“പാട് ശാന്താ പാട്, ഏൻ പാട്ടൈ നിറുത്തിവിട്ടായ്? ഉൻ ഇസ്സൈ എൻട്ര ഇമ്പവെള്ളത്തിലെ നീന്തുവതർക്കു ഓടോടി വന്ത എന്നൈ ഏമാറ്റ്രാതെ ശാന്താ... തേനോടു കലന്ത തെള്ളമുദം...
കോലനിലവോടു സേർന്ത കുളിർതെൻട്രൽ.
ഇന്ത സിങ്കാരവേലനിൻ സന്നിധിയിൽ
നമ്മ സംഗീത അരുവികൾ
ഒൻട്രു കലക്കട്ടും....
പാട്... പാട്, ശാന്താ, പാട്…”
തമിഴ്സിനിമയെ, പാട്ടിനെ, അത് സൃഷ്ടിച്ച കലാകാരരെ ലോകത്തിൻ്റെ നെറുകയിലെത്തിച്ച ഒരു പാട്ട് തുടങ്ങുകയാണ്.
ചിത്രം : കൊഞ്ചും സലങ്കൈ.
കൊല്ലം: 1962.
ഗാനം: ‘ശിങ്കാരവേലനേ ദേവാ…’
സിനിമയിൽ ഈ പാട്ട് തുടങ്ങുന്നതിനുമുൻപ് നായകൻ നായികയോട് പറയുന്ന മേൽപ്പറഞ്ഞ വരികൾ അന്വർത്ഥമാക്കുന്ന ഗാനം:
തേനിൻ്റെ കൂടെ ചേർത്ത അമൃത് പോലെ, പൂർണ്ണനിലാവിനോട് ചേർന്ന കുളിർതെന്നൽ പോലെ മധുരതരമായി, മനോഹരമായി കൂടിച്ചേർന്നൊഴുകുന്ന സംഗീതഅരുവികൾ. അതാണ് എസ്. ജാനകി എന്ന ഗായികയും കാരൈക്കുറിച്ചി അരുണാചലം എന്ന നാദസ്വരവിദ്വാനും കൂടി സൃഷ്ടിച്ചിരിക്കുന്ന കാലാതീതമായ ഈ ഗാനം. എസ്. ജാനകി എന്ന ഗായിക പിന്നണിസംഗീതരംഗത്തേക്ക് കടന്നുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഈ ഒരൊറ്റഗാനം കൊണ്ട് അവരുടെ പ്രശസ്തി വാനോളമുയർന്നു. 1959-60 ലാണ് ഈ ഗാനം റെക്കോഡ് ചെയ്യുന്നത്.
‘കൊഞ്ചും സലങ്കൈ’ എന്ന, ഭരതനാട്യം പ്രധാന പ്രമേയമാക്കിയ ആദ്യ തമിഴ് സിനിമ സംവിധാനം ചെയ്തത് എം. വി. രാമൻ ആണ്. തൻ്റെ പടം വ്യത്യസ്തമാകണമെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. അങ്ങനെയാണ് അന്ന് ഇന്ത്യയിൽ അധികം പ്രചാരത്തിലില്ലാത്ത ടെക്നികളറിൽ ഈ പടം ചെയ്യുന്നത്. അതിനാവശ്യമായ പ്രോസസ്സിങ്ങും എഡിറ്റിംഗും ലണ്ടനിലാണ് ചെയ്തത്. 40 ലക്ഷം ആയിരുന്നു ഈ പടത്തിൻ്റെ ചെലവ്. അന്നത്തെ വലിയ സംഖ്യയായിരുന്നു അത്.

ഇറങ്ങിയ വർഷം ഏറ്റവുമധികം അന്തർദേശീയ ചലച്ചിത്രോൽസവങ്ങളിൽ പ്രദർശിപ്പിച്ച സിനിമ ആയിരുന്നു ‘കൊഞ്ചും സലങ്കൈ’. 22 ഭാഷകളിൽ ഡബ്ബ് ചെയ്തു. ഡബ്ബിങ്ങ് അവകാശം ഒരു ബ്രിട്ടീഷ് കമ്പനിയാണ് വാങ്ങിയത്. ആ ഇടപാടിൽ നല്ലൊരു വരുമാനം കിട്ടി, നിർമ്മാതാവും കൂടിയായ സംവിധായകന്.
ഇനി പാട്ടിലേക്ക് വരാം.
ഭക്തിയുടെ അന്തരീക്ഷത്തിലുള്ള ഒരു പ്രണയകഥയായതിനാൽ തേവാരപ്പാട്ടുകളായിരുന്നു ആദ്യം സിനിമയിൽ ഉൾപ്പെടുത്തിയിരുന്നത്. അതിൻ്റെ കൂടെ നാദസ്വരവും. നാദസ്വരം വായിക്കാൻ അന്ന് ജീവിച്ചിരുന്നവരിൽ ഏറ്റവും മികച്ച കലാകാരനായ കാരൈക്കുറിച്ചി അരുണാചലത്തിനെ നിശ്ചയിച്ചു.
കാരൈക്കുറിച്ചി അരുണാചലത്തിൻ്റെ അച്ഛൻ പലവേസം ഫോക്ക് ബാൻ്റ് സെറ്റ് പോലത്തെ നയ്യാണ്ടി മേളത്തിൻ്റെ കൂടെയൊക്കെ നാദസ്വരം വായിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന് ആ മേഖലയിൽ ഉയർന്നുവരാൻ കഴിഞ്ഞില്ല. അതുകൊണ്ട് മകനെ വിദഗ്ദ്ധരുടെ ശിക്ഷണത്തിൽ നാദസ്വരം പഠിപ്പിച്ചു. കാരൈക്കുറിച്ചി അരുണാചലം വളരെ ചെറിയ പ്രായത്തിൽ അന്തരിച്ചു. അദ്ദേഹത്തിൻ്റെ വിയോഗവാർത്ത കേട്ട ചില ആസ്വാദകർ സങ്കടം കൊണ്ട് നെഞ്ചുതകർന്ന് മരിച്ചിട്ടുണ്ട് എന്നു പറയുമ്പോൾ, ആ കലാകാരൻ്റെ ഔന്നത്യം ഊഹിക്കാമല്ലൊ.
നാദസ്വരത്തിൻ്റെ ഒപ്പം പാടാനൊരു ഗായികയെ വേണം. എം എൽ വി, പി. സുശീല, പി. ലീല, ശൂലമംഗലം സഹോദരിമാർ- ഇത്രയും വലിയ ഒരു വെല്ലുവിളി ഏറ്റെടുക്കാൻ അവരാരും തയ്യാറായില്ല. ലതാ മങ്കേഷ്ക്കർക്ക് ശ്രുതി പ്രശ്നമായിരുന്നില്ല. പക്ഷെ തമിഴ് വാക്കുകളുടെ ഉച്ചാരണം ബുദ്ധിമുട്ടായിരുന്നു. അങ്ങനെ നിരാശപ്പെട്ടിരിക്കുമ്പോഴാണ് പി. ലീല അവരോട് എസ്. ജാനകിയുടെ പേര് പറയുന്നത്.
ഇനി പാട്ടിൻ്റെ വരികളെഴുതണം.
ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് മന്ദിരമാവത് തിരുനീര് എന്നൊക്കെയുള്ള പദങ്ങൾ വരുന്ന തേവാരപ്പാട്ടാണ്. സിനിമയിൽ പ്രണയിതാക്കളായി അഭിനയിക്കുന്ന – ജമിനി- സാവിത്രി ജോഡി (സാവിത്രിയുടെ നൂറാമത്തെ സിനിമയാണ് ‘കൊഞ്ചും സിലങ്കൈ’) യഥാർത്ഥ ജീവിതത്തിൽ ഭാര്യാഭർത്താക്കന്മാരായിരുന്നു. അവർ പാടി അഭിനയിക്കുന്ന ഒരു രംഗത്തിന് ഈ പദങ്ങളൊന്നും ചേരില്ല. തത്വചിന്ത കലർന്ന ഭക്തിയല്ല, കാൽപ്പനികത കലർന്ന ഭക്തിയാണ് ആ സിറ്റ്വേഷന് അനുയോജ്യം. അങ്ങനെയാണ് ഈ സിനിമയുടെ സംഭാഷണം എഴുതിയ കു വ ബാലസുബ്രഹ്മണ്യൻ തന്നെ പാട്ടെഴുതിയത്.
ശിങ്കാരവേലനേ ദേവാ- അരുൾ
ശിങ്കാരവേലനേ ദേവാ
അരുൾ സീരാടും മാർപോടു വാ
സെന്തൂരിൽ നിൻട്രാടും ദേവാ- തിരു
സെൻട്രൂരിൽ നിൻട്രാടും ദേവാ
മുല്ലൈ സിരിപ്പോടും മുഗത്തോടു
നീ വാ വാ
എന്ന മനോഹരമായ വരികൾ പിറന്നു. ഭക്തിയുടെ അന്തരീക്ഷം നിറഞ്ഞുനിൽക്കുന്ന ക്ഷേത്രത്തിനുള്ളിലാണ് പാട്ടിൻ്റെ സെറ്റിങ്ങ്സ്. ഭക്തിയുടെ കൂടെ നായികാനായകന്മാരുടെ പ്രണയവൈവിശ്യത്തിനും ചേർന്ന വരികൾ. സംഗീതം പകർന്നത് സംഗീതയ്യ എന്ന് ആസ്വാദകർ ആദരപൂർവ്വം വിളിച്ചിരുന്ന എസ്. എം. സുബ്ബയ്യനായിഡു. ആ രംഗത്തിനും പാട്ടുണർത്തുന്ന വൈകാരികതയ്ക്കും വളരെ അനുയോജ്യമായ ഒരു രാഗമാണ് സുബ്ബയ്യനായിഡു തിരഞ്ഞെടുത്തത്. ആഭേരി. ഭക്തിപാരവശ്യവും അതേസമയം പ്രണയവും സ്ഫുരിക്കുന്ന സ്വരസംവിധാനമാണ് ആഭേരി രാഗത്തിൻ്റേത്. ‘മുല്ലൈ സിരിപ്പോടും മുഗത്തോട് വാ’ എന്ന് പാടുന്നത് തിരുച്ചെന്തൂർ ദേവനോടാണെന്നതുപോലെ തൻ്റെ പ്രാണനായകനായ അമരേന്ദ്രനോടുമാണ്. മലയാളത്തിൽ ജാനകി പാടിയ ‘താമരക്കുമ്പിളല്ലൊ മമഹൃദയം’, അംഗം പ്രതി’ എന്നീ ഗാനങ്ങളെല്ലാം ആഭേരിരാഗച്ഛായയുള്ളവയാണ്.
ഇനി നാദസ്വരത്തിൻ്റെ ഒപ്പം പാടാനൊരു ഗായികയെ വേണം. നാദസ്വരത്തിൻ്റെ ശ്രുതി വളരെ ഉയർന്നതാണ്. ആ ശ്രുതിയിൽ പാടാൻ പറ്റിയ ആളായിരിക്കണം. എം എൽ വി, പി. സുശീല, പി. ലീല, ശൂലമംഗലം സഹോദരിമാർ എല്ലാവരോടും ചോദിച്ചു. ഇത്രയും വലിയ ഒരു വെല്ലുവിളി ഏറ്റെടുക്കാൻ അവരാരും തയ്യാറായില്ല. ആ ശ്രുതിയിൽ പാടുമെന്നുറപ്പുള്ള ലതാ മങ്കേഷ്ക്കറെ സമീപിച്ചു. ലതയ്ക്ക് ശ്രുതി ഒരു പ്രശ്നമായിരുന്നില്ല. പക്ഷെ തമിഴ് വാക്കുകളുടെ ഉച്ചാരണം അവർക്ക് ബുദ്ധിമുട്ടായിരുന്നു. ആ പ്രതീക്ഷയുമറ്റു. അങ്ങനെ നിരാശപ്പെട്ടിരിക്കുമ്പോഴാണ് പി. ലീല അവരോട് പറയുന്നത്; ഇത് പാടാൻ കഴിവുള്ള ഒരാളേയുള്ളൂ എൻ്റെ അറിവിൽ, എസ് ജാനകി എന്നൊരു ഗായിക. അവരോടൊന്ന് ചോദിച്ചുനോക്കൂ.
പിന്നണിഗാനരംഗത്തെ താരതമ്യേന പുതുമുഖമായ ആ ഗായികയെ സംവിധായകൻ സമീപിച്ചു. ‘ശാസ്ത്രീയസംഗീതശൈലിയിലാണ് ഈ പാട്ട് എന്നാണ് അറിയാൻ കഴിയുന്നത്, പക്ഷെ ഞാൻ കർണ്ണാടകസംഗീതം പഠിച്ചിട്ടില്ല. വേണമെങ്കിൽ ഒന്നു ശ്രമിച്ചുനോക്കാം’- അങ്ങനെയാണ് എസ്. ജാനകി ഐതിഹാസികമാനങ്ങളുള്ള ഈ പാട്ട് പാടുന്നത്. അങ്ങനെ നാദസ്വരവും വോക്കലും ഉടനീളം ഒരുമിച്ചു വന്ന ആദ്യഗാനം പിറന്നു.
ഈ ഗാനത്തിൻ്റെ റെക്കോഡിങ്ങിനും ചില സവിശേഷതകളുണ്ട്. റെക്കോഡിങ്ങ് സ്റ്റുഡിയോ ബോംബേയിലായിരുന്നതിനാൽ അവിടെയാണ് ആലേഖനം നിശ്ചയിച്ചിരുന്നത്. ജാനകി ബോംബേയിലെത്തി. പക്ഷെ ആരോഗ്യകരമായ പ്രശ്നങ്ങൾ കാരണം കാരൈക്കുറിച്ചി അരുണാചലത്തിന് ബോംബേയിലെത്തിച്ചേരാൻ കഴിഞ്ഞില്ല.
ഇനിയെന്തു ചെയ്യും? ഇന്നത്തെപ്പോലെ സാങ്കേതികത വികസിച്ചിട്ടില്ല. പലയിടത്തിരുന്ന് പാടിയ ബിറ്റുകൾ കൂട്ടിച്ചേർത്ത് പാട്ടുണ്ടാക്കുക എന്നത് അന്ന് ആരുടേയും വിദൂരസങ്കൽപ്പങ്ങളിൽ പോലുമില്ലായിരുന്നു. ഈ ആപൽഘട്ടത്തിൽനിന്നും കരകേറ്റിയത് രാജു എന്നൊരു സൗണ്ട് എഞ്ചിനീയറായിരുന്നു. ആ പ്രഗൽഭനായ എഞ്ചിനീയർ ബോംബേയിൽ ആലേഖനം ചെയ്ത ജാനകിയുടെ ആലാപനവും മദ്രാസിൽ ആലേഖനം ചെയ്ത കാരൈക്കുറിച്ചി അരുണാചലത്തിൻ്റെ നാദസ്വരവും എഡിറ്റ് ചെയ്ത് കൂട്ടിച്ചേർത്തതാണ് ഇന്നു നാം കേൾക്കുന്ന മനോഹരമായ ഈ ഗാനം.

നാദസ്വരത്തിൻ്റെ ശ്രുതിയോടൊപ്പം രണ്ടരക്കട്ട ശ്രുതിയിലാണ് ജാനകി ഈ പാട്ട് പാടിയിരിക്കുന്നത്. നാദസ്വരത്തിൽ ശ്വാസഗതിയുടെ വൈവിദ്ധ്യങ്ങളിലൂടെയും വിരലുകളുടെ ചലനം കൊണ്ടും സാധിച്ചെടുക്കുന്ന സ്വരസങ്കീർണ്ണതകൾ മനുഷ്യസ്വനഗ്രാഹികൊണ്ട്, അതും ഈ ഉയർന്ന ശ്രുതിയിൽ ഉൽപ്പാദിപ്പിക്കുക എന്നത് അങ്ങേയറ്റം ദുഷ്ക്കരമാണ്. എന്നാൽ ആ ഒരു കാര്യമാണ് ജാനകി എന്ന മഹാഗായിക ഈ പാട്ടിലൂടെ ചെയ്തുവച്ചിരിക്കുന്നത്. മറ്റു പല മഹത്ഗായികമാരും എന്തുകൊണ്ട് ഈ വെല്ലുവിളി ഏറ്റെടുക്കാൻ മുതിർന്നില്ല എന്നത് പാട്ട് കേട്ടിട്ടുള്ളവർക്ക് മനസ്സിലാകും.
പല ഭാഷകളിലായി എത്രയോ ഗാനങ്ങൾ ആലപിച്ചിട്ടുള്ള ജാനകിയുടെ സംഗീതസപര്യയിലെ നാഴികക്കല്ലാണ് ഈ പാട്ട്. റിയാലിറ്റി ഷോകളിൽ തങ്ങളുടെ പ്രാവീണ്യത്തിൻ്റെ ഉരകല്ലായി ഇപ്പോഴും പുതുതലമുറ കണക്കാക്കി വരുന്നു. കാലാതീതയായ ആ മഹാഗായികയ്ക്ക് പ്രണാമം.

