ഇഷ്ടമുള്ളതൊക്കെയും ചെയ്തുതന്നെ ജീവിക്കണം

"സമൂഹത്തിന്റെ വരമ്പുകളെ / നിബന്ധനകളെ മറി കടക്കാൻ, മാറി നടക്കാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു, പ്രായം കൂടുന്തോറും സമയം കുറയുന്നു എന്ന് തോന്നിയിട്ടോ അതുമല്ലെങ്കിൽ ആഗ്രഹനിവൃത്തിയില്ലാതെ കാലം തീർന്നു പോയാൽ, കേറിയിരുന്നു കലമ്പൽ കൂട്ടാൻ പനയില്ലാഞ്ഞിട്ടാണോ, എന്നറിയില്ല ഇഷ്ടമുള്ളത് ചെയ്ത് പോകുന്നത് തന്നെയാണെനിക്കിഷ്ടം" - ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. ഡോ.ജ്യോതിമോൾ പി.​​ എഴുതുന്നു.

മിക്‌സഡ് ബാഗ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു വർഷമായിരുന്നു എനിക്ക് 2022. ഔദ്യോഗികമായ പുരോഗതികൾ ഉണ്ടായി, എന്നാൽ സൃഷ്ടിപരമായ ചിന്തകൾ മനക്കോട്ടകളായി അവശേഷിച്ചു എന്നത് മറ്റൊരു വശം.
കാഴ്ച, മനുഷ്യർ, യാത്ര എന്നിങ്ങനെ കഴിഞ്ഞ വർഷത്തെ പകുത്തു വയ്ക്കാം.

ജോലിയുടെ പകപ്പ് തീർക്കാൻ എഴുത്തിനെ കരുവാക്കിയ കോവിഡ് കാലത്തിൽ നിന്നു മാറി കാഴ്ച്ചയിൽ ഭ്രമിച്ച ഒരു വർഷം. ഒടിടി പ്ലാറ്റ്ഫോമിന്റെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കാണാവുന്നതെല്ലാം കണ്ടു. അതിൽ സീരീസ് എന്നോ പഴയ, പുതിയ, അന്യഭാഷ എന്നിങ്ങനെ യാതൊരു ഭേദവുമില്ലാതെ നേര, കാല വേർതിരിവില്ലാതെ കാഴ്ചയുടെ പൂരം. ചില സിനിമകൾ കാഴ്ചക്കപ്പുറം എഴുത്തിനു നിർബന്ധിച്ചു. ചിലപ്പോൾ അതിന് വഴങ്ങി. വായനക്കാരിയുടെ കാഴ്ചയിലേക്കുള്ള കൂടു/കൂറുമാറ്റം വളരെയെളുപ്പം നടന്നു.

ഡോ.ജ്യോതിമോൾ പി.

ഔദ്യോഗിക കർത്തവ്യങ്ങളുടെ ഭാഗമായും തികച്ചും അനൗദ്യോഗികമായും പരിചയപ്പെട്ട, പരിചയം പുതുക്കിയ, പുതുതായി അറിഞ്ഞവർ അനേകം. ഓരോ മനുഷ്യനും ഒരു പുതിയ അനുഭവം തന്നെ. പുതുതായി കൂടെ കൂട്ടിയ ചിലർ, കൂടെക്കൂടിയ ചിലർ, നിബന്ധനകളില്ലാതെ നിന്നു പോരുന്ന ചിലർ, നിറങ്ങളുടെ ഒരു ആഘോഷം തന്നെയായിരുന്നു കഴിഞ്ഞ വർഷം. അതിൽ ജീവിതയാത്രയിൽ ഒപ്പം ചേർന്നവർ മുതൽ തീവണ്ടി യാത്രയിൽ അടുത്തിരുന്നവർ വരെയുണ്ട്. എന്താ എന്റെ പേരില്ലാത്തത്? എന്ന് കലമ്പുന്നവരെ ഇപ്പോഴേ തീരുമാനിക്കാം എന്നുള്ളതുകൊണ്ട് എങ്ങനെ വേണമെന്നും, വേണ്ടായെന്നും പഠിപ്പിച്ച ആരുടെയും പേരിടുന്നില്ല.

ജനുവരി 4, 2022 ന് എൽസക്കൊപ്പം ഗുരുവായൂരിലേക്ക് നടത്തിയ യാത്ര മുതൽ ഡിസംമ്പർ 23 നു ഒമാനിലേക്ക് നടത്തിയ യാത്രയടക്കം, സഞ്ചാരത്തിന്റെ കേടു തീർന്ന കൊല്ലമായിരുന്നു 2022. കോവിഡ് കാലത്ത് "ഉള്ളിൽ ചങ്ങലക്കിട്ട് വെച്ച' പൂതികളെ പൊടി തട്ടിയെടുത്ത് ചുറ്റുപാട് മുതൽ അങ്ങ് ദൂരെ വരെ ചുറ്റി കറങ്ങിയ ഒരു വർഷം. ചിലപ്പോൾ വീട്ടുകാരുടെ, അല്ലെങ്കിൽ കൂട്ടുകാരുടെ കൂടെ യാത്രയുടെ ഉന്മാദങ്ങളിൽ ഊളിയിട്ടത്, അടുത്ത കൊല്ലത്തേക്കുള്ള പ്രതീക്ഷകൾ നില നിറുത്താൻ സഹായിച്ചു. സഹപ്രവർത്തകരുടെ, സഹയാത്രികളുടെ കൂടെയുള്ള ദൈനം ദിന സഞ്ചാരങ്ങൾ അനുഭവങ്ങളുടെ തീരാ കഥകൾ സമ്മാനിച്ചു. ചിലരുടെ കഥയുടെ, യാത്രയുടെ, ജീവിത അനുഭവങ്ങളുടെ, തൊഴിലിടങ്ങളുടെ സമാഹാരമായിരുന്നു എല്ലാ ദിവസത്തെയും യാത്രകളുടെ താളം. കോഴിക്കോട് മുതൽ പയ്യന്നൂർ വരെ സ്ഥലം കണ്ടു കണ്ടും ചോയ്ച്ചു ചോയ്ച്ചും പോയ "സോളോ', ജിതിന്റെ കൂടെ അരാണാട്ടുകരയിലെ കലാപാഠശാലയിലേക്ക് നടത്തിയ യാത്ര, അവിടെ ശ്രീജയുടെ ആതിഥ്യത്തിന്റെ കുളിർമ, വരമ്പില്ലാത്ത പാഠ/ടങ്ങളുടെ സ്വാതന്ത്ര്യനുഭവം, സഹപ്രവർത്തകർക്കൊപ്പം കാടും മേടും കയറിയ, വാഗമണ്ണിലെ ഇതിനു മുമ്പ് കാണാത്ത കാഴ്ചകളുടെ ഉണർവ്, ഡിസംബറിന്റെ തണുപ്പിൽ ഒമാനിലേക്ക് കുടുംബവുമൊന്നിച്ചു നടത്തിയ യാത്ര, ഭക്ഷണത്തിന്റെ, സൗഹൃദത്തിന്റെ, സ്‌നേഹത്തിന്റെ ചൂടും തണുപ്പും നുകർന്നുള്ള സഞ്ചാരങ്ങൾ എന്നിവയെല്ലാം പ്രിയപ്പെട്ടതു തന്നെ.

വാഗമൺ /Photo: Shibupavizha George

കോഴിക്കോടൻ ഹൽവ മുതൽ അറേബ്യൻ കുനാഫ വരെയുള്ള വിഭവങ്ങൾ രുചി യാത്രയുടെ ഭാഗമായി. ഭക്ഷണം വയറിന്റെ താളം തെറ്റിച്ച ആശുപത്രിവാസവും 22 -ന്റെ ഫലത്തിൽ പെടും. ഭക്ഷണം കഴിച്ചതുകൊണ്ട് വന്ന അസുഖമായതു കൊണ്ട് പരാതിയില്ലാതെ നിശബ്ദയായി.

ഉർദു കവിതകളുടെ ഇംഗ്ലീഷ് വിവർത്തനങ്ങളുടെ വായന, അവയിൽ ചിലതിന്റെ മലയാള വിവർത്തനത്തിലെത്തിച്ചു. ശുഷ്‌കമായ എഴുത്ത് സാഹസങ്ങളിൽ അവയും പെടുന്നു.

സമൂഹത്തിന്റെ വരമ്പുകളെ / നിബന്ധനകളെ മറി കടക്കാൻ, മാറി നടക്കാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു, പ്രായം കൂടുന്തോറും സമയം കുറയുന്നു എന്ന് തോന്നിയിട്ടോ അതുമല്ലെങ്കിൽ ആഗ്രഹനിവൃത്തിയില്ലാതെ കാലം തീർന്നു പോയാൽ, കേറിയിരുന്നു കലമ്പൽ കൂട്ടാൻ പനയില്ലാഞ്ഞിട്ടാണോ, എന്നറിയില്ല ഇഷ്ടമുള്ളത് ചെയ്ത് പോകുന്നത് തന്നെയാണെനിക്കിഷ്ടം, അത് 2023ൽ ആയാലും.


ഡോ.ജ്യോതിമോൾ പി.

കോട്ടയം ബസേലിയസ് കോളേജിൽ ഇംഗ്ലീഷ് അധ്യാപിക. ഇംഗ്ലീഷിലും മലയാളത്തിലും എഴുതാറുണ്ട്. രണ്ടു ഭാഷകളിലും വിവർത്തനം ചെയ്യാറുണ്ട്.

Comments