ഒരു വിഷയത്തിൽ ഗഹനമായ ജ്ഞാനം അതിനെ മറ്റു വിഷയങ്ങളുമായി കൂട്ടിക്കെട്ടാൻ പറ്റുന്ന ബഹുവിഷയ ജ്ഞാനം - അതാണ് ഒരു അക്കാദമീഷ്യന്റെ അഭിലഷണീയമായ നില. അന്തരിച്ച പ്രൊഫ. ടി.ബി. വേണുഗോപാലപ്പണിക്കർ ചെറിയ ചില പരിചയങ്ങളെക്കൊണ്ട് എന്നെ അറിയിച്ചത് ഇതാണ്.
കാലടി സർവ്വകലാശാലയിൽ എം.എ.യ്ക്കു ചേർന്ന സമയത്തു തന്നെയാണ് (2000) അവിടെ അദ്ധ്യാപകർക്കുള്ള റിഫ്രഷർ കോഴ്സ് നടക്കുന്നത്. പ്രൊഫസ്സറായിരുന്ന സ്കറിയാ സക്കറിയ മാഷ് രാവിലെ ഒമ്പതരയ്ക്ക് ഞങ്ങൾക്ക് ക്ലാസ്സെടുക്കുകയും പത്തരയ്ക്ക് ഞങ്ങളെ റിഫ്രഷർ കോഴ്സിൽ ഇരുത്തുകയും ചെയ്യും. അന്നാണ് ടി.ബി. വേണുഗോപാലപ്പണിക്കരെ ആദ്യമായി കാണുന്നത്. കേട്ടുപരിചയമുള്ളതും അല്ലാത്തതുമായ പ്രഗത്ഭരായ അദ്ധ്യാപകരെ പലരേയും കാണുന്നത് ആ സന്ദർഭത്തിലാണ്. ഡോ. കെ.എം. പ്രഭാകരവാര്യർ, ഡോ. വി. ആർ. പ്രബോധചന്ദ്രൻനായർ തുടങ്ങി മുതിർന്ന ഭാഷാപണ്ഡിതരുടെ രണ്ടുമണിക്കൂറിലധികം ദൈർഘ്യമുള്ള ക്ലാസ്സുകൾ അന്നാണ് കേൾക്കുന്നത്. പിന്നീട് ‘താപസ’ത്തിന്റെ (താരതമ്യ പഠനസംഘം) പല പരിപാടികളിലും വേണുഗോപാലപ്പണിക്കരെ കേട്ടു. ഗവേഷണത്തിനു ചേർന്നതിനു ശേഷമുള്ള സെമിനാറുകളിലൂടെയും മറ്റുമാണ് കൂടുതൽ പരിചയമാകുന്നത്. മാഷ് നമ്മെയും ശ്രദ്ധിച്ചിരുന്നു. ഒരിക്കൽ യാദൃച്ഛികമായി കൊടുങ്ങല്ലൂരിൽ വെച്ചു നടന്നുപോകുന്ന നേരത്ത് വേണുമാഷ് കാറോടിച്ച് വളവ് തിരിഞ്ഞു പോകുമ്പോൾ എന്നെ കണ്ട് നിർത്തുകയും കുശലം ചോദിക്കുകയും ചെയ്തത് അത്ഭുതപ്പെടുത്തി. വിരമിച്ചതിനുശേഷവും മാഷ് നടത്തിക്കൊണ്ടിരുന്ന പുതിയ പഠനങ്ങളെ, പാലിഭാഷ പഠിക്കുന്നു എന്ന അറിവൊക്കെ അത്ഭുതത്തോടെയും ആദരവോടെയും കണ്ടു. അതൊരു പ്രചോദനവുമായിരുന്നു.

ജോലിയ്ക്കൊക്കെ കയറി കുറെ വർഷങ്ങൾക്കു ശേഷം കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന, പഠനവൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്ഥാപനത്തിലെ ഹാഷിം എന്നോടു ചോദിച്ച ഒരു സംശയമാണ് വീണ്ടും മാഷിലേക്കെത്തിച്ചത്. പഠനവൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കാൻ മലയാളത്തിലെ ചിഹ്നങ്ങളുടെ പേരെന്ത് എന്നാണ് സംശയം. ആദ്യം കാര്യം ലളിതമാണ് എന്നു തോന്നിയെങ്കിലും വള്ളി, പുള്ളി കെട്ടുപുള്ളി മുതലായ കാര്യങ്ങളാണ് ചോദിക്കുന്നത് എന്നു കണ്ടപ്പോൾ സന്ദേഹമായി. യകാരത്തിന്റെയും രേഫത്തിന്റെയും ലകാരത്തിന്റെയും വകാരത്തിന്റെയും ഉപലിപിയായിട്ടുള്ള ചിഹ്നങ്ങളെക്കുറിച്ചൊക്കെ ചോദിച്ചപ്പോഴാണ് അതിന്റെ ഗൗരവം കിട്ടിയത്. കുട്ടികൾക്ക് അതെല്ലാം ഓരോ പേരിൽ പഠിപ്പിച്ചാൽ മാത്രമേ എഴുതാൻ സാധിക്കുവത്രേ. സ്കറിയാ മാഷ് ഉൾപ്പെടെയുള്ള എന്റെ അദ്ധ്യാപകരെ വിളിച്ചുവെങ്കിലും ഉത്തരം കിട്ടിയില്ല. അങ്ങനെയാണ് വേണുഗോപാലപ്പണിക്കരെ വിളിക്കുന്നത്. 2013- ലോ മറ്റോ ആണ്. നൂറ്റമ്പതു വർഷം മുന്നേ കുടിപ്പള്ളിക്കൂടത്തിൽ പഠിച്ചിരുന്ന മാഷിന്റെ അമ്മൂമ്മയുടെ പക്കൽ നിന്നു കിട്ടിയ അറിവാണ് അന്ന് മാഷ് പറഞ്ഞു തന്നത്. കുടിപ്പള്ളിക്കൂടത്തിൽ അതിനെ പഠിപ്പിക്കാൻ പ്രത്യേക രീതിയുണ്ടായിരുന്നു. കിയക്കൂട്ടം, (ക്യ), കേരക്കൂട്ടം (ക്ര), കേലക്കൂട്ടം (ക്ല), കവ്വക്കൂട്ടം (ക്വ) എന്നെല്ലാമായിരുന്നു യ ര ല വ എന്നിവയുടെ ഉപലിപിയെ (ചിഹ്നം മാത്രമായി കൊടുത്താൽ നല്ലത്) പറഞ്ഞിരുന്നത്. ഇത് അന്നുതന്നെ എഫ്.ബിയിൽ ഞാൻ പോസ്റ്റാക്കിയിരുന്നു. അന്നതിലെ കമന്റിൽ (അർച്ചന) എം.പി. നാരായണപ്പിള്ളയുടെ പരിണാമം എന്ന നോവലിൽ കുടിപ്പള്ളിക്കുടത്തിൽ ഇതു പഠിപ്പിക്കുന്നതിനെക്കുറിച്ച് എഴുതിയ ഭാഗം (ഇതറിഞ്ഞില്ലെങ്കിൽ ആ ഭാഗം വായിച്ചാൽ മനസ്സിലാകില്ല) ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചു. കീയാ കേരാ കേളാ കൗവ്വാ എന്ന് കുട്ടികൾ പറയുന്നതായാണ് അതിലുള്ളത്. അക്കാദമിക പുസ്തകങ്ങളിലൊന്നും ഈയൊരു വിവരം കണ്ടിട്ടില്ല എന്നാണ് മാഷ് പറഞ്ഞത്.
സംശയം ചോദിച്ചാൽ ചിലപ്പോൾ ഉത്തരം കിട്ടിയില്ലെങ്കിലും വേണുഗോപാലപ്പണിക്കർ മാഷുടെ മറുപടികൾ തെളിവാർന്നതായിരിക്കും. അറിവിനെക്കുറിച്ച്, വിജ്ഞാനത്തെക്കുറിച്ച് അതിന്റെ അനഭിഗമ്യതയെക്കുറിച്ച് യഥാർത്ഥ പണ്ഡിതർക്കേ അറിയൂ.
പിന്നീടൊരിക്കൽ കേരള പാണിനീയം പഠിപ്പിക്കുമ്പോൾ (എനിക്ക് ഒന്നു രണ്ടു വർഷം മാത്രമേ പഠിപ്പിക്കേണ്ടിവന്നിട്ടുള്ളൂ.) ഒരു സന്ദേഹത്തിൽ പെട്ടു. കൂടുതൽ വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ പറ്റിയ പറ്റാണ്.
ഖരാതിഖരമൂഷ്മാവും മൃദുഘോഷങ്ങളും
ദൃഢം പഞ്ചമം മധ്യമം ഹാവും ശിഥിലാഭിധമായ് വരും
എന്നു തുടങ്ങുന്ന ദ്വിത്വസന്ധി പറയുന്ന പതിമൂന്നാം കാരികയുടെ വിശദീകരിണത്തിൽ കേരള പാണിനി ഇങ്ങനെ പറഞ്ഞിരിക്കുന്നു: “വ്യഞ്ജനങ്ങളെ രണ്ടുതരമായി പിരിക്കുന്നു - ഖരങ്ങൾ 6; അതിഖരങ്ങൾ 5; മൃദുക്കൾ 5; ഘോഷങ്ങൾ 5; ഊഷ്മാക്കൾ 3; ഇങ്ങനെ 24 വ്യഞ്ജനങ്ങൾ ദൃഢങ്ങൾ, പഞ്ചമങ്ങൾ 6; മദ്ധ്യമങ്ങൾ 6; ഹ; ഇങ്ങനെ 13 വ്യഞ്ജനങ്ങൾ ശിഥിലങ്ങൾ.”
ഓരോന്നും എണ്ണിയെണ്ണി വിദ്യാർത്ഥികളോടു പറഞ്ഞു. മദ്ധ്യമത്തിൽ എത്തിയപ്പോൾ കേരള പാണിനി 6 എന്നു പറയുന്നു. ഏഴെണ്ണമുണ്ടല്ലോ. (യരലവ ളഴറ) കുഴഞ്ഞു. ഏതിനെയാണ് കേരള പാണിനി ഒഴിവാക്കിയത്? അതിനെക്കുറിച്ചൊന്നും അതിൽ വിശദീകരിക്കുന്നില്ല. എണ്ണം തെറ്റിയതല്ല, കൂട്ടി പറയുന്നതു ശരിയാണ്. അന്ന് സ്കറിയാ സക്കറിയാ മാഷ് സംസാരിക്കാൻ ബുദ്ധിമുട്ടായിട്ടിരിക്കുകയാണ്. വിളിക്കാനായില്ല. വേണു മാഷെ വിളിച്ചു. മാഷ് ഒരു പത്തുമിനിറ്റോളം ഇതേപ്പറ്റി സംസാരിച്ചു. കേരള പാണിനിയ്ക്കു തന്നെ ഇതിലുള്ള സന്ദേഹവും മാഷ് പറഞ്ഞു. റ ആയിരിക്കണം ഇവിടെ ഒഴിവാക്കിയത് എന്നാണ് കരുതുന്നത്. നാം ദ്രാവിഡ മധ്യമം എന്നൊക്കെ അഭിമാനിക്കുന്ന മലയാളത്തിലെ റ എന്ന വർണ്ണം പിന്നീടു വന്നതാകുമെന്ന് ഉദാഹരണങ്ങളിലൂടെ മാഷ് പറഞ്ഞു. ആറ്റ് ആയിരിക്കും പിന്നീട് ആറ് ആയത് എന്നിങ്ങനെയുള്ള ഉദാഹരണങ്ങൾ. ഭാഷാപരിണാമത്തിന്റെ വലിയ മേഖല. എല്ലാമൊന്നും എനിക്കു മനസ്സിലായില്ലെങ്കിലും ഭാഷാപഠനത്തിന്റെ അപാരസാധ്യതകളാണ് മാഷിന്റെ വാക്കുകളിൽ നിന്നു കിട്ടിയത്. അന്നത്തെ ആ ഫോൺ കോൾ റെക്കോഡ് ചെയ്ത് എവിടെയോ സൂക്ഷിച്ചിട്ടുണ്ട്.

പിന്നീട് വൃത്തമാനങ്ങൾ എന്ന പുസ്തകം തയ്യാറാക്കുന്നതിന്റെ ഭാഗമായി ഒരു ലേഖനം എഴുതിത്തരുമോ എന്നു ചോദിച്ചുകൊണ്ട് മാഷെ വിളിച്ചു. വസന്തതിലകത്തിലോ മറ്റോ ഒരു ശ്ലോകം എഴുതാമെന്നാല്ലാതെ തനിക്ക് അതിനെക്കുറിച്ച് ആവില്ല എന്ന് മാഷ് എഴുത്തിന്റെ സൂക്ഷ്മതയെ ഓർമ്മിപ്പിച്ചു.
മാഷ് എന്നെ ക്ലാസ്സിൽ പഠിപ്പിച്ചിട്ടില്ല. വ്യക്തിപരമായി ഏറിയ അടുപ്പവുമില്ല. എങ്കിലും മാഷിന്റെ വിയോഗം വല്ലാതെ വ്യസനിപ്പിക്കുന്നു. സംശയം ചോദിച്ചാൽ ചിലപ്പോൾ ഉത്തരം കിട്ടിയില്ലെങ്കിലും മാഷിന്റെ മറുപടികൾ തെളിവാർന്നതായിരിക്കും. അറിവിനെക്കുറിച്ച്, വിജ്ഞാനത്തെക്കുറിച്ച് അതിന്റെ അനഭിഗമ്യതയെക്കുറിച്ച് യഥാർത്ഥ പണ്ഡിതർക്കേ അറിയൂ. വിജ്ഞാനാർജ്ജനത്തിന്റെ പരിധിയെക്കുറിച്ചും പരിമിതിയെക്കുറിച്ചുമുള്ള ബോധ്യം ഉണ്ടാകുമ്പോഴും വിജ്ഞാനത്വര വെച്ചുപുലർത്താൻ കഴിയുന്ന വിദ്യാർത്ഥിയാണ് മാഷ് എന്നു പറയാനാകും. പണ്ഡിതൻ എന്ന പദം വിരുദ്ധർത്ഥത്തിൽ പ്രയോഗിക്കുന്ന, കളിയാക്കാനായി ഉപയോഗിക്കുന്ന സമകാലിക സന്ദർഭത്തിൽ യഥാർത്ഥ പണ്ഡിതരെക്കുറിച്ച് അറിയണമെങ്കിൽ ബുദ്ധിമുട്ടാണ്.

വളരെ കുറിച്ചു മാത്രം എഴുതിയിട്ടുള്ള മാഷ് യഥാർത്ഥ പണ്ഡിതനാണ്. വിജ്ഞാനം നൽകുന്ന ജനാധിപത്യത്തെക്കൂറിച്ചാണ് മാഷിന്റെ ജാഗ്രത. അതുണ്ടാക്കുന്ന സൗന്ദര്യശാസ്ത്രബോധ്യമാണ് മാഷെക്കൊണ്ട് നോവലും തർജ്ജമ ചെയ്യിക്കുന്നത് (തോപ്പിൽ മുഹമ്മദ് ബീരാന്റെ നോവൽ). മലയാളത്തിൽ എം. ഗംഗാധരനാണ് ഇതിനു സമാനമായി എനിക്ക് തോന്നിയിട്ടുള്ളത്. അദ്ദേഹവും നോവൽ തർജ്ജമ ചെയ്തിട്ടുണ്ട്. ആബേ പ്രാവോയുടെ (Abbe Prevost) ഒരു പ്രണയകഥ (manon lescaut മാനൻ ലെസ്കോ) എന്ന നോവലാണത്. ഇങ്ങനെ സർഗ്ഗാത്മകമായി ജീവിക്കുമ്പോഴാണ്, സൗന്ദര്യബോധത്തിൽ ജീവിക്കുമ്പോഴാണ് ഒരാൾ യഥാർത്ഥ പണ്ഡിതനാവുന്നത്.
മാഷെപ്പോലെയുള്ള ക്ലാസ്സിക്കൽ അക്കാദമിഷ്യന്മാർ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. സംവാദാത്മകമായ ജ്ഞാനത്തിനുമുന്നിൽ തല കുമ്പിടുന്നു. കൂടുതൽ അദ്ദേഹത്തിൽനിന്ന് നേടാനായില്ല എന്ന വ്യസനവും ഉണ്ട്. ഭാഷാപഠനത്തിലെ, വിശിഷ്യ വ്യാകരണത്തിലെ സംശയങ്ങൾ ചോദിക്കാനുള്ള ആ അവസാന അഭയകേന്ദ്രവും…