കെ.ജി. ശങ്കരപ്പിള്ള

വാക്കിന്റെ അപരലോകം

എതിർവാക്കുകൾ തേടി സഞ്ചരിക്കുന്ന ഒരു കവിബുദ്ധനാണ് കെ.ജി.ശങ്കരപ്പിള്ള

തിർവാക്കുകൾ തേടി സഞ്ചരിക്കുന്ന ഒരു കവിബുദ്ധനാണ് കെ.ജി.ശങ്കരപ്പിള്ള. മനുഷ്യജീവിതം കൊണ്ടല്ല ലോകം നിർമിക്കപ്പെടുന്നതെന്നും വാക്കിന്റെ സത്യസന്ധതയിലാണ് മനുഷ്യവംശത്തിന്റെ ഭാവിയെന്നും അയാൾ വിശ്വസിക്കുന്നു. വാക്കിനെ, ഭാഷയെ ഉൺമയുടെ സാക്ഷാത്കാരമായല്ല, ഉണ്മയുടെ പാർപ്പിടമായി ഹൈഡഗർ നിരീക്ഷിക്കുന്നുണ്ട് (Language is the House of being). നമ്മുടെ സാധാരണ ജീവിതത്തിന്റെ വെളിമ്പുറങ്ങളിലുള്ള ഏതോതരം വ്യവഹാര ലോകമായാണ് നാം പലപ്പോഴും ഭാഷയെ കണക്കാക്കിപ്പോരുന്നത്. ജീവിതത്തിന്റെ ഭൗതികാവശ്യങ്ങൾ നിറവേറ്റാനുള്ള വെറും പ്രേരണ മാത്രമായി ഭാഷയെ കാണുന്നവർക്ക് ഭാഷയുടെ ശക്തിയെയും തന്നെ താനാക്കി നിർത്തുന്ന അതിന്റെ തീവ്രമായ പശിമരാശിയെയും വേണ്ടത്ര തിരിച്ചറിയാൻ കഴിയെണമെന്നില്ല. കെ.ജി. ശങ്കരപ്പിള്ള വേറിട്ടുനിൽക്കുന്നത് ഈ ഭാഷാവിശേഷം കൊണ്ടുതന്നെയാണ്.

മൂന്നു പോർമുഖമുള്ള ഒരു യുദ്ധരംഗം

കെ.ജി.എസ് തന്റെ കാലത്തെ സാംസ്‌കാരികാവസ്ഥയോടു കലഹിക്കുന്ന കവിയാണ്. സാംസ്‌കാരികാവസ്ഥയോടു മാത്രമല്ല തന്റെ കാലത്തെ, താൻ തന്നെ അകപ്പെട്ടു നിൽക്കുന്ന കാവ്യഭാവുകത്വത്തോടും അയാൾക്ക് നിരന്തരം കലഹിക്കേണ്ടി വന്നിട്ടുണ്ട്. യാഥാർത്ഥ്യത്തെ മധുരവചസ്സായി

പൊതിഞ്ഞവതരിപ്പിക്കുന്ന കാൽപനികതയിൽ നിന്ന് കവിതക്ക് കുതറിനിൽക്കേണ്ടത് പ്രധാനമായിരുന്നു. എന്നാൽ വരേണ്യമായ ആത്മഭാഷണങ്ങളിൽ കുടുങ്ങിനിൽക്കുന്ന ആധുനികതാ ഭാവുകത്വമണ്ഡലത്തിൽ നിന്ന് പുറത്തുകടക്കുകയും വേണ്ടിയിരുന്നു. ഏറെ വിഷമകരമെങ്കിലും പ്രധാനപ്പെട്ട ഒന്നായി അദ്ദേഹം ഈ പ്രതിസന്ധിയെ മനസ്സിലാക്കുന്നുണ്ട്. വൃക്ഷം, ജന്മരാത്രി, കറുത്തവാവ് എന്നീ ആദ്യകാല രചനകളിൽ ആധുനികതയുടെ നിരാശാബോധവും വിഷാദാത്മകതയും കാണാൻ കഴിയും. ഒട്ടും പ്രതീക്ഷ നൽകാത്ത ഒരു തരിശുനിലത്താണ് ഏകാന്തപഥികനായി താൻ നിൽക്കുന്നതെന്നബോധം അദ്ദേഹം ഈ കാലങ്ങളിൽ പുലർത്തുന്നുണ്ട്.

താരാവൃത രജനി കണക്കെ താരാർന്നെഴുമൊരുവൻ തരുവുണ്ടെൻ ശോകശ്യാമ മനസ്സിൽ എന്നെ ചൂഴുമപാരത പോലെ പടർന്നും ശ്യാമളമായ പടർപ്പിൻ തുംഗ സ്ഥലികൾ നിറച്ചെൻ സ്വപ്നസുമങ്ങൾ വിരിഞ്ഞുമുള്ള കവിതയുടെ നിൽപ്പ് ആധുനിക ഭാവുകത്വത്തിന്റെ വ്യാപന ശക്തിയുടേതു തന്നെയെന്നു കാണാൻ കഴിയും. എന്നാൽ അക്കാലത്ത് അതിൽനിന്ന് പുറത്തുകടക്കാനുള്ള ഉദ്വിഗ്‌നതകൾ കൊണ്ട് കവിത സംഘർഷഭരിതമായിരുന്നു. ഈ നിലയിൽ കവിത നിർവഹിക്കേണ്ട സാംസ്‌കാരിക സമരം ഒരു ഭാഗത്ത്. അതികാൽപനികതയുടെ വ്യാമുഗ്ധമായ ഭാവുകത്വത്തോടുള്ള അകന്നുനിൽക്കൽ മറ്റൊരു ഭാഗത്ത്, ആത്മഭാഷണമായി ഒടുങ്ങിപ്പോകുന്ന ആധുനികതാ പ്രസ്ഥാനത്തിന്റെ വരേണ്യസങ്കൽപങ്ങൾ വേറൊരു ഭാഗത്ത്. ഇങ്ങനെ കവിതയെ മൂന്നു തരത്തിലുള്ള സമരങ്ങൾക്ക് സജ്ജമാക്കേണ്ട ഒരു ബാധ്യത കെ.ജി.എസിന്റെ കവിതകൾ നിർവഹിച്ചുപോന്നു. മൂന്നു പോർമുഖമുള്ള ഒരു യുദ്ധരംഗത്തു നിന്നാണ് അദ്ദേഹം തന്റെ കാവ്യവൃത്തി നിർവഹിച്ചുപോന്നത്.

ബംഗാളും അയോധ്യയും ആനന്ദനും ഒരു പരാജയമായിരുന്നുവെന്ന് ചില വിമർശകർ കണ്ടെത്തുന്നുണ്ടെങ്കിലും അസ്തിത്വത്തെക്കുറിച്ച് ആദ്ധ്യാത്മികമായ ഉൽക്കണ്ഠകൾ പുലർത്തുന്ന സ്വത്വവ്യാകുലമായ അകം കവിതകളിൽ നിന്ന് പുറത്തു കടക്കാൻ കെ.ജി. എസിനെ പ്രാപ്തമാക്കിയത് ഈ കവിതകളായിരുന്നു.

തദ്ദേശീയമായ ഒരു സാംസ്‌കാരിക വ്യൂഹം

എഴുപതുകളുടെ പുതുഭാവുകത്വത്തിന്റെ കാലത്താണ് കെ.ജി.എസ് എഴുതി തുടങ്ങുന്നത്. അയ്യപ്പപ്പണിക്കർ, മാധവൻ അയ്യപ്പത്ത്, ആറ്റൂർ രവിവർമ്മ എന്നിവർ നിർമിച്ച ആധുനികതയിൽ നിന്ന് എഴുപതുകളിലെ കവിത രാഷ്ട്രീയ ആധുനികതയിലേക്ക് ചുവടുറപ്പിക്കുമ്പോഴാണ് യഥാർത്ഥത്തിൽ കെ.ജി.എസ്സിന്റെ കവിതകൾ ആധുനികതയുടെ ആത്മഭാവനയിൽ നിന്ന് പുറത്തുകടന്ന് ഒരു രാഷ്ട്രീയ ഭാവശക്തിയായി പ്രവർത്തിക്കാൻ തുടങ്ങുന്നത്. ആധുനികതയുടെ ചുവന്നവാൽ എന്ന് ഈ കാലത്തെ നരേന്ദ്രപ്രസാദിനെപ്പോലുള്ളവർ അടയാളപ്പെടുത്തുന്നുണ്ട്. ബംഗാൾ, അയോധ്യ, ആനന്ദൻ, മുണ്ട് എന്നീ കവിതകൾ ഇങ്ങനെ രാഷ്ട്രീയ ആധുനികതയുടെ ഭാവശക്തിയെ ഉൾവഹിക്കുന്ന കവിതകളായിരുന്നു. ആസന്നമായ ഒരു വിപ്ലവത്തെ കവിത സ്വപ്നം കാണുന്നുണ്ട്. എൺപതുകളോടെ ആസന്ന വിപ്ലവത്തിന്റെ തിരയിളക്കങ്ങളൊക്കെയും പിൻവാങ്ങുന്നുണ്ടെങ്കിലും ഉടൻ നടക്കാൻ പോകുന്ന വിപ്ലവങ്ങൾ ഉപരിവർഗത്തെ എങ്ങനെ അസ്വസ്ഥപ്പെടുത്തുന്നു എന്ന് നമുക്ക് ഈ കവിതകളിൽ നിന്ന് മനസ്സിലാവുന്നു. മാത്രവുമല്ല ആധുനികതയെ ഒരു വിപരീത ആധുനികതയാക്കി ഈ കവിതകൾ മാറ്റുന്നു. കവിതയെ അത് അങ്ങേയറ്റം തീവ്രമായ ഒരു രാഷ്ട്രീയ ഉപകരണമാക്കി മാറ്റുന്നു എന്നു തോന്നുമാറാണ് അതിന്റെ ആശയവും ആഖ്യാനവും ആവിഷ്‌കൃതമായിരുന്നത്.
സ്ഥലകാല രാഷ്ടീയ നിർമുക്തമായിരുന്നു ആധുനികതയുടെ നിൽപ്പ്.

കുന്നുനിൽക്കുന്നു കുന്നായേ കുന്നിൻ മോളില് മാവ് നിൽക്കുന്നു മാവായേ മാവിൻ ചോട്ടില് പയ്യുമേയുന്നു പയ്യായേ

എന്നിങ്ങനെ കേവലമായ, ചരിത്രനിരപേക്ഷമായ അസ്തിത്വത്തിനപ്പുറം കഠിനമായ, തീവ്രവിപ്ലവ രാഷ്ടീയാസ്തിത്വത്തിന്റെ ഊർജം ഊഷ്മളമായി കവിതയിലേക്ക് കടത്തിവിടുന്നുണ്ട് പിൽക്കാലത്ത് കെ.ജി.എസ്. ബംഗാളും അയോധ്യയും ആനന്ദനും ഈ വിധം എഴുതപ്പെട്ട കവിതകളായിരുന്നു. ഈ കവിതകൾ ഒരു പരാജയമായിരുന്നുവെന്ന് ചില വിമർശകർ കണ്ടെത്തുന്നുണ്ടെങ്കിലും അസ്തിത്വത്തെക്കുറിച്ച് ആദ്ധ്യാത്മികമായ ഉൽക്കണ്ഠകൾ പുലർത്തുന്ന സ്വത്വവ്യാകുലമായ അകം കവിതകളിൽ നിന്ന് പുറത്തു കടക്കാൻ കെ.ജി. എസിനെ പ്രാപ്തമാക്കിയത് ഈ കവിതകളായിരുന്നു. യൂറോപ്യൻ ആധുനികതയിൽ നിന്ന് തദ്ദേശീയമായ ചരിത്രബോധത്തിലേക്ക് കെ.ജി.എസിന്റെ കവിതകൾ രംഗപ്രവേശം നടത്തുന്നത് ഈ കാലത്തോടുകൂടിയാണ്. മഹാഭാരതത്തെയും രാമായണത്തെയും പശ്ചാത്തലമാക്കി സവർണവും വരേണ്യവുമായ അതിന്റെ ഭാവമണ്ഡലത്തെ തിരിച്ചിടുകയായിരുന്നു അദ്ദേഹം. അങ്ങിനെ ആ കവിതകൾ ആധുനികതയുടെ നിരാശാഭരിതമായ ആത്മഭാഷണങ്ങളിൽ നിന്നും കൊളോണിയൽ സങ്കൽപങ്ങളിൽ നിന്നും പുറത്തുകടന്നു.

എൺപതുകളാവുമ്പോഴേക്കും ഉടൻ വിപ്ലവത്തിന്റെ തിരയിളക്കങ്ങൾ ഒടുങ്ങുകയും പ്രത്യയശാസ്ത്രപരമായ പ്രതീക്ഷകൾ ഏറെക്കുറെ കെട്ടടങ്ങുകയും ചെയ്തു. മാത്രവുമല്ല, ബഹുസ്വരതയുടെ ഒരു സാംസ്‌കാരികാന്തരീക്ഷം കേരളത്തിലും സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഗാന്ധിസത്തിന്റെയും മാർക്‌സിസത്തിന്റെയും വിമോചനാത്മകമായ ഊർജം വറ്റിവരുകയും പുതിയ നവസാമൂഹിക തുറസ്സുകളിലേക്ക് നമ്മുടെ അനുഭൂതിയുടെ ലോകം കൺമിഴിക്കുകയും ചെയ്തിരുന്നു അപ്പോഴേക്കും. അധികാര വികേന്ദ്രീകരണം, മനുഷ്യാവകാശ സംരക്ഷണം, പരിസ്ഥിതിവാദം, സ്ത്രീവാദം, ദളിത് ജാഗ്രത, അപകോളനീകരണം, നവദേശീയവാദം, നൈതിക വേദികൾ, യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങൾ, ഉപഭോക്തൃ സംരക്ഷണം, ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ രംഗപ്രവേശം, പ്രാദേശിക പഠനങ്ങൾ, ബദൽ മാധ്യമങ്ങൾ, ഫാസിസ്റ്റ് വിരുദ്ധമുന്നേറ്റങ്ങൾ എന്നിവയുടെ സാന്നിധ്യം ഏകമുഖമായ വിമോചന സങ്കല്പങ്ങളിൽ നിന്ന് പുറത്തു കടക്കാൻ കവിയെ പ്രാപ്തമാക്കി.

കൊച്ചിയിലെ വൃക്ഷം, കടമ്പനാട് കടമ്പില്ല, മണൽക്കാലം എന്നീ കവിതകൾ ബഹുസ്വരമായ ഒരു ഭാവമണ്ഡലത്തിൽ പ്രവർത്തിക്കുന്ന കവിതകളായിരുന്നു. അതുവഴി പാരമ്പര്യത്തെ പുനർനിർണയിക്കുകയും ചരിത്രത്തോട് അങ്ങേയറ്റം സംവാദാത്മകമായിത്തീരുകയും ചെയ്തു കവിതകൾ. യൂറോപ്യൻ നാഗരികതയെന്ന മാനവ സങ്കൽപത്തിൽ നിന്ന് ഭാരതത്തിന്റെ ചരിത്രത്തിലേക്കും മിത്തുകൾ വഴി ഇന്ത്യൻ യാഥാർത്ഥ്യത്തിലേക്കും വന്ന കവിത എൺപതുകളോടെ തദ്ദേശീയമായ ഒരു സാംസ്‌കാരിക വ്യൂഹത്തെ കവിതയിലേക്ക് കൊണ്ടുവരുന്നുണ്ട്. അധിനിവേശ, വ്യാവസായിക ആധുനികത വരും മുമ്പേ ജനകീയമായ ഒരു സംസ്‌കാരം മലയാളിയുടെ ഈടുവെയ്പായി ഉണ്ടായിരുന്നുവെന്ന് തിരിച്ചറിയുന്നു. സംസ്‌കാരം (culture) എന്ന യൂറോപ്യൻ സങ്കൽപത്തിനെ കവിത തിരസ്‌കരിക്കുന്നു.

അച്ചടി ഇംഗ്ലീഷ് അലോപ്പതി തുടങ്ങിയ വേഗങ്ങൾക്കും മുമ്പ്. തൃക്കാക്കര മുതൽ കൊച്ചി തുറമുഖം വരെയുള്ള വഴി ഒരു പഴഞ്ചൊല്ലു പോലെ നാട്ടു വെളിച്ചം നിറഞ്ഞതായിരുന്നു

എന്നു പറയുമ്പോൾ യൂറോപ്യൻ എൻലൈറ്റ്‌മെന്റിനെതിരെ നാട്ടു വെളിച്ചത്തെ പകരം വെക്കുകയാണ് ചെയ്യുന്നത്. പ്രാദേശീയമായ തന്റെ സ്വത്വത്തെ തേടിയലയുന്ന ഒരു യാത്രികനെ കടമ്പനാട് കടമ്പില്ല എന്ന കവിതയിലും നമുക്ക് കണ്ടുമുട്ടുവാൻ കഴിയും.

ഏതെങ്കിലും സിദ്ധാന്തങ്ങളെ ശാശ്വതീകരിക്കാനോ, ശരിയായ ഉത്തരങ്ങൾ എന്നു തോന്നുന്നതിനെ സ്ഥാപിച്ചെടുക്കാനോ ഉള്ള ശ്രമങ്ങളിലൊന്നും കെ.ജി.എസിന്റെ പിൽക്കാല കവിതകളൊന്നും മുതിരുന്നില്ല

നാഗരിക മനുഷ്യനിൽ മാനവികത ദർശിച്ച സങ്കൽപലോകങ്ങൾക്ക് നാട്ടിൻ പുറത്തിന്റെ വിശുദ്ധി സങ്കല്പങ്ങളെ പകരം വെച്ച ഗൃഹാതുരമായ കാല്പനിക മോഹങ്ങളെയും കെ.ജി.എസ് ആഘോഷമാക്കുന്നില്ല. ‘കടമ്പാണ് നിൻ വൃക്ഷം / മയിലാണ് പക്ഷി / നിൻ മൃഗം കുതിരയും ' എന്ന് അമ്മ പറഞ്ഞപ്പോൾ കടമ്പെവിടെ മയിലെവിടെ എവിടെയെൻ കുതിരയും എന്ന് തിരയലായി. പക്ഷേ അയാൾക്ക് ഗ്രാമങ്ങളിലൊന്നും കടമ്പ് കാണാൻ കഴിഞ്ഞില്ല. കഴിഞ്ഞില്ല കാണാൻ മയിലിനെയും കുതിരയെയും. പിന്നെ, പഠിപ്പു കഴിഞ്ഞ് പല നാടലഞ്ഞ് പണിയും കിടഞ്ഞകലെ വൻനഗരിയിൽ പാർപ്പും തുടങ്ങിയ കാലത്താണ് ഒരു ദിവസമുച്ചയ്ക്ക് ‘പാർക്കിലെ ബഞ്ചിൽ കക്കാടിന്റെ / യക്ഷനെ നേരിൽ കണ്ടിരിക്കുമ്പോൾ / അതാമുന്നിൽ:/ നെഞ്ചിലൊരു കരിംതകിടിൽ / സ്വന്തം പേരുമായൊരു /വൃദ്ധനാം പൊലീസു പോ/ലിച്ഛാ ശൂന്യനായ് /നിൽക്കുന്നു നെടുങ്കനൊരു നീലക്കടമ്പ് ' ഇങ്ങനെ ഗ്രാമ നഗര സംഘർഷങ്ങളിൽ ഏതെങ്കിലും ഒന്നിനെ വിശുദ്ധപ്പെടുത്താനുള്ള എളുപ്പവഴികളിലൂടെയല്ല ഏറ്റവും ശരിയെ കണ്ടെത്താനുള്ള സൂക്ഷ്മ വഴിയിലൂടെയാണ് കവി സഞ്ചരിക്കുന്നത്.
പാരിസ്ഥിതികമായ നോട്ടങ്ങളിൽ മാത്രമല്ല ദളിതവും മർദ്ദിതവും സ്‌ത്രൈണവുമായ ഉൽകണ്ഠകളിലൊക്കെയും കവി സൂക്ഷ്മഗ്രാഹിയായിത്തീരുന്നതു കാണാം. ഏതെങ്കിലും സിദ്ധാന്തങ്ങളെ ശാശ്വതീകരിക്കാനോ, ശരിയായ ഉത്തരങ്ങൾ എന്നു തോന്നുന്നതിനെ സ്ഥാപിച്ചെടുക്കാനോ ഉള്ള ശ്രമങ്ങളിലൊന്നും കെ.ജി.എസിന്റെ പിൽക്കാല കവിതകളൊന്നും മുതിരുന്നില്ല.

മനുഷ്യരും ജീവികളും തീർക്കുന്ന ചിഹ്‌നവ്യവസ്ഥകൾ

എൺപതുകളോടെ കേരളത്തിൽ ആവിർഭവിച്ച മധ്യവർഗത്തിന്റെ വിചാരലോകമായും വിമർശനലോകമായുമാണ് കെ.ജി.എസിന്റെ കവിതകൾ പ്രവർത്തിച്ചത്. ‘ഒഴികഴിവുകളുടെ /പച്ച വിറകിൻ മേൽ/ നമ്മുടെ ജന്മദീർഘമായ ശവദാഹം' എന്ന് കവി മധ്യവർഗാവസ്ഥയെ അടയാളപ്പെടുത്തുന്നു. അന്യാധീനം, മണൽക്കാലം, വാക്കിന്റെ അടിത്തട്ട്, പ്രാർത്ഥിക്കുന്നെങ്കിൽ ഇങ്ങനെ, കഴുതകളായി നടക്കേണ്ടി വന്ന കുതിരകൾ, പക്ഷി വേണ്ട, ഒടിച്ചു മടക്കിയ ആകാശം, പഴഞ്ചോറ്, പൂകൈത എന്നീ കവിതകളിൽ മധ്യവർഗത്തിന്റെ അഭിരുചികളും ആത്മനിഷ്ഠതയും അവനവനെ മാത്രം ഇഷ്ടപ്പെടുന്ന അരാഷ്ട്രീയ കാമനകളും ആവിഷ്‌ക്കരിക്കപ്പെടുന്നു.

ഏറ്റവും ഇഷ്ടം? എന്നെ തന്നെ അത് കഴിഞ്ഞാൽ അത് കഴിയുന്നില്ലല്ലോ.

വർത്തമാനകാലത്തെ സെൽഫിയെക്കൂടി അടയാളപ്പെടുത്തുന്ന ഒരു ദീർഘദർശനം കെ.ജി.എസ് ഇങ്ങനെ അവതരിപ്പിക്കുന്നുണ്ട്.

ബിംബാവലികളുടെയും ചിഹ്നങ്ങളുടെയും വലിയൊരു സഞ്ചയമാണ് കെ.ജി.എസ് കവിതകൾ. അനുഭവ ലോകത്തിൽ ബഹുസ്വരതയുടെ തുറസ്സു വന്നതോടെ ചിഹ്നങ്ങളുടെ വലിയൊരു വ്യൂഹം തന്നെ കവിതയിലേയ്ക്ക് ആനയിക്കപ്പെടുന്നുണ്ട്. കടമ്പനാട്, കൊച്ചി, ശൂരനാട്, എടവനക്കാട് എന്നിങ്ങനെ നാഗരികതയ്ക്ക് എതിർദിശയിൽ നിൽക്കുന്ന ദേശങ്ങൾ കവിതയിൽ ഇടം നേടുന്നു. അതാവട്ടെ ആദ്യം സൂചിപ്പിച്ച പോലെ പ്രാദേശീയതയുടെ ആഘോഷമായല്ല. അതുകൊണ്ടാണ് എടവനക്കാട് എടവും വനവും കാടു മുണ്ടോടീ എന്ന് ചോദിക്കുന്നത്. നാടിനെ നാടാക്കി നിർത്തുന്ന സ്വത്വസംസ്‌കാരം പോലും നഷ്ടപ്പെട്ട ഒരിടത്തു നിന്നാണ് നാഗരികതയെക്കുറിച്ചും പ്രാദേശീയതയെക്കുറിച്ചും കവിയുടെ ബദൽ ഭാഷണങ്ങൾ ഉണ്ടാകുന്നത്.

ഫോട്ടോ: ഹക്സർ. ആർ.കെ

മനുഷ്യരല്ലാത്ത ധാരാളം ജീവികളെ നമുക്ക് കെ.ജി.എസിന്റെ കവിതയിൽ കണ്ടുമുട്ടാൻ കഴിയും. പലതിനും പ്രതീകശക്തി എന്നതിൽ നിന്ന് പ്രവർത്തിക്കുന്ന മറ്റൊരു ലോക ജീവിതം എന്ന നിലയ്ക്കാണ് ഈ ജീവികൾ കടന്നുവരുന്നത്. അതിൽ പറവകൾ, തിര്യക്കുകൾ, ഹിംസ്രജന്തുക്കൾ, സൗമ്യ ജീവിജാലങ്ങൾ എല്ലാം പെടും. പ്രാവ്, തത്ത, അണ്ണാൻ, മരംകൊത്തി, കാക്ക, കോഴി,കൊറ്റി, കുയിൽ, മയിൽ,പുള്ള്, ഓലേഞ്ഞാലി, ആറ്റക്കുരുവി, ചകോരം, വവ്വാൽ, രാപ്പാടി എന്നിങ്ങനെയുള്ള കേരളീയ ജീവികളോടൊപ്പം ഗരുഡൻ, ജഡായു എന്നിങ്ങനെയുള്ള ഇതിഹാസപ്പക്ഷികളും കടന്നുവരുന്നു. പിന്നെ കഴുതകൾ, കുതിരകൾ, പൂച്ച ,ആട് അണ്ണാൻ, ചെന്നായ, സിംഹം എന്നിങ്ങനെ വന്യവും അല്ലാത്തതുമായ ജീവികൾ. തെങ്ങ്, കവുങ്ങ്, പിലാവ്, തേന്മാവ്, പറങ്കിമാവ്, കടമ്പ് ,പേരാൽ, വയന, വേപ്പ് ഞാവൽ, റബ്ബർ, ജാതി, തേക്ക്, പാല, കാഞ്ഞിരം എന്നിങ്ങനെ നാടനും മറുനാടനുമായ വൃക്ഷങ്ങൾ. മാക്‌സ് മഹാബലി. വ്യാസൻ, ഗണപതി, ടാഗോർ പൂന്താനം, ലെനിൻ, ഗാന്ധി, ഗോഡ്‌സേ, നീത്ഷേ, ഫുക്കോ, ഉമ്പർട്ടോഎക്കോ, കോരൻ, നീലി, മാല, നെഹ്‌റു, സത്യജിത്ത് റായ്, കെ.സി.എസ്. പണിക്കർ, സ്വാമിനാഥൻ, ഇടശ്ശേരി, വൈലോപ്പിള്ളി, കക്കാട്, സുഗതകുമാരി, അയ്യപ്പപ്പണിക്കർ, ആറ്റൂർ, വിഷ്ണുനാരായണൻ നമ്പൂതിരി, കടമ്മനിട്ട എന്നിങ്ങനെ സ്വദേശികളും വിദേശികളുമായ ചിന്തകർ, കവികൾ, കഥാകാരൻമാർ, സിനിമാപ്രവർത്തകർ, പ്രതിഭാശാലികൾ, സാധാരണമനുഷ്യർ കവിതയിൽ ചിഹ്നവ്യവസ്ഥ തന്നെ നിർമിക്കുന്നു. ഒരു കാലത്തെ സാംസ്‌കാരികമായ അടയാളങ്ങളെ മുഴുവൻ കവി കവിതയിലേക്ക് ആവാഹിച്ചു നിരത്തിയിരിക്കുന്നു.

ഭാഷയിൽ പണിയുന്ന പുതിയ തച്ചൻ

പുതിയ ധാരാളം പദച്ചേരുവകളെ ശങ്കരപ്പിള്ള തന്റെ സത്യഭാഷണത്തിനായി ഉൽപ്പാദിപ്പിക്കുന്നുണ്ട്. നിലവിലുള്ളവയുടെ അർത്ഥശോഷണമാവാം കവിയെ പുതിയ തരം പദസംഘാതങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. ലജ്ജാതീക്ഷ്ണമായ ചിരി, രൗദ്ര ദൂരങ്ങൾ, പത്തിക്കീഴ്, ഗുഹക്കോവിൽ, ലയകലഹം, തളരുമിരുളിന്റെ ശ്ലഥധ്യാനം, ധീരമാനുഷ സ്തൂപം, സുഖവേഷധാരിയാം തോൽവി, കൊടി പിടിച്ചലയടിച്ചങ്കങ്ങളാടാതെ, ലോക ദ്രോഹവിചാരക, തർക്കാന്ധത, ശബ്ദാസുരൻ, അദ്വൈത മരുപ്രഭാവിസ്തൃതി ഇങ്ങനെ എത്ര വേണമെങ്കിലും പുതിയ പദച്ചേരുവകളെ കെ.ജി.എസ്സിന്റെ കവിതയിൽ നിന്നും നമുക്ക് കണ്ടെടുക്കാൻ കഴിയും ആ വിധം ഭാഷയിൽ പണിയുന്ന ഒരു പുതിയ തച്ചനെ നമുക്ക് കെ.ജി.എസിൽ കണ്ടുമുട്ടുന്നു.
ഭാഷയുടെ ഈ നവ്യദൗത്യം ആഖ്യാനത്തിലും കവി പുലർത്തുന്നു. കേരളീയവും അകേരളീയവുമായ ഈണങ്ങൾ, നാടൻപാട്ടിന്റെ ചൊൽവടിവുകൾ, പഴഞ്ചൊല്ലുകൾ എല്ലാം ഉപയോഗിച്ച് യൂറോപ്യനോ കേരളത്തനിമയോ അല്ലാത്ത പുതിയ തരം സംവേദനശീലത്തെ നിർമിക്കുന്നൊരു ആഖ്യാനരീതി കൂടി ഏറെ മൗലികമായി കെ.ജി.എസ് വികസിപ്പിച്ചെടുക്കുന്നുണ്ട്.

ഒട്ടും മാംസളതയില്ലാത്ത പേശീബലമുള്ള കവിതകളാണ് അദ്ദേഹത്തിന്റേത്. അത് നുകരാൻ പാകത്തിൽ പകർന്നു വെച്ച ഒരു വികാരമല്ല. ഉപയോഗിക്കാൻ പാകത്തിലുള്ള ഒരു വസ്തുവുമല്ല. ചരിത്രത്തെയും സംസ്‌കാരത്തെയും കൂട്ടിയിണക്കുന്ന പുനർനിർവചിക്കുന്ന, പാരമ്പര്യത്തെ ആധുനികമാക്കുന്ന ആധുനികതയെ പാരമ്പര്യവുമായി ബന്ധിപ്പിക്കുന്ന നിലനിന്നുപോരുന്ന കവിതയുടെ മറുവാക്കിന്റെ പേരായി കെ.ജി.എസിന്റെ കവിതകൾ ഇപ്പോഴും പ്രവർത്തിക്കുന്നു.▮


ദേവേശൻ പേരൂർ

എഴുത്തുകാരൻ, അധ്യാപകൻ. നീതിയോടെതിർപ്പിൻ വാഗ്ഭടാനന്ദൻ, മലയാളം നല്ല ഉത്തരങ്ങൾ, ഫാസിസത്തിനെതിരെ എം.എൻ. വിജയൻ (എഡിറ്റർ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments