ജീവിതത്തിലെ ഏറ്റവും ക്രിയാത്മക കാലം

കോവിഡ് പോലുള്ള ഒരു മഹാമാരിയെ ആദ്യമായിട്ടാണ് ഇപ്പോഴുള്ള തലമുറകളിലുള്ളവർ അഭിമുഖീകരിക്കുന്നത്. മാത്രമല്ല കോവിഡ് ഒരു പുതിയ വൈറസുണ്ടാക്കുന്ന പുതിയൊരു രോഗവുമാണ്. രോഗത്തിന്റെ സ്വഭാവത്തെ പറ്റി നിരന്തരം പുതിയ വിവരങ്ങളാണ് ലഭിച്ച് വരുന്നത്. ഇക്കാര്യത്തിൽ ഒരു തുറന്ന ശാസ്തീയ സമീപനം സ്വീകരിക്കുക മാത്രമാണ് അഭിലഷണീയം. പുതിയ വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് പുതിയ സമീപനങ്ങൾ സ്വീകരിക്കേണ്ടിവരും. എങ്കിലും ചിലകാര്യങ്ങളിൽ ഇപ്പോൾ തന്നെ വ്യക്തതയുണ്ട്. കോവിഡിനെ തടയാൻ മാസ്‌ക് ധാരണം, ശരീര ദൂരം പാലിക്കൽ, കൈകഴുകൽ തുടങ്ങിയ സാമൂഹ്യ വാക്‌സിൻ (Socical Vaccine) എന്ന് വിശേഷിപ്പിക്കാറുള്ള ഫലപ്രദമായ പ്രതിരോധ മാർഗങ്ങൾ ഉണ്ട്. കോവിഡിനു പ്രത്യേകമായ ചികിത്സകളില്ലെങ്കിലും ഇത്തരം ഔഷധേതര മാർഗങ്ങൾ (Non Pharmacological Measures) വഴി രോഗത്തെ പ്രതിരോധിക്കാനാവും മരണനിരക്കും കുറവാണ്. അങ്ങനെ നോക്കുമ്പോൾ അമിതഭയം ആവശ്യമില്ലാത്ത രോഗമാണ് കോവിഡ്. ഇപ്പോഴിതാ വാക്സിനും എത്തിക്കഴിഞ്ഞു.

എന്നാൽ, ഏത് മഹാമാരിയും സമ്പദ്ഘടനയെ നിശ്ചലമാക്കും. അതിന്റെ ദുരിതം കൂടുതലും അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരും പ്രാന്തവൽക്കരിക്കപ്പെട്ടവരുമാണ്. മഹാമാരികളുടെ ചരിത്രം ദുർബല ജനവിഭാഗങ്ങളെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതെന്ന് പഠിപ്പിക്കുന്നുണ്ട്. കോവിഡ് കാലത്തും അങ്ങിനെ തന്നെയാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. മഹാമാരി ഒഴിഞ്ഞ് പോയാലും ഇവരുടെ ജീവിതം സാധാരണനിലയിലെത്തുക അത്ര എളുപ്പമല്ല. ഇതെല്ലാം പരിഗണിക്കുമ്പോൾ കോവിഡ് കാലം ഒരു ജനകീയാരോഗ്യ പ്രവർത്തകൻ എന്ന നിലയിൽ എന്നിൽ വലിയ മാനസിക സംഘർഷമുണ്ടാക്കുന്നുണ്ട്. അതേയവസരത്തിൽ ഒരു വ്യക്തിയെന്ന നിലയിൽ മാറ്റി വച്ച പലകാര്യങ്ങളും, പ്രത്യേകിച്ച് വായനയും എഴുത്തും കലാപ്രവർത്തനങ്ങളും, സാക്ഷാത്ക്കരിക്കാനുള്ള ഒരവസരമായി കോവിഡ് കാലം പ്രയോജനപ്പെടുത്താൻ കഴിയുന്നുമുണ്ട്. ഈയൊരു വൈരുദ്ധ്യം ജീവിതത്തിലുണ്ടാകുന്നുണ്ട്.

ഒരു ഡോക്ടർ എന്ന നിലയിൽ നോക്കുമ്പോൾ മറ്റൊരു യാഥാർത്ഥ്യവും മനസ്സിലാക്കാൻ കഴിയുന്നുണ്ട്. വൈദ്യസമൂഹം എപ്പോഴും രോഗത്തെ (പകർച്ചവ്യാധികളെയും പകർച്ചേതര രോഗങ്ങളെയും) എറ്റവും അടുത്ത് ബന്ധപ്പെട്ടും അഭിമുഖീകരിച്ചുമാണ് അവരുടെ ചുമതല നിർവഹിച്ചുവരുന്നത്. അതുകൊണ്ട് തന്നെ അവരിൽ ഭൂരിപക്ഷം പേരും രോഗിചികിത്സയിൽ ആമഗ്‌നരാവുകയും രോഗികളോട് ആർദ്രത നിലനിർത്തുകയും ചെയ്തുകൊണ്ട് രോഗാവസ്ഥയോട് ഒരുതരത്തിലുള്ള നിസ്സംഗ സമീപനം (Detachment) വളർത്തിയെടുത്തിട്ടുണ്ട്. കോവിഡിനു മുമ്പുള്ള സമാധാന കാലമെടുത്താൽ പ്രത്യേകമായ യാതൊരു മുൻ കരുതലുമെടുക്കാതെയാണ് പലതരത്തിലുള്ള പകർച്ചാ സാധ്യതയുള്ള രോഗികളുമായി പോലും ആരോഗ്യപ്രവർത്തകർ ഇടപഴകുന്നത്. അടുത്തകാലത്താണ് രോഗാണുസംക്രമണം തടയുന്നതിനുള്ള ബാരിയർ നഴ്‌സിംഗ് (Barrier Nursing) രീതികളും രോഗാണു സംക്രമണ നിയന്ത്രണവും (Infection Control) മറ്റും, രോഗാണുക്കൾ ആന്റിബയോട്ടിക്ക് പ്രതിരോധം (Anti Microbial Resistance: AMR) വളർത്തിയെടുക്കുന്നത് തടയാനുദ്ദേശിച്ച് ശക്തിപ്പെടുത്തിയത്. അതിന്റെ ഗുണം ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയ ആരോഗ്യപ്രവർത്തകർക്കും ലഭിക്കുന്നുണ്ട്.

ഡോ.ബി ഇക്ബാൽ എഡിറ്റ് ചെയ്ത് ചിന്ത പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച 'കോവിഡനോട് പൊരുതി ജയിക്കുന്ന കേരളം' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ.കെ ശൈലജ, ചിന്ത പബ്ലിക്കേഷൻസ് ജനറൽ മാനേജർ കെ. ശിവകുമാർ എന്നിവർക്കൊപ്പം ഡോ. ബി. ഇക്ബാൽ.

കോവിഡ് കാലത്ത് ഡോക്ടർമാർ രോഗി ചികിത്സയുമായി ബന്ധപ്പെട്ട് മറ്റൊരു പ്രധാന പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്. പല പ്രധാന ആശുപത്രികളും കോവിഡ് മാത്രം ചികിത്സിക്കുന്ന ആശുപത്രികളായി മാറിയിട്ടുണ്ട്. അവിടെ മാത്രമല്ല മറ്റാശുപത്രികളിലും കോവിഡേതര രോഗങ്ങൾ (Non-Covid Disease) പലതും ചിത്സിക്കാൻ കഴിയുന്നില്ല. ഇത് രോഗികൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളിലും ഭാവിയിൽ ഇതുണ്ടാക്കാനിടയുള്ള വർധിച്ച രോഗാതുരതയിലും (Morbidity) ഡോക്ടർമാർ വളരെ അസ്വസ്ഥരാണ്.കോവിഡ് ആശുപത്രികളിൽ പി.പി.ഇയും (PPE: Personal Protection Equipment) മറ്റും ധരിച്ചാണ് ആരോഗ്യപ്രവർത്തകർ ചുമതല നിർവഹിക്കുന്നത്. എന്നാൽ മറ്റ് ചികിത്സാലയങ്ങളിൽ പരിമിതമായ രോഗപ്രതിരോധ നടപടികൾ മാത്രമാണ് സ്വീകരിച്ചുവരുന്നത്. സ്വാഭാവികമായും ആരോഗ്യപ്രവർത്തകരിലേക്ക് വർധിച്ച തോതിൽ രോഗം പകരുന്നുണ്ട്. പലരും മരണമടയുന്നുമുണ്ട്. വൈദ്യസമൂഹം അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണമാണിത്. എന്നാൽ ഇതിനോട് വൈകാരികമായി വൈദ്യസമൂഹം പ്രതികരിക്കാറില്ല. ഒരു തരത്തിലുള്ള തൊഴിൽജന്യ അപകടസാധ്യതയായിട്ടാണ് (Occupational Hazard) പൊതുവിൽ ആരോഗ്യപ്രവർത്തകർ അവർക്കുണ്ടാകുന്ന രോഗബാധയെയും മരണത്തെയും കാണുന്നത്. കോവിഡ് ബാധിതരാകുന്നുണ്ടെങ്കിലും ആരോഗ്യപ്രവർത്തകർ ഒരു തരത്തിലുള്ള വേട്ടയാടൽ ഭയത്തിന് (Persecution Mania) അടിമകളാകുന്നില്ലെന്നത് ആശ്വാസകരമാണ്. ഇതെല്ലാം പരിഗണിച്ചാണ് കോവിഡ് വാക്‌സിൻ ആരോഗ്യപ്രവർത്തകർക്ക് ആദ്യം നൽകുന്നത്.

ഇൻഫർമേഷൻ ഓവർ ലോഡ്, ഓവർ കില്ല്

ഇന്റർനെറ്റ് കാലത്ത് കോവിഡിനെക്കുറിച്ചറിയാൻ ഒട്ടനവധി സ്രോതസുകളുണ്ട്. വിദഗ്ധർ പങ്കെടുക്കുന്ന ധാരാളം വെബിനാറുകൾ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഇവയിൽ നിന്നെല്ലാം ധാരാളം വിവരങ്ങൾ അക്ഷരാർത്ഥത്തിൽ ഓരോ നിമിഷവും ലഭിച്ചുവരികയാണ്. ഒരു തരത്തിലുള്ള ഇൻഫർമേഷൻ ഓവർ ലോഡും (Information Overload) ഓവർ കില്ലുമുണ്ടെന്ന് (Over Kill) പറയാം. ഞാൻ പ്രധാനമായും ലോകാരോഗ്യ സംഘടന, സെന്റർ ഫോർ ഡിസീസ് കൺട്രോൾ (Centre for Disease Control), നേച്ചർ, ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ, ജാമ (JAMA), ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ (New England Journal Of Medicine), ലാൻസെറ്റ് തുടങ്ങിയ സ്രോതസ്സുകളെയാണ് ആശ്രയിച്ച് വരുന്നത്. പ്രധാനപ്പെട്ട വിവരങ്ങൾ പങ്കിടുന്ന പല ഗ്രൂപ്പുകളിലും അംഗവുമാണ്. ഇങ്ങനെ ദിനം പ്രതി കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുതുതായിട്ട് വിവിധ രാജ്യങ്ങളിൽ സമാഹരിക്കപ്പെടുന്ന വിവരങ്ങളും പഠനങ്ങളും സ്വാംശീകരിക്കാൻ കഴിയുന്നുണ്ട്.

മഹാമാരികൾ മിക്കവയും നമുക്ക് പരിചിതമാണെങ്കിലും (പ്ലേഗ്, വസൂരി, എയ്ഡ്‌സ്) അവയെക്കുറിച്ച് ആഴത്തിലുള്ള വിവരവും വിജ്ഞാനവും മെഡിക്കൽ പഠനകാലത്ത് വേണ്ടത്ര ലഭിച്ചിട്ടില്ലെന്ന് കോവിഡ് കാലത്ത് ബോധ്യമായി. മഹാമാരികൾ ആരോഗ്യ പ്രശ്‌നങ്ങൾ മാത്രമല്ല സാമൂഹ്യ- സാമ്പത്തിക, സാംസ്‌കാരിക, എന്തിന് ആത്മീയ പ്രശ്‌നങ്ങൾ കൂടി സൃഷ്ടിക്കുന്നുണ്ട്. വിവിധ ജനവിഭാഗങ്ങളെ വ്യത്യസ്ത നിലയിലാണ് രോഗം ബാധിക്കുന്നത്. മനുഷ്യരാശിയുടെ ചരിത്രം തന്നെ മഹാമാരികൾ മാറ്റിയെഴുതിയിട്ടുണ്ട്. മഹാമാരികളുടെ ശാസ്ത്രം മാത്രമല്ല, സാമൂഹ്യശാസ്ത്രവും, ചരിത്രവുമെല്ലാം വളരെ വിശദമായി പഠിക്കേണ്ടതുണ്ട്. എന്നാൽ കേവലമായ ശാസ്ത്രീയ വിവരങ്ങൾക്ക് പുറമേ കോവിഡിന്റെ സാമൂഹ്യാ‍രോഗ്യപരമായ വശങ്ങൾ കൂടി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. മെഡിക്കൽ കോളേജുകളിൽ കൂടുതൽ ആഴത്തിൽ മഹാമാരികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതലായി പഠിപ്പിക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. മഹാമാരികളെ സംബന്ധിച്ചുള്ള പാഠപുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഞാനിപ്പോൾ മഹാമാരികളെ കുറിച്ച് ഒരു പുസ്തകം (മഹാമാരികൾ: പ്ലേഗ് മുതൽ കോവിഡ് വരെ: ചരിത്രം, ശാസ്ത്രം, അതിജീവനം) എഴുതികൊണ്ടിരിക്കുകയാണ്. അതിൽ കോവിഡ് അടക്കമുള്ള മഹാമാരികളുടെ സാമൂഹ്യപ്രത്യാഘാതങ്ങൾ കൂടി ചർച്ചചെയ്യുന്നുണ്ട്..

ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 07 ലെ ന്റെ പൂർണ്ണരൂപം

ജീവിതത്തിലെ ഏറ്റവും ക്രിയാത്മക കാലം

Comments