വില്യം കാര്‍ലോസ് വില്യംസ്

ഡോക്​ടറുടെ
ഓർമക്കുറിപ്പടി

സ്വാതന്ത്ര്യസമരത്തിൽനിന്നും ആദ്യ കമ്യൂണിസ്​റ്റ്​ മന്ത്രിസഭയുടെ കാലത്തുനിന്നും തുടങ്ങി കേരളീയ സാമൂഹിക ജീവിതത്തെ രൂപപ്പെടുത്തിയ ആശയധാരകളിലേക്ക്​ വികസിക്കുന്ന ഒരു ഡോക്​ടറുടെ ഓർമക്കുറിപ്പുകൾ ആരംഭിക്കുന്നു.

നുഷ്യന്റെ ജീവവായുവാണ് സാഹിത്യം.
ഭക്ഷണവും വെള്ളവും ലഭിച്ചാല്‍ ആര്‍ക്കും ജീവിക്കാം. എന്നാല്‍ ചിന്തയും വായനയും ഇല്ലാതെ വന്നാല്‍ അവിടെ ബൗദ്ധികമായ മരണമാണ് സംഭവിക്കുന്നത്.

ഭാഷാചരിത്രത്തിലൂടെ നോക്കിയാല്‍ ഡോക്ടര്‍മാര്‍ സാഹിത്യത്തിന് എടുത്തുപറയാവുന്ന സംഭാവനകള്‍ചെയ്തുപോന്നിട്ടുണ്ട്. പല ഡോക്ടര്‍മാരും അവരുടെ സര്‍ഗശേഷിക്ക് വീഥിയൊരുക്കുവാന്‍ സാഹിത്യരചന പ്രാഥമികമായി സ്വീകരിച്ചു പോന്നിട്ടുണ്ട്. മറ്റു പലരുമാകട്ടെ, മെഡിക്കല്‍ പ്രൊഫഷനോടൊപ്പം, സാഹിത്യരചനയും സ്വീകരിച്ചു വന്നിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച വേറൊരു വിഭാഗവുമുണ്ട്.

സര്‍ ആര്‍തര്‍ കോണന്‍ ഡോയൽ

ഇംഗ്ലീഷ് സാഹിത്യത്തിലെ എടുത്തുപറയാവുന്ന പ്രശസ്തരായ ചില ഉദാഹരണങ്ങള്‍ നോക്കാം. സര്‍ ആര്‍തര്‍ കോണന്‍ ഡോയലിനെ എടുക്കുക. അദ്ദേഹം അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലൂടെയാണ്. മലയാളത്തില്‍ 'സുര ലോകഹംസന്‍' ആയ ഷെര്‍ലക് ഹോംസ് എന്ന കുറ്റാന്വേഷണ വിദഗ്ദ്ധനെ സൃഷ്ടിച്ചത്, സ്‌കോട്ട്​ലാൻറുകാരനായ ഡോക്ടർ സര്‍ ആര്‍തര്‍ കോണന്‍ഡോയല്‍ ആണ്. ഈ കഥാപാത്രം നായകനായ കഥകളെല്ലാം വായനക്കാർ ആര്‍ത്തിയോടെ വായിച്ചു.
ഇടക്കൊരു കല്ലുകടിയുണ്ടായി. ഒരു കഥയില്‍ ഷെര്‍ലോക്​ ഹോംസ് മരിക്കുന്നു. വായനക്കാര്‍ വിടുമോ? അവസാനം കോനന്‍ ഡോയലിന് ഷെര്‍ലക് ഹോംസിന് ജീവന്‍ തിരിച്ചുകൊടുത്ത്​ ഒരു കഥയെഴുതേണ്ടി വന്നു. അവിടെയാണ് കഥാകൃത്തിന്റെ വിജയം. കുറ്റാന്വേഷണ കഥകളില്‍ ഷെര്‍ലക് ഹോംസ് കഥകള്‍ ഒരു മാതൃകയും നേതൃത്വവും സൃഷ്ടിച്ചു.

ആധുനിക മലയാളത്തിലെ ‘ഡോക്ടര്‍ എഴുത്തി’ന്​ തുടക്കം കുറിച്ചത് പുനത്തില്‍ കുഞ്ഞബ്ദുള്ളയില്‍ നിന്നാണ്. മെഡിക്കല്‍ രംഗത്തേക്ക് വരുന്നതിനുമുമ്പ്​ അദ്ദേഹം എഴുത്താരംഭിച്ചിരുന്നു.

റഷ്യന്‍ ഡോക്ടറായ ആന്റണ്‍ ചെക്കോവിലേക്ക് വരാം. ലോകപ്രശസ്ത നാടകകൃത്തും കഥാകൃത്തും ആകുന്നതിനുമുമ്പ് ചെക്കോവ് മെഡിക്കല്‍ വിദ്യാര്‍ഥിയും ഡോക്ടറും ആയിരുന്നു. എല്ലാ ഡോക്ടര്‍മാരെയും പോലെ പ്രാക്ടീസ് ആരംഭിച്ചു. വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്തിരുന്ന അവസരത്തില്‍ അദ്ദേഹം അസാധാരണമായ ഒരു കാര്യം ചെയ്യാന്‍ തുടങ്ങി. തന്റെ വൈദ്യശാസ്ത്ര പ്രാക്ടീസില്‍ താന്‍ കണ്ട മനുഷ്യരെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ കഥകളായി എഴുതി പ്രസിദ്ധീകരിക്കാനാരംഭിച്ചു. ഈ എഴുത്തുകളിലൂടെ അദ്ദേഹം മനുഷ്യരുടെ പലതരം ജീവിതാവസ്ഥകളും അവരുടെ മനഃശാസ്ത്രവും നിരീക്ഷിച്ചു.

അമേരിക്കയിലെ പ്രശസ്​ത ഡോക്​ടറായിരുന്ന വില്യം കാര്‍ലോസ് വില്യംസ്, അറിയപ്പെടുന്ന കവിയും എഴുത്തുകാരനുമായിരുന്നു. പ്രശസ്തനായ ആധുനിക കവിയും ഭാഷയില്‍ അന്യാദൃശമായ കഴിവുകളുള്ള വ്യക്തിയുമായിട്ടാണ് വില്യം അറിയപ്പെട്ടിരുന്നത്. മിക്ക രോഗികളുടെ ചരിത്രവും ഓരോ കഥയോ നോവലോ കവിതയോ ആയിരിക്കും.

ഇംഗ്ലണ്ടിലെ ന്യൂറോളജിസ്റ്റ് ആയ ഒലിവര്‍ സാക്‌സ് മികച്ച എഴുത്തുകാരനുമായിരുന്നു. മനുഷ്യ മസ്തിഷ്‌കത്തെ സംബന്ധിച്ചും ന്യൂറോളജിക്കല്‍ രോഗങ്ങളെ സംബന്ധിച്ചും അദ്ദേഹം എഴുതിയ ഗ്രന്ഥങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാവുന്ന ആകര്‍ഷക ശൈലിയിലായിരുന്നു. ന്യൂറോളജിക്കല്‍ രോഗങ്ങളുടെ സങ്കീര്‍ണത വിവരിക്കുന്ന ചില കേസുകൾ അദ്ദേഹം ഭംഗിയായി ആവിഷ്​കരിച്ചു.

മൈക്കിള്‍ ക്രിക്ള്‍ട്ടണ്‍

മൈക്കിള്‍ ക്രിക്ള്‍ട്ടണ്‍ അധികമൊന്നും പ്രാക്ടീസ് ചെയ്യാത്ത ഡോക്ടറായിരുന്നു. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ നിന്ന് ബിരുദമെടുത്തശേഷം മുഴുവന്‍ സമയ എഴുത്തിലേക്ക് തിരിയുകയായിരുന്നു അദ്ദേഹം. നോവലെഴുത്ത്​ തുടങ്ങുംമുമ്പ്​ കുറച്ചു കാലം പ്രാക്ടീസ് ചെയ്തിരുന്നു എന്നുമാത്രം. ത്രില്ലര്‍ നോവലുകളുടെ സ്രഷ്ടാവായിരുന്നു അദ്ദേഹം. ‘ജുറാസിക് പാര്‍ക്ക്', ‘ആന്‍ഡ്രോമീഡ സ്‌ട്രെയ്ന്‍', ‘കോങ്കോ’ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്​ത രചനകളിൽ ചിലതാണ്​.

ആധുനിക മലയാളത്തിലെ ‘ഡോക്ടര്‍ എഴുത്തി’ന്​ തുടക്കം കുറിച്ചത് പുനത്തില്‍ കുഞ്ഞബ്ദുള്ളയില്‍ നിന്നാണ്. മെഡിക്കല്‍ രംഗത്തേക്ക് വരുന്നതിനുമുമ്പ്​ അദ്ദേഹം എഴുത്താരംഭിച്ചിരുന്നു. തന്റെ മെഡിക്കല്‍ വിദ്യാഭ്യാസ കാലത്തെ ജീവനുള്ള കഥകളും അദ്ദേഹം എഴുതിയത് ഓര്‍ക്കുന്നു. വനിതാ ഡോക്ടറായ പ്രൊഫ. ഖദീജ മുംതാസ് എഴുതിയ ‘ബര്‍സ’, ‘ആത്മതീര്‍ത്ഥങ്ങളില്‍ മുങ്ങി നിവര്‍ന്ന്' എന്നിവയ്ക്ക് സാഹിത്യ അക്കാദമിയുടേതടക്കമുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ജര്‍മൻ കപ്പലുകള്‍ കൊച്ചിയെ ആക്രമിക്കുവാന്‍ വരുന്നു എന്ന ഭീതിജനകമായ വാര്‍ത്തകള്‍ കേട്ടിരുന്ന കുട്ടിക്കാലം. എംഡന്‍ എന്ന ജര്‍മ്മന്‍ കപ്പലിനെക്കുറിച്ച് എത്രയോ കഥകള്‍ അന്ന് കേട്ടിരിക്കുന്നു.

സര്‍ഗ്ഗജാതരായ ഇവരുടെയെല്ലാം മെഡിക്കല്‍ പശ്ചാത്തലം, എഴുതുവാനുള്ള പ്രചോദകം ആയിട്ടുണ്ട്. മലയാളത്തിലെ ഈ രണ്ട് പ്രശസ്തരും എഴുത്തും പ്രാക്ടീസും ഒരുമിച്ചാണ് കൊണ്ടു പോയിരുന്നത്. മലയാളത്തിലെ എഴുത്തുകാര്‍ക്ക് അതുമാത്രമായി ജീവിതായോധനത്തില്‍ മുന്നേറാനാകില്ല. വേറെ വരുമാനം കിട്ടുന്ന സ്ഥിരജോലി ആവശ്യമാണ്. അതുകൊണ്ടാണ് ഞാനും എന്നെപ്പോലുള്ള ഡോക്​ടർമാരും സര്‍ഗ്ഗസൃഷ്ടിയെ ‘രണ്ടാമത്തെ പേന’യായി സ്വീകരിക്കുന്നത്. (കോഴിക്കോട് ഈ പേരിലുള്ള ഒരു ഓണ്‍ലൈന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുമുണ്ട്).

വായനയുടെ കുട്ടിക്കാലം

എനിക്ക് കുട്ടിക്കാലം മുതല്‍ വായനയോട് വലിയ ദാഹമുണ്ടായിരുന്നു. കിട്ടിയത് ഏതും വായിക്കുക എന്നതായിരുന്നു സ്വഭാവം. തെരുവില്‍ കിടക്കുന്ന അഴുക്കുപുരണ്ട കടലാസായാലും എടുത്ത് താല്‍പ്പര്യത്തോടെ വായിക്കും. 10 - 13 വയസ്സുള്ളപ്പോൾ, എന്റെ ഗ്രാമമായ, തൃശൂർ ജില്ലയിലെ പെരിഞ്ഞനത്തും അടുത്തുമുള്ള അഞ്ച് വായനാശാലകളിലെ പുസ്തകങ്ങളെല്ലാം വായിച്ചു തീര്‍ത്തിരുന്നു. ആറേഴുവയസിൽ തുടങ്ങിയ മാതൃഭൂമി പത്രം വായന, വാരാന്തപ്പതിപ്പും ആഴ്ചപ്പതിപ്പും കടന്ന്​ മറ്റു പ്രസിദ്ധീകരണങ്ങളിലെത്തിനിൽക്കുന്നു. അന്ന് സ്‌കൂളിലെ ബ്ലാക്ക്​ ബോര്‍ഡില്‍ പ്രധാന പ്രാദേശിക വാര്‍ത്തയും അന്താരാഷ്ട്ര വാര്‍ത്തയും കോളം തിരിച്ച് എഴുതുന്നത് ഞാനായിരുന്നു.

പുനത്തില്‍ കുഞ്ഞബ്ദുള്ള, ഖദീജ മുംതാസ്

വീടിനടുത്തുള്ള കെ. എം. എം. ഹയര്‍ എലമെന്ററി സ്‌കൂള്‍, ആര്‍. എം. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ പഠനം. ഇംഗ്ലീഷ് ഭാഷാപഠനത്തിന് വലിയ താല്‍പ്പര്യമായിരുന്നു. എപ്പോഴും ഓരോ വാക്കുകളെയും അവയുടെ പ്രയോഗങ്ങളെയും കുറിച്ച് ചിന്തിക്കും. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഒരു ഇംഗ്ലീഷ് ഡിക്ഷണറി വേണമെന്ന ആഗ്രഹം മനസ്സിലുദിച്ചത്. അച്ഛനും അമ്മാവനും ശ്രീലങ്കയില്‍ ജോലിയിലായിരുന്നു. അവിടെനിന്ന്​ കിട്ടിയത് കോണ്‍സൈസ് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയായിരുന്നു. അത് റഫര്‍ ചെയ്യുകയായിരുന്നില്ല, ആദ്യം മുതല്‍ അവസാനം വരെ വായിച്ചു പഠിക്കുകയായിരുന്നു ഞാൻ ചെയ്​തത്​.

വളരെ സാധാരണമായ കുടുംബമായിരുന്നു ഞങ്ങളുടേത്. എന്നാല്‍ അസാധാരണമായ പരസ്പര സ്‌നേഹമുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന വറുതിക്കാലത്ത്​, 1943 ഏപ്രില്‍ പത്തിനായിരുന്നു ജനനം. അച്ഛൻ പണ്ടാരപ്പറമ്പില്‍ കൃഷ്ണന്‍കുട്ടി, അമ്മ കൊക്കുവായില്‍ ഭാനുമതി.

ഒന്നാം ക്ലാസിലാണെന്ന് തോന്നുന്നു, ജോര്‍ജ് അഞ്ചാമന്‍ ചക്രവര്‍ത്തിയെക്കുറിച്ചുള്ള ഒരു പാട്ട് ഞാന്‍ പാടി നടന്നത് ഓര്‍ക്കുന്നു: ‘അഞ്ചാമന്‍ ജോര്‍ജ് ഭൂപന്‍ താവക ജന്മഭൂമി വിശ്രുത രാജ്യമാകുമിംഗ്ലണ്ട്.’

ജര്‍മൻ കപ്പലുകള്‍ കൊച്ചിയെ ആക്രമിക്കുവാന്‍ വരുന്നു എന്ന ഭീതിജനകമായ വാര്‍ത്തകള്‍ കേട്ടിരുന്ന കുട്ടിക്കാലം. എംഡന്‍ എന്ന ജര്‍മ്മന്‍ കപ്പലിനെക്കുറിച്ച് എത്രയോ കഥകള്‍ അന്ന് കേട്ടിരിക്കുന്നു. എനിക്ക്, പത്ത് വയസ്സ് മൂപ്പുള്ള ചേച്ചിയുണ്ടായിരുന്നു, സരോജിനി. മുതിര്‍ന്നവര്‍ 'സരു' എന്നു വിളിക്കും. ഞങ്ങള്‍ പെങ്ങള്‍ എന്നായിരുന്നു വിളിച്ചിരുന്നത്. അവരും ഒരമ്മയെപ്പോലെയായിരുന്നു. പ്രായവ്യത്യാസമനുസരിച്ച് എനിക്ക് അപ്രകാരം രണ്ട് അമ്മമാരുണ്ടായിരുന്നു.

കോളേജ് വിദ്യാഭ്യാസകാലം മുഴുവനും സാമ്പത്തിക സഹായം ചെയ്തിരുന്നത് പെങ്ങള്‍ ആയിരുന്നു. ഇല്ലായ്മകളുണ്ടായിരുന്നെങ്കിലും സ്‌നേഹവാല്‍സല്യങ്ങളാല്‍ സമ്പന്നമായിരുന്നു കുട്ടിക്കാലം. എന്റെ അനിയനായിരുന്ന ശങ്കരനാരായണനെ ശങ്കുരു എന്ന ചുരുക്കപ്പേരിലും ഉണ്ണി എന്ന വിളിപ്പേരിലുമാണ് വിളിച്ചിരുന്നത്. ഞങ്ങള്‍ രണ്ടുപേരും വലിയ കളിക്കൂട്ടുകാരുമായിരുന്നു. പക്ഷേ പ്രായത്തിലെ ചെറിയ വ്യത്യാസമനുസരിച്ച് അവനും എനിക്കും വേറെ, വേറെ സുഹൃത്തുക്കളുണ്ടായിരുന്നു.

ആന്റണ്‍ ചെക്കോവ്

കാലവര്‍ഷത്തിൽ, ശക്തമായ കാറ്റടിക്കുമ്പോള്‍ മരങ്ങളുടെ ഇലകള്‍ മറുഭാഗം കാണിക്കുന്നത് കാണാന്‍ ഞാന്‍ നോക്കിയിരിക്കും. പ്രകൃതി അതിന്റെ മുഖഭാവം ഇടയ്ക്കിടെ മാറ്റുന്നത് കാണാന്‍വലിയ സന്തോഷമായിരുന്നു. ആ മാറ്റത്തിന്റെ സൗന്ദര്യം എനിക്കിഷ്ടമായിരുന്നു. കാടുപിടിച്ച വൃക്ഷലതാദികളും തോടുകളും പ്രകൃതിഭംഗിയുമൊക്കെയുള്ള ഇടങ്ങളാണ് എപ്പോഴും എന്റെ ഭാവനയിലുള്ള നല്ല പാര്‍പ്പിടം. ഇപ്പോള്‍ സ്ഥിതാമസമുള്ള തൃശ്ശൂര്‍ നഗരത്തിലെ വീട് കുറെയൊക്കെ അപ്രകാരമാക്കിയിട്ടുണ്ട്. തോടുകള്‍ ഇല്ല എന്നു മാത്രം. നഗരത്തില്‍ അതിനിടം കിട്ടില്ലല്ലോ.

അരിക്ക് ക്ഷാമമായിരുന്നതിനാല്‍ സ്വതന്ത്രമായി അങ്ങോട്ടുമിങ്ങോട്ടും കൊണ്ടുപോകാന്‍ കഴിയില്ല. അതുകൊണ്ട് കള്ളക്കടത്ത് വ്യാപകമായിരുന്നു. അരി കള്ളക്കടത്ത് നടത്തുന്നവര്‍ കാലില്‍ ഒരു പ്രത്യേക തരത്തില്‍ കെട്ടിയിരുന്നു, പരസ്പരം തിരിച്ചറിയാൻ.

കുഞ്ഞുകാലത്ത് വീടിനു ചുറ്റുമുള്ള അതിര്‍ത്തികളിലെ തോടുകളില്‍ വെള്ളം നിറയുന്ന അവസരം ഞങ്ങള്‍ കളിക്കാന്‍ ഉപയോഗിക്കും. തോട്ടില്‍ അണകെട്ടിയാണ്​ കളിക്കുക. ചെടികളുടെ ഇലകള്‍ പറിച്ചെടുത്ത് അമ്മയ്ക്ക് കഷായം വയ്ക്കാന്‍ എന്നു പറഞ്ഞ് ഞാന്‍ കൊടുക്കും. അണ കെട്ടി കളിച്ച അനിയന്‍ ശങ്കുരു സീനിയര്‍ എഞ്ചിനീയറായിട്ടാണ് റിട്ടയര്‍ ചെയ്തത്. 78 വയസ്സായ അവന്‍ ഇപ്പോഴും പ്രൈവറ്റ് വര്‍ക്ക് ചെയ്യുന്നു. പെങ്ങള്‍ സതേണ്‍ റെയില്‍വേയില്‍ നഴ്‌സിംഗ് സൂപ്രണ്ടായി വിരമിച്ചു. ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. എനിക്ക് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ അമ്മയെയും അച്ഛനെയും നഷ്ടപ്പെട്ടിരുന്നു. ഞങ്ങളുടെ കുടുംബത്തില്‍ ഇപ്പോള്‍ ഞാനും അനിയന്‍ ശങ്കുരുവും മാത്രമായി. കാലം നടത്തുന്ന സ്വാഭാവിക മാറ്റങ്ങള്‍ എന്നാശ്വസിക്കാം.

ബ്രിട്ടീഷ് ഇന്ത്യയിലെ വിദ്യാർഥി

1943-ൽ ഞാൻ ജനിച്ചുവീണത്​, ബ്രിട്ടീഷ്​ ഇന്ത്യയിലേക്കാണ്​. ഒന്നാം ക്ലാസിലാണെന്ന് തോന്നുന്നു, ജോര്‍ജ് അഞ്ചാമന്‍ ചക്രവര്‍ത്തിയെക്കുറിച്ചുള്ള ഒരു പാട്ട് ഞാന്‍ പാടി നടന്നത് ഓര്‍ക്കുന്നു: ‘അഞ്ചാമന്‍ ജോര്‍ജ് ഭൂപന്‍ താവക ജന്മഭൂമി വിശ്രുത രാജ്യമാകുമിംഗ്ലണ്ട്.’
ആ കവിതയുടെ താളാത്മാകതയിലായിരുന്നു എന്റെ ശ്രദ്ധ, അര്‍ത്ഥത്തിലായിരുന്നില്ല.

ജോര്‍ജ് അഞ്ചാമന്‍

രണ്ടാം ലോകമഹായുദ്ധത്തോടൊപ്പം ഇന്ത്യയില്‍ സ്വാതന്ത്ര്യസമരവും കൊടുമ്പിരിക്കൊണ്ട കാലം. 'ക്വിറ്റ് ഇന്ത്യ' സമരത്തിനുശേഷം ബ്രിട്ടനെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യ ഏകീകരിക്കപ്പെട്ടുതുടങ്ങിയിരുന്നു. കേരളീയരില്‍ രാഷ്​ട്രീയബോധം ഏറെ വികസിച്ചിരുന്നതിനാൽ ധാരാളം പേർ സ്വാതന്ത്ര്യസമരത്തിൽ പങ്കാളികളായിരുന്നു. പ്രതിഷേധത്തിലും പണിമുടക്കിലും ധാരാളം പേര്‍ പൂര്‍ണമായി പങ്കെടുത്തിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് കേരളത്തില്‍ പ്രബലമായ വേരുകളുമുണ്ടായിരുന്നു. മലബാറിലെ കോഴിപ്പുറത്ത് മാധവമേനോന്‍, കെ. പി. കേശവമേനോന്‍, കൊച്ചിയിലെ സഹോദരന്‍ അയ്യപ്പന്‍, തിരുവിതാംകൂറിലെ ടി.കെ. മാധവന്‍, സി. കേശവന്‍ തുടങ്ങിയവര്‍.
അതിനുമുമ്പുള്ള സമരങ്ങളേക്കാള്‍ ക്വിറ്റിന്ത്യാ സമരത്തിന്റെ പ്രത്യേകത, അത് പൂര്‍ണ സ്വരാജ് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരമായിരുന്നു എന്നതാണ്. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യക്കാര്‍ സംഘടിതമായി സമരത്തില്‍ പങ്കെടുത്തു. എങ്കിലും വര്‍ഗ്ഗീയ- വിഭജന ശക്തികള്‍ അവരുടെ പ്രചാരണവും ശക്തമാക്കിയിരുന്നു. അത് ചരിത്രകാരന്മാര്‍ ആരും അത്രയ്ക്ക് പരിഗണിച്ചില്ല എന്നുതോന്നുന്നു.

പുന്നപ്ര- വയലാർ സമരകാലത്തും സർദാർ ഗോപാലകൃഷ്​ണന്റെ കൊലപാതകത്തിനും കൽക്കട്ട തിസീസ്​ കാലത്തുമെല്ലാം മണപ്പുറം എന്ന കടലോരപ്രദേശം ഏതാണ്ട് മുഴുവനും രാഷ്ട്രീയമായി ചുവന്നിരുന്നു.

കേരളം എന്നൊരു ആശയം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ട പ്രദേശങ്ങള്‍ ഭാഷാപരമായും സാംസ്‌കാരികമായും ഭരണപരമായും സംയോജിപ്പിച്ച്​ ഐക്യകേരളം രൂപം കൊണ്ടത് 1956 നവംബറിൽ, എനിക്ക് 14 വയസ്സുള്ളപ്പോഴായിരുന്നു. മലബാറും കൊച്ചിയും തിരുതാംകൂറും അന്ന് വെറും മൂന്ന് പ്രദേശങ്ങളല്ല, പ്രത്യേക രാജ്യങ്ങള്‍ തന്നെയായിരുന്നുവല്ലോ. സ്വതന്ത്രമായ മൂന്ന് രാജ്യങ്ങള്‍. ഈ രാജ്യങ്ങള്‍ തമ്മില്‍ അതിര്‍ത്തി സംരക്ഷണം, കസ്റ്റംസ് പരിശോധന, പിടിച്ചെടുക്കല്‍ എന്നിവ സാധാരണമായിരുന്നു. സർ സി.പി, സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞപ്പോള്‍ ഖാലിസ്ഥാന്‍ വാദികളെപ്പോലെയോ സ്വതന്ത്ര കശ്മീര്‍വാദികളെപ്പോലെയോ ആരും അദ്ദേഹത്തെ രാജദ്രോഹി എന്ന്​ വിശേഷിപ്പിച്ചില്ല. കാരണം വ്യക്തം; അദ്ദേഹം ഹിന്ദുവായിരുന്നു.
കേരളത്തിലെ അന്നത്തെ സാമൂഹ്യ വ്യവസ്ഥിതി പരമ ദയനീയമായിരുന്നു. ഇപ്പോള്‍ ഉത്തരേന്ത്യയിലുള്ളതിനേക്കാൾ മോശം. അരിക്ക് ക്ഷാമമായിരുന്നതിനാല്‍ സ്വതന്ത്രമായി അങ്ങോട്ടുമിങ്ങോട്ടും കൊണ്ടുപോകാന്‍ കഴിയില്ല. അതുകൊണ്ട് കള്ളക്കടത്ത് വ്യാപകമായിരുന്നു. അരി കള്ളക്കടത്ത് നടത്തുന്നവര്‍ കാലില്‍ ഒരു പ്രത്യേക തരത്തില്‍ കെട്ടിയിരുന്നു, പരസ്പരം തിരിച്ചറിയാൻ.
നവോത്ഥാന മൂല്യങ്ങള്‍ സ്വീകരിക്കാന്‍ കഴിഞ്ഞതോടെ, ഉയര്‍ന്ന സാക്ഷരതയിലേക്കും ആധുനികതയിലേക്കും വളർന്ന്​, മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി മാറിയ ചരിത്രം നമ്മുടെ മുന്നിലുണ്ട്.

സർദാർ ഗോപാലകൃഷ്​ണൻ എന്ന സഖാവ്​

ജവഹർലാൽ നെഹ്‌റുവിന്റെ 'ഇന്ത്യയെ കണ്ടെത്തല്‍’ ആരംഭിക്കുന്നത് ‘വറുതി’ എന്ന അധ്യായത്തോടെയാണ്​. എന്റെ കുട്ടിക്കാലം ലോകമഹായുദ്ധം അഴിച്ചുവിട്ട വറുതിയുടെയും ദാരിദ്ര്യത്തിന്റെയും നാളുകളിലാണ്​ തുടങ്ങുന്നത്​​. ഭക്ഷണമടക്കം എല്ലാത്തിനും ക്ഷാമം. അന്നത്തെ അമ്മൂമ്മമാര്‍ക്ക് ദാരിദ്ര്യത്തെ പറ്റി മാത്രമാണ് പറയാനുണ്ടായിരുന്നത്.
വിദ്യച്​ഛക്തിയില്ല. വെളിച്ചത്തിന്​ എണ്ണവിളക്കുകള്‍ മാത്രം. മണ്ണെണ്ണ കിട്ടാനില്ല. എല്ലാ ഉല്‍പ്പന്നങ്ങളും യുദ്ധരംഗത്തേക്ക്​ പോയിക്കൊണ്ടിരുന്നു. ഇളം ചുവപ്പ് നിറത്തില്‍ കലങ്ങിയ പോലെയുള്ള ക്രൂഡ് ഓയിലായിരുന്നു മണ്ണെണ്ണ എന്ന പേരിൽ കിട്ടുക. അന്ന് കുരുഡോയില്‍ എന്നാണ് അതിനെ വിളിച്ചിരുന്നത്. അതൊഴിച്ച്​ കത്തിച്ചാൽ, വെളിച്ചമല്ല, പുകയാണുണ്ടാകുക. അവ നമ്മുടെ കാഴ്​ചയില്ലാതാക്കും. അതുകൊണ്ട്​, ‘കുരുഡോയിൽ’ എന്ന വിശേഷണത്തിൽ ഒരു കവിത കൂടിയുണ്ട്​. അതില്‍ കൂടുതലും ബിറ്റുമെൻ എന്ന ടാര്‍ അടങ്ങിയിരിക്കും. യുദ്ധം മൂലം റിഫൈനറി പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നതിനാലോ മറ്റോ ആണ്​ ഈ കുരുഡോയിൽ ലഭിച്ചിരുന്നത്​.

അന്നും ഇന്നും എന്നും ഒരു യുദ്ധവും ഒരു വിജയിയെയും സൃഷ്​ടിക്കുന്നില്ല. ഓടുന്നവരും ഓടിക്കപ്പെട്ടവരും ഒരുപോലെ കിതയ്ക്കുന്നു. ഇരുവശവും മാത്രമല്ല, ലോകമെങ്ങും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍, പരാജയപ്പെടുന്നു.

അഞ്ച് വയസ്സുമുതല്‍ മാതൃഭൂമി പതിവായി വായിച്ചിരുന്നതിനാല്‍ വാര്‍ത്തകളും രാഷ്ട്രീയവും കുറെശ്ശെ എനിക്ക് മനസ്സിലാകാൻ തുടങ്ങിയിരുന്നു. കുടുംബത്തിലെ ഒരു വല്യച്ഛന്റെ മകനായ രാമകൃഷ്ണച്ചേട്ടൻ, ചായക്കട നടത്തിയിരുന്നു. അദ്ദേഹത്തിന് ശക്തമായ ഇടതുപക്ഷ രാഷ്ട്രീയം ഉണ്ടായിരുന്നു. അന്നത്തെ ചായക്കടകൾ രാഷ്ട്രീയ വിദ്യാലയങ്ങൾ കൂടിയാണ്. രാമകൃഷ്ണച്ചേട്ടനും എന്റെ പണ്ടാരപ്പറമ്പിൽ തറവാട്ടിലെ ഭൂരിഭാഗം പേരും സര്‍ദാർ ഗോപാലകൃഷ്​ണന്റെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് കമ്യൂണിസ്റ്റുകളായിരുന്നു. കമ്യൂണിസം എന്താണെന്ന് പഠിച്ചിട്ടല്ല, അവരെല്ലാം കമ്യൂണിസ്​റ്റായത്​. കമ്യൂണിസം അവര്‍ക്ക് ഒരു വികാരമായിരുന്നു. പുന്നപ്ര- വയലാർ സമരകാലത്തും സർദാർ ഗോപാലകൃഷ്​ണന്റെ കൊലപാതകത്തിനും കൽക്കട്ട തിസീസ്​ കാലത്തുമെല്ലാം മണപ്പുറം എന്ന കടലോരപ്രദേശം ഏതാണ്ട് മുഴുവനും രാഷ്ട്രീയമായി ചുവന്നിരുന്നു.

അന്ന് മിക്ക ദിവസവും പെരിഞ്ഞനത്ത് പൊലീസ്​ റൂട്ട് മാര്‍ച്ച് നടത്തും. ജനമനസ്സിലുള്ള അന്നത്തെ പോലീസ് ചിത്രം, അടിവശം മുറിച്ച ഷോര്‍ട്‌സും ബൂട്‌സുമൊക്കയായി കൊമ്പൻ മീശ വച്ച ഒരു വില്ലൻ കഥാപാത്രത്തിന്റേതായിരുന്നു. സ്വാതന്ത്ര്യം കിട്ടിയാലത്തെ നമ്മുടെ പോലീസ് ഇപ്രകാരമോ എന്ന് ജനങ്ങളിൽ വലിയ ആശയക്കുഴപ്പമായി.

സർദാർ ഗോപാലകൃഷ്​ണൻ

1950 ജനുവരി 26ന്​, ആദ്യ റിപ്പബ്ലിക്​ ദിനത്തിലാണ്​ സഖാവ്​ സർദാർ ഗോപാലകൃഷ്​ണനെ ഇൻസ്​പെക്​ടർ ഗോവിന്ദൻ നമ്പ്യാരുടെ നേതൃത്വത്തിൽ പൊലീസുകാർ മർദ്ദിച്ചുകൊന്നത്​. മണപ്പുറത്ത്​, അടിസ്​ഥാന ജനവിഭാഗങ്ങൾ കടുത്ത ചൂഷണത്തിനിരയായിരുന്നു. അതിനെതിരെ, ജനുവരി 26ന്​ മതിലകം പൊലീസ്​ സ്​റ്റേഷനിലേക്ക്​ പ്രതിഷേധ പ്രകടനം നടത്താൻ തീരുമാനിച്ചു. പെരിഞ്ഞനം കുറ്റിലക്കടവിൽനിന്ന്​ സർദാറിന്റെ നേതൃത്വത്തിലുള്ള ജാഥ മതിലകം പള്ളിവളവ് കഴിഞ്ഞ് സ്റ്റേഷനടുത്തെത്തിയപ്പോൾ പൊലീസ്​ തടഞ്ഞു. സര്‍ദാറിനെ കോളറില്‍ പിടിച്ച് അധിക്ഷേപവാക്കുകള്‍ പറഞ്ഞു. ഇതേതുടർന്ന്​ സര്‍ദാര്‍ എസ്​.ഐയെ ചെകിടത്തടിച്ചു. അതായിരുന്നു പ്രകോപനം. സര്‍ദാറിന്റെ പട്ടാളസേവന പാരമ്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ അപ്രകാരം പ്രതികരിക്കുന്നതിന് പ്രേരിതനാക്കിയിരിക്കാം. അദ്ദേഹത്തെ ആദ്യം മതിലകം പൊലീസ്​ സ്​റ്റേഷനിലും പിന്നീട്​ വലപ്പാട്​ സ്​റ്റേഷനിലും കൊണ്ടുപോയി അതിക്രൂര മർദ്ദനത്തിനിരയാക്കി. മുറിവിൽനിന്ന്​ രക്തം വാർന്നാണ്​ കൊല്ലപ്പെട്ടത്​.

രാമകൃഷ്ണച്ചേട്ടന്റെ ചായക്കടയിലെ സംസാരങ്ങളില്‍ ഒഴിവുള്ളപ്പോഴൊക്കെ ഞാനും ശ്രോതാവായിരുന്നു. അന്നെനിക്ക് മനസ്സിലായത്, സർദാർ ഗോപാലകൃഷ്​ണനുനേരെയുണ്ടായത്​ ജാതിമര്‍ദ്ദനമായിരുന്നു എന്നാണ്​. ഈഴവനായ സർദാർ ഗോപാലകൃഷ്​ണനോടുള്ള എസ്​.ഐ നമ്പ്യാരുടെ ജാതിവെറി. അതായിരുന്നു സഖാവ് ഗോപാലകൃഷ്ണന്റെ വധത്തില്‍ കലാശിച്ചത്. പട്ടാളക്കാരനായ സര്‍ദാര്‍ അഭിമാനിയും ധീരനുമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രകടനക്കാര്‍ മതിലകം പോലീസ് സ്റ്റേഷൻ വരെ ഒരു പ്രതിഷേധപ്രകടനം മാത്രമേ ലക്ഷ്യമിട്ടിരുന്നുള്ളൂ. സര്‍ദാറെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കാൻ നമ്പ്യാർ നിർമിച്ച തിരക്കഥയായിരുന്നു സ്റ്റേഷനാക്രമണം എന്നത്​.

റിപ്പബ്ലിക്​ ദിനവും സർദാർ രക്തസാക്ഷിദിനവും ആചരിക്കാൻ ആഹ്വാനം ചെയ്​ത്​ 1953 ജനുവരി 25-ന്​ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്ത.

അന്ന് മിക്ക ദിവസവും പെരിഞ്ഞനത്ത് പൊലീസ്​ റൂട്ട് മാര്‍ച്ച് നടത്തും. ജനമനസ്സിലുള്ള അന്നത്തെ പോലീസ് ചിത്രം, അടിവശം മുറിച്ച ഷോര്‍ട്‌സും ബൂട്‌സുമൊക്കയായി കൊമ്പൻ മീശ വച്ച ഒരു വില്ലൻ കഥാപാത്രത്തിന്റേതായിരുന്നു. സ്വാതന്ത്ര്യം കിട്ടിയാലത്തെ നമ്മുടെ പോലീസ് ഇപ്രകാരമോ എന്ന് ജനങ്ങളിൽ വലിയ ആശയക്കുഴപ്പമായി. അന്ന് ഉപരിവര്‍ഗ്ഗത്തിനുമാത്രമാണ് അധികാരം കരഗതമായിരുന്നത്. ജാതിമര്‍ദ്ദനം നടത്തുന്നത് ജന്മികൾ നേരിട്ടല്ല, പോലീസും ചേര്‍ന്നാണ്​ എന്ന വ്യത്യാസമുണ്ടായിരുന്നു. അധികാരസ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥരിൽ മഹാഭൂരിപക്ഷവും ഭരണവര്‍ഗ്ഗത്തിലുള്ളവര്‍ മാത്രം. സാമ്പത്തികമായി ഭേദപ്പെട്ടവര്‍ കോൺഗ്രസിലുമായിരുന്നു. അവര്‍ പോലീസിന്റെ ഇൻഫോർമർമാരുമായി. ഒന്നുമറിയാത്ത സാധാരണക്കാർ പോലീസിന്റെ ഇരകളായിരുന്നു. പോലീസ് അവരെയെല്ലാം കമ്യൂണിസ്റ്റുകാരായി മുദ്രകുത്തി മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ അടി കിട്ടിയവര്‍ക്ക് ആര്‍ക്കും കമ്യൂണിസം എന്താണെന്നറിയില്ലായിരുന്നു. പക്ഷേ, അവര്‍ പോലീസ് സൃഷ്ടിയില്‍ കമ്മ്യൂണിസ്റ്റുകാരായിരുന്നു. പോലീസ് മര്‍ദ്ദനം അവരെ ശരിക്കുള്ള കമ്യൂണിസ്റ്റുകാരാക്കി. 1957-ല്‍ പാര്‍ട്ടി അധികാരത്തില്‍ വന്നതിൽ ഇത്തരം സാഹചര്യങ്ങളും പങ്കുവഹിച്ചിട്ടുണ്ട്​.

ഇ.എം.എസ്​ മുഹൂർത്തം നോക്കിയിരുന്നുവോ?

1957-കാലത്ത്​ ചായക്കട ചര്‍ച്ച, പ്രധാനമായും ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നതിനെ സംബന്ധിച്ച പത്രവാര്‍ത്തകളായിരുന്നു. സത്യപ്രതിജ്ഞക്ക്​ ഇ.എം.എസും മകനും വരുന്ന പടം പത്രത്തിന്റെ ആദ്യ പേജില്‍ പ്രാമുഖ്യത്തോടെ കൊടുത്തിരുന്നു. അധികാരമേല്‍ക്കുന്നതിനുമുമ്പ്​, ഇ.എം.എസ്​ മുഹൂര്‍ത്തം നോക്കിയിരുന്നോ എന്നായിരുന്നു, മാര്‍ക്‌സിസത്തോടൊപ്പം ജ്യോത്സ്യത്തിലും ഉറച്ച വിശ്വാസിയായിരുന്ന രാമകൃഷ്ണച്ചേട്ടൻ അടക്കമുള്ളവരുടെ ഉല്‍ക്കണ്ഠ. അതായിരുന്നു ചായക്കടയിലെ അന്നത്തെ ചര്‍ച്ചാവിഷയം. ഒരു സുഹൃത്ത് അത് ചേട്ടന്​ ഉറപ്പും നല്‍കിയിരുന്നു. അദ്ദേഹം ചേട്ടനെ സമാധാനിപ്പിച്ചു; ‘നോക്കിയിരുന്നു, നോക്കിയിരുന്നു, നമ്പൂതിരിയല്ലേ, നോക്കാതിരിക്കില്ലല്ലോ. അതിനാല്‍ ഭരണം കാലാവധി തികയ്ക്കും, എല്ലാ നിയമങ്ങളും പാസാക്കും'
ആ ചർച്ചകൾ അങ്ങനെ സന്തോഷകരമായ പര്യവസാനത്തിലെത്തി.

ഇ.എം.എസ് നമ്പൂതിരിപ്പാട്

നിരവധി മര്‍ദ്ദനങ്ങളും ജയില്‍വാസവും അനുഭവിച്ച ധീരവിപ്ലവനേതാവ് സഖാവ് ഗൗരിയമ്മ മുഖ്യമന്ത്രിയാകേണ്ടേ എന്നായിരുന്നു ചിലരുടെ സന്ദേഹം. അപ്രകാരം പ്രതീക്ഷിച്ചവരും ധാരാളമുണ്ടായിരുന്നു.

1957-ലെ മന്ത്രിസഭയിൽ ധനമന്ത്രിയായ സി. അച്യുതമേനോൻ, സത്യപ്രതിജ്​ഞയുടെ പിറ്റേന്ന്​ പെരിഞ്ഞനം കൊറ്റംകുളത്ത് വന്നു. അദ്ദേഹത്തെ നേരിട്ട് കാണാൻ ഞങ്ങളും പോയിരുന്നു. ഒളിവിലായിരുന്നപ്പോൾ താമസിച്ചിരുന്ന വീട്ടുകാരെ കാണാൻ അച്യുതമേനോൻ കാണിച്ച ആര്‍ജ്ജവം എല്ലാവരുടെയും ആദരവ് പിടിച്ചുപറ്റി.

മന്ത്രിമാര്‍ക്ക് സൈക്കിൾ മതി എന്നായിരുന്നു ആദ്യ മന്ത്രിസഭാ തീരുമാനം. പിന്നീടാണ്, അംബാസഡര്‍ കാറാവാം എന്ന തീരുമാനമെടുത്തത്. അച്യുതമേനോന്റെ ആദ്യ ബജറ്റ് മിച്ച ബജറ്റായിരുന്നു. ഡെഫിസിറ്റ് ഫിനാൻസിങ്ങിനെ കുറിച്ച് അന്ന് മന്ത്രിമാര്‍ അധികം ചിന്തിച്ചിരുന്നില്ല എന്നുതോന്നുന്നു. വളരെയധികം ഇച്ഛാശക്തിയുണ്ടായിരുന്ന സര്‍ക്കാറായിരുന്നു അന്ന് കേരളം ഭരിച്ചിരുന്നത്.

(തുടരും)


ഡോ. പി.കെ. സുകുമാരൻ

മനോരോഗ വിദഗ്ധൻ, എഴുത്തുകാരൻ, യുക്തിവാദ പ്രവർത്തകൻ. തൃശൂർ പ്രശാന്തി ക്ലിനിക്കിൽ കൺസൽട്ടൻറ്​ സൈക്യാടിസ്റ്റ്. ഇന്ത്യൻ സൈക്യാട്രിക്​ സൊസൈറ്റിയിൽ ആജീവനാന്ത ഫെല്ലൊ. ​​​​​​​ഹൃദ്‌രോഗം മുതൽ കോവിഡ് വരെ: രോഗലക്ഷണങ്ങളും രോഗ നിർണയവും, ശങ്കരാചാര്യർ വിചാരണ ചെയ്യപ്പെടുന്നു, വിഷാദോന്മാദ ജീവിതം ബൈപോളാർ, സ്‌കിസോഫ്രീനിയ: അനുഭവവും വിശകലനവും തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments