എല്ലാവരും സ്നേഹപൂർവം ‘എം.പി’ എന്ന് സംബോധന ചെയ്യാറുള്ള ഡോ. എം.പി പരമേശ്വരൻ ആഗസ്റ്റ് 12 ന് നമ്മെ വിട്ടുപിരിഞ്ഞു.
92-ാം വയസ്സിലും വീൽചെയറിലിരുന്ന്, സമത്വാധിഷ്ഠിതസമൂഹം സ്വപ്നംകണ്ട്, സ്വാശ്രയ പഞ്ചായത്തുകൾ, വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയ, സ്ത്രീശക്തീകരണം, വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെ നിരവധി വിഷയങ്ങളെ സംബന്ധിച്ച് സംസാരിക്കുകയും എഴുതുകയും ചെയ്തുകൊണ്ടിരുന്ന എം.പി ഏവർക്കും ഒരു വിസ്മയം തന്നെയായിരുന്നു.
1965-ൽ മോസ്കോ പവർ എഞ്ചിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഗവേഷണം പൂർത്തിയാക്കി സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത് ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനത്തെക്കുറിച്ചുള്ള സ്വപ്നവും പേറിക്കൊണ്ടാണെന്ന് എം.പി ആത്മകഥയായ 'കാലഹരണമില്ലാത്ത സ്വപ്നങ്ങളി’ൽ പറയുന്നുണ്ട്. 'കാലഹരണമില്ലാത്ത സ്വപ്നങ്ങൾ' എം.പിയുടെ കഥ മാത്രമല്ല, ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ആധുനിക കേരളത്തിൻ്റെയും ചരിത്രം കൂടിയാണ്.
അടിയന്തരാവസ്ഥയുടെ വിലക്കുകൾ ബാധിക്കാത്ത എന്തു പ്രവർത്തനമാണ് നടത്താൻ കഴിയുകയെന്ന ആലോചനയിൽനിന്നാണ്, 1976- ൽ എം. പിയുടെ നേതൃത്വത്തിൽ പരിഷത്ത് നടത്തിയ 'പ്രകൃതി, ശാസ്ത്രം, സമൂഹം' അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ.
ആ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനുവേണ്ടിയാണ് 34-ാം വയസ്സിൽ, ഇന്ത്യയിലെ ഏറ്റവും പ്രമുഖ ആണവ ഗവേഷണ സ്ഥാപനമായ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലെ ഉയർന്ന ശമ്പളവും പദവിയും മറ്റാനുകൂല്യങ്ങളുമെല്ലാം ഉപേക്ഷിച്ച്, ശാസ്ത്രജ്ഞന്റെ കുപ്പായം അഴിച്ചുവെച്ച്, അദ്ദേഹം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡെപ്യൂട്ടേഷനിൽ വരുന്നത് (പിന്നീട് ആ ജോലിയും രാജിവച്ചത് ചരിത്രം).
അതേക്കുറിച്ച് എം.പി പറയുന്നത് ഇങ്ങനെയാണ്: "എന്റെ അസാന്നിധ്യം ഇന്ത്യൻ ആണവപരിപാടിയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. അതേസമയം, വൈജ്ഞാനിക സാഹിത്യരംഗത്ത് എനിക്ക് നടത്താൻ കഴിയുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന് കൂടുതൽ ഉപകാരപ്രദമാകുമെന്ന ഒരു തോന്നലും ഉണ്ടായിരുന്നു’’.
തുടർന്ന്, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും മുൻനിര പ്രവർത്തകനായി മാറുകയായിരുന്നു, ആ ധൈഷണികൻ.

വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, വികസനം, ലിംഗനീതി എന്നീ വിഷയങ്ങളെല്ലാം മെച്ചപ്പെട്ട നാളേക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമാണെന്നും, പുതിയ ആശയങ്ങളുടെയും വികസനത്തിന്റെയും ശാസ്ത്രത്തിന്റെയും നേട്ടങ്ങൾ ജനസാമാന്യത്തിന് ഉതകിയില്ലെങ്കിൽ അവ വിഫലമാണെന്നും എം.പി ഉറച്ചു വിശ്വസിച്ചു. അതിനായി അദ്ദേഹം വ്യത്യസ്ത മാർഗങ്ങളാണ് അവലംബിച്ചത്. ശാസ്ത്രമാസികകളും പുസ്തകങ്ങളും സെമിനാറുകളും ക്ലാസ്സുകളും പ്രദർശനങ്ങളും ശാസ്ത്രസാംസ്കാരിക ഉത്സവങ്ങളുമെല്ലാം ഇതിൻ്റെ ഭാഗമാണ്.
ഇതിൽ എടുത്തുപറയേണ്ട ഒന്നാണ് 1976- ൽ എം. പിയുടെ നേതൃത്വത്തിൽ പരിഷത്ത് നടത്തിയ 'പ്രകൃതി, ശാസ്ത്രം, സമൂഹം' അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ. അടിയന്തരാവസ്ഥയുടെ വിലക്കുകൾ ബാധിക്കാത്ത എന്തു പ്രവർത്തനമാണ് നടത്താൻ കഴിയുകയെന്ന ആലോചനയിൽനിന്നാണ് ഇത്തരമൊരു ആശയം ഉരുത്തിരിഞ്ഞുവന്നതെന്ന് എം.പിതന്നെ പറയുന്നുണ്ട്.
കേരളമൊട്ടാകെ പതിനായിരം ശാസ്ത്രക്ലാസുകളാണ് അന്ന് നടന്നത്. ഈ ക്ലാസുകൾ നടത്തുമ്പോഴുണ്ടായ രസകരമായ ഒരു സംഭവം ഇങ്ങനെ:
ചില ചോദ്യങ്ങളും, അവയ്ക്കുള്ള ഉത്തരങ്ങളും:
"സർ, ശാസ്ത്രത്തിന്റെ അറിവ് പൂർണ്ണമാണോ?’’
"അല്ലേയല്ല. കൂടുതൽകൂടുതൽ അറിഞ്ഞു കൊണ്ടിരിക്കുകയാണ്’’.
"പക്ഷേ മതത്തിലെ അറിവ് പൂർണ്ണമാണ്. അത് സ്ഥാപിക്കാം. ഞങ്ങൾ ഒരു മതപാർലമെന്റ് വെയ്ക്കാൻ പോകുന്നു. താങ്കൾ വരുമോ?’’.
നിശ്ചയമായും വരുമെന്ന് എം.പി വാക്കുകൊടുത്തെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ലെന്നു മാത്രം.
(എം.പിയുടെ ആത്മകഥയിൽനിന്ന്).
വിദ്യാഭ്യാസമേഖലയിൽ പുതിയ പാഠ്യപദ്ധതി വരുന്നതിനും വളരെ മുമ്പുതന്നെ 'പഠനം പാൽപ്പായസവും അധ്യാപനം അതിമധുരവും' ആവണമെന്ന കാഴ്ചപ്പാടാണ് എം.പി മുന്നോട്ടുവച്ചത്.
ഗഹനമായ ഏതു വിഷയവും ലളിതമായി, സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ എഴുതാനും പറയാനുമുള്ള എം.പിയുടെ കഴിവ് വേറിട്ട ഒന്നുതന്നെയാണ്.
ശാസ്ത്രം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് എം.പി കണ്ടെത്തിയ നൂതനമായ മറ്റൊരു മാർഗമായിരുന്നു ശാസ്ത്രകലാജാഥകൾ. അഖിലേന്ത്യ സാക്ഷരതാ പ്രവർത്തനത്തിലും ജനകീയ ആസൂത്രണത്തിലുമെല്ലാം ജനങ്ങളെ ശാസ്ത്രത്തോടടുപ്പിക്കുന്നതിന് ശസ്ത്രകലാജാഥകൾ വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്.
എം.പിയുടെ നേതൃത്വത്തിൽ സാക്ഷരതാ പ്രവർത്തനങ്ങൾ ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കിയതിനുപിന്നിലെ ലക്ഷ്യം കേവലമായ അക്ഷരജ്ഞാനവും അക്കജ്ഞാനവും ഉണ്ടാക്കുക മാത്രമായിരുന്നില്ല. സാക്ഷരതയിലൂടെ ജീവിതപുരോഗതി സാധാരണക്കാർക്ക് പ്രാപ്തമാക്കുകയെന്ന വലിയ സ്വപ്‌നവുമുണ്ടായിരുന്നു. ശാസ്ത്രം ജനങ്ങളുടെ ജീവിതഗുണതയിൽ വരുത്തുന്ന മാറ്റത്തിന്റെ ബോധ്യത്തിലാണ് ഇന്ത്യയിലെ മുഴുവൻ ശസ്ത്രപ്രസ്ഥാനങ്ങളെയും കൂട്ടിയിണക്കി, All-India People's Science Network (AlPSN) സ്ഥാപിക്കാൻ എം.പി മുൻകൈയെടുത്തത്.

വിദ്യാഭ്യാസമേഖലയിൽ പുതിയ പാഠ്യപദ്ധതി വരുന്നതിനും വളരെ മുമ്പുതന്നെ 'പഠനം വിദ്യാഭ്യാസകാലത്ത് പാൽപ്പായസവും അധ്യാപനം അതിമധുരവും' ആവണമെന്ന കാഴ്ചപ്പാടാണ് എം.പി മുന്നോട്ടുവച്ചത്. ശരിയായ ഉത്തരങ്ങൾ എഴുതുന്നതിനെക്കാൾ ശരിയായ ചോദ്യങ്ങൾ ചോദിപ്പിക്കാനാണ് കുട്ടികളെ പ്രേരിപ്പിക്കേണ്ടതെന്നതായിരുന്നു എം പിയുടെ ആശയം.
ജനങ്ങളുടെയിടയിൽ ശാസ്ത്രീയമായ അറിവും ചിന്താഗതിയും വളർത്തണമെങ്കിൽ വാമൊഴിയും വരമൊഴിയും മാത്രം പോരാ, പ്രവർത്തനങ്ങളും വേണ്ടിവരുമെന്നതു (ശാസ്ത്രം പ്രവർത്തനമാണ്) കൊണ്ടാണ് എം.പി ഓരോ പഞ്ചായത്തിലും ഗ്രാമശാസ്ത്രസമിതികൾ ഉണ്ടാകണമെന്ന ആശയം പരിഷത്തിലൂടെ പ്രാവർത്തികമാക്കിയത്.
ഒരു പ്രദേശത്തിന്റെ സർവതോമുഖമായ വികസനം മുൻനിർത്തി, അതതു പ്രദേശത്തെ ലഭ്യമായ ആധുനിക വിജ്ഞാനികളുടെയും പരമ്പരാഗത വിജ്ഞാനികളുടെയും ഒരു സംഘമായിട്ടാണ് ഈ സമിതികളെ എം.പി വിഭാവനം ചെയ്തത്. ഇതുമായി ബന്ധപ്പെട്ടാണ് കേരളത്തിന്റെ ഭൗതിക- മാനുഷിക വിഭവങ്ങൾ അപഗ്രഥിച്ച് കെ.എൻ. ശ്യാമസുന്ദരൻ നായരും എം.പിയും എഡിറ്റർമാരായി 'കേരളത്തിന്റെ സമ്പത്ത്' എന്ന പുസ്തകം പരിഷത്ത് പ്രസിദ്ധീകരിക്കുന്നത്. ആ പുസ്തകം പ്രസിദ്ധീകരിച്ചിട്ട് ഇപ്പോൾ അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഈ 50 വർഷത്തിനിടയിൽ കേരളത്തിന്റെ വികസന മേഖലയിൽ ഒട്ടേറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്.
കേരളത്തിലെ കുറച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയെങ്കിലും സ്വയംപര്യാപ്തമായ സ്വാശ്രയ പഞ്ചായത്തുകളാക്കി മാറ്റണമെന്നത് എം. പിയുടെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്നു.
എന്നാൽ, കേരളത്തിന്റെ സാമൂഹിക- സാമ്പത്തിക വികസനത്തിൽ പ്രകൃതിവിഭവങ്ങളുടെ ഉൽപാദനപരമായ വിനിയോഗം എത്രമാത്രം സാധ്യമായിട്ടുണ്ടെന്ന കാര്യത്തിൽ വലിയ ആശങ്കയുണ്ട്. അതിനാൽ, കേരളത്തിന്റെ സമ്പത്തിനെ കാലോചിതമായി പരിഷ്കരിക്കാൻ എം. പി പരിഷത്തിൽ വലിയ നിർബന്ധം ചെലുത്തിയിരുന്നു. അതിനായി അസുഖ ബാധിതനായിരിക്കുമ്പോഴും, പരിഷ്കരിക്കുന്ന പുസ്തകത്തിൽ ഉൾപ്പെടുത്തേണ്ട അധ്യായങ്ങളും ഉപവിഷയങ്ങളും പട്ടികകളുമെല്ലാം, ഏറെ പണിപ്പെട്ട് അദ്ദേഹം തയ്യാറാക്കിയിരുന്നു. എം.പിയുടെ നിർദേശങ്ങൾ ഉൾപ്പെടുത്തി 'കേരളത്തിൻ്റെ സമ്പത്ത്' പരിഷ്കരിച്ച് പുനഃപ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ കുറച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയെങ്കിലും സ്വയംപര്യാപ്തമായ സ്വാശ്രയ പഞ്ചായത്തുകളാക്കി മാറ്റണമെന്നത് എം. പിയുടെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്നു. അതിനുവേണ്ടി നിരവധി പ്രവർത്തനങ്ങൾ പല പഞ്ചായത്തുകളിലായി തുടങ്ങിവച്ചിരുന്നു. ഒരു ഗ്രാമപഞ്ചായത്തിൽ ആ നാട്ടിലെ വിഭവങ്ങളുപയോഗിച്ച് എന്തൊക്കെ നിർമ്മിക്കാനും ഉൽപാദിപ്പിക്കാനും കഴിയും, ഉൽപന്നങ്ങളുടെ വിപണനസാധ്യത എങ്ങനെയായിരിക്കും, എത്രപേർക്ക് അതുവഴി തൊഴിൽ ലഭിക്കും തുടങ്ങി, ഒട്ടേറെ ചോദ്യങ്ങളുമായിട്ടായിരുന്നു എം.പി അതിനെ പ്രയോഗവൽക്കരിക്കാൻ ശ്രമിച്ചത്.
മുകളിൽനിന്ന് താഴേയ്ക്കല്ല പ്രവർത്തനങ്ങൾ രൂപപ്പെടുത്തേണ്ടത്; മറിച്ച്, താഴെനിന്ന് ജനങ്ങൾ അത് ഏറ്റെടുക്കുകയാണ് വേണ്ടതെന്നതായിരുന്നു എം.പിയുടെ ആശയം.
വികസനം സുസ്ഥിരമാകണമെങ്കിൽ ഉൽപാദനം മാത്രം പോരാ, നീതിയുക്തമായ വിതരണവും ജനാധിപത്യബോധവും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. ഏതൊരു പ്രവർത്തനമായാലും കണക്കുകൾനിരത്തി വസ്തുനിഷ്ഠമായി കാര്യങ്ങൾ വിശകലനം ചെയ്യുന്നതാണ് എം.പിയുടെ രീതി.
ആഗോളീകരണത്തിനെതിരെ പ്രസംഗിച്ചാൽമാത്രം മതിയോ, ചില ബദലുകളും രൂപപ്പെടുത്തേണ്ടതില്ലേ എന്നതായിരുന്നു എം.പിയുടെ മറ്റൊരു ചോദ്യം.
ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ ലക്ഷ്യമായ അന്വേഷണമേഖല ബദലുകൾ രൂപപ്പെടുത്തി സമൂഹത്തിൽ പ്രാവർത്തികമാക്കുകയാണ് വേണ്ടതെന്ന് എം.പി പരിഷത്തുകാരെ നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. അതിനുവേണ്ടി അദ്ദേഹം പ്രവർത്തിച്ചുകൊണ്ടേയിരുന്നു.

നാടിനുചേർന്ന സാങ്കേതികവിദ്യ രൂപപ്പെടുത്തിയെടുക്കുക, ശാസ്ത്രസാങ്കേതികവിദ്യയും ഗ്രാമീണജനതയും തമ്മിലുള്ള വിടവ് നികത്തുക തുടങ്ങിയ ആശയങ്ങളുടെ സാക്ഷാത്കാരത്തിനുവേണ്ടി തുടങ്ങിയ പരിഷത്ത് സ്ഥാപനമാണ് ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ (IRTC). ദക്ഷത കൂടിയ അടുപ്പ്, വിഭവഭൂപട നിർമ്മാണം, നീർത്തടാധിഷ്ഠിത വികസനം, മാലിന്യപരിപാലനം, ഊർജ മാപ്പിങ് തുടങ്ങി ഒട്ടേറെ മേഖലകളിൽ ഇത്തരത്തിൽ പ്രായോഗിക രൂപങ്ങൾ വികസിപ്പിക്കാൻ IRTC-യ്ക്ക് കഴിഞ്ഞിട്ടുണ്ട്. IRTC- യുടെ മുഴുവൻ പ്രവർത്തനങ്ങളിലും എം.പിയുടെ കൈയ്യൊപ്പുണ്ട്.
ശാരീരിക ബുദ്ധിമുട്ടുകളൊന്നും എം.പിയുടെ തൃഷ്ണയെ ഒരുതരത്തിലും ബാധിച്ചിരുന്നില്ല. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അഞ്ച് പുസ്തകങ്ങളാണ് എം.പി എഴുതിത്തീർത്തത്. വായിക്കാനും എഴുതാനും കഴിയാതിരുന്ന അവസ്ഥയിൽ മറ്റൊരാൾക്ക് പറഞ്ഞുകൊടുത്ത് എഴുതിപ്പിക്കലായിരുന്നു അവലംബിച്ച മാർഗം.
'ലിംഗാസമത്വം: പ്രതിരോധ ചിന്തകളും പ്രയോഗങ്ങളും' എന്ന പുസ്തകം 2018-ലെ വനിതാ ദിനത്തിലാണ് പരിഷത്ത് പ്രകാശനം ചെയ്തത്. പുതിയ സാമൂഹികവ്യവസ്ഥയിൽ സ്ത്രീകളുടെ സാമ്പത്തിക പരാധീനത ഇല്ലാതാവാം, എന്നാൽ കുടുംബ പരാധീനതയിൽനിന്ന് മുക്തരാക്കുകയെന്നത് അത്ര എളുപ്പം നടക്കുന്ന കാര്യമല്ല എന്നാണ് എം.പി രേഖപ്പെടുന്നത്. പിന്നീട് 'പുതിയ ഗ്രാമത്തിൽനിന്ന് പുതിയ ലോകത്തിലേക്ക് ' എന്ന പുസ്തകവും രണ്ട് പരിഭാഷകളും എം പി നിർവഹിച്ചു. ഡോ. ശ്രീപദ് എ. തപോൽക്കറിന്റെ 'സമൃദ്ധി എല്ലാവർക്കും' എന്ന പുസ്തകം എം.പി പരിഭാഷപ്പെടുത്തിയത് 'പ്രയോഗപരിവാർ' എന്ന വിദ്യാഭ്യാസ സമ്പ്രദായം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
എം.പിയെ പത്മ പുരസ്‌കാരത്തിന് തിരഞ്ഞെടുത്ത സമയത്ത് അദ്ദേഹം പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു: "എൻ്റെ ആശയങ്ങൾ ഞാൻ പ്രാവർത്തികമാക്കിയത് പരിഷദ് സംഘടനയിലൂടെയാണ്. അതിനാൽ, പരിഷത്തിന് ആ പുരസ്‌കാരം നൽകുകയാണെങ്കിൽ സ്വീകരിക്കാം’’.
ജനങ്ങളെ ശാസ്ത്രഗവേഷകരാക്കിമാറ്റി എന്നതാണ് ഈ സമ്പ്രദായത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം. ഇത്തരം ആശയങ്ങളിലൂടെ കേരളത്തെ എങ്ങനെ സമൃദ്ധമാക്കാം എന്നതാണ് എം.പിയുടെ ചിന്ത. ഇതിന്റെ രണ്ടാം ഭാഗമെന്ന് പറയാവുന്നതാണ് കെ. ആർ. ദാത്തെ എഴുതിയ 'ജൈവദ്രവ്യ സമ്പദ് വ്യവസ്ഥ'യുടെ പരിഭാഷ. ഓരോ വാക്യവും സഹായിയായ ലീനയെക്കൊണ്ട് വായിപ്പിച്ച് തർജമ ചെയ്യാൻ എം.പി ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. മോഡേൺ ബുക്സ് സെന്റർ പ്രസിദ്ധീകരിച്ച 'Rurban' എന്ന മറ്റൊരു പുസ്തകവും ഇതിനിടെ എഴുതി. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുള്ള പുതിയ വികസനമാതൃകയും സാമൂഹികവ്യവസ്ഥയും മുന്നോട്ടുവയ്ക്കുന്നതാണ് ഈ പുസ്തകം.
വീൽച്ചെയറിൽ ഇരുന്നായാലും തനിക്കിഷ്ടപ്പെട്ട സിനിമകൾ വീണ്ടുംവീണ്ടും കാണാനും ക്രിക്കറ്റ് കാണാനുമുള്ള മനസ്സ് എം.പിക്കുണ്ടായിരുന്നു. എല്ലാ കാര്യവും ആസ്വദിച്ച് ചെയ്യുന്നതിൽ എം.പിയുടെ ഭാഷയിൽ പറഞ്ഞാൽ, 'വേഷം കെട്ടാതെ' ചെയ്യുന്നതിൽ അദ്ദേഹം ആനന്ദം കണ്ടെത്തിയിരുന്നു.
ശാസ്ത്രം ജനജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാണെന്ന് ഉറച്ചുവിശ്വസിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്ത ആളാണ് എം പി. ഇംഗ്ലീഷിലും മലയാളത്തിലുമായി നൂറോളം പുസ്‌തകങ്ങളും ലഘുലേഖകളും നോട്ടുകളും കൈയ്യെഴുത്ത് പ്രതികളും തയ്യാറാക്കിയിട്ടാണ് അദ്ദേഹം നമ്മെ വിട്ടുപോയത്. ഇതിൽ പല പുസ്തകങ്ങൾക്കും ഒന്നിൽക്കൂടുതൽ അവാർഡുകളും ലഭിച്ചിട്ടുണ്ട്.

എം.പിയെ പത്മ പുരസ്‌കാരത്തിന് തിരഞ്ഞെടുത്ത സമയത്ത് അദ്ദേഹം പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു:
"എൻ്റെ ആശയങ്ങൾ ഞാൻ പ്രാവർത്തികമാക്കിയത് പരിഷദ് സംഘടനയിലൂടെയാണ്. അതിനാൽ, പരിഷത്തിന് ആ പുരസ്‌കാരം നൽകുകയാണെങ്കിൽ സ്വീകരിക്കാം’’.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമായി വളർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച എം.പി, വിദ്യാഭ്യാസത്തിൻ്റെയും ശാസ്‌ത്രപഠനത്തിൻ്റെയും യഥാർഥ ലക്ഷ്യം ബിരുദങ്ങൾ നേടലോ, ഗവേഷണ പ്രബന്ധങ്ങൾ എഴുതലോ മാത്രമല്ല, സാധാരണക്കാരുടെ ജീവിതഗുണത വർധിപ്പിക്കലാണെന്ന് നമ്മെ പഠിപ്പിച്ച അധ്യാപകനും വഴികാട്ടിയുമായിരുന്നു.
എല്ലാവരേയും ചേർത്തുനിർത്താനുള്ള അദ്ദേഹത്തിന്റെ മനസ്സും ചാഞ്ചല്യമില്ലാത്ത ശുഭാപ്‌തി വിശ്വാസവും, അദമ്യമായ ഇച്ഛാശക്തിയും അശ്രാന്തപരിശ്രമവും നമ്മെ എന്നെന്നും മുന്നോട്ടു നയിക്കുകയും പ്രചോദിപ്പിക്കുകയുംതന്നെ ചെയ്യും. ശാസ്‌ത്രവും സാങ്കേതികവിദ്യയും സാധാരണ ജനങ്ങൾക്ക് പ്രാപ്യമല്ലാത്തവിധത്തിൽ ഒരു ന്യൂനപക്ഷം കൈപ്പിടിയിലൊതുക്കുകയും അശാസ്‌ത്രീയതകളും കപടശാസ്ത്രവും വ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന വർത്തമാനകാല സാഹചര്യത്തിൽ, എം.പി മുന്നോട്ടുവെച്ച ആശയങ്ങളുടെ പ്രസക്തി കൂടിക്കൂടി വരുകയേയുള്ളൂ.

