സർവ്വേശ്വർ ദയാൽ സക്‌സേനയുടെ ഒരു കവിതാശകലമുണ്ട്,
‘നിങ്ങളുടെ വീട്ടിൽ ഒരു മുറിയിൽ തീ പടരുമ്പോൾ
അടുത്ത മുറിയിൽ നിങ്ങൾക്കുറങ്ങാനാകുമോ?
നിങ്ങളുടെ വീട്ടിൽ ഒരു മുറിയിൽ കബന്ധങ്ങൾ അഴുകുമ്പോൾ
തൊട്ടടുത്ത മുറിയിൽ പ്രാർത്ഥന നടത്താൻ നിങ്ങൾക്കാകുമോ?
നിങ്ങൾക്കത് ചെയ്യാനാകുമെങ്കിൽ എനിക്ക് നിങ്ങളോടൊന്നും പറയാനില്ല.'
സഹജീവികളുടെ വേദനയെക്കുറിച്ച് ഒന്നും ആലോചിക്കേണ്ടതില്ലെന്നും തന്നെ നേരിട്ടു ബാധിക്കാത്ത ഒരു പ്രശ്‌നത്തിലും അനാവശ്യമായി ഇടപെടേണ്ടതില്ലെന്നും ഉറച്ചുവിശ്വസിക്കുന്നവരുടെ ലോകം വിസ്തൃതമായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് വംശനാശ ഭീഷണി നേരിടുന്ന ഒരു വർഗമാണ് സാമൂഹ്യബോധമുള്ളവരുടേത്. ലോകത്തിലെ ബഹു ഭൂരിപക്ഷത്തിന്റെയും കണ്ണിൽ അവർ ഒറ്റപ്പെട്ടതും പരാജയപ്പെട്ടതുമായ മാതൃകയായി അവഗണിക്കപ്പെടുമ്പോൾ അവരുടെ കനിവിന്റെ സ്പർശം അനുഭവിച്ച ഒരു ന്യൂനപക്ഷത്തിന്റെ മനസ്സിൽ അവർ കൺ കണ്ട ദൈവങ്ങളാവും. അത്തരം മനുഷ്യജന്മങ്ങൾ ജീവിതത്തിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞവയെന്ന് ചരിത്രം എഴുതിവെയ്ക്കും.
ഏതു തൊഴിലെടുത്താലും അവർ ആ മേഖലയിൽ മാനവികബോധത്തിന്റെ പ്രകാശം നിറയ്ക്കാൻ ശ്രമിക്കും. ജീവിതം വെല്ലുവിളിയാകുമ്പോഴും ജീവൻ തന്നെ ഭീഷണിയിലാകുമ്പോഴും അസ്തിത്വത്തിന്റെ ആത്യന്തികലക്ഷ്യം മുന്നിൽ കാണുന്ന അത്തരം മനുഷ്യരാണ് ഈ ലോകത്തെ യഥാർത്ഥത്തിൽ പ്രകാശപൂരിതമാക്കുന്നത്. ഡോക്ടർമാരിൽ ഈ സാമൂഹ്യബോധം നിറയുമ്പോൾ അതിന് തെളിച്ചമേറും.
‘ഡോക്ടർസ് ഡേ’ ആചരിക്കുന്ന ജൂലൈ ഒന്ന് ഡോ.ബിധൻ ചന്ദ റോയിയുടെ ജനനവും മരണവും നടന്ന തീയ്യതിയാണ് (ഒന്ന് ജൂലൈ, 1882 - ഒന്ന് ജൂലൈ, 1962). മികച്ച ഡോക്ടർ, വിദ്യാഭ്യാസ വിചക്ഷണൻ, സ്വാതന്ത്ര്യസമര സേനാനി, സാമൂഹ്യ പ്രവർത്തകൻ, രാഷ്ട്രമീമാംസകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായ അദ്ദേഹം 14 വർഷം ബംഗാൾ മുഖ്യമന്ത്രിയായിരുന്നു. സാമൂഹ്യബോധത്തിന്റെ കൈത്തിരി നിരവധിപേരിലേക്ക് അദ്ദേഹം പടർത്തി. അങ്ങനെ പകർന്നു കിട്ടിയവരിൽ ആദ്യമറിയേണ്ട ഒരാൾ ഡോ. ബിനായക് സെന്നാണ്.
ഡോ. ബിനായക് സെൻ ഒരു ശിശുരോഗവിദഗ്ധനായിരുന്നു. തന്റെ നാട്ടിലെ കുട്ടികളെ ബാധിച്ചുകൊണ്ടിരുന്ന പല ആരോഗ്യപ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം പോഷകാഹാര ക്കുറവാണെന്നും മരുന്നു കൊണ്ടുമാത്രം അവരെ ചികിത്സിക്കാൻ കഴിയില്ലെന്നും മനസ്സിലാക്കി, ആരോഗ്യമേഖല മെച്ചപ്പെടണമെങ്കിൽ ആ മേഖലയുടെ പുറത്തേക്ക് തന്റെ പ്രവർത്തനം വ്യാപിപ്പിക്കേണ്ടതുണ്ട് എന്ന് തിരിച്ചറിഞ്ഞതിന്റെ വെളിച്ചത്തിൽ അദ്ദേഹം സാമൂഹ്യ- സാമ്പത്തിക- രാഷ്ട്രീയ രംഗങ്ങളിലേക്ക് തന്റെ കർമമണ്ഡലം വ്യാപിപ്പിച്ചു. മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അടിസ്ഥാന ജീവിത സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കാനും ഭരണകൂടത്തിനു മുന്നിലെത്തിക്കാനും ശ്രമിച്ചു. ഇതിന്റെ പേരിൽ അദ്ദേഹത്തെ ഒരു തീവ്രവാദിയായും രാജ്യദ്രോഹിയായും മുദ്രകുത്തി ജയിലിലടക്കുകയാണ് നീതിപീഠം ചെയ്തത്.
ഇന്നത്തെ കാലത്തെ ഡോക്ടർമാർക്കും വൈദ്യവിദ്യാർഥികൾക്കും അവിശ്വസനീയമായി തോന്നാവുന്ന സാമൂഹ്യ പ്രതിബദ്ധതയും വൈദ്യ മാനവികതയും പുലർത്തിയ ഒരാളാണ് ഡോ. ബിനായക് സെൻ. രോഗികൾ കൃത്യമായി മരുന്നു കഴിക്കുന്നുണ്ടോ എന്നറിയാൻ ഹോസ്പിറ്റൽ റെക്കോഡ്‌സിൽ നിന്ന് അവരുടെ വിലാസം തേടിപ്പിടിച്ച് കുടിലുകളിൽ പോയി താമസിച്ച് സ്‌നേഹപൂർവ്വം ശാസിക്കുന്ന ഒരു ഡോക്ടറെ ഇന്ന് സ്വപ്നം കാണാൻ പോലുമാവില്ലല്ലോ. ബിനായക് സെൻ അങ്ങനെ ഒരു മനുഷ്യനായിരുന്നു. വളരെ സുരക്ഷിതവും കൂടുതൽ പ്രയാസപ്പെടാതെ പണം സമ്പാദിക്കാൻ കഴിയുന്നതുമായ സാഹചര്യങ്ങളുണ്ടായിട്ടുകൂടി ഏറെ വെല്ലുവിളികളുയർത്തുന്ന മേഖലയിലേക്ക് സ്വയം സ്വയം എടുത്തുചാടുക എന്നത് സാധാരണ മനുഷ്യർക്ക് പറ്റുന്ന കാര്യമല്ല. വ്യക്തിപരമായ സുഖസൗകര്യങ്ങൾ ബലികഴിച്ച് സമൂഹത്തിലെ അധ:കൃതർക്കു വേണ്ടി സേവനം ചെയ്യാനുള്ള തീരുമാനം യാദൃശ്ചികമായി ഉണ്ടായതല്ല.
വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ മുതൽ സോഷ്യലിസത്തിന്റെ ആശയങ്ങളിൽ പ്രചോദിതനായ ബിനായക് മനുഷ്യാവകാശങ്ങളെക്കുറിച്ച് ഏറെ ബോധവാനായിരുന്നു. സഹാനുഭൂതിയും ധാർമ്മിക വിശ്വാസങ്ങളും മാനുഷിക മൂല്യങ്ങളും നിറഞ്ഞ സ്വഭാവം അദ്ദേഹത്തിന് പൈതൃകമായി ലഭിച്ചിരുന്നു. വളർന്നുവന്ന കുടുംബ സാഹചര്യങ്ങൾ അദ്ദേഹത്തിന് ഇതിലേക്കുള്ള വഴി കാണിച്ചു കൊടുക്കുകയും ചെയ്തു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ എത്തിയതോടെ വൈദ്യത്തെ ജനകീയ സേവനമാക്കി മാറ്റാനുള്ള തീരുമാനത്തിന് ഉറപ്പേറി.
വൈദ്യശാസ്ത്രത്തിന്റെ സാമൂഹ്യ വ്യാപ്തിയെപ്പറ്റി ആശയപരമായ ചർച്ചകൾ നടത്താനും സാംസ്‌കാരിക മുന്നേറ്റങ്ങൾ വഴി ജനങ്ങളിൽ ശാസ്ത്രാവബോധം ഉണ്ടാക്കാനും കാര്യങ്ങളെല്ലാം വിമർശനപരമായി ചർച്ച ചെയ്യാനും ഒരു ബൗദ്ധിക കലാപകാരിയുടെ നിലയിലേക്ക് വളരാനും അദ്ദേഹത്തെ സഹായിച്ചത് ഈ വൈദ്യ പഠനകാലം തന്നെയാണ്.
കൂടുതൽ പണം സമ്പാദിക്കുന്ന ഡോക്ടർമാരെ ആദർശ മാതൃകകളാക്കുന്ന പുതിയ തലമുറ വൈദ്യവിദ്യാർത്ഥികൾക്ക് ബിനായക് സെൻ ഒരു പരാജിത മാതൃക മാത്രമായിരിക്കാം. എന്നാൽ സാമൂഹ്യബോധമുള്ള ഡോക്ടർമാരെ ഉണ്ടാക്കുക എന്ന വൈദ്യവിദ്യാഭ്യാസത്തിന്റെ പ്രഖ്യാപിത നയത്തിന് ഏറ്റവും നല്ല മാതൃകയാണ് സെൻ. അടിസ്ഥാന ജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങളോട് കൂടുതൽ സൂക്ഷ്മസംവേദനം പുലർത്തുന്ന വൈദ്യന്മാരെ ക്കൂടി ഇന്നത്തെ സമൂഹത്തിന് ആവശ്യമുണ്ടല്ലോ. അതിൽ അന്തർലീനമായ സന്തോഷങ്ങളും വിജയങ്ങളും തിരിച്ചറിയാനും ഉൾക്കൊള്ളാനും പറ്റുന്നവർക്കേ അത്തരം മാതൃകകളെക്കുറിച്ച് പഠിക്കാനാഗ്രഹമുണ്ടാവൂ.
പഠനശേഷം ബിനായക് സേവനമാരംഭിച്ചത് ഭിലായ് ഉരുക്കു നിർമ്മാണ ശാലയിലെ തൊഴിലാളികൾക്കുവേണ്ടി ഉണ്ടാക്കിയ ഷഹീദ് ആശുപത്രിയിലാണ്. ഒരു പ്രത്യേക സാഹചര്യത്തിലാണ് അങ്ങനെയൊരു ഒരു ആശുപത്രി സ്ഥാപിക്കപ്പെടുന്നത്. സർക്കാർ ആശുപത്രികളും കമ്പനി ആശുപത്രികളും മേൽത്തട്ടിലുള്ളവരെയും സ്ഥിരം തൊഴിലാളികളെയും മാത്രം പ്രവേശിപ്പിച്ചപ്പോൾ ഖനികളിലെ സാധാരണ കരാർ തൊഴിലാളികൾക്കും കഴിവില്ലാത്ത ജനങ്ങൾക്കും പോകാനിടമില്ലാതായി. അത്തരത്തിൽ ഒരു സ്ത്രീതൊഴിലാളി പ്രസവത്തിനിടയിൽ മരിച്ചതിനുശേഷം രോഷാകുലരായ തൊഴിലാളികളെടുത്ത തീരുമാനപ്രകാരമാണ് ആശുപത്രി പടുത്തുയർത്തിയത്.
തുച്ഛമായ ഫീസ് വാങ്ങിയാണ് ബിനായക് ചികിത്സിച്ചത്. പണമി ല്ലാത്തവരെ സൗജന്യമായും ചികിത്സിച്ചു. ഓരോ രോഗത്തിന്റെയും ചികിത്സയുടെയും വിവിധ വശങ്ങളെക്കുറിച്ച് വിശദമായി വിവരിച്ചുകൊണ്ടാണ് അദ്ദേഹം രോഗികളെ പരിശോധിച്ചത്. അവരുടെ കുടിലുകളിൽ ചെന്നും സേവനം ചെയ്യാൻ യാതൊരു സങ്കോചവും അദ്ദേഹത്തിന് തോന്നിയില്ല.
ശങ്കർ ഗുഹാ നിയോഗിയുമായി ചേർന്ന് വൈവിധ്യമാർന്ന പദ്ധതികൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും ബിനായക് നേതൃത്വം നൽകി. മുതലാളിമാർ ജനങ്ങളുടെ അജ്ഞത ചൂഷണം ചെയ്ത് അവരെ പീഡിപ്പിക്കുന്നതിന് അറുതിവരുത്താനായി ഗ്രാമീണ മേഖലയിലെ സാക്ഷരതാ പ്രവർത്തനങ്ങൾ ഊർജിതമാ ക്കുകയാണ് അവർ പ്രധാനമായും ചെയ്തത്. അതിനിടെ നിയോഗി നിഷ്ഠൂരമായി കൊല്ലപ്പെട്ടുവെങ്കിലും ബിനായക് തന്റെ പ്രവർത്തന പഥത്തിൽ നിന്ന് പിന്മാറാൻ തയ്യാറായിരുന്നില്ല. സാമൂഹ്യ പരിവർത്തനങ്ങൾക്ക് വേണ്ടിയുള്ള ക്ലേശകരമായ ആ പാത ബിനായക് സ്വയം തെരഞ്ഞെടുക്കുകയായിരുന്നു.
അഞ്ചു വയസ്സിനുമുമ്പ് മുമ്പ് ഓരോ അഞ്ചു മിനിറ്റിലും ഇന്ത്യയിൽ 21 ലക്ഷം കുട്ടികൾ മരിക്കുന്നുണ്ടെന്നാണ് യു.എൻ കണക്ക്. കൂടുതലും, പ്രതിരോധിക്കാവുന്ന രോഗങ്ങളായ മലമ്പനി, ടൈഫോയ്ഡ്, അതിസാരം ന്യുമോണിയ എന്നിവ ബാധിച്ചാണ്. അതാകട്ടെ പോഷകാഹാര ദൗർലഭ്യം മൂലവും. പ്രശ്‌നത്തിന്റെ ഗൗരവം നേരത്തെ തിരിച്ചറിയാനും ഗ്രാമഗ്രാമാന്തരങ്ങളിൽ ആരോഗ്യ ബോധവൽക്കരണം നടത്താനുമായി ബഗ്‌റൂമ്‌നല കേന്ദ്രീകരിച്ച് ആരംഭിച്ച രൂപാന്തർ എന്ന സംഘടനയിലൂടെ സന്നദ്ധ സേവകരായ ആരോഗ്യപ്രവർത്തകരെ ഡോക്ടർ സെൻ പരിശീലിപ്പിച്ചെടുത്തു. കുഗ്രാമങ്ങളിൽ വരെ ക്ലിനിക്കുകൾ സ്ഥാപിച്ച് വൈദ്യ സേവനം ഉറപ്പു വരുത്താനായി വനിതാ സ്വയം സഹായ സംഘങ്ങളും പോഷകാഹാര ലഭ്യത അത് ഉറപ്പുവരുത്താൻ ജൈവകൃഷിയും പ്രോത്സാഹിപ്പിച്ചു. ബിലാസ്പുരിൽ ജൻ സ്വാസ്ഥ്യ സഹയോഗിന് നേതൃത്വം നൽകി പരിശോധനയും ചികിത്സയും ഏറ്റവും കുറഞ്ഞ ചെലവിൽ ഗ്രാമീണർക്ക് ലഭ്യമാക്കി. സാമൂഹ്യാടിസ്ഥാനത്തിലുള്ള ആരോഗ്യ പരിരക്ഷയ്ക്ക് നല്ലൊരു മാതൃകയായിരുന്നു അത്.
ഗ്രാമീണർക്ക് ആരോഗ്യത്തെ പ്പറ്റിയുള്ള അടിസ്ഥാന അറിവ് പകർന്നുനൽകുക വഴി വൈദ്യശാസ്ത്രത്തെ ഒരു ഒരു നിഗൂഢ മാന്ത്രിക പദ്ധതിയായി പ്രചരിപ്പിക്കാതെ, ജനങ്ങളിലേക്ക് ആ അറിവുകൾ തുറന്നുവെച്ച് അറിവിനെ മോചിപ്പിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്.
ഡോക്ടർമാരുടെ സാമൂഹ്യപ്രതിബദ്ധതയിൽ ഏറ്റവും ഉദാത്തമായ മാതൃക സെൻ സൃഷ്ടിച്ചത് രോഗങ്ങളുടെ അടിസ്ഥാനകാരണമായ സാമൂഹ്യ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ടാണ്. ഗ്രാമീണ ഇന്ത്യയിൽ ആരോഗ്യ സേവനത്തിനും ആ മേഖലയിലെ വികസനത്തിനും എന്തുകൊണ്ട് കൂടുതൽ പണം നീക്കി വെയ്ക്കുന്നില്ല എന്നത് ഒരു മെഡിക്കൽ കോളേജിലും പഠിപ്പിക്കുന്ന വിഷയമല്ല. കുടിയിറക്കപ്പെട്ടവർക്കും അക്രമങ്ങൾക്കിരയായവർക്കും ആരോഗ്യസേവനങ്ങൾ നിഷേധിക്കപ്പെടുന്നതിന്റെ കാരണം തേടി ആരും ഗവേഷണം നടത്തിയിട്ടില്ല. വെള്ളവും ഭക്ഷണവും പാർപ്പിടവുമെല്ലാം വെറും സ്വപ്നത്തിൽ മാത്രം കാണാൻ വിധിക്കപ്പെട്ടവരുടെ ധർമ്മസങ്കടങ്ങളോ ആരോഗ്യ സേവനത്തിന്റെ രാഷ്ട്രീയമോ ഒന്നും ഡോക്ടർമാർ അറിയേണ്ട കാര്യമല്ലെന്നാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. ഈ അതിർവരമ്പ് തകർത്തുകൊണ്ടാണ് സെൻ തന്റെ ആരോഗ്യ പ്രവർത്തനം തന്നെ ഒരു രാഷ്ട്രീയ സമരമാക്കി മാറ്റിയത്.
സർക്കാറിന്റെ നേരിട്ടുള്ള സഹായമെത്താത്ത ഉൾനാടുകളിലും ആദിവാസി ഗ്രാമങ്ങളിലും മറ്റ് ഡോക്ടർമാരുടെ കൂടി സഹകരണത്തോടെ സെൻ ക്ലിനിക്കുകൾ ആരംഭിച്ചു. ഓപ്പറേഷൻ തിയേറ്റർ അടക്കമുള്ള സൗകര്യങ്ങളോടെ ആശുപത്രികൾ പ്രവർത്തിപ്പിച്ചു. പരിശീലിപ്പിക്കപ്പെട്ട ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ സാമൂഹ്യ ആരോഗ്യ പദ്ധതികൾ നടപ്പിലാക്കി. ആരോഗ്യം എന്നത് ഒരു മനുഷ്യാവകാശവും അത് നിഷേധിക്കപ്പെടുന്നത് മനുഷ്യാവകാശ ലംഘനവുമാകുമ്പോൾ ആരോഗ്യത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ഒരു സമരത്തിന്റെ ഛായ വരുന്നത് സ്വാഭാവികമാണ്.
അത് താൻ ചെയ്യേണ്ട ഒരു പ്രവർത്തനമാണ് എന്ന് ഉറച്ച വിശ്വാസത്തോടെയാണ് സെൻ അതിൽ മുഴുകിയത്. ഭരണകൂടത്തിന്റെ കനിവ് ലഭിക്കാത്ത മുഴുവൻ അധ: കൃതരും പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു.
അതുകൊണ്ടുതന്നെ മാവോവാദി വിരുദ്ധ മുന്നേറ്റം എന്ന നിലയിൽ ഭരണകൂടം ആസൂത്രണം ചെയ്ത ശുദ്ധീകരണ വേട്ട (സൽവാ ജുദും) യിൽ ബിനായക് സെൻ പ്രതിയായി. ഖനന ആവശ്യത്തിനായി ഭൂമി ഒഴിപ്പിച്ചു കിട്ടാനുള്ള കോർപറേറ്റ് വ്യവസായികളുടെ ഒരു തന്ത്രം കൂടിയായിരുന്നു ആ വേട്ട. ആയിരക്കണക്കിന് ആദിവാസിക കളയാണ് പട്ടാളക്കാർ നിഷ്ഠൂരമായി കൊന്നുതള്ളിയത്.
സർക്കാറിനെതിരെ യുദ്ധം അഴിച്ചുവിട്ടതായും ഗൂഢാലോചന നടത്തിയതായും രാജ്യദ്രോഹത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഇടപെട്ടതായും അദ്ദേഹത്തിനെതിരെ കുറ്റപത്രമുണ്ടാക്കി. അദ്ദേഹത്തിന് മാവോവാദികളുമായുള്ള ബന്ധം എടുത്തു കാട്ടുന്ന വ്യാജ തെളിവു
കൾ നിരത്തി. അങ്ങനെയാണ് 2007 മെയ് 14 ന് സെന്നിനെ അറസ്റ്റ് ചെയ്ത് റായ്പുർ ജയിലിലടച്ചത്. അതിനിടെ പൊതുആരോഗ്യമേഖലയിലെ പ്രൊഫഷണലുകളുടെ അന്താരാഷ്ട്ര ജൂറി, പ്രശസ്തമായ ജൊനാഥൻ മാൻ അവാർഡിന് അദ്ദേഹത്തെ തെരെഞ്ഞെടുത്തു. പൗരസ്വാതന്ത്ര്യത്തോടും മനുഷ്യാവകാശങ്ങളോടുമുള്ള അചഞ്ചലമായ പ്രതിബദ്ധതയും പരിഗണിച്ചായിരുന്നു പുരസ്‌കാരം. അതേത്തുടർന്ന് ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ബിനായകിന്റെ അറസ്റ്റിനെതിരെ രാജ്യത്തിനകത്തും പുറത്തും സമാനതകളില്ലാത്ത സമരങ്ങൾ അരങ്ങേറി. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷകൾ നിരന്തരം തള്ളപ്പെട്ടുവെങ്കിലും ദേശീയമായും അന്തർദേശീയമായും ഏറെ ശ്രദ്ധിയ്ക്കപ്പെട്ട ഒരു കേസായി മാറി ഇത്. ബിനായക് സെന്നിനെ മോചിപ്പിക്കണം എന്ന് മുദ്രണം ചെയ്ത വസ്ത്രങ്ങളും പ്ലക്കാർഡുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി. റിലേ സത്യഗ്രഹങ്ങളും മെഡിക്കൽ ക്യാമ്പുകളും സമ്മേളനങ്ങളും സമരങ്ങളും സംഘടിപ്പിക്കപ്പെട്ടു. ജനകീയ പ്രക്ഷോഭങ്ങൾ കണ്ടില്ലെന്നു നടിക്കാൻ നീതിപീഠത്തിനു കഴിഞ്ഞില്ല.
ഒടുവിൽ രണ്ട് വർഷത്തിനുശേഷം, 2009 മെയ് 25 ന് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ച് സെന്നിനെ പുറത്തുവിട്ടു. പക്ഷേ 2010 ഡിസംബർ 24 ന് റായ്പുർ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻറ് സെഷൻസ് കോടതി സെന്നിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു കൊണ്ട് ജാമ്യം വാങ്ങിയ സെന്നിന്റെ കേസിൽ അന്തിമ വിധി ഇപ്പോഴും ഉണ്ടായിട്ടില്ല. ഭരണകൂടത്തിന്റെയും പോലീസിന്റെയും കണ്ണിലെ കരടാണ് അദ്ദേഹവും സുഹൃത്തുക്കളും. ആരോഗ്യപരമായ പ്രശ്‌നങ്ങൾ വേട്ടയാടുമ്പോഴും സമൂഹത്തിൽ അവഗണിക്കപ്പെട്ടവരുടെ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ തന്റെ കഴിവിനനുസരിച്ച് ഉപദേശ നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് സജീവമാകാൻ അദ്ദേഹം ശ്രമിക്കുന്നുണ്ടെങ്കിലും മനുഷ്യൻ മനുഷ്യനുമേൽ നടത്തുന്ന അതിക്രമങ്ങൾക്കും അവകാശ നിഷേധങ്ങൾക്കുമെതിരെ പൊതു സമൂഹത്തിലുയർന്നുവരേണ്ട സംഘടിതമായ മുന്നേറ്റങ്ങൾ ഇല്ലാതെ പോകുന്നതിൽ ഏറെ ആശങ്കാകുലനാണ്.
ഒരു ഡോക്ടർക്ക് എത്രത്തോളം സാമൂഹ്യ പ്രതിബദ്ധതയാകാമെന്നതിന് ബിനായക് സെന്നിൽ കവിഞ്ഞൊരു ഉത്തരമുണ്ടെന്നു തോന്നുന്നില്ല. ഇത്തരം മാതൃകകളെ പുതിയ വൈദ്യവിദ്യാർത്ഥികൾ എങ്ങനെ കാണും എന്നറിയില്ല. എങ്കിലും ഒന്ന് തീർച്ചയാണ്, വൈദ്യവൃത്തിയുടെ ഉദാത്ത ദർശനങ്ങൾ സമൂഹ നന്മയിലേക്കുള്ള പ്രകാശമായി ഉയർത്തിപ്പിടിക്കാനാഗ്രഹിക്കുന്ന കുറച്ചു പേർക്കെങ്കിലും അദ്ദേഹത്തിന്റെ ജീവിതം ജ്വലിക്കുന്ന ഒരു വിളക്കായിരിക്കും.