‘പൊട്ടിത്തകർന്ന കിനാവ് കൊണ്ടൊരു പട്ടുനൂലൂഞ്ഞാല് കെട്ടീ ഞാൻ…’
കുറച്ചുനാൾ മുമ്പ് ആഷിക് അബു നീലവെളിച്ചം എന്ന പേരിൽ ഭാർഗ്ഗവീനിലയം പുനഃസംവിധാനം ചെയ്തപ്പോൾ, ആത്മാവിലേക്ക് കിനിഞ്ഞിറങ്ങുന്ന ഈ പാട്ട് വീണ്ടും വീണ്ടും കേട്ടു. അബോധത്തിൽ ഉറങ്ങിക്കിടക്കുന്ന വികാരങ്ങളെ ഉണർത്താൻ പാകമായ എസ്. ജാനകിയുടെ അനേകം മലയാളം പാട്ടുകളിലൊന്ന്. ഇപ്പോൾ അവരുടെ വിടവാങ്ങൽ എല്ലാവരിലും ഒരു കാലത്തിന്റെ ഓർമ്മകൾ കൊണ്ടു വരുന്നു. ഏകദേശം മൂന്നു തലമുറകളിലേക്ക് പകർന്ന ഗാനമധുരിമ.
എഴുപതുകളിലാണ് സിനിമാപ്പാട്ടുകൾ എനിക്ക് ജീവിതത്തിന്റെ ഭാഗമായത്. അന്നാണ് റേഡിയോ എന്ന മാജിക് ബോക്സ് വീട്ടിൽ വരുന്നത്. അന്നു മുതൽ പാട്ടുകൾ പഠനസഹായിയായി കൂടെ കൂടി. വായിക്കുമ്പോഴും എഴുതുമ്പോഴുമെല്ലാം പശ്ചാത്തലത്തിൽ പാട്ടുകളുണ്ടാവുന്നത് ശീലമായി. എന്തുചെയ്യുമ്പോഴും പാട്ടുണ്ടെങ്കിൽ ബോറടിക്കില്ല എന്ന തിരിച്ചറിവ്. ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ ഇഷ്ടഗാനങ്ങൾ കൂടെയുണ്ടായാൽ മതി. പണി നടന്നുപോവും. ഇങ്ങനെ പിന്നണിയിൽ കൂടി കടന്നുപോവുകയാണെങ്കിലും കൗമാരത്തിലും യൗവ്വനത്തിലും എന്റെ തലമുറയിൽ പെട്ടവരുടെ ഭാവനയും ഭാവുകത്വവും രൂപപ്പെടുത്തുന്നതിൽ അന്നത്തെ സിനിമാപ്പാട്ടുകൾക്ക് വലിയ പങ്കുണ്ടാവും. പി. ഭാസ്കരൻ, ബാബുരാജ്, വയലാർ, ദേവരാജൻ എന്നിവരോടൊപ്പം ജാനകിയും യേശുദാസും സുശീലയുമൊക്കെ ചേർന്ന് സൃഷ്ടിക്കുന്ന വികാരപ്രപഞ്ചം. ശാരദയും ഷീലയും ജയഭാരതിയും ചേർന്ന് ഇവക്ക് ദൃശ്യമിഴിവ് നൽകുമ്പോൾ അവരോട് താദാത്മ്യം പ്രാപിച്ച് ദിവാസ്വപ്നത്തിൽ മുഴുകാത്ത കുമാരിമാരൊന്നും അന്നുണ്ടാകില്ല.
കൂടുതലും പി. ഭാസ്കരനും ബാബുരാജൂം ചേർന്നൊരുക്കിയ ഭാവസാന്ദ്രമായ ഗാനങ്ങളാണ് ജാനകിയുടെ പാട്ടുകളിൽ ഏറെ ഇഷ്ടമായത്. പാട്ടു പാടിയിരുന്ന കാലത്ത് പാടിയിരുന്നതും അവയാണ്. ‘ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായ്’, ‘ഉണരുണരൂ’, ‘സൂര്യകാന്തീ’, ‘നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ’, ‘അഞ്ജനക്കണ്ണെഴുതീ’ എന്നീ പാട്ടുകളൊക്കെ കേൾക്കാനും പാടാനും എനിക്കിഷ്ടമായിരുന്നു.

പഠനത്തിന് പിന്നണിയിലെന്ന പോലെ ക്ലാസ്സുകളിലെ ബോറടിയിൽനിന്ന് ഒരു ബ്രെയ്ക്ക് എടുക്കാനും, വിഷാദത്തിനും മാനസിക സമ്മർദ്ദത്തിനും മരുന്നായും ഈ പാട്ടുകളെല്ലാം മാറിയിട്ടുണ്ടെന്നതാണ് വാസ്തവം. മനസ്സ് മരവിക്കുമ്പോൾ ജീവജലം പോലെ ഈ പാട്ടുകൾ നമുക്കരികെ ഓടിയെത്തും. അതുകൊണ്ടാണ് നമുക്കോരോരുത്തർക്കും ഇവ സമ്മാനിച്ച ഗായിക അടുപ്പക്കാരിയാവുന്നത്. അവരുടെ നഷ്ടം ഉറ്റവരുടേതുതന്നെയാകുന്നത്. തെലുങ്കിന്റെ മകളായ ജാനകി മലയാളം പാട്ടുകൾക്ക് നൽകുന്ന ഭാവം അതിശയിപ്പിക്കുന്നതാണ് എന്നത് എല്ലാവരും പറയും. പാട്ടു കേട്ടാൽ അവർ മലയാളി അല്ല എന്ന് നമുക്ക് മനസ്സിലാവുകയേ ഇല്ല.
പരിപാടി കഴിഞ്ഞ് തിരക്കിട്ട് എസ്. ജാനകി മടങ്ങിയില്ല. രാത്രി ഏറെ വൈകുന്നതുവരെ സെക്സ് വർക്കർമാരോടൊപ്പം ഭക്ഷണം കഴിച്ച്, വിശേഷങ്ങൾ പങ്കിട്ട്, ഒപ്പം കൂടി. നാരീസക്ഷത്തിന് അവിസ്മരണീയമായ രാവായിരുന്നു അത്. ആ ഓർമ്മക്കുമുന്നിൽ ഞങ്ങളുടെ പ്രണാമം.
ആന്ധ്രയിൽ, ഗോദാവരി തീരത്തെ രാജമന്ദ്രിയിൽ ലൈംഗികത്തൊഴിലാളികൾക്കിടയിൽ ജോലി ചെയ്യുമ്പോഴാണ് നേരിട്ട് അവരുടെ പാട്ടു കേൾക്കുന്നതും കുറച്ചുസമയം കൂടെ ചെലവഴിക്കുന്നതും. പാട്ടിലെ പോലെ തന്നെ ആർദ്രമായി മനുഷ്യരോട് ചങ്ങാത്തത്തിലാവുന്ന ഒരു സാധാരണ സ്ത്രീയെയാണ് അന്നു കണ്ടത്. അസാധാരണയായ ഒരു പാട്ടുകാരിയാണ് താനെന്ന് അവർക്കറിയാത്തതുപോലെ. ലൈംഗിക തൊഴിലാളികൾക്കുനേരെ പലരും അയിത്തം പാലിച്ച് മാറിനിൽക്കുമ്പോൾ സ്വന്തം സഹോദരിമാരെ പോലെയാണ് ഈ അസാമാന്യപ്രതിഭ അവരെ ചേർത്തുനിർത്തിയതും കൂടെ ചേർന്നുനിന്നതും. അത് ഞങ്ങൾ പ്രതീക്ഷിച്ചതിനപ്പുറമായിരുന്നു.
സെക്സ് വർക്കർമാർക്കുവേണ്ടി ക്ലിനിക്കുകൾ നടത്തുന്നതോടൊപ്പം, അവകാശങ്ങൾക്കായി സംഘടിക്കുന്നതിൽ അവരെ സഹായിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ‘നാരീസക്ഷം’ (നാരീശക്തി) എന്ന പേരിലാണ് അവർ സംഘടിച്ചിരുന്നത്. മറ്റു വരുമാനമാർഗ്ഗം കണ്ടെത്താൻ നടത്തുന്ന അവരുടെ സംരംഭങ്ങൾക്കും ‘നാരി’ എന്നുചേർത്ത് പേരു നൽകി. അവർ നടത്തുന്ന ഭക്ഷണശാലക്ക് നാരീ ഭോജനശാല എന്നു പേരിട്ടു.

പലവിധ പ്രവർത്തനങ്ങൾക്കായി അന്നവർ വാഹനങ്ങൾ വാടകക്ക് എടുത്തിരുന്നു. അതിന് ധാരാളം പണം ചെലവഴിക്കേണ്ടിയിരുന്നതിനാൽ, സ്വന്തമായി ഒരു വാഹനം വാങ്ങിയാൽ എന്താണെന്ന ആലോചനയുണ്ടായി. വാങ്ങുന്നതിനുമുൻപ് തന്നെ അതിന് നാരീവിഹാരി എന്ന പേരു നൽകി. അതിനുള്ള പണമുണ്ടാക്കാൻ എസ്. ജാനകിയുടെ ഒരു പ്രോഗ്രാം വെയ്ക്കാമെന്ന് അവരുടെ അടുത്ത ബന്ധുവായ ഡോക്ടർ അരുണ നിർദ്ദേശിച്ചു. അവർ ഞങ്ങളുടെ ക്ലിനിക്കിൽ സന്നദ്ധസേവനം നടത്തി വന്ന ഗൈനക്കോളജിസ്റ്റായിരുന്നു. അതിനുള്ള ഏർപ്പാടുകൾ അവർ തന്നെ ചെയ്തു. തങ്ങളുടെ വരുമാനത്തിനായി ജാനകിയമ്മ വന്ന് പ്രോഗ്രാം ചെയ്യുമെന്നത് നാരീസക്ഷത്തിലെ സ്ത്രീകൾക്ക് സ്വപ്നതുല്യമായിരുന്നു. യാതൊരു മടിയും കൂടാതെ അവർ വരാമെന്ന് സമ്മതിച്ചു. 2006 ഡിസംബർ പത്തിനായിരുന്നു പരിപാടി. 20 വർഷങ്ങൾക്കു ശേഷം ഏറെ പ്രിയമുള്ള ഈ പാട്ടുകാരി വിട പറയുമ്പോൾ ആ ദിവസത്തിന്റെ ഓർമ്മ സുഖമുള്ള നോവാകുന്നു.
തെലുങ്ക് മ്യൂസിക് ഡയറക്ടറായ സുരേഷിന്റെ മാധവ് സ്വരാഞ്ജലി എന്ന ടീമിനോടൊപ്പമാണ് അന്നവർ പരിപാടി നടത്തിയത്. എനിക്കിഷ്ടപ്പെട്ട മലയാളം പാട്ടുകളും തെലുങ്കിനോടൊപ്പം പാടിത്തന്നു. പാട്ടിനോടൊപ്പം മിമിക്രി പോലെയുള്ള പരിപാടികളും ടീമംഗങ്ങൾ അവതരിപ്പിച്ചു. പരിപാടി കഴിഞ്ഞ് തിരക്കിട്ട് അവർ മടങ്ങിയില്ല. രാത്രി ഏറെ വൈകുന്നതുവരെ സെക്സ് വർക്കർമാരോടൊപ്പം ഭക്ഷണം കഴിച്ച്, വിശേഷങ്ങൾ പങ്കിട്ട്, ഒപ്പം കൂടി. നാരീസക്ഷത്തിന് അവിസ്മരണീയമായ രാവായിരുന്നു അത്. ആ ഓർമ്മക്കുമുന്നിൽ ഞങ്ങളുടെ പ്രണാമം. നാരീവിഹാരിയെയും നാരീസക്ഷത്തെയും ആ ദിവസങ്ങളേയും ഓർക്കാൻ കൂടി എസ്. ജാനകിയുടെ വിയോഗം നിമിത്തമായി. പത്തോളം ഭാഷകളിൽ പാടിയിട്ടുള്ള അവർ മലയാളഗാനങ്ങളിലൂടെ എന്നെന്നും നമ്മോടൊപ്പം ജീവിക്കും.
