ഡാൻസ്​ ബാറുകളിലെ
​മഹാനഗര രാത്രികൾ

2005-ൽ ഡാൻസ് ബാറുകളുടെ ഷട്ടറിടാൻ നിയമം കൊണ്ടുവന്നു. ഇപ്പോൾ ഇത്തരം ബാറുകൾ മഹാനഗരത്തിൽ സജീവമല്ലെങ്കിലും സുപ്രീംകോടതി വിധി പ്രകാരം ഇവ തുറന്ന് പ്രവർത്തിക്കാൻ അനുമതി കൊടുത്തിട്ടുണ്ട്​. എങ്കിലും ഇവയുടെ ഭാവി അനിശ്​ചിതത്വത്തിലാണ്​.

രിമാൻ പോയിന്റിലുള്ള ഓഫീസിൽനിന്ന് വൈകീട്ട് താമസസ്ഥലത്തെത്താൻ ചർച്ച് ഗേറ്റ് സ്റ്റേഷൻ- ബാന്ദ്ര സ്ലോ ട്രെയിനിലാണ്​ ഞാൻ പതിവായി സഞ്ചരിക്കുക. ബാന്ദ്ര ഈസ്റ്റിലെ ഗവൺമെൻറ്​ സർവവെൻറ്​സ്​ ക്വാർട്ടേഴ്‌സിലുള്ള സുഹൃത്തിനൊപ്പമാണ് താമസം. സ്​റ്റേഷൻ പരിസരത്തുനിന്ന് പുറപ്പെടുന്ന ബി.ഇ.എസ്.ടി ബസുകൾ ഈ കോളനിയിലാണ് യാത്ര അവസാനിപ്പിക്കുക. പ്രൊവിഡൻറ്​ ഫണ്ട് ഓഫീസും ഹൗസിംഗ് ബോർഡ് ഓഫീസും ചില കടകളും കെട്ടിടങ്ങളും പിന്നിട്ട് ബസ് മുന്നോട്ട് നീങ്ങുമ്പോൾ വഴിയുടെ ഇരുവശങ്ങളിലും കുറെ ബംഗ്ലാവുകൾ കാണാം.

അവയിലൊന്നിലെ ‘മാതോശ്രീ' യിലാണ് സാക്ഷാൽ ബാലാസാഹേബ് താക്ക്‌റെയുടെ വാസം. ഗേയ്റ്റിനു മുന്നിൽ കസേരയിട്ടിരിക്കുന്ന യൂണിഫോം ധാരികളായ പോലീസുകാർ എ.കെ. 47 റൈഫിൾ കൈയ്യിലേന്തിയിട്ടുണ്ട്. ‘മാതോശ്രീ’യുടെ മട്ടുപ്പാവിൽ ഐ.വി. പടർത്തിയ പന്തലിനുതാഴെ ഊഞ്ഞാലിലാടിക്കൊണ്ട് പൈപ്പു വലിച്ച് കുമുകുമാ പുകവിടുന്ന താക്ക്‌റെ സാബ് അപ്പോൾ റേഡിയോവിൽ ക്രിക്കറ്റ് കമന്ററി കേൾക്കുകയാണോ എന്ന് സംശയിക്കാറുണ്ട്.

ബാൽ താക്കറെ മകൻ ഉദ്ധവ് താക്കറെയ്‌ക്കൊപ്പം 'മാതോശ്രീ'യിൽ / Photo: Zee News

ജർമൻ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്​ലറെ ആരാധ്യപുരുഷനായി കണ്ട ശിവസേനാ നേതാവ് ബാലാസാഹബ് താക്ക്‌റെ പൊതുജീവിതത്തിൽ കാർട്ടൂണിസ്റ്റും എഴുത്തുകാരനും പത്രാധിപരുമായാണ് അറിയപ്പെടുക. ഫ്രീ പ്രസ്​ജേർണലിൽ ഹാസ്യചിത്രകാരനായി ഔദ്യോഗിക ജീവിതത്തിന് ആരംഭം കുറിച്ച താക്ക്‌റെ ‘ഹിന്ദുഹൃദയ സാമ്രാട്ട് ' എന്ന ചെല്ലപ്പേരിനുടമയായി. വഴിയെ മറാഠികൾക്കിടയിൽ അദ്ദേഹം ‘ആംചി മാഠി, ആംചി മാണുസ്' വിചാരങ്ങളുടെ ഹൈ ബ്രീഡ് വിത്തുകൾ വിതച്ചു. ഇവ മുളച്ചുപൊന്തി പടർന്നു പന്തലിച്ച് മഹാനഗരത്തിൽ വരുത്തിതീർത്ത അനിഷ്ട സംഭവങ്ങൾക്ക് കൈയ്യും കണക്കുമില്ലെങ്കിലും കുറെ നാളുകൾക്കുമുമ്പ് ഭാഗ്യവശാൽ ഇവയുടെ തിരശ്ശീല വീണിരിക്കുന്നു. ബാൽ താക്ക്‌റെയുടെ പിതാവ് പ്രബോധൻ താക്ക്‌റെ വർഗ്ഗീയതയ്‌ക്കെതിരെ ശബ്ദമുയർത്തിയ വ്യക്തിയാണെങ്കിലും കമ്യൂണിസ്റ്റ് ആശയങ്ങളുടെ ബദ്ധശത്രു കൂടിയായിരുന്നു.

ബാൽ താക്ക്‌റെയുടെ ആഹ്വാനമനുസരിച്ച് 1967-ൽ ബോംബെയിൽ ലഹള അഴിച്ചുവിട്ടു. അന്ന് അതിന് പ്രത്യേക മതപരിവേഷമുണ്ടായിരുന്നില്ല. ദക്ഷിണേന്ത്യക്കാരുടെ ഹോട്ടലുകളും പാൻ പെട്ടിക്കടകളും വസ്ത്രവ്യാപാര കടകളും തല്ലിത്തകർത്തുകൊണ്ടാണ്​ അവർക്കെതിരായ വിരോധം പ്രകടിപ്പിച്ചത്​.

പിതാവിന്റെ ചിന്താഗതികളും മറാഠി മാണുസിന്റെ ഉന്നതിയും സ്വന്തം ആശയങ്ങളും സമന്വയിപ്പിച്ച ഒരു പ്രത്യേക രാഷ്ട്രീയവിചാരം യുവാവായ ബാൽ താക്ക്‌റെയിൽ കയറിപ്പറ്റിയിരുന്നു. അങ്ങനെ ഫ്രീ പ്രസ്​ ജേർണലിലെ കാർട്ടൂണിസ്റ്റ് ഉദ്യോഗം വലിച്ചെറിഞ്ഞ് കുറേ മറാഠി യുവാക്കളുമൊത്ത് അദ്ദേഹം 1966-ൽ ശിവജി പാർക്കിലുള്ള ചെറിയ ക്ഷേത്രത്തിനു മുമ്പിൽ തേങ്ങയുടച്ച് ശിവസേനയ്ക്ക് രൂപം നൽകി. പൂനെയിലെ കായസ്ഥ പ്രഭുകുടുംബത്തിൽ ജനിച്ച ബാൽ താക്ക്‌റെ ബ്രാഹ്മണ്യം മുറുകെപ്പിടിച്ച വ്യക്തി കൂടിയായിരുന്നു. മറാഠികളുടെ മാത്രം അവകാശങ്ങൾ പിടിച്ചുപറ്റാനാണ് ശിവസേന ലക്ഷ്യമിട്ടത്.

ബാൽ താക്കറെയും ഭാര്യ മീണ താക്കറെയും പിതാവ് പ്രബോധൻ താക്കറെയ്‌ക്കൊപ്പം

1960-കളിൽ മലവെള്ളപ്പൊക്കം പോലെ തൊഴിലന്വേഷകർ ഇന്ത്യയുടെ നാനാഭാഗത്തുനിന്നും ബോംബെയിലേയ്ക്ക് ഒഴുകിയെത്തിയപ്പോൾ തദ്ദേശവാസികളായ മഹാരാഷ്ട്രീയരുടെ തൊഴിലവസരങ്ങൾ കുറഞ്ഞുവന്നു എന്നത് സ്വാഭാവികം മാത്രം. ശിവസേനയുടെ ഉത്ഭവത്തിന് മൂലകാരണമായി ഈ വാസ്തവം പല സാമൂഹ്യശാസ്​ത്രജ്ഞരും ചൂണ്ടിക്കാണിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ ഈ അവസ്ഥ രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിച്ച ശിവസൈനികർ നിയമം കൈയ്യിലെടുത്ത് പോലീസിനെ അനൗദ്യോഗികമായി നിർവീര്യമാക്കി. മറാഠി യുവാക്കളുടെ കൂട്ടായ്മ എന്നതിലുപരി ശിവസേന സ്വയം നിയമിതമായ നിയമപരിപാലന സംഘമായി മാറാൻ അധികനാൾ വേണ്ടിവന്നില്ല.

1956-ൽ മൊറാർജി ദേശായി നടപ്പിലാക്കിയ മദ്യനിരോധന നയം വരദരാജമുതലിയാരെപ്പോലുള്ള വാറ്റ് ചാരായരാജാക്കന്മാർക്ക് പെരുത്ത പണം കൊയ്യാൻ സഹായകമായി.

മഹാനഗരത്തിന്റെ ആന്തരിക ഭിന്നതകളും ആകർഷണ- വികർഷണങ്ങളും നൂറ്റൊന്നാവർത്തി വർദ്ധിപ്പിക്കാൻ വിരുതുള്ള ബാൽ താക്ക്‌റെ തന്റെ പ്രസംഗശൈലിയിലൂടെയും ഹാസ്യചിത്രങ്ങളിലൂടെയും സാധാരണക്കാരുടെ മനം കവർന്ന് അവരെ ശിവസേനയ്‌ക്കൊപ്പം ചേർത്തുനിർത്തി. അതിന്റെ ആദ്യപടിയായി ‘മാർമിക് ' എന്ന ഹാസ്യമാസിക പ്രസിദ്ധീകരിച്ചു തുടങ്ങി. തന്റെ കമ്യൂണിസ്റ്റ് വിരോധവും ഹിറ്റ്ലറോടുള്ള ആരാധനയും ചേർത്ത് തയ്യാറാക്കിയ ‘താക്ക്‌റെ സ്പെഷൽ റസിപ്പി' മാർമികിൽ ഉടനീളം വിളമ്പി. ഈ മാസികയിലെ ‘വാച്ചാ, അണി ഗപ്പ ബസ' (വായിയ്ക്കുക, മിണ്ടാതിരിക്കുക) പംക്തി കമ്യൂണിസ്റ്റ് നേതാക്കളായ എസ്. എ. ഡാങ്കെ, രണദിവെ, അഹല്യ രംഗരേക്കർ തുടങ്ങിയവരെ അപഹസിക്കുന്ന കാർട്ടൂണുകൾ വരച്ച് വായനക്കാരുടെ കൈയ്യടി വാങ്ങിക്കൊണ്ടിരുന്നു. താക്ക്‌റെയുടെ ശത്രുക്കളുടെ സ്വഭാവഹത്യകളും ഈ മാസിക നിരന്തരം പ്രസിദ്ധീകരിച്ചുവന്നു.

ബാൽ താക്കറെയുടെ 'മാർമിക്' കാർട്ടൂൺ വാരിക

മറാഠികളിൽ ദക്ഷിണേന്ത്യൻ വിരോധത്തിന്റെ വിത്ത്​ വിതച്ചത്​ ഇങ്ങനെയാണ്​. ബാൽ താക്ക്‌റെയുടെ ആഹ്വാനമനുസരിച്ച് 1967-ൽ ബോംബെയിൽ ലഹള അഴിച്ചുവിട്ടു. അന്ന് അതിന് പ്രത്യേക മതപരിവേഷമുണ്ടായിരുന്നില്ല. ദക്ഷിണേന്ത്യക്കാരുടെ ഹോട്ടലുകളും പാൻ പെട്ടിക്കടകളും വസ്ത്രവ്യാപാര കടകളും തല്ലിത്തകർത്തുകൊണ്ടാണ്​ അവർക്കെതിരായ വിരോധം പ്രകടിപ്പിച്ചത്​. അക്രമികൾ കടകളുടെ ക്യാഷ് ബോക്‌സിൽ കൈയ്യിട്ട് വാരാനും മറന്നില്ല. ദക്ഷിണേന്ത്യക്കാരെ തിരഞ്ഞുപിടിച്ച് തല്ലിച്ചതയ്ക്കുക, അവർ തിങ്ങിത്താമസിയ്ക്കുന്ന മാട്ടുംഗ ലേബർ ക്യാമ്പ്, തക്കർബാബ കോളനി, ജെറിമെറിയിലെ ചോളുകൾ തുടങ്ങിയവയ്ക്ക് തീയിടുക തുടങ്ങി രംഗം വഷളായിക്കൊണ്ടിരുന്നു. അക്രമം മഹാനഗരമാകെ പടർന്നെങ്കിലും ബോംബെ പോലീസ് അനങ്ങിയില്ലെന്ന് പത്രങ്ങൾ ആരോപിക്കുന്നു.

പലരും കൊല ചെയ്യപ്പെട്ട ഈ ലഹളയിൽ ദക്ഷിണേന്ത്യക്കാരായ മലയാളികളും കർണാടകക്കാരും തമിഴ് മക്കളും മിൽ തൊഴിലാളികളും ചെറുകിട കച്ചവടക്കാരും ജീവനുവേണ്ടി തൊഴിലും കച്ചവടസ്ഥാപനങ്ങളും ഉപേക്ഷിച്ച് സ്വന്തം നാടുകളിലേയ്ക്ക് പറപറന്നു. അന്നത്തെ ആഭ്യന്തരമന്ത്രി വി.കെ. കൃഷ്ണമേനോൻ നേരിട്ട് ബോംബെയിലെത്തി സ്ഥിതിഗതികൾ വീക്ഷിച്ച് പട്ടാളത്തെ വിന്യസിപ്പിച്ചാണ് ലഹള അവസാനിപ്പിച്ചത് എന്ന് ബോംബെയുടെ ചരിത്രപുസ്തകങ്ങളിൽ കാണാം.

1966 ഒക്ടോബർ 30ന് മുംബൈയിലെ ശിവാജി പാർക്കിൽ ശിവസേനയുടെ ആദ്യ പൊതുപരിപാടിയിൽ സംസാരിക്കുന്ന ബാൽ താക്കറെ / Photo: Bal Keshav Thackeray, Photobiography,China Publishers,2005

ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെയായ മാട്ടുംഗ, ചെമ്പൂർ, സയൺ, മുളുണ്ട് തുടങ്ങി ദക്ഷിണേന്ത്യക്കാർ തിങ്ങിത്താമസിച്ചിരുന്ന പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും മറ്റും രണ്ടര മാസത്തോളം പൂട്ടിക്കിടന്നു. അതോടെ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതത്തിലായി. ലഹള അവസാനിച്ചതോടൊപ്പം ഇവയുടെ ഉടമസ്ഥർ തിരികെ വന്ന് മെല്ലെ മെല്ലെ കച്ചവടം പുനഃരാരംഭിച്ചു. എങ്കിലും അവർക്ക് ഉള്ളിൽ ഭയമുണ്ടായിരുന്നു. ഷെട്ടികളുടെ ഹോട്ടലുകളിൽ ഫിൽട്ടർ കോഫി കുടിക്കാനും ‘മസാല ഡോസ' കഴിക്കാനും (ദോശയ്ക്ക് ഉത്തരേന്ത്യക്കാർ ‘ഡോസ' എന്നാണ് പറയുക) മറാഠികൾ സകുടുംബമെത്തി. ഹോട്ടലുകളുടെ കുശിനികളിൽനിന്ന് വീണ്ടും പുകപൊന്തി ആകാശത്തിൽ ലയിച്ചു. മഹാനഗരം ഫീനിക്‌സ് പക്ഷിയെപ്പോലെ വീണ്ടുമുണർന്നു.

ഡാൻസ് ബാറുകളുടെ നാൾവഴി പരിശോധിച്ചാൽ അത് മുഗൾ കാലത്തേക്കെത്തും. അന്നത്തെ ‘മുജ്‌റ' നൃത്തവുമായി ഡാൻസ് ബാറിനെ താരതമ്യം ചെയ്യുന്നവരുണ്ട്.

1956-ൽ മൊറാർജി ദേശായി നടപ്പിലാക്കിയ മദ്യനിരോധന നയം വരദരാജമുതലിയാരെപ്പോലുള്ള വാറ്റ് ചാരായരാജാക്കന്മാർക്ക് പെരുത്ത പണം കൊയ്യാൻ സഹായകമായി. ആന്റോപ്​ ഹിൽ മുതൽ ട്രോംബെ വരെയുള്ള ചതുപ്പു നിലങ്ങളിൽ ചാരായം വാറ്റിയ വരദരാജൻ മഹാനഗരത്തെ ചാരായത്തിൽ മുക്കി. ഈ ഡോൺ, കാൻസർ ബാധിതനായി മദ്രാസിലെ അജ്ഞാതകേന്ദ്രത്തിൽവെച്ച് മരിച്ചതോടെ ബോംബെയിൽ വാറ്റുചാരായം കണ്ണിലൊഴിക്കാൻ പോലും കിട്ടാതായി. ബോംബെയിൽ കള്ളവാറ്റിന് അതോടെ അറുതിയുമായി. പുതിയ ഭരണകൂടം മദ്യനിരോധന നിയമം പിൻവലിച്ച്​ സംസ്​ഥാനത്തുടനീളം നാടൻ ചാരായ വില്പന കേന്ദ്രങ്ങൾ ആരംഭിച്ചത്​ നികുതിയിനത്തിലുള്ള ഭാരിച്ച പണം പ്രതീക്ഷിച്ചായിരുന്നു.

വരദരാജ മുതലിയാർ

എന്നാൽ, മാന്യരായ ഉപഭോക്താക്കൾക്ക് സ്വസ്ഥമായിരുന്ന് ‘രണ്ടെണ്ണം’ അടിക്കാനുള്ള സൗകര്യം നിലവിലുണ്ടായിരുന്നില്ല. അപ്പോൾ കച്ചവടക്കണ്ണുള്ള കർണ്ണാടകക്കാർ- കൂടുതലായും ഷെട്ടി വിഭാഗക്കാർ- അവരുടെ ഹോട്ടലുകളിൽ ‘പെർമിറ്റ് റൂം' പരിപാടി പരീക്ഷിച്ചു. ഒരു വ്യക്തിയ്ക്ക് ലിക്കർ കൺസംപ്ഷൻ പെർമിറ്റ് ലഭിക്കാൻ ചില മാനദണ്ഡങ്ങൾ ഉണ്ടായിരുന്നെങ്കിലും പോലീസിലും ഭരണകൂടത്തിലും പിടിപാടുളള ഇത്തരം ഹോട്ടലുടമകൾ ‘വയർ പുള്ളിംഗ്' നടത്തി പെർമിറ്റ് നേടിയെടുത്ത് ആവശ്യക്കാർക്ക് നൽകിക്കൊണ്ടിരുന്നു. കലക്​ടറാണ്​ ലിക്കർ പെർമിറ്റിന് അനുമതി നൽകുക. കുറെക്കാലം നീണ്ടുനിന്ന ഈ കീഴ്​വഴക്കം, അതായത്, ഹോട്ടലുകളിൽ സജ്ജമാക്കിയ ‘പെർമിറ്റ് റൂം കള്ളടി' എൺപതുകളുടെ ആരംഭത്തിൽ ഭരണകൂടം നിർത്തിവെയ്ക്കുകയും വീണ്ടും പുനഃരാരംഭിക്കുകയും ചെയ്തിരിക്കുന്നു. മഹാനഗരത്തിന്റെ മുക്കിലും മൂലയിലും വൈൻ ഷോപ്പുകൾ കൂണുകൾ പോലെ ആരംഭിച്ചതും പെർമിറ്റ് റൂം നിർത്തിവെയ്ക്കാൻ ഒരു കാരണമായെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു.

പൂനെയിലെ കപില ഹോട്ടൽ ഇന്റർനാഷണലിലാണ്​ ഡാൻസ് ബാർ ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്. അതൊരു വൻവിജയമായതോടെ മഹാനഗരത്തിൽ കൂണുകൾ പോലെ ഡാൻസ് ബാറുകൾ മുളച്ചുപൊന്തി.

ഷെട്ടി ഹോട്ടലുടമകൾ ഒരുപടികൂടി കടന്ന് അവിടെ ‘ഡാൻസ് ബാർ' ആരംഭിച്ചു. ഇത്തരം ഡാൻസ് ബാറുകളുടെ നാൾവഴി പരിശോധിച്ചാൽ അത് മുഗൾ കാലത്തേക്കെത്തും. അന്നത്തെ ‘മുജ്‌റ' നൃത്തവുമായി ഡാൻസ് ബാറിനെ താരതമ്യം ചെയ്യുന്നവരുണ്ട്. ‘രാജാപ്പാർട്ട് ' കുപ്പായങ്ങൾ ധരിച്ച ഗായകവൃന്ദം തബലയും ഹാർമോണിയവും സരോദും വായിച്ച് രംഗം സംഗീതസാന്ദ്രമാക്കി ഒരു മാസ്മരിക അന്തരീക്ഷം അവിടെ സൃഷ്ടിക്കും. ഗിൽറ്റ് കൊണ്ട് അലങ്കരിച്ച തൊപ്പി തലയിലണിഞ്ഞും ഇറുകിപ്പിടിച്ച സാൽവാർ കമ്മീസ് ധരിച്ചും കാലിൽ ചിലങ്കയണിഞ്ഞും നൃത്തമാടിയിരുന്ന കൊട്ടാരം നർത്തകികളുടെ കാലം കഴിഞ്ഞിരിക്കുന്നു.

ബോളിവുഡ് നടി രേഖ, Umrao Jaan (1981) എന്ന സിനിമയിലെ 'മുജ്‌റ' നൃത്തരംഗം

എന്നാൽ നരിമാൻ പോയിന്റിലെ പോഷ് കെട്ടിടങ്ങളിലൊന്നിലും (സോണിയ മഹൽ) ഗ്രാൻറ്​ റോഡ് - ബോംബെ സെൻട്രൽ പരിസരത്തുള്ള ചില പഴയ കെട്ടിടങ്ങളിലും മുജ്‌റാ കുറേനാൾ മുമ്പുവരെ അരങ്ങേറിയിരുന്നു. മുജ്‌റയും അനുബന്ധ സംഗീതവും കൗവാലിയും മറ്റും ആദ്യകാലങ്ങളിൽ ബോളിവുഡ് സിനിമകളിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമായിരുന്നു. പിന്നീട് ഹിന്ദി സിനിമകളിൽ ഹെലൻ, പത്മാഖന്ന, ബിന്ദു തുടങ്ങിയവരുടെ ‘ഐറ്റം ഡാൻസ്' ആ സ്ഥാനം കൈയ്യടക്കി.

പൂനെയിലെ കപില ഹോട്ടൽ ഇന്റർനാഷണലിലാണ്​ ഡാൻസ് ബാർ ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്. അതൊരു വൻവിജയമായതോടെ മഹാനഗരത്തിൽ കൂണുകൾ പോലെ ഡാൻസ് ബാറുകൾ മുളച്ചുപൊന്തി. ഗ്രാൻറ്​ റോഡിലെ രംഭ ഡാൻസ് ബാർ, മുളുണ്ടിലെ ദീപ ബാർ, മീര ബയന്ദറിലെ രുചി, ഗ്രാൻറ്​ റോഡിലെ തന്നെ ടോപാസ് എന്നിവ ഈ ഗണത്തിൽ ഏറെ (കു) പ്രസിദ്ധിയാർജ്ജിച്ചവയാണ്. ചെമ്പൂർ ഷെൽ കോളനി റോഡിലുണ്ടായിരുന്ന ഡാൻസ് ബാർ ഒരു ബ്രോതലിനു സമാനമെന്നോണമാണ്​ പ്രവർത്തിച്ചിരുന്നത്​. പോലീസ് റെയ്ഡിൽ ഈ ബാറിൽ നിന്ന് 13 മുതൽ 40 വയസ്സുവരെയുള്ള സ്​ത്രീകളെ രക്ഷിച്ചതായി വാർത്തയുണ്ടായിരുന്നു.

Photo: Rajeev Sarkar

മഹാനഗരത്തിലെ ആദ്യ മലയാളി ഡോൺ രാജൻ നായർ (ബഡാ രാജൻ), അയാളുടെ കൂട്ടാളിയും പിന്നീട് അന്തകനുമായിത്തീർന്ന അനീസ് കുഞ്ഞ് (കാലിയ കുഞ്ചു), ദാവൂദ് ഇബ്രാഹിമിന്റെ ഡി- കമ്പനിയുടെ പ്രധാന ലഫ്റ്റനന്റും തലച്ചോറുമായിരുന്ന ഛോട്ടാ രാജൻ (രാജേന്ദ്ര സദാശിവ് നിഖൽജി) എന്നിവരുടെ ലീലാവിലാസകേന്ദ്രം കൂടിയായിരുന്നു ചെമ്പൂരും പരിസരപ്രദേശങ്ങളും. ഇത്തരം ഡോണുകളുടെ തണലിലാണ്​ ബോംബെയിൽ ഡാൻസ് ബാറുകൾ തഴച്ചുവളർന്നത്.​

അവ മയക്കുമരുന്ന് ദല്ലാൾമാരുടെയും വാടകക്കൊലയാളികളുടെയും മീറ്റിംഗ് പോയിന്റായിരുന്നെന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരർത്ഥത്തിൽ ഈ ഡാൻസ് ബാറുകളിലേക്കൊഴുകുന്ന പണം അധോലോകത്തിന്റേതു കൂടിയായിരുന്നു. ബാറുടമകൾ ബിനാമി നടത്തിപ്പുകാരാണെന്നും സുഹൃത്തും റിട്ടയേർഡ് പോലീസ് ഓഫീസറുമായ അനിൽ ദേശ്​മുഖ്​ പറഞ്ഞിട്ടുണ്ട്​.

ബഡാരാജൻ ദാവൂദ് ഇബ്രാഹിമിനൊപ്പം

ഹിന്ദിയിൽ ബാർ നർത്തകിമാരുടെ ജീവിതം പറയുന്ന നിരവധി സിനിമകളുണ്ടെങ്കിലും ഗുഡ്‌നൈറ്റ് ഫിലിംസിന്റെ ബാനറിൽ മധുർ ഭണ്ഡാർക്കർ സംവിധാനം ചെയ്ത ‘ചാന്ദ്‌നി ബാർ' അതിൽ ശ്രദ്ധേയമായ ചിത്രമാണ്​. ഫിലിം ഫെയർ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ ചാന്ദ്‌നി ബാറിൽ അതുൽ കുൽക്കർണിയും തബ്ബുവും മിന്നിത്തിളങ്ങുന്ന അഭിനയമാണ് കാഴ്ചവെച്ചിരിയ്ക്കുന്നത്.

മഹാനഗരത്തിൽ ഡാൻസ് ബാറുകളുടെ സുവർണകാലത്താണ് ഒരു സുഹൃത്ത് സൗദി അറേബ്യൻ റിഗ്ഗുകളിൽ കഠിനാദ്ധ്വാനം ചെയ്ത് പണമുണ്ടാക്കി നാട്ടിലേക്ക് പോകാൻ സാന്റാക്രൂസ് ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങുന്നത്. (അന്ന് സാഹറിലെ മുംബൈ ഹവായി അഡ്ഡ ഇന്റർനാഷണൽ എയർപോർട്ട്​നിർമാണം പൂർത്തീകരിക്കപ്പെട്ടിരുന്നില്ല). ഈ കക്ഷിയ്ക്ക് കല്യാൺ കൊൽസാവാഡിയിൽ താമസിയ്ക്കുന്ന ബന്ധുക്കളെ സന്ദർശിക്കാൻ താല്പര്യമില്ല. നാട്ടിൽ രാഷ്ട്രീയവും പൊളിഞ്ഞ പ്രണയവും വായനയുമൊക്കെയായി ചുറ്റിത്തിരിഞ്ഞ കാലങ്ങളിൽ അവർ ഇയാളെ പലപ്പോഴും ഡീമോറലൈസ് ചെയ്തിരുന്നുവെന്നാണ് സുഹൃത്തിന്റെ ആക്ഷേപം. ആ സ്നേഹിതൻ എന്റെ ഓഫീസിലേയ്ക്ക് പതിവായി കത്തുകളെഴുതാറുണ്ട്. സാന്റാക്രൂസ് എയർപോർട്ടിൽ സൗദി അറേബ്യയിൽനിന്നെത്തുന്ന എയർ ഇന്ത്യ വിമാനത്തിന്റെ വരവും കാത്ത് ഞാനും സുഹൃത്ത് ദിൻകർ ഭോസ്ലെയും ഉറക്കമൊഴിച്ചിരിപ്പാണ്. പുലർച്ചയോടെ കോട്ടും സൂട്ടുമണിഞ്ഞ് കൈയ്യിൽ വിലകൂടിയ സ്യൂട്ട്‌കേസും വലതുകൈയ്യിൽ ത്രി- ഇൻ- വൺ റെക്കോർഡ് പ്ലെയറുമായി അയാൾ പുറത്തുവന്നു.

അതുൽ കുൽക്കർണി, മധുർ ഭണ്ഡാർക്കർ, തബു

സൗദിവാല സ്നേഹിതനും ഞാനും ദിൻകർ ഭോസ്​ലെയും ടാക്‌സിയിൽ വിലെ പാർലേയിലുള്ള ഓർക്കിഡ് ത്രീ സ്റ്റാർ ഹോട്ടലിലെത്തി. മലയാളിയാണ് റിസപ്ഷനിസ്റ്റ് പെങ്കൊച്ച്. ഹിന്ദി സിനിമയിൽ വില്ലൻ കഥാപാത്രമായെത്തുന്ന ഡാനി ഡെൻ സോങ്ങ്പായെ അനുസ്മരിപ്പിക്കുന്ന മുഖഛായയുള്ള നേപ്പാളി വംശജനായ റൂം ബോയ്, സുഹൃത്തിന്റെ ഭാരമുള്ള പെട്ടിയും വലിച്ച് ഞങ്ങളോടൊപ്പം ലിഫ്റ്റിൽ കയറി. എ.സി മുറി തുറന്ന് സാധന സാമഗ്രികൾ ഭദ്രമായിവെച്ച് തലചൊറിഞ്ഞ് അവൻ കാത്തുനിന്നു. ഞങ്ങൾ കോഫി ഓർഡർ ചെയ്തു. നേപ്പാളി റൂംബോയിക്ക്​ നൂറിന്റെ പടം സമ്മാനിച്ച സുഹൃത്ത് പെട്ടി തുറന്ന് രണ്ടു പാക്കറ്റ്​ 555- ബ്രാൻറ്​ സിഗരറ്റും നൽകി. (ഹോട്ടൽ ഓർക്കിഡിലെ ജീവനക്കാർക്ക് സമ്മാനങ്ങൾ സ്വീകരിക്കാൻ പാടില്ലത്രേ!) അങ്ങനെ സൗദിവാല സുഹൃത്തിന്റെ കഥയുടെ ആദ്യ അദ്ധ്യായം ഇങ്ങനെ പൂർത്തിയാക്കാം.

ബാർ നർത്തകികൾ ആവേശപൂർവ്വം ചുവടുകൾ വെയ്ക്കുന്നു. ഞങ്ങളുടെ ഇരിപ്പിടത്തിനരികിൽ മദ്ധ്യവയസ്കയായ ബാർമെയ്ഡ് വന്നു. മൂന്ന് ലാർജ് സിച്ചേർ വിസ്കി ഞങ്ങൾ ഓർഡർ ചെയ്തു. വിലക്കൂടുതലുള്ള ഇനം മദ്യമാണ് സിച്ചേർ.

രണ്ട്​

രാവിലെ പാർലേ ബാമൻവാഡയിലെ കെട്ടിടസമുച്ചയങ്ങളിലൊന്നിൽ താഴെ നിലയിൽ പ്രവർത്തിക്കുന്ന ആഡ് ഏജൻസിയിലാണ് ഞാനും സുഹൃത്ത് ദിൻകർ ഭോസ്​ലെയും ജോലി നോക്കുന്നത്. ഭോസ്​ലെ സിനിമാ കമ്പക്കാരനും ബോളിവുഡിൽ കയറിക്കൂടാൻ നിരന്തരം പ്രയത്‌നിക്കുന്നവനും അമിതാഭ്ബച്ചന്റെ ആരാധകനുമാണ്. ഷോലെയിൽ ബച്ചൻ ധർമ്മേന്ദ്രയോട് തന്റെ കുടുംബം കെട്ടിപ്പടുക്കുന്നതും തുടർന്നുള്ള ജീവിതവും മറ്റുമടങ്ങിയ ആത്മഗതങ്ങൾ നാം പലകുറി കണ്ടിട്ടുമുണ്ട്, കേട്ടിട്ടുമുണ്ട്. എന്നാൽ ദിൻകർ ഭോസ്ലെ ഈ ഡയലോഗുകൾ ഞങ്ങൾക്കു മുമ്പിൽ എപ്പോഴും വെച്ചു കാച്ചാറുള്ളതിന്റെ പൊരുൾ എന്തെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. അതൊരു സസ്പെൻസായി തൽക്കാലം ഇവിടെ നിർത്തുന്നു.

‘ഷോലെ’യിലെ ഒരു സീൻ

തലേന്നാൾ ദുഃഖവെള്ളിയാഴ്ചയായിരുന്നു. ആ ദുഃഖാചരണത്തിന്റെ ആലസ്യത്തിലാണ് ഞങ്ങളും നഗരവും. നിരത്തിൽ ആളും വാഹനങ്ങളുമില്ല. സിനിമകളിലെ ഗസ്റ്റ് റോളിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രം പോലെ ബി.ഇ.എസ്.ടി. ബസുകൾ മാത്രം ബാമൻവാഡ റോഡിൽ പ്രത്യക്ഷപ്പെടുന്നു; അപ്രത്യക്ഷമാകുന്നു. ദിൻകർ ഭോസ്ലെ അയാളുടെ ഫേവറിറ്റ് ഡയലോഗ് അന്ന് ഏഴാം പ്രാവശ്യം ഞങ്ങളുടെ മുന്നിൽ സംപ്രേഷണം ചെയ്യുന്നതിനിടയിൽ ഡോർബെൽ ശബ്ദിച്ചു. അതാ, സൗദിവാല സുഹൃത്ത് മുന്നിൽ. ക്ലോസ് ഷേവ് ചെയ്ത് കുളിച്ച് കൂടുതൽ കുട്ടപ്പനായിട്ടുണ്ട്. ഞാൻ സുഹൃത്തിനെ സുസ്വാഗതം ചെയ്തു. ആ മാന്യൻ റിസപ്​ഷനിസ്​റ്റ്​ സംഗീത പാട്ടീലിനെ മലയാളത്തിൽ കമന്റടിച്ചത് എനിക്കിഷ്ടപ്പെട്ടില്ല. സംഗീതയ്ക്ക് ഞങ്ങളുടെ സംഭാഷണം മനസ്സിലാകാത്തത്​ നന്നായി. വിഷ്വലൈസർ സതീശ് ദേശ് പാണ്ഡേ ബ്രോമെയ്​ഡും കത്രികയുമായി സ്റ്റുഡിയോവിൽനിന്ന് ഞങ്ങൾക്കരികിലെത്തി.

അധോലോക സംഘങ്ങളുടെ നിരന്തര ഇടപെടലുകൾ വിവാദമായതോടെ അന്നത്തെ ആഭ്യന്തരമന്ത്രി ആർ. പാട്ടീൽ 2005-ൽ ഡാൻസ് ബാറുകളുടെ ഷട്ടറിടാൻ നിയമം കൊണ്ടുവന്നു. ഇപ്പോൾ ഇത്തരം ബാറുകൾ മഹാനഗരത്തിൽ സജീവമല്ല.

അദ്ദേഹം ഏതോ ആർട്ട് വർക്കിന്റെ ഫിനിഷിംഗ് പരിപാടിയിലാണ്. ഞാൻ അദ്ദേഹത്തെ സുഹൃത്തിന് പരിചയപ്പെടുത്തി. ദിൻകർ ഭോസ്ലെ ചില കല്പിത കഥകൾ സുഹൃത്തിനോട്​ എഴുന്നെള്ളിക്കുന്നുണ്ട്. സമയം നാല് മണിയോടടുക്കുന്നു. ഞാനും സൗദിവാലയും ബസ് സ്റ്റോപ്പിനരികെയുള്ള പൂപ്പരുത്തി മരത്തണലിൽ ചായ വിൽക്കുന്ന റാംബറോസെയുടെ നേരെ കൈവിരൽ മുദ്ര കാണിച്ച് രണ്ട് കട്ടിംഗ് ചായ ആവശ്യപ്പെട്ടു. ചായ കുടിക്കുന്നതിനിടെ സുഹൃത്ത് പൂർവകാല ചരിത്രത്തിലെ പ്രണയവും നൈരാശ്യവും അന്നം കിട്ടാതെ വലഞ്ഞ നാളുകളുമെല്ലാം എണ്ണിയെണ്ണിപ്പറഞ്ഞ് എന്നെ ഒരു പരുവമാക്കി. ഇയാൾ എന്റെ അത്ര അടുത്ത ചങ്ങാതിയല്ല. പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ ചില്ലറ രാഷ്ട്രീയമൊക്കെ അയാൾക്കും ഉണ്ടായിരുന്നതായി അറിയാം. വി.ടിയിൽനിന്ന് ഫ്‌ളോറ ഫൗണ്ടനിലേയ്ക്കുള്ള ഡി.എൻ റോഡിൽ ഞാനൊരിക്കൽ വിന്റോ ഷോപ്പിങ്ങ് നടത്തുന്നതിനിടയിൽ ഇയാൾ ഒരു വഴിവാണിഭക്കാരന്റെ സഹായിയായി വേഷമിട്ടതാണ് പിന്നീട് കണ്ടത്. അതേ റോഡിലുള്ള കാമത്ത് റെസ്റ്റോറന്റിൽനിന്ന് സ്റ്റീം ഇഡ്ഡലിയും ഫിൽട്ടർ കോഫിയും നൽകി അപ്പോൾ ഞാനയാളെ സൽക്കരിച്ചു. സൗദിവാലയ്ക്ക് ബോംബെയിൽ അന്ന് അധികം കറങ്ങിയടിക്കാൻ കഴിഞ്ഞില്ലെന്നും നാട്ടിലേയ്ക്ക് തിരിക്കുംമുമ്പ് അതൊന്നു സാധിച്ചുതരണമെന്നും അയാൾ അവതരണഭംഗിയോടെ ആവശ്യപ്പെട്ടു.

മൂന്ന്​

ദിൻകർ ഭോസ്ലെയും ഞാനും സൗദി വാലയും ബാമൻവാഡ ബസ് സ്റ്റോപ്പിലെത്തിയപ്പോൾ ഇരിക്കപ്പൊറുതിയില്ലാത്തമട്ടിൽ സൗദി സുഹൃത്ത് ടാക്‌സിയ്ക്ക് കൈകാണിച്ചു. അയാൾക്ക് ബോംബെയിൽ ഒന്ന് എൻജോയ് ചെയ്യണമല്ലോ. ടാക്‌സി വിജയ് നഗർ സൊസൈറ്റി പിന്നിട്ട് ഫ്ലൈഓവറിന് മുകളിലൂടെ സഞ്ചരിച്ച് അന്ധേരി വെസ്റ്റിലെത്തി. മാനം തൊടുന്ന ബഹുനിലക്കെട്ടിടങ്ങളും ജനസഞ്ചയവും ഓഫീസ് ജീവനക്കാരുടെ തിക്കും തിരക്കും ആദ്യമായിക്കാണുന്ന പോലെ സൗദി സുഹൃത്ത് വാ പൊളിച്ചു. ടാക്‌സി ഗ്രാൻറ്​ റോഡ്​ സ്റ്റേഷൻ പരിസരത്തെത്തി. ബോംബെയിലെത്തുന്ന പുതിയ മലയാളികളുടെ ആശ്വാസ കേന്ദ്രങ്ങളായ ശുക്ലാജി സ്ട്രീറ്റും മറ്റ് ടോളറേറ്റഡ് ഏരിയകളും പിന്നിട്ട് ഞങ്ങളുടെ ടാക്‌സി സിൽസില ഡാൻസ് ബാറിന് മുന്നിൽ നിർത്തി.

സിൽസിലാ ബാറിന്റെ ആമ്പിയൻസ് കണ്ടാൽ ആരുടേയും കണ്ണഞ്ചിപ്പോകും. ഞങ്ങൾ അവിടെയെത്തിയപ്പോൾ ഖുർബാനി സിനിമയിൽ പാക്കിസ്ഥാനി ഗായിക നാസിയ ഹസൻ പാടിയ ‘ആപ് ജൈസെ കോയി മേരി സിന്ദഗി മെ ആയെ ബാത് ബൻ ജായെ' എന്ന ഗാനമാണ് ഒഴുകുന്നത്.

ടാക്‌സിക്കാരന് മീറ്റർചാർജ്ജ് കൂടാതെ നൂറിന്റെ ഒരുപടം കൂടി സൗദിക്കാരൻ ഉദാരമായി നൽകി. ഇല്യുമിനേറ്റ് ചെയ്യപ്പെട്ട സിൽസിലയുടെ ബോർഡ് കണ്ടമാത്രയിൽ സുഹൃത്തിന് തലകറക്കം വന്നുവോ ആവോ. തുള്ളൽപ്പനി ബാധിച്ചപോലെത്തന്നെ ഈ മാന്യൻ അല്പാല്പം വിറയ്ക്കുന്നുമുണ്ട്.
‘പേടിക്കേണ്ട മോനെ, ഞാനില്ലേ, നമുക്ക് ഉള്ളിലേക്ക് പോകാം’ ഞാൻ പറഞ്ഞു.
ആ പാവം ആകെ വിയർത്ത് കുളിച്ചിട്ടുണ്ട്. സമയം രാ​ത്രി എട്ട്​ കഴിഞ്ഞു. സിൽസിലാ ബാറിന്റെ ആമ്പിയൻസ് കണ്ടാൽ ആരുടേയും കണ്ണഞ്ചിപ്പോകും. ഞങ്ങൾ അവിടെയെത്തിയപ്പോൾ ഖുർബാനി സിനിമയിൽ പാക്കിസ്ഥാനി ഗായിക നാസിയ ഹസൻ പാടിയ ‘ആപ് ജൈസെ കോയി മേരി സിന്ദഗി മെ ആയെ ബാത് ബൻ ജായെ' എന്ന ഗാനമാണ് ഒഴുകുന്നത്. ബാർ നർത്തകികൾ ആവേശപൂർവ്വം ചുവടുകൾ വെയ്ക്കുന്നു. ഞങ്ങളുടെ ഇരിപ്പിടത്തിനരികിൽ മദ്ധ്യവയസ്കയായ ബാർമെയ്ഡ് വന്നു. മൂന്ന് ലാർജ് സിച്ചേർ വിസ്കി ഞങ്ങൾ ഓർഡർ ചെയ്തു. വിലക്കൂടുതലുള്ള ഇനം മദ്യമാണ് സിച്ചേർ.

ഖുർബാനി (1980) സിനിമയിലെ ഗാനരംഗം

സോഡയും തണുത്ത ബിസ്ലേരി വെള്ളവും കൊറിക്കാൻ റോസ്റ്റഡ് കശുവണ്ടിപ്പരിപ്പും അരിഞ്ഞ സവാളയും കാരറ്റിന്റെ ചെറിയ സ്ലൈസുകളും അവർ പ്ലെയ്റ്റിൽ നിരത്തി. ബാർമെയ്ഡ് എന്റെ തോളിൽ അവരുടെ മൃദുലമാർന്ന കൈ വിശ്രമിക്കാൻ വെച്ച് ഒരു മന്ദഹാസം പൊഴിച്ചു. ഞാൻ അവർക്ക് 100 രൂപ ടിപ്പ് നൽകി. ആ സ്ത്രീ അനാവശ്യമായി ഒരിക്കൽ കൂടി ചിരിച്ച് അടുത്ത ടേബിളിലെ അതിഥികളെ സൽക്കരിക്കാൻ നീങ്ങി. ഞങ്ങൾ രണ്ടുമൂന്ന് പെഗ്ഗ് റോയൽസ്റ്റാഗ് വിസ്കി വിഴുങ്ങി. മത്തുപിടിച്ച സൗദിവാല ഉത്സാഹപൂർവ്വം ഓരോന്ന് വിളിച്ചുപറയുന്നു. യുവനർത്തകികളുടെ തൊട്ടുതലോടലുകളും സംഗീതവും അയാളുടെ സ്ഥലകാലബോധം നഷ്ടപ്പെടുത്തിയിട്ടുണ്ട്.

ഡാൻസ് ബാറുകളിൽ പൈൻറ്​, ഫുൾബോട്ടിൽ അളവുകളിൽ മദ്യവില്പനയില്ല. മ്യൂസിക് തകർക്കുമ്പോൾ നർത്തകികൾ അതിഥികളുടെ സമീപമെത്തി തൊട്ടുതലോടുന്നുമുണ്ട്.

ഡാൻസ് ബാറുകളിൽ പൈൻറ്​, ഫുൾബോട്ടിൽ അളവുകളിൽ മദ്യവില്പനയില്ല. മ്യൂസിക് തകർക്കുമ്പോൾ നർത്തകികൾ അതിഥികളുടെ സമീപമെത്തി തൊട്ടുതലോടുന്നുമുണ്ട്. ചിലർ പത്തുരൂപ മുതൽ നൂറിന്റെ നോട്ടുവരെ ആ പെൺകുട്ടികളുടെ കവിളിൽ ഉരസി വലിച്ചെറിയുന്നതു കണ്ടു. കിട്ടിയ കാശ് പെറുക്കിയെടുത്ത് ആ പാവം പെൺകുട്ടികൾ സ്റ്റേജിൽ നിരത്തിവെച്ചിരിക്കുന്ന ചില പ്രത്യേക അടയാളങ്ങളുള്ള കാർഡ്‌ബോഡ് പെട്ടിയിൽ നിക്ഷേപിക്കുന്നു. കളിയവസാനം അവ എണ്ണി അതിൽനിന്ന് നാല്പതു മുതൽ അറുപത് ശതമാനം വരെയുള്ള സംഖ്യ നർത്തകികൾക്ക് ബാറുടമ നൽകും. ലിക്കറും ടച്ചിംഗ്‌സും അതിഥികൾക്കിടയിൽ വിറ്റ വകയിലുള്ള കമീഷനും ഇവർക്കുണ്ട്​. 2000 മുതൽ 3000 രൂപവരെ കമീഷൻ ഇനത്തിൽ ബാർ ഡാൻസർ നർത്തകികൾക്ക് ലഭിക്കുമെന്ന് ഭോസ്ലെ പറഞ്ഞു. യുവതികളുടെ സ്റ്റേജ് പെർഫോർമൻസും അതിഥികളെ സൽക്കരിക്കുന്ന വിധവുമനുസരിച്ചാണ് ശമ്പളം നിശ്ചയിക്കുന്നത്​. അക്കാലത്ത്​ 15000 മുതൽ 30000 രൂപ വരെ പ്രതിമാസ ശമ്പളയിനത്തിൽ ഇവർക്ക് ലഭിക്കുന്നുവെന്ന് ഭോസ്​ലെ പറഞ്ഞു.

Photo: The dance bars of Mumbai (Aired: March 2004) (Screen grab)

ബാർ നർത്തകികളിൽ ഭൂരിഭാഗവും ഉത്തരേന്ത്യയിൽനിന്നുള്ളവരാണ്​. യൂറോ കമ്യൂണിസം തകർച്ചയുടെ വക്കിലെത്തിയ കാലങ്ങളിൽ റഷ്യക്കാരികളും ഇതര യൂറോപ്യൻ രാജ്യങ്ങളിലെ യുവതികളും ഈ രംഗത്ത് തൊഴിൽ ചെയ്തിരുന്നു. ബംഗ്ലാദേശ്, നേപ്പാൾ രാജ്യങ്ങളിൽ നിന്നുള്ളവരും ഇന്ത്യയിലെത്തി ഡാൻസ് ബാറുകളിൽ ജോലി ചെയ്ത് അതിജീവനം നടത്തുന്നവരായിരുന്നു.

പ്രമുഖ സാമൂഹ്യ ശാസ്​ത്രജ്ഞയായ പ്രാമിള കപൂറിന്റെ Call girls in India എന്ന പഠനഗ്രന്ഥത്തിൽ ബാർ നർത്തകികൾ കോൾ ഗേളുകളും വഴിയെ ലൈംഗിക തൊഴിലാളികളുമായി മാറുന്നതിന്റെ യഥാതഥ ചിത്രം വെളിപ്പെടുത്തിയിട്ടുണ്ട്. ഡാൻസ് ബാറുകളിലെ വെയ്റ്റർമാരും അവിടെയെത്തുന്ന ഇടനിലക്കാരും ക്ലയൻറുകളെ കണ്ടെത്താൻ ബാർ ഡാൻസറെ സഹായിക്കുന്നുവെന്ന് ഈ പഠനം പറയുന്നു. പാവപ്പെട്ട ബാർ ഡാൻസറെ പിപ്പിടി കാണിച്ച് ഹഫ്ത വസൂലാക്കുന്ന പോലീസും ഗുണ്ടകളും ബാർ പരിസരങ്ങളിൽ വ്യാപകമാണെന്ന് ദിൻകർ ഭോസ്​ലെ പറയുന്നു.

Photo: 24 Hours: The dance bars of Mumbai (Screen grab)

സമയം അർദ്ധരാത്രിയുടെ സമീപത്തെത്താൻ പതിനഞ്ച് മിനിറ്റുമാത്രം ബാക്കി. സൗദിവാല അടിച്ച് ഫിറ്റായി. അയാൾ റിയലി എൻഞ്ചോയ് ചെയ്​തു. ബാർ മെയ്​ഡ്​തന്ന 5800 രൂപയുടെ ബില്ല്​ ഞാൻ സൗദിവാലക്ക്​ കൈമാറി. ഇപ്പോ കരയും എന്ന് തോന്നുംവണ്ണം ആ കക്ഷി നോട്ടുകളെണ്ണി തിട്ടപ്പെടുത്തി അവർക്ക് നൽകി. അവർ പിന്നെയും ചുറ്റിപ്പറ്റി നിന്നപ്പോൾ ആ സേവനവകയിൽ 200 രൂപ കൂടി അയാൾ സമ്മാനിച്ചു. ഇതോടെ സംഗതി ശുഭം. അപ്പോൾ സിൽസിലയിൽ ‘ലൈലാ ഹോ ലൈല' എന്ന ഗാനം കാസറ്റ് പാടിക്കൊണ്ടിരുന്നു.

മഹാരാഷ്ട്ര ഭരണകൂടത്തിന്റെ നിയമമനുസരിച്ച് പന്ത്രണ്ടു മണിയോടെ ഡാൻസ് ബാറുകൾ കച്ചവടം അവസാനിപ്പിക്കണം. പിന്നീട് അത്​ ഒന്നരയാക്കി. മറൈൻ ലൈൻസ് പോലീസ് ചൗക്കിയിൽ ഒരു ബാർ നർത്തകിയെ പൊലീസ്​ റേപ്പ്​ചെയ്ത് കൊന്നതോടെ ഡാൻസ് ബാർ വിഷയം അസംബ്ലിയിൽ ചർച്ചയായി. തുടർന്ന് ബാറുടമകൾ അവരുടെ നർത്തകികളെ സുരക്ഷിതമായി താമസസ്ഥലങ്ങളിലെത്തിക്കാൻ സംവിധാനമുണ്ടാക്കി. അധോലോക സംഘങ്ങളുടെ നിരന്തര ഇടപെടലുകൾ വിവാദമായതോടെ അന്നത്തെ ആഭ്യന്തരമന്ത്രി ആർ. പാട്ടീൽ 2005-ൽ ഡാൻസ് ബാറുകളുടെ ഷട്ടറിടാൻ നിയമം കൊണ്ടുവന്നു. ഇപ്പോൾ ഇത്തരം ബാറുകൾ മഹാനഗരത്തിൽ സജീവമല്ലെങ്കിലും സുപ്രീംകോടതി വിധി പ്രകാരം ഇവ തുറന്ന് പ്രവർത്തിക്കാൻ അനുമതി കൊടുത്തിട്ടുണ്ടത്രേ. എങ്കിലും ഇവയുടെ ഭാവി അനിശ്​ചിതത്വത്തിലാണ്​.

ദിൻകർ ഭോസ്‌ലെക്ക് ഷോലെയിലെ അമിതാഭ് ബച്ചനെ തന്റെ ജീവിതത്തിൽ അനുകരിക്കാൻ കഴിഞ്ഞില്ല. ‘ഛോട്ടാ സാ ഘറി'നുപകരം ഗോരഗോൺ ഫിലിം സിറ്റിക്കടുത്ത്​ കെട്ടിയ ജോപ്ഡയിൽ അയാൾ കഴിഞ്ഞുപോരുന്നു, നാല് കുട്ടികളുമായി. തിരുവനന്തപുരം ഫ്ലൈറ്റിൽ കയറ്റിവിട്ടശേഷം സൗദി വാല സുഹൃത്തിന്റെ വിവരമൊന്നും​ കേട്ടിട്ടില്ല. ഡാൻസ്​ ബാർ സമ്മാനിച്ച ഹാംഗ്​ ഓവർ ഒരുപക്ഷെ, അയാളിൽനിന്ന്​ വിട്ടുപോയിരിക്കാനിടയില്ല. ​▮


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments