പഥേർ പാഞ്ചലി കണ്ട് സിനിമയിലേക്കെത്തിയ ശ്യാം ബെനഗൽ

തിയേറ്ററിലൂടെ വന്ന ആർട്ടിസ്റ്റുകളെ സിനിമയിൽ വീണ്ടും വീണ്ടും ഉപയോഗിക്കുക എന്ന രീതി ശ്യാം ബെനഗൽ ചെയ്തിട്ടുണ്ട്. ഇങ്മർ ബെർഗ്മാൻ അങ്ങനെ ചെയ്തിട്ടുള്ള സംവിധായകനാണ്. ഷബാന ആസ്മി, സ്മിത പട്ടീൽ, ഓം പുരി, നസറുദ്ദീൻ ഷാ തുടങ്ങിയ പ്രതിഭകളെയാണ് ശ്യാം തന്റെ സിനിമയിൽ ഉപയോഗപ്പെടുത്തിയത് - ജോഷി ജോസഫ് എഴുതുന്നു.

രേഖപ്പെടുത്തപ്പെടേണ്ട ഇന്ത്യൻ സിനിമ തുടങ്ങുന്നത് ‘പഥേർ പാഞ്ചലി’യിൽ നിന്നാണെന്ന് നമുക്കെല്ലാവർക്കും അറിയാമെങ്കിലും മൃണാൾ സെന്നിന്റെ ‘ഭുവൻ ഷോം’ എന്ന ഹിന്ദി സിനിമയിലൂടെയാണ് സമാന്തര സിനിമകളുടെ മൂവ്മെന്റ് സംഭവിക്കുന്നത്. സമാന്തര സിനിമയുടെ പാതയിലൂടെ മൃണാൾ സെന്നിലൂടെ മറ്റ് സംവിധായകർ കൂടി സഞ്ചരിച്ചപ്പോഴാണ് നവോത്ഥാന പാതയിലെ ചലനം ഉണ്ടാകുന്നത്. അതിന്റെ തുടർച്ചയിൽ പ്രതിഷ്ഠിക്കാവുന്ന ആളാണ് ശ്യാം ബെനഗൽ. പരസ്യ സിനിമ സംവിധായകനായിരുന്നു ആദ്യം ശ്യാം ബെനഗൽ. അത്തരം പരസ്യ സിനിമകൾ നിർമിച്ചിരുന്ന ബ്ളേസ് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ ആഡ് ഫിലിം മേക്കിങ് കമ്പനി തന്നെയാണ് സാമൂഹിക യാഥാർഥ്യങ്ങൾ എങ്ങനെ നവോത്ഥാന രീതിയിൽ അവതരിപ്പിക്കാമെന്ന ശ്യാം ബെനഗലിന്റെ ആങ്കൂർ സിനിമയടക്കമുള്ള പരീക്ഷണങ്ങൾ നിർമിച്ചത്.

പരസ്യത്തിലൂടെ പണം ഉണ്ടാക്കുമ്പോഴും ബ്ളേസ് എന്ന പരസ്യ കമ്പനി രാഷ്ട്രീയ അവബോധമുള്ള സിനിമകൾ നിർമിക്കാൻ തയ്യാറായതിൽ ശ്യാം ബെനഗലിന്റെ കലാകാരനെന്ന രീതിയിലുള്ള വ്യക്തി മുദ്ര പതിഞ്ഞു കിടക്കുന്നുണ്ട്. അത് വഴിയാണ് ബോംബെയിലെ ആഡ് ഫിലിംമേക്കറായ ഒരാൾക്ക് ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് സഞ്ചരിക്കാൻ സാധിക്കുന്നത്. ഞാൻ ഫിലിംസ് ഡിവിഷനിൽ ആയിരുന്നല്ലോ. ആ സമയത്ത് ബോംബെയിലെ ഫിലിംസ് ഡിവിഷന്റെ ആസ്ഥാനത്ത് ഇദ്ദേഹം പലതരം സിനിമകൾ നിർമിക്കാനും മറ്റുമുള്ള കമ്മറ്റികളിൽ ഉണ്ടാകാറുണ്ട്. അങ്ങനെ ഞങ്ങൾ തമ്മിൽ വളരെ അടുത്ത പരിചയവും ബന്ധവും ഉണ്ടായിരുന്നു.

പഥേർ പാഞ്ചലി  സിനിമയിലെ ഒരു രംഗം
പഥേർ പാഞ്ചലി സിനിമയിലെ ഒരു രംഗം

ഫിലിം മേക്കറാകുന്നതിന് മുമ്പ് പഥേർ പാഞ്ചലി സിനിമ കണ്ടതിനെ കുറിച്ച് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. മറ്റെന്തോ ആവശ്യത്തിന് ബോംബെയിൽ നിന്ന് കൊൽക്കത്തയിലെത്തിയ ഇദ്ദേഹം അന്നത്തെ ബസുശ്രീ എന്ന പ്രശസ്തമായ തിയേറ്ററിൽ വെച്ചാണ് പഥേർ പാഞ്ചാലി കാണുന്നത്. ഋത്വിക് ഘട്ടക്കിന്റെ അജാന്ത്രിക് ഒക്കെ റിലീസ് ചെയ്യുന്നത് വസുശ്രീയിലാണ്. ഇന്നുമുണ്ട് ആ തിയറ്റർ. അങ്ങനെ നാലോ അഞ്ചോ തവണ പഥേർ പാഞ്ചാലി സിനിമ കണ്ടിട്ടാണ് സിനിമയിലേക്ക് മാമോദീസ മുങ്ങിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആഡ് ഫിലിം മേക്കറായി ബോംബെയിൽ കഴിയുമ്പോൾ തന്നെ ആ ആഡ് ഫിലിം കമ്പനി സിനിമ നിർമിക്കാൻ തയ്യാറാവുമ്പോൾ, ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ചതിന് പിറകിൽ പഥേർ പാഞ്ചാലി അനുഭവഭങ്ങൾ ഉണ്ടെന്നാണ് ഞാൻ കരുതുന്നത്.

ആഡ് ഫിലിമിന്റെ പ്രൊഡക്ഷൻ കമ്പനി ആദ്യ രണ്ട് സിനിമ നിർമിച്ചതിന് ശേഷം മന്ഥൻ എന്ന മൂന്നാമത്തെ സിനിമ ശ്യാം ബെനഗൽ നിർമ്മിക്കുന്നത്, അമ്പതിനായിരം കർഷകരിൽ നിന്നും രണ്ട് രൂപ വീതം പിരിച്ചിട്ടാണ്. അമൂൽ കുര്യൻ ജീവിച്ചിരുന്ന സമയത്ത് തന്നെയാണത്. മന്ദൻ സിനിമയുടെ ആദ്യം തന്നെ പ്രൊഡ്യൂസ്ഡ് ബൈ 50000 ഫാമേഴ്സ് എന്ന് എഴുതിക്കാണിക്കുന്നുണ്ട്. മന്ഥൻ എന്ന സിനിമയും അതിന്റെ നിർമാണവുമാണ് ശ്യാം ബെനഗലിനെ ചരിത്രം ഓർക്കേണ്ട പ്രധാന കാര്യമെന്നാണ് ഞാൻ കരുതുന്നത്. കാരണം അത് ഇതിൽ നിന്നെല്ലാമുള്ള വിടുതലാണ്.

ശ്യാം ബെനഗൽ, സത്യജിത് റായ്, ഗോവിന്ദ് നിഹലാനി
ശ്യാം ബെനഗൽ, സത്യജിത് റായ്, ഗോവിന്ദ് നിഹലാനി

മന്ഥൻ സിനിമ, ആഡ് ഫിലിം മേക്കേഴ്സിൽ നിന്നും പണം മേടിച്ച് ഗ്രാമങ്ങളിലേക്ക് പോയ സംഭവങ്ങളിൽ നിന്നും ശ്യാം ബെനഗലിന് വിടുതൽ നൽകുന്നുണ്ട്. ആഡ് ഫിലിം മേക്കേഴ്സിന്റെ പണം വാങ്ങി പാപമുക്തിക്കായി ഗ്രാമങ്ങളിലേക്ക് പോയ വൈരുദ്ധ്യം മന്ഥൻ സിനിമയിലില്ല. എല്ലാ സോദ്ദേശ്യ സാഹിത്യവും മടുപ്പിക്കും പോലെത്തന്നെയാണ് സോദ്ദേശ്യ സിനിമയും മടുപ്പിക്കുക. ആ സിനിമ എന്താണ് പറയുകയെന്നും എവിടെയാണ് അവസാനിക്കുകയെന്നും കാഴ്ചക്കാർക്ക് മനസിലാകും. എന്നാൽ സിനിമയിലെ നാടകീയമായ ഓരോന്നും കാണികളെ ഫീൽ ചെയ്യിപ്പിക്കുന്ന രീതിയിലുള്ള മേക്കിങായിരുന്നു മന്ഥൻ സിനിമ.

അതുപോലെത്തന്നെ തിയേറ്ററിലൂടെ വന്ന ആർടിസ്റ്റുകളെ സിനിമയിൽ വീണ്ടും വീണ്ടും ഉപയോഗിക്കുക എന്ന രീതി ശ്യാം ബെനഗൽ ചെയ്തിട്ടുണ്ട്. ബർഗ്മാൻ അങ്ങനെ ചെയ്തിട്ടുള്ള ആളാണ്. ഷബാന ആസ്മി, സ്മിത പട്ടീൽ, ഓം പുരി, നസറുദ്ദീൻ ഷാ തുടങ്ങിയ ആളുകളെയാണ് ശ്യാം തന്റെ സിനിമയിൽ അഭിനയിപ്പിച്ചത്. വളരെയധികം പവർഫുളായ അഭിനേതാക്കളോടൊപ്പം ക്രിയേറ്റീവ് ടീമും അത് പോലെ ശക്തരല്ലെങ്കിൽ എല്ലാവരും ആക്ടിങ് മാത്രമാണ് നോക്കുക. എന്നാൽ ശ്യം ബെനഗലിന്റെ കൂടെ പ്രവർത്തിച്ച സത്യദേവ് ദുബെ, വിജയ് ടെണ്ടുൽക്കർ തുടങ്ങിയവരെല്ലാം ലോകത്തിലെ തന്നെ ഏറ്റവും പ്രഗത്ഭരായ പ്ലേ റൈറ്റർമാരാണ്. ശക്തരായ അഭിനേതാക്കളോടൊപ്പം അവരെ ചാലഞ്ച് ചെയ്യാൻ പാകത്തിലുള്ള എഴുത്തുകാരുടെ കരുത്തും ശ്യാം ബെനഗലിന് കൂട്ടായുണ്ടായിരുന്നു. ഭൂമിക എന്ന സിനിമയിലെല്ലാം ഈ ഗംഭീര കോമ്പിനേഷൻ സംഭവിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കോമ്പിനേഷൻ സാധിച്ചത് കൃത്യമായ പാഷൻ ഉള്ളത് കൊണ്ടാണ്. പ്രമേയവും അഭിനയവും സിനിമയുടെ പരിചരണ രീതിയുമെല്ലാമാണ് ശ്യാം ബെനഗലിന്റെ സിനിമകളിൽ ആളുകൾ ഓർത്തിരിക്കുന്നത്.

Comments