാട്ട് പാടാൻ പറ്റിയിരുന്നുവെങ്കിൽ എന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്ന്. തേൻ സിന്തുതേ വാനം എന്ന പടത്തിനു വേണ്ടി വി. കുമാർ സംഗീതസംവിധാനം ചെയ്ത ഉന്റ്രിടം മയങ്കുകിറേൻ എന്ന ഗാനം. I would have sung it in more of Rafi style എന്നും അദ്ദേഹം പറഞ്ഞു. നായകൻ എന്ന ചിത്രത്തിൽ മനോ പാടിയ നീയൊരു കാതൽ സംഗീതം, മുത്തുവിലെ തില്ലാന തില്ലാന, നീ തിത്തിക്കിന്റ്ര തേനാ, മൂന്റ്രാമ്പിറയിലെ യേശുദാസ് ആലപിച്ച കണ്ണേ കലൈമാനേ എന്നിവ അദ്ദേഹം പാടിക്കേൾക്കാൻ ഞാൻ ആഗ്രഹിച്ചിരുന്ന പാട്ടുകളിൽ ചിലത് മാത്രം.
നല്ല ഹ്യൂമൻ ബീയിംഗാ വാഴറത് മുഖ്യം
എസ്.പി.ബിയെപ്പറ്റി പറയുന്നവരെല്ലാം അദ്ദേഹം മഹാനായ ഒരു മനുഷ്യനായിരുന്നു എന്ന കാര്യം ആവർത്തിക്കുന്നുണ്ട്. അതിനെപ്പറ്റി അദ്ദേഹം പറഞ്ഞത് എന്റെ സുഹൃത്തും എസ്.പി.ബിക്കു വേണ്ടി വേദികളിൽ തബല വായിച്ചിട്ടുള്ള ആളുമായ ബൈജു ബാലകൃഷ്ണൻ ഇങ്ങനെ ഓർത്തെടുക്കുന്നു. ‘നമ്മ വന്ത് ദിനം മൂന്നു നാലു മണി നേരം പാടറോം. മത്ത നേരമെല്ലാം വാഴറത് സാധാരണ മനുഷ്യനാ താനേ. അതിനാലെ നല്ല ഹ്യൂമൻ ബീയിംഗാ വാഴറത് മുഖ്യം'.
തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി എന്നീ നാലു ഭാഷകളിൽ മനോഹരമായി സംസാരിക്കുന്ന സിംപ്ലി എസ്.പി.ബി എന്നൊരു ചാനൽ ഷോ തുടങ്ങിയിരുന്നു അദ്ദേഹം. അതിൽ താൻ കടന്നുപോന്ന വഴികൾ, പരിചയപ്പെട്ട മഹാത്മാക്കൾ, സിനിമാരംഗത്തെ സംവിധായകർ, സംഗീതസംവിധായകർ, രചയിതാക്കൾ, സഹഗായകർ, തനിക്കു മുൻപെ ആ വഴി നടന്നവർ എന്നിവരെയൊക്കെപ്പറ്റി സഹജമായ നർമ്മബോധവും ആദരവും സ്‌നേഹവും കലർത്തി വിവരിക്കുന്നുണ്ട്.
സ്റ്റേജ്‌ഷോകളിലും ചാനലുകളിലും എല്ലാം അവസരം കിട്ടുമ്പോൾ സാമൂഹ്യകാര്യങ്ങളെക്കുറിച്ചുള്ള തന്റെ ആശങ്കകളും അഭിപ്രായങ്ങളും ഉപദേശങ്ങളും പങ്കുവെച്ചിരുന്നു എസ്.പി.ബി. തന്റെ ജനപ്രിയത നല്ല കാര്യങ്ങൾക്കുപകാരമാകും എന്ന ബോദ്ധ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. കോവിഡ് പ്രതിരോധത്തിനുള്ള മാസ്‌കും സോപ്പും ഉപയോഗിക്കുക, അകലം പാലിക്കുക എന്നീ കാര്യങ്ങൾ ഉപദേശമെന്നു തോന്നാത്തവിധം അദ്ദേഹം നിർദ്ദേശിച്ചിരുന്നു. പരിസ്ഥിതിയെ സംരക്ഷിക്കണം, മാലിന്യം വലിച്ചെറിയരുത്, ശുചിത്വം പാലിക്കണം, ട്രാഫിക് നിയമങ്ങൾ അനുസരിക്കണം, കൊവിഡുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കുന്ന നിർദ്ദേശങ്ങൾ ശ്രദ്ധിച്ച് പാലിക്കണം എന്നൊക്കെ അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു.
കോദണ്ഡപാണിയിലും കെ. വി. മഹാദേവനിലും എം.എസ്.വിയിലും തുടങ്ങി ഇളയരാജയുടെ ഈണങ്ങളിലൂടെ വികസിച്ച്, റഹ്മാന്റെ ഗാനങ്ങളിലൂടെ ആസ്വാദകഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടി അദ്ദേഹം. തന്റെ നിശ്വാസങ്ങളിൽ അധികം ഭാഗത്തെയും പാട്ടാക്കി മാറ്റിയ ആളായിരുന്നു എസ്.പി.ബി എന്ന് നടൻ ശിവകുമാർ പറഞ്ഞത് ശരിയാണെന്നു തോന്നും. അല്ലാതെ എങ്ങനെയാണ് ഒരു മനുഷ്യന് അഞ്ചര പതിറ്റാണ്ടു കൊണ്ട് നാൽപ്പതിനായിരത്തോളം ഗാനങ്ങൾ ആലപിക്കുവാൻ സാധിക്കുക?
ഒരു ടി. വി പരിപാടിയുടെ അവസാനം എസ്.പി.ബി പറയുന്നുണ്ട്:
‘ഉങ്കളുക്ക് സലിപ്പ് വറ അളവുക്ക് പാടിണ്ടിരുക്ക മാട്ടേൻ, അതുക്കുള്ള റിട്ടയർ ആയിടുവേൻ' .ഇല്ല, ഞങ്ങൾക്ക് മടുത്തിട്ടില്ല, മതിയായിട്ടില്ല അങ്ങയുടെ പാട്ടുകൾ. ഞങ്ങളവ കേട്ടുകൊണ്ടേയിരിക്കുന്നു. ഭൂമിയിൽ കാലാകാലമായി ചുറ്റുന്ന കാറ്റിനെ പാട്ടായ് മാറ്റി ഞങ്ങളുടെ ശ്വാസത്തിൽ വിലയിപ്പിച്ച മഹാനുഭാവനേ, അങ്ങേക്ക് അനന്തകോടി പ്രണാമം.