ഇന്ത്യൻ സിനിമയുടെ സിൽവർ ജൂബിലി വർഷത്തിൽ ഒരു ബോംബെ ദിനപത്രം ഗാന്ധിയുടെ സന്ദേശത്തിനുവേണ്ടി സെക്രട്ടറി മഹാദേവ ദേശായിയെ സമീപിച്ചു. ഗാന്ധിക്ക് സിനിമയിൽ തീരെ താൽപര്യമില്ലെന്നും പ്രകീർത്തിക്കുന്ന വാക്കുകൾ അദ്ദേഹത്തിന്റെ അടുക്കൽ നിന്ന് പ്രതീക്ഷിക്കരുതെന്നുമായിരുന്നു ദേശായിയുടെ മറുപടി.
എന്നാൽ ജവഹർലാൽ നെഹ്‌റുവിന് സിനിമയോടുള്ള സമീപനം അതായിരുന്നില്ല. 1952ൽ ആദ്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ നെഹ്‌റു പറഞ്ഞത്, ‘ജനങ്ങളുടെ ജീവിതത്തിൽ സിനിമയ്ക്ക് അതിശക്തമായ സ്വാധീനമുണ്ടാക്കാൻ കഴിയും' എന്നാണ്. ‘ചലച്ചിത്രങ്ങൾക്ക് ശരിയായും തെറ്റായും ജനങ്ങളെ ബോധവത്ക്കരിക്കാൻ ശേഷിയുണ്ട്', നെഹ്‌റു പറഞ്ഞു.
പുതിയ ഇന്ത്യയുടെ നിർമാണത്തിൽ സിനിമക്ക് നിർണായക പങ്ക് വഹിക്കാനുണ്ട് എന്നുതന്നെയായിരുന്നു നെഹ്‌റുവിന്റെ വിശ്വാസം. 1948ൽ ഫിലിംസ് ഡിവിഷന് തുടക്കം കുറിച്ചും 1949ൽ സിനിമാ വ്യവസായത്തെ കുറിച്ച് പഠനം നടത്താൻ ഫിലിം എൻക്വയറി കമ്മിറ്റി രൂപീകരിച്ചും 1952ൽ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചും 1960ൽ ഫിലിം ഫിനാൻസ് കോർപ്പറേഷനും ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചും, 1964ൽ നാഷണൽ ഫിലിം ആർക്കൈവ്‌സ് ഓഫ് ഇന്ത്യ സ്ഥാപിച്ചും നെഹ്‌റു കലയെന്ന നിലയിലും വ്യവസായമെന്ന നിലയിലുമുള്ള സിനിമയുടെ വികാസത്തിന് ഗതിവേഗവും ദിശാബോധവും പകർന്നു. ഫിലിം എൻക്വയറി കമ്മിറ്റി റിപ്പോർട്ട് പ്രകാരം 1955ൽ ആറുദിവസം നീണ്ട ചലച്ചിത്ര സെമിനാർ ഇന്ത്യാ ഗവൺമെൻറ് സംഘടിപ്പിക്കുകയുണ്ടായി. (ദിലീപ് കുമാറിനെ കണ്ടെത്തിയ ബോംബെ ടാക്കീസ് ഉടമ ദേവികാ റാണി ഈ സെമിനാറിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്നു.)
നെഹ്‌റുവിന്റെ പ്രതീക്ഷകൾക്ക് ശക്തി പകരുന്നതായിരുന്നു 1950കളിലും 60കളിലും ഹിന്ദി സിനിമാ ലോകത്തുനിന്ന് പുറത്തുവന്ന നിരവധി സിനിമകൾ. ആവാര (1951), ഫുട്പാത്ത് (1953), ടാക്‌സി ഡ്രൈവർ (1954), ശ്രീ 420 (1955), നയാ ദോർ (1957), മദർ ഇന്ത്യ (1957), ജിസ് ദേശ് മേം ഗംഗ ബേത്തി ഹേ (1960), ഗംഗ യമുന (1961) തുടങ്ങി നിരവധി ചിത്രങ്ങൾ ബോളിവുഡിൽ നിന്ന് പുറത്തിറങ്ങി. 1954ൽ പുറത്തിറങ്ങിയ ജാഗൃതി എന്ന ചിത്രത്തിലെ ഒരു ദേശസ്‌നേഹ ഗാന രംഗത്ത് ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ഫോട്ടോഗ്രാഫിലേക്ക് ക്യാമറ സൂം ചെയ്യുന്നതും 57ൽ പുറത്തിറങ്ങിയ അബ് ദില്ലി ദൂർ നഹി എന്ന ചിത്രത്തിൽ നിരപരാധിയായ പിതാവിനെ രക്ഷിക്കാൻ പ്രധാനമന്ത്രി നെഹ്‌റുവിനെ കാണാൻ ഒരു ഗ്രാമീണ ബാലൻ ഡൽഹിയിലേക്ക് വരുന്നതുമൊക്കെ നെഹ്‌റൂവിയൻ കാല സിനിമകളുടെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്.
‘പുതുയുഗം' പിറക്കുന്നു
1957ൽ പുറത്തിറങ്ങിയ ദിലീപ് കുമാർ സിനിമയുടെ പേരാണ് പുതുയുഗം. ബി. ആർ. ചോപ്ര സംവിധാനം ചെയ്ത നയാ ദോർ. അക്ഷരാർത്ഥത്തിൽ പുതുയുഗത്തിന് നാന്ദി കുറിച്ച കാലമായിരുന്നു അത്. മതേതര-ജനാധിപത്യ-വികസിത ഇന്ത്യ എന്ന ആശയത്തിന് ശക്തി പകർന്ന, ഡാമുകളും വ്യവസായ ശാലകളും ക്ഷേത്രങ്ങളാണ് എന്നു ഉറക്കെ പറഞ്ഞ ഒരു ഭരണാധികാരിയുടെ കീഴിൽ ഇന്ത്യൻ ജനത പുതിയ പ്രതീക്ഷകൾ പങ്കുവെയ്ക്കാൻ തുടങ്ങിയ കാലം. ആധുനികവത്ക്കരണത്തിന്റെയും സോഷ്യലിസ്റ്റ് ചിന്തയിൽ ഊന്നിയ സാമ്പത്തിക പരിവർത്തനങ്ങളുടെയും കാലം. നാൽപതുകളുടെ അവസാനത്തിലും അൻപതുകളുടെ തുടക്കത്തിലും പ്രണയ നഷ്ടത്തിൽ തകർന്ന, കണ്ണീർ വാർക്കുന്ന, മദ്യപനായ ദുരന്തനായക പ്രതിച്ഛായയിൽ ചലച്ചിത്രങ്ങളിൽ തുടരെത്തുടരെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന ദിലീപ് കുമാർ തന്റെ അഭിനയ ജീവിതത്തിലെ തന്നെ പുതുയുഗത്തിന് തുടക്കം കുറിക്കുകയായിരുന്നു നയാ ദോറിലെ ടോംഗവാല ശങ്കർ എന്ന കഥാപാത്രത്തിലൂടെ. രാജ്യത്താകെ ദൃശ്യമായ പ്രതീക്ഷയുടെ വെള്ളിവെളിച്ചം തന്നെയാണ് ഇച്ഛാശക്തിയുള്ള നായക സ്വരൂപങ്ങളിലൂടെ ദിലീപ് കുമാർ പ്രദർശിപ്പിച്ചതും. എല്ലാം അവസാനിച്ചു എന്ന ബോധത്തിൽ നിന്നും നേടിയെടുക്കും എന്ന ബോധ്യത്തിലേക്കുള്ള ദിലീപ് കുമാർ കഥാപാത്രങ്ങളുടെ മാറ്റം അന്നത്തെ സാമൂഹ്യ-രാഷ്ട്രീയ ബോധത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു.
സ്വതന്ത്ര ഇന്ത്യയിലെ തൊഴിലാളിയുടെ പ്രതിരൂപമാണ് ടോംഗവാല ശങ്കർ. ‘രാജ്യത്തു നിർമിക്കപ്പെട്ട സുപ്രധാന സിനിമ' എന്നു അക്കാലത്ത് നിരൂപകരാൽ വിശേഷിക്കപ്പെട്ട നയാ ദോർ മനുഷ്യാധ്വാനത്തെ പുറന്തള്ളുകയും അധികാരം കുറച്ചു പേരിൽ മാത്രം കേന്ദ്രീകരിക്കുകയും ചെയ്യുന്ന യന്ത്രങ്ങൾക്ക് ഇവിടെ സ്ഥാനമില്ല എന്ന ഗാന്ധിയൻ ദർശനത്തിന്റെ ആവിഷ്‌കാരമായിരുന്നു. ദിലീപ് കുമാറിന്റെ അഭിനയത്തോടൊപ്പം നിരൂപകരും പ്രേക്ഷകരും മുക്തകണ്ഠം പ്രശംസിച്ചത് സിനിമ കൈകാര്യം ചെയ്ത പ്രമേയത്തിന്റെ പുരോഗമന സ്വഭാവം തന്നെയായിരുന്നു. ദ്രുതഗതിയിലുള്ള വ്യവസായവത്ക്കരണത്തിനും പൊതുമേഖലാ സ്ഥാപനങ്ങളിൽ അധിഷ്ഠിതമായ ഉദ്പാദനത്തിന്റെ ആധുനികവത്ക്കരണത്തിനും ഊന്നൽ കൊടുത്ത രണ്ടാം പഞ്ചവത്സര പദ്ധതിയുടെ (1956-61) കാലത്താണ് ഈ സിനിമ പുറത്തുവന്നത് എന്നത് യാദൃശ്ചികതയ്ക്കപ്പുറം നെഹ്‌റു മുന്നോട്ട് വെച്ച സോഷ്യൽ എഞ്ചിനീയറിംഗിൽ സിനിമയ്ക്ക് മുഖ്യ സ്ഥാനമുണ്ട് എന്നു അരക്കിട്ടുറപ്പിക്കൽ കൂടിയായി മാറി. രാഷ്ട്ര നിർമ്മാണത്തിൽ തൊഴിലാളികളുടെ സാഹോദര്യമാണ് സാത്തി ഹാത്ത് ബദാന എന്ന ഗാനം ഉദ്‌ഘോഷിച്ചത്. രാജ്യത്തെ മുന്നോട്ട് നയിക്കേണ്ടത് മനുഷ്യ മുഖമുള്ള യന്ത്രവത്ക്കരണമാണ് എന്ന സന്ദേശമാണ് നയാ ദോർ സ്ഥാപിക്കാൻ ശ്രമിച്ചത്. ഗവൺമെന്റിന്റെ വികസന നയത്തെ കുറിച്ചുള്ള സിനിമയുടെ വീക്ഷണകോൺ നെഹ്‌റുവിയൻ ദേശീയതയിൽ അധിഷ്ടിതമായിരുന്നു.
മതേതര, ജനാധിപത്യ, വ്യവസായവത്കൃത ഇന്ത്യ എന്ന സങ്കൽപ്പം 1950-60 കാലഘട്ടത്തിൽ ഇറങ്ങിയ നിരവധി ബോളിവുഡ് സിനിമകളിൽ ആന്തരികവത്ക്കരിക്കപ്പെട്ടിരുന്ന പ്രമേയമായിരുന്നു. രാജ് കപൂർ- ദിലീപ് കുമാർ- ദേവ് ആനന്ദ് താര ത്രയം തങ്ങളുടെ സിനിമകളിലൂടെ ഈ ആശയങ്ങൾക്ക് മൂർത്തരൂപം നല്കുകയും അവയെ ജനപ്രിയമാക്കുകയും ചെയ്തു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഫിലിം ഡിവിഷൻ നിർമ്മിക്കുകയും രാജ്യമാകമാനം സിനിമാ തിയറ്ററുകളിലൂടെ പ്രദർശിപ്പിക്കുകയും ചെയ്ത വികസന ചിത്രങ്ങളുടെ കഥാരൂപമായിരുന്നു പല ബോളിവുഡ് ചിത്രങ്ങളും. സിനിമ ഒരേ സമയം ആനന്ദിപ്പിക്കുന്നതും ബോധനപരവും ആയിരിക്കണം എന്ന നെഹ്‌റുവിന്റെ കാഴ്ചപ്പാടിന്റെ തിരരൂപങ്ങളായിരുന്നു അവ.
നെഹ്‌റുവിന്റെ വികസന നയം ജനപ്രിയമാക്കുന്നതിൽ ബോംബെ സിനിമകൾ എന്തു പങ്കാണ് വഹിച്ചത് എന്നതിനെ കുറിച്ച് ദിലീപ് കുമാർ കഥാപാത്രങ്ങളെ മുൻനിർത്തി പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ മേഘനാദ് ദേശായി പഠനം നടത്തുകയുണ്ടായി. ‘നെഹ്‌റൂസ് ഹീറോ: ദിലീപ് കുമാർ ഇൻ ദി ലൈഫ് ഓഫ് ഇന്ത്യ' എന്ന പുസ്തകം നെഹ്‌റൂവിയൻ കാലഘട്ടത്തെ ദിലീപ് കുമാർ എന്ന നടൻ എങ്ങനെ വെള്ളിത്തിരയിൽ പ്രതിഫലിപ്പിക്കുകയും എങ്ങനെ വികസന കാഴ്ചപ്പാടിനെ കുറിച്ചുള്ള പൊതുബോധ സൃഷ്ടിയിൽ ശക്തമായ സ്വാധീനം ചെലുത്തുകയും ചെയ്തു എന്നതിന്റെ ആഴത്തിലുള്ള പഠനമാണ്.
‘‘1950കളോടെ ഒരു പരാജിത രാഷ്ട്രം എന്ന നിലയിൽ നിന്നും ലോകരാജ്യങ്ങൾക്കിടയിൽ ആത്മവിശ്വാസമുള്ള രാഷ്ട്രമായി ഇന്ത്യ മാറി. എന്നാൽ ഇന്ത്യ- ചൈന യുദ്ധത്തോടെ പരാജയത്തിന്റെ കുഴിയിലേക്ക് രാജ്യം വീണ്ടും പതിക്കുകയായിരുന്നു. ഈ പരിണാമത്തിന്റെ വിവിധ തലങ്ങളാണ് ദിലീപ് കുമാർ സിനിമകൾ പ്രതിഫലിപ്പിച്ചത്. ഫുട്പാത്ത് (1953), നയ ദോർ (1957), ഗംഗ യമുന (1961), ലീഡർ (1964) എന്നീ ചലച്ചിത്രങ്ങൾ ഇരുളിൽ നിന്ന്വെളിച്ചത്തിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന്റെയും അവിടെനിന്ന്1960കളിൽ രൂപപ്പെട്ട പുതിയ നൈരാശ്യത്തിന്റെയും ആവിഷ്‌കാരമായി. നയാ ദോർ പരിപൂർണ്ണമായും ഒരു നെഹ്‌റൂവിയൻ ചലച്ചിത്രമാണ്’’- മേഘനാദ് ദേശായി നിരീക്ഷിക്കുന്നു.
‘‘നെഹ്‌റുവും അദ്ദേഹത്തിന്റെ നയങ്ങളും തങ്ങളുടെ അബോധ മനസിൽ എപ്പോഴും ഉണ്ടായിരുന്നു. വലിയ അണക്കെട്ടുകളും വ്യവസായ സ്ഥാപനങ്ങളുമാണ് ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങൾ എന്നു നെഹ്‌റു എപ്പോഴും പറഞ്ഞിരുന്നു. ഈ വാക്കുകൾ ഞങ്ങൾ ആന്തരികവതക്കരിച്ചു'' എന്ന് നയാ ദോറിന്റെ സംവിധായകൻ ബി. ആർ. ചോപ്രയുടെ സഹോദരനും ബോളിവുഡ് സംവിധായകനുമായ യാഷ് ചോപ്ര ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. യാഷ് ചോപ്രയുടെ 1959ലെ ചിത്രം ദൂൽ കാ ഫൂൽ മുസ്ലിം കുടുംബത്തിൽ വളരുന്ന ഒരു ഹിന്ദു കുട്ടിയുടെ കഥയാണ്. തു ഹിന്ദു ബനേഗാ ന മുസ്ലിം ബനേഗാ, ഇൻസാൻ കി ഔലാദ് ഹേ, ഇൻസാൻ ബനേഗാ എന്ന ഗാനം നെഹ്‌റുവിയൻ മതേതരത്വം പ്രതിഫലിച്ച ഗാനങ്ങളിൽ ഒന്നായിരുന്നു. യാഷ് ചോപ്രയുടെ തന്നെ അടുത്ത ചിത്രമായ ധർമപുത്ര മുസ്ലിം കുടുംബത്തിൽ വളരുന്ന ഹിന്ദു ബാലന്റെ കഥയാണ് പറഞ്ഞത്. ഇതിൽ അശോക് കുമാർ അവതരിപ്പിച്ച നവാബ് ബദ്‌റുദ്ദീൻ എന്ന കഥാപാത്രം ദേശീയ മുസ്ലിമിന്റെ തിളക്കമുള്ള മാതൃകയാണ്.
അതേസമയം ഇതേ നയങ്ങളുടെ വിമർശനവും ഈ കാലത്ത് വെള്ളിത്തിരയിൽ പ്രത്യക്ഷമായി. ഗുരു ദത്തിന്റെ പ്യാസ (1957)അത്തരം സിനിമകളിൽ ഒന്നാണ്. ചൂഷണരഹിതമായ സാമൂഹ്യ ബന്ധം സാധ്യമാണോ എന്ന ചോദ്യം ഉച്ചത്തിൽ ചോദിച്ച സിനിമയാണ് പ്യാസ. ഇതേ കാലത്ത് തന്നെ പുതിയ ഇന്ത്യയുടെ അപരലോകം മസാലപ്പടങ്ങൾ എന്നു വിളിക്കുന്ന ബി-ഗ്രേഡ് ചലച്ചിത്രങ്ങളിൽ തുടർച്ചയായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.
അറുപതുകളുടെ അവസാനത്തോടെ പട്ടിണിയും ദാരിദ്ര്യവും രാഷ്ട്രീയ-ഉദ്യോഗസ്ഥ മേഖലയിലെ അഴിമതിയും ഇന്ത്യ- ചൈന യുദ്ധവും ഒക്കെ ചേർന്നുണ്ടാക്കിയ നിരാശബോധം ഇന്ത്യൻ സമൂഹത്തിൽ പടർന്നുപിടിക്കാൻ തുടങ്ങി. അത് സിനിമയിലും പ്രത്യക്ഷമായി. ദിലീപ് കുമാർ നായകനായ ലീഡർ അത്തരമൊരു പ്രമേയമാണ് കൈകാര്യം ചെയ്തത്. സാമൂഹ്യ അപചയത്തിന്റെ താര പ്രതിരൂപമായി ക്ഷോഭിക്കുന്ന യുവാക്കൾ അമിതാഭ് ബച്ചനിലൂടെയും മറ്റും വെള്ളിത്തിര ക്കിഴടക്കിയപ്പോൾ ദിലീപ് കുമാർ അടക്കമുള്ള ‘നെഹ്‌റുവിന്റെ നായകർ' പതിയെ പിൻവാങ്ങാൻ തുടങ്ങി.
ദിലീപ് കുമാറിന്റെ രാഷ്ട്രീയ ഇടപെടലുകൾ
1950കളിൽ രാജ്യസഭയിൽ ചർച്ച ചെയ്യപ്പെട്ട പ്രധാന വിഷയങ്ങളിൽ ഒന്ന്ബോളിവുഡ് സിനിമകളിലെ ചുംബന രംഗങ്ങളും ദിലീപ് കുമാറിന്റെ ഹെയർ സ്‌റ്റൈലും ആയിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസ് എം. പി. ലീലാവതി മുൻഷി നടന്റെ ഹെയർ സ്‌റ്റൈൽ ഇന്ത്യൻ യുവാക്കളിൽ മോശമായ സ്വാധീനം ഉണ്ടാക്കുന്നു എന്നാരോപിക്കുകയുണ്ടായി. എന്നാൽ അരനൂറ്റാണ്ടിനിപ്പുറം 2000ത്തിൽ അതേ മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസ്സ് പാർട്ടിയുടെ നോമിനേറ്റഡ് എം. പിയായി ദിലീപ് കുമാർ രാജ്യസഭയിൽ എത്തി എന്നത് ചരിത്രത്തിലെ കൗതുകം.
സിനിമാ താരമാകുന്നതിന് ഒരു വർഷം മുൻപ് ഗാന്ധിയുടെ അനുയായികൾക്കൊപ്പം യേർവാദ ജയിലിൽ നിരാഹാര സമരത്തിൽ പങ്കെടുത്തതാണ് ദിലീപ് കുമാർ പങ്കെടുത്ത പ്രത്യക്ഷ പ്രക്ഷോഭം. ജോലി ചെയ്തിരുന്ന ആർമി ക്ലബിൽ വെച്ചു ബ്രിട്ടിഷ് വിരുദ്ധ പ്രസംഗം നടത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ടാണ് ദിലീപ് കുമാർ ജയിലിൽ എത്തിയത്. ‘‘സർദാർ വല്ലഭായ് പട്ടേൽ അടുത്ത സെല്ലിൽ നിരാഹാര സമരത്തിലാണ് എന്ന് സഹ തടവുകാർ എന്നോടു പറഞ്ഞു. അതുകൊണ്ട് അവരെല്ലാം നിരാഹാര സമരത്തിൽ ആണെന്നും. എന്തുകൊണ്ടാണെന്നറിയില്ല, അവരുടെ കൂടെ സമരത്തിൽ പങ്കെടുക്കണമെന്നാണ് മനസ് പറഞ്ഞത്’’, ‘ദിലീപ് കുമാർ: ദി സബ്സ്റ്റൻസ് ആൻഡ് ഷാഡോസ്' എന്ന പുസ്തകത്തിൽ ഈ സംഭവം ദിലീപ് കുമാർ ഇങ്ങനെ ഓർമിക്കുന്നു.
നെഹ്‌റു ആണ് ആദ്യമായി ദിലീപ് കുമാറിനെ ഒരു രാഷ്ട്രീയ വേദിയിലേക്ക് ക്ഷണിച്ചത്. ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ഒരു യോഗത്തെ അഭിസംബോധന ചെയ്യുവാൻ. 1957ൽ നെഹ്‌റുവിന്റെ പ്രത്യേക ആവശ്യ പ്രകാരം നോർത്ത് മൂംബെയിൽ മത്സരിച്ച വി. കെ. കൃഷ്ണമേനോനുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ദിലീപ് കുമാർ ഇറങ്ങി. 1980-81 കാലഘട്ടത്തിൽ കോൺഗ്രസ് നേതാവ് ശരദ് പവാറിന്റെ അപേക്ഷ പ്രകാരം ദിലീപ് കുമാർ ‘ഷെരീഫ് ഓഫ് മുംബൈ’ ആയി ചുമതലയേറ്റതാണ് മറ്റൊരു രാഷ്ട്രീയ ഉത്തരവാദിത്തം. വി.പി. സിങിന്റെ കൂടെ ഒരു അമേരിക്കൻ സന്ദർശനം നടത്തിയതും 1999ൽ സൗത്ത് ഡൽഹിയിൽ നിന്ന് മത്സരിച്ച മൻമോഹൻ സിംഗിനുവേണ്ടി പ്രചരണം നടത്തിയതുമാണ് മറ്റ് ചില രാഷ്ട്രീയ സാന്നിധ്യങ്ങൾ. ഏറ്റവുമൊടുവിൽ 2000ൽ മഹാരാഷ്ട്രയിൽ നിന്നുള്ള എം. പിയായി ദിലീപ് കുമാർ രാജ്യസഭയിൽ എത്തി.
1993 ലെ ബോംബെ കലാപ കാലത്ത് കലാപ ബാധിതരുടെ സംരക്ഷണത്തിന് ദിലീപ് കുമാർ സജീവമായി രംഗത്തിറങ്ങി. ഇതോടെ ശിവസേനയുടെ ആക്രമണത്തിന്റെ കുന്തമുന ദിലീപ് കുമാറിലേക്ക് തിരിഞ്ഞു. പാക് ബന്ധം ആരോപിച്ച ശിവസേന പാകിസ്ഥാന്റെ ഉന്നത സിവിലിയൻ ബഹുമതിയായ നിഷാൻ- ഇ- ഇംതിയാസ് സ്വീകരിക്കരുതെന്ന് നടനോട് ആവശ്യപ്പെട്ടു. എന്നാൽ അതിനു വഴങ്ങിക്കൊടുക്കാൻ ദിലീപ് കുമാർ തയ്യാറായില്ല.
മോദിവത്ക്കരിക്കപ്പെടുന്ന ബോളിവുഡ്
നെഹ്‌റൂവിയൻ ദേശീയതക്കുപകരം അതിതീവ്ര ദേശീയത പിടിമുറുക്കുന്ന നരേന്ദ്ര മോദിയുടെ കാലത്താണ് ദിലീപ് കുമാർ നമ്മളോട് വിടപറയുന്നത്. തീവ്രദേശീയതയുടെ ആഖ്യാനത്തിൽ നിന്നും ബോളിവുഡും മുക്തമല്ല എന്നതിന്റെ തെളിവാണ് പദ്മാവത് (2018), കേസരി (2019), തൻഹാജി (2020) തുടങ്ങിയ സിനിമകൾ. സിക്കുകാരുടെയും രാജ്പുത് വിഭാഗക്കാരുടെയും മറാത്തകളുടെയും സങ്കുചിത വികാരത്തെ ജ്വലിപ്പിക്കുന്നതും ആഘോഷിക്കുന്നതും ആയിരുന്നു ഈ പടപ്പുകൾ. ഒപ്പം തങ്ങൾക്ക് ഇഷ്ടമില്ലാത്ത സൃഷ്ടികൾക്കും കലാകാരൻമാർക്കും നേരെ സംഘടിതമായ ആക്രമണമാണ് സംഘപരിവാർ സംഘടനകൾ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. സെൻസർഷിപ്പ് നിയമങ്ങളിൽ എതിർ ശബ്ദങ്ങളെ കുരുക്കി നിശബ്ദമാക്കിയും വിവിധ ഗവൺമെന്റ് ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടിയും ഫാസിസ്റ്റ് ഭരണകൂടം ആക്രമണോത്സുക ദേശീയതയ്ക്ക് കുട പിടിക്കുകയാണ്.
ആവിഷ്‌കാര സ്വാതന്ത്ര്യം പരമ പ്രാധാനമാണ് എന്നു വിശ്വസിച്ച കലാകാരനാണ് ദിലീപ് കുമാർ. 1998ൽ ദീപ മേത്തയുടെ ഫയർ പ്രദർശിപ്പിച്ച തിയറ്ററുകൾക്ക് നേരെ ഹിന്ദുത്വ വലതുപക്ഷ വാദികൾ ആക്രമണം അഴിച്ചുവിട്ടപ്പോൾ ജാവേദ് അക്തർ, മഹേഷ് ഭട്ട് എന്നിവരോടൊപ്പം ചേർന്ന് സുപ്രീം കോടതിയിൽ പൊതു താൽപ്പര്യ ഹർജി ഫയൽ ചെയ്തുകൊണ്ടാണ് ദിലീപ് കുമാർ പ്രതികരിച്ചത്. ‘‘ആവിഷ്‌കാര സ്വാതന്ത്ര്യം കലാലോകത്തിന്റെ ജീവശ്വാസമാണ്. നമ്മൾ ചലച്ചിത്ര പ്രവർത്തകരും അഭിനേതാക്കളും എഴുത്തുകാരുമാണ്. മഹത്തായ ഈ ആശയത്തിന്റെ കഴുത്ത് ഞെരിക്കപ്പെടുമ്പോൾ എങ്ങനെയാണ് നമുക്ക് നിശബ്ദരായും അന്ധത നടിച്ചും കഴിയാൻ സാധിക്കുക?'' ദിലീപ് കുമാർ അന്ന് ചോദിച്ചു.
ബോളിവുഡിനെ ‘മോഡിഫൈ' ചെയ്യാനുള്ള നീക്കങ്ങൾ നടക്കുന്ന ഇരുണ്ട കാലത്ത് ദിലീപ് കുമാറും അദ്ദേഹം ജീവൻ പകർന്ന കഥാപാത്രങ്ങളും തെളിച്ചത്തോടെ നിലനിൽക്കുക തന്നെ ചെയ്യും.
Reference
https://www.newslaundry.com/2017/08/04/hindi-cinema-nehruvian-era-political-awareness
https://www.sahapedia.org/jawaharlal-nehru-and-rise-indian-cinema
https://www.thequint.com/entertainment/bollywood/politics-of-dilip-kumars-films-naya-daur-leader-footpath-shakti-ganga-jumna#read-more
https://thewire.in/film/dilip-kumar-inclusive-india