അയാൾ ഹോളിവുഡ് സിനിമയിലെ നായകനായിരുന്നില്ല.
പക്ഷെ ഒരു കാലത്ത് ഹോളിവുഡ് സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന കൗബോയ് എന്ന പേര് അയാൾക്കുണ്ടായിരുന്നു.
ഇത്തരമൊരു പേരുമായി ഷാർജയിലെ മെട്രോതീയറ്ററിൽ വർഷങ്ങളായി എല്ലാ പ്രദർശനങ്ങളും കണ്ടുകൊണ്ട് കഴിഞ്ഞുകൂടുന്ന അയാളെപ്പറ്റി ആദ്യമായി അറിഞ്ഞത് ഷാർജ അൽനഹ്ദയിലെ ഒരു കഫ്റ്റീരിയയിൽ വച്ചാണ്. അയാളെ കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ ഞാനും സഹപ്രവർത്തകനായ സിദ്ധിഖും പിറ്റേന്നുതന്നെ ഷാർജ മെട്രോ തീയേറ്ററിലേക്ക് പുറപ്പെട്ടു. ഞങ്ങൾ അവിടെയെത്തുമ്പോൾ സിനിമയുടെ പ്രദർശനം നടന്നുകൊണ്ടിരിക്കുകയായിരുന്നു.
ബാൽക്കണിയുടെ കവാടത്തിൽ നിൽക്കുന്ന മലയാളിയെ ഞങ്ങൾ പരിചയപ്പെട്ടു.
അയാളോട് ഞങ്ങൾ പറഞ്ഞു, കൗബോയിയെ ഒന്നു കാണണം. അതിനാണ് വന്നത്.
അയാൾ ഞങ്ങളോട് കാത്തിരിക്കാൻ പറഞ്ഞു.
ഞങ്ങൾ കാത്തിരുന്നു.
തീയേറ്ററിനകത്തെ സംഭാഷണങ്ങൾ പുറത്തും ഉയർന്നു കേൾക്കാമായിരുന്നു. ഒരു തമിഴ് സിനിമ സ്‌ക്രീനിൽ ഓടിക്കൊണ്ടിരിക്കുന്നു.
സംസാരമധ്യേ ഗേറ്റ്മാൻ ഞങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ഇരുപത് വർഷങ്ങൾ കൗബോയ് ഈ തീയേറ്ററിൽ തന്നെ ഉണ്ട്. ഇതുവരെയും ആരെങ്കിലും അയാളെ കാണാൻ വരികയോ അയാൾ സ്വന്തം കഥ ആരോടെങ്കിലും പറയുകയോ ചെയ്യുന്നതായി കണ്ടിട്ടില്ല.
അരമണിക്കൂറോളം പിന്നിട്ടപ്പോൾ സിനിമയുടെയും കാത്തിരിപ്പിന്റെയും ക്ലൈമാക്‌സ് എത്തിച്ചേർന്നു. സിനിമാഹാളിൽനിന്ന് ആളുകൾ പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു. ആളുകളൊഴിഞ്ഞ വഴിയിലൂടെ ഏറ്റവും ഒടുവിലായി ഒരു പ്രായം ചെന്ന മനുഷ്യനും എത്തിച്ചേർന്നു.
അയാളുടെ തലയിൽ ഒരു തൊപ്പിയുണ്ടായിരുന്നു.
കൗബോയ് സിനിമകളിലെ അതേ തൊപ്പി. വെള്ളഷർട്ടിനുമേൽ ഓവർകോട്ടും ഇറക്കം കുറഞ്ഞ പാന്റും അയാൾ ധരിച്ചിരുന്നു. കാലിലുണ്ടായിരുന്നത് പഴകിയ ഷൂവായിരുന്നു. ആരുടെയും മുഖത്ത് നോക്കാതെ വരാന്തയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ ഗേറ്റ്മാൻ അയാളോട് പറഞ്ഞു.
താങ്കളെ കാണാൻ രണ്ടുപേർ കാത്തിരിക്കുന്നു.
അതുകേട്ട് അയാൾ ഗേറ്റ് മാന്റെ കൂടെ നിൽക്കുന്ന അപരിചിതരായ ഞങ്ങളുടെ മുഖത്തേക്ക് ഒന്ന് ഉറ്റുനോക്കി. ഒരുപചാരമര്യാദയും പ്രകടിപ്പിക്കാതെ പതിയെ മുമ്പോട്ടുതന്നെ നടക്കാൻ തുടങ്ങുകയും ചെയ്തു.
അതുകണ്ട് സിദ്ധിഖ് പിറകിൽനിന്ന് ഉറച്ച ശബ്ദത്തിൽ വിളിച്ചു.
കൗബോയ്...
ഉറക്കെയുള്ള വിളി കേട്ട് അയാൾ നിന്നു.
സിദ്ധിഖ് സ്വയം പരിചയപ്പെടുത്തി.
ഞങ്ങൾ പത്രത്തിൽ നിന്നാണെന്നും താങ്കളുടെ കഥ കേൾക്കാൻ വന്നതാണെന്നും പറഞ്ഞപ്പോൾ അയാൾ ഞങ്ങളുടെ മുഖത്തേക്ക് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
തിയേറ്ററിന്റെ വിശാലമായ മുറ്റത്തിന്റെ ഒരറ്റത്തേക്ക് ഞങ്ങൾ അയാളുടെ കൂടെ നടന്നു.
അവിടെ ആളുകളില്ലാത്ത ഒരിടത്തിരുന്നു.
സിദ്ധിഖ് ബാഗിൽനിന്ന് ക്യാമറ പുറത്തെടുത്തുകൊണ്ടു ചോദിച്ചു.
കൗബോയിയുടെ ശരിക്കുള്ള പേരെന്താണ് ?
അയാൾ അങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചിട്ടുണ്ടായിരിക്കില്ല. മറന്നുപോയ ഓർമ്മകളെ കണ്ടെത്താനായി അയാൾ മനസ്സിലാകെ പരതുകയാണെന്നു തോന്നി. ഇരുകൈകളും ഇരുന്നിടത്ത് ഊന്നിക്കൊണ്ട് അയാൾ ഞങ്ങളുടെ മുന്നിൽ തലതാഴ്ത്തിയിരുന്നു. അതിനിടയിൽ ഒന്ന് നിശ്വസിക്കുകയും എന്തോ ഓർത്ത് തലയിളക്കിക്കൊണ്ട് ഇപ്രകാരം പറയുകയും ചെയ്തു.
മൈ നെയിം ഈസ് കൗബോയ്. ആൻഡ് ദാറ്റ് വാസ് മൈ നെയിം.
ഇത്രയും പറഞ്ഞ ശേഷം അയാൾ ഞങ്ങളുടെ നേരെ തിരിഞ്ഞുകൊണ്ട് ഒരു മറുചോദ്യം ചോദിച്ചു.
ഞാൻപോലും മറന്ന എന്റെ ഓർമകൾ നിങ്ങൾക്കെന്തിന് ?
ഒരു ഉത്തരം അയാൾ ഞങ്ങളിൽനിന്ന് പ്രതീക്ഷിച്ചോ എന്നറിയില്ല. ചോദ്യവും ഉത്തരവും ഒന്നുമില്ലാതെ നിശബ്ദതമാത്രം കുറച്ചുനേരം തങ്ങി നിന്നു.
ഞാൻ സിദ്ധിഖിനോട് പറഞ്ഞു, അയാളുടെ പഴയകാലത്തിലേക്ക് പോകാൻ അറബിയിൽ സംസാരിക്കുന്നതാവും നന്നാവുക.
സിദ്ധിഖിന് മലയാളമെന്നപോലെ അറബിയും നന്നായും വഴങ്ങുമായിരുന്നു. അതുകൊണ്ടുതന്നെ സിദ്ധിഖ് ഉത്സാഹഭരിതനായി അറബിയിൽ സംസാരിക്കാൻ തുടങ്ങി. സിദ്ധിഖിന്റെ അറബി സംഭാഷണങ്ങളിലൂടെ കൗബോയ് അനുസരണയുള്ള കുട്ടിയെപ്പോലെ അയാളുടെ ബാല്യകാലത്തിലേക്ക് പോയി.
പശ്ചിമ യമനിലെ ഒരു ഗ്രാമത്തിലൂടെ അയാളുടെ മനസ്സും വാക്കും സഞ്ചരിച്ചുകൊണ്ടിരുന്നു. അച്ഛനമ്മമാരോടൊപ്പമുള്ള ബാല്യകാലം അയാളോർത്തു. രണ്ടാം ലോകമഹായുദ്ധം യമനിലേക്ക് ഇരച്ചുവന്നപ്പോൾ താറുമാറായ ഗ്രാമങ്ങളിലൂടെ അയാൾ നടന്നു. പട്ടാളത്തിന്റെ തേരോട്ടത്തിൽ ഛിന്നഭിന്നമായിപ്പോയ കുടുംബത്തെ അയാൾ ഓർത്തുകൊണ്ടിരുന്നു. ഓർമ്മകൾക്കും അതിനെ വെളിപ്പെടുത്തുന്ന വാക്കുകൾക്കുമിടയിലെ വികാരാവേഗം കൊണ്ടാവാം അയാൾ ഇടയ്ക്ക് കിതയ്ക്കുന്നുണ്ടായിരുന്നു. അതിനിടയിലും അയാൾ ഇടതുകൈവെള്ളയിൽ വലതു പെരുവിരൽകൊണ്ട് തിരുമ്മിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
ഭൂതകാലരംഗങ്ങൾ അയാളിൽ മനസ്സിൽ അപ്പോഴും പാഞ്ഞുപോകുന്നുണ്ടായിരിക്കണം. എന്നിട്ടും അതേപ്പറ്റി പിന്നിടൊന്നും അയാൾ അധികമായി സംസാരിക്കുകയുണ്ടായില്ല.
സിദ്ധിഖ് സംസാരിക്കുന്ന അറബിവാക്കുകൾ പിന്നെപ്പിന്നെ ഉത്തരം കിട്ടാതെ പാഴായിക്കൊണ്ടിരുന്നു.
അറബിയിൽ നിന്ന് സംഭാഷണം ഇംഗ്ലീഷിലേക്ക് ചുവടുമാറ്റിയപ്പോൾ ഞങ്ങൾ ചോദിക്കുന്ന വാക്കുകളിൽ ശ്രദ്ധിക്കാൻ തുടങ്ങി.
അയാൾ പലതും ഓർക്കാനും പറയാനും തുടങ്ങി.
ഞാൻ ചോദിച്ചു; യുദ്ധശേഷം നാട്, വീട്, കുടുംബം എല്ലാം നഷ്ടപ്പെട്ടു. അതിനിടയിലും താങ്കൾമാത്രം രക്ഷപ്പെട്ടു അല്ലേ?
യുദ്ധഭൂമിയുടെ കഥാവസാനമെന്തെന്ന് അറിയാനുള്ള ആകാംക്ഷയോടെയാണ് അയാളോട് അപ്രകാരം ചോദിച്ചത്. നിശബ്ദതയിൽനിന്ന് പൊടുന്നനെ അയാളുടെ ശബ്ദം ഉയർന്നുവന്നു. അയാൾ പതിയെപ്പറഞ്ഞു; സുഹൃത്തേ, അതൊരു രക്ഷപ്പെടലായിരുന്നില്ല, വലിയൊരു ഒറ്റപ്പെടൽ മാത്രമായിരുന്നു.'
ഒരൊറ്റവാക്യത്തിൽ തന്റെ ജീവിതകഥ പറഞ്ഞുതീർത്തപോലെ അയാൾ പിന്നെയും കുറച്ചുനേരം മിണ്ടാതിരുന്നു. രക്ഷപ്പെടലല്ല ; ഒറ്റപ്പെടലായിരുന്നു എന്ന വാക്യം ഞങ്ങൾക്കിടയിൽ കുറച്ചുനേരം കൂടി തങ്ങി നിന്നു. ഒരിടവേളയ്ക്കുശേഷം കൗബോയ് പറഞ്ഞു.
എനിക്കെല്ലാവരും ഉണ്ടായിരുന്നു. ഇപ്പോൾ ആരുമില്ലാത്തവനായിത്തീർന്നു.
ഓർമ്മയുടെ സെല്ലുലോയിഡിൽ പിന്നെയും ചില ചിത്രങ്ങൾ തെളിഞ്ഞുവരുന്നു.
യുദ്ധശേഷം അനാഥമാക്കപ്പെട്ട അറബിപ്പയ്യനോട് ഒരു ബ്രിട്ടീഷ് പട്ടാളക്കാരന് സഹതാപം തോന്നി. അയാൾ അവനെയും കൂടെ കൂട്ടി. പട്ടാളക്കാരന്റെ കുടുംബത്തിൽ അന്നുമുതൽ അവനൊരു അഭയാർത്ഥിയായി ജീവിച്ചു. യമനിൽനിന്ന് പിന്നീട് അവരോടൊപ്പം അവനും പല രാജ്യങ്ങളും താണ്ടി. ഒടുവിലാണ് ഇവിടെയെത്തിയത്. ഈ ഷാർജയിൽ.
മഞ്ഞുകാലത്തിന്റെ വരവറിയിച്ചുകൊണ്ട് ചുറ്റുപാടും പൊടിക്കാറ്റ് വീശുന്നുണ്ടായിരുന്നു. തീയേറ്ററിൽ അടുത്ത പ്രദർശനം കാണാൻ ആളുകൾ വന്നു തുടങ്ങുന്നുണ്ടായിരുന്നു. അതിനിടയിൽ അയാൾ സമയത്തെക്കുറിച്ച് അന്വേഷിച്ചു. സിനിമ തുടങ്ങാൻ ഇനിയും അരമണിക്കൂറോളം ബാക്കിയുണ്ടായിരുന്നു.
നേരത്തെ സിദ്ധിഖ് ചോദിച്ച അതേ ചോദ്യം ഞാൻ വീണ്ടും ആവർത്തിച്ചു.
കൗബോയ് എന്ന പേരെങ്ങനെ വന്നു ?
അയാൾ തൊപ്പി തലയിൽനിന്നെടുത്ത് ഒന്നുകൂടി ഉറപ്പിച്ചുവെച്ചുകൊണ്ടു പറഞ്ഞു: ബ്രിട്ടീഷ് കുടുംബത്തോടൊപ്പം കഴിഞ്ഞ കാലത്ത് ധാരാളം ഇംഗ്ലീഷ് സിനിമകൾ കാണുമായിരുന്നു. അതിൽ ഹോളിവുഡിലെ കൗബോയ് സിനിമകൾ എനിക്കിഷ്ടമായിരുന്നു. കൗബോയ് സിനിമകളിലെ വേഷം ഒരു രസത്തിനുവേണ്ടിയാണ് ഞാൻ അനുകരിച്ചുതുടങ്ങിയത്. പിന്നെപ്പിന്നെ സിനിമയിലെ വേഷവും എന്റെ വേഷവും ഒന്നായിത്തീർന്നു. ആളുകൾ എന്നെ കൗബോയ് എന്ന് വിളിക്കാൻ തുടങ്ങി.
ആരോ ഒരാൾ തീയേറ്ററിലെ പോസ്റ്റർ ബോർഡുകളിലൊന്നിൽ നാളെത്തുടങ്ങുന്ന പുതിയ സിനിമയുടെ പോസ്റ്റർ ഒട്ടിച്ചുതുടങ്ങുന്നുണ്ടായിരുന്നു. അതൊരു മലയാളസിനിമയായിരുന്നു. മോഹൻലാലിന്റെ വടക്കുംനാഥൻ.
പോസ്റ്ററിലേക്ക് ചുണ്ടിക്കാണിച്ചുകൊണ്ട് ഞാൻ ചോദിച്ചു. അതാരെന്നറിയുമോ?
അയാൾ ആഹ്ലാദത്തോടെ പറഞ്ഞു: മ്‌മോഹൻ ലൽ.
മെട്രോ തീയേറ്ററിൽ അക്കാലത്ത് കൂടുതലായും പ്രദർശിപ്പിച്ചിരുന്നത് മലയാള സിനിമകളായിരുന്നു. അതുകൊണ്ടുതന്നെ മലയാളത്തിലെ ഒട്ടുമിക്ക അഭിനേതാക്കളെയും കൗബോയിക്കറിയാമായിരുന്നു. മോഹൻലാലിനെയും മമ്മൂട്ടിയെയും അയാൾക്കിഷ്ടമായിരുന്നു.
സംസാരം സിനിമയെക്കുറിച്ചായപ്പോൾ അയാൾ മറ്റൊരാളായി മാറിക്കൊണ്ടിരുന്നു.
സിദ്ധിഖ് ചോദിച്ചു. മലയാളസിനിമിയുടെ ഡയലോഗുകൾ കേട്ടാൽ മനസ്സിലാകുമോ ?
ഞങ്ങളുടെ മുഖത്തേക്ക് നോക്കി അയാളൊന്നു മന്ദഹസിച്ചു. എന്നിട്ട് പറഞ്ഞു, കോർച്ച് മൽസിലാവും.
അയാൾ കൗബോയ് സിനിമയിലെ കുസൃതിക്കാരനെപ്പോലെ അതു പറഞ്ഞ് ഉച്ചത്തിൽ ചിരിച്ചു. എന്നിട്ട് ചുമലിന്റെ ഒരുഭാഗം ചെരിച്ചുപിടിച്ചുകൊണ്ട് അയാൾ പറഞ്ഞു, "നീ പോ മോനെ ദിനേശാ..'
അത് കണ്ട് ഞങ്ങൾ ചിരിക്കുകയും അയാളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സുരേഷ് ഗോപിയേയും മറ്റു പലരെയും ഇതുപോലെ അയാൾ അനുകരിച്ചു. നമ്മുടെ മിമിക്രിക്കാർ കാണിക്കുന്ന അതേ അംഗചലനങ്ങൾ അയാളും വശമാക്കിയിരുന്നു. സിനിമ കാണാനെത്തിയവരുടെ നോട്ടം പലപ്പോഴായി പോസ്റ്ററുകൾക്കുമേലെ വന്നുംപോയും കൊണ്ടിരിക്കെ അയാൾ സ്വയമേവ കഥയുടെ ബാക്കി കൂടി പറഞ്ഞു:
ഒരുനാൾ ആരോടും പറയാതെ ബ്രിട്ടീഷ് കുടുംബത്തോടൊപ്പമുള്ള ജീവിതം അവസാനിപ്പിച്ച് ഞാൻ അവരിൽ നിന്നും ഒളിച്ചോടി. അറബ് വംശജനായ ഞാൻ ബ്രിട്ടീഷ് കുടുംബത്തിൽപ്പെട്ട ഒരു പെൺകുട്ടിയെ പ്രണയിച്ചു. എടുത്തുവളർത്തിയവർ എതിരാളിയായി മാറിയപ്പോൾ ബന്ധങ്ങളിൽ നിന്നെല്ലാം വിടുതി നേടി എത്തിയത് ഇവിടെയായിരുന്നു. ഈ ഷാർജയിൽ.
ചുളിവുകൾ വീണ അയാളുടെ മുഖത്ത് ഓർമ്മകൾ വലിഞ്ഞു മുറുകുന്നു. ഓർമകളോടൊപ്പം അയാൾ എവിടെയൊക്കെയോ ഒഴുകിപ്പോകുന്നു.
അയാൾ തീരെ നിശബ്ദനായപ്പോൾ ഞാൻ ചോദിച്ചു.
ഇപ്പോൾ ആ പ്രണയകഥയൊക്കെ മറന്നു കാണും അല്ലേ ?
അയാൾ ഞങ്ങളുടെ മുഖത്ത് നേക്കാതെ പതിയെ മാത്രം പറഞ്ഞു.
മറന്നിട്ടില്ല. മനസ്സെഴുതിവെച്ച ആഗ്രഹങ്ങളെല്ലാം ജീവിതത്തിൽ നിന്ന് മാഞ്ഞുപോകുന്നു.
ഷാർജയിലെത്തിച്ചേർന്ന ശേഷമുള്ള ആദ്യകാലങ്ങളെ അയാളോർത്തു.
ഷാർജ കോർണീഷിൽ ഒറ്റയ്ക്കിരുന്ന് കഴിച്ചുകൂട്ടിയ ദിനരാത്രങ്ങൾ. മരുഭൂമിപോലെ ശൂന്യവും വിസ്മൃതവുമായി ആകാശം നോക്കി അയാൾ മലർന്നു കിടന്നു. ലോകത്തിന്റെ ഏതൊക്കെയോ കോണുകളിൽനിന്ന് എത്തിച്ചേരുകയും പിരിഞ്ഞുപോവുകയും ചെയ്യുന്നവർ ഉറക്കെയും പതുക്കെയും പറയുന്ന കഥകൾക്ക് അയാൾ നിശ്ശബ്ദസാക്ഷിയായി. അപരിചിതമായ നഗരത്തിലൂടെ പലവുരു അലഞ്ഞു. ജീവിക്കാൻവേണ്ടി ഏന്തൊക്കെയോ ജോലികൾ ചെയ്തു. മിച്ചംവരുന്ന തുകകൊണ്ട് സിനിമകൾ കണ്ടു.
പിന്നെയും പിന്നെയും പിന്നെയും...
കൗബോയ് ഓർക്കുന്നു.
ഷാർജയിൽ എത്തിച്ചേർന്ന നാളുകളിൽ എനിക്ക് പരിചയമുള്ള ഒന്നേയുണ്ടായിരുന്നുള്ളൂ. അത് സിനിമയായിരുന്നു. സിനിമയിൽ ഞാനെന്റെ സന്തോഷം കണ്ടെത്തി. ദുഃഖങ്ങൾ മറക്കാൻ ശ്രമിക്കുകയും ചെയ്തു. അന്ന് ഷാർജ റോളയിൽ ഒരു തിയേറ്റർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യകാലത്ത് ആഴ്ചയിൽ ഒരു സിനിമ വീതം കാണുമായിരുന്നു. പിന്നീട് എല്ലാ വൈകുന്നേരങ്ങളിലും ചെന്നുതുടങ്ങി. അന്നും ഇന്നും എന്റെ ഒരേയൊരു കൂട്ട് സിനിമ മാത്രമായി.
ഒരേ സിനിമതന്നെ വീണ്ടും വീണ്ടും കാണുമ്പോഴുള്ള വിരസതയെപ്പറ്റിയാണ് ഞാൻ ആലോചിച്ചുകൊണ്ടിരുന്നത്. ഒരവസരത്തിൽ അതേപ്പറ്റി ചോദിച്ചപ്പോൾ ഒരു രസഹ്യമെന്നോളം അയാളത് വെളിപ്പെടുത്തി. പുതിയ സിനിമ വന്നാൽ ആദ്യത്തെ രണ്ടു മൂന്നു ഷോ താത്പര്യത്തോടെ കാണും. പിന്നെപ്പിന്നെ മുഴുവനും കാണില്ല. തിയേറ്ററിൽ കണ്ണടച്ച് ഇരിക്കുകയായിരിക്കും. അല്ലെങ്കിൽ ഉറങ്ങും. ഉറങ്ങാനാണെങ്കിലും സ്വപ്നം കാണാനാണെങ്കിലും ഇപ്പോൾ ഈയൊരു കൂടാരം വേണം.
തീയേറ്ററിനുള്ളിലെ ഉയർന്ന ശബ്ദത്തിലും ഇരുട്ടിൽ തെളിഞ്ഞുവരുന്ന തിരശ്ശീലക്കാഴ്ചയിലും ജീവിതശാന്തി കണ്ടെത്തുന്ന ഈ മനുഷ്യൻ സിനിമയ്ക്കുവേണ്ടി ജീവിതം ഹോമിച്ച ഏതോ ഒരു സിനിമാക്കാരന്റെ അശാന്തമായ ആത്മാവായിരിക്കുമെന്ന് ഞാൻ വിചാരിച്ചു.
ഞങ്ങളുടെ സംസാരത്തിനിടയിലേക്ക് നേരത്തെ പരിചയപ്പെട്ട മലയാളിയായ ഗേറ്റ് മാൻ കടന്നുവന്നു. അയാളോട് സിദ്ധിഖ് ചോദിച്ചു, തീയേറ്ററിൽ സ്ഥിരവാസമുറപ്പിച്ച ഇയാൾ നിങ്ങൾക്കെങ്ങനെ ശല്യക്കാരനോ അതോ ?
എന്റെ ചോദ്യത്തിന് പക്ഷെ അയാൾ പറഞ്ഞത് മറ്റൊന്നായിരുന്നു.
"ഇയാൾ എല്ലാവർക്കും ഉപകാരി മാത്രമാണ്. ആരെയും ശല്യപ്പെടുത്താറില്ല. ചോദിച്ച ചോദ്യവും പറഞ്ഞ ഉത്തരവുമെല്ലാം കൗബോയ് കേൾക്കുന്നുണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ ഭാഷയറിയാതെ അയാൾ അതൊരുശബ്ദം മാത്രമായി കേട്ട് മിണ്ടാതിരുന്നു.
ഗേറ്റ് മാൻ പറഞ്ഞു; തീയറ്ററിനകവും പുറവും എന്നും വൃത്തിയാക്കുന്നത് ഇയാളാണ്. അതുകൊണ്ടുതന്നെ എന്നും തീയേറ്ററിൽ ഇയാൾക്ക് വേണ്ടി ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുന്നു. പ്രദർശനം കഴിഞ്ഞുള്ള സമയങ്ങളിൽ തിരക്കുള്ള ഏതെങ്കിലും റോഡരികിലുണ്ടാകും. റോഡ് മുറിച്ചു കടക്കാൻ പ്രയാസപ്പെടുന്നവരെ അയാൾ എന്നും സഹായിക്കുന്നു.
അയാളുടെ വാക്കുകളിൽ നിന്ന് കൗബോയിയുടെ ജീവിതത്തിന്റെ മറ്റൊരു വശം കൂടി വീണുകിട്ടുകയായിരുന്നു. ഷാർജ റോളയിലെ തിയേറ്റർ പൊളിച്ചു കളഞ്ഞപ്പോഴായിരുന്നു കൗബോയ് മെട്രോ തീയറ്ററിൽ എത്തിയത്. അക്കാലത്ത് കൂട് നഷ്ടപ്പെട്ട കിളിയെപ്പോലെ അയാൾ നഗരത്തിലൂടെ അലയുകയായിരുന്നു. പൊക്കിൾക്കൊടി ബന്ധംപോലെ അദൃശ്യമായ എന്തോ ഒന്ന് തീയേറ്ററിലേക്കടുപ്പിക്കുന്നുവെന്ന് അയാൾ ആ നേരങ്ങളിലൊക്കെയും തിരിച്ചറിയുന്നുണ്ടാകണം. തിരശ്ശീലയിൽ തെളിയാത്ത പലതും ഇനിയും അയാളുടെ മനസ്സിലുണ്ടായിരുന്നു.
ടിക്കറ്റുകൊടുക്കാൻ തുടങ്ങിയപ്പോൾ ഗേറ്റ്മാൻ പോയി.
സിദ്ധിഖ് അയാളുടെ കുറച്ചു ചിത്രങ്ങൾ എടുത്തുകൊണ്ടിരുന്നു. അയാൾ ഇപ്പോൾ കുസൃതി നിറഞ്ഞ ഭാവങ്ങളുമായി ക്യാമറയെ അഭിമുഖീകരിച്ചുകൊണ്ടിരുന്നു.
സിനിമയുടെ അടുത്ത ഷോ തുടങ്ങാൻ ഇനി മിനുട്ടുകൾ മാത്രമേയുള്ളൂ. കൗബോയിക്ക് തീയേറ്ററിനകത്തേക്ക് പോകാനുള്ള സമയമാകുന്നു. തീയേറ്റർ തന്നെ ജീവിതം തലവാചകം കുറിപ്പിൽ എഴുതിവച്ച് റൈറ്റിംഗ് പാഡ് മടക്കി ഞാൻ വച്ചു. ഇതിനിടയിൽ അയാൾ തന്റെ വലിയ പോക്കിറ്റിലുണ്ടായിരുന്ന ചെറിയ ഡയറിയിൽനിന്ന് പഴയൊരു ബ്ലാക്ക്ആൻഡ് വൈറ്റ് ഫോട്ടോ എടുത്തു ഞങ്ങളുടെ നേരെ കാട്ടി. കൗബോയിയുടെ ഒരു പഴയകാലചിത്രമായിരുന്നു അത്. സിനിമകളിൽ കണ്ടിരുന്ന കൗബോയിയുടെ ഏകദേശ ഛായ ആ ചിത്രത്തിനുണ്ടായിരുന്നു. പ്രൊജക്ടറിനുള്ളിലൂടെ പാഞ്ഞുപോകുന്ന ഫിലിംറോളുകൾ പോലെ അയാളുടെ മനസ്സിൽ ഓർമ്മകൾ പലതും ഇരമ്പിപ്പായുന്നതായി തോന്നി.
ഫോട്ടോ തിരിച്ചുവാങ്ങി ഡയറിയിൽ തിരുകിവെച്ച ശേഷം അയാൾ ഇപ്രകാരം പറഞ്ഞു; നിങ്ങൾക്കറിയാമോ എന്റെ അമ്മ ഒരു മലബാറിയാണ്.
ഒരു നിമിഷം ഞങ്ങൾ അത്ഭുതപ്പെട്ട് കൺമിഴിച്ചുപോയി. സിനിമാക്കഥകൾ പലപ്പോഴും പെട്ടെന്നാണ് അപ്രതീക്ഷിതമായി ചില ട്വിസ്റ്റിലേക്ക് പ്രേക്ഷകരെ കൊണ്ടുപോവുക. സിനിമ കണ്ടുകണ്ട് ഇപ്പോൾ അയാളും നാടകീയമായി ഒരു പുതിയ കഥയുടെ ചുരുൾ നിവർത്തുകയാണോ?
ഒരു തരത്തിലും വിശ്വസിക്കാനാവാത്ത കാര്യമാണെങ്കിലും സംശയരൂപത്തിൽ ഞാൻ ചോദിച്ചു; മലബാറി അമ്മയോ ? അതാരാണ് ?
കൗബോയ് ഓർമ്മകളിലേക്ക് തിരിച്ചുപോയ ശേഷം സൗമ്യശാന്തമായി ഒരു പേര് പറഞ്ഞു; കമലാനായർ.
യമൻകാരന് മലയാളിയായ ഒരമ്മയോ?
ഞങ്ങൾ കഥയറിയാതെ അതുകേട്ട് പകച്ചുനിന്നു.
മനസ്സ് ഉന്മാദത്തിലേക്ക് കയറുമ്പോൾ ഓർമ്മകൾ മനസ്സിന്റെ ഹെയർപിൻ വളവുകളിൽ വെച്ച് തെന്നിത്തെറിച്ചു പോവാറുണ്ട്. കൗബോയിയുടെ മനസ്സിപ്പോൾ സ്വപ്നത്തിന്റെയും യാഥാർത്ഥ്യത്തിന്റെ നിഗൂഢമായ ഏതു വഴികളിലാണെന്നു എനിക്ക് തോന്നി.
ഞങ്ങൾ അമ്പരന്നു നിൽക്കുന്നതിനിടയിൽ കൗബോയ് പോക്കറ്റ് ഡയറിയുടെ താളുകൾ മറിച്ച് അതിൽ നിന്ന് എന്തോ ഒന്നെടുത്ത് ഞങ്ങൾക്ക് നേരെ നീട്ടി. അതൊരു ഫോട്ടോ ആണെന്നാണ് കരുതിയത്. പക്ഷെ അതൊരു വിസിറ്റിംഗ് കാർഡായിരുന്നു.
കാർഡിനുമേൽ പേനകൊണ്ട് ഫോൺ നമ്പറും ഒരു പേരും എഴുതിവച്ചിരുന്നു. ഇംഗ്ലീഷിൽ എഴുതിവെച്ച ആ പേര് ഞാൻ പതുക്കെ വായിച്ചു: കമലാനായർ.
സിദ്ധിഖ് ആകാംക്ഷയോടെ അയാളോട് ചോദിച്ചു: കമലാനായർ എങ്ങനെ നിങ്ങളുടെ അമ്മയായി ?
അയാളതിന് മറുപടിയൊന്നും പറഞ്ഞില്ല.
സിനിമ തുടങ്ങുന്നതിനു മുമ്പ് സ്‌ക്രീനിൽ പരസ്യങ്ങളുടേതായ ഒരു ഇടവേള പിന്നിട്ട് കഴിഞ്ഞിരുന്നു. അകത്തേക്ക് പ്രവേശിക്കുന്നവർക്കുവേണ്ടി തുറക്കുന്ന വാതിലിന്റെ വിടവിലൂടെ ടൈറ്റിൽ ഗാനം ഇടയ്ക്ക് ഉയർന്നുതാഴ്ന്നും കേൾക്കാമായിരുന്നു.
ഞാൻ ആ ഫോൺ നമ്പർ എഴുതിയെടുത്തു.
അതുകണ്ട് അയാൾ ഞങ്ങളോട് പ്രതീക്ഷയോടെ ചോദിച്ചു; എന്റെ അമ്മയെ ഒന്നു വിളിക്കണം. വിളിക്കുമോ ?
വിളിക്കുമെന്നോ ഇല്ലെന്നോ ഞങ്ങൾ പറഞ്ഞില്ല. മറുപടിക്ക് കേൾക്കാൻ അയാൾ കാത്തുനിന്നതുമില്ല.
അയാൾ നടന്നുപോവുന്നതും നോക്കി ഞങ്ങൾ അവിടെത്തന്നെ നിന്നു.
ബാൽക്കണിയുടെ വാതിൽക്കൽ നിന്നുകൊണ്ട് അയാൾ ഒരിക്കൽകൂടി ഞങ്ങളെ തിരിഞ്ഞുനോക്കി.
ഒരു ദിവസം നാലു വെച്ച് പതിനായിരക്കണക്കിന് സിനിമ കണ്ടുകൊണ്ടിരിക്കുന്ന, ഗിന്നസ് ബുക്ക് അധികൃതർക്ക് പരിചയമില്ലാതെ പോയ ആ മനുഷ്യന്റെ കണ്ണുകളിലേക്ക് അത്ഭുതത്തോടെ ഞാൻ ഒന്നു കൂടി നോക്കി.
തിരിച്ചുപോകാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പ് സിനിമാക്കഥപോലെ തോന്നിക്കുന്ന വലിയൊരു നാടകീയത അയാൾ ഞങ്ങളിലേക്ക് പറിച്ചുനട്ടത് എന്തിനായിരിക്കാം ?
അയാൾ തീയേറ്ററിനുള്ളിലേക്ക് ഇരുട്ടിലേക്ക് പ്രവേശിച്ചു. അരണ്ടവെളിച്ചത്തിലൂടെ അയാൾ എന്നുമിരിക്കാറുള്ള വലതു ഭാഗത്തെ രണ്ടാമത്തെ വാതിലിനോട് ചേർന്നുള്ള തന്റെതുമാത്രമായ ഒരു സീറ്റിൽ ചെന്നിരുന്നു.
സിനിമാക്കഥയുടെ വെളിച്ചം വെള്ളിത്തിരയിൽ വീണുകൊണ്ടിരുന്നു.
ബാൽക്കണിയുടെ വാതിൽപ്പടിക്കൽ നിന്ന് ഞങ്ങൾ തിരിച്ചു നടന്നു.
കൗബോയ് തന്ന ആ ഫോൺ നമ്പർ റൈറ്റിംഗ് പാഡിൽ നിന്ന് മൊബൈലിലേക്ക് ഞാൻ സേവ് ചെയ്തു വച്ചു. പഠാണിയുടെ ടാക്‌സിക്കാറിൽ കയറി അൽനഹ്ദയിലേക്ക് മടങ്ങുമ്പോൾ നോക്കിയ ഫോണിന്റെ ഇളംപച്ചപ്പുള്ള സ്‌ക്രീനിലൂടെ കൗബോയ് തന്ന നമ്പറും അതിനോടൊപ്പം എഴുതിവച്ച കമലാനായർ എന്ന പേരും പലതവണ കണ്ണിലുടക്കിനിന്നു. ഈ നമ്പറിൽ ഡയൽചെയ്താൽ മറുപുറത്തു നിന്ന് കേൾക്കാനിടയുള്ള ശബ്ദം ആരുടേതാവും ? പഠാണിയുടെ സ്റ്റീരിയോവിൽ നിന്ന് ഉർദു-ഹിന്ദി സിനിമാഗാനങ്ങൾ ഒഴുകിവരുന്നുണ്ടായിരുന്നു. പാട്ടിനും വഴിക്കാഴ്ചകൾക്കുമൊപ്പം വണ്ടി അൽനഹ്ദയിലേക്ക് പോയിക്കൊണ്ടിരിക്കേ എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നത് അതുമാത്രമായിരുന്നു.
കമലാനായർ !
അതൊരിക്കലും കൗബോയിയുടെ അമ്മയായിരിക്കില്ല.
രണ്ട്
കമലാനായരെന്ന കമ്പിളിപുതപ്പ്
ഒരു വൈകുന്നേരമാണ് ഞാൻ ഷാർജയിലെ ഡോക്‌ടേഴ്‌സ് മെഡിക്കൽ സെന്ററിലെത്തിയത്.
റിസപ്ഷനിൽചെന്നു ചോദിച്ചു; "കമലാ നായരെ ഒന്നു കാണണം. '
ഒരു മലയാളി നേഴ്‌സ് എന്നെ മുറിയിലേക്ക് കൊണ്ടുപോയി. ആശുപത്രി സൂപ്രണ്ടിന്റെ മുറിയായിരുന്നു അത്. അമ്പതിലധികം പ്രായം തോന്നിക്കുന്ന വെളുത്ത് സുന്ദരിയായ ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. ഞാൻ അവർക്കു മുമ്പിൽ ഇരുന്നു.
അവർ ചോദിച്ചു: പറയൂ. എന്താണ് നിങ്ങൾക്ക് അറിയേണ്ടത് ?
ഞാൻ കൗബോയിയെപ്പറ്റി സൂചിപ്പിച്ചു. അയാൾ തന്ന നമ്പറിനെക്കുറിച്ചും.
കമലാ നായർ ഓർമ്മകളിൽ പരതി.
പത്തിരുപതു വർഷങ്ങൾക്കപ്പുറത്തേക്ക് അവരുടെ മനസ്സ് പിന്നോട്ട് സഞ്ചരിച്ചു. ഷാർജയിലെ അൽ സഹ്‌റ ആശുപത്രിയിൽ ജോലിചെയ്യുന്ന കാലം മനസ്സിൽ തെളിഞ്ഞുവന്നു. അവർ പറഞ്ഞു തുടങ്ങി: ആശുപത്രിയിലേക്ക് വരികയും പോവുകയുംചെയ്യുന്ന വഴിയിൽ വച്ചാണ് ഞാനയാളെ കാണാറുണ്ടായിരുന്നത്. തലയിൽ എന്നും തൊപ്പിധരിക്കാറുണ്ടായിരുന്നു. പതിവായി കാണാറുള്ളതുകൊണ്ട് ഒരിക്കൽ ഞാനയാളോട് പേരു ചോദിച്ചു.
അയാൾ അതിന് മറുപടി പറഞ്ഞത് കൗബോയ് എന്നായിരുന്നു.
അതുകേട്ട് ഞാനയാളോട് പറഞ്ഞു; ഓ ഹോളിവുഡ് സിനിമയിലെ നായകനാണല്ലോ.
അതിന് മറുപടിയായി അയാൾ ചിരിച്ചു.
പിന്നെപ്പിന്നെ കാണുമ്പോഴെല്ലാം അയാൾ പരിചയഭാവത്തിൽ ചിരിക്കുമായിരുന്നു.
ഞാനും അയാളെ പരിഗണിച്ചത് ചിരിയിലൂടെതന്നെയായിരുന്നു.
ഒരു മഞ്ഞുകാലത്ത് ആശുപത്രിയ്ക്ക് പുറത്ത് തണുത്തു വിറച്ചു നിൽക്കുന്നതു കാണാനിടയായി. അന്നുതന്നെ ഞാനയാൾക്ക് പുതക്കാൻ ഒരു കമ്പിളി വാങ്ങിക്കൊടുത്തു. പിന്നെപ്പലപ്പോഴും കമ്പിളിയിൽ മൂടിപ്പുതച്ചുനിൽക്കുന്ന അയാളെ വഴിവക്കുകളിൽ നിന്ന് കണ്ടുമുട്ടി. പരസ്പരം ഒന്നും സംസാരിക്കാറില്ലെങ്കിലും കാണുമ്പോഴെല്ലാം അയാൾ ചിരിക്കുകയും അതിലൂടെ എന്നെ അഭിവാദ്യം ചെയ്യുകയും ചെയ്തു.
2002 കാലത്ത് യു.എ.ഇ വിട്ട് ഞങ്ങൾ കുടുംബസമേതം മുംബെയിലേക്ക് പോയി. പിന്നെകുറച്ചു കാലം അവിടെയായിരുന്നു.
കമലാനായരോട് ഞാൻ ചോദിച്ചു; സ്വന്തം സ്ഥലം എവിടെയാണ്?
തലശ്ശേരിയിൽ.
അവിടെ വല്ലപ്പോഴും പോകും. സ്ഥിരതാമസം മുംബെയിലായിക്കഴിഞ്ഞിട്ട് വർഷങ്ങളായി... അവർ പറഞ്ഞു.
ഞാൻ കൗബോയിയുടെ ഫോട്ടോ കാണിച്ചുകൊടുത്തു.
അതിലേക്ക് നോക്കിക്കൊണ്ടവർ പറഞ്ഞു; അതെ, ഇതേപോലൊരു തൊപ്പി ധരിച്ചു തന്നെയാണ് അയാളെ ഞാൻ കാണാറുണ്ടായിരുന്നത്.
കൗബോയിയുടെ ഡയറിയിലെ നമ്പറും അയാളുടെ തീയേറ്റർ ജീവിതവും ഞാൻ അവരോട് പങ്കുവെച്ചു. അതുകേട്ടുകഴിഞ്ഞപ്പോൾ അവർ കൗബോയിയുടെ മറ്റൊരു കഥ കൂടി പറഞ്ഞു: മുംബെയിൽ നിന്ന് കുറച്ച് കാലം കഴിഞ്ഞപ്പോൾ ഞങ്ങൾ വീണ്ടും ഷാർജയിലെത്തി. തിരിച്ചു വന്നശേഷം പിന്നെ ജോലിയിൽ പ്രവേശിച്ചത് ഈ ആശുപത്രിയിലായിരുന്നു. ഒരു ദിവസം അവിചാരിതമായി അയാൾ എന്നെ അന്വേഷിച്ച് ആശുപത്രിയിൽ വന്നു. അന്ന് കാണുമ്പോൾ അയാൾ നന്നെ ക്ഷീണിതനായിരുന്നു. പലരോടും അന്വേഷിച്ചാണ് അയാൾ എന്നെ കണ്ടെത്തിയത്.
അയാളോട് ഞാൻ താമസസ്ഥലം ചോദിച്ചപ്പോൾ പറഞ്ഞത്. അങ്ങനെയൊരിടം ഇല്ല എന്നായിരുന്നു.
ജോലി എന്തെങ്കിലും?
അതുമില്ലെന്ന് അനുസരണയുള്ള കുട്ടിയെപ്പോലെ തലയാട്ടി.
ഞാനയാളോട് പിറ്റേന്ന് എന്റെ അടുത്തേക്ക് വരാൻ പറഞ്ഞു.
പറഞ്ഞതുപോലെ അയാൾ വന്നു.
ഭർത്താവിന് സ്വന്തമായൊരു കാർഗോ കമ്പനിയുണ്ടായിരുന്നു. അവിടെ വാച്ച്മാനായി അയാൾക്ക് ജോലി നൽകി. അവിടെ അയാൾ സന്തോഷവാനായിരുന്നു. ഞങ്ങൾ താമസിച്ചിരുന്ന ഫ്‌ളാറ്റ് അതിനടുത്തായിരുന്നു. അതുകൊണ്ടുതന്നെ ഇടയ്ക്ക് ഞങ്ങളുടെ ഫ്‌ളാറ്റിൽ അയാൾ കയറി വരും.
വാതിൽ തുറന്നാൽ ഒന്നോ രണ്ടോ വാക്കിൽ വന്ന കാര്യം പറയും.
ഒരു ദിവസം എന്നോട് ചോദിച്ചു; ഒരു കത്രികവേണം.
അന്ന് ഞാനത് കൊടുത്തു.
പിറ്റേ ദിവസം അയാൾ വന്നത് കയ്യിൽ കുറെ കടലാസ് പൂക്കളുമായായിരുന്നു.
സ്‌നേഹത്തോടെ അയാളത് തരികയും ഞാൻ വാങ്ങുകയും ചെയ്തു.
പകൽമുഴുവൻ അയാൾ പലയിടത്തുമായിരുന്നു. റോഡ് മുറിച്ച് കടക്കാൻ പ്രയാസപ്പെടുന്നവരെ സഹായിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. സിനിമയോടുള്ള ഭ്രാന്തിന്റെ കാര്യം കുറെ കഴിഞ്ഞാണ് ഞാനറിയുന്നത്.
ഒരുദിവസം കയ്യിലൊരു ബാഗ് തൂക്കിപ്പിടിച്ച് അയാൾ ഫ്‌ളാറ്റിലേക്ക് വന്നു.
മറ്റൊന്നും പറഞ്ഞില്ല: ഞാൻ പോകുന്നു എന്നു മാത്രം പറഞ്ഞ് അയാൾ തലതാഴ്ത്തി നിന്നു.
അതിനുള്ള കാരണമെന്തെന്ന് ചോദിച്ചപ്പോൾ പറഞ്ഞില്ല. വളരെ നിർബന്ധിച്ചപ്പോഴാണ് അയാളത് പറഞ്ഞത്: കൂടെത്താമസിക്കുന്ന വാച്ച്മാൻ ഒരു മദ്യപാനിയാണ്. അയാളുടെ കൂടെ താമസിക്കാൻ പറ്റില്ല.
അത്രമാത്രമേ അയാൾ പറഞ്ഞുള്ളൂ. അതും പറഞ്ഞ് അയാൾ തിരിഞ്ഞു നടന്നു. എന്തുകൊണ്ടോ ഞാനയാളെ തടഞ്ഞില്ല. അയാളെവിടെയോ പോയി. പിന്നെ കണ്ടിട്ടില്ല.
ഞാൻ കമലാ നായരോട് പറഞ്ഞു: അയാളിപ്പോൾ ഷാർജയിൽത്തന്നെയുണ്ട്. മെട്രോ തിയേറ്ററിൽ. അവിടത്തെ എല്ലാം പ്രദർശനങ്ങളും കണ്ടുകൊണ്ട് വർഷങ്ങളായി അയാളവിടെ കഴിഞ്ഞു കൂടുന്നു.
അവരുടെ മുഖത്ത് ചെറുതായൊരു സന്തോഷം വിരിഞ്ഞു വന്നു.
അവർ ചോദിച്ചു; എനിക്കയാളെ കാണണമെന്നുണ്ട്. കാണാൻ പറ്റില്ലേ?
ഞാൻ പറഞ്ഞു; കമലാനായരെ അയാൾ ഇപ്പോഴും ഓർക്കുന്നു. ചെന്നുകണ്ടാൽ അയാൾക്കത് വലിയ സന്തോഷമാവും.
കമലാ നായരോട് യാത്രപറഞ്ഞിറങ്ങുമ്പോൾ തന്നെക്കാൾ പ്രായം കുറഞ്ഞ ഒരമ്മയെ കാത്തിരിക്കുന്ന മകനും പ്രായം കൂടിയ മകനെ കാണാനിരിക്കുന്ന ഒരമ്മയുമായിരുന്നു മനസ്സിൽ നിറയെ. ഏതോ ദേശത്ത് ജനിച്ച് എവിടെയൊക്കെയോ ജീവിച്ച് അവിചാരിതമായി ജീവിതത്തിൽ കണ്ടുമുട്ടുന്ന അദൃശ്യബന്ധങ്ങളുടെ അവസ്ഥാന്തരങ്ങളായി കൗബോയിയും കമലാനായരും ഇപ്പോഴും മനസ്സിൽ നിലകൊള്ളുന്നു. അതിൽപ്പിന്നെ അവർ തമ്മിൽ കണ്ടുമുട്ടിയിട്ടുണ്ടാകുമോ ?
പതിനാല് വർഷങ്ങൾക്കിപ്പുറം ഷാർജയിന്ന് എനിക്ക് അപരിചിതമാണ്. അവിടെയുണ്ടായിരുന്ന മെട്രോ തീയേറ്റർ ഇന്നില്ല എന്നറിയുന്നു. കൗബോയിയെ കുറിച്ച് അറേബ്യ പത്രത്തിൽ അച്ചടിച്ചുവന്ന പത്രത്താളും സിദ്ധിഖ് പകർത്തിവച്ച് ചിത്രങ്ങളും നഷ്ടപ്പെട്ടുപോയിരിക്കുന്നു. മെട്രോ തീയേറ്റർ അടച്ചുപൂട്ടിയ കാലം മുതൽ കൗബോയ് എവിടെയായിരിക്കും? ഷാർജയിലെ ഏതെങ്കിലും ഒരു കൂടാരത്തിൽ ഇപ്പോഴും അയാളുണ്ടാകുമോ? വാർദ്ധക്യത്തിന്റെ ജരാനരകളും അവശതകളും പേറി ലോകമാകെയും നിശ്ചലമായിപ്പോയ ലോക്ഡൗൺ കാലത്തോളം അയാൾ മിടിച്ചെത്തിയിട്ടുണ്ടാകുമോ ? അതോ...