1980- കളുടെ തുടക്കത്തിൽ കേരളത്തിലെ ഇടതുസാമൂഹ്യപ്രവർത്തന മണ്ഡലത്തിലേക്ക് ഞാൻ പ്രവേശിച്ചപ്പോൾ അവിടെ രണ്ടുതരം പുരുഷ മാതൃകകളാണുണ്ടായിരുന്നത്. അതിൽ ആദ്യത്തേതിനെ ഏട്ടൻ / ചേട്ടൻ / അണ്ണൻ മാതൃക എന്നു വിളിക്കാം. സാമൂഹ്യ ഇടങ്ങളിൽ നിറസാന്നിദ്ധ്യമായിരിക്കെത്തന്നെ രാഷ്ട്രീയപ്രവർത്തനങ്ങളിലും സാംസ്കാരിക പ്രവർത്തനങ്ങളിലും ഏർപ്പെടുന്ന, മൂത്ത സഹോദരന്മാരിൽനിന്ന് ഇളയവർ പ്രതീക്ഷിക്കുന്ന വൈകാരികസുരക്ഷിതത്വം തരുന്ന, പുരുഷമാതൃകയായിരുന്നു ഇത്.
രണ്ടാമത്തെ മാതൃകയെ ‘മാഷ്’ മാതൃക എന്നു പറയാം. മിക്കവാറും ഗ്രാമതലത്തിൽ, തദ്ദേശവിഷയങ്ങളിലും സാമൂഹ്യ ഇടങ്ങളിലും ഇടപെടുന്ന ഇടത്തരക്കാരും, മിക്കവാറും ഉന്നതജാതിക്കാരോ മദ്ധ്യജാതിക്കാരോ ആണ് മാഷ് മാതൃകയിൽ ഉൾപ്പെട്ടിരുന്നത്. ‘മാഷ്’ മാതൃകാപുരുഷന്മാരും ഏട്ടൻ / അണ്ണൻ / ചേട്ടൻ മാതൃകാപുരുഷന്മാരും അധികവും മദ്ധ്യവയസ്ക്കരുമായിരുന്നു. ഈ മണ്ഡലത്തിലെ ചെറുപ്പക്കാരെ ശാസിക്കാനും നിയന്ത്രിക്കാനും സൗമ്യാധികാരമുണ്ടായിരുന്നവർ. സി പി എമ്മിലൂടെ സാമൂഹ്യ-സാമ്പത്തികശ്രേണിയിൽ ഉയർച്ച തേടുന്ന പുരുഷമാതൃക ഇന്നത്തെയത്ര സാധാരണമായിരുന്നില്ല, അന്ന്.
ശരീരഭാഷയിലോ ഭാവത്തിലോ പെരുമാറ്റത്തിലോ ചിന്തയിലോ രാഷ്ട്രീയനിലപാടുകളിലോ ജീവിതവീക്ഷണത്തിലോ കാപട്യഭാരവും അനാവശ്യ ഗൗരവവും പേറാൻ കൂട്ടാക്കാത്ത, സന്തോഷത്തെയും ലാഘവത്തെയും അലങ്കാരമാക്കിയ, ആ മനുഷ്യൻ പരിചിത പുരുഷമാതൃകകളോട് ഒളിച്ചുകളിക്കുന്നതു കണ്ടുനിൽക്കാനുള്ള ഭാഗ്യം 1980-കളിൽ എനിക്കുണ്ടായി.
ബാല്യം വിടാൻ മടിയുള്ള കൗമാരക്കാരിയായിരുന്ന ഞാൻ ഇവരെ ജിജ്ഞാസയോടെയാണ് നോക്കിക്കണ്ടത്. എനിക്ക് അന്നുവരെ പരിചയമുണ്ടായിരുന്ന കുടുംബ- സമുദായ-വരേണ്യ പുരുഷമാതൃകകളിൽനിന്ന് വളരെ വ്യത്യസ്തരായിരുന്നു ഇവർ. ആ മാതൃകകളിൽ എപ്പോഴും പരമ്പരാഗത പരമാധികാര പിതൃമേധാവിത്വത്തിൻെറ നേർത്തതെങ്കിലും യഥാർത്ഥമായിരുന്ന നാറ്റം തങ്ങിനിന്നിരുന്നു. പുതുതായി പരിചയപ്പെട്ട പുരുഷമാതൃകകളാകട്ടെ, കുറേക്കൂടി ആധുനിക സ്വഭാവമുള്ള, അതായത് സ്വത്വരൂപീകരണത്തെ സഹായിക്കുന്നതരം അച്ചടക്കത്തെ സൃഷ്ടിക്കുന്ന, നല്ലതെന്നുതന്നെ തോന്നിയ, പിതൃമേധാവിത്വത്തെപ്പോലെ തോന്നിപ്പിച്ചു. എങ്കിലും അധികാരം അധികാരം തന്നെയാണ്. പുതിയ പുരുഷമാതൃകകൾ പഴയവയെക്കാൾ സ്വീകാര്യമായിത്തോന്നിയെങ്കിലും പലതരം എതിർപ്പുകളും ചെറുക്കലുകളും അവയോട് എനിക്കു മാത്രമല്ല, എൻെറ തലമുറക്കാരിൽ ആൺ - പെൺഭേദമന്യേ ഉണ്ടായി. പിതൃമേധാവിത്വത്തിൽ തല മൂക്കുക എന്നു പറയുന്നത് പിതൃരൂപത്തിൻെറ അധികാരത്തെ ചോദ്യംചെയ്തുകൊണ്ടാണല്ലോ.

എം. പി. പരമേശ്വരനെ ഈ പുരുഷമാതൃകകളുടെ പശ്ചാത്തലത്തിലാണ് ഞാൻ പരിചയപ്പെട്ടത്. അവയിൽ ഉൾപ്പെടാത്ത, അല്ലെങ്കിൽ ഉൾപ്പെടാൻ കൂട്ടാക്കാത്ത ഒരാളെ കണ്ടെത്തിയതിലെ അത്ഭുതവും ആഹ്ലാദവും അന്ന് അനുഭവപ്പെട്ടത് ഇന്നും ഓർക്കുന്നു. എന്തുകൊണ്ടാണങ്ങനെ തോന്നിയതെന്ന ചോദ്യത്തിന് പിൻകാഴ്ച നൽകുന്ന ഉത്തരത്തിൻെറ തെളിച്ചം അന്നില്ലായിരുന്നെങ്കിലും, എം.പി പിതാവോ സഹോദരനോ പുത്രനോ മാഷിൻെറ പരിഷ്കൃതരൂപം പോലുമോ അല്ല, കുട്ടിത്തം കൈവിടാത്ത ഒരാളാണെന്നാണ് അന്നെനിക്കു തോന്നിയത്. കുട്ടിത്തം പ്രായമല്ല, മാനസികാവസ്ഥയാണ്. ‘മാഷ് മാതൃക’യുടെ വിപുലീകരിക്കപ്പെട്ട വകഭേദത്തിലേക്ക് അദ്ദേഹത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളെ അദ്ദേഹം ചെറുത്തുവെന്നല്ല; അവയെ വളരെ ലാഘവത്തോടെ അവഗണിച്ചു. ഒരേസമയം പിതൃരൂപമായിരിക്കുകയും അതിനെ നിരന്തരം അവഗണിച്ചുതള്ളുകയും ചെയ്ത സവിശേഷമായ ആ വ്യക്തിത്വത്തോട് പൊതുവെ അടുപ്പങ്ങൾ എളുപ്പമല്ലാത്ത ഞാൻ പോലും അടുത്തുപോയി. ശരീരഭാഷയിലോ ഭാവത്തിലോ പെരുമാറ്റത്തിലോ ചിന്തയിലോ രാഷ്ട്രീയനിലപാടുകളിലോ ജീവിതവീക്ഷണത്തിലോ കാപട്യഭാരവും അനാവശ്യ ഗൗരവവും പേറാൻ കൂട്ടാക്കാത്ത, സന്തോഷത്തെയും ലാഘവത്തെയും അലങ്കാരമാക്കിയ, ആ മനുഷ്യൻ പരിചിത പുരുഷമാതൃകകളോട് ഒളിച്ചുകളിക്കുന്നതു കണ്ടുനിൽക്കാനുള്ള ഭാഗ്യം 1980-കളിൽ എനിക്കുണ്ടായി.
എംപി, ഒരു സന്യാസഭാവമുള്ള ശാസ്ത്രജ്ഞനുമായി നാം ബന്ധപ്പെടുത്താറുള്ള ഗൗരവഭാവം, ബൗദ്ധിക ഔന്നത്യം, അകലം മുതലായവയെ നിസ്സാരമായി തള്ളിക്കളഞ്ഞു, കുട്ടിത്തെത്തെ മടികൂടാതെ പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു.
മേൽപ്പറഞ്ഞ പുരുഷമാതൃകകളെ സ്ഥിരമായി ആശ്രയിക്കാതെതന്നെ സി പി എം പോലൊരു പാർട്ടിയിലും ശാസ്ത്രസാഹിത്യപരിഷത്ത് അടക്കം, അതോട് ഏറെക്കുറെ ചേർന്നുനിന്ന ഇടതു സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളിലും എം.പിക്ക് പൗരുഷശോഷണം കൂടാതെ പിടിച്ചുനിൽക്കാനായതിന് കാരണങ്ങളുണ്ട്. ആണവശാസ്ത്രജ്ഞനായി പ്രവർത്തിച്ചിരുന്ന വ്യക്തി അതെല്ലാം ഉപേക്ഷിച്ച് രാഷ്ട്രീയപ്രവർത്തനത്തിനായി മടങ്ങിയെത്തിയതിനെ സന്യാസകഥയായി വായിക്കാം- സന്യാസത്തെപ്പോലെ പുരുഷത്വത്തെ ഉറപ്പിക്കുന്ന മറ്റൊരു മാതൃകയില്ലെന്നുതന്നെ പറയാം. സന്യാസപുരുഷമാതൃക ഇടതുപക്ഷത്ത് വിരളമായിക്കഴിഞ്ഞ കാലമായിരുന്നു 1970-കൾക്കു ശേഷമെങ്കിലും, അതിന് വില ഒട്ടും കുറഞ്ഞിരുന്നില്ല, പ്രത്യേകിച്ച് സന്യാസഭാവമുള്ള ശാസ്ത്രജ്ഞനായിരുന്നു കഥാപുരുഷൻ എന്നതുകൊണ്ടുതന്നെ. പക്ഷേ എംപി, നേരത്തെ പറഞ്ഞതുപോലെ, ഒരു സന്യാസഭാവമുള്ള ശാസ്ത്രജ്ഞനുമായി നാം ബന്ധപ്പെടുത്താറുള്ള ഗൗരവഭാവം, ബൗദ്ധിക ഔന്നത്യം, അകലം മുതലായവയെ നിസ്സാരമായി തള്ളിക്കളഞ്ഞു, കുട്ടിത്തെത്തെ മടികൂടാതെ പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു.
ഇതും മനസ്സിലാക്കാനാകും. കാരണം, നെഹ്രുവിയൻ കാലത്തെ ശാസ്ത്രജ്ഞർ സവിശേഷമട്ടുകാരായിരുന്നു. അവർ രണ്ടാംലോകമഹായുദ്ധാനന്തരകാലത്തെ വിശാല ലോകസ്വപ്നങ്ങളിലേക്കു പിറന്നുവീണവരായിരുന്നു. എത്രതന്നെ അയഥാർത്ഥമായിരുന്നെങ്കിലും, അധിനിവേശത്തിനപ്പുറമുള്ള സകലലോകസ്നേഹത്തെ പുണർന്നവരായിരുന്നു. അവരിൽ പലരും ആ സ്വപ്നത്തെയും സ്നേഹത്തെയും ഇടുങ്ങിയതോ വിശാലമോ ആയ ദേശീയവാദലക്ഷ്യങ്ങളിലേക്കു പരിഭാഷപ്പെടുത്തി- അതോടെ അവയുടെ രാഷ്ട്രീയ വിവക്ഷകൾ മാറി.

മാത്രമല്ല, നെഹ്രുവിയൻ കാലത്തെ ശാസ്ത്രജ്ഞർ എല്ലാവരും ശാസ്ത്രത്തെ സാങ്കേതികവിദ്യയിലേക്കു ചുരുക്കിയില്ലെന്നു മാത്രമല്ല, ജ്ഞാനമണ്ഡലത്തിൻെറ വിശാലതയെ തങ്ങളുടെ വിജ്ഞാനാന്വേഷണങ്ങളിലൂടെത്തന്നെ പുനഃസ്ഥാപിക്കാൻ ശ്രമിച്ചവരായിരുന്നു. ഡി. ഡി. കൊസാംബി എന്ന ഗണിതശാസ്ത്രജ്ഞൻ ഇന്ത്യൻ ചരിത്രപഠനങ്ങൾക്കും സംസ്കൃതസാഹിത്യപഠനങ്ങൾക്കും ഗണ്യമായ സംഭാവനകളാണ് നൽകിയത്. ഹോമി ഭാഭ സംഗീതജ്ഞനും ചിത്രകാരനുമായിരുന്നു. ഇതേ ജ്ഞാനസംസ്കാരത്തിൽ പുലർന്നയാളാണ് എം.പി. പരമേശ്വരൻ.
ജ്ഞാനാന്വേഷണം ആനന്ദമാണെന്ന, അതിനാൽത്തന്നെ നിരന്തരമായ ചലനവുമാണെന്ന, ധാരണ ഈ തലമുറയുടെ ജ്ഞാനത്വരയുടെ അടിസ്ഥാനം തന്നെയായിരുന്നു (‘പഠനം പാൽപ്പായസം’ എന്ന വികൃതവത്ക്കരണവുമായി ഇതിനു ബന്ധമില്ല). എം.പിക്ക് ഒരുകാര്യവും ചെറിയ തോതിൽ വിഭാവനം ചെയ്യാൻ കഴിയുമായിരുന്നില്ലെന്ന പ്രത്യേകതയുടെയും വേര് ഇതിലാണ് കിടക്കുന്നത്. മുഴുലോകത്തെത്തന്നെ, കുറഞ്ഞപക്ഷം ജീവിക്കുന്ന സമൂഹത്തെ മൊത്തമായിത്തന്നെ, മാറ്റത്തിൻെറ അരങ്ങായി സങ്കല്പിക്കുന്ന രീതിയായിരുന്നു ആ തലമുറയുടേത്. മൂകപ്രതിഷ്ഠയുടെ അധികാരശക്തിയെക്കാൾ ചലനത്തിൻെറയും വിശാലമായ തട്ടകങ്ങളുടെയും വൈവിദ്ധ്യത്തിൻെറയും മാറ്റത്തിൻെറയും സജീവതയാണ് ജ്ഞാനാന്വേഷികൾക്കാവശ്യമെന്ന ആ തലമുറയുടെ വിശ്വാസം എംപിയുടെ ജീവിതത്തിൽ ഏറ്റവും പ്രസാദാത്മകമായി പ്രത്യക്ഷപ്പെട്ടു.
എം.പി. പരമേശ്വരന് ശീലമായിപ്പോയ ശാസ്ത്രചിന്താരീതി പക്ഷേ പരിമിതമായിരുന്നു; അതോട് ഞാൻ പലപ്പോഴും തുറന്നുതന്നെ കലഹിച്ചിട്ടുണ്ട്. കുറഞ്ഞപക്ഷം സാമൂഹ്യപ്രവണതകളെ പഠിക്കാൻ അവ ഉപകരിക്കുന്നില്ലെന്ന് വാക്കുകളെ മയപ്പെടുത്താതെ തന്നെ അദ്ദേഹത്തോടു പറഞ്ഞിട്ടുണ്ട്.
നെഹ്രുവിയൻ ചട്ടക്കൂടിനുള്ളിലും ഗാന്ധിയൻ ലോകവീക്ഷണത്തെ – പ്രധാനമായും ഇന്ത്യ ഗ്രാമങ്ങളിലാണ് ജീവിക്കുന്നതെന്ന വിശ്വാസത്തെ – കൈവിടാൻ തയ്യാറല്ലായിരുന്നു ഈ തലമുറയിലെ പലരും. കൊസാംബി അത്തരമൊരാളായിരുന്നു; ആണവശക്തിവികസനമല്ല, സൗരോർജവും ജലവൈദ്യുതിയുമാണ് ഇന്ത്യയ്ക്കാവശ്യമെന്ന് ആണവോർജത്തെച്ചൊല്ലിയുള്ള ദേശീയവാദപരമായ ഉത്സാഹത്തിൻെറ അത്യുച്ചകാലത്തും എഴുതാൻ അദ്ദേഹം മടിച്ചില്ല. എം.പിയും ആ വഴിയ്ക്കുവേണ്ടിയാണ് വാദിച്ചത്, ആ വഴിയാണ് പിൻതുടർന്നത്. താനൊരു ഗാന്ധിയൻ മാർക്സിസ്റ്റാണെന്ന് തുറന്നുപറയുന്നതിലേക്ക് ആ വഴി അദ്ദേഹത്തെ കൊണ്ടുപോയി.
അദ്ദേഹത്തിന് ശീലമായിപ്പോയ ശാസ്ത്രചിന്താരീതി പക്ഷേ പരിമിതമായിരുന്നു; അതോട് ഞാൻ പലപ്പോഴും തുറന്നുതന്നെ കലഹിച്ചിട്ടുണ്ട്. കുറഞ്ഞപക്ഷം സാമൂഹ്യപ്രവണതകളെ പഠിക്കാൻ അവ ഉപകരിക്കുന്നില്ലെന്ന് വാക്കുകളെ മയപ്പെടുത്താതെ തന്നെ അദ്ദേഹത്തോടു പറഞ്ഞിട്ടുണ്ട്. ലഭ്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ചില കണക്കുകൂട്ടലുകൾ നടത്തുക, അങ്ങനെ തിട്ടപ്പെടുത്തിയ അവസ്ഥയിൽ മാറ്റമുണ്ടാക്കാൻ ഇന്നതരം ഇടപെടലുകൾ നടത്തണമെന്ന് നിർദ്ദേശിക്കുക, ഈ ഇടപെടലുകൾക്കായി ഭരണകൂടവിഭവങ്ങൾ ഒരുവശത്തും, അതിലധികം സന്നദ്ധപ്രവർത്തനം മറുവശത്തും സങ്കല്പിക്കുക എന്ന ആ രീതിയെപ്പറ്റി എനിക്ക് ഏറെ വിമർശനങ്ങളുണ്ടായിരുന്നു.

സമൂഹം ഒരു തുറന്നവ്യവസ്ഥയായതുകൊണ്ട് ഇപ്പറഞ്ഞ സാമൂഹ്യ-സാമ്പത്തികാവസ്ഥയെ ബാധിക്കുന്ന മറ്റു വിശാലപ്രവണതകളെ കണക്കാക്കിയേ പറ്റൂ എന്ന് പലപ്പോഴും ചർച്ചയുടെ ഒടുവിൽ അദ്ദേഹം അംഗീകരിച്ചെങ്കിലും മനുഷ്യരുടെ ദൃഢനിശ്ചയം കൊണ്ട് അതെല്ലാം മറികടക്കാമെന്ന് ഉറച്ചുവിശ്വസിക്കുകയും ചെയ്തിരുന്നു. ജനകീയാസൂത്രണം പ്രക്ഷേപിച്ചുകൊണ്ടിരുന്ന ഭാവിദർശനം ഏതാണ്ടിതേ കാലത്ത് വ്യാപകമായിക്കൊണ്ടിരുന്ന ഇരപിടിയൻ എക്സ്ട്രാക്ടീവ് മുതലാളിത്തത്തിൻെറ ഫലങ്ങളെ കണക്കാക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോഴും; ജനങ്ങൾ ഒത്തുചേർന്ന് അതിനെ ചെറുക്കണം, അതിനായി നാം പ്രവർത്തിക്കണമെന്നു പറഞ്ഞ ശുഭാപ്തിവിശ്വാസം, പക്ഷേ, സിസെകിന് വെറുപ്പു തോന്നിപ്പിച്ച ‘happiness of stupid people’ ആയിരുന്നില്ല. പാർട്ടിക്കകത്തും പുറത്തുമുള്ള കാലത്ത് അദ്ദേഹം അത്തരം ചെറുത്തുനിൽപ്പിൻെറ ഇടങ്ങളെ തേടിപ്പോയിരുന്നു.
എം.പിയുടെ വിയോഗം വെറും ബൗദ്ധികമായ നഷ്ടമല്ല, എനിക്ക്. അച്ഛനമ്മമാർ മാത്രമല്ല എന്നെ വളർത്തിയതെന്ന് ഇതുപോലുള്ളവരുടെ വിടവാങ്ങൽ എന്നെ ഓർമ്മിപ്പിക്കുന്നു. ഇങ്ങനെയാണ് വയസ്സാകുന്നെതെന്ന് മനസ്സിലാകുന്നു.
ശാസ്ത്രസാഹിത്യപരിഷത്തിനോട് ഞാൻ വിടപറയുന്നത് അദ്ദേഹവുമായുണ്ടായ ഒരു അഭിപ്രായവ്യത്യാസം, വലിയൊരു അധികാരവിടവിനെയാണ് കാട്ടിത്തന്നതെന്നു മനസ്സിലായ സന്ദർഭത്തിലാണ്. ‘സ്ത്രീകളും ശാസ്ത്രവും’ എന്ന വിഷയത്തെപ്പറ്റി ഒരുമിച്ചെഴുതാനിരുന്ന ഒരു പുസ്തകത്തിൻെറ കരടുരൂപം തയ്യാറാക്കിയ സമയത്ത്, ശാസ്ത്രചിന്തയുടെ തലത്തിൽ അദ്ദേഹം ബെർനാളിയൻ ശാസ്ത്രവിചാരത്തിൻെറ പിതൃമേധാവിത്വ അടിസ്ഥാനത്തെ കാര്യമായി ചർച്ച ചെയ്യാൻ ഒരുക്കമല്ലെന്നു കണ്ടപ്പോഴായിരുന്നു അത്. അദ്ദേഹത്തിൻെറ കുട്ടിത്തത്തിൻെറ പരിധിയും പരിമിതിയും വെളിവായതോടെ ശാസ്ത്രസാഹിത്യപരിഷത് എന്ന പ്രസ്ഥാനവും അതിൽ രൂഢമൂലമായ ‘ഏട്ടൻ മാഷ്’ സംസ്കാരവും എനിക്കു പറ്റിയതല്ലെന്നു വ്യക്തമായി. പിൽക്കാലത്ത് ഞാനെടുത്ത ചില സ്വകാര്യജീവിതതീരുമാനങ്ങളെച്ചൊല്ലി ‘ഏട്ടൻ മാഷ് പിതൃമേധാവിത്വം’ അതിൻെറ സൗമ്യത കൈവെടിഞ്ഞ് പരദൂഷണദംഷ്ട്ര പ്രയോഗിച്ചപ്പോഴും എം.പി അതിൽനിന്ന് തികച്ചും അകലെയായിരുന്നു; പതിവു ലാഘവത്തോടെ അദ്ദേഹം ആ നാറ്റക്കഥകളെ അവഗണിച്ചു.
ശരിയാണ്, എം.പിയും ആത്യന്തികമായി ഒരു പിതൃരൂപം തന്നെയായിരുന്നു. എന്നാൽ ചെറുപ്പക്കാരെ ശിക്ഷാഭീതി കൂടാതെ കലാപത്തിലേർപ്പെടാൻ, അങ്ങനെ തലമൂത്തവരാകാൻ, വിട്ട പിതൃരൂപമായിരുന്നു അദ്ദേഹത്തിൻേറത്. 1990-കളിൽ ഏട്ടൻ / മാഷ് സംസ്കാരത്തിൽ നിന്ന് പാടെ അകന്ന് ഫെമിനിസ്റ്റ് ബൗദ്ധികപ്രവർത്തനത്തിൽ ഏർപ്പെട്ടുതുടങ്ങിയപ്പോഴും, അദ്ദേഹം സി പി എമ്മിന് അനഭമിതനായപ്പോഴും, അദ്ദേഹത്തിൻെറ ആശയങ്ങളെ സാമൂഹ്യമാദ്ധ്യമങ്ങളിൽ സി പി എമ്മിൻെറ വികസനഗുണ്ടകൾ വികൃതമാക്കി അവതരിപ്പിച്ച് പരിഹസിച്ചപ്പോഴും ഞാൻ പരസ്യമായി അദ്ദേഹത്തോടൊപ്പം നിന്നു.

എങ്കിലും അദ്ദേഹത്തിൻെറ വിയോഗം വെറും ബൗദ്ധികമായ നഷ്ടമല്ല, എനിക്ക്. അച്ഛനമ്മമാർ മാത്രമല്ല എന്നെ വളർത്തിയതെന്ന് ഇതുപോലുള്ളവരുടെ വിടവാങ്ങൽ എന്നെ ഓർമ്മിപ്പിക്കുന്നു. ഇങ്ങനെയാണ് വയസ്സാകുന്നെതെന്ന് മനസ്സിലാകുന്നു – ശരീരത്തിനു പ്രായമാകുന്നതുകൊണ്ടല്ല, നമ്മുടെ കൗമാര- യൗവ്വനകാലലോകങ്ങൾ കെട്ടിപ്പടുത്തവർ മൺമറയുമ്പോൾ ആ ലോകങ്ങളുടെ ചില അംശങ്ങളും ഇല്ലാതാകുന്നു. ഇതാ, എൻെറ യൗവനത്തിൻെറ ഒരു അടര് പറിഞ്ഞുപോയിരിക്കുന്നു; എനിക്കു വേദനിക്കുന്നു.

