നിരന്തര പ്രതിപക്ഷമായിരുന്ന ഡോ. എം.എം. തോമസിനെ ഓർക്കുമ്പോൾ

ആത്മീയത വൈയക്തികമായ ഭക്തിയുടെ പ്രകടനങ്ങളല്ല, മറിച്ച് അത് സമരോന്മുഖ ആത്മീയതയാണെന്ന് പ്രഖ്യാപിച്ച ഡോ. എം. എം. തോമസ്, അതുകൊണ്ടുതന്നെ മുഖ്യധാരാ ക്രൈസ്തവ സഭകളുടെയും അവയുടെ ദൈവശാസ്ത്ര പണ്ഡിതരുടെയും കണ്ണിലെ കരടായിരുന്നു. ആ ദൈവശാസ്ത്രജ്ഞന്റെ ജീവിതത്തിലേക്കും അന്വേഷണങ്ങളിലേക്കും വായനക്കാരെ ക്ഷണിക്കുക വഴി ദൈവവിശ്വാസത്തിന്റെ സാമൂഹിക-രാഷ്ട്രീയ മുഖത്തെ വീണ്ടെടുക്കേണ്ടതുണ്ട്. അദ്ദേഹം മരിച്ചിട്ട് 2021 ഡിസംബർ മൂന്നിന് 25 വർഷം തികയുകയാണ്.

ക്രിസ്ത്യൻ ദൈവ ശാസ്ത്രജ്ഞനും സാമൂഹിക ചിന്തകനുമായിരുന്ന ഡോ. എം. എം. തോമസ് (1916-1996) മരിച്ചിട്ട് 2021 ഡിസംബർ മൂന്നിന് 25 വർഷം തികയുകയാണ്. കേരളത്തിലെ സെക്കുലർ ചിന്താ മണ്ഡലത്തിലും ആഗോള ദൈവശാസ്ത്ര രംഗത്തും നിറസാന്നിധ്യമായിരുന്ന അദ്ദേഹം പൗലോസ് മാർ ഗ്രിഗോറിയോസ്, ഫാദർ എസ്. കാപ്പൻ, പൗലോസ് മാർ പൗലോസ്, ഗബ്രിയേല ഡീട്രിച്ച്, നൈനാൻ കോശി, റവ. എം.ജെ. ജോസഫ് തുടങ്ങിയവരോടൊപ്പം ആധുനിക ലോകത്തിലെ ക്രൈസ്തവ ധർമമെന്തെന്നും ഒരു സെക്കുലർ-ജനാധിപത്യ സമൂഹത്തിന്റെ നിർമ്മാണത്തിൽ ദൈവചിന്തയ്ക്ക് എങ്ങിനെ പങ്കുചേരാനാകും എന്നും സ്വന്തം ജീവിതത്തിലൂടെയും രചനകളിലൂടെയും അന്വേഷിച്ചതിലൂടെ ഒരേ പോലെ സെക്കുലർ, ആത്മീയ മണ്ഡലങ്ങളെ തീവ്രമായി സ്വാധീനിച്ചു. ദൈവ വിശ്വാസത്തെ വർഗീയതയുടെ മൂലകാരണമെന്ന നിലയിൽ മതവിശ്വാസികളും പുരോഗമന ചിന്താഗതിക്കാരും ഒരേപോലെ ന്യൂനീകരിച്ച് മനസ്സിലാക്കുന്ന പ്രവണത ഏറി വരുന്ന ഇക്കാലത്ത് ജനാധിപത്യരാഷ്ട്രീയ ചിന്തയിലും പ്രയോഗങ്ങളിലും വിശ്വാസത്തിനും ദൈവചിന്തയ്ക്കും ഉള്ള പങ്കെന്താണ് എന്ന് ഉറക്കെച്ചിന്തിക്കാൻ എം. എം. തോമസിന്റെ ജീവിതം നമ്മെ സഹായിക്കും.

അദ്ദേഹം നേതൃത്വം നൽകിയ, ക്രൈസ്തവ വിശ്വാസത്താൽ പ്രചോദിതമായി രാഷ്ട്രീയ- സാമൂഹിക- ദൈവശാസ്ത്രാന്വേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കൂട്ടായ്മകളുടെ വൈവിധ്യപൂർണമായ ചരിത്രം ഇന്ന് തമസ്‌കരിക്കപ്പെട്ടിരിക്കുകയാണ്. മതദർശനങ്ങളെ ജനാധിപത്യോന്മുഖമായി ആവിഷ്‌ക്കരിക്കുന്നതിനും അങ്ങിനെ മതങ്ങളെ സമുദായ താല്പര്യങ്ങളുടെയും വർഗീയതയുടെയും എതിർപക്ഷത്ത് നിർത്തുന്നതിനും മതവിശ്വാസത്തോട് കൂടുതൽ തുറന്ന സമീപനം സെക്കുലർ സമൂഹത്തിന് ഉണ്ടാവേണ്ടതുണ്ട്. അതേസമയം, ജനാധിപത്യത്തോട് പ്രതിബദ്ധമായതും മർദ്ദിത ജനവിഭാഗങ്ങളുടെ ജീവിതാനുഭവങ്ങളിൽ വേരൂന്നിയതുമായ ദൈവശാസ്ത്ര ചിന്തയെ വികസിപ്പിക്കാൻ മതങ്ങൾക്കും കഴിയേണ്ടതുണ്ട്. ക്രിസ്തുമതത്തിൽ ആഗോളതലത്തിലും കേരളത്തിലും നടന്നുവരുന്ന അത്തരം ശ്രമങ്ങളുടെ അമരത്തുണ്ടായിരുന്ന ആളായിരുന്നു ഡോ. എം. എം. തോമസ്. ഔദ്യോഗിക ക്രൈസ്തവ മതത്തിന്റെ നിശിത വിമർശനമടങ്ങുന്നതും സാധാരണ മനുഷ്യരുടെ ജീവിതാനുഭവങ്ങളും അവരനുഭവിക്കുന്ന ഘടനാപരമായ ഹിംസകളെ വിശകലനം ചെയ്യുന്നതുമായ ദൈവശാസ്ത്ര സമീപനം കരുപ്പിടിപ്പിക്കുന്നതിൽ അന്താരാഷ്ട്ര ദൈവശാസ്ത്ര മണ്ഡലത്തിൽ തോമസിന്റെ സ്വാധീനം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലും തന്റെ രചനകളിലൂടെയും ആക്ടിവിസ്‌റ് ഇടപെടലുകളിലൂടെയും അദ്ദേഹം നിറസ്സാന്നിധ്യമായിരുന്നു.

ഡോ. എം. എം. തോമസ്

അദ്ദേഹത്താൽ പ്രചോദിതമായ ധാരാളം വിശ്വാസാധിഷ്ഠിത കൂട്ടായ്മകൾ ഇന്നും സജീവമാണെങ്കിലും മലയാളികളുടെ പൊതു ഓർമയിൽ നിന്ന് മത വിശ്വാസത്തിന്റെ വിമോചനാത്മകമായ ഈ തലം മാഞ്ഞുപോയിരിക്കുകയാണ്. ഈ തിരോധാനം സൃഷ്ടിച്ച ശൂന്യതയിലേക്കാണ് വർഗീയതയുടെ കൊടുംവിഷം വ്യാപിക്കുന്നത് എന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. ദൈവശാസ്ത്ര സംവാദങ്ങൾ അതുകൊണ്ടുതന്നെ മതങ്ങൾക്കും സെക്കുലർ സമൂഹത്തിനും ഒരേപോലെ പ്രധാനമാകുന്നു. സാമൂഹിക-രാഷ്ട്രീയ ചിന്തയെ പരിപോഷിപ്പിക്കുന്ന ഉൾക്കാഴ്ചകൾ പകരാനും ദൈവശാസ്ത്ര സമീക്ഷയ്ക്ക് കഴിയും എന്നതിനാൽ ആ ദിശയിലുള്ള അന്വേഷണങ്ങളും പുനരാരംഭിക്കേണ്ടതുണ്ട്. ഡോ. എം. എം. തോമസ് എന്ന ദൈവശാസ്ത്രജ്ഞന്റെ ജീവിതത്തിലേക്കും അന്വേഷണങ്ങളിലേക്കും വായനക്കാരെ ക്ഷണിക്കുക വഴി ദൈവവിശ്വാസത്തിന്റെ ഈ സാമൂഹിക-രാഷ്ട്രീയ മുഖത്തെ വീണ്ടെടുക്കേണ്ടതുണ്ട് എന്ന് സൂചിപ്പിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

തന്റെ ആത്മകഥാപരമായ കുറിപ്പുകളടങ്ങിയ പുസ്തകത്തിനു തോമസ് നൽകിയ പേര് എന്റെ ക്രൈസ്തവ ധർമ്മാന്വേഷണ പര്യടനങ്ങൾ' (1984) എന്നായിരുന്നു. ജീവിത സന്ദർഭങ്ങളോടുള്ള വിശ്വാസ പ്രതികരണങ്ങളാൽ പ്രചോദിതനാവുകയും രൂപപ്പെടുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വഴി. ""ഇരുപതാം നൂറ്റാണ്ടിന്റെ മൂർത്തമായ ചരിത്ര സാഹചര്യങ്ങളിൽ എന്റെ ജീവിതത്തിന്റെ ഉദ്ദേശ്യത്തെയും ധർമത്തെയും വ്യവഛേദിച്ചറിയുകയും ആവിഷ്‌കരിക്കുകയും'' ചെയ്യുന്ന യാത്രയായിരുന്നു എം.എം. തോമസിന് തന്റെ ജീവിതം. തന്റെ ചുറ്റും സംഭവിക്കുന്നതെല്ലാം അദ്ദേഹത്തെ ബൗദ്ധികമായും വൈകാരികമായും ആഴത്തിൽ സ്പർശിച്ചു. കാലത്തിന്റെ അടയാളങ്ങളോടു പ്രതികരിക്കുന്ന, സംഘം ചേർന്നുള്ള "ക്രൈസ്തവ ധർമ്മാന്വേഷണ പര്യടന'മായിരുന്നു ചുരുക്കിപ്പറഞ്ഞാൽ അദ്ദേഹത്തിന്റെ ജീവിതം.

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിലെ ഒരു സാധാരണ മധ്യവർഗ സുറിയാനി ക്രിസ്ത്യാനി കുടുംബത്തിലായിരുന്നു 1916-ൽ ഡോ. എം. എം. തോമസിന്റെ ജനനം. തിരുവനന്തപുരത്തെ സർവ്വകലാശാലാ വിദ്യാഭ്യാസത്തിനു ശേഷം 1930-'40 കാലഘട്ടത്തിൽ ദീനബാല ഭവനം, ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്, ക്രൈസ്തവാശ്രമം തുടങ്ങിയ കൂട്ടായ്മാജീവിത പരീക്ഷണങ്ങളിൽ തോമസ് പങ്കാളിയായി. നിലവിലുള്ള ജീവിത ശൈലികളോടും ലോകവീക്ഷണങ്ങളോടും മൂല്യങ്ങളോടും സർഗാത്മകമായി കലഹിക്കുന്ന ബദൽ കമ്മ്യൂണുകളായിരുന്നു ഇവയെല്ലാം. ഇത്തരം സംരംഭങ്ങളോടുള്ള ഇടപഴകൽ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും വിശ്വാസത്തെയും സ്വാധീനിച്ചു. സ്റ്റുഡന്റ് ക്രിസ്ത്യൻ മൂവ്‌മെന്റിൽ നിന്നും തോമസിന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ ആവിർഭവിച്ച യൂത്ത് ക്രിസ്ത്യൻ കൗൺസിൽ ഓഫ് ആക്ഷൻ (YCCA) എന്ന പ്രസ്ഥാനം രണ്ടാം ലോകമഹായുദ്ധ കാലത്ത്​ കൊടും ക്ഷാമം ബാധിച്ച ചേർത്തലയ്ക്കടുത്തുള്ള തീരപ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്നു. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യരുടെ അനീതി നിറഞ്ഞ ഭരണത്തിനെതിരെയുള്ള സമരങ്ങളിലും ഈ യുവജന കൂട്ടായ്മ സജീവമായിരുന്നു. ഡോ. തോമസ് ഈ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. ഇക്കാലത്ത് തോമസ് നടത്തിയ രചനകൾ പട്ടിണിയുടെയും ക്ഷാമത്തിന്റെയും മരണത്തിന്റെയും മദ്ധ്യേ ബദൽ ദൈവ സങ്കൽപ്പങ്ങളെ അന്വേഷിക്കുന്നവയായിരുന്നു (John 1973).

നിലവിലുള്ള സെക്കുലർ പ്രത്യയശാസ്ത്രങ്ങളെയും മതവിശ്വാസങ്ങളെയും ആഴത്തിൽ വിലയിരുത്തുന്നതിനും വിശ്വാസപ്രേരിതരായി പൊതുമണ്ഡലത്തിൽ ഇടപെടുന്നതിനുള്ള വിശാലകൂട്ടായ്മ ജാതി, മത, വർഗ വത്യാസങ്ങൾക്കതീതമായി രൂപപ്പെടുത്താനുമുള്ള ശ്രമങ്ങൾ പഠന പരിപാടികളിലൂടെ YCCA ഇക്കാലത്തു നടത്തുന്നുണ്ട്. ആധുനിക ഭാരതത്തിലെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ എന്ന തോമസിന്റെ ആദ്യകാല രചനകളിലൊന്ന് ഇക്കാലത്താണ് പുറത്തുവരുന്നത്. പ്രത്യയശാസ്ത്രങ്ങളുടെ രാഷ്ട്രീയ സാമൂഹിക പരിപ്രേക്ഷ്യങ്ങളെ ഈ ഗ്രന്ഥം ആഴത്തിൽ വിലയിരുത്തി. 1940-കളുടെ അവസാനം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ ബ്രാഹ്‌മണ വിരുദ്ധ പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചുള്ള നീണ്ട ചർച്ച ഉണ്ടായിരുന്നു എന്നത് തിരിഞ്ഞു നോക്കുമ്പോൾ പ്രസക്തമാണ്. ഈ പുസ്തകം പരിഷ്‌കരിച്ച് The Secular Ideologies of India and the Secular Meaning of Christ എന്ന പേരിൽ പിന്നീട് ഇംഗ്‌ളീഷിൽ പുറത്തിറങ്ങുകയുണ്ടായി (Thomas 1976).

ണ്ട് കാര്യങ്ങൾ ഇവിടെ പ്രധാനമാണ്. ഒന്ന്, ക്രൈസ്തവ ദൈവശാസ്ത്രാന്വേഷണങ്ങൾക്ക് സെക്കുലർ പ്രത്യയശാസ്ത്രങ്ങൾ പ്രധാനമാണ് എന്ന് ആദ്യം തിരിച്ചറിഞ്ഞ ഇന്ത്യൻ ദൈവശാസ്ത്രജ്ഞരിലൊരാളായിരുന്നു തോമസ്. രണ്ട്, ഇന്ത്യയിൽ ക്രൈസ്തവ ദൈവശാസ്ത്ര ചിന്ത ബ്രാഹ്‌മണവിരുദ്ധ പ്രത്യയശാസ്ത്രങ്ങളോടും പ്രസ്ഥാനങ്ങളോടും (അംബേദ്കറൈറ്റ്‌ -ദ്രാവിഡ പ്രസ്ഥാനങ്ങൾ) കൈകോർക്കേണ്ടതുണ്ട് എന്ന് തിരിച്ചറിഞ്ഞ ആദ്യത്തെ ദൈവശാസ്ത്രജ്ഞനും ഒരുപക്ഷെ അദ്ദേഹം തന്നെ. മാർക്‌സിസത്തിന്റെയും കമ്യൂ ണിസ്​റ്റ്​ പാർട്ടിയുടെയും രാഷ്ട്രീയ പ്രസക്തിയെക്കുറിച്ച് അദ്ദേഹം
ബോധവാനായിരുന്നു; അതേസമയം, തന്റെ ക്രൈസ്തവവിശ്വാസത്തെ അദ്ദേഹം മുറുകെപ്പിടിക്കുകയും ചെയ്തു. ദൈവവിശ്വാസിയായിരുന്നതിനാൽ കമ്യൂണിസ്​റ്റ്​ പാർട്ടി അദ്ദേഹത്തിന്റെ അംഗത്വാപേക്ഷ നിരസിച്ചു; പാർട്ടിയോടും മാർക്‌സിസത്തോടുമുള്ള ആഭ്യമുഖ്യം കാരണം മാർത്തോമാ സഭ അദ്ദേഹത്തിനു വൈദിക പഠനത്തിന്​ അവസരവും നൽകിയില്ല!

1947 -ലാണ് ആഗോള തലത്തിലുള്ള തന്റെ എക്യൂമെനിക്കൽ യാത്ര തോമസ് ആരംഭിച്ചത്. World Student Christian Federation (WSCF)-ന്റെ പൂർണസമയ പ്രവർത്തകനായി ജനീവയിൽ എത്തിയപ്പോഴായിരുന്നു അത്. ആധുനിക എക്യൂമെനിക്കൽ പ്രസ്ഥാനത്തിന്റെ മേൽ അദ്ദേഹം ചെലുത്തിയ സ്വാധീനം അൽഫ് റ്റർഗേലിനെപോലുള്ള ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ ആഗോള സഭാ കൗൺസിലിന്റെ (World Council of Churches - WCC) പ്രവർത്തനങ്ങളിൽ നിർണായക സ്വാധീനമായിരുന്നു തോമസ്. 1948-ൽ ആംസ്റ്റർഡാമിൽ നടക്കാൻ പോകുന്ന കൗൺസിലിന്റെ ആദ്യ അസംബ്ലിക്ക് മുന്നോടിയായി 1947-ൽ നടന്ന ഒരു ചെറിയ മീറ്റിങ് മുതലാണ് അദ്ദേഹത്തിന്റെ WCC ബന്ധം ആരംഭിക്കുന്നത്. റെനോൾഡ് നീബൂർ, ജോൺ ബെന്നറ്റ്, ജെ. എച്ച്. ഓൾഡാം തുടങ്ങിയ പ്രഗത്ഭരായ ദൈവശാസ്ത്രജ്ഞരോടൊപ്പം തുടക്കം മുതൽക്കേ തന്നെ WCC-യുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം ഭാഗഭാക്കായി. ഈ കൂടിവരവിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ഗ്ലോബൽ സൗത്തിൽ നിന്നും പങ്കെടുത്ത ഏകയാളുമായിരുന്നു എം. എം. തോമസ്.

എക്യൂമെനിക്കൽ സാമൂഹിക ചിന്തയുടെ ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമുള്ളതായി കരുതുന്ന World Conference on Church and Societyയുടെ (ജനീവ, 1966) അധ്യക്ഷനെന്ന നിലയിൽ അറുപതുകളിൽ ""വർത്തമാനകാലത്തെ സാങ്കേതിക-സാമൂഹിക വിപ്ലവങ്ങളിൽ ക്രിസ്ത്യാനികൾ'' എന്ന വിഷയത്തിലുള്ള ചർച്ചകൾക്ക് തോമസ് നേതൃത്വം നൽകി. ഈ കോണ്ഫറന്‌സിന്റെ ഫലശ്രുതിയായിട്ടാണ് സഭയും സമൂഹവും സംബന്ധിച്ച പ്രത്യേക ഡിപ്പാർട്ടമെൻറ്​ WCC തുടങ്ങുന്നത്. ഈ വകുപ്പ് നേതൃത്വം കൊടുത്ത ഒരു പ്രധാന പഠനപരിപാടി "ശാസ്ത്രാടിസ്ഥാനത്തിലുള്ള സാങ്കേതികവിദ്യാപ്രയോഗങ്ങളുടെ ലോകത്തിൽ ദൈവവിശ്വാസവും മാനവരാശിയുടെ ഭാവിയും' എന്നതായിരുന്നു. ഈ നീക്കം എക്യൂമെനിക്കൽ പ്രസ്ഥാനത്തിലെ റാഡിക്കൽ ആക്ടിവിസ്റ്റുകൾ ശക്തമായി എതിർത്തു എന്ന് പോൾ അബ്രെഹ്റ്റ് നിരീക്ഷിക്കുന്നു (Abrecht 1998: 32). സാമൂഹിക നീതിയ്ക്കു വേണ്ടിയുള്ള വിപ്ലവപ്രവർത്തനങ്ങളിൽ കണ്ണി ചേരുന്നതിനു പകരം സഭകളുടെ ആഗോള കൗൺസിൽ മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടെയും മേലുള്ള ശാസ്ത്രസാങ്കേതിക വിദ്യകളുടെ പ്രഭാവം പോലുള്ള ദ്വിതീയ പ്രാധാന്യം മാത്രമുള്ള കാര്യങ്ങളിൽ ഇടപെടുന്നതിനെ അവർ ശക്തമായി വിമർശിച്ചു.

ഇറ്റലിയിലെ നേമിയിൽ സമ്മേളിച്ച Church and Society Working Committee (1971) "വളർച്ചയുടെ പരിധി' (Limits to Growth) സംബന്ധിച്ച റിപ്പോർട്ട് ചർച്ച ചെയ്യുകയും, ഇതിനെ തുടർന്ന് ജീവന്റെ സമഗ്രതയ്ക്ക് ഭീഷണിയാവുന്ന ശക്തികൾക്കുനേരെ ശക്തമായി പ്രതികരിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു. എക്യൂമെനിക്കൽ സംവാദങ്ങളിൽ "സുസ്ഥിര വികസന'മെന്ന (Sustainable Development) പരികല്പന ആദ്യമായി ഉപയോഗിക്കപ്പെട്ടത് ബുക്കാറസ്റ്റിൽ എഴുപതുകളുടെ ആരംഭത്തിൽ നടന്ന സാങ്കേതികവിദ്യയും വികസനവും സംബന്ധിച്ച അന്താരാഷ്ട്ര കോൺഫറൻസിലായിരുന്നു (അതേ കൃതി). പാരിസ്ഥിതിക പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്കകൾ ഈ സമ്മേളനത്തിലാണ് ക്രൈസ്തവ സഭകളുടെ ലോക വേദിയിൽ ആദ്യമായി ഉയരുന്നത്. ഈ നിർണ്ണായക സമ്മേളനങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചത് ഡോ. തോമസായിരുന്നു. മലയാളിയായ ബിഷപ് പൗലോസ് മാർ ഗ്രിഗോറിയോസിന്റെ നേതൃത്വത്തിൽ ബോസ്റ്റണിൽ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (MIT) 1979-ൽ സംഘടിപ്പിച്ച "വിശ്വാസം, ശാസ്ത്രം, ഭാവി' എന്ന അന്താരാഷ്ട്ര സമ്മേളനത്തിലേക്ക് സഭകളുടെ ലോക കൗൺസിലിനെ നയിച്ചത് എം. എം. തോമസിന്റെ ബൗദ്ധികനേതൃത്വത്തിൽ നടന്ന ഈ ആദ്യകാല സംവാദങ്ങളായിരുന്നു (Athyal, Zachariah and Melanchthon 2016). MIT സമ്മേളനം എക്യൂമെനിക്കൽ സാമൂഹിക ചിന്തയുടെയും പ്രയോഗത്തിന്റെയും ഗതിതന്നെ മാറ്റിമറിച്ച സമ്മേളനമായി മാറി.

1972-ൽ സ്റ്റോക്‌ഹോമിൽ നടന്ന പരിസ്ഥിതി സമ്മേളനമാണല്ലോ പാരിസ്ഥിതിക ബോധം ലോകമെമ്പാടും ഉണർത്തിയത്. അന്ന് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ പ്രഭാഷണം ഈ സമ്മേളനത്തിലെ വികസ്വര രാജ്യങ്ങളുടെ ശബ്ദമായിരുന്നു. ദാരിദ്ര്യം, യുദ്ധം തുടങ്ങിയ പ്രശ്‌നങ്ങളെ പാരിസ്ഥിതിക പ്രശ്‌നങ്ങളുമായി ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു അവർ സംസാരിച്ചത്. പരിസ്ഥിതിസംരക്ഷണം ദരിദ്രജനങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിലൂന്നണമെന്നും അവർ ആവശ്യപ്പെട്ടു. ഈ പരിപ്രേക്ഷ്യത്തിലൂന്നി അക്കാലത്ത് ഡോ. തോമസ് ഇങ്ങനെ നിരീക്ഷിച്ചു; ''സമ്പന്ന സമൂഹങ്ങളുടെ പ്രാദേശികകാര്യമായി പരിസ്ഥിതിയെ സംബന്ധിച്ച ചർച്ച മാറാതിരിക്കുന്നതിന് സഭകളും ശ്രദ്ധിക്കേണ്ടതുണ്ട്. വ്യാവസായിക രാഷ്ട്രങ്ങളുടെ മാത്രം പ്രശ്‌നമല്ല പരിസ്ഥിതിയുടേത്. ദാരിദ്ര്യത്തിനെതിരെയും ലോകത്തിലെ മൊത്തം വിഭവങ്ങളുടെ വിതരണത്തിലും വികസനത്തിലും ഉള്ള ഓഹരിയ്ക്കു വേണ്ടിയുമുള്ള ദരിദ്രരാഷ്ട്രങ്ങളുടെ പോരാട്ടം അവഗണിക്കപ്പെടുന്നു എന്നതിനാൽത്തന്നെ പ്രാഥമികമായും ഇത് നീതിയുടെ പ്രശ്‌നമാണ്. ദാരിദ്ര്യം, യുദ്ധം, അടിച്ചമർത്തൽ തുടങ്ങിയ അടിയന്തിരപ്രാധാന്യമുള്ള ആഗോള പ്രശ്‌നങ്ങളിൽ നിന്നും വേർപെടുത്തി പരിസ്ഥിതിയെക്കുറിച്ച് സംസാരിക്കുന്നത് ഉത്തരവാദിത്തമില്ലായ്മയാണ്'' (Thomas 1972: 1). മനുഷ്യരെയും അവരുടെ യാതനകളെയും പ്രതീക്ഷകളെയും പരിസ്ഥിതി സംവാദത്തിന്റെ കേന്ദ്രമാക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ ലേഖനം അവസാനിപ്പിക്കുന്നത്. ദരിദ്രരുടെ സമരങ്ങളെയും പാരിസ്ഥിതിക പുനഃസ്ഥാപനത്തിനായുള്ള മുന്നേറ്റങ്ങളെയും തമ്മിൽ ഇഴചേർക്കുന്ന അത്തരമൊരു ദൈവശാസ്ത്ര നിലപാട് അക്കാലത്ത് തികച്ചും പുതുതായിരുന്നു.

ബംഗളൂരുവിലെ Christian Institute for the Study of Religion and Society (CISRS)-യുടെ സ്ഥാപകരിലൊരാളും രണ്ടാമത്തെ ഡയറക്ടറുമായിരുന്നു തോമസ്. തങ്ങളുടെ അക്കാദമികവും രാഷ്ട്രീയപരവുമായ ഇടപെടലുകളിലൂടെ സഭയിലും സമൂഹത്തിലും സമൂല പരിവർത്തനം കൊണ്ടുവരാൻ ഇന്ത്യൻ ദൈവശാസ്ത്രജ്ഞരെയും ആക്ടിവിസ്റ്റുകളെയും CISRS-ന്റെ പ്രവർത്തനങ്ങളിലൂടെ തോമസ് പ്രചോദിപ്പിച്ചു. സെക്കുലർ ചിന്താധാരകളോടും മറ്റു മതദർശനങ്ങളോടും സംവാദത്തിലേർപ്പെട്ടുകൊണ്ട് തങ്ങളുടെ അക്കാദമിക സംരംഭങ്ങളെയും സാമൂഹിക-പ്രേക്ഷിത പ്രവർത്തനങ്ങളെയും ഇന്റർസെക്ഷണൽ ആക്കാനും ദുർബല ജനവിഭാഗങ്ങളോടുള്ള ഐക്യദാർഢ്യത്തിലുറച്ചു നിന്നുകൊണ്ട് സാമൂഹികനീതിയ്ക്കായി പോരാടാനും തോമസ് അവരെ പരിശീലിപ്പിച്ചു. മുഖ്യധാരാ ദൈവശാസ്ത്രം അവഗണിച്ച പരിപ്രേക്ഷ്യങ്ങൾക്ക് സംസാരിക്കാൻ ഇടം ഒരുക്കുകവഴി വിവിധ സാമൂഹിക-രാഷ്ട്രീയ-വിശ്വാസ പശ്ചാത്തലങ്ങളെ ദൈവശാസ്ത്രവൽക്കരിക്കുന്ന 'പശ്ചാത്തലോന്മുഖ ദൈവശാസ്ത്രങ്ങൾ' (contextual theologies) ഇന്ത്യയിൽ പുഷ്‌കലമാകുന്നതിന് തോമസ് കാരണമായി.

തോമസിനെ സംബന്ധിച്ച്​, ആഴത്തിലുള്ള സാമൂഹിക ഇടപെടലുകളിൽ നിന്നും വേർപെടുത്തേണ്ട ഒന്നായിരുന്നില്ല അക്കാദമിക ദൈവശാസ്ത്രാന്വേഷണങ്ങൾ. പൂർണ മനുഷ്യത്വത്തിനുവേണ്ടിയുള്ള സമരങ്ങളിൽ കണ്ണിചേരുകയും അവയിൽ നിന്ന് വെള്ളവും വളവും സ്വീകരിക്കുന്നതുമായിരുന്നു തോമസിന്റെ ദൈവശാസ്ത്രവും സാമൂഹിക ചിന്തയും. ഘടനാപരമായ തിന്മകളുടെ ഫലമായി രൂപപ്പെടുന്ന മനുഷ്യത്വനിരാസത്തിന്റെ പശ്ചാത്തലത്തിൽ ദൈവിക 'രക്ഷ'യെ "മനുഷ്യത്വവൽക്കരണ' (salvation as humanisation)മായി പുനഃനിർവ്വചിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ നീക്കം ദൈവശാസ്ത്രപരമായി വിപ്ലവകരമായിരുന്നു. ആത്മീയത അദ്ദേഹത്തിന് "ഞാനും എന്റെ ദൈവവും' എന്ന മട്ടിൽ വൈയക്തികമായ ഒന്നായിരുന്നില്ല. ജീവനെ പരിരക്ഷിക്കാനുള്ള സമരങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിലാണ് ആത്മീയത അനുഭവവേദ്യമാകുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു. സഭകളുടെ ലോക സമിതിയുടെ അധ്യക്ഷൻ എന്ന നിലയിൽ തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ അപ്പാർത്തീഡിനെതിരെ പൊരുതുന്ന കറുത്തവരുടെ സംഘങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും സാമ്പത്തിക സഹായം നല്കുകയും ചെയ്തതത് വംശീയ വാദികളുടെ എതിർപ്പിന് ഇടയാക്കുകയുണ്ടായി. 1975-ൽ അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ നെയ്റോബിയിൽ നടന്ന സഭകളുടെ ലോക സമിതിയുടെ അസംബ്ലിയിൽ ഈ നിലപാടിന്റെ ദൈവശാസ്ത്ര അടിസ്ഥാനം അദ്ദേഹം വ്യക്തമാക്കി. ആത്മീയത വൈയക്തികമായ ഭക്തിയുടെ പ്രകടനങ്ങളല്ല, മറിച്ച് അത് സമരോന്മുഖ ആത്മീയതയാണെന്ന് (spirituality of combat) അദ്ദേഹം പ്രസ്താവിച്ചു. അതിനാൽത്തന്നെ മുഖ്യധാരാ ക്രൈസ്തവ സഭകളുടെയും അവയുടെ ദൈവശാസ്ത്ര പണ്ഡിതരുടെയും കണ്ണിലെ കരടായിരുന്നു ഡോ. എം. എം. തോമസ്.

തന്റെ സാമൂഹിക ഇടപെടലുകളിലൂടെയും ധീരമായ ദൈവശാസ്ത്ര വിമർശനങ്ങളിലൂടെയും അദ്ദേഹം ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ മനഃസാക്ഷിയെ നിരന്തരം പ്രകോപിപ്പിച്ചു. മുഖ്യധാരാ എക്യൂമിനിസത്തിന്റെ സാമുദായികമായ നിക്ഷിപ്തതാല്പര്യങ്ങളെ അദ്ദേഹം തുറന്നു കാട്ടുകയും ക്രൈസ്തവ സഭകളെ കീഴാള സമൂഹങ്ങളോട് ഐക്യദാർഢ്യപ്പെടാൻ നിരന്തരം പ്രേരിപ്പിക്കുകയും ചെയ്തു. കേരളത്തിലെ സുറിയാനി സഭകളുടെ സംഘടിത സാമുദായിക വിലപേശലിനെ ‘നിലക്കൽ സഭാ ഐക്യം' എന്നാണ് അദ്ദേഹം വിളിച്ചിരുന്നത്. ഈശ്വരന്റെ സംരക്ഷകരും ഗുണ്ടകളുമായി മാറാനുള്ള ക്രൈസ്തവ സഭകളുടെ ഹീനശ്രമത്തെ തോമസ് നിരന്തരം പരിഹസിച്ചു. ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം നിരോധിക്കാനുള്ള കേരളത്തിലെ സഭകളുടെ ഫാഷിസ്​റ്റ്​ നീക്കത്തെ എതിർക്കാൻ അദ്ദേഹം മുൻനിരയിൽ തന്നെയുണ്ടായിരുന്നു. "Risking Christ for Christ's Sake' എന്ന, തോമസിന്റെ ഒരു പുസ്തകത്തിന്റെ തലക്കെട്ട് അദ്ദേഹത്തിന്റെ ദൈവശാസ്ത്രത്തിന്റെ രാഷ്ട്രീയത്തെ കൃത്യമായി സൂചിപ്പിക്കുന്നുണ്ട്.

ഇന്ത്യൻ അടിയന്തരാവസ്ഥയോടുള്ള എം. എം. തോമസിന്റെ തീഷ്ണ പോരാട്ടം ഹിന്ദുത്വ ഫാഷിസത്തിന്റെ ഈ ഭീഷണമായ കാലത്ത് നമുക്ക് പ്രചോദനമാവേണ്ടതാണ്. ഇന്ത്യയിലെ മിക്ക ക്രൈസ്തവസഭകളും സെമിനാരികളും ദൈവശാസ്തജ്ഞരും അടിയന്തരാവസ്ഥയെ പിന്തുണയ്ക്കുകയും ഇന്ദിരാഗാന്ധിയുടെ ഫാസിസ്​റ്റ്​ ഭരണകൂടത്തിന്റെ സ്തുതിപാഠകരായി മാറുകയും ചെയ്തു. അങ്ങനെയൊരു സാഹചര്യത്തിലാണ് തോമസ് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സംഘം ദൈവശാസ്ത്രജ്ഞരെയും ആക്ടിവിസ്റ്റുകളെയും അല്മായരെയും പുരോഹിതരെയും സംഘടിപ്പിച്ചതും അടിയന്തരാവസ്ഥയോടുള്ള വിശ്വാസ പ്രതികരണത്തിന് അവരെ പ്രേരിപ്പിച്ചതും. അടിയന്തരാവസ്ഥക്കാലത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്തും തന്റെ എഴുത്തിൽ കൂടെയും തോമസ് അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള ജനകീയ പോരാട്ടത്തിന്റെ മുൻപന്തിയിൽ ഉണ്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങൾ Response to Tyranny (1978; revised edition, 2000) എന്ന പേരിൽ പിന്നീട് പുനഃപ്രസിദ്ധീകരിക്കപ്പെട്ടു. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളോടും അവയുടെ ബൗദ്ധിക നേതൃത്വത്തോടും ഇക്കാലത്ത് തോമസ് സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. അടിയന്തരാവസ്ഥയ്ക്കു ശേഷം സോഷ്യൽ ആക്ഷൻ ഗ്രൂപ്പുകളുടെ ദേശീയ കൂട്ടായ്മയായ Programme for Social Action (PSA) എന്ന പ്രസ്ഥാനം രൂപീകരിക്കുന്നതിന് തോമസ് നേതൃത്വം നൽകി. തിരുവല്ലയിലെ ഡൈനാമിക് ആക്ഷൻ സംഘത്തിന്റെ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. ഈ അടിത്തട്ടു സംഘങ്ങളിൽ പലതും വിശ്വാസത്തിന്റെ സാമൂഹിക പ്രതിബദ്ധതയിൽ ഊന്നി ഇരകളോടുള്ള ഐക്യദാർഢ്യത്തിൽ ക്രൈസ്തവ സാക്ഷ്യം ആവിഷ്‌ക്കരിക്കുന്നതിനുള്ള ശ്രമങ്ങളിൽ നിന്നും ഉടലെടുത്തവയായിരുന്നു.

അറുപതു വയസു തികഞ്ഞതോടെ തോമസ് മുഖ്യധാരാ എക്യൂമെനിക്കൽ പ്രസ്ഥാനങ്ങളിൽ നിന്നും സ്വയം വിരമിക്കുകയും ഇന്ത്യയിലെ വിവിധ സാമൂഹിക പ്രസ്ഥാനങ്ങളോടും ആക്ഷൻ ഗ്രൂപ്പുകളോടും കൈകോർത്തുള്ള പ്രവർത്തനങ്ങളിൽസജീവമായി മുഴുകുകയും ചെയ്തു. ഈ പുതിയ എക്യൂമെനിക്കൽ യാത്ര ജീവിതാവസാനം വരെ അദ്ദേഹത്തിന്റെ ദൈവശാസ്ത്രപരവും ധാർമികവുമായ അന്വേഷണങ്ങളെ സ്വാധീനിച്ചു. ദേശീയ മൽസ്യത്തൊഴിലാളി ഫെഡറേഷൻ, വിശ്വാസ വിമോചന പ്രസ്ഥാനം, നർമ്മദ ബചാവോ ആന്ദോളൻ, ചിലിക ബചാവോ ആന്ദോളൻ, ഛത്തിസ്ഗഢിലെ വിവിധ മുന്നേറ്റങ്ങൾ തുടങ്ങി ധാരാളം മുന്നേറ്റങ്ങളുമായി അദ്ദേഹം കൈകോർത്തു. കീഴാള- പ്രാന്തസ്ഥിത സമൂഹങ്ങളുടെ സാമൂഹിക പ്രസ്ഥാനങ്ങളെന്ന നിലയിൽ പ്രകൃതിയുമായുള്ള ജൈവ ബന്ധത്തിലായിരുന്നു അവയുടെ രാഷ്ട്രീയ- ആത്മീയ ഊന്നൽ. ജലം, ഭൂമി, കാട് എന്നിവയുടെ (commons) കോളനിവൽക്കരണത്തെ എതിർക്കുന്നവയായിരുന്നു ഈ പ്രസ്ഥാനങ്ങൾ. ദൈവികസൃഷ്ടിയെക്കുറിച്ചും പ്രകൃതിയെക്കുറിച്ചുമുള്ള തോമസിന്റെ ഇക്കാലത്തെ ദൈവശാസ്ത്ര ചിന്തയെ പാരിസ്ഥിതിക നീതിയുടെ ഈ രാഷ്ട്രീയം ആഴത്തിൽ സ്വാധീനിക്കുന്നതായി കാണാം.

വികസനമാണ് പാരിസ്ഥിതിക പ്രതിസന്ധിയുടെ മുഖ്യ കാരണമെന്ന കീഴാള പ്രസ്ഥാനങ്ങളുടെ വിലയിരുത്തലിനെ അധികരിച്ച് നവലിബറൽ വികസന മാതൃകയെക്കുറിച്ച് ഒരു പുത്തൻ ദൈവശാസ്ത്ര- നൈതിക വിമർശം തോമസ് തുടർന്ന് രൂപപ്പെടുത്തി. People's Reporterഎന്ന ആനുകാലികത്തിലെ തന്റെ പംക്തിയിൽ വികസനത്തെ സംബന്ധിച്ച ഒരു പുതിയ സങ്കല്പത്തിന്റെയും പ്രയോഗങ്ങളുടെയും ആവശ്യകത അദ്ദേഹം വിശദീകരിച്ചു. ""വ്യാപകമായ ദാരിദ്ര്യത്തെ ഇല്ലായ്മചെയ്യുന്നതിനും ഭൂമിയിൽ ജീവനെ പരിപോഷിപ്പിക്കുന്നതിനുമായി നമുക്ക് വികസനത്തിന്റെ ഒരു പുതിയ ശൈലി രൂപീകരിക്കേണ്ടിയിരിക്കുന്നു. സാമ്പത്തികവും, സാംസ്‌കാരികവും, മതപരവുമായ മൂല്യങ്ങൾ ഇഴചേർന്നു കിടക്കുന്നു എന്നതിനാൽ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള പുത്തൻ ധാരണകളുടെ വെളിച്ചത്തിൽ, തദ്ദേശീയ സമൂഹങ്ങളുടെ മത- സാംസ്‌കാരിക പാരമ്പര്യങ്ങളിൽ വേരൂന്നിയതാവണം ഈ പുതിയ പരിപ്രേക്ഷ്യം'' എന്നദ്ദേഹം വാദിച്ചു (Thomas 1990: 30).

1990-കളുടെ ആരംഭത്തിൽ വി.പി. സിംഗ് ഗവണ്മെന്റിന്റെ കാലത്ത് മൂന്നു വർഷങ്ങൾ ഡോ. എം. എം. തോമസ് നാഗാലാൻഡ് ഗവർണറായി സേവനമനുഷ്ഠിക്കുകയുണ്ടായി. വടക്കു കിഴക്കൻ തദ്ദേശീയ സമൂഹങ്ങളുടെ മത- സാംസ്‌കാരിക പാരമ്പര്യങ്ങളെയും നൈതിക ജീവിതചര്യകളെയും മനസ്സിലാക്കാനുള്ള അവസരമായിട്ടാണ് അദ്ദേഹം ഇതിനെ വീക്ഷിച്ചത്. Nagas Towards AD 2000 എന്ന പുസ്തകം (Thomas 1992) ഇക്കാലത്ത് രചിച്ചതാണ് . ഔദ്യോഗികമായി ഗവണ്മെന്റിന്റെ ഭാഗമായിരിക്കുമ്പോഴും ‘എപ്പോഴും പ്രതിപക്ഷത്തായിരിക്കുക' എന്ന തത്വത്തിൽ നിന്ന് തോമസ് വ്യതിചലിച്ചില്ല. ഇതിനു പക്ഷെ വില കൊടുക്കേണ്ടി വന്നു; തന്റെ നിലപാടുകൾ കാരണം തോമസിന് ഗവർണർ സ്ഥാനം രാജിവെക്കേണ്ടി വന്നു.

തന്റെ ജീവിതത്തിന്റെ അവസാന ദശകം പാരിസ്ഥിതിക നീതിയെക്കുറിച്ച് ദൈവശാസ്ത്രപരമായി ചിന്തിക്കാനാണ് അദ്ദേഹം വിനിയോഗിച്ചത്. ""വിപണിയെയും ലാഭത്തെയും കേന്ദ്രമാക്കുന്ന സംവിധാനത്താൽ മാത്രം നിയന്ത്രിക്കപ്പെടുന്ന സമ്പദ്വ്യവസ്ഥയ്ക്ക് പാരിസ്ഥിതിക നീതിയുടെയും ദുർബല വിഭാഗങ്ങളുടെ സാമൂഹിക നീതിയുടെയും പ്രശ്‌നങ്ങളും സാമൂഹിക സ്ഥാപനങ്ങളുടെ വികസനവും ഫലപ്രദമായി നിർവ്വഹിക്കാനാവില്ല'' എന്നദ്ദേഹം നിരീക്ഷിക്കുന്നു. യാഥാർഥ്യത്തെക്കുറിച്ചുള്ള യാന്ത്രിക-ഭൗതികവാദപരമായ കാഴ്ചപ്പാട്, മനുഷ്യന്റെ അത്യാഗ്രഹം, പരിസ്ഥിതിനാശം എന്നിവ ഇന്നത്തെ ശാസ്ത്ര- സാങ്കേതിക വിദ്യകളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ തോമസ് ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സാമൂഹിക- രാഷ്ട്രീയ ധർമത്തെ സംബന്ധിക്കുന്ന ഒരു ബദൽ വീക്ഷണം മുന്നോട്ടു വെച്ചു; ""സാങ്കേതിക വിദ്യയുടെ വികാസത്തെ ദരിദ്രരുടെയും പ്രാന്തസ്ഥിതരുടെയും ചൂഷണത്തിനു പകരം നീതിയുടെ ഉപകരണങ്ങളാക്കി മാറ്റേണ്ടതുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യകൾ ജീവിതത്തിന്റെ പാരിസ്ഥിതികാടിസ്ഥാനത്തെ നശിപ്പിക്കുന്നതിനല്ല, സംരക്ഷിക്കുന്നതിനാണ് ഉപയുക്തമാകേണ്ടത്'' എന്നദ്ദേഹം കുറിക്കുന്നു.

പരിസ്ഥിതി ദൈവശാസ്ത്രധാര (eco-theology) പല ദശകങ്ങൾകൊണ്ടാണ് പാരിസ്ഥിതിക-നീതി ദൈവശാസ്ത്രങ്ങളായി (eco-justice theologies) പരിണമിച്ചത്. പക്ഷെ, തുടക്കം മുതൽത്തന്നെ, വികസനത്തെയും ജീവനെയും സംബന്ധിച്ച് കീഴാള സാമൂഹിക പ്രസ്ഥാനങ്ങൾ മുന്നോട്ടു വെയ്ക്കുന്ന ബദൽ വീക്ഷണ-പ്രയോഗങ്ങളാൽ പ്രചോദിതമായി സ്വയം പുനരാവിഷ്‌കരിക്കാൻ പരിസ്ഥിതി ദൈവശാസ്ത്രധാരയെ തോമസ് നിർബന്ധിച്ചുകൊണ്ടേയിരുന്നു. ഒപ്പം തന്നെ, പാരിസ്ഥിതിക-നീതിയിലധിഷ്ഠിതമായ ഒന്നായി ഇന്ത്യൻ പരിസ്ഥിതി ദൈവശാസ്ത്രത്തെ വിഭാവനം ചെയ്യുന്നതിനായി ഗാന്ധി, രാം മനോഹർ ലോഹ്യ, അംബേദ്കർ എന്നിവരുടെ ചിന്തകൾ സഹായകരമാകുമെന്നും അദ്ദേഹം കരുതി.

"നിരന്തരം പ്രതിപക്ഷമായിരിക്കുക' എന്ന തോമസിന്റെ ആഹ്വാനം ഫാസിസത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും നവലിബറൽ മുതലാളിത്തത്തിന്റെയും ഭീഷണികൾ ശക്തമായ ഇക്കാലത്ത് അത്യധികം പ്രസക്തമാണ്. ദൈവവിശ്വാസത്തിന്റെയും മതചിന്തയുടെയും മണ്ഡലത്തിൽ നടക്കുന്ന സജീവമായ ഇടപെടലുകൾ തിരിച്ചറിയേണ്ടതും അത്തരം വിമോചനാകത്മകവും ജനാധിപത്യപരവുമായ ദൈവശാസ്ത്രധാരകളോടും കൂട്ടായ്മകളോടും കണ്ണിചേരേണ്ടതും അത്യന്താപേക്ഷിതമാണ് എന്ന് തോമസിന്റ ഈ രംഗത്തുള്ള ധൈഷണിക ഇടപെടലുകൾ സൂചിപ്പിക്കുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ജീവിതാവസാനം വരെ ശക്തമായിരുന്നു. ഇ എം എസ്, പി. ഗോവിന്ദപ്പിള്ള എന്നിവരുമായി എം. എം. തോമസും പൗലോസ് മാർ പൗലോസും തുടങ്ങിവെച്ച ക്രിസ്ത്യൻ- മാർക്‌സിസ്റ്റ് സംവാദത്തിന് പക്ഷേ പിൽക്കാലത്ത് സർഗ്ഗാത്മക തുടർച്ചകളില്ലാതെ പോയി. വിവിധ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പി. വിശ്വംഭരൻ, ജസ്റ്റിസ് കൃഷ്ണയ്യർ എന്നിവരുമായി തോമസ് സഹകരിച്ച് പ്രവർത്തിച്ചിരുന്നു. തിരുവല്ലയിലെ തന്റെ വീട് അദ്ദേഹം ആക്ടിവിസ്റ്റുകൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും ദൈവശാസ്ത്രജ്ഞർക്കും വിദ്യാർത്ഥികൾക്കും ഒത്തുചേരാനുള്ള ഇടമായി മാറ്റി (ഇന്നും ഈ ഇടം 'പെണ്ണമ്മഭവനം' എന്ന പേരിൽ സജീവമാണ്). സാമൂഹിക പ്രയോഗത്തിൽ ആവിഷ്‌കൃതമാകുന്ന ദൈവവിശ്വാസത്തെ മുറുകെപ്പിടിച്ച, അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടുള്ള ഐക്യദാർഢ്യത്തിലൂന്നി ജനാധിപത്യപരമായ ഒരു പുതിയ സമൂഹികഭാവിയ്ക്കുവേണ്ടി പ്രയത്‌നിച്ച ഡോ. എം. എം. തോമസ് എന്ന മലയാളിയായ ദൈവശാസ്ത്രജ്ഞനിൽ നിന്നും നമുക്ക് ഏറെ പഠിക്കാനുണ്ട്.

Reference :
Paul Abrecht 1998. 'Some Reflections on Ecumenical Social Thought-Then and Now,' in K.C. Abraham (ed.), Christian Witness in Society: A Tribute to M.M. Thomas. Bangalore: BTESSC.
Athyal, Jesudas M., Zachariah, George and Melanchthon, Monica. 2016. The Life, Legacy and Theology of M.M. Thomas. London and New York: Routledge.
John, George M. 1973. Youth Christian Council of Action 1938-1954. Bangalore & Madras: CISRS & CLS.
Thomas, M.M. 1972. 'The Concern for Cleaner Environment', The Guardian, vol.4, no. 24, June 15.
Thomas M.M. 1976. The Secular Ideologies of India and the Secular Meaning of Christ. Bangalore: CISRS.
Thomas M.M.1987. Risking Christ for Christ's Sake: Towards an Ecumenical Theology of Pluralism. Geneva: WCC.
Thomas, M.M. 1990. 'Earth Day: New Concepts of Development and New Theology of Nature Needed'. People's Reporter, April 16-30.
Thomas, M.M. 1992. Nagas towards AD2000 and Other Selected Writings and Addresses. Madras: CReNIEO.

Comments