അമ്മ തങ്കമ്മ, മകൻ കെ. അംബുജാക്ഷന്റെ ഓർമയിൽ

‘‘വരുമാനമുള്ള ഒരു സ്ത്രീയെന്ന നിലയിലും ഗവൺമെൻറ്​ ഉദ്യോഗസ്ഥ എന്ന നിലയിലുമുള്ള അനുഭവങ്ങൾ കൂടിയായപ്പോൾ വളരെ ഔന്നത്യപൂർണമായ ഒരു ജീവിതം കെട്ടിപ്പടുക്കാൻ അവർക്ക് എളുപ്പം കഴിഞ്ഞു. ദലിത് കുടുംബങ്ങളിലെ സാമൂഹ്യപരമായ പല പരിമിതികളെയും മറികടക്കാൻ വിദ്യാഭ്യാസം വലിയൊരുപാധിയാണെന്ന് അമ്മ സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തരികയായിരുന്നു.’’- ട്രൂ കോപ്പി വെബ്‌സീനിൽ പ്രസിദ്ധീകരിക്കുന്ന അഭിമുഖത്തിൽ ദലിത് ആക്റ്റിവിസ്റ്റും ചിന്തകനുമായ കെ. അംബുജാക്ഷൻ തന്റെ അമ്മ തങ്കമ്മ കുഞ്ഞുകുഞ്ഞിന്റെ ജീവിതത്തെക്കുറിച്ചും അമ്മ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും പങ്കിട്ട അനുഭവം വായിക്കാം. തങ്കമ്മ കുഞ്ഞുകുഞ്ഞ്​ ആഗസ്​റ്റ്​ 26ന്​ അന്തരിച്ചു.

Truecopy Webzine

ന്റെ ഗ്രാമത്തിൽ കോളേജ് വിദ്യാഭ്യാസം ചെയ്യുന്ന ആദ്യ വനിതയാണ് അമ്മ തങ്കമ്മ. അക്കാലത്ത് പന്തളം എൻ.എസ്.എസ് കോളേജിൽ നിന്ന് വിദ്യാഭ്യാസം ലഭിച്ച ഒരു ദലിത് സ്ത്രീ എന്ന നിലയിൽ നാട്ടിൽ വളരെ ആദരണീയമായ അംഗീകാരം അമ്മയ്ക്ക് ലഭിച്ചിരുന്നു. വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ തന്നെ റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയായി. വരുമാനമുള്ള ഒരു സ്ത്രീയെന്ന നിലയിലും ഗവൺമെൻറ്​ ഉദ്യോഗസ്ഥ എന്ന നിലയിലുമുള്ള അനുഭവങ്ങൾ കൂടിയായപ്പോൾ വളരെ ഔന്നത്യപൂർണമായ ഒരു ജീവിതം കെട്ടിപ്പടുക്കാൻ അവർക്ക് എളുപ്പം കഴിഞ്ഞു. ദലിത് കുടുംബങ്ങളിലെ സാമൂഹ്യപരമായ പല പരിമിതികളെയും മറികടക്കാൻ വിദ്യാഭ്യാസം വലിയൊരുപാധിയാണെന്ന് അമ്മ സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തരികയായിരുന്നു.

എന്നാൽ ഈ ഔന്നത്യം സ്വന്തം കുടുംബത്തിൽ മാത്രം പരിമിതപ്പെടുത്തുകയായിരുന്നില്ല, പകരം എല്ലാവർക്കും പകർന്നു കൊടുക്കുവാനുള്ള ഒരു നേതൃത്വം അമ്മ ഏറ്റെടുക്കുന്നതാണ് കാണാൻ കഴിഞ്ഞത്. സഹോദരങ്ങൾ, അവരുടെ മക്കൾ, മറ്റ് ബന്ധുക്കൾ, നാട്ടിലെ വിവിധ സമുദായങ്ങളിൽ പെട്ടവർ തുടങ്ങിയവരെ വിദ്യാഭ്യാസം ചെയ്യിപ്പിക്കുവാൻ അമ്മ മുന്നോട്ടുവന്നു. അന്തസും ആത്മാഭിമാനവും ഉയർത്തിപ്പിടിച്ച ഒരു ജീവിതമാണ് അച്ഛന്റെയും അമ്മയുടേയും ആദർശമായി ഞങ്ങൾ മക്കൾ കണ്ടുപഠിച്ചത്. പൊതുപ്രവർത്തകൻ എന്ന നിലയിൽ അച്ഛന്റെ പൊതുസ്വീകാര്യത, ഉദ്യോഗസ്ഥ എന്ന നിലയിൽ സമൂഹത്തിൽ അമ്മയ്ക്കുള്ള സ്ഥാനം- ഇത് രണ്ടും തരുന്ന സോഷ്യൽ സ്റ്റാറ്റസ് അനുഭവിച്ചാണ് ഞാൻ വളർന്നുവന്നത്.

കുടുംബത്തിലെ സ്ത്രീകളുടെ അറിവിന്റെയും സ്വീകാര്യതയുടെയും അതുവഴി അവർക്ക് കൈവരുന്ന അന്തസിന്റെയും അന്തരീക്ഷത്തിലാണ്, അല്ലെങ്കിൽ അത്തരത്തിലുള്ള ഒരു ജീവിതമാണ് എന്റെ വളരെ ചെറിയ പ്രായത്തിൽ കുടുംബത്തിലുണ്ടായിരുന്നത്. നല്ല വസ്ത്രം, നല്ല ഭക്ഷണം, നോട്ട്ബുക്ക്, പാഠപുസ്തകങ്ങൾ, വായിക്കാൻ മറ്റ് കഥാപുസ്തകങ്ങൾ, ഇന്നത്തെ സ്‌കൂൾ ബാഗിനുപകരം സ്യൂട്ട്കേസ് പോലുള്ള അലൂമിനിയം പെട്ടി... ഇതെല്ലാം പിടിച്ച് ബെൽറ്റൊക്കെ കെട്ടി പോകുന്ന വിദ്യാർത്ഥിയായിരുന്നു ഞാൻ. എന്നാൽ സ്‌കൂൾ തരുന്നതിനേക്കാൾ അടിസ്ഥാനപരമായ പാഠങ്ങൾ പഠിപ്പിച്ചുതന്നതും എന്റെ വ്യക്തിത്വ രൂപീകരണത്തിലും അമ്മ തന്നെയാണ് വളരെ വലിയ അളവിൽ സ്വാധീനിച്ചിട്ടുള്ളത്.

അംബുജാക്ഷന്റെ അച്​ഛൻ മണ്ണിൽ കുഞ്ഞുകുഞ്ഞ്, അമ്മ തങ്കമ്മ

അമ്മ പഠിപ്പിച്ചു തന്ന ഇംഗ്ലീഷ്, ചിട്ടയോടെയുള്ള പഠനരീതി, കഥകൾ, മോറൽ സ്റ്റോറികൾ, കവിതകൾ, പാട്ടുകൾ എന്നിങ്ങനെയുള്ള വിദ്യാഭ്യാസം. പിന്നീട് അച്ഛന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളും അതുമായി ബന്ധപ്പെട്ട അനുഭവപാഠങ്ങളും നൽകിയ ആത്മവിശ്വാസം; ഈ ഘടകങ്ങൾ അന്തസും, ആത്മവിശ്വാസവും ഒക്കെ ചേർത്തുവച്ചുകൊണ്ടുള്ള ഒരു വ്യക്തിത്വവികാസമാണ് ബാല്യകാലത്ത് എനിക്ക് നേടിത്തന്നത്.

നിർഭയമായ, സുരക്ഷിതമായ ഒരു വളർച്ചയാണ് ബാല്യത്തിൽ കിട്ടിയത്. അത്തരത്തിൽ വലിയ നിലക്കുള്ള ഒരു മാനസികാവസ്ഥയുമായാണ് സ്‌കൂളിൽ ചെല്ലുന്നത്. എന്നാൽ സ്‌കൂൾ അത്ര പോസിറ്റീവായിരുന്നില്ല; എന്റെ കുടുംബാന്തരീക്ഷത്തിന്റെ നേരെ വിപരീതം. അന്നുവരെ നമ്മൾ മനസിലാക്കിയ ലോകമേ ആയിരുന്നില്ല എന്റെ സ്‌കൂൾ. പരമ്പരാഗതമായി ജാതി മനസിൽ കൊണ്ടു നടക്കുന്ന അദ്ധ്യാപകരും, ജാതിയിൽ താണതെന്ന് കരുതുന്ന വിദ്യാർത്ഥികളോടുള്ള അവഗണനയും അവജ്ഞയുടേയും അപമാനത്തിന്റെയും അനുഭവങ്ങളുമെല്ലാമാണ് എൽ.പി, യു.പി സ്‌ക്കൂളന്തരീക്ഷത്തിൽ എനിക്ക് ലഭിച്ചത്.

അമ്മ പഠിപ്പിച്ചു തരുന്ന അടിസ്ഥാന ഗണിത പാഠങ്ങളും മലയാളഭാഷ പാഠങ്ങളുമാണ് എന്റെ അപ്പോഴത്തെ അറിവിന്റെ അടിസ്ഥാനം. പലപ്പോഴും ക്ലാസിൽ ഉത്തരം പറയാൻ എഴുന്നേൽക്കുന്ന എന്നോട് നിന്നോടല്ല ചോദിച്ചത് എന്നുപറഞ്ഞ് അപമാനിച്ചിരുത്തുന്ന അധ്യാപകരെയാണ് കാണാൻ കഴിഞ്ഞത്.
ഒപ്പം, ജാതികഥകളും ജാതിയുടെ വിലക്കുകളും നിയന്ത്രണങ്ങളും ഒക്കെയുള്ള വീടുകളിൽ നിന്ന് വരുന്ന കുട്ടികളും അവരോട് അധ്യാപകർക്കുള്ള പ്രത്യേക ശ്രദ്ധയും, കരുതലും, അത്തരം കുട്ടികൾ മറ്റു സമപ്രായക്കാരായ കുട്ടികളോട് ജാതി അകലവും നിസ്സഹകരണവും പാലിക്കുന്നതും ഇതിനെ തിരുത്താൻ ശ്രമിക്കാത്ത അധ്യാപകരും എന്നിൽ അന്നേ സംഘർഷം സൃഷ്ടിക്കുന്നുണ്ട്.

എനിക്ക് വളരെ പോസിറ്റീവായ ഒരു കുടുംബാന്തരീക്ഷമില്ലായിരുന്നെങ്കിൽ ഇത്തരം സംഘർഷങ്ങളിൽപ്പെട്ട് ഒന്നുമാകാൻ കഴിയാതെ തകർന്ന് പോകുമായിരുന്നു. തോറ്റുകൊടുക്കാൻ അനുവദിക്കാത്ത ശുദ്ധമായ ഒരു മനസായിരുന്നു എന്റെ സ്‌കൂൾ ജീവിതത്തിലുണ്ടായിരുന്നത്. അതുകൊണ്ട് എല്ലാതരം അപമാനങ്ങൾക്കെതിരെയും ഞാൻ ശക്തമായി പ്രതികരിക്കും. എത്ര അപമാനം കൂടുന്നുവോ അത്ര തീവ്രമായി പ്രതികരിക്കുക എന്ന ശീലം 5, 6 ക്ലാസുകളിൽ തന്നെയുണ്ട്. അതായത്, സ്വാഭാവികമായി ഒരു റിബലായിട്ടാണ് എന്നെ വളർത്തുന്നത്. അസമത്വങ്ങളോട് സന്ധി ചെയ്യാത്ത ഒരഗ്നി എന്റെ ഉള്ളിലെപ്പോഴും ജ്വലിച്ചുകൊണ്ടിരുന്നു.

ജീവിക്കുന്ന സാമൂഹ്യാന്തരീക്ഷത്തോട് കലഹിക്കാൻ സ്വാഭാവികമായി നിർബന്ധിതമാകുന്ന ഒരു കാലഘട്ടമാണത്. ആ കലഹങ്ങൾ സ്‌കൂളിൽ നിന്നുതന്നെ പഠനം നിർത്തി പോകുന്നിടം വരെയെത്തിയിട്ടുണ്ട്. എങ്കിലും അടിസ്ഥാനപരമായി അത്തരം സമരോത്സുകമായ അനുഭവങ്ങൾ പിന്നീടുള്ള എന്റെ വ്യക്തിത്വ രൂപീകരണത്തിലും സാമൂഹ്യ / രാഷ്ട്രീയ ഇടപെടലുകളിലും ഊർജ്ജമായിട്ടുണ്ട്. ചെറുപ്പത്തിൽ എല്ലാവർക്കും ഉള്ളതുപോലെ ദൈവവിശ്വാസമൊക്കെ എന്നിലും ഉണ്ടായിട്ടുണ്ട്. ക്ഷേത്രങ്ങളിൽ പോകുക, പ്രത്യേകിച്ച് വിദ്യാർത്ഥികൾ എന്ന നിലയിൽ പരീക്ഷയുടെ സമയത്താണല്ലോ വിശ്വാസം ഒരാവശ്യമായി വരുന്നത്. അങ്ങനെ നാട്ടിലെ ക്ഷേത്രത്തിൽ കയറാനുള്ള എന്റെ ശ്രമം ആദ്യ ദിനം തന്നെ അപമാനിക്കപ്പെടുകയും ക്ഷേത്രക്കുളത്തിൽ കുളിച്ചതിന് വലിയ പ്രശ്നങ്ങളുണ്ടാകുകയും ചെയ്തു. പൂജാരിമാർ കുളിക്കുന്ന സമയത്ത് കുളം തീണ്ടിയെന്നുപറഞ്ഞ് വലിയ പ്രശ്നങ്ങളുണ്ടായി. അങ്ങനെ ആറാം ക്ലാസിലെ വർഷാവസാന പരീക്ഷയിൽ ക്ഷേത്രത്തിൽ കുളിച്ച് തൊഴാനുള്ള എന്റെ ആഗ്രഹം തീണ്ടലിന്റെയും ജാതിയുടെയും പേരിൽ മാറ്റിനിർത്തപ്പെട്ടു.

അപ്പോൾ ക്ഷേത്രങ്ങളോട് വെറുപ്പാണ് എന്റെ മനസിൽ രൂപപ്പെട്ടത്. അന്ന് എന്റെ മനസ് തീരുമാനിച്ചു; അപമാനിക്കുന്ന ഒരു ക്ഷേത്രത്തിലും ആരാധനക്ക് പോകില്ലെന്ന്. ഇന്നെനിക്ക് 55 വയസ്. അന്നത്തെ ആറാം ക്ലാസുകാരൻ എടുത്ത തീരുമാനം 55ാം വയസിലും മുറുകെപ്പിടിച്ച്, ഹൈന്ദവ ക്ഷേത്രങ്ങളിൽ നിന്ന് അകന്നുതന്നെ ജീവിച്ചു. സവർണ ക്ഷേത്രങ്ങളിൽ പോകാൻ പറ്റാതെ വന്നപ്പോൾ എന്റെ ഉള്ളിലുള്ള ഒരു വിശ്വാസത്തിന്റെ ത്വരക്ക് സംതൃപ്തി ലഭിച്ചത് നാട്ടിലെ ആതിരമലയുടെ മുകളിൽ ദലിതരുടെ ഒരു അമ്പലത്തിൽ ആരാധന നടത്തിയാണ്. പരമ്പരാഗത ഗോത്ര ദൈവ സങ്കല്പമാണത്. അവിടെ പോകുമ്പോൾ ആരും തടയാനും വിലക്കാനുമില്ല. വിലക്കുകളില്ലാത്ത ആരാധനക്ക് അവസരം ലഭിച്ചത് മലമുകളിലെ ആ ദൈവത്തിന്റെയരികെയാണ്. താഴെയുള്ള ഹൈന്ദവ ദൈവങ്ങൾക്കാണ് വിലക്ക്. എന്തുകൊണ്ടും താഴെയുള്ള ഹൈന്ദവ ദൈവങ്ങളെക്കാൾ സ്വാതന്ത്ര്യവും ആത്മവിശ്വാസവും തരുന്നത് മുകളിലുള്ള തനിമയുള്ള ഗോത്രദൈവമാണ് എന്ന് ബാല്യത്തിൽ എനിക്ക് തോന്നിയിട്ടുണ്ട്. പിന്നീട് ഹൈ സ്‌കൂൾ കാലഘട്ടത്തിൽ എല്ലാത്തരം വിശ്വാസങ്ങളും അഴിച്ചുവയ്ക്കുന്ന ഒരു ശാസ്ത്രാവബോധവും വിമർശനാത്മകമായ ചിന്തയുമൊക്കെ എന്നിൽ രൂപപ്പെട്ടു.

ഇതര ജാതികളോട് ഭിന്നമായ സാമൂഹ്യഅകലവും സാമൂഹ്യബന്ധവും സൂക്ഷിക്കുകയും, ഇതര ജാതികൾ മറ്റ് ഭിന്ന ജാതികളോട് വ്യത്യസ്ത രീതികളിൽ ജാതിയുടേതായ അകൽച്ചകളും അടുപ്പങ്ങളും പെരുമാറ്റ രീതികളും പ്രകടിപ്പിക്കുന്ന വിചിത്രമായ സാമൂഹ്യബന്ധങ്ങളുടെ ഒരു അനുഭവ ലോകത്താണ് എന്റെ ജീവിതം രൂപപ്പെടുന്നത്. കാര്യങ്ങൾ തീരുമാനിക്കുന്നത് ബ്രാഹ്മണരാണ്; പക്ഷെ അവർ പ്രത്യക്ഷത്തിൽ ഇറങ്ങി വരുന്നില്ല. അവർ ആഗ്രഹിക്കുന്നതാണ് അവിടെ നടക്കുന്നത്. ക്ഷേത്രങ്ങൾ, അതിന്റെ പൗരോഹിത്യം, വരുമാനങ്ങൾ എല്ലാം ബ്രാഹ്മണരുടെ കൈയ്യിലാണ്. നാടിന്റെ പൊതുഭരണം നായർ, ഫ്യൂഡൽ മേധാവിത്വത്തിന്റെ കൈയ്യിലാണ്.
എന്റെ ബാല്യത്തിൽ ഞാൻ കണ്ട വേദനാജനകമായ കാഴ്ച, ഒരു പട്ടികജാതിക്കാരന്റെ മേൽ കള്ളം (മോഷണം) ആരോപിക്കപ്പെടുന്നു.

ആരോപണം ശരിയോ തെറ്റോ എന്ന് പരിശോധിക്കാൻ ഒരു സംവിധാനവും ഇല്ല. ഒരു നായർ പറഞ്ഞാൽ വേറെ തെളിവ് വേണ്ട. എന്റെ അമ്മാവൻ തിരുവഞ്ചന്റെ മകൻ സോമനെ മോഷണകുറ്റം ആരോപിച്ച് നാട്ടുകാർ പിടിച്ചോണ്ട് വരികയാണ്. അദ്ധ്യാപകനായ ഒരു നായർ ശിക്ഷ വിധിച്ചു. തെങ്ങിൽ കെട്ടിയിട്ട് വലിയ വടി കൊണ്ട് മാരകമായി മർദ്ദിക്കുന്നു. സോമന്റെ മാതാവായ എന്റെ അമ്മാവിയും സഹോദരങ്ങളും മറ്റ് ബന്ധുക്കളും നിലവിളിക്കുകയാണ്. പല നായൻമാരും കാഴ്ചക്കാരായി നിൽപ്പുണ്ട്, ആർക്കും അരുത് എന്ന് പറയാൻ ധൈര്യമില്ല. ഇങ്ങനെ ശിക്ഷിക്കാൻ പൊലീസിനുള്ള അധികാരം നാട്ടിലെ ഒരു നായർ പ്രമാണിക്കുണ്ടോ? സ്വാതന്ത്ര്യം കിട്ടി ഭരണഘടനയും വന്ന് അതനുസരിച്ച് ജനാധിപത്യ സംവിധാനത്തിലുള്ള ഭരണം നടക്കുന്ന 1970 കാലഘട്ടത്തിലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്.

ദലിതരുടെ മേൽ കുറ്റം ആരോപിച്ച് തെളിവുകളില്ലാതെ ശിക്ഷ നടപ്പിലാക്കുന്ന സമ്പ്രദായം എന്നെ വല്ലാതെ ഉലച്ചു. പിന്നീടാണറിയുന്നത് ആ മോഷണം അവരിൽ തന്നെയുള്ള മറ്റാരോ ആണ് നടത്തിയതെന്ന്. ചെറുപ്പകാലത്ത് എന്റെ മനസിനെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച സംഭവമാണത്. ഞാനേറ്റവും സ്നേഹിക്കുന്ന എന്റെ സഹോദരനെ തല്ലിച്ചതയ്ക്കുന്ന കാഴ്ച ദിവസങ്ങളോളം എന്റെ ഉറക്കം കെടുത്തി, ആ കാഴ്ചയുടെ ഭീകരത, എന്റെ നിസ്സഹായത ഒക്കെ ചേർന്ന് എന്റെ ഹൃദയത്തിലത് ആഴത്തിൽ മുറിവുണ്ടാക്കി, എപ്പോൾ ഓർത്താലും ചോര കിനിയുന്ന മുറിവായി അതിപ്പോഴും എന്നിലുണ്ട്.

കുറച്ചുകൂടി തിരിച്ചറിവ് നേടുന്നത് പ്രീ-ഡിഗ്രി കാലഘട്ടത്തിലാണ്, വായനകളിലും, പുസ്തകങ്ങളിലും ലൈബ്രറികളിലുമായുള്ള ജീവിതത്തിലാണ്. ഇതിന്റെ കാരണങ്ങളായ വർണ- ജാതി വ്യവസ്ഥ, അതിന്റെ അടിച്ചമർത്തൽ സ്വഭാവം, മനുഷ്യവിരുദ്ധവും നിയമവിരുദ്ധവുമായ അതിന്റെ ഉള്ളടക്കം, അതിന്റെ ദൈവികത എന്നതിനെ സംബന്ധിച്ച് ബോധ്യം ഉണ്ടാകുന്നു. പിന്നീടാണ് മനുഷ്യൻ എന്ന നിലയിലുള്ള എന്റെ അവകാശങ്ങളെ കുറിച്ച് മനസിലാക്കുന്നത്. ആരുടെ മുന്നിലും പണയം വയ്ക്കാതെ തലനിവർത്തി നിൽക്കാനുള്ള എന്റെ ആത്മബോധം അച്ഛനിൽ നിന്നും അമ്മയിൽ നിന്നും ലഭിച്ചതാണ്. ഞങ്ങളുടേത് ഒരു കൂട്ടുകുടുംബമാണ്. വലിയ ബന്ധുവലയം ഞങ്ങൾക്കുണ്ട്. എപ്പോഴും വീട്ടിൽ നിരവധിയാളുകളുണ്ടാകും. ബന്ധുക്കൾ, അച്ഛനെ കാണാനെത്തുന്ന സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തകർ, ഉദ്യോഗസ്ഥ എന്ന നിലയ്ക്ക് അമ്മയെ കാണാൻ പല സേവനങ്ങൾക്കും ഉപദേശങ്ങൾക്കുമായി എത്തുന്നവർ, അവർ പറയുന്നത് കേട്ടും, അവരോട് സംസാരിച്ചും ഒരു സാമൂഹ്യ വിനിമയ ലോകം (Socialization ) ചെറുപ്പത്തിൽ ധാരാളം അനുഭവിക്കാൻ കഴിഞ്ഞു. സമൂഹത്തിൽ വ്യത്യസ്തരായ മനുഷ്യരോട് വ്യത്യസ്ത സന്ദർഭങ്ങളിൽ ക്രിയാത്മകമായി ഇടപെട്ട് ജീവിക്കാനുള്ള ഒരു വിശാലമനസ്‌ക്കത എന്നിൽ രൂപപ്പെട്ടത് ഇങ്ങനെയാണ് എന്നത് എടുത്തുപറയേണ്ട ഒരു കാര്യമാണ്. ഇതൊക്കെ പിൽക്കാലത്ത് എന്റെ സാമൂഹ്യ- രാഷ്ട്രീയ ജീവിതത്തിൽ കൂടുതൽ അസേർട്ടീവാകാൻ, കൂടുതൽ കോൺഫിഡൻറ്​ ആകാൻ സഹായിച്ചു. മനുഷ്യരോടുള്ള പലതരം ബന്ധങ്ങളെ ക്രിയാത്മകമായി മാനേജ് ചെയ്ത് പോകാനുള്ള അറിവും പരിചയവും മാതൃകയും ഇങ്ങനെയാണ് നേടിയെടുത്തത്. ബാല്യകാല ജീവിതത്തിലെ മധുരം നിറഞ്ഞ കുടുംബാന്തരീക്ഷവും കയ്പും വേദനയും നിറഞ്ഞ സ്‌കൂൾ ജീവിതവും മറ്റു -സാമൂഹ്യാന്തരീക്ഷങ്ങളുമാണ് ഇന്നുള്ള എന്നെ ഉണ്ടാക്കിയെടുത്തത്.

ട്രൂകോപ്പി വെബ്സീനിൽ കെ. അംബുജാക്ഷനുമായി കെ. കണ്ണൻ നടത്തിയ അഭിമുഖത്തിന്റെപൂർണ രൂപം
1 കുരമ്പാലയിൽനിന്നൊരു റെബൽ
2 ജാതി സ്വകാര്യ മൂലധനമായ ഇടതുപക്ഷവും മതേതരവാദികളും സോഷ്യലിസ്​റ്റുകളും

Comments