വായനയുടെ ഒരു സ്നേഹമാണ് ഹരികുമാർ. ജീവിച്ച ജീവിതത്തിൽ എഴുത്തുകാരും പുസ്തകങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കാഴ്ചകൾക്കപ്പുറത്തെ മനുഷ്യമനസ്സ് കാണാനുള്ള ഒരു ദർശനം ഹരികുമാർ എന്ന എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമുണ്ട് എന്ന് അനുഭവത്തിൽ എനിക്ക് തോന്നിയിട്ടുണ്ട്.
പറയാനാഗ്രഹിച്ചതും അനുഭവിച്ചറിഞ്ഞതുമായ ജീവിതസാഹചര്യങ്ങൾ സിനിമയിലുടെ വരച്ചുകാട്ടിയ സംവിധായകനാണ് കെ. ഹരികുമാർ. എഴുതിയ വാക്കും സാഹിത്യകാരരെയും തിരിച്ചറിഞ്ഞ സംവിധായകനായിരുന്നു അദ്ദേഹം. ആദ്യചിത്രമായ ആമ്പൽപ്പൂവ് എഴുതിയത് പെരുമ്പടവം ശ്രീധരനായിരുന്നു. ആമ്പൽപ്പൂവ് ഇറങ്ങിയതിനു പിന്നീട് പെരുമ്പടവം നോവലായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
ആദ്യ ചിത്രം മുതൽ പിന്നീട് ഏകലവ്യന്റെ നോവൽ അയനവും ബാലചന്ദ്രൻ ചുള്ളിക്കാടിനോടൊപ്പം ജാലകവും ഊഴവും സന്തോഷ് ഏച്ചിക്കാനത്തിനൊപ്പം കാറ്റും മഴയും ശത്രുഘ്നൻ എഴുതിയ സദ്ഗമയയും കെ. വി. മോഹൻകുമാർ എഴുതിയ ക്ലിന്റും എസ്. ഭാസുരചന്ദ്രന്റെ എഴുന്നള്ളത്തും ചലച്ചിത്രമാക്കിയെങ്കിലും എം.ടി യുടെ സുകൃതം തന്നെയാണ് ഹരികുമാർ എന്ന സംവിധായകന്റെ അടയാളചിത്രം. ഒപ്പം ലോഹിതദാസിന്റെ ഉദ്യാനപാലകൻ എന്ന മമ്മൂട്ടി ചിത്രവുമുണ്ട്.
ചെയ്ത സിനിമകളിലെല്ലാം എഴുത്തുകാരെ പൂർണമായും ഉൾക്കൊണ്ട രീതിയിലാണ് അതിന്റെ സംവിധാനം നിർവഹിച്ചത്. അവസാനചിത്രമായ ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന എം. മുകുന്ദന്റെ ചെറുകഥയും സിനിമയുടെ വിശാല ദൃശ്യമായി. അത് എം. മുകുന്ദന്റെ ആദ്യ തിരക്കഥയുമായി. കഥ എഴുതിയവർ തന്നെ തിരക്കഥാകൃത്തുക്കളാവണമെന്ന ഒരു നിശ്ചയം ഹരികുമാറിലുണ്ടായിരുന്നു എന്നും തോന്നിയിട്ടുണ്ട്.
എൺപതുകൾ മുതൽ ചെയ്ത സിനിമകളെല്ലാം വാണിജ്യാസിനിമകൾക്കൊപ്പം കലാമൂല്യം നിറഞ്ഞതും തികച്ചും പുതുമയാർന്ന സമീപനത്തോടെ ചെയ്തവയുമായിരുന്നു. കെ. ജി. ജോർജ്, ഭരതൻ, പത്മരാജൻ, ലെനിൻ രാജേന്ദ്രൻ തുടങ്ങിയവർക്കൊപ്പം ഹരികുമാറിന്റെ ചിത്രങ്ങളും മനുഷ്യമനസ്സിന്റെ അടരുകൾ അറിഞ്ഞവ തന്നെയായിരുന്നു.
കെട്ടുകാഴ്ചകളും ആവർത്തനസ്വഭാവവും ഇല്ലാതെ, പരീക്ഷണങ്ങളുടെ മടുപ്പില്ലാതെ മനുഷ്യരോട് നേരിട്ട് പറയുന്ന ചലച്ചിത്രങ്ങളായിരുന്നു അവയെല്ലാം. അഭിനേതാക്കളെ കഥാപാത്രമായി അനുഭവിപ്പിക്കുന്ന ആ മനസ്സ് എഴുത്തുകാരന്റേതുകൂടിയായിരുന്നു. തികച്ചും ഗ്രാമീണമായ ഒരു മനസിന്റെ നന്മയും സത്യവും കഥകൾ തേടുന്നതിലുണ്ടായിരുന്നു എന്ന് ചെയ്ത സിനിമകൾ കാണുമ്പോഴറിയാം.
ആമ്പൽ പൂവിൽ നാട്ടിൻപുറത്തുനിന്ന് പുറപ്പെട്ട് നഗരത്തിലെ കാബറെ നർത്തകിയായ ഒരുവളുടെ ജീവിതം പറയാൻ ആദ്യ ചിത്രം തന്നെ കാരണമായതും ആ മനസ്സ് തന്നെയാണ്. സമൂഹത്തിലെ അതിരുകളിൽ കഴിയുന്നവരുടെയും മധ്യവർത്തി ജീവിതങ്ങളും സിനിമയ്ക്ക് കഥയാക്കുമ്പോൾ ഹരികുമാറിന്റെ കാഴ്ചകളിൽ സ്നേഹവും കാരുണ്യവുമുണ്ട്.
അതൊരിക്കലും പകയുടെയും വിദ്വേഷത്തിന്റെയും ആഴങ്ങൾ അന്വേഷിക്കുന്നില്ല. സുകൃതം പോലെയൊരു സിനിമ മലയാളത്തിന്റെ കാരുണ്യമാകുന്നു. ജീവിച്ച ജീവിതത്തിന്റെ നേർപകർപ്പ് ആയതുപോലെ തോന്നി ആ സിനിമയുടെ കഥയും. മരണം സർവ്വതിനും അവസാനമെങ്കിലും അത് ജീവിച്ചിരുന്നുവെന്നതിന്റെ തെളിവ് അവശേഷിപ്പിക്കും. പറഞ്ഞതും ചെയ്തതുമൊക്കെ മറ്റുള്ളവരുടെ മനസ്സുകളിൽ നിറയുന്നുണ്ടാവുമല്ലോ.
1990 മുതലുള്ള പരിചയമാണ് അദ്ദേഹവുമായി എനിക്കുള്ളത്. എന്റെ കഥകൾ വായിച്ചറിഞ്ഞാണ് അദ്ദേഹം ഞാനുമായി പരിചയപ്പെടുന്നത്. ആ രീതിയിൽ തന്നെയാണ് പിന്നീട് ഇടപെട്ടിട്ടുള്ളതും. ഒരു ജ്യേഷ്ഠൻ എന്ന രീതിയിൽ നിൽക്കുമ്പോൾ പോലും എതിർപ്പുകൾ തുറന്നുപറയുന്ന പ്രകൃതക്കാരനായിരുന്നു അദ്ദേഹം. അത്രമേൽ അദ്ദേഹവുമായി സൗഹൃദം നിലനിറുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ദേഹം കൊണ്ട് വിയോഗമുണ്ടായെങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കൊണ്ടും ചലച്ചിത്ര രംഗത്തെ മികച്ച സംഭാവനകൾകൊണ്ടും ഹരികുമാർ എന്ന ചലച്ചിത്രകാരനുണ്ടാവും.