ആസിഡ്​ ആക്രമണ- ​റേപ്പ്​- കൊലപാതക ഭീഷണികൾക്കിടയിൽ ഒരു പെൺകുട്ടിയുടെ ഇൻസ്​റ്റഗ്രാം ജീവിതം

കേട്ടാലറയ്ക്കുന്ന തെറിവിളി കേൾക്കേണ്ടിവന്നു, അധിക്ഷേപങ്ങൾക്കിരയാകേണ്ടിവന്നു, കൊലപാതക- റേപ്പ്​ ഭീഷണികളുണ്ടായി. നടന്നുപോകുന്ന വഴിയിൽ ആഡിസ് ഒഴിക്കുമെന്ന് പലരും പറഞ്ഞു. ഓഫീസിൽ നിന്ന് വീട്ടിലേക്ക് ഒറ്റക്ക് നടന്നുപോകുമ്പോൾ, ഏതുനിമിഷവും ഒരു അപരിചിതന്റെ ആക്രമണം നേരിട്ടേക്കാമെന്ന ഭീതി എന്നിൽ നിലനിർത്തുന്ന തരത്തിലായിരുന്നു ആ കാലത്തെ എന്റെ ചാറ്റ്/കമൻറ്​ ബോക്സുകൾ.

വ്യക്തിപരവും സാമൂഹികവുമായ എന്റെ വളർച്ചയെ ഞാൻ അടയാളപ്പെടുത്തിയിരുന്ന, ഒരർത്ഥത്തിൽ എന്റെ മേൽവിലാസം കൂടിയായ ഇൻസ്റ്റഗ്രാം അക്കൗണ്ട് ചില സംഘടിതശക്തികളുടെ ശ്രമങ്ങളെത്തുടർന്ന് നഷ്ടപ്പെട്ടപ്പോൾ, അത് തിരികെ കിട്ടാനായി ഫൈറ്റ് ചെയ്യേണ്ടി വന്ന വർഷം...

പ്രതീക്ഷകൾക്കൊപ്പം സഞ്ചരിക്കുന്നതിനായി താത്കാലികമായുണ്ടായിരുന്ന ജോലിയുപേക്ഷിച്ച് ഉപരിപഠനത്തിന് തയ്യാറെടുത്ത വർഷം...

രണ്ട് കുഞ്ഞനുജൻമാർ ജീവിതത്തിലേക്ക് കടന്നുവന്ന വർഷം...

എന്റെ ഇഷ്ടനഗരമായ ചെന്നൈയിലേക്ക് ഒരിക്കൽ കൂടി തിരിച്ചെത്തിയ വർഷം...

അങ്ങനെ അങ്ങനെ പലതുമാണ് എനിക്ക് 2022.

തൃശ്ശൂർ ജില്ലയിലെ യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുബത്തിൽ, ക്രൈസ്തവസഭയുമായി വളരെയധികം ചേർന്നുജീവിച്ച ആളുകൾക്കിടയിലാണ് ജനിച്ചതും വളർന്നതുമെല്ലാം. ഏതാണ്ട് പ്ലസ് ടു കാലം വരെ ഞാനും അങ്ങനെ തന്നെയാണ് ജീവിച്ചുപോന്നത്. പഠനത്തിൽ അത്ര മിടുക്കിയായിരുന്നില്ലെങ്കിലും കലാപരമായ കാര്യങ്ങളിൽ ഏറെ മുന്നിലായിരുന്നു. സ്‌കൂൾ കലോത്സവങ്ങളിൽ ഡാൻസ്, മിമിക്രി, മോണോആക്ട് തുടങ്ങിയ ഇനങ്ങളിൽ സംസ്ഥാനതലത്തിൽ തന്നെ ധാരാളം സമ്മാനങ്ങൾ അന്ന് വാങ്ങിയിരുന്നു. സോഷ്യൽ സയൻസ് മാത്രമായിരുന്നു എനിക്ക് പഠിക്കാൻ താത്പര്യമുണ്ടായിരുന്ന ഏക വിഷയം.

അനുഷ ആൻഡ്രൂസ് കുടുംബത്തൊടൊപ്പം

സാമൂഹികമായ നിരീക്ഷണങ്ങൾ അക്കാലം മുതലേ ഉണ്ടായിരുന്നു. സുഹൃത്തുക്കൾ, അവരുടെ വീട്, അവിടുത്തെയെല്ലാം സാഹചര്യങ്ങൾ, ഓരോരുത്തരുടെയും പശ്ചാത്തലങ്ങൾ, ജീവിതത്തിലെ വ്യത്യസ്തങ്ങളായ കാര്യങ്ങളോട് ഓരോരുത്തരും എൻഗെയ്​ജ്​ ചെയ്യുന്നതിലെ വ്യത്യാസങ്ങൾ അവരുടെ സാമൂഹ്യപശ്ചാത്തലവുമായി എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം നന്നായി നിരീക്ഷിക്കുമായിരുന്നു. എന്തെക്കിലുമൊക്കെ തരത്തിലുള്ള പൊതുആലോചനകൾ ഉടലെടുക്കുന്ന ഏതൊരു സാധാരണ വിദ്യാർത്ഥിയെയും പോലെ എന്റെയും അക്കാലത്തെ ചിന്തകൾ, ഭാവിയിൽ പാവങ്ങളെ സഹായിക്കുന്ന എന്തെങ്കിലും ജോലി ചെയ്യണം, സോഷ്യൽ സർവീസിന്റെ ഭാഗമാകണം എന്നൊക്കെയുള്ളതായിരുന്നു. അത്തരം കേവല ചിന്തകളിൽ നിന്നാണ് എം.എസ്.ഡബ്ല്യു പഠിക്കണം എന്ന തോന്നലുണ്ടായിത്തുടങ്ങിയത്.

ടി.വിയിൽ നിരന്തരം വാർത്തകൾ കാണുന്ന, ചാനൽ ചർച്ചകളിൽ അഡിക്ടഡ് ആയ, എല്ലാ പത്രവും വായിക്കുന്ന ഒരാളായിരുന്നു പപ്പ എന്നതിനാൽ, ആ സ്വാധീനത്തിൽ ഞാനും അത്തരം കാര്യങ്ങൾ ശ്രദ്ധിച്ചുതുടങ്ങി. പപ്പയുമായുള്ള സംസാരങ്ങളിൽ അൽപമെങ്കിലും പിടിച്ചുനിൽക്കാൻ ഞാനും വാർത്തകൾ കാണാനും വായിക്കാനും തുടങ്ങി. മാധ്യമപ്രവർത്തനത്തോട് താത്പര്യം തോന്നിത്തുടങ്ങിയത് അക്കാലത്താണ്. പ്ലസ് വണിന് ഹ്യുമാനിറ്റീസ് തെരഞ്ഞെടുക്കുന്നത് ജേണലിസ്റ്റാവാൻ മാത്രമായിരുന്നു. ഈ കാലത്തെ ചെറിയ തോതിലുള്ള വായനകൾ, സ്‌കൂൾ നാടകങ്ങളിൽ ആക്ടീവായി പങ്കെടുത്തത്, കലാകാരരുമായുള്ള ബന്ധം ഇതെല്ലാം എന്റെ അക്കാലത്തെ ബോധ്യങ്ങളെ വലിയ രീതിയിൽ മാറ്റുകയുണ്ടായി, പ്രത്യേകിച്ചും കലോൽത്സവ നാടകങ്ങൾ. പാർശ്വവതൃകൃത സമൂഹങ്ങളുടെ പ്രശ്നങ്ങൾ സംസാരിക്കുന്ന നാടകങ്ങളായിരുന്നു ഞങ്ങൾ അന്ന് ചെയ്തിരുന്നത്. എന്റെയുള്ളിൽ യുക്തിചിന്തകൾ ഉടലെടുത്തതും വേദപഠനക്ലാസ്സുകളിൽ ചോദ്യങ്ങൾ ചോദിച്ചുതുടങ്ങിയതുമെല്ലാം അക്കാലത്താണ്. കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി പള്ളിയുമായി യാതൊരു ബന്ധവുമില്ലാതാണ് ഞാൻ മുന്നോട്ടുപോകുന്നത്.

സോഷ്യൽ മീഡിയയുടെ ഉപയോഗവും എന്നിൽ വലിയ മാറ്റങ്ങളുണ്ടാക്കിയിരുന്നു. പുരോഗമനപക്ഷത്ത് നിൽക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കിയ ധാരാളം വ്യക്തികളെയും പേജുകളെയും ഫോളോ ചെയ്തു. ‘മില്യേനിയം കിഡ്സ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന എന്റെ തലമുറയെ, അവരുടെ ബോധ്യങ്ങളെ, മനോനിലയെ, ജീവിതസങ്കൽപങ്ങളെ, രാഷ്ട്രീയത്തെ എല്ലാം ഏതെല്ലാം വിധത്തിലാണ് നവമാധ്യമങ്ങൾ, പ്രത്യേകിച്ചും ഇൻസ്റ്റഗ്രാം, സ്വാധീനിക്കുന്നത് എന്നത് കണ്ടും അറിഞ്ഞും തന്നെയാണ് ഞാൻ വളർന്നത്.

പാർശ്വവതൃകൃത സമൂഹങ്ങളുടെ പ്രശ്നങ്ങൾ സംസാരിക്കുന്ന നാടകങ്ങളായിരുന്നു ഞങ്ങൾ അന്ന് ചെയ്തിരുന്നത്. എന്റെയുള്ളിൽ യുക്തിചിന്തകൾ ഉടലെടുത്തതും വേദപഠനക്ലാസ്സുകളിൽ ചോദ്യങ്ങൾ ചോദിച്ചുതുടങ്ങിയതുമെല്ലാം അക്കാലത്താണ്

2014 ൽ നരേന്ദ്രമോദി അധികാരത്തിൽ വരുമ്പോൾ ഞാൻ ഒമ്പതാം ക്ലാസിലായിരുന്നു. അതായത്, മോദി അധികാരത്തിലിരിക്കുന്ന കാലത്താണ് ഞാൻ ഏതെങ്കിലും വിധത്തിൽ ഒരു സാമൂഹിക ജീവിയായി പരിണമിക്കുന്നത്. പിൽക്കാലത്ത് ഞാൻ വായിച്ച ലിറ്ററേച്ചറുകൾ, കണ്ട നാടകങ്ങൾ, ഇടപെട്ട മനുഷ്യർ, കൂട്ടായ്മകൾ, ഫോളോ ചെയ്ത ഇൻഫ്ലുവൻസേഴ്സ് ഇവരിലെല്ലാം പൊതുവായുണ്ടായിരുന്ന സവിശേഷത, ഫാസിസ്റ്റ് വിരുദ്ധത ആയിരുന്നതിനാൽ ഏതാണെന്റെ രാഷ്ട്രീയ പക്ഷമെന്നതിൽ എനിക്ക് വലിയ ആശങ്കകളില്ലായിരുന്നു.

ചെന്നൈയിലെ എസ്.ആർ.എം യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ ജേണലിസം ബിരുദ വിദ്യാർത്ഥിയായിരിക്കുന്ന സമയത്താണ് ഞാൻ ആദ്യമായി ഒരു റിയാക്ഷൻ വീഡിയോ ചെയ്യുന്നത്. 2018 ലെ പ്രളയത്തിന്റെ സമയത്തായിരുന്നു അത്. അന്ന് യു.എ.ഇ കേരളത്തിന് 700 കോടി രൂപയുടെ ധനസഹായ വാഗ്ദാനം നൽകിയപ്പോൾ അർണബ് ഗോസ്വാമി കേരളത്തിലെ ആളുകളെ the most shameless bunch of people എന്ന് വിളിച്ചുവെന്ന തരത്തിൽ ഒരു വീഡിയോ വന്നിരുന്നു. അത് വലിയ ചർച്ചയായി. ആ സമയത്താണ് ഞാൻ ആദ്യമായി ഒരു വീഡിയോ ചെയ്​തത്​. അർണബ് ഗോസ്വാമിക്കെതിരായ ആ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ അത്ഭുതകരമായ പ്രതികരണമായിരുന്നു ലഭിച്ചത്. ആയിരക്കണക്കിന് പേർ ആ വീഡിയോ ഷെയർ ചെയ്തു. എന്നാൽ പിന്നീടാണ് അറിഞ്ഞത് അർണബ് ഗോസ്വാമിയുടെതായി വന്നത് ഒരു എഡിറ്റഡ് വീഡിയോ ആയിരുന്നു എന്ന്. ഒറിജിനൽ അങ്ങനെയായിരുന്നില്ല. ഒരു മാധ്യമ വിദ്യാർത്ഥി ആയിരുന്നിട്ടുപോലും ഇത്തരമൊരു അപാകത സംഭവിച്ചത് ഗുരുതര പ്രശ്നമായാണ് ഞാൻ കണക്കാക്കിയത്. ‘ഫാക്ട് ചെക്കിംഗ്’ എന്നാൽ എന്താണ് എന്നുപോലും എനിക്കന്ന് അറിയുമായിരുന്നില്ല. അർണബ് ഗോസ്വാമി അതിലപ്പുറവും പറയുമെന്ന ബോധ്യം ഉണ്ടായിരുന്നെങ്കിലും തെറ്റായ ഒരു കാര്യം ഞാൻ പ്രചരിപ്പിച്ചു എന്നത് ആദ്യം നിരാശയും പിന്നീടങ്ങോട്ട് കനത്ത ജാഗ്രതയും ഉണ്ടാക്കി.

വരകളിലൂടെയും, ചെറിയ കുറിപ്പുകളിലൂടെയും എന്റേതായ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ഇൻസ്റ്റഗ്രാമിൽ keratin ed എന്ന അക്കൗണ്ട് തുടങ്ങി. കോവിഡ് കാലത്ത് പലവിധ പ്രശ്നങ്ങളെത്തുടർന്ന് വീടിനകത്ത് പെട്ടുപോയ കാലത്താണ് വീണ്ടും വീഡിയോകൾ ചെയ്തുതുടങ്ങിയത്. രാജ്യത്തെ സാധാരണക്കാരായ ജനതയോട് രണ്ടാം നരേന്ദ്രമോദി സർക്കാർ വളരെയധികം ക്രൂര സമീപനങ്ങൾ സ്വീകരിച്ച, വിദൂര നാടുകളിലേക്ക് കാൽനടയായി നടന്ന അന്തർസംസ്ഥാന തൊഴിലാളികൾ വഴിയരികിൽ മരിച്ചുവീണ, ആയിരങ്ങൾ ആശുപത്രി വരാന്തകളിൽ ശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ച, ഗംഗയിൽ ശവങ്ങളൊഴുകിയ കാലമായിരുന്നു അത്. രാജ്യം അസംഖ്യം വെല്ലുവളി നേരിട്ട ഒരു കാലമായതിനാൽ ഞാൻ തെരഞ്ഞെടുക്കുന്ന വീഡിയോകളുടെയെല്ലാം സ്വഭാവം ഫാഷിസ്റ്റ് പ്രവണതകൾക്കെതിരായ പ്രതിഷേധങ്ങളായിരുന്നു. അതിന്റെ തുടർച്ചകളെ നിലനിർത്താൻ പരമാവധി ശ്രമിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിന് കൂടുതൽ ഫോളോവേഴ്സ് വന്നുതുടങ്ങുകയും ഞാൻ അത്തരത്തിൽ മാറിത്തുടങ്ങുകയും ചെയ്തത്.

വരകളിലൂടെയും, ചെറിയ കുറിപ്പുകളിലൂടെയും എന്റേതായ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ഇൻസ്റ്റഗ്രാമിൽ keratin ed എന്ന അക്കൗണ്ട് തുടങ്ങി. / illustration : Anusha Andrews

സൈബർ ബുള്ളിയിംഗ്, അല്ലെങ്കിൽ സൈബർ അറ്റാക്ക് എന്നിവയെല്ലാം എന്താണെന്ന് ആദ്യമായി തിരിച്ചറിയുന്നതും അനുഭവിക്കുന്നതും ഇക്കാലത്ത് തന്നെയാണ്. കേട്ടാലറയ്ക്കുന്ന തെറിവിളി കേൾക്കേണ്ടിവരുന്നതും അതിരൂക്ഷമായ അധിക്ഷേപങ്ങൾക്കിരയാകേണ്ടിവന്നതുമെല്ലാം ഇക്കാലത്താണ്. കൊലപാതക- റേപ്പ്​ ഭീഷണികൾ നേരിടേണ്ടി വന്നു. നടന്നുപോകുന്ന വഴിയിൽ ആഡിസ് ഒഴിക്കുമെന്ന് പലരും പറഞ്ഞു. കമൻറ്​ ബോക്സിലും ചാറ്റ് ബോക്സിലും ഇത്തരം കുറേയധികം ഭീഷണികൾ നേരിടേണ്ടി വന്നു. തുടക്കത്തിലൊക്കെ അവയോട് പ്രതികരിക്കാൻ വളരെയധികം പ്രയാസമുണ്ടായിരുന്നെങ്കിലും പിന്നീട് അവയോട് പൊരുത്തപ്പെടുകയായിരുന്നു. എതിർഭാഗത്ത് ഒരു പെൺകുട്ടി ആയതിന്റെ എല്ലാ തരം വൈകൃതങ്ങളും അരൾച്ചയും മുരൾച്ചയും എനിക്കെതിരെയുള്ള സംഘ് സൈബർ കോലാഹലങ്ങളിലുണ്ടായിരുന്നു.

അക്കാലത്തൊരിക്കലാണ് സ്വവർഗരതി ഇന്ത്യൻ സംസ്‌കാരത്തിനെതിരാണ് എന്ന നിലയിലുള്ള കോടതി പരാമർശം വിവാദമാകുന്നത്. ഇതിനെത്തുടർന്ന് ഞാൻ ക്രിയേറ്റ് ചെയ്ത മുപ്പത് സെക്കൻറ്​ മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ റീൽ ആണ് എന്റെ ജീവിതത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചത്. സ്വവർഗരതി ഇന്ത്യൻ സംസ്‌കാരത്തിനെതിരാണെങ്കിൽ പിന്നെ എന്തൊക്കെയാണ് ഇന്ത്യൻ സംസ്‌കാരം എന്ന് ചോദിച്ചുകൊണ്ടുള്ള ഒരു വീഡിയോ ഞാൻ ചെയ്തിരുന്നു. സോ കോൾഡ് ഇന്ത്യൻ സംസ്‌കാരങ്ങളിലടങ്ങിയിട്ടുള്ള ജാതീയതയെയും സ്ത്രീവിരുദ്ധതയെയും തുറന്നുകാട്ടുന്ന ചില പരാമർശങ്ങൾ അതിൽ നടത്തി. അങ്ങേയറ്റം അസഹ്യമാം വിധം വിവരണാതീതമായ സൈബർ അറ്റാക്കാണ് ആ ഘട്ടത്തിൽ നേരിടേണ്ടിവന്നത്.

റിപ്പോർട്ടർ ചാനലിൽ ജോലി ചെയ്യുകയായിരുന്നു ഞാനപ്പോൾ. റേപ്പ്​ആഹ്വാനമടക്കമുള്ള നിരന്തര ഭീഷണികൾ. ഒടുവിൽ എന്റെ പേര് അനുഷ ആൻഡ്രൂസ് എന്നാണ് എന്നുകൂടി അവർ കണ്ടെത്തിയതോടെ ആക്രമണത്തിന്റെ സ്വഭാവം കൂടുതൽ കടുത്തു. റിപ്പോർട്ടർ ചാനലിൽ ജോലി ചെയ്തുതുടങ്ങിയിരുന്നെങ്കിലും ഔദ്യോഗികമായി കോഴ്സ് പൂർത്തിയാക്കിയിരുന്നില്ല. അന്ന് ഞാൻ പഠിച്ചിരുന്ന കോളേജിലേക്കും കൂട്ടമായി മെയിലുകൾ വന്നു. എന്നെ കോളേജിൽനിന്ന് പുറത്താക്കണമെന്നും കോഴ്സ് സർട്ടിഫിക്കറ്റ് നൽകരുത് എന്നതുമായിരുന്നു അവരുടെ മുഖ്യആവശ്യം. ഞങ്ങളുടെ വകുപ്പ് മേധാവി എന്നെ വിളിക്കുകയും, ആ വീഡിയോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയുമുണ്ടായി. എന്നാൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് പോലുള്ള, എന്റെ വ്യക്തിപരമായ ഇടങ്ങളിൽ ഞാൻ എന്ത് ചെയ്യുന്നുവെന്നത് യൂണിവേഴ്സിറ്റി അന്വേഷിക്കേണ്ടതില്ല എന്ന മറുപടിയാണ് നൽകിത്. ഒരു മുപ്പത് സെക്കൻറ്​ വീഡിയോയുടെ പേരിൽ ഡിഗ്രി സർട്ടിഫിക്കറ്റ് തരുന്നില്ലെങ്കിൽ എനിക്കത് വേണ്ട എന്നും അവരോട് പറഞ്ഞു. സൈബർ ഉപദ്രവങ്ങൾ അവിടംകൊണ്ടൊന്നും തീർന്നില്ല. ട്വിറ്ററിലും മറ്റും എന്റെ ഫോട്ടോ ഉപയോഗിച്ച് മോർഫ് ചെയ്ത നഗ്‌നചിത്രങ്ങൾ വരെ പ്രചരിപ്പിച്ചു. ഞാൻ മുസ്​ലിമായി മതം മാറിയെന്നും എന്റെ പുതിയ പേര് ആയിഷ എന്നാണെന്നും ഹിന്ദുവിരുദ്ധയാണെന്നും വരെ പ്രചരിപ്പിച്ചു. കുടുംബത്തിലും നാട്ടിലുമെല്ലാം ഇത് വലിയ കോലാഹലങ്ങളാണുണ്ടാക്കി.

ജേണലിസ്റ്റിക് ആംഗിളിൽ കാര്യങ്ങളെ കാണാനായിരുന്നു ഞാൻ ശ്രമിച്ചത്. ഞാൻ പോസ്റ്റ് ചെയ്തിരുന്ന വീഡിയോകളുടെയോ സ്റ്റോറികളുടെയോ ഒന്നും റീച്ച്, വ്യൂ എന്നിവയെ അത്ര ഗൗരവമായി എടുത്തിരുന്നില്ല

ഒരു ഘട്ടത്തിൽ പോലും പിൻമാറാൻ എനിക്ക് തോന്നിയിരുന്നില്ല. കർഷക സമരം, റേപ്പ് കൾച്ചർ, സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ ഏതെല്ലാം വിധത്തിൽ നേരിടാം, ഹാഥ്​റാസ്​ കൂട്ട റേപ്പ്​, എൽ.ജി.ബി.ടി.ക്യു അവകാശങ്ങൾ, ബാഡ് പാരന്റിംഗ്, ശബരിമല സുപ്രീംകോടതി വിധി, പൗരത്വ ഭേദഗതി, തെരഞ്ഞെടുപ്പുകളിലെ ക്രമക്കേട് തുടങ്ങി നിരവധി വിഷയങ്ങളിൽ വീഡിയോകൾ ചെയ്തുകൊണ്ടേയിരുന്നു.

പിൽക്കാലത്ത് ഡൂൾ ന്യൂസിൽ ‘ട്രോളോട് ട്രോൾ’ എന്ന സറ്റയർ പ്രോഗ്രാം ചെയ്തിരുന്നപ്പോഴും ഇത്തരം ഗൗരവമേറിയ വിഷയങ്ങളായിരുന്നു തെരഞ്ഞെടുത്തിരുന്നത്. ഭീഷണികൾ രൂക്ഷമാകുന്ന ദിവസങ്ങളിൽ പലപ്പോഴും ഓഫീസിൽ നിന്ന് വീട്ടിലേക്ക് ഒറ്റക്ക് നടന്നുപോകുമ്പോൾ ഉള്ളിലൊരു ഭയം ജനിക്കും. ഏതുനിമിഷവും ഒരു അപരിചിതന്റെ ആക്രമണം നേരിട്ടേക്കാമെന്ന തരത്തിലുള്ള ഭീതി എന്നിൽ നിലനിർത്തുന്ന തരത്തിലായിരുന്നു ആ കാലത്തെ എന്റെ ചാറ്റ്/കമൻറ്​ ബോക്സുകൾ. ഭയപ്പാടോടെയായിരുന്നു അക്കാലത്തെ യാത്രകളെങ്കിലും ഒരിക്കൽപോലും ഒരു മോശം അനുഭവമുണ്ടായിരുന്നില്ല എന്നുമാത്രമല്ല ഏറെ സന്തോഷമുള്ള ധാരാളം അനുഭവങ്ങൾ ആ കോഴിക്കോടൻ കാലത്തുണ്ടായിരുന്നു. ബീച്ചിൽ നടക്കുമ്പോഴും ഭക്ഷണം കഴിക്കാൻ ഹോട്ടലുകളിൽ പോകുമ്പോഴെല്ലാം ആളുകൾ എന്നെ തിരിച്ചറിഞ്ഞിരുന്നു. പലരും എനിക്കൊപ്പം ഫോട്ടോകളെടുത്തു. ഒരുപക്ഷേ ഒരു മുസ്​ലിം ഭൂരിപക്ഷ പ്രദേശം കൂടിയായതിനാലാവാം പൗരത്വ സമരാനന്തരമുള്ള ആ കാലത്ത് അത്രമേൽ സ്നേഹത്തോടെയാണ് കോഴിക്കോട്ടെ മനുഷ്യർ എന്നോടിടപെട്ടത്.

ഇൻസ്റ്റഗ്രാമിൽ പൊതുവിലുള്ള കണ്ടൻറ്​ ക്രിയേറ്റേഴ്സിനെ സംബന്ധിച്ച് എപ്പോഴും വ്യൂ, കമൻറ്​, ഷെയർ എന്നിവ പ്രധാനപ്പെട്ടതായതിനാൽ അവർ ആളുകളെ സന്തോഷിപ്പിക്കുക മാത്രം ചെയ്യുന്ന തരത്തിൽ ഫുഡ്, സെലിബ്രേഷൻസ്, യാത്ര, ഇവൻറ്​സ്​ എന്നിങ്ങനെയുള്ള വീഡിയോകൾക്ക് പ്രാധാന്യം നൽകാറുണ്ട്. അതേ സമയം ജേണലിസ്റ്റിക് ആംഗിളിൽ കാര്യങ്ങളെ കാണാനായിരുന്നു ഞാൻ ശ്രമിച്ചത്. ഞാൻ പോസ്റ്റ് ചെയ്തിരുന്ന വീഡിയോകളുടെയോ സ്റ്റോറികളുടെയോ ഒന്നും റീച്ച്, വ്യൂ എന്നിവയെ അത്ര ഗൗരവമായി എടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ കുറേ കൂടി റെസ്പോൺസിബിൾ ആയ രീതിയിൽ ഇൻസ്റ്റഗ്രാമിൽ ഇടപെടാൻ എനിക്ക് സാധിച്ചിട്ടുണ്ട് എന്നതാണ് വിശ്വാസം.

illustration : Anusha Andrews

ഇൻസ്റ്റഗ്രാമിൽ എനിക്ക് തോന്നിയ ഏറ്റവും ഗുരുതര പ്രശ്നം, ഭൂരിപക്ഷം ആളുകളും അവരുടെ ന്യൂസ് സോഴ്സ് ആയി പോലും സ്വീകരിക്കുന്നത് കണ്ടൻറ്​ ക്രിയേറ്റേഴ്സ് എന്നോ ഇൻഫ്ലുവൻസേഴ്സ് എന്നോ ഒക്കെ വിളിക്കപ്പെടുന്ന ആളുകളുടെ പേജുകളിൽ വരുന്ന പോസ്റ്റുകളും സ്റ്റോറികളുമൊക്കെയാണ്. അല്ലെങ്കിൽ ഏതെങ്കിലും ട്രോൾ പേജുകളിൽ വരുന്നവ. ഏതെങ്കിലും തരത്തിലുള്ള ഫാക്ട് ചെക്കിംഗ് നടത്തിക്കൊണ്ടല്ല ഇത്തരത്തിലുള്ള ആരും കണ്ടന്റുകൾ പോസ്റ്റ് ചെയ്യുന്നത്. അതിനാൽ തന്നെ ആ പ്രവണതയെ ഒരു സാമൂഹ്യപ്രശ്നമായാണ് ഞാൻ കണക്കാക്കിയത്. തീർത്തും വ്യാജമായ പല കാര്യങ്ങളും ഇൻസ്റ്റഗ്രാമിലൂടെ വലിയ രീതിയിൽ പ്രചരിക്കപ്പെടുന്നത് കണ്ട് നോക്കിനിൽക്കണ്ടി വരാറുണ്ട്. പ്രധാനപ്പെട്ട മാധ്യമങ്ങളുടെയൊന്നും പേജുകൾ ഫോളോ ചെയ്യാതെ, ന്യൂസ് റിപ്പോർട്ടുകൾ ശ്രദ്ധിക്കാതെ ഏതെങ്കിലും വ്യക്തികൾ അവരുടെ പേഴ്സണൽ താത്പര്യങ്ങളുടെ ഭാഗമായി മാത്രം പോസ്റ്റ് ചെയ്യുന്ന കണ്ടന്റുകളിൽ നിന്ന് ലോകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുന്ന തലമുറയാണ് ഇൻസ്റ്റഗ്രാമിൽ കൂടുതലായും ഉള്ളത് എന്നത് നിരാശയുണ്ടാക്കുന്ന കാര്യമാണ്.

‘പുതുലമുറ ആകെപ്പാടെ നശിച്ചുപോയേ, ഞങ്ങളുടെയൊക്കെ ചെറുപ്പമായിരുന്നു ചെറുപ്പം' എന്നതുപോലെയുള്ള അമ്മാവൻ വിലാപങ്ങളിൽ കഴമ്പില്ലെങ്കിലും നിരാശ തോന്നുന്ന ധാരാളം കാര്യങ്ങൾ ‘ഇൻസ്റ്റ ലോകത്തും' കാണാം. പുരോഗമനപരമായ നിലപാടുകൾ സ്വീകരിക്കുന്ന ആളുകൾക്ക് സ്വീകാര്യത ലഭിക്കാറുണ്ടെങ്കിലും ഇത്തരമിടങ്ങളിൽ കൂടുതലും അരങ്ങുവാഴുന്നത് അങ്ങേയറ്റം ടോക്സിക് കണ്ടന്റുകൾ ഉദ്പാദിപ്പിക്കുന്നവർ തന്നെയാണ്. ഇത്തരം ക്രിയേറ്റേഴ്സും അവരുടെ ആരാധകരായ പതിനായിരങ്ങളും ചേർന്ന് സൃഷ്ടിച്ചെടുക്കുന്ന, അക്രമങ്ങൾ നിറഞ്ഞ ആൺലോകം വിമത നിലപാട് സ്വീകരിക്കുന്നവരെ സംബന്ധിച്ച് അസഹനീയമാണ്.

ഇൻസ്റ്റഗ്രാം അടക്കമുള്ള പ്ലാറ്റ്ഫോമുകളുടെ പൊതുമനോനില കൃത്യമായി മനസ്സിലാവുക വ്യത്യസ്ത വിഷയങ്ങൾക്ക് ലഭിക്കുന്ന പിന്തുണകൾ തമ്മിലുള്ള അന്തരത്തിൽ നിന്നാണ്. എന്തെങ്കിലും വ്യക്തിഗതവിശേഷങ്ങൾ പങ്കുവെച്ച്​ ലൈവ് വീഡിയോ ചെയ്താൽ ആയിരക്കണക്കിനാളുകൾ കാണാനുണ്ടാകും. എന്നാൽ അതേ സമയം ഗൗരവ വിഷയങ്ങൾ എടുത്താൽ അതിൽ നൂറിൽ താഴെ ആളുകൾ മാത്രമേ ഉണ്ടാകൂ. ഏറ്റവുമൊടുവിൽ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത ലൈവിലെല്ലാം അതായിരുന്നു സ്ഥിതി. പ്രതീക്ഷകൾ കൈവിടാതിരിക്കുക എന്നത് മാത്രമാണ് പോംവഴി.

സത്യത്തിൽ ദൈനംദിന ജീവിതത്തിൽ അപൂർവമായി മാത്രം ഞാൻ ഇടപെടുന്ന ഇടമാണ് ഇൻസ്റ്റഗ്രാം. അതിനപ്പുറം എന്റേതായ കാഴ്ചകളുണ്ട്, യാത്രകളുണ്ട്, വേവലാതികളുണ്ട്, സങ്കടങ്ങളുണ്ട്

മുൻകാലങ്ങളിൽ പൊതുസമൂഹത്തിന് സ്വീകാര്യമല്ലാതിരുന്ന ധാരാളം വിഷയങ്ങളിൽ ഇടപെട്ടുപ്രവർത്തിച്ച സാമൂഹ്യപ്രവർത്തകരും ഫെമിനിസ്റ്റുകളും രാഷ്ട്രീയപ്രവർത്തകരും എന്തെല്ലാം പ്രതിസന്ധികൾ നേരിടേണ്ടിവന്നു എന്നത് നമുക്കറിയാമല്ലോ. അതേപോലെ തന്നെയാണ് സൈബർ ഇടവും. ഘട്ടംഘട്ടമായി മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കാനേ സാധിക്കൂ.

ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ സജീവമായി ഇടപെടാൻ ശ്രമിക്കാറുണ്ടെങ്കിലും, ഞാൻ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് മാത്രമല്ല. അതല്ല എന്റെ ഐഡന്റിറ്റി. എന്റെ സുഹൃത്തുകളുടെ ഇൻസ്റ്റഗ്രാം ഫീഡിൽ നോട്ടിഫിക്കേഷൻ ആയും അല്ലാതെയും കടന്നുവരുന്ന പോസ്റ്റുകളിലെയും സ്റ്റോറികളെയും തിളക്കമുള്ള ചിത്രങ്ങളോ വാചാലമാകുന്ന വീഡിയോകളിലെ ഊർജമോ അല്ല ഞാൻ. സത്യത്തിൽ ദൈനംദിന ജീവിതത്തിൽ അപൂർവമായി മാത്രം ഞാൻ ഇടപെടുന്ന ഇടമാണ് ഇൻസ്റ്റഗ്രാം. അതിനപ്പുറം എന്റേതായ കാഴ്ചകളുണ്ട്, യാത്രകളുണ്ട്, വേവലാതികളുണ്ട്, സങ്കടങ്ങളുണ്ട്...

എന്റേതു മാത്രമായ മറ്റൊരു ലോകത്തെ അനേകായിരം സംഘർഷങ്ങൾ കൂടിയാണ് ഞാൻ.

Comments