മരണച്ചൂണ്ടകൾ

ഇടുക്കി ഇന്ന് കൊടും വേദനയായി കേരളത്തിന്റെ മണ്ണിലൂടെ കുത്തിയൊലിച്ചൊഴുകുകയാണ്. ഓരോ കാലവർഷവും അനവധി ജീവനുകളെ മണ്ണിനടിയിലേക്ക് വലിച്ചുകൊണ്ടുപോകുന്നു, നിശ്ശബ്ദമാക്കപ്പെട്ട ആ ശ്വാസങ്ങൾക്കുമേൽ മറ്റൊരു കാലവർഷം മറ്റൊരുകൂട്ടം ജീവിതങ്ങളെ സംസ്‌കരിക്കുന്നു. പ്രകൃതി അതിസുന്ദരമായി ഡിസൈൻ ചെയ്ത ഒരു ഭൂമിയുടെ ദുരന്ത ജീവിതകഥ, സ്വന്തം ജീവിതത്തോട് ചേർത്തുവക്കുകയാണ്, ഇടുക്കി കുളമാവ് സ്വദേശി കൂടിയായ ചിത്രകാരൻ ദേവപ്രകാശ്. അഞ്ചുവർഷം മുമ്പ് അദ്ദേഹം എഴുതിയ ഹൃദയസ്പർശിയായ ഒരു കാലവർഷാനുഭവം, ഇതാ വീണ്ടും വായനക്ക്...

രണച്ചൂണ്ടയിൽ നിന്ന് വഴുതിയാണ് ഞാൻ അമ്മയിൽനിന്ന് പുറത്തേക്കുവന്നത്. ഞങ്ങൾ ഇരട്ടകളായിരുന്നു. അമ്മയുടെ സങ്കീർണ്ണമായ പ്രസവത്തിൽ എന്നെ ജീവനോടെ പുറത്തെടുത്ത ഡോക്ടർക്ക് അവളെ രക്ഷിക്കാനായില്ല. മരണത്തിലുരുമ്മിയാണ് ഞാൻ ഭൂമിയുടെ പ്രകാശത്തിലേക്ക് പിറന്നു വീണത്, ആദ്യമായി കരഞ്ഞത്. പിന്നീട് ചിരിക്കുമ്പോഴെല്ലാം മരിച്ച പെങ്ങൾ എന്നിൽ ഇരുണ്ട മ്ലാനതയായി വളർന്നിട്ടുണ്ടാകണം. ഇടുക്കിജില്ലയിലെ നാലുമലകളാൽ ചുറ്റപ്പെട്ട കുളമാവ് എന്ന ഞങ്ങളുടെ അതി മനോഹരഗ്രാമത്തിൽ എനിക്കൊപ്പം വളരുകയും കളിക്കുകയും ചിരിക്കുകയും കരയുകയുമൊക്കെ ചെയ്യേണ്ടിയിരുന്നവൾ ഒപ്പമില്ലാതെ ഞാൻ വളർന്നു.
എന്നെ ജീവനോടെ കിട്ടിയതിനാൽ എന്റെ മുടി നീട്ടിവളർത്തി വേളാങ്കണ്ണി മാതാവിന് നൽകാൻ അച്ഛൻ തീരുമാനിച്ചു. മാഞ്ഞു പോയ അവൾ, എന്റെ നേർപകുതി, എന്നിൽ മുടിയായി കുടിയേറി. അങ്ങിനെ എക്സ് മിലിട്ടറി ജോസഫ് ഫിലിപ്പിന്റേയും നാരായണിയുടേയും പതിനൊന്നുമക്കളിൽ ആറാമൻ ഞാൻ ‘മുടിയനായ പുത്രനാ'യി. ഹൈസ്‌കൂളിലേക്കാകുന്നതിനുമുമ്പു തന്നെ വേളാങ്കണ്ണിയിൽ പോയി മുടി നേർച്ച നൽകി. അപ്പോൾ കുറച്ചു നാളത്തേക്ക് എന്നിൽ നിന്ന് മരണത്തിന്റെ മണം അകന്നു പോയതായി പിൽക്കാലത്ത് അതിനെക്കുറിച്ച് ഓർക്കുമ്പോൾ തോന്നിയിട്ടുണ്ട്. അങ്ങിനെ ഞാനും വളർന്നുകൊണ്ടിരുന്നു. അതിനിടെ എന്നെ വല്ലാതെ തളർത്തുകയും ഉലക്കുകയും മനസ്സിൽ നിറയെ പക വളർത്തുകയും ചെയ്ത് ആ ശത്രു കടന്നു വന്നു.

വെള്ളക്കൊറ്റികളെ നോക്കി നിൽക്കുമ്പോൾ

എൺപത് അവസാനം. സ്‌കൂൾ വെക്കേഷൻ കാലം. ചിത്രംവരയല്ലാതെ മറ്റൊരു കല കൂടി പഠിക്കണമെന്ന് തോന്നിക്കൊണ്ടിരുന്ന സമയം. അങ്ങിനെ ഞങ്ങൾ നാലു കൂട്ടുകാർ നൃത്തം പഠിക്കാൻ പോകാൻ തീരുമാനിച്ചു. സ്‌കൂളിനടുത്തുള്ള ഡാൻസ്മാസ്റ്റർ ഗോവിന്ദന്റെ ശിഷ്യരാകാൻ ഞങ്ങൾ തീരുമാനിച്ചു. അവിടെ ചേർന്നു. രണ്ടു ദിവസം കൊണ്ട് തന്നെ നൃത്തം എനിക്ക് ഒട്ടും ചേർന്ന പരിപാടിയല്ലെന്ന് ബോധ്യപ്പെട്ടു. ഗോവിന്ദൻ മാഷോട് സലാം പറഞ്ഞ് സ്‌കൂളിലെ ഫുട്ബാൾ ഗ്രൗണ്ടിനടുത്തുള്ള പാടത്ത് വെള്ളക്കൊറ്റികളെ നോക്കി നിൽക്കുമ്പോൾ പെട്ടെന്ന് എന്തോ ഒരു സാധനം തലയിൽ വന്ന് വീണ് ഉയർന്നു

കുളമാവിലെ നാടുകാണി ബി.ബി.സി റോഡിലുള്ള രണ്ടു ചെറിയ പാറകൾ ചേർന്നു നിൽക്കുന്ന സ്ഥലത്താണ് അഞ്ചു പേരേയും സംസ്‌കരിച്ചത്. നിശ്ശബ്ദമായി കുളിർകാറ്റ് ഒഴുകിയെത്തുന്ന മനോഹര സ്ഥലം. ഇവിടെ ബലവാനും സഹോദരങ്ങളും അച്ഛനും അമ്മയും ശാന്തരായി ഉറങ്ങുന്നു

പൊങ്ങി പാടത്തേക്ക് തെറിച്ചു വീണു. കൊറ്റികൾ കൂട്ടമായി പറന്നുപൊങ്ങി. തല പൊളിയുന്ന വേദന, കണ്ണിൽ പൊന്നീച്ച. അപ്പോൾ ഒരാൾ എന്റെ അടുത്ത് വന്ന് നിന്നു, പരിക്കൻ ശബ്ദത്തിൽ അലറി, ‘പോയി എടുത്തുകൊണ്ടുവാടാ ബോള്!'. കണ്ണു തിരുമ്മി ഞാൻ ദേഷ്യത്തോടെ പറഞ്ഞു- എനിക്ക് വയ്യാ!... അടിച്ചവൻമാർ തന്നെ പോയി എടുത്തോ!
പിന്നെയാണ് ഞാൻ സൂക്ഷിച്ചു നോക്കിയത്. മുന്നിൽ ആരോഗ്യം തുളുമ്പുന്ന ഒരു ചെറുപ്പക്കാരൻ. ആറടി ഉയരം. വെളുത്ത നിറം. ഉറച്ചശരീരം. കയ്യും കാലും കപ്പക്കോലുപോലെ. കൈലി മുണ്ടും ടീ ഷർട്ടും വേഷം. അയാളുടെ മുന്നിൽ ഞാൻ വെറും അശു. ഒരു വിറ കൈകാലുകളിലൂടെ പാഞ്ഞു പോയി.
എന്റെ മറുപടി കേട്ടതും അയാൾ എന്റെ ചെരുപ്പിൽ ചവിട്ടിപിടിച്ചു. പിന്നെ നെഞ്ചിൽ ഒറ്റത്തള്ള്. ഞാൻ ടാറിട്ട റോഡിൽ മലർന്നടിച്ചു വീണു. വേദന ശരീരത്തിൽ പുളഞ്ഞു. കൈമുട്ട് പൊട്ടി ചോര ഒലിക്കാൻ തുടങ്ങി. ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ എന്റെ ശരീരത്തിനു മുകളിലൂടെ കാൽ കവച്ചു വെച്ച് കണ്ടത്തിലിറങ്ങി അയാൾ ഫുട്ബാളുമായി തിരിച്ചു കയറി വന്നു. നിലത്ത് വീണുകിടക്കുന്ന എന്റെ നെഞ്ചിൽ ചവിട്ടി ജീവിതത്തിലെ ആദ്യ ശത്രു പറഞ്ഞു: ‘നായിന്റെ മോനെ പറഞ്ഞത് കേട്ടില്ലെങ്കിൽ ഇങ്ങിനെയിരിക്കും'.

പൊടുന്നനെ പന്തുമായി അയാൾ ഗ്രൗണ്ടിലേക്ക് ഓടി മറഞ്ഞു.

കടുത്ത ദേഷ്യവും നിരാശയും നിറഞ്ഞ ഞാൻ മനസ്സിൽ പറഞ്ഞു, ഇതിനു ഞാൻ പകരം ചോദിക്കും! ഇതെല്ലാം കണ്ടു നിൽക്കുകയായിരുന്ന എന്റെ കൂട്ടുകാരൻ രാജേഷ് ഓടി അടുത്തു വന്നു. കൈമുട്ടിലെ ചോര തുടച്ചുകളയാൻ മാവില എടുത്ത് തന്നിട്ട് പറഞ്ഞു, നീ അറിയില്ലേ അയാളെ?... വലിയ ഫുട്ബാൾ കളിക്കാരനാ... പേര് റജീന്നാ... എറണാകുളത്ത് നിന്നും വന്നതാ... സ്‌കൂളിന്റെ താഴെ താമസിക്കുന്ന നേവിയിലെ സ്‌കറിയാ ചേട്ടനില്ലേ, അയാളുടെ മകനാ...

റെജിക്ക് ഓങ്ങിവെച്ച കല്ല് ഞാൻ പതുക്കെ താഴെയിട്ടു

ഒരു ദിവസം ഞാൻ വീടുകളിൽ പാൽ കൊടുത്ത് സൈക്കിളിൽ മടങ്ങുമ്പോൾ റോഡിൽ വലിയൊരു ആൾക്കൂട്ടം. സൈക്കിൾ ഒതുക്കിവെച്ചതിനു ശേഷം പതുക്കെ ഞാൻ ജനക്കൂട്ടത്തിനിടയിൽ നുഴഞ്ഞു കയറുമ്പോൾ കെ.എസ്.ഇ.ബി ജീവനക്കാരൻ തടിയൻ വിദ്യാധരൻ അടിച്ചു ഫിറ്റായി തെറിവിളി നടത്തുന്നു. അയാളുടെ ക്വാർട്ടേഴ്സിനു മുന്നിൽ വിദ്യാധരൻ ഓടിക്കുന്ന മഞ്ഞച്ചായമടിച്ച ട്രാക്ടർ കിടപ്പുണ്ട്. വിദ്യാധരൻ കാമുകിയുമായി വഴക്കുണ്ടാക്കിയതാണ് പ്രകോപനത്തിന് കാരണമെന്ന് ജനക്കൂട്ടം മുറുമുറുക്കുന്നുണ്ട്. ക്വാർട്ടേഴ്സിനുള്ളിലായിരുന്നു അതു വരെ വിദ്യാധരന്റെ പ്രകടനം. പെട്ടെന്നയാൾ പുറത്തു വന്നു. കയ്യിൽ ഒരു കുപ്പി ചാരായമുണ്ട്. ആ തീത്തൈലം അയാൾ വായിലേക്ക് ഒന്നിച്ച് കമഴ്ത്തി. പിന്നെ ട്രാക്ടറിലേക്ക് ചാടിക്കയറി. അത് സ്റ്റാർട്ടാക്കി. മുന്നോട്ടെടുത്തു. ഇതോടെ 'ഓടിക്കോ വിദ്യാധരന് വട്ടായേ' എന്നും പറഞ്ഞ് നാട്ടുകാർ ചിതറിയോടി. വിദ്യാധരൻ ട്രാക്ടർ അതിവേഗത്തിൽ ഓടിച്ചു പാഞ്ഞു പോയി.
‘എറിഞ്ഞുവീഴ്ത്തെടാ ആ പട്ടിയെ'--ജനക്കൂട്ടത്തിൽ നിന്ന് ഒരാളുടെ ആജ്ഞാശബ്ദം. എല്ലാവരും വിദ്യാധരനെ തളക്കാൻ ട്രാക്ടറിന് പിന്നാലെ ഓടാൻ തുടങ്ങി. കല്ലുകൾ വാരിയെടുക്കാൻ ആ ബഹളത്തിലും ആരും മറന്നില്ല. ഓടുന്നവർക്കിടയിൽ മിന്നായം പോലെ ഞാൻ റെജിയെ കണ്ടു. ഞാനും

റെജിയുടെ വീടിന്റെ സ്ഥാനത്ത് പാറക്കല്ലുകളും മഴവെള്ളം കുത്തിയൊലിച്ചുണ്ടായ വലിയ കുഴികളും. കൃഷി പാതാളത്തിൽ പതിച്ചിരിക്കുന്നു. റെജി നിർമിച്ച തടയണയും കൂട്ടത്തിൽ തകർന്നിട്ടുണ്ട്

എടുത്തു ഒരു മുഴുത്ത കല്ല്. ജനം വിദ്യാധരനെ തുരുതുരാ എറിയാൻ തുടങ്ങി. ഞാൻ ഈ ബഹളത്തിൽ റെജിയെ എറിഞ്ഞുവീഴ്ത്താൻ കഴിയുമെന്ന് തന്നെ പ്രതീക്ഷിച്ചു. എന്റെ ലക്ഷ്യം എന്തായാലും വിദ്യാധരനായിരുന്നില്ല. കല്ലുകൾക്കൊന്നും വിദ്യാധരനെ ആദ്യം വീഴ്ത്താനായില്ല. അയാൾ കുളമാവ് അമ്പലത്തിന്റെ ഭാഗത്തേക്ക് ട്രാക്ടർ ഭ്രാന്തമായി ഓടിച്ചു കൊണ്ടിരുന്നു. അയാളുടെ തലപൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ട്രാക്ടർ നിയന്ത്രണം വിട്ടു. അത് അമ്പലത്തിനടുത്തുള്ള ഒരു കുടിലിൽ ഇടിച്ചു നിന്നു. അതിന്റെ ഇഷ്ടികച്ചുമരുകൾ ഇടിഞ്ഞു വീണു.
ട്രാക്ടറിൽ നിന്നും ചാടി ഇറങ്ങിയ വിദ്യാധരൻ ലിവർ ഊരിയെടുത്ത് ജനക്കൂട്ടത്തിനു നേരെ അലറി ‘വഴിനെടാ... പന്നികളെ!... എല്ലാത്തിനേയും ഞാൻ ശരിയാക്കും. കുടിലിൽ നിന്ന് ഒരു ഉമ്മയും മൂന്നു പെൺമക്കളും കരഞ്ഞുകൊണ്ട് പേടിച്ചു വിറച്ച് വെളിയിലേക്ക് വന്നു. അപ്പോഴാണ് അതിൽ ഒരു പെൺകുട്ടിയെ ഞാൻ ശ്രദ്ധിച്ചത്. അത് റഹ്മത്തല്ലേ?എന്റെ സഹപാഠിനി? എന്റെ ഊഹം ശരിയായിരുന്നു. അവളുടെ മാതാപിതാക്കൾ പാവങ്ങൾ, കൂലിപ്പണിക്കാർ. അവരുടെ കുടിലാണ് വിദ്യാധരൻ തകർത്തിരിക്കുന്നത്. കലങ്ങിയ കണ്ണുകളുമായി റഹമ്ത്ത് തലയിലെ തട്ടം മാറ്റി എന്നെ നോക്കി.
ജനങ്ങൾ രോഷാകുലരായി. ലോക്കൽ നേതാക്കൻമാർ ഓടിയെത്തി. അപ്പോൾ അവരെ നോക്കി വിദ്യാധരൻ പറഞ്ഞു, ‘ഇത് ഞാൻ തകർത്ത വീട്, നാളെ അഞ്ചു മണിക്ക് മുമ്പ് ഞാനത് കെട്ടിക്കൊടുക്കും'. വിദ്യാധരന്റെ ഉറപ്പ് പാലിക്കാനായി ജനങ്ങൾ പോലീസിനെ വിളിച്ചു വരുത്തി. ഉൻമാദിയെങ്കിലും വിദ്യാധരൻ പിറ്റേദിവസം വാക്കു പാലിച്ചു. പ്രശ്നം ഒത്തു തീർപ്പാക്കി റെജിയും കൂട്ടരും മടങ്ങി വരുന്നത് ഞാൻ കണ്ടു. റെജിയെ എറിയാൻ കയ്യിൽ പിടിച്ച കല്ല് ഞാൻ പതുക്കെ നിലത്തിട്ടു.

ഡോളി മരിച്ചു, വെടിമരുന്ന് മണവുമായി കുഞ്ഞുമോൻ

ഒരു വൈകുന്നേരം ഞാനും അനിയനും കൂടി റേഷനും വാങ്ങി വരുമ്പോൾ റെജിയും കൂട്ടരും കൂട്ടം കൂടി എന്തോ ചർച്ച ചെയ്യുന്നു. അവിടെയുണ്ടായിരുന്ന കൂട്ടുകാരൻ മാത്തുക്കുട്ടിയോട് ഞാൻ ചോദിച്ചു, എന്താ പ്രശ്നം? നീ അറിഞ്ഞില്ലേ, ആ ഡോളിയില്ലേ, അവനെ ആന ചവിട്ടിക്കൊന്നു, പ്ലാന്റേഷനിൽ തൈ നട്ടു വരുമ്പോൾ ആന ഓടിച്ചു, അവന് രക്ഷപ്പെടാൻ കഴിഞ്ഞില്ല- മാത്തുക്കുട്ടി പറഞ്ഞു. അപ്പോൾ റെജി കൂടെയുള്ളവരോട് പറയുന്നത് കേട്ടു- ‘ശവത്തിന്റെ അടുത്തു തന്നെ ആന നിൽപ്പുണ്ടെന്നാ ഫോറസ്റ്റുകാർ പറഞ്ഞത്, ആനയെ ഓടിച്ചാലല്ലേ അവനെ എടുക്കാൻ പറ്റൂ?- പെട്ടെന്ന് റെജി എന്റെ അടുക്കലേക്ക് വന്ന് ചോദിച്ചു, നിന്റെ കൂടെ പഠിക്കുന്നവനല്ലേടാ അവൻ?, അതെ എന്ന് ഞാൻ പറഞ്ഞു. കൂട്ടുകാരോട് പോയി പറഞ്ഞേക്ക്, അവൻ മരിച്ചൂന്ന്... എന്റെ കണ്ണുകൾ നിറഞ്ഞു.

പിറ്റേന്ന് ഞങ്ങളുടെ കൂട്ടുകാരന്റെ ചേതനയറ്റ ശരീരം സ്‌കൂളിൽ പൊതുദർശനത്തിന് വെച്ചു. സംസ്‌കാരത്തിനും ഡോളിയുടെ അമ്മയെ ആശ്വസിപ്പിക്കാനും റെജി മുന്നിലുണ്ടായിരുന്നു. കണ്ണീരിൽ മങ്ങിയ കാഴ്ച്ചയിൽ ഞാൻ റെജിയെ നോക്കി നിന്നു.
ഫെബ്രുവരിയിലാണ് കുളമാവ് പള്ളിപ്പെരുന്നാൾ. സ്‌കൂളിലിരിക്കുമ്പോൾ തന്നെ ദൂരെ പള്ളിയിൽ നിന്ന് ഭക്തിഗാനം കേൾക്കാം. രാത്രിയിലെ നാടകം കാണാനും മലബാർ മിഠായി തിന്നാനുമുള്ള കൊതിയുമായി ക്ലാസിൽ ഇരിക്കുമ്പോൾ പള്ളിയിൽ തുടർച്ചയായുള്ള അമിട്ടുകൾ പൊട്ടുന്ന ശബ്ദം കേട്ടു. അപ്പോൾ ഞങ്ങൾ കുട്ടികൾ പറഞ്ഞു, പള്ളിയിൽ കുർബാന കഴിയാതെ ഇത്ര നേരത്തെ കരിമരുന്ന് പ്രയോഗം നടക്കാറില്ലല്ലോ? ഏറെ താമസിയാതെ ഒരു കുട്ടി ഓടി വന്ന് പറഞ്ഞു- ‘കുഞ്ഞുമോന് പൊള്ളലേറ്റു. കരിമരുന്ന് പ്രയോഗത്തിന് കതിനയിൽ മരുന്ന് നിറച്ചപ്പോൾ അറിയാതെ സംഭവിച്ചതാ! ഞങ്ങൾ കേട്ടപാതി ടീച്ചറോട് അനുവാദം വാങ്ങി പള്ളിയിലേക്കോടി. അവിടെ ചെന്നപ്പോൾ

ഞങ്ങളെല്ലാവരും റെജിയേയും കുടുംബത്തേയും ഉരുൾ പൊട്ടിയ ഭാഗത്ത് തപ്പാൻ തുടങ്ങി. താഴെ നിന്നും ഒരു വിളികേട്ടു, ദാ ഇവിടുണ്ട്!...
കണ്ണുകൾ തുറിച്ച് നെഞ്ചിൻകൂട് തകർന്ന്എഎഎഎമുഖവുമായി ജയിനമ്മ

അന്തരീക്ഷത്തിലാകെ വെടിമരുന്നിന്റെ മണം. പുകയും ഉയരുന്നുണ്ട്. ആകെ ബഹളം. പൊള്ളലേറ്റ കുഞ്ഞുമോനെ വാഴയിലയിൽ പൊതിഞ്ഞ് റെജിയും കൂട്ടരും ആശുപത്രിയിലേക്ക് കൊണ്ടു പോയെന്ന് അറിഞ്ഞു.
കുളമാവ് സ്‌കൂളിലാണ് റെജി പഠിച്ചത്. പത്തുവരെമാത്രമാണ് പഠിച്ചത്. പത്തിൽ പഠിപ്പ് നിർത്തി. പഠന കാലത്ത് എ.ഐ.എസ്.എഫിന്റെ സജീവ പ്രവർത്തകനായിരുന്നു. സ്‌കൂൾ തെരഞ്ഞെടുപ്പുപ്പിൽ സ്‌കൂൾ കവാടത്തിൽ കെട്ടാൻ ബാനറിന് പണമില്ലാതെ വന്നപ്പോൾ റെജി തന്റെ വെള്ളമുണ്ട് അഴിച്ച് അതിൽ ‘Vote for AISF' എന്നെഴുതാൻ പറയുകയും അത് കവാടത്തിൽ കെട്ടുകയും ചെയ്തു. കല്യാണം മുതൽ അടിയന്തിരം വരെയുള്ള കാര്യങ്ങൾക്ക് റെജിയെ കാണാമായിരുന്നു. ഒപ്പം അയാളിൽ ഒരു കലാകാരനും പ്രവർത്തിച്ചുകൊണ്ടിരുന്നു. അങ്ങിനെ റെജി കുളമാവിന്റെ പ്രിയപ്പെട്ടവനായി മാറിക്കൊണ്ടിരുന്നു.
സ്‌കൂൾ പഠനകാലത്ത് തന്നെ റെജി കലയിലെ തന്റെ പ്രതിഭ തെളിയിച്ചിരുന്നു. നല്ല നടനായിരുന്നു. നാടകം സംവിധാനം ചെയ്യുമായിരുന്നു. സ്‌കൂളിൽ നാടക മൽസരത്തിന് ജി. ശങ്കരപ്പിള്ളയുടെ ‘അമാലൻമാർ' എന്ന നാടകം അവതരിപ്പിച്ചു. അതിൽ മധ്യവയസ്‌കന്റെ റോൾ അഭിനയിക്കുകയും ചെയ്തു. തുടർന്ന് ഇതിഹാസം എന്ന ഒരു നാടകവും ചെയ്തു. റെജി സ്വന്തമായി എഴുതി സംവിധാനം ചെയ്ത ഡ്രാക്കുളയുടെ കഥ പറയുന്ന ‘ട്രാൻസ്വാനിയായിലെ ഭൂതം' ഏറെ പ്രശംസ നേടി. റെജിയെ എറിയാൻ ഓങ്ങിവെച്ച കല്ല് പിന്നീട് ഒരിക്കലും ഞാനെടുത്തില്ല. അയാളോടുള്ള എന്റെ പക കുറഞ്ഞു കുറഞ്ഞു വന്നു.

റെജിക്കൊപ്പം ക്രിസ്മസ് കരോളുമായി

ക്രിസ്മസ് കരോളുകളിൽ മിക്കവാറും റെജിയായിരുന്നു സാന്തക്ലോസിന്റെ വേഷം കെട്ടിയിരുന്നത്. രാവുവെളുക്കുവോളം ഞങ്ങൾ വീടുകൾ കയറിയിറങ്ങി. ‘യഹൂദിയായിലെ ഒരു ഗ്രാമത്തിൽ ഒരു ധനുമാസത്തിൽ'- പാട്ടുപാടി കുളിരുംപേറി അലയും. അപ്പോഴൊക്കെ ഞാൻ റെജിയെ ശ്രദ്ധിക്കും. കോട്ടിനുള്ളിൽ നിന്നും തെറുത്ത ബീഡി ചുണ്ടിനോട് കോർക്കുന്ന നേരത്ത് റെജി കൈകൾ തീപ്പെട്ടിക്കായി പിറകെ വരുന്നവരുടെ നേരെ നീട്ടും. കനേഡിയൻ സായിപ്പൻമാർ താമസിക്കുന്ന കുളമാവിലെ ബംഗ്ലാവുകളിൽ കരോൾ പാടി ചെല്ലുമ്പോൾ അവർ കൗതുകത്തോടെ ഞങ്ങളെ നോക്കും. ഫോട്ടോ എടുക്കും. ചോക്ലേറ്റുകൾ തരും.

എം.ടി, ഭരതൻ, വൈശാലി, അപ്സരസ്സിന്റെ അംഗരക്ഷകനായി റെജി

ഒരിക്കൽ ഒരു ഡിസംബർ മാസത്തിൽ കുളമാവ് ഡാമിനടുത്തുള്ള ബണ്ടിന്റെ പുറത്ത് കെട്ടിയിട്ടുള്ള നീളൻ കലുങ്കിലിരുന്ന് ഞാനും ചേട്ടനുംകൂടി കലുങ്കിൽ കളർ ചോക്കുകൊണ്ട് ചിത്രം വരച്ചിരിക്കുമ്പോൾ ഒരു വെള്ള അംബാസിഡർ കാർ ഞങ്ങളുടെ അരികിലായി നിർത്തി. പെട്ടെന്ന് ഡോർ തുറന്ന് വെള്ള ഷർട്ടും മുണ്ടും ചുണ്ടിലൊരു ബീഡിയുമായി ഒരാൾ ഇറങ്ങി. അയാൾ, ദൂരെ നിറഞ്ഞുകിടക്കുന്ന ജലാശയത്തിലേക്ക് നോക്കി ഏറെ നേരം ബീഡി വലിച്ച് പുകയൂതി നിന്നു. അയാൾക്കൊപ്പം രണ്ടു പേർകൂടിയുണ്ടായിരുന്നു. അതിൽ ഒരാൾ പൂക്കളുള്ള ഷർട്ടാണിട്ടിരുന്നത്, തലയിൽ കർച്ചീഫും കെട്ടിയിരുന്നു. പെട്ടെന്ന് ബീഡി വലിച്ചു നിൽക്കുന്ന മനുഷ്യനെ നോക്കി ചേട്ടൻ എന്നോട് ചോദിച്ചു, എടാ, അത് ആരാണെന്ന് അറിയ്വോ? ആ... എനിക്കറിയില്ല, ഞാൻ പറഞ്ഞു. കണ്ണുതള്ളി ചേട്ടൻ പറഞ്ഞു, എടാ അതാടാ എം.ടി! ഞാൻ ചോദിച്ചു, എം.ഡിയോ? ഏത് എംഡി?

എം.ഡി അല്ലെടാ, എം.ടി, സാക്ഷാൽ എം.ടി.വാസുദേവൻനായർ! ചേട്ടൻ പറഞ്ഞു- പണ്ട് സ്‌കൂളിൽ ഒരു സിനിമ കാണിച്ചില്ലേ, നിർമ്മാല്യം, ആ സിനിമ സംവിധാനം ചെയ്ത ആളാ!. ഞാൻ എം.ടിയെ അടിമുടി നോക്കി. പുകയൂതി ദൂരേയ്ക്ക് നോക്കി നിന്ന എം.ടിയുടെ അടുത്തേക്ക് പൂക്കളുള്ള ഷർട്ടിട്ടയാൾ വന്ന് സംസാരിച്ചു. അതാണു ഭരതൻ!... തകര എടുത്തയാളാ, ചേട്ടൻ എന്നോടു പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ കാർ ഞങ്ങളെ കടന്ന് വന്ന വഴിയേ തിരിച്ചു പോയി.
ഒരാഴ്ച കഴിഞ്ഞപ്പോൾ ഞങ്ങളുടെ സ്‌കൂളിന്റെ മുന്നിലൂടെ രണ്ടു വലിയ

അവന്റെ ചുരുട്ടി പിടിച്ച ഇളം കയ്യിൽ റെജിയുടെ ലുങ്കിയുടെ ഒരു കഷ്ണമുണ്ടായിരുന്നു. നാല് മൃതദേഹങ്ങളും തറയിലേക്ക് എടുത്ത് കിടുത്തി. ബെന്നി അൽപ്പസമയത്തിനുള്ളിൽ ബോധരഹിതനായി നിലം പതിച്ചു

വള്ളങ്ങൾ കയറ്റിയ ഒരു ലോറി കുളമാവ് ഡാമിനടുത്തുള്ള കൊലുമ്പൽ കടവിലേക്ക് പോകുന്നതു ഞങ്ങൾ കണ്ടു. അപ്പോൾ കുട്ടികളിൽ ആരോ പറഞ്ഞു- ‘ഷൂട്ടിംഗുകാരാ... കുളമാവിൽ സിനിമ എടുക്കാൻ പോകുവാ... ഇന്നലെ ടൗണിൽ ആരോ പറഞ്ഞു'! വൈകുന്നേരമായപ്പോൾ ഞാൻ ‘ഇടുക്കിയിലെ കപ്പൽ'എന്നറിയപ്പെടുന്ന നേവിയുടെ ‘കൊലുമ്പൻ' എന്ന ജങ്കാറിനടുത്ത് ചെന്നു. അതിനടുത്തായി വെള്ളത്തിൽ ലോറിയിൽ കൊണ്ടു പോയ രണ്ടു വലിയ വള്ളങ്ങൾ കൂട്ടിക്കെട്ടിയിട്ട് ഒരു വലിയ വള്ളമായിരിക്കുന്നു. അവിടെ താടിയും മുടിയും വളർത്തിയ ഒരാൾ എന്തൊക്കെയോ നിർദേശങ്ങൾ ജോലിക്കാർക്ക് കൊടുക്കുന്നു. കലാ സംവിധായകൻ കൃഷ്ണമൂർത്തിയായിരുന്നു അതെന്ന് പിന്നീട് മനസ്സിലാക്കി. കൂടെ സഹ സംവിധായകനായി ജയരാജും ഉണ്ടായിരുന്നു. റെജിയും കൂട്ടുകാരും ജോലിക്കാരായി അപ്പോഴേക്കും സിനിമാ സംഘത്തിനൊപ്പം ചേർന്നു കഴിഞ്ഞിരുന്നു.

ഒരാഴ്ച്ചക്കുള്ളിൽ മനോഹരമായ വള്ളം കൃഷ്ണമൂർത്തിയുണ്ടാക്കി. സുന്ദരമായ മ്യൂറൽ ചിത്രങ്ങൾ വരച്ച് ഭരതൻ കെട്ടുവള്ളം കൂടുതൽ വർണാഭമാക്കി. സ്‌കൂൾ വിട്ടാൽ കെട്ടുവള്ളം നോക്കി നിൽക്കലായി ഞങ്ങളുടെ പരിപാടി. ഭരതൻ തന്റെ കയ്യിലുള്ള സ്‌കെച്ച്ബുക്കിൽ വരച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ അടുത്തുചെന്ന് ചോദിച്ചു- സാർ, ഈ സിനിമേടെ പേരെന്താണ്? എന്നെ സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു 'വൈശാലി'. ഭരതനും, കൃഷ്ണമൂർത്തിയും ചിത്രങ്ങൾ വരച്ചു പൂർത്തിയാക്കിയപ്പോൾ ഞാൻ അവരുടെ സഹായിയായ തമിഴ് പയ്യനോട് ചോദിച്ചു, ‘അണ്ണാ ആ വള്ളത്തിലൊന്ന് കേറിക്കോട്ടെ'? മുടിയാത്! പയ്യൻ പറഞ്ഞു. വള്ളത്തിൽ ഭരതൻ വരച്ച മനോഹരമായ മ്യൂറൽ അടുത്തു നിന്ന് കാണുവാനുള്ള മോഹമാണ് എന്നെക്കൊണ്ട് അങ്ങിനെ ചോദിപ്പിച്ചത്.
പെട്ടെന്ന് എന്റെ പിറകിൽ നിന്നൊരു പൊട്ടിച്ചിരി കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ റെജി! ചൂണ്ടയിട്ടു പിടിച്ച ഗോൾഡ് ഫിഷിനെ റെജി കൊളുത്തിൽ നിന്നും ഊരിയെടുത്ത് കമ്പിൽ കോർത്ത് എന്നോട് പറഞ്ഞു-
‘നിനക്കൊന്നും വേറെ പണിയില്ലേടാ വീട്ടി പോടാ!'
സിനിമക്കാരോടൊപ്പം കൂടിയപ്പോൾ സിനിമാ സ്‌റ്റൈലിലായി റെജിയുടെ ഇരിപ്പും നടത്തവും. ലൊക്കേഷനിൽ കയറണമെങ്കിൽ റെജിയോട് ചോദിക്കണമെന്നായി.
രാത്രിയും ഷൂട്ടിംഗ് ഡാമിനടുത്ത് കിളിവള്ളിയിൽ നടക്കുന്ന സമയം. ഒരു ദിവസം രാത്രിയായപ്പോൾ ഞാനും അനിയനും വീട്ടുകാരെ അറിയിക്കാതെ ഷൂട്ടിംഗ് കാണാൻ പോകാൻ തീരുമാനിച്ചു. സിനിമക്കാർക്ക് രാത്രി ഭക്ഷണമെത്തിക്കുന്ന മറ്റഡോർ വാൻ നോക്കി ഞാനും അനിയനും വഴിയിൽ കാത്തു നിന്നു. വാൻ കാട്ടുവഴിയിലേക്ക് തിരിഞ്ഞപ്പോൾ വേഗത പറ്റേ കുറച്ചു. ഞങ്ങൾ വാനിന്റെ പിന്നിലെ കമ്പി വഴി അതിന്റെ മുകളിൽ കയറി ഇരിപ്പുറപ്പിച്ചു. കാട്ടിലൂടെ ഒന്നര കിലോ മീറ്ററോളം വണ്ടി ഓടണം. വാനിലുളളിൽ നിന്ന് കോഴിക്കറിയുടേയും ചപ്പാത്തിയുടേയും മണം ഞങ്ങൾ ഇരിക്കുന്നിടത്തേക്ക് വരുന്നുണ്ട്. ആ മണം ആസ്വദിച്ച് ഞങ്ങൾ അനങ്ങാതെ ഇരുന്നു. വണ്ടി ലൊക്കേഷനിൽ എത്തുന്നതിന് തൊട്ടു മുമ്പ് ഞങ്ങൾ മുകളിൽ നിന്ന് ഇറങ്ങി ചാടിയോടി ഇരുളിൽ മറയും. ഡ്രൈവർക്ക് ഞങ്ങളെ മനസ്സിലായില്ല. കുരങ്ങൻമാരാണെന്നാണ് ഡ്രൈവർ കരുതിയത്. ഈ കളി രാത്രി ഷൂട്ടിംഗുള്ള ദിവസങ്ങളിൽ ഞങ്ങൾ ആവർത്തിച്ചിരുന്നു.

നിലാവുള്ള ഒരു രാത്രി. പതിവുപോലെ ഷൂട്ടിംഗ് കാണാൻ ഞങ്ങൾ കാട്ടിലെ ഒരു പാറക്കല്ലിൽ കയറി ഇരിക്കുകയാണ്. ഒരു സുന്ദരി ദേഹമാസകലം ഷാൾ പുതച്ച് കാറിൽ വന്നിറങ്ങി. കടുത്ത തണുപ്പിൽ അവർ ഷാൾ വാരിപ്പുതക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവർക്കിരിക്കാൻ സിനിമാ സംഘത്തിലുള്ള ഒരാൾ കസേര ഇട്ടുകൊടുത്തു. ഷോട്ട് റെഡിയായപ്പോൾ ആ സുന്ദരി ദേഹത്ത് നിന്ന് ഷാൾ മാറ്റി കസേരയിൽ നിന്ന് എണീറ്റു. അവരുടെ സൗന്ദര്യം എന്നെ ഞെട്ടിച്ചു! അപ്സരസിനെപ്പോലെ ഒരുവൾ! ദേവനർത്തകിയെപ്പോലെ ഒരുവൾ. കാവിമുലക്കച്ചയും മുണ്ടുമാണ് വേഷം. നിറഞ്ഞ മാറും, ആലില വയറും വശ്യമായ ചിരിയും. നായിക തന്നെ!.
പാറപ്പുറത്തു നിന്നും ചാടി ഇറങ്ങി ഷൂട്ടിംഗ് കാണാൻ വന്നവരുടെ ഇടയിലേക്ക് ഞാൻ നുഴഞ്ഞു കയറി. ജനക്കൂട്ടത്തിൽ എനിക്ക് നല്ല പരിചയമുള്ള ചന്ദ്രൻ ചേട്ടനുണ്ടായിരുന്നു. ഞാൻ ചോദിച്ചു- ഇതാരാ ചേട്ടാ? ഇതാണ് ഈ സിനിമയിലെ നായിക, സുപർണ്ണ!
അപ്പോൾ ഞാനത് കൃത്യമായി കണ്ടു. റെജി സുപർണ്ണയെ കൈപിടിച്ച് വള്ളത്തിലേക്ക് കയറ്റുന്നു. നായിക പൂർണ്ണചന്ദ്രനെ നോക്കി നിൽക്കുന്ന രംഗമാണ് ക്യാമറയിൽ പകർത്തുന്നത്. റെജി ഒരു യോദ്ധാവിനെപ്പോലെ സുപർണ്ണയെ വള്ളത്തിൽ സുരക്ഷിതമായി എത്തിച്ച് ഞങ്ങളെ നോക്കി കൈവീശി കരക്കിറങ്ങി. വീണ്ടും റെജി മറ്റൊരു സുന്ദരിയെ വള്ളത്തിലേക്ക് കയറാൻ സഹായിക്കുന്നു. നടി ഗീതയായിരുന്നു അത്.
ഒരു ദിവസം ചിത്രീകരണം പുരോഗമിക്കുന്നതിനിടെ ഒരു അപകടമുണ്ടായി. സുപർണ്ണയും ഗീതയും തോഴിമാരും വള്ളത്തിൽ നിൽക്കുന്ന രംഗം ചിത്രീകരിക്കാൻ മധു അമ്പാട്ട് ശ്രമിക്കുകയാണ്. ഇതിനിടെ, ഭാരക്കൂടുതുൽ കൊണ്ട്, വള്ളം ഒരു വശത്തേക്ക് ചെരിഞ്ഞു. പിന്നെ മുങ്ങി. സുപർണ്ണയും ഗീതയും വെള്ളത്തിൽ വീണു. കൂട്ട നിലവിളിയായി. ഇവരെ രക്ഷിക്കാനായി കരയിൽ നിന്നും ജനങ്ങൾ വെള്ളത്തിലേക്ക് എടുത്തു ചാടി. എല്ലാവരും സുപർണ്ണയേയും ഗീതയേയും രക്ഷിക്കാനായി കിണഞ്ഞു ശ്രമിച്ചു. ക്യാമറമാനേയും സംവിധായകനേയും രക്ഷിക്കാൻ ആരുമുണ്ടായില്ല. അവർ എങ്ങിനെയോ നീന്തി കരക്കു കയറി. വൈദ്യ സഹായവുമായി റെജി അവിടെയെല്ലാം ഓടി നടക്കുന്നത് ഞാൻ നോക്കി നിന്നു.

സിംഹത്തിന്റെ വായിൽ തൊട്ടു നോക്കുന്ന ഭരതൻ

അക്കാലത്ത് ഞങ്ങളുടെ വീട്ടിൽ ധാരാളം പ്രാവുകളെ വളർത്തിയിരുന്നു. ഒരു ദിവസം ഷൂട്ടിംഗുകാർ ഞങ്ങളുടെ വീട്ടിലും വന്നു. അനിയൻ ദേവ്രൂപ് എന്നോട് വന്നു പറഞ്ഞു- അതേയ് ദാ... ഷൂട്ടിംഗ് ആൾക്കാർ വന്നിട്ടുണ്ട്. കപ്പയും മീനും തിന്നു കൊണ്ടിരുന്ന ഞാൻ ഓടി വന്ന് അവരോട് ചോദിച്ചു എന്താ?
മറുപടി പറഞ്ഞത് അവർക്കൊപ്പമുണ്ടായിരുന്ന റെജിയാണ്. ‘എടാവേ ഇവർക്ക് രണ്ടു പ്രാവുകളെ വേണം. എന്താ വില?'
ഞാൻ ഒന്നാലോചിച്ചു, എന്തായാലും സിനിമക്കാരല്ലേ, കാശ് കുറച്ചു കൂട്ടിച്ചോദിക്കാം.
ഞാൻ പറഞ്ഞു- 400 രൂപ-
ശരി പിടിച്ചു താ- റെജി പറഞ്ഞു.
അങ്ങിനെ രണ്ടു പ്രാവുകളെ ഇരട്ടിവിലക്ക് സിനിമക്കാർക്ക് കൊടുത്തു. സിനിമയിലഭിനയിക്കുന്ന ഞങ്ങളുടെ പ്രാവുകളെ കാണാൻ അവർക്ക് പിന്നാലെ ഞങ്ങളും ലൊക്കേഷനിലേക്ക് കുതിച്ചു.
ഋശ്യശൃംഗനെ കണ്ടെത്തി എന്ന സന്ദേശം ലോമപാദ രാജാവിനെ അറിയിക്കുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. ഗീത രാജാവിനുള്ള കുറിമാനം പ്രാവിന്റെ കാലിൽ കെട്ടിവെക്കുന്നത് ക്യാമറയുടെ ലെൻസിൽ പതിയാനുള്ള നിർദേശം ഭരതൻ കൊടുത്തു കഴിഞ്ഞു. പ്രാവുകൾ ഒരു കൂട്ടിനുള്ളിലാണ്. ഭരതൻ സ്റ്റാർട്ട് എന്ന് പറഞ്ഞു. ഗീത കൂട്ടിൽ നിന്നും പ്രാവിനെ എടുത്തതും രണ്ടും ആകാശത്തേക്ക് പറന്നുയർന്നു പോയി. ഷോട്ട് പൊളിഞ്ഞു! ഭരതൻ കോപാകുലനായി. പോയി പ്രാവുകളെ പിടിച്ചു കൊണ്ടു വാ, അസിസ്റ്റൻമാരെ നോക്കി ഭരതൻ അലറി...
സിനിമാസംഘത്തിന് പ്രാവുജീവിതത്തെക്കുറിച്ച് അധികം അറിവുണ്ടായിരുന്നില്ല. കൂടു തുറക്കുമ്പോൾ പ്രാവുകൾ പറന്നു പോകാതിരിക്കാൻ അവയുടെ ചിറകുകൾ പകുതി വെട്ടിക്കളയണം.ഏതായാലും ഞാനും അനുജനും പരമാവധി വേഗത്തിൽ വീട്ടിലേക്കോടി. സിനിമക്കാർ വീണ്ടും പ്രാവുകളെ തേടി വരുമല്ലോ. ഞങ്ങൾ വീട്ടിൽ എത്തുമ്പോഴേക്കും രണ്ടു പ്രാവുകളും വീടിന്റെ മേൽക്കൂരയിൽ വന്നിരിപ്പുണ്ട്. ഒട്ടും വൈകിയില്ല, സിനിമക്കാർ വീണ്ടും വന്നു, പ്രാവുകൾ പറന്നു പോയി, ഇനി നാലെണ്ണം വേണമെന്ന ആവശ്യവുമായാണ് വരവ്. റെജി അവർക്കൊപ്പമുണ്ട്, പക്ഷെ പൂർണ്ണ നിശ്ശബ്ദനാണ്.
അത്യാവശ്യമാണ്, പ്രാവുകളെ- അവർ പറഞ്ഞു. തരാം, പക്ഷെ ഇരട്ടി പണം വേണം. അവർ സമ്മതിച്ചു. പ്രാവുകളെ കൊടുക്കുകയും ചെയ്തു. അവർ അവയേയും കൊണ്ടു പോകുമ്പോൾ ഞാൻ വിളിച്ചു പറഞ്ഞു, ‘ചിറക് കുറച്ചു വെട്ടി കളയണേ, അല്ലെങ്കിൽ അവ പറന്നു പോകും'. കൂട്ടത്തിലുണ്ടായിരുന്ന റെജി എന്നെ രോഷത്തോടെ തിരിഞ്ഞു നോക്കി.
ഷൂട്ടിംഗിനായി ഒരു സിംഹത്തിനേയും കൊണ്ടു വന്നിരുന്നു. മാനുകളും പശുക്കളും ഉണ്ട്. കുളമാവിലെ ക്ലീറ്റസ് ചേട്ടൻ ഇവയെ പഴയ കെ.എസ്.ഇ.ബി ക്വാർട്ടേഴ്സുകളിൽ പാർപ്പിക്കാൻ സംവിധാനവും ഒരുക്കിയിരുന്നു. രാവിലെ ഈ ജീവികളെ ലൊക്കേഷനിലേക്ക് കൊണ്ടു പോകും. ഒരു ദിവസം ഞാൻ ലൊക്കേഷനിൽ ചെല്ലുമ്പോൾ ഭരതൻ സിംഹത്തിന്റെ വായിൽ തൊട്ടു നോക്കുന്ന രംഗം കണ്ടു, ഭയങ്കരം തന്നെ, ഒരു ഞെട്ടൽ എന്നിലൂടെ പാഞ്ഞു പോയി. സിംഹത്തിന് ഒരു പ്രകോപനവുമില്ല. അതിനടുത്തായി റെജി നിൽപ്പുണ്ട്.
ഭരതൻ പോയപ്പോൾ ഞാന്റെജിയോട് ചോദിച്ചു- ഭരതൻ സിംഹത്തെ മെരുക്കിയതാ...
റെജി അസ്സലായൊന്ന് ചിരിച്ചു, എന്നിട്ടു പറഞ്ഞു.
‘മണ്ടാ, ഇത് വയസ്സൻ സിംഹമാ, അതിന്റെ വായ തുന്നികെട്ടിയിട്ടുമുണ്ട്'

വിയർപ്പ് വീണ് നനഞ്ഞ മുലക്കച്ച, ഋഷ്യശൃംഗന്റെ രഹസ്യം

കുളമാവ് ഡാമിനടുത്തുള്ള മുത്തിയുരുണ്ടയാറിൽ മൊട്ടക്കുന്നിൽ വലിയ പാറക്കല്ലിന്റെ സെറ്റിട്ട് അതിനു മുകളിൽ ഋഷ്യശൃംഗൻ മേലോട്ട് കൈകൂപ്പി ഒറ്റക്കാലിൽ തപസ്സ് ചെയ്യുമ്പോൾ സുപർണ്ണ നൃത്തം ചെയ്ത് തപസ്സ് മുടക്കുന്ന സീനെടുക്കാൻ പോകുന്ന വിവരം മുത്തിയുരുണ്ടയാറുകാരനായ സഹപാഠി സുധീറിൽ നിന്ന് ഞങ്ങൾ നാലു പേർക്ക് ചോർന്നു കിട്ടി. ഉച്ചക്കുള്ള സ്‌കൂൾ ഇടവേളയിൽ ഞങ്ങൾ ഈ രംഗത്തിന് സാക്ഷ്യം വഹിക്കാൻ തീരുമാനിച്ചു. ഞങ്ങളുടെ സംഘത്തിലെ രാജേഷ് പറഞ്ഞു, ‘ഉച്ചക്ക് ശേഷം ക്ലാസ് കട്ട് ചെയ്യാം'. ഞങ്ങൾ ക്ലാസിൽ ഇരിക്കുന്ന ഏറ്റവും പിറകിലുള്ള ഡെസ്‌ക്കും ബെഞ്ചും ഞങ്ങൾ പൊക്കി എടുത്ത് സ്‌കൂൾ ഗോഡൗണിലേക്ക് മാറ്റിയിട്ടു. ഞങ്ങളെ പെട്ടെന്ന് ടീച്ചർക്ക് കണ്ടു പിടിക്കാതിരിക്കാനായിരുന്നു ഈ വിദ്യ. സുധീറും ഞങ്ങൾക്കൊപ്പം വന്നു.

ഞങ്ങൾ ചെല്ലുമ്പോൾ ഷൂട്ടിംഗ് തകൃതിയായി പുരോഗമിക്കുകയാണ്. ദേവദാസിയായ വശ്യസുന്ദരി സുപർണ്ണ ആളിക്കത്തുന്ന അഗ്നികുണ്ഠത്തിനു ചുറ്റും പാട്ടും പാടി നൃത്തം വെയ്ക്കുന്നു. ഞങ്ങൾ സുപർണ്ണയെ അടിമുടി കണ്ണുകൾകൊണ്ട് ഉഴിഞ്ഞു. ആർക്ക് ലൈറ്റും ആക്ഷനും കട്ടും തീയും പുകയും... ആകെ മൊത്തം ഉൽസവാന്തരീക്ഷം പുകഞ്ഞു. സുപർണ്ണയുടെ നെറ്റിയിൽ നിന്നും വിയർപ്പ് കണം നെറ്റിയിൽ നിന്നും മൂക്കിൻ തുമ്പിലൂടെ മാറിലേക്ക് വീണ് അവരുടെ കാവി മുലക്കച്ച നനയുന്നത് ഞാൻ കണ്ടു.
ഓരോ ഷോട്ട് കഴിയുമ്പോഴും സുപർണ്ണ കസേരയിൽ വന്നിരിക്കും, ഒരു ഇളനീർ കുടിക്കും. പക്ഷെ ഋഷ്യശൃംഗൻ (സഞ്ജയ് മിത്ര) പാറപ്പുറത്ത് ഒറ്റക്കാലിൽ ഒരേ നിൽപ്പാണ്. ഷോട്ട് റെഡിയാകുമ്പോൾ മേലോട്ട് കൈകൂപ്പുന്നുമുണ്ട്. ഇതങ്ങിനെ? അപാര ബാലൻസ് തന്നെ. പോരാത്തതിന് പേശികൾ തുളുമ്പുന്ന ശരീരവും. പനമ്പിൽ തീർത്ത ഭീമാകാരമായ പാറയ്ക്ക് ചുറ്റും പാമോയിലും മണ്ണെണ്ണയും ഒഴിച്ചാണ് തീ ആളിക്കത്തിക്കുന്നത്. കൃഷ്ണമൂർത്തിയുടെ ആജ്ഞക്കനുസരിച്ച് റെജിയും സംഘവും ആവശ്യാനുസരണം കോരി ഒഴിക്കുന്നുമുണ്ട്.
ഇതിനിടക്ക് ഷൂട്ടിംഗ് അൽപ്പനേരം നിർത്തിവെച്ചു. ഈ സമയത്ത് ഞാൻ റെജിയുടെ അടുത്ത് ചെന്ന് ചോദിച്ചു, ‘അല്ല ചേട്ടാ, ഒറ്റക്കാലിൽ ഋഷ്യശൃംഗൻ എങ്ങിനെ ഇത്ര നേരം ഈ പുകയും ശ്വസിച്ച് നിക്കണേ...? അപാര കഴിവു തന്നെ!'
ഒരു ബീഡി എടുത്ത് വലിച്ച് റെജി പൊട്ടിച്ചിരിച്ചു.
‘വാടാ എന്റെ കൂടെ, കാണിച്ചു തരാം'. റെജി ഋഷ്യശൃംഗൻ നിൽക്കുന്ന പാറയുടെ പിറകിലേക്ക് നടന്നു. ഒറ്റക്കാലിൽ നിൽക്കുന്ന ഋഷ്യശൃംഗന്റെ പിറകുവശം നോക്കി റെജി പറഞ്ഞു, ദാ നോക്ക്! ആ രഹസ്യത്തിലേക്ക് ഞാനും കൂട്ടുകാരും ഒളിഞ്ഞു നോക്കി.
ഋഷ്യശൃംഗന്റെ ഒറ്റക്കാലിനു പുറകിൽ നീളത്തിൽ പാറയിൽ ഒരു കമ്പിന്റെ കഷണം ഉറപ്പിച്ചിരിക്കുന്നു. അതിൽ ചാരിയാണ് ഇദ്ദേഹത്തിന്റെ നിൽപ്പ്!
പിറ്റേന്ന് സ്‌കൂളിൽ ചെന്നപ്പോൾ ടീച്ചർ ഞങ്ങൾ അഞ്ചു പേരേയും പൊക്കി. നടൻമാർ വന്നല്ലോ... കൊള്ളാം... പോയി ബെഞ്ചും ഡെസ്‌ക്കും ഇവിടെ കൊണ്ടു വന്നിടൂ-ടീച്ചർ പറഞ്ഞു. ഞങ്ങൾ അനുസരിച്ചു. ബെഞ്ചിൽ ഇരിക്കാൻ തുടങ്ങുമ്പോൾ ടീച്ചർ പറഞ്ഞു, ഇനി അഞ്ചാളും ക്ലാസിന് പുറത്ത് പോയി നിൽക്ക്, എന്റെ ക്ലാസ് കഴിഞ്ഞിട്ട് കയറിയാ മതി! ഞങ്ങൾ വെളിയിലിറങ്ങി നിന്നു. അപ്പോൾ അതു വഴി റെജി സൈക്കിളിൽ വന്നു, പിറകിൽ കോഴികളെ കെട്ടിവെച്ചിട്ടുണ്ടായിരുന്നു. ഞങ്ങളുടെ അവസ്ഥ റെജിക്ക് വേഗം മനസ്സിലായി. അവൻ ഊറിച്ചിരിച്ചു എന്നിട്ട് പറഞ്ഞു, ‘അതേയ് ഇന്ന് ഷൂട്ടിംഗ് തീരും... വരുന്നോ? സുപർണ്ണ പോകുവാ! ഞങ്ങൾ റെജിയെ നോക്കി പല്ലിറുമ്മി.
സിനിമക്കാർ പോയപ്പോൾ റെജിയായി നാട്ടിലെ താരം. സിനിമക്കാരുടെ വിശേഷങ്ങൾ പറയുന്ന റെജിക്കു ചുറ്റും ഞങ്ങൾ വട്ടമിട്ടിരുന്നു.

പൊട്ടിയ ഫിലിം ഒട്ടിച്ച്

കുളമാവിൽ ഒരു തോട്ടപ്പുര ഉണ്ട്. കെ.എസ്.ഇ.ബി പാറപൊട്ടിക്കാൻ ജലാറ്റിൻ സ്റ്റിക്കുകൾ സൂക്ഷിക്കുന്ന സ്ഥലം. ബെന്നി എന്ന സഹൃദയനാണ് അവിടെ ജലാറ്റിൻ സ്റ്റിക്ക് ഇറക്കുന്ന ചുമട്ടുതൊഴിലാളികളുടെ നേതാവ്. ഒരു ദിവസം ലോഡ് വന്നു. ഇറക്കാൻ തൊഴിലാളികളുടെ എണ്ണം കുറവായിരുന്നു. ബെന്നി അവിടെ വെറുതെ ഇരിക്കുകയായിരുന്ന റെജിയെ വിളിച്ചു. അങ്ങിനെ റെജിയും ബെന്നിയും അടുത്ത സുഹൃത്തുക്കളും തൊഴിൽ സഖാക്കളുമായി. റെജി അതിവേഗത്തിൽ ഏത് ജോലിയും പൂർത്തിയാക്കുന്നതിൽ മിടുക്കനായിരുന്നു.

കുളമാവിലെ കെ.എസ്.ഇ.ബി ജീവനക്കാരുടെ ക്ലബ്ബായിരുന്നു ജോതീസ് റിക്രിയേഷൻ ക്ലബ്ബ് (ജെ.ആർസി). ഇവിടെ സിനിമാ പ്രദർശനങ്ങൾ പതിവായിരുന്നു. ബെന്നി ഇവിടെ കയറിക്കൂടി. പ്രൊജക്ടർ ഓപ്പറേറ്റർ ഓവർസിയർ എസ്.കെ.ദാസ് ആയിരുന്നു. ദാസിന്റെ സഹായിയായി നിന്ന് ബെന്നി പൊട്ടിയ ഫിലിം ഒട്ടിക്കുന്ന പണി പഠിച്ചെടുത്തു. സിനിമ കാണുന്നവർക്ക് ഇരിക്കാനുള്ള ബെഞ്ചുകൾ തൊട്ടടുത്ത സ്‌കൂളിൽ നിന്ന് ചുമന്നു കൊണ്ടു വന്ന് റെജിയും ക്ലബ്ബിലെ അവിഭാജ്യ ഘടകമായി മാറി. കുളമാവിൽ ഫിലിം പെട്ടികൾ ബസ് മാർഗം എറണാകുളത്ത് നിന്നാണ് വന്നിരുന്നത്. അവ വാങ്ങി പ്രദർശന ശേഷം കൃത്യമായി തിരിച്ചെത്തിച്ചിരുന്നത് ബെന്നിയായിരുന്നു. പിന്നീട് ബെന്നി സിനിമ ഓടിക്കാൻ തുടങ്ങി. ഫിലിം പൊട്ടും. അപ്പോൾ സ്‌ക്രീൻ ശൂന്യമാകും. കാണികൾ കുപിതരാകും. അവർ ബെന്നിയെ തെറിവിളിക്കും. അവരെയെല്ലാം റെജി പ്രതിരോധിച്ച് നിർത്തും. നാട്ടുകാർ പറയും, ബെന്നിയുടെ ബോർഡി ഗാർഡാ റെജി.

എന്റെ ആദ്യ പോസ്റ്റർ, തകര

ഒരിക്കൽ ധനശേഖരാണാർഥം ഒരേ സിനിമ തന്നെ രണ്ടിടത്ത്, സ്‌കൂളിലും ജെ.ആർ.സിയിലും പ്രദർശിപ്പിക്കേണ്ടി വന്നു. ഒരു പ്രിന്റേ ഉണ്ടായിരുന്നുള്ളൂ. റെജിയും ബെന്നിയും പ്രശ്നം പരിഹരിച്ചു. സ്‌കൂളിൽ രണ്ടു മണിക്ക് പ്രദർശനം തുടങ്ങും, ജെ.ആർ.സിയിൽ രണ്ടരക്കും. സ്‌കൂളിൽ ആദ്യ സ്പൂൾ കളിച്ചു കഴിഞ്ഞ് അതുമായി ജെ.ആർ.സിയിലേക്ക്... അര മണിക്കൂർ വ്യത്യാസത്തിൽ സിനിമ റീലും ഫിലിം ചുറ്റുന്ന സ്പൂളുമായി റെജി അങ്ങോട്ടും ഇങ്ങോട്ടും ഓടി. പ്രദർശനം വൻ വിജയം. റെജിക്കും ബെന്നിക്കും 600 രൂപ കിട്ടി. തകരായിരുന്നു ആ സിനിമ. ഫിലിം പെട്ടിക്കൊപ്പം പോസ്റ്റർ കൊടുത്തു വിടാതിരുന്നതിനാൽ അന്ന് പോസ്റ്ററുകൾ വരച്ചത് ഞാനായിരുന്നു. അതിനാൽ എനിക്ക് പ്രദർശനം സൗജന്യമായിരുന്നു.രണ്ടു ബെഞ്ചുകൾ കൂട്ടിയിട്ട് അതിൻമേൽ ഒരു ഡെസ്‌ക്ക് ബെഞ്ച് ബാൽക്കണിയാക്കിയാണ് ഞാനന്ന് തകര കണ്ടത്.
1998ൽ കുളമാവിൽ വൈശാലി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് പിറന്നു. രാധാകൃഷ്ണൻ കല്ലാർ, ഐ.പി.രാജു, ഗുരുജി, ചപ്പൽ ജോസഫ് തുടങ്ങിയവരായിരുന്നു സാരഥികൾ. റെജി ക്ലബ്ബിലെ സജീവ സാന്നിധ്യമായിരുന്നു. ഓണാഘോഷ മൽസരങ്ങളിൽ റെജി- ബെന്നി സംഘം സ്ഥിരം ജേതാക്കളായി. റെജി ജില്ലയെ പ്രതിനിധീകരിച്ച് സ്റ്റേറ്റിൽ ബാസ്‌ക്കറ്റ് ബോളും കളിച്ചിട്ടുണ്ട്. കളിയിൽ മികവ് തെളിയിച്ചിട്ടുണ്ട്. അയാൾ ഉള്ള ടീം കപ്പു നേടുമെന്നുറപ്പാണ്.
രണ്ടു മൂന്ന് വർഷം കഴിഞ്ഞപ്പോൾ റെജിയുടെ അച്ഛൻ സ്ഥലം മാറ്റമായി എറണാകുളത്തേക്ക് പോയി. കൂടെ റെജിയും. പക്ഷെ കുളമാവിലെ പ്രകൃതിയും ജീവിതവും സൗഹൃദങ്ങളും അയാളെ വൈകാതെ അവിടേക്ക് തന്നെ തിരിച്ചെത്തിച്ചു. ബെന്നിയുടെ കൂടെ പ്ലാന്റേഷനിൽ ജോലികൾക്ക് അയാൾ പോയിത്തുടങ്ങി. നിർധന കുടുംബമായിരുന്നു ബെന്നിയുടേത്. ബെന്നിയുടെ വീട്ടിലാണ് റെജി താമസിച്ചിരുന്നത്. അമ്മയും സഹോദരി ജയിനമ്മയുമായിരുന്നു ബെന്നിയുടെ കുടുംബാംഗങ്ങൾ.
ബെന്നിയുടെ അനിയത്തി ജയിനമ്മ സുന്ദരിയായിരുന്നു. വിടർന്ന കണ്ണുകളും ചുരുണ്ട മുടിയും നീണ്ട മൂക്കുമുള്ള സുന്ദരി. റെജിക്കും ജയിനമ്മക്കുമിടയിൽ പ്രണയത്തിന്റെ കാന്തക്കല്ല് പ്രവർത്തിച്ചു തുടങ്ങി. ഒരിക്കൽ ബെന്നി വീട്ടിലേക്ക് വരുമ്പോൾ ജയിനമ്മയെ കട്ടിലിൽ കിടത്തി റെജി ചുംബിക്കുന്നതാണ് കണ്ടത്.
പുലയാടി മോനേ... നീ എന്റെ പെങ്ങളെ... ബെന്നി റജിയുടെ കരണത്ത് ആഞ്ഞടിച്ചു.
ഞങ്ങൾ ഇഷ്ടത്തിലാ, ഇവളെ ഞാൻ കെട്ടും- റെജി ഉറപ്പിച്ചു പറഞ്ഞു, വൈകാതെ രജിസ്റ്റർ വിവാഹം നടത്തുകയും ചെയ്തു.
റെജിയുടെ കുടുംബം വിവാഹത്തിന് എതിരായിരുന്നു. എന്നാൽ

ഉരുൾപൊട്ടിയുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ടരക്കിലോ മീറ്ററോളം ദൂരത്ത് വൻ നാശമാണ് വിതച്ചത്. പുറം ലോകവുമായുള്ള ബന്ധം ഈ പ്രദേശത്തിന് നഷ്ടമായി. റെജിയുടെ അഞ്ചരസെന്റ് സ്ഥലത്ത് ഇപ്പോൾ അവശേഷിക്കുന്നത് ഏതാനും പാറക്കല്ലുകൾ മാത്രം

കുറച്ചുനാൾക്കുള്ളിൽ അവർക്ക് ഒരു ആൺകുഞ്ഞ് പിറന്നു. റെജിയുടെ അച്ഛൻ അവരെ എറണാകുളത്തേക്ക് വിളിച്ചു. അവർ അങ്ങോട്ടു പോയി.
ഒരിക്കൽ എറണാകുളത്ത് ചിത്രരചനാ മൽസരത്തിൽ പങ്കെടുക്കാൻ ഞാൻ പോയപ്പോൾ ഉച്ചയൂണ് റെജിയുടെ വീട്ടിൽ നിന്നാണ് കഴിച്ചത്. ബെന്നിയുടെ മൂത്ത ചേച്ചിയുടെ മകൻ സതീഷ് കൂടെയുണ്ടായിരുന്നു. റെജി അവിടെയുണ്ടായിരുന്നില്ല. ജയിനമ്മ ഞങ്ങൾക്ക് വയറു നിറച്ച് ഭക്ഷണം തന്നു. അവരുടെ മകൻ ഞങ്ങൾക്കിടയിൽ സന്തോഷത്തോടെ കളിച്ചും ചിരിച്ചും നടക്കുന്നുണ്ടായിരുന്നു.

ബലവാൻ വിളിച്ചു, അങ്കാവാ...

മൂത്തകുട്ടിക്ക് ഒന്നര വയസ്സുള്ളപ്പോൾ തന്നെ ജയിനമ്മ വീണ്ടും ഗർഭിണിയായി. സ്‌കാൻ ചെയ്തപ്പോൾ ഡോക്ടർ പറഞ്ഞു- ഈ കുട്ടിക്ക് ബുദ്ധിമാന്ദ്യമുണ്ടാകാൻ ഇടയുണ്ട്, ഒഴിവാക്കുന്നതാണ് നല്ലത്- ദൈവം തന്നത് നശിപ്പിക്കാൻ പറ്റില്ല, എന്തായാലും ഞാൻ പോറ്റി വളർത്തിക്കോളാം- റെജിയുടെ തീരുമാനങ്ങൾ എല്ലായ്പ്പോഴും ഉറച്ചതായിരുന്നു. വിവരമറിഞ്ഞ ബെന്നിയും കുട്ടിയെ ഒഴിവാക്കാൻ റെജിയേയും ജയിനമ്മയേയും ഉപദേശിച്ചു. റെജി തീരുമാനത്തിൽ ഉറച്ചു നിന്നു.
എന്നാ പിന്നെ നിനക്ക് തോന്നുന്നതു പോലെ ചെയ്യ്, ഇനി ഒരു സഹായത്തിനും എന്നെ കിട്ടില്ല- ബെന്നി ഇതും പറഞ്ഞാണ് ഇറങ്ങിപ്പോയത്. ഡോക്ടർ പറഞ്ഞതു പോലെ ബുദ്ധിമാന്ദ്യമുള്ള കുട്ടി തന്നെ പിറന്നു. കുട്ടിക്ക് റെജി അഭിജിത്ത് എന്ന് പേരിട്ടു. അവനെ പൊന്നു പോലെ നോക്കി. ബെന്നിയെ കുട്ടി അങ്കാവാ എന്നാണ് വിളിച്ചിരുന്നത്. അമ്മാവാ എന്ന അർഥത്തിൽ. പിന്നീട് റെജി-ജയിനമ്മ ദമ്പതികൾക്ക് ഒരു കുട്ടി കൂടി ഉണ്ടായി. പിന്നീട് ഇവർ എറണാകുളത്ത് നിന്ന് കുളമാവിലേക്ക് തന്നെ തിരിച്ചു വന്നു. ബുദ്ധിമാന്ദ്യമുള്ള കുട്ടിയാണെങ്കിലും അഭിജിത്ത് ചില സന്ദർഭങ്ങളിൽ പ്രായോഗിക ബുദ്ധി കാണിക്കും. നല്ല തടിയുമുണ്ടായിരുന്നു.
ഇടക്ക് അഭിജിത്ത് മറ്റു സഹോദരങ്ങളേയും കൂട്ടി ഞങ്ങളുടെ വീട്ടിൽ ടി.വി. കാണാൻ വരും. പിന്നെ വലിയ ബഹളമായിരിക്കും. ബെഡ്ഡിൽ കയറി തുള്ളിച്ചാടും, പൂച്ചയുടെ വാലിൽ പിടിച്ചു വലിക്കും, തലയിണ എടുത്ത് എറിയും. ചാനലുകൾ മാറി മാറി സിനിമകൾ കാണും.ഇവരുടെ ഇടക്കുള്ള ഇത്തരത്തിലുള്ള ശല്യം സഹിക്ക വയ്യാതെ എന്റെ അനിയൻ റിമോട്ട് ഉപയോഗിച്ച് ടി.വി ഓഫാക്കി. എന്നിട്ട് പറഞ്ഞു, അയ്യോ കറന്റ് പോയി, എല്ലാവരും പൊയ്ക്കോ. കുറച്ചു നേരം ഓഫായ ടി.വിയിൽ നോക്കി അഭിജിത്ത് ചോദിച്ചു, കറണ്ട് പോയാൽ എങ്ങനാ ഈ പച്ച ലൈറ്റ് കത്തുവാ, കറണ്ട് പോയിട്ടില്ല!
അപ്പോൾ അനുജൻ എന്നോട് പറഞ്ഞു, ഇവൻ കാഞ്ഞ വിത്താണല്ലോ, എന്നാ ബുദ്ധിയാ! ഇവനെ നമുക്കിനി മുതൽ ബലവാൻ എന്നു വിളിക്കാം. ബലവാനും സഹോദരങ്ങളും വീട്ടിൽ വരുമ്പോൾ അമ്മ വയറു നിറച്ചു ഭക്ഷണം കൊടുക്കും, വായിക്കാനും മറിച്ചു നോക്കാനുമായി ബാലപ്രസിദ്ധീകരണങ്ങളും എടുത്തു കൊടുക്കും.
കുളമാവ് വടക്കേപ്പുഴ തീരത്ത് താമസിച്ചിരുന്ന ബെന്നിയേയും കുടുംബത്തേയും കുടിയൊഴിപ്പിക്കലിന്റെ ഭാഗമായി കെ.എസ്.ഇ.ബി താൽക്കാലിക താമസത്തിനായി ക്വാർട്ടേഴ്സ് കൊടുത്തു. പിന്നീട് സ്ഥലം പതിച്ചു തരാം എന്ന് ഉറപ്പും കൊടുത്തിരുന്നു. കുളമാവിലെത്തിയ റെജി കുടുംബം പോറ്റാൻ കൂലിപ്പണിക്ക് പോകാൻ തുടങ്ങി. ബെന്നി റെജിയിൽ നിന്നും ജയിനമ്മയിൽ നിന്നും അകന്നിരുന്നു. മദ്യപിക്കുമ്പോൾ താൻ പറഞ്ഞത് കേൾക്കാത്തതിനെച്ചൊല്ലി ബെന്നി റെജിയുമായി കോർത്തു, അവർ പാമ്പും കീരിയുമായി. പക്ഷെ സഹോദരിയുടെ മക്കളെ ബെന്നിക്ക് ജീവനായിരുന്നു, പുറത്ത് കാണിച്ചിരുന്നില്ലെന്ന് മാത്രം. അവരിൽ രണ്ടു പേർ പഠിക്കാൻ മിടുക്കരായിരുന്നു, അതിൽ ബെന്നി സ്വകാര്യമായി ആഹ്ളാദിച്ചിരുന്നു. എല്ലാ ദേഷ്യവും ബലവാന്റെ അങ്കാവാ വിളിയിൽ അലിയുകയും ചെയ്തു.
കുളമാവ് നാടുകാണിയിൽ താടിയച്ഛൻ എന്നൊരു പുരോഹിതനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു പ്രാർഥനാ ഗ്രൂപ്പുമുണ്ടായിരുന്നു. എല്ലാ ഞായറാഴ്ചയും ജയിനമ്മയും മക്കളും അവിടെ പ്രാർഥനക്ക് പോകും. അപൂർവ്വമായി റെജിയും. ബെന്നിയോടൊപ്പമുള്ള റെജിയുടെ കുടുംബജീവിതം ക്ലേശഭരിതമായിരുന്നു. സ്വന്തമായി ഒരു വീടിന് ആ കുടുംബം ആഗ്രഹിച്ചിരുന്നു. ഇത് മനസ്സിലാക്കി താടിയച്ഛൻ പോത്തുമറ്റത്ത് കുന്നിൻ മുകളിൽ ഒരു വീട് നിർമിക്കാൻ പരിപാടിയിട്ടു. അത് അദ്ദഹം ജനങ്ങളുടെ സഹകരണത്തോടെ സാക്ഷാത്കരിക്കുകയും ചെയ്തു.കുന്നിൻ മുകളിൽ ആ ചെറിയ വീട്ടിൽ ഏറെ സന്തോഷത്തോടെ അവർ ജീവിക്കാൻ തുടങ്ങി. റെജിക്ക് കുളമാവ് നവോദയ സ്‌കൂളിൽ വാച്ചറായി പണി കിട്ടി. ഇതോടെ അവരുടെ ജീവിതം കഷ്ടപ്പാടില്ലാതെ ശാന്തമായി ഒഴുകാൻ തുടങ്ങി.
2004 ഓഗസ്റ്റ്. മഴ തകർത്തു പെയ്യുന്നു. ബെന്നി പെങ്ങളേയും മക്കളേയും കുന്നിന് താഴെയുള്ള തന്റെ ക്വാർട്ടേഴ്സിൽ വന്നു നിൽക്കാൻ ക്ഷണിച്ചു. ടി.വിയും വി.സി.ഡി പ്ലെയറും വാടകക്ക് എടുത്തിട്ടുണ്ട്, കുട്ടികൾക്ക് സിനിമ കാണാൻ. ബെന്നിക്ക് റെജിയോടുള്ള പരിഭവം ഇല്ലാതായിക്കൊണ്ടിരുന്നു. പണിയെല്ലാം കഴിഞ്ഞപ്പോൾ രണ്ടു പേരും അൽപ്പം മിനുങ്ങി. നേരം ഇരുട്ടിയപ്പോൾ റെജി ബെന്നിയെ ക്വാർട്ടേഴ്സിലേക്ക് പോവാമെന്നു പറഞ്ഞ് വിളിച്ചു. ബെന്നി പറഞ്ഞു- ‘നീ പൊയ്ക്കോ, ഞാൻ കുറച്ചുകഴിഞ്ഞ് എത്തിക്കോളാം'- റെജി കുടയെടുത്തിറങ്ങി.

അവന്റെ തുറന്ന കണ്ണുകളിൽ കാർമേഘങ്ങൾ
മാഞ്ഞുപോകുന്നത് ഞാൻ കണ്ടു

രാത്രി ബെന്നി ക്വാർട്ടേഴ്സിൽ എത്തിയപ്പോൾ റെജിയും ജയിനമ്മയും മക്കളും സ്ഥലത്തില്ല. എവിടെ പോയെന്ന് അമ്മയോട് ചോദിച്ചപ്പോൾ അവർ പോത്തുമുറ്റത്തെ മലമുകളിലെ വീട്ടിലേക്ക് തന്നെ പോയെന്ന് പറഞ്ഞു. ഇതിനിടക്ക് ഒരു കമുങ്ങ് മുറിച്ച് അതിൻമേൽ വീതിയുള്ള ഒരു പഴയ ഇലക്ട്രിക് പോസ്റ്റ് അരുവിക്ക് കുറുകെ വെച്ച് ഒരു പാലം തയ്യാറാക്കി ബെന്നി റെജിയുടെ കുടുംബത്തിന് ഇട്ടു കൊടുത്തിരുന്നു.കൈവരികൂടി വച്ച് തരാം എന്നിട്ടു പോയാൽ മതിയെന്ന് പറഞ്ഞാണ് ബെന്നി റെജിയേയും മക്കളേയും ക്വാർട്ടേഴ്സിൽ പിടിച്ചു നിർത്തിയത്. അതു കേൾക്കാതെയാണ് റെജി കുടുംബത്തേയും വിളിച്ചു കൊണ്ടു പോയത്. ഇതിൽ കുപിതനായി ബെന്നി പറഞ്ഞു:‘ങാ... പോയെങ്കിൽ പോട്ടെ! എവിടെയെങ്കിലും പോയി തുലയട്ടെ, പറഞ്ഞാൽ കേട്ടില്ലെങ്കിൽ പിന്നെന്തു ചെയ്യും. നാശങ്ങൾ...!
ഞങ്ങളുടെ വീടിന്റെ മുന്നിലൂടെയാണ് റെജിയും കുടുംബവും അവരുടെ കുന്നിൻ മുകളിലുളള വീട്ടിലേക്ക് പോയത്. ഞങ്ങൾ ജനലിൽ കൂടി നോക്കിയപ്പോൾ കോരിച്ചൊരിയുന്ന മഴയത്ത് അവർ നടന്നു പോകുന്നത് കണ്ടു. ബലവാനെ റെജി ചേർത്ത് പിടിച്ചിരുന്നു. ബലവാൻ ഞങ്ങളെ തിരിഞ്ഞു

അങ്കാവാ എന്ന വിളി നിശ്ശബ്ദമായി അവിടെ പ്രതിധ്വനിക്കുന്നതായി തോന്നി. ഞാൻ വെറുതെ ആകാശത്തേക്ക് നോക്കി. ദൂരെ വെൺമേഘങ്ങൾ നാടുകാണി മലകളെ ചുംബിച്ച് മാഞ്ഞു പോയി

നോക്കിക്കൊണ്ടേയിരുന്നു. അവർ നടന്ന് ദൂരെ മറയുന്നത് ഞാനും അമ്മയും സഹോദരങ്ങളും നോക്കി നിന്നു. അന്നു രാത്രി കനത്ത മഴ പെയ്തു. കാലവർഷം ഉറഞ്ഞു തള്ളി. നിലക്കാത്ത കാറ്റിന്റെ ചൂളംവിളിയിൽ മരങ്ങൾ ഭ്രാന്തമായി ആടിയുലഞ്ഞു. ദൂരെ എന്തൊക്കെയോ പൊട്ടിത്തെറി ശബ്ദങ്ങൾ ഞങ്ങൾ കേട്ടു. കമ്പിളി പുതച്ച് ഞങ്ങൾ നിദ്ര കൊണ്ടു.
2004 ഓഗസ്റ്റ് നാല് പുലർച്ചെ ബെന്നിയുടെ കൂട്ടുകാരൻ സാജു ക്ലീറ്റസ് ഓടി വന്ന് ബെന്നിയുടെ പുതപ്പ് വലിച്ചു മാറ്റി വിളിച്ചുണർത്തി ചോദിച്ചു, ‘റെജിയും ജയിനമ്മയും പിള്ളേരും എവിടെടാ... ? ഉറക്കച്ചടവോടെ ബെന്നി പറഞ്ഞു' അവർ രാത്രി വീട്ടിലേക്ക് പോയി... ഹും എന്താ കാര്യം?
സാജു പറഞ്ഞു, ‘ചെറിയ പ്രശ്നം ഉണ്ട്', നമുക്ക് അവരെ ഒന്നു കണ്ടെത്തണം!
ഉടൻ തന്നെ ബെന്നി സാജുവിനൊപ്പം കുന്നിൻമുകളിലേക്ക് പാഞ്ഞു. അവിടമാകെ ജനക്കൂട്ടമാണ്. റെജിയുടെ വീടിന്റെ സ്ഥാനത്ത് പാറക്കല്ലുകളും മഴവെള്ളം കുത്തിയൊലിച്ചുണ്ടായ വലിയ കുഴികളും. പ്രദേശമാകെ തകർന്ന് തരിപ്പണമായിരിക്കുന്നു. കൃഷി പാതാളത്തിൽ പതിച്ചിരിക്കുന്നു. റെജി നിർമിച്ച തടയണയും കൂട്ടത്തിൽ തകർന്നിട്ടുണ്ട്. ഡാമിന് ഒരു കിലോ മീറ്റർ തോടിനരികിലായിരുന്നു റെജിയുടെ വീട്. ഉരുൾപൊട്ടിയുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ടരക്കിലോ മീറ്ററോളം ദൂരത്ത് വൻ നാശമാണ് വിതച്ചത്. വീടുകളും കൃഷിയിടങ്ങളും നശിച്ചു. വൈദ്യുതി-ടെലഫോൺ പോസ്റ്റുകൾ നിലം പതിച്ചു. പുറം ലോകവുമായുള്ള ബന്ധം ഈ പ്രദേശത്തിന് നഷ്ടമായി. റെജിയുടെ അഞ്ചരസെന്റ് സ്ഥലത്ത് ഇപ്പോൾ അവശേഷിക്കുന്നത് ഏതാനും പാറക്കല്ലുകൾ മാത്രം.
തലകറങ്ങിയ ബെന്നി സാജുവിന്റെ ചുമലിൽ താങ്ങി നിലത്ത് ഇരുന്നു. റെജിയും കുടുംബവും അടുത്തുള്ള വിജയന്റെ വീട്ടിൽ കാണുമെന്ന് ബെന്നി പറഞ്ഞു. ഇല്ല, അവരാരും എന്റെ വീട്ടിലേക്ക് വന്നിട്ടില്ല, വിജയൻ ഉറപ്പിച്ചു പറഞ്ഞു.
ഞങ്ങളെല്ലാവരും റെജിയേയും കുടുംബത്തേയും ഉരുൾ പൊട്ടിയ ഭാഗത്ത് തപ്പാൻ തുടങ്ങി. ഏറെ സമയം കഴിഞ്ഞില്ല, താഴെ നിന്നും ഒരു വിളികേട്ടു, ദാ ഇവിടുണ്ട്!... അത് കൊത്തൽ സുരേഷ് എന്ന കൂട്ടുകാരന്റെ ശബ്ദമായിരുന്നു.
കണ്ണുകൾ തുറിച്ച് നെഞ്ചിൻകൂട് തകർന്ന് നഗ്നയായി ചതഞ്ഞ മുഖവുമായി ജയിനമ്മ.
ബലവാന്റെ ശരീരത്തിൽ മലമ്പാമ്പ് ചത്തുമലച്ചു കിടക്കുന്നു. അവന്റെ ശരീരം നുറുങ്ങിപ്പോയി.
ബലവാന്റെ ചേട്ടൻ രണ്ട് മരങ്ങൾക്കിടയിൽ കുരുങ്ങി തലപൊട്ടി കണ്ണുമിഴിച്ച് തൂങ്ങിക്കിടപ്പുണ്ടായിരുന്നു.ഏറെ അകലെയല്ലാതെ ഇളയ കുട്ടി കമിഴ്ന്ന് കിടന്നിരുന്നു. എ. ബെന്നിയെ ഞങ്ങൾ താങ്ങിയെടുത്ത് പുല്ലിലേക്ക് കിടത്തി.
പിന്നീട് റെജിയുടെ ശരീരത്തിനു വേണ്ടിയായി തിരിച്ചലിൽ. ഏറെ നേരം വേണ്ടിവന്നു, ഒടുവിൽ വെള്ളം കുത്തിയൊലിക്കുന്ന ചളിക്കുണ്ടിൽ നിന്ന് റെജിയെ കണ്ടെത്തി. ഞാൻ ആൾക്കാരെ വകഞ്ഞു മാറ്റി റെജിയെ നോക്കി. ചതഞ്ഞരഞ്ഞ് വികൃതമായ മുഖവും ശരീരവും. ചോര കട്ടപിടിച്ചിരിക്കുന്ന ഉടൽ. റെജിയുടെ ദേഹം കരക്കുകയറ്റി കിടത്തി. എല്ലാവരും വിതുമ്പുന്നു, എന്റെ കണ്ണുകൾ തുളുമ്പി. അവന്റെ തുറന്ന കണ്ണുകളിൽ ആകാശത്തെ കാർമേഘങ്ങൾ മാഞ്ഞു പോകുന്നത് ഞാൻ കണ്ടു.

മഞ്ഞപൂക്കളും പൂമ്പാറ്റകളും

ഈയടുത്ത് ഒരു സായാഹ്നത്തിൽ ഒരിക്കൽ കൂടി അവരെ കാണാൻ ഞാൻ പോയി. അങ്കാവാ എന്ന വിളി നിശ്ശബ്ദമായി അവിടെ പ്രതിധ്വനിക്കുന്നതായി തോന്നി. ഞാൻ വെറുതെ ആകാശത്തേക്ക് നോക്കി. ദൂരെ വെൺമേഘങ്ങൾ നാടുകാണി മലകളെ ചുംബിച്ച് മാഞ്ഞു പോയി. ആ മേഘങ്ങളിൽ ചിലതിന് മരണച്ചൂണ്ടയുടെ ആകൃതിയുണ്ടായിരുന്നു.

Comments