കാർമുകിൽ പടരുന്ന ആകാശം. ഇരമ്പുന്ന കടൽ. കടലിനഭിമുഖമായി സാനു മാഷ് എന്ന എം.കെ. സാനു. പതിവുരീതിയിൽ കൈകൾ പുറകിൽ കെട്ടി ധ്യാനലീനനായി നിലകൊള്ളുന്നു. ഫ്രെയിമിൽ ധ്വനി സാന്ദ്രമായ സംഗീതവുമുണ്ട്. ഒപ്പം അർത്ഥഗർഭമായ മാസ്റ്ററുടെ ശബ്ദം:
‘‘സന്ധ്യ, കാലാതീതമായ സന്ധ്യ. വെളിച്ചവും ഇരുളും ഇവിടെ ഒന്നാകുന്നു. പുണ്യപാപങ്ങൾക്ക് ഇടമില്ലാത്ത സന്ധ്യ. ജീവിതമരണങ്ങൾ അലിഞ്ഞുചേർന്ന സന്ധ്യ. സൃഷ്ടി- സ്ഥിതി- സംഹാരങ്ങൾ ഇല്ലാത്ത സന്ധ്യ. ദു:ഖിതർക്ക് സാന്ത്വനമരുളുന്ന അമ്മയാണ് എനിക്ക് സന്ധ്യ. ഭക്തി നിറഞ്ഞ മനസ്സോടെ പ്രാർത്ഥിക്കുന്ന ഹൃദയത്തിനുമുമ്പാകെ പ്രത്യക്ഷമാകുന്ന ദേവിയാണ് സന്ധ്യ. ദുഃഖത്തിലും സന്തോഷത്തിലും ഭയത്തിലും വിസ്മയത്തിലും സമസ്ത ഭാവവിശേഷങ്ങളിലും അനുഗ്രഹത്തിന്റെ സ്പർശത്താൽ സന്ധ്യ എന്നെ എപ്പോഴും മറ്റൊരു ലോകത്തേക്ക് ഉയർത്തുന്നു. ജീവിച്ചിരിക്കുന്നവരെയെന്ന പോലെ മൃതരായവരെയും അവിടെ ഞാൻ ഓർക്കുന്നു. സന്ധ്യ എന്നിൽ നിറഞ്ഞു. ആ അനുഭവം താങ്ങാനാവാതെ ഞാൻ തളർന്നു. ഞാൻ കരഞ്ഞു’’.
എറണാകുളം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻ്റിൽ നിന്ന് അധികം ദൂരെയല്ലാത്ത കാരിക്കാമുറിയിലെ മാഷുടെ വീടിന്റെ പൂമുഖത്ത് പതിപ്പിച്ച ‘സന്ധ്യ’ എന്ന ഫലകത്തിലാണ് പിന്നീട് ക്യാമറ പതിയുന്നത്. കേന്ദ്ര സാഹിത്യ അക്കാദമിയ്ക്കുവേണ്ടി കവിയൂർ ശിവപ്രസാദ് ഒരുക്കിയ എം.കെ. സാനുവിനെക്കുറിച്ചുള്ള സന്ധ്യാസൂര്യൻ എന്ന ഡോക്യുമെൻ്ററി ഇങ്ങനെ ആരംഭിച്ചശേഷം, മഹാരാജാസ് കോളേജിൽ മാഷുടെ വിദ്യാർത്ഥിയായിരുന്ന സാഹിത്യ വിമർശകൻ തോമസ് മാത്യുവിലേക്ക് ക്യാമറ കട്ടു ചെയ്യുന്നു.
സാനുമാഷ് വലിയ ചിന്തകരുടെ ആശയലോകം ക്ലാസ് മുറിയിൽ തുറന്നിടാറുണ്ടായിരുന്നു എന്ന് തോമസ് മാത്യു. ക്ലാസിൽ പഠിപ്പിക്കുന്ന സാഹിത്യ പാഠങ്ങൾക്കപ്പുറം മനുഷ്യ ജീവിതസമസ്യകളിലേയ്ക്ക്, അവരുടെ ധർമ്മസങ്കടങ്ങളിലേയ്ക്ക് മാഷ് വിദ്യാർത്ഥികളെ ഉണർത്തുന്നത് അദ്ദേഹത്തിന്റെ സ്മരണയിലുണ്ട്.
ചേർത്തലയിൽ ഇഷ്ടപ്പെടുന്ന പ്രാസംഗികനായിരുന്നു സാനു മാഷ് എന്ന് എ.കെ.ആൻ്റണിയും, അദ്ദേഹത്തിന്റെ ഓരോ പ്രസംഗവും വലിയ ആശയപ്രപഞ്ചത്തിലേയ്ക്ക് കേൾവിക്കാരെ കൂട്ടികൊണ്ടുപോയിരുന്നു എന്ന് വയലാർ രവിയും ഈ ഡോക്യുമെൻ്ററിയിൽ പറയുന്നുണ്ട്.
മാഷുടെ സഹപ്രവർത്തകയായിരുന്ന ഡോ. എം. ലീലാവതിയുടെ വാക്കുകളിലേയ്ക്കാണ് അടുത്തതായി ക്യാമറ തിരിയുന്നത്. ആ വലിയ അദ്ധ്യാപിക സാനുമാഷിൽ കണ്ട സവിശേഷത, വിദ്യാർത്ഥികളുമായുള്ള ആത്മബന്ധമാണ്. വിദ്യാർത്ഥികളുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെ ആരാധനയോടെ മാത്രമേ കാണാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് ലീലാവതി ടീച്ചർ പറയുന്നു.
എ.കെ. ആൻ്റണി, വയലാർ രവി, കെ.ആർ. മീര, തിരകഥാകൃത്ത് ജോൺപോൾ തുടങ്ങിയവരോട് സാനുമാഷ് ഹൃദയം തുറക്കുമ്പോൾ അദ്ദേഹത്തിന്റെ സാഹിത്യ സങ്കൽപ്പം, രാഷ്ട്രീയ- സാമൂഹിക നിലപാടുകൾ, ജീവിതവീക്ഷണം തുടങ്ങിയവ വെളിപ്പെട്ടുവരുന്നുണ്ട്. തത്വാധിഷ്ഠിത രാഷ്ട്രീയത്തിൽ വിശ്വസിച്ചിരുന്ന അദ്ദേഹം, ഇ.എം.എസ്, തന്റെ രഷ്ട്രീയ വഴികളിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ഓർമ്മിക്കുന്നു. ചേർത്തലയിൽ ഇഷ്ടപ്പെടുന്ന പ്രാസംഗികനായിരുന്നു സാനു മാഷ് എന്ന് എ.കെ.ആൻ്റണിയും, അദ്ദേഹത്തിന്റെ ഓരോ പ്രസംഗവും വലിയ ആശയപ്രപഞ്ചത്തിലേയ്ക്ക് കേൾവിക്കാരെ കൂട്ടികൊണ്ടുപോയിരുന്നു എന്ന് വയലാർ രവിയും ഈ ഡോക്യുമെൻ്ററിയിൽ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാഷയുടെ സവിശേഷതയും അവതരണഭംഗിയും വയലാർ രവി എടുത്തുപറയുന്നുണ്ട്. സാഹിത്യരചനയിൽ ഭാഷയുടെ പ്രസക്തിയെക്കുറിച്ച് സാനുമാഷ് പല പുസ്തകങ്ങളിലും സൂചിപ്പിച്ചിട്ടുണ്ടല്ലോ.

വായനക്കാരൻ എന്ന നിലയിൽ ദുരന്തകൃതികളോടാണ് തന്റെ ആഭിമുഖ്യമെന്ന് ചോദ്യങ്ങൾക്ക് ഉത്തരമായി സാനുമാഷ് പറയുന്നു. ദുരന്തനാടകം അജയ്യതയുടെ അമരഗീതം രചിക്കുന്നത് ഈ ആഭിമുഖ്യം കൊണ്ടാകണം. എന്താണ് അങ്ങയെ സംബന്ധിച്ചിടത്തോളം ആത്മീയത എന്ന ഫാദർ പോൾ ചേലേക്കാടിന്റെ ചോദ്യത്തിന് സാനുമാഷുടെ മറുപടി: ‘‘വേദനിക്കുന്നവരെയും പീഡിപ്പിക്കപ്പെടുന്നവരെയും ആർദ്രതയോടെ ചേർത്തുനിർത്തുന്നിടത്താണ് ആത്മീയത കുടികൊള്ളുന്നത്. ചിലർ ജന്മനാ ഇത്തരം ആർദ്രതയുള്ളവരായിരിക്കും’’.
വിദ്യാഭ്യാസരംഗത്ത് നിലനിൽക്കുന്ന ജീർണ്ണത ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ജോൺ പോളിന്റെ ചോദ്യത്തിന് മാഷുടെ അഭിപ്രായം ഇങ്ങനെ: ‘‘വിദ്യാഭ്യാസത്തെക്കുറിച്ച് പ്രാചീനമായി നിലനിന്നിരുന്ന സങ്കൽപ്പമാണ് എന്റേത്. വിദ്യാർത്ഥികളെ വിവേകികളാക്കുക എന്നതാണ് അദ്ധ്യാപകദൗത്യം. ബുദ്ധനും യേശുവും ചെയ്തത് ഇതായിരുന്നു’’.
ജീവിതം ശൂന്യമാണെന്നും ദുഃഖം അതിന്റെ ഊടും പാവുമാണെന്ന അടിസ്ഥാന വിശ്വാസത്തിലുമാണ് അദ്ദേഹത്തിന്റെ പഠനങ്ങൾ മുന്നോട്ടുപോയിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടുമ്പോഴും അദ്ദേഹത്തിന് മറുപടിയുണ്ട്. ജീവിത സന്ധാരണവാസനയും ജീവിക്കാനുള്ള ആഗ്രഹവും എല്ലാ മനുഷ്യരിലുമുണ്ട്. നരജീവിതമായ വേദന എന്ന കുമാരനാശാന്റെ തത്വം ഉദ്ധരിച്ച് അദ്ദേഹം തുടരുന്നു: ‘‘ജീവിതവും ശോകവും അഭിന്നമല്ല. ദുഃഖ നിവർത്തി കർമ്മങ്ങൾ കൊണ്ട് നേടിയെടുക്കുകയാണ് ജീവിതം’’.
സിനിമ പിന്നീട് സാനുമാഷ് പഠിച്ച ആലപ്പുഴയിലെ ലിയോ തേർട്ടീൻത്ത് സ്കൂൾ, എസ്.ഡി കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, പഠിപ്പിച്ച എസ്.എൻ കോളേജ്, നിയമസഭാ സമാജികനായി പ്രൗഢ പ്രസംഗങ്ങൾ നടത്തിയ നിയമസഭാമന്ദിരം തുടങ്ങിയിടത്തേയ്ക്കും കൊണ്ടുപോകുന്നുണ്ട്.
ഇനി ഷൂട്ടിലേയ്ക്ക്, ഷൂട്ടിങ് സൈറ്റിലേയ്ക്ക് തിരിച്ചുവരാം. ഒരു ദിവസത്തെ ഷൂട്ടിലുടനീളം ഞാൻ അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു. ഏതാണ്ട് എട്ടു വർഷങ്ങൾക്കുമുമ്പ്, അതായത് നവതിയുടെ നിറവിൽ, വൃക്ഷത്തണലിലൂടെ ഞെട്ടറ്റവീണുകിടന്ന വാകപ്പൂക്കൾക്കുമീതെ, അവയ്ക്ക് നോവാതെ നടന്ന് ആലപ്പുഴ സനാതനധർമ്മ കോളേജുവാരാന്തയുടെ പടവുകൾ കയറുമ്പോൾ ഞാൻ കൈ പിടിച്ചു സഹായിച്ചു. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ വർഷങ്ങളിൽ, മാഷ് ബിരുദത്തിന് പഠിച്ചിരുന്നത് ആലപ്പുഴ സനാതനധർമ്മ കോളേജിലായിരുന്നു. ഈ ചിത്രത്തിന്റെ സംവിധായകൻ കവിയൂർ ശിവപ്രസാദും ഒപ്പമുണ്ടായിരുന്നു.
ഒരു കാലത്ത് ആലപ്പുഴ പട്ടണത്തിന്റെ നെടുകെ ഒഴുകിയിരുന്ന കനാലുകളിൽ തെളിവെള്ളവും അതിലൂടെ കടന്നുപോയ ചരക്കുനിറഞ്ഞ വലിയ വള്ളങ്ങളും അപ്പോൾ അദ്ദേഹം ഓർത്തെടുത്തു. അത് സാനുമാഷുടെ കൗമാര- യൗവ്വന കാലഘട്ടമായിരുന്നു.
വരാന്തയിലൂടെ നടക്കുമ്പോൾ അദ്ദേഹം വിദ്യാർത്ഥി കാലത്തെ അദ്ധ്യാപകരെക്കുറിച്ചും ആലപ്പുഴയുടെ ചരിത്രത്തെക്കുറിച്ചും സംസാരിച്ചുകൊണ്ടിരുന്നു. അപ്പോഴൊക്കെ ക്യാമറ ആ ശബ്ദവും ഭാവവും ചലനങ്ങളും ഒപ്പിയെടുത്തു. ജോൺ പോളിന്റെ രൂപരേഖ അതിനുപിന്നിലുണ്ടായിരുന്നു. കോളേജിലെ പൂർവ്വവിദ്യാർത്ഥികളായിരുന്ന കെ.പി. അപ്പനിലേയ്ക്കും വയലാർ രവിയിലേയ്ക്കും സാനുമാഷുടെ സ്മരണകൾ സഞ്ചരിച്ചു. കോളേജിലെ തന്റെ അദ്ധ്യാപകരുടെ ചിത്രത്തിനുമുന്നിൽ അദ്ദേഹം കൈകൂപ്പി നിന്നു.
എസ്.ഡി.കോളേജ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആലപ്പുഴയിലെ പ്രസിദ്ധമായ സനാതന ധർമ്മകോളേജിന്റെ മൂലസ്ഥാപനമായ സനാതന ധർമ്മ സ്കൂൾ സമുച്ചയത്തിലേക്കാണ് പിന്നെ ഞങ്ങൾ പോയത്. പുന്നപ്ര- വയലാർ രക്തസാക്ഷിമണ്ഡപവും, കോൺക്രീറ്റ് പാലമാണെങ്കിലും ഇപ്പോഴും പഴയ പേരിൽ അറിയപ്പെടുന്ന ഇരുമ്പുപാലവും മുല്ലയ്ക്കൽ തെരുവും പിന്നിട്ടുള്ള അഞ്ചു കിലോമീറ്റർ നീണ്ട കാർ യാത്രയിലുടനീളം അദ്ദേഹം ആലപ്പുഴയുടെ ചരിത്രത്താളുകൾ ദ്രുതഗതിയിൽ മറിച്ചപ്പോൾ ഞങ്ങൾക്കുമുന്നിൽ പുന്നപ്ര- വയലാർ സമരത്തിന്റെയും കയർത്തൊഴിലാളികളുടേയും കൃഷിക്കാരുടേയും ജീവിതത്തിന്റെ കനൽവഴികൾ ഒളിമിന്നിനിന്നു. പിന്നെ, സനാതന ധർമ്മ സ്കൂളിലെ അദ്ധ്യാപകർ സാനുമാഷെ സ്വീകരിച്ച് നൂറിലേറെ വർഷങ്ങൾ പഴക്കമുള്ള സ്കൂളിന്റെ നടുമുറ്റത്തേയ്ക്ക് കൊണ്ടുപോകുമ്പോൾ, മാഷുടെ കണ്ണുകളിലെ തിളക്കവും വാക്കുകളിലെ ഊർജ്ജവും ക്യാമറ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. അവിടെ അദ്ദേഹത്തോടൊപ്പം അദ്ധ്യാപകരായിരുന്ന ചിലരുടെ ചിത്രങ്ങൾക്കു മുമ്പിൽ നിൽക്കുമ്പോഴും അദ്ദേഹം ഓർമ്മകളിലൂടെ ഊളിയിട്ടുപോകുന്നത് ഞങ്ങൾ തിരിച്ചറിഞ്ഞു.

സാനുമാഷുടെ സതീർത്ഥ്യനും സഹപ്രവർത്തകനും സുഹൃത്തുമായ ചരിത്രകാരൻ കല്ലേലി രാഘവൻപിള്ളയുമായുള്ള വികാരനിർഭരമായ കാഴ്ചയാണ് പിന്നീട് കണ്ടത്. അന്യം നിന്നുപോകുന്ന ഒരു തലമുറയുടെ, സ്വാതന്ത്ര്യ സമരവും സ്വാതന്ത്ര്യത്തിനുമുമ്പുള്ള ഇന്ത്യൻ ജീവിതവും സ്വാതന്ത്ര്യാനന്തര ഇന്ത്യൻ രാഷ്ട്രീയവും പല തലങ്ങളിൽ കണ്ട രണ്ടു ഗുരുക്കന്മാരുടെ വർഷങ്ങൾക്കുശേഷമുള്ള ഒത്തുചേരൽ. ഓർമ്മകളുടെ കുത്തൊഴുക്ക്. പൊട്ടിച്ചിരികൾ. രണ്ടുപേരുടേയും നനയുന്ന മിഴികൾ. കാലചക്രത്തിന്റെ അനിവാര്യമായ ഉഴവുചാലുകളിലേയ്ക്ക് കണ്ണയക്കുമ്പോഴുള്ള ദീർഘ നിശ്വാസങ്ങൾ. അടുത്ത കാലത്ത് പുറത്തിറങ്ങിയ കല്ലേലി രാഘവൻപിള്ളയുടെ ‘നിധയേസർവ്വവിദ്യാനാം’ എന്ന ആത്മകഥയിൽ അദ്ദേഹം സാനുമാഷെക്കുറിച്ച്എഴുതുന്നു: ‘‘സാനുവിനെക്കുറിച്ച് ആദ്യം കേൾക്കുന്നത് സത്യദേവനിൽ നിന്നാണ്. മംഗലത്തെ സത്യദേവൻ സാനുവിന്റെ അടുത്ത ബന്ധുവാണ്. ഞങ്ങൾ അന്ന് സഹപാഠികളാണ്. സത്യദേവൻ എന്റെ കൂടെ സനാതന ധർമ്മാവിദ്യാശാലയിലും സാനു ലിയോ തേർട്ടീൻത്ത് ഹൈസ്കൂളിലും പഠിച്ചു. ഞങ്ങൾ രണ്ടുപേരും വൈകുന്നേരങ്ങളിൽ വീടിന് സമീപത്തെ ക്ഷേത്ര മൈതാനത്ത് എത്തുമായിരുന്നു. ഞങ്ങൾ എങ്ങനെയോ വിദ്യാർത്ഥി കോൺഗ്രസ്സിൽ അംഗങ്ങളായി. ഇന്ത്യയിലെ മുഴുവൻ യുവാക്കളുടേയും ആരാധനാവിഗ്രഹമായ അശോക് മേത്തയെ സ്വീകരിക്കുവാൻ പ്രാതിനിധ്യത്തിലാണ് ആലപ്പുഴയിലെ പ്രശസ്തമായ കിടങ്ങാംപറമ്പ് മൈതാനത്ത് എത്തുന്നത്. സാനുവിനെക്കുറിച്ച് വലിയ മതിപ്പായിരുന്നു സത്യദേവനുള്ളത്. സാനുവിന്റെ പുസ്തകവിശപ്പിനെക്കുറിച്ചും വായനയെക്കുറിച്ചും സത്യന് എപ്പോഴും പറയാനുണ്ടാവും’’.
‘ചവകോട്ടപ്പാലം’ എന്ന് പഴയ ആലപ്പുഴക്കാരും ‘ശവകോട്ടപ്പാലം’ എന്ന് പുതിയ തലമുറയും പറയുന്ന പാലത്തിനു മുന്നിൽ വളവുതിരിഞ്ഞപ്പോൾ സാനുമാഷ് കൈചൂണ്ടി പറഞ്ഞു: ദാ, അവിടെയായിരുന്നു എന്റെ അച്ഛന്റെ തുണിക്കട; അത് പിന്നീട് ഒരു ബന്ധു ഏറ്റെടുത്തു’’.
അതേ പുസ്തകത്തിൽ ‘പ്രിയ സതീർത്ഥ്യന്’ എന്ന തലക്കെട്ടിൽ സാനുമാഷ് എഴുതുന്നു:
‘‘ദീർഘായുസ്സ് നേരുക നമ്മുടെ ഒരു പതിവാണ്. ഞാൻ ദീർഘായുസ്സിനുവേണ്ടിയുള്ള ആശംസകൾ കേൾക്കുന്ന വ്യക്തിയാണ്. ദീർഘായുസ്സിന് ഗുണമെന്ന പോലെ അതിന്റെ ധാരാളം ദോഷവുമുണ്ട് എന്നുള്ളതാണ് വാസ്തവം. നിങ്ങൾക്ക് നടക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു. നിങ്ങളുടെ ഓർമ്മശകതി പരിക്ഷീണമാകുന്നു. നിങ്ങളുടെ കൂടെയുള്ള വ്യക്തികളെല്ലാം പിരിഞ്ഞുപോകുന്നു. നിങ്ങൾ ഒടുവിൽ തികച്ചും ഏകനായി എന്നുള്ള ബോധം അനുഭവപ്പെടുകയും ചെയ്യുന്നു. ഇതാണ് ദീർഘായുസ്സിന്റെ പരിണതഫലം എന്ന് അനുഭവത്തിൽ നിന്ന് ഞാൻ പറയുകയാണ്’’.
സനാതനത്തിന്റെ (അങ്ങനെയാണ് സ്കൂളിനെ പഴമക്കാർ വിളിക്കുന്നത്) പുരാതനകവാടം കടന്ന് പായൽ മൂടിയ തോടിനു മുകളിലൂടെയുള്ള പുതുക്കിയ കോടതിപ്പാലത്തിലൂടെ കാർ നീങ്ങുമ്പോഴാണ് മാഷ് കാനായി കുഞ്ഞിരാമൻ പണിത, റോഡരികിലെ മത്സ്യകന്യക എന്ന ശിൽപ്പം കണ്ട് പറഞ്ഞത്: കല്ലിന് ഭംഗം വരുമ്പോൾ ഭംഗിയുള്ള ശില്പം. ഭംഗം വരുമ്പോൾ ഭംഗി.
ഒരു കാലത്ത് ആലപ്പുഴ പട്ടണത്തിന്റെ നെടുകെ ഒഴുകിയിരുന്ന കനാലുകളിൽ തെളിവെള്ളവും അതിലൂടെ കടന്നുപോയ ചരക്കുനിറഞ്ഞ വലിയ വള്ളങ്ങളും അപ്പോൾ അദ്ദേഹം ഓർത്തെടുത്തു. അത് സാനുമാഷുടെ കൗമാര- യൗവ്വന കാലഘട്ടമായിരുന്നു. ‘ചവകോട്ടപ്പാലം’ എന്ന് പഴയ ആലപ്പുഴക്കാരും ‘ശവകോട്ടപ്പാലം’ എന്ന് പുതിയ തലമുറയും പറയുന്ന പാലത്തിനു മുന്നിൽ വളവുതിരിഞ്ഞപ്പോൾ സാനുമാഷ് കൈചൂണ്ടി പറഞ്ഞു: ദാ, അവിടെയായിരുന്നു എന്റെ അച്ഛന്റെ തുണിക്കട; അത് പിന്നീട് ഒരു ബന്ധു ഏറ്റെടുത്തു’’. ശവകോട്ടപ്പാലം തിരിഞ്ഞ് ഞങ്ങൾ പോയത് മാഷ് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ലിയോ തേർട്ടീൻത്ത് സ്കൂളിലേക്കാണ്. അവിടുത്തെ പൂഴിപ്പരപ്പിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും മാഷെ കാത്തുനിൽക്കുകയായിരുന്നു.

വെയിൽ ചാഞ്ഞുതുടങ്ങിയിരുന്നു. മംഗലം കടപ്പുറത്തെ ഷൂട്ടു തുടങ്ങുമ്പോൾ കടപ്പുറത്തെ നനഞ്ഞ മണ്ണു ചവിട്ടി നടന്ന് സാനുമാഷ് കുടുംബപുരാണം പറയുമ്പോഴും അതിൽ ആലപ്പുഴ എന്ന ദേശവും ദേശകാഴ്ചകളും മനുഷ്യഗാഥകളും കടന്നുവന്നു. കടൽക്കരയിൽ നിന്ന് കുടുംബവീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയത് സാനുമാഷുടെ അനന്തിരവനും എറണാകുളം മഹാരാജാസ് കോളേജ് ഇംഗ്ലീഷ് അദ്ധ്യാപകനുമായിരുന്ന മുരളി ആയിരുന്നു. സിനിമയിലെയും ഷൂട്ടിംഗിലെയും എന്റെ റോൾ മംഗലം വീട്ടിൽ അവസാനിച്ചെങ്കിലും ഡോക്യുമെൻ്ററി അവിടെ തീരുന്നില്ല.
അന്നത്തെ ഷൂട്ടുനിർത്തി കുടുംബവീട്ടിലെ സമൃദ്ധമായ തീൻമേശക്കരികിൽ ക്യാമറക്കുപുറത്ത് സംസാരിച്ചിരിക്കവെ, ഞാൻ അദ്ദേഹത്തിന്റെ ഓർമ്മകൾ സുഹൃത്തും എഴുത്തുകാരനുമായ അയ്യപ്പപ്പണിക്കരിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. പണിക്കർ സാറുമായുള്ള എന്റെ വ്യക്തിപരമായ അടുപ്പത്തിലൂടെയാണ് ഞാൻ പിടിച്ചുകയറിയത്.
1988-ൽ പ്രസിദ്ധീകരിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന സാനുമാഷുടെ കൃതിയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് തുടങ്ങിയത്. ആ വർഷത്തെ തനിക്കേറ്റവുമിഷ്ടപ്പെട്ട കൃതിയായി ആ പുസ്തകത്തെ അയ്യപ്പപ്പണിക്കർ മാതൃഭൂമി വാരാന്ത്യപ്പതിപ്പിൽ അവതരിപ്പിച്ചത് ഞാൻ ഓർമ്മിപ്പിച്ചു. പുസ്തകത്തിലെ അവസാനത്തിനു മുമ്പുള്ള അദ്ധ്യായത്തിന്റെ (പതിനെട്ടാം അദ്ധ്യായം) ശീർഷകത്തിന്റെ പേരെടുത്തുപറച്ചിലായിരുന്നു ആ ഓർമ്മപ്പെടുത്തലിന് മറുപടിയായി കിട്ടിയത്: ‘ശാപം പറ്റിയ ഗന്ധർവ്വനോ?’.
‘നക്ഷത്രങ്ങളുടെ സ്നേഹഭാജന’ത്തിന് സാനുമാഷ് ആമുഖമായി നൽകിയിരിക്കുന്ന ചങ്ങമ്പുഴയുടെ കവിതാശകലം:
തമ്മിൽപ്പരിചയമില്ലാത്ത മർത്ത്യരെ,
നിങ്ങൾക്കിടയിൽ ഞാൻ വന്നുചേർന്നു.
എന്നുറ്റമിത്രങ്ങളല്ലല്ലോ, മൽപ്രാണ–
ദണ്ഡത്തിൽ കോൾമയിർ കൊള്ളാൻ നിങ്ങൾ.
തൊണ്ണൂറുകളുടെ ആദ്യവർഷങ്ങളിൽ സാനുമാഷ് കൊല്ലത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന കുങ്കുമം വാരികയുടെ പ്രധാന എഡിറ്ററായിരുന്നു. 1992-ലാണ് ‘നക്ഷത്രങ്ങളുടെ സ്നേഹഭാജന’ത്തിന് വയലാർ അവാർഡ് ലഭിക്കുന്നത്. 1993-ലെ വയലാർ പുരസ്കാരം ആനന്ദിന്റെ ‘മരുഭൂമികൾ ഉണ്ടാകുന്നത്’ എന്ന നോവലിനായിരുന്നു. അറിയപ്പെടുന്ന എഴുത്തുകാരനല്ലായിരുന്ന എന്റെ ലേഖനം, ‘മരുഭൂമികൾ ഉണ്ടാവുന്നത്: വായനയുടെ നിഷ്കളങ്കത’, പ്രാധാന്യത്തോടെ ആ ലക്കം കുങ്കുമത്തിൽ പ്രസിദ്ധീകരിച്ചത് ഞാൻ കൃതജ്ഞതയോടെ ഓർമ്മിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ ചുണ്ടിൽ നിസ്സംഗമായ ചിരി മാത്രം.

