എം. പി. പരമേശ്വരനെ കുറിച്ചുള്ള എഴുത്തുകളുടെ ഒരു പ്രവാഹം തന്നെ, അദ്ദേഹത്തിന്റെ വിയോഗവേളയിൽ കണ്ടു. ഒരു കാലഘട്ടത്തെ, അതിൽ ഒരു വിഭാഗം മനുഷ്യരെ സ്വാധീനിച്ചതിന് വേറെ തെളിവുകളൊന്നും വേണ്ട. ഗുരുവിനെപ്പോലെ കാണുന്ന ആളാണെന്ന് പലരും എഴുതിക്കണ്ടു.
ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രധാന നേതാക്കളിൽ ഒരാളായാണ് എം. പിയെ എനിക്ക് കാണാൻ സാധിക്കുന്നത്. എനിക്ക് അദ്ദേഹത്തെ അങ്ങനെയാണ് പരിചയം. എപ്പോഴും ഏതെങ്കിലും പ്രോജക്ടുകളെ കുറിച്ചുള്ള ചിന്തയിലും സംസാരത്തിലുമായിരിക്കും എം.പി. നേരിട്ട് എപ്പോഴും ആർക്കും ഇടപെടാൻ സാധിക്കും. പരിഷത്തിലെ ഒരു സംസ്കാരം അങ്ങനെയാണ്. ധൈഷണികതയിൽ ശ്രേണീബദ്ധതയുണ്ടെങ്കിലും വ്യക്തിപരമായ ഇടപെടലിൽ പരിഷത്ത് പ്രവർത്തകർക്ക് അതില്ല. പരിഷത്തിന്റെ ഘടനാപരമായ സവിശേഷതകളിൽ ഒന്നാണത്. എം. പിയെ പോലെയുള്ളവരുടെ സാന്നിദ്ധ്യം കൂടിയാവാം ആ സംസ്കാരം രൂപപ്പെടുത്തിയത്.
100 ക്ലാസ്സുകൾ, 1000 ക്ലാസ്സുകൾ എന്ന തരത്തിൽ വലിയ തോതിൽ ജനങ്ങളിലേക്ക് വിജ്ഞാനം എത്തിക്കുക എന്ന എം.പിയുടെയും പരിഷത്തിന്റേയും ഉത്സാഹഭരിതമായ പ്രവർത്തനങ്ങളോട് എനിക്ക് വ്യക്തിപരമായി വിയോജിപ്പുണ്ട്.
ഹയറാർക്കിയുടെ തടസ്സങ്ങളില്ലാത്തതുകൊണ്ട് പെട്ടെന്നുതന്നെ സ്ഥാനവ്യത്യാസങ്ങളില്ലാതെ ഊഷ്മളമായ അടുപ്പം പരിഷത്ത് പ്രവർത്തകർക്കിടയിലുണ്ടാകും. മൂന്നു നാലു വർഷങ്ങൾക്കുമുമ്പ് അവസാനമായി പരിഷത്ത് ഓഫീസിൽവച്ചുകണ്ടപ്പോൾ എന്നെ നോക്കി, ‘തള്ളച്ചി ആയില്ല’ എന്നു പറഞ്ഞു. നുണക്കുഴി വിരിയുന്ന സ്വതസ്സിദ്ധമായ പുഞ്ചിരിയോടെ എം.പി. അതു പറയുമ്പോൾ, നൈർമ്മല്യവും വാത്സല്യവുമാണ് അനുഭവപ്പെട്ടത്.
എന്റെ പരിഷത്ത് അനുഭവങ്ങളോട് ചേർത്തുവച്ചു മാത്രമാണ് എം. പിയെ കാണാൻ കഴിയുക. തനതായ സാംസ്കാരിക ഇടം ഉണ്ടാക്കിയ സംഘടനയാണ് പരിഷത്ത്. വലുപ്പച്ചെറുപ്പമില്ലാതെ, പ്രായപരിഗണനകളില്ലാതെയുള്ള ഇടപെടൽ, സയൻസിനോടുള്ള ആഭിമുഖ്യം, മീറ്റിങ്ങുകൾക്കായുള്ള യാത്രകൾ എന്നിവയൊക്കെയാണ് എൺപതുകളിൽ എന്നെ വ്യക്തിപരമായി പരിഷത്തിനോടടുപ്പിച്ചത്. അതിൽ എം.പി, സി.ജി.എസ്, സി.ജെ.എസ്, കെ.കെ തുടങ്ങിയുള്ള വിളികൾ ആകർഷകമായി തോന്നി. പ്രസ്ഥാനങ്ങളിലുള്ളവരെ ഇ.എം.എസ്, എ. കെ. ജി എന്നൊക്കെ വിളിച്ചിരുന്ന ആ കാലത്ത്, കോളേജുകളിലെ സാർ / മാഡം കൾച്ചറിൽ നിന്നുള്ള വിടുതലിന്റെ ആശ്വാസം കൂടിയാണ് എം.പിയെ പോലുള്ളവർ നൽകിയത്.

ശാസ്ത്രസാഹിത്യപരിഷത്തിനെ പുറത്തുനിന്ന് നോക്കുന്നവർക്ക് കൗതുകകരമായി അനുഭവിപ്പിക്കുന്ന പല ഇവന്റുകളുമുണ്ട്. ഒരു സന്നദ്ധസംഘടന എന്നുപറയുമ്പോൾ അതിന്റെ സാധാരണ ചട്ടക്കൂടിൽ അത് ഒതുങ്ങുന്നില്ല. വലുപ്പം തന്നെയാണ് കാരണം. വലിയ തോതിലുള്ള പരിപാടികൾ വിഭാവനം ചെയ്യുന്നതിനും നടത്തുന്നതിനും അത് ദേശീയതലത്തിൽ കണ്ണി ചേർക്കുന്നതിനുമുള്ള വൈഭവം തീർച്ചയായും എം.പിയുടേതാണ്. അവയിൽ എനിക്ക് ഏറ്റവും അനുഭവപ്പെട്ടത്, യൂണിയൻ കാർബൈഡ് വാതകദുരന്തത്തിനുശേഷം ഭോപ്പാലിലേക്ക് നടത്തിയ സയൻസ് ട്രെയിൻ യാത്രയാണ്. ഒരു ട്രെയിൻ മുഴുവൻ എം.പി ഉൾപ്പെടെയുള്ള പരിഷത്ത് പ്രവർത്തകർ. അതിനകത്ത് സംവാദങ്ങളും പാട്ടും കവിതയുമായി എല്ലാവരും ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടക്കുന്നു.
ശാസ്ത്രസാഹിത്യപരിഷത്തിനെ പുറത്തുനിന്ന് നോക്കുന്നവർക്ക് കൗതുകകരമായി അനുഭവിപ്പിക്കുന്ന പല ഇവന്റുകളുമുണ്ട്. ഒരു സന്നദ്ധസംഘടന എന്നുപറയുമ്പോൾ അതിന്റെ സാധാരണ ചട്ടക്കൂടിൽ അത് ഒതുങ്ങുന്നില്ല. വലുപ്പം തന്നെയാണ് കാരണം.
യൂണിയൻ കാർബൈഡിനെതിരെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് ആയിരങ്ങൾ പങ്കെടുത്ത് ഭോപ്പാലിൽ നടന്ന ജാഥയും പ്രസംഗങ്ങളും കലയിലൂടെയുള്ള ആശയസംവാദവുമൊക്കെ എന്റെ ബോധത്തിലും അടയാളമുണ്ടാക്കിയിട്ടുണ്ട്. ഭാരത് ജനവിജ്ഞാന ജാഥ, ഭാരത് ഗ്യാൻ വിജ്ഞാൻ ജാഥ തുടങ്ങിയ ദേശീയ പരിപാടികൾ, കേരളത്തിലെ സമ്പൂർണ്ണ സാക്ഷരതാ പരിപാടി എന്നിവയാണ് എം.പിയുമായി ബന്ധപ്പെട്ട മറ്റു ഓർമ്മകൾ.
പരിസ്ഥിതിയേയും വികസനത്തേയും ബന്ധിപ്പിച്ചു കൊണ്ടുള്ള കാഴ്ചപ്പാടും പ്രവർത്തനങ്ങളും, റൂറൽ ടെക്‌നോളജി, വികേന്ദ്രീകൃതാസൂത്രണം തുടങ്ങി പരിഷത്തിന്റെ എല്ലാ വൈജ്ഞാനിക - പ്രവർത്തന മണ്ഡലങ്ങളിലും ഗാഢമായ സ്വാധീനമാണ് എം.പിക്കുള്ളത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ശാസ്ത്രപ്രസ്ഥാനവും തമ്മിൽ ഇഴ ചേർന്നാണ് ശാസ്ത്രസാഹിത്യ പരിഷത്ത് ഇന്നത്തെ രീതിയിൽ വികസിക്കുന്നത്. തനതായ പ്രതിഭാസം എന്ന നിലക്ക് ദേശീയവും അന്തർദേശീയവുമായ തലത്തിൽ അത് ഉയർന്നുനിൽക്കുന്നതിൽ വ്യക്തിപരമായി എം.പിക്ക് വലിയ പങ്കുണ്ട്.

അതേസമയം, കേരളത്തിന്റെ സവിശേഷമായ രാഷ്ട്രീയ പശ്ചാത്തലത്തിൽ, ഇടത്തരക്കാരുടെ വൈജ്ഞാനികവും സാമൂഹ്യവുമായ ഉത്കണ്ഠകൾ പങ്കുവക്കപ്പെടാനുള്ള ഇടം എന്ന നിലയിൽ എം.പിയെ പോലുള്ളവരെ സംഘടന ഉൾക്കൊള്ളുകയുമാണ്. വിശാലമായ രാഷ്ട്രീയ മണ്ഡലത്തിൽ പരിഷത്തിന്റെ സ്ഥാനം എവിടെയാണെന്നത് എന്നെ എപ്പോഴും സന്ദേഹിപ്പിച്ചു കൊണ്ടിരിക്കുന്ന വിഷയമാണ്. 100 ക്ലാസ്സുകൾ, 1000 ക്ലാസ്സുകൾ എന്ന തരത്തിൽ വലിയ തോതിൽ ജനങ്ങളിലേക്ക് വിജ്ഞാനം എത്തിക്കുക എന്ന എം.പിയുടെയും പരിഷത്തിന്റേയും ഉത്സാഹഭരിതമായ പ്രവർത്തനങ്ങളോട് എനിക്ക് വ്യക്തിപരമായി വിയോജിപ്പുണ്ട്. സാധാരണക്കാരിലല്ല, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ടെക്‌നോക്രാറ്റുകൾ ഒക്കെ അടങ്ങുന്ന ഇടത്തരക്കാരിലാണത് വിജ്ഞാനവും ചലനവും ഉണ്ടാക്കുന്നത് എന്ന തിരിച്ചറിവ് മൂലമാണത്. അത് ആവശ്യമുള്ളതു തന്നെയാണ്. എന്നാൽ, സാധാരണക്കാരായ ഭൂരിപക്ഷത്തോടൊപ്പം നിൽക്കുക എന്ന പരിഷത്ത് സിദ്ധാന്തത്തെ അത് പ്രശ്നഭരിതമാക്കുന്നതായി തോന്നിയിട്ടുണ്ട്. ഉത്സാഹത്തിനിടയിൽ, ഉള്ളിലേക്ക് നോക്കാനുള്ള ഇടം കിട്ടുകയില്ല എന്നതാണ്. പ്രത്യേകിച്ച്, ‘സമയവും പരിചരണവും’ കൂടുതൽ ആവശ്യപ്പെടുന്ന ഭൂരിപക്ഷംവരുന്ന സ്ത്രീകളുടെ ‘വൈകാരികതയുടെ ഉൾക്കൊള്ളൽ രാഷ്ട്രീയം’ പൊരുത്തക്കേടുണ്ടാക്കുന്നത്, ഒരു ഫെമിനിസ്റ്റ് നോട്ടത്തിൽ കാണുന്നതു കൊണ്ടാവാം ഇങ്ങനെ തോന്നുന്നത്. ബഹുലമായും ചടുലമായും മാറിക്കൊണ്ടിരിക്കുന്ന, വ്യത്യസ്ത അടരുകളുള്ള കേരള രാഷ്ട്രീയത്തിൽ ശാസ്ത്രസാഹിത്യ പരിഷത്തിനും അതിന്റെ നേതാക്കൾക്കും സ്‌ഥാനവും അതിരുമുണ്ട്.
ഈ വിയോഗവേളയിൽ, എം.പി. പരമേശ്വരനെ ആദരവോടെ ഓർക്കുന്നു. എപ്പോഴും, ചിന്തിച്ചും പറഞ്ഞും പ്രവർത്തിച്ചും എല്ലാവരേയും തന്നിലേക്കടുപ്പിക്കുന്ന ആൾ. ‘ശാസ്ത്രം സാമൂഹ്യ മാറ്റത്തിന്’ എന്ന് ഇടമുറിയാതെ സ്വപ്നം കണ്ടയാൾ. തന്റെ സ്വപ്നത്തെ ഭയമില്ലാതെ, സൈദ്ധാന്തികമായി കേരള രാഷ്ട്രീയമണ്ഡലത്തിൽ തുറന്നുവച്ച ആൾ എന്ന നിലക്ക് എം.പി നമുക്ക് നഷ്ടമായിരിക്കുന്നു.

